വെനസ്വേലയ്ക്കുശേഷം ലോകജനതയ്ക്കെതിരായ സാമ്രാജ്യത്വ ചേരിയുടെ ഹീനമായ മറ്റൊരു ആക്രമണംകൂടി ഇറാനിൽ നടപ്പാക്കിയിരിക്കുന്നു. പതിവുപോലെ ജനാധിപത്യം സംരക്ഷിക്കുന്നതിന് എന്ന പൊയ്മുഖം അണിഞ്ഞ വാദങ്ങൾ ഉയർത്തിവിട്ടുകൊണ്ട് നടത്തുന്ന ഈ കൂട്ടക്കുരുതി ശക്തമായി അപലപിക്കപ്പെടുകയും പ്രതിക്ഷേധിക്കപ്പെടുകയും ചെയ്യുകയാണ്. ഈ പശ്ചാത്തലത്തിൽ ചിന്ത വാരികയ്ക്കുവേണ്ടി ജവഹർലാൽ നെഹ്റു യൂണിവേഴ്സിറ്റിയിലെ (ജെ.എൻ.യു.) പശ്ചിമേഷ്യൻ പഠന വിഭാഗത്തിന്റെ മുൻ മേധാവി പ്രൊഫ. എ. കെ. രാമകൃഷ്ണനുമായി എം. ജി. സർവ്വകലാശാലയിലെ സ്കൂൾ ഓഫ് ഇന്റർനാഷണൽ റിലേഷൻസ് വിഭാഗം അധ്യാപകനായ ഡോ. അമൽ പുല്ലാർക്കാട്ട് നടത്തിയ സുദീർഘമായ അഭിമുഖ സംഭാഷണം ഇവിടെ പ്രസിദ്ധീകരിക്കുകയാണ്. ചരിത്രത്തിന്റെ നാൾവഴികളിലൂടെ മുന്നേറുന്ന ഈ സംഭാഷണം ഇപ്പോൾ നടക്കുന്ന യുദ്ധത്തെപ്പറ്റി മാത്രമല്ല, മറിച്ച് ഇറാൻ എന്ന രാജ്യത്തിന്റെ രാഷ്ട്രീയ ചരിത്രവും സാമ്രാജ്യത്വം കാലങ്ങളായി അവിടെ നടത്തുന്ന ഇടപെടലിന്റെ കാര്യകാരണ ബന്ധങ്ങളും ഇഴകീറി പരിശോധിക്കുന്നു. ഷായുടെ രാജഭരണം, ഇറാനിയൻ വിപ്ലവം, ഇസ്രയേൽ – അമേരിക്ക സംയുക്ത ആക്രമണം, ഇന്ത്യ –- ഇറാൻ ബന്ധം, ഈ മേഖലയിലെ ജനകീയ സമരങ്ങൾ തുടങ്ങിയ പരസ്പരം ബന്ധപ്പെട്ടുകിടക്കുന്നതും എന്നാൽ വൈവിധ്യപൂർണ്ണവുമായ വിഷയങ്ങളെ ആസ്പദമാക്കിയാണ് ഈ സംഭാഷണം മുന്നോട്ടുപോകുന്നത്.
അമൽ: ഇറാൻ വലിയൊരു സാമ്രാജ്യത്വയുദ്ധത്തെ നേരിടുന്ന പശ്ചാത്തലത്തിൽ, നമുക്ക് ഇന്ത്യയും ഇറാനും തമ്മിലുള്ള ബന്ധത്തിൽനിന്ന് ഈ സംഭാഷണം ആരംഭിക്കാം. ഇറാനിൽ ഷായുടെ ഭരണകൂടം നിലനിന്നിരുന്ന കാലത്ത് ഒരമേരിക്കൻ വിധേയത്വം നിലനിർത്തിപ്പോന്നിരുന്നു. എന്നാൽ വിപ്ലവശേഷം രൂപീകരിക്കപ്പെട്ട ഇസ്ലാമിക് റിപ്പബ്ലിക്, ഇന്ത്യയുമായി എന്നും നല്ല ബന്ധമാണ് തുടർന്നത്. ഇറാൻ കഴിഞ്ഞാൽ ഏറ്റവുമധികം ഷിയ വിഭാഗം മുസ്ലീം സമൂഹം ഇന്ത്യയിലാണ് അധിവസിക്കുന്നത് എന്ന സവിശേഷതയുമുണ്ട്. ഇന്ന് ഇറാൻ സാമ്രാജ്യത്വ ആക്രമണം നേരിടുമ്പോൾ ഇന്ത്യ നിശബ്ദമായി ഇരിക്കുന്നു എന്ന വിമർശനം കേൾക്കുന്നു. ഈ അവസരത്തിൽ ഇന്ത്യ – ഇറാൻ ബന്ധത്തെ നമുക്ക് എങ്ങനെ ചരിത്രപരമായി നോക്കിക്കാണാം?
എ കെ രാമകൃഷ്ണൻ: അമൽ സൂചിപ്പിച്ചതുപോലെ, 1979-ലെ വിപ്ലവത്തിനു ശേഷം ഇറാനുമായി നല്ല ബന്ധത്തിനാണ് അവസരമുണ്ടായിരുന്നത്. ഷായുടെ രാജഭരണം ഇറാനെ അമേരിക്കയുടെ ചേരിയിലേക്കാണ് എത്തിച്ചത്. അവരുടെ നയങ്ങൾ അക്കാലത്ത് ഇന്ത്യയുടെ വിദേശനയവുമായി ചേർന്നുപോകുന്നതായിരുന്നില്ല. ഇറാനിയൻ വിപ്ലവം പുതിയ സാഹചര്യങ്ങൾ തുറന്നു. ഇറാൻ ചേരിചേരാ പ്രസ്ഥാനത്തിൽ അംഗമായി. ഇറാനിൽ 1951-ൽ തിരഞ്ഞെടുക്കപ്പെട്ട പ്രധാനമന്ത്രിയായ ഡോ. മുഹമ്മദ് മൊസാദിക്കിനെ 1953-ൽ അമേരിക്കയും ബ്രിട്ടനും ഒത്തുചേർന്ന് സിഐഎയുടെ നേതൃത്വത്തിൽ നടപ്പാക്കിയ അട്ടിമറിയിലൂടെയാണ് പുറത്താക്കിയത്. ജനങ്ങളാൽ തിരഞ്ഞെടുക്കപ്പെട്ട ഒരു ഭരണാധികാരി അട്ടിമറിക്കപ്പെട്ട സംഭവത്തിന്റെ ഓർമ വിപ്ലവകാലത്ത് ഇറാനിയൻ ജനതയ്ക്കുണ്ടായിരുന്നു. സാമ്രാജ്യത്വവിരുദ്ധ, രാജഭരണവിരുദ്ധ മുദ്രാവാക്യവും ലോകത്തെ അടിച്ചമർത്തപ്പെട്ട ജനവിഭാഗങ്ങളോടുള്ള ഐക്യദാർഢ്യവും ഇറാനിയൻ ജനത വിപ്ലവകാലത്ത് ഉയർത്തിപ്പിടിച്ചു. ഇത്തരത്തിൽ ആശയപരമായി ഇറാൻ ഇന്ത്യയോട് ചേർന്നുനിന്നു. ഇരുരാജ്യങ്ങളും തമ്മിലുള്ള വ്യാപാര ബന്ധങ്ങൾ ശക്തിപ്പെട്ടു. ഇന്ത്യക്ക് ഏറ്റവും കൂടുതൽ എണ്ണ നൽകുന്ന രണ്ടാമത്തെ രാജ്യമായി ഇറാൻ മാറി. എന്നാൽ അവർക്കെതിരെ അമേരിക്ക ഉപരോധനയങ്ങൾ ശക്തിപ്പെടുത്തിയതോടുകൂടി ഇന്ത്യ അവിടെ നിന്ന് എണ്ണ വാങ്ങുന്നത് കുറയ്-ക്കുകയും പിന്നീട് പൂർണമായി ഒഴിവാക്കുകയും ചെയ്യുന്ന രീതിയിലേക്കെത്തി. അമേരിക്കൻ നയങ്ങളോട് ഇന്ത്യ വിയോജിച്ചില്ല. എന്നാൽ ചൈന അമേരിക്കൻ ഉപരോധം മറികടന്ന് ഇറാനിൽനിന്ന് എണ്ണ വാങ്ങുന്നത് തുടർന്നു. ഇറാനിലെ ചാബഹാർ തുറമുഖം വികസിപ്പിക്കാനും നിക്ഷേപത്തിനുമായി അവർ ഇന്ത്യയെ ക്ഷണിച്ചിരുന്നു. ഇതിന്റെ ഭാഗമായി 2024-ൽ 120 മില്യൺ ഡോളറിന്റെ ഒരു ഉടമ്പടിയിൽ ഇറാനുമായി ഇന്ത്യ ഒപ്പുവച്ചു. അമേരിക്കൻ ഉപരോധം ഇതിന് വലിയൊരു തടസമായി ഭവിച്ചിരുന്നു. അതിനാൽ ഉപരോധ നടപടികളിൽ നിന്ന് അമേരിക്കയോട് ഇളവുവാങ്ങിയാണ് ഇന്ത്യ ഈ കരാറിൽ എത്തിയത്. ട്രംപിന്റെ 2021-ലെ ചുങ്കയുദ്ധവും ഉപരോധത്തിന്റെ ശക്തിപ്പെടുത്തലുകളും ഇറാനെ പരമാവധി സമ്മർദത്തിലാക്കാനുള്ള പ്രചരണങ്ങളുമെല്ലാം പിന്നീട് അതിന്റെ പാരമ്യത്തിലെത്തി. അതോടെ വീണ്ടും ചാബഹാറിലെ ഇന്ത്യയുടെ നിക്ഷേപ പ്രവർത്തനങ്ങൾ തകരാറിലായി. നമ്മൾ 2025-നു ശേഷം കാണുന്നത് ഇന്ത്യ ചാബഹാറിൽ നിന്ന് മാറിനിൽക്കുന്ന സ്ഥിതിവിശേഷമാണ്. അത് ശക്തമായ അമേരിക്കൻ സമ്മർദം കൊണ്ടാണ്. പരസ്പര സഹകരണത്തോടെയുള്ള ഇന്ത്യ -– ഇറാൻ ബന്ധത്തിൽ അമേരിക്കൻ താൽപര്യങ്ങൾ കൈകടത്തുകയും ഇന്ത്യയെ അമേരിക്കൻ അനുകൂല നിലപാടിലേക്ക് മാറ്റിയെടുക്കുകയും ചെയ്തു. എന്നാൽ ഇന്ത്യയും ഇറാനും നയതന്ത്രപരമായി ഇപ്പോഴും നല്ല സൗഹൃദബന്ധം തുടരുന്ന രാജ്യങ്ങളാണ്. ഓർഗനൈസേഷൻ ഓഫ് ഇസ്ലാമിക് കോൺഫറൻസിൽ (ഒ.ഐ.സി.) കാശ്മീർ പ്രശ്നമെല്ലാം ചർച്ചയിൽ വന്നപ്പോൾ 1994-ൽ ഇന്ത്യക്ക് അനുകൂലമായ നിലപാടാണ് ഇറാൻ സ്വീകരിച്ചിരുന്നത്. പല ഘട്ടങ്ങളിലും അവർ അങ്ങനെ ചെയ്തിട്ടുണ്ട്. ഭരണകൂടങ്ങൾ തമ്മിൽ പരസ്പരമുള്ള നല്ല ബന്ധത്തെയാണ് ഇത് കാണിക്കുന്നത്. എന്നാൽ 2005-ൽ ആറ്റോമിക് എനർജി ഏജൻസിയിൽ ഇറാന്റെ ആണവ കാര്യത്തിലുള്ള വോട്ടെടുപ്പിൽ ഇന്ത്യ ഇറാനെതിരെ വോട്ടു ചെയ്യുന്ന സ്ഥിതിവിശേഷമുണ്ടായി. പിന്നീട് ഇതേ നിലപാടുതന്നെ തുടരുകയും ചെയ്തു. ഇത് ഇന്ത്യ–-ഇറാൻ ബന്ധത്തിൽ വിള്ളലുകൾ ഉണ്ടാക്കിയിട്ടുണ്ട്. കാരണം ഇക്കാര്യത്തിൽ ഇന്ത്യ, ഇറാന്റെ കൂടെ നിൽക്കുമെന്ന് അവർ പ്രതീക്ഷിച്ചിരുന്നു. പക്ഷേ, അതുണ്ടായില്ല. ഇത്തരം സമീപനങ്ങളെല്ലാം ഇറാനെതിരെയുള്ള ഉപരോധങ്ങൾ കടുപ്പിക്കാൻ അമേരിക്കയേയും പടിഞ്ഞാറൻ യൂറോപ്പിനേയും സഹായിച്ചിട്ടുണ്ട്. പൊതുവിൽ നയതന്ത്രപരമായ കൂടിച്ചേരലുകളിലെല്ലാം ഇന്ത്യയും ഇറാനും തമ്മിലുള്ള ആയിരക്കണക്കിനു വർഷങ്ങളുടെ സാംസ്കാരിക ബന്ധത്തെക്കുറിച്ച് പറഞ്ഞുപോകാറുണ്ട്. പക്ഷേ ആ ദീർഘകാല ബന്ധത്തിന്റെ നൈർമല്യം ഷായുടെ കാലത്തും സമീപകാലത്തും സങ്കീർണമായി. എങ്കിലും ഇന്ത്യ – – ഇറാൻ ബന്ധത്തിൽ സൗഹൃദത്തിന്റെ അന്തരീക്ഷം തന്നെയാണ് മുന്തിനിൽക്കുന്നത്. അതിന് ഇന്നും പൂർണമായും കോട്ടം സംഭവിച്ചിട്ടില്ല. ഇന്ന് അമേരിക്കയും ഇസ്രയേലും ഇറാന്റെ ഭൂപ്രദേശത്തേക്ക് കയറി ആക്രമിക്കുമ്പോൾ ഒരു സ്വതന്ത്ര പരമാധികാര രാഷ്ട്രത്തിനെതിരെയുള്ള ആക്രമണം എന്ന രീതിയിൽ നമ്മൾ അതിനെ അപലപിക്കാത്തതിന്റെ ഒരു നൈതിക പ്രശ്നം നിലനിൽക്കുന്നു. ആ പരാതി ഇറാന് നിശ്ചയമായും ഉണ്ട്. അവരുടെ പരമോന്നത നേതാവിനെ വധിച്ചപ്പോഴും ഇന്ത്യയുടെ ഔദ്യോഗിക പ്രതികരണം കാര്യമായി വന്നില്ല. അത് വലിയൊരു പോരായ്മയായി വിലയിരുത്തപ്പെടുന്നുണ്ട്.
അമൽ: ഈ യുദ്ധം അമേരിക്കയെപ്പോലെയോ അതിനേക്കാളേറെയോ ഇസ്രയേൽ ആഗ്രഹിച്ചിരുന്നു എന്ന വിലയിരുത്തലുകളുണ്ട്. സാമ്രാജ്യത്വത്തിനെതിരായും പലസ്തീനെ ആക്രമിക്കുന്നതിനെതിരായും ഇറാൻ സ്വീകരിച്ചിരുന്ന നിലപാടുകൾ ചർച്ച ചെയ്യപ്പെടുന്നു. അയതിനാൽ ഈ യുദ്ധത്തിലെ ഇസ്രയേലിന്റെ താൽപര്യത്തെ എങ്ങനെ വിലയിരുത്തുന്നു?
എ കെ രാമകൃഷ്ണൻ: ഇസ്രയേലിലെ സയണിസ്റ്റ് ഭരണകൂടത്തിന്റെ താൽപര്യങ്ങൾക്കെതിരായി പശ്ചിമേഷ്യയിലും അന്താരാഷ്ട്രതലത്തിലും ഏറ്റവുമധികം എതിർപ്പുയർത്തിയ ഒരു രാഷ്ട്രമാണ് ഇറാൻ. ഇറാനിയൻ വിപ്ലവത്തിനു ശേഷം, ഷായുടെ കാലത്ത് ഇസ്രയേലുമായിട്ടുണ്ടായിരുന്ന ബന്ധത്തിൽനിന്ന് വിഭിന്നമായാണ് അവർ മുന്നോട്ടുപോയത്. ടെഹ്റാനിൽ ഉണ്ടായിരുന്ന ഇസ്രയേൽ എംബസി പലസ്തീനിന്റെ പി.എൽ.ഒ. ക്ക് കൈമാറി പലസ്തീൻ ജനതയുമായുള്ള ഐക്യദാർഢ്യം പ്രകടിപ്പിക്കാനാണ് ഇറാനിലെ പ്രൊവിഷണൽ റവല്യൂഷണറി ഗവൺമെന്റ് ആദ്യമേ തന്നെ തീരുമാനിച്ചത്. അടിച്ചമർത്തപ്പെടുന്ന ഒരു ജനതയോട് ചേർന്നുനിൽക്കുക എന്ന പ്രത്യയശാസ്ത്ര നിലപാടായാണ് അത് വിശദീകരിക്കപ്പെട്ടത്. ഇസ്രയേലാണ് അമേരിക്കയെ ഈ യുദ്ധത്തിലേക്ക് ശക്തമായി കൊണ്ടുവരുന്നത് എന്ന വാദത്തിൽ വാസ്തവമുണ്ട്. 2025 ജൂണിൽ നടന്ന യുദ്ധത്തിലും അത് പ്രകടമായിരുന്നു. ഇറാനിൽ ഒരു ഭരണമാറ്റമുണ്ടാക്കുക എന്നത് ഇസ്രയേലിന്റെ, വിശേഷിച്ച് നെതന്യാഹുവിന്റെ ദീർഘകാലത്തെ നയമാണ്. പലസ്തീൻ വിഷയത്തിൽ ഇറാൻ ശക്തമായ നയങ്ങൾ എടുക്കുന്നതാണ് അതിനുള്ള ഒരുകാരണം. മറുവശത്ത് ഇറാൻ സൈനികമായും ആണവശേഷിപരമായും കൂടുതൽ ശക്തി പ്രാപിക്കുന്നതിലെ അസ്വസ്ഥതകളും നിലനിൽക്കുന്നു. ഇറാൻ ഇതാ ന്യൂക്ലിയർ ബോംബുകൾ ഉണ്ടാക്കാൻ പോകുന്നു എന്ന പ്രചരണം ഇസ്രയേൽ നടത്തുകയുണ്ടായി. എന്നാൽ ഇറാൻ അത്തരത്തിലുള്ള ആണവായുധശേഷി കൈവരിച്ചിരുന്നില്ല. അവർ ആണവായുധങ്ങൾ അത്തരത്തിൽ ഉപയോഗിക്കില്ല എന്ന നിലപാട് നേരത്തേതന്നെ പരസ്യമായി സ്വീകരിച്ചിട്ടുള്ളതുമാണ്. അതിനാൽ ആയുധനിർമാണത്തിനുള്ള ആണവവികസനമല്ല അവർ ഉദ്ദേശിച്ചിട്ടുള്ളത്. ആണവശേഷി കൈവരിക്കുകയും അത് ഇങ്ങോട്ടുള്ള ആക്രമണങ്ങൾ പിന്തിരിപ്പിക്കാനുള്ള ഉപാധിയാക്കുകയും ചെയ്യണമെന്ന അഭിപ്രായം അവർക്കുണ്ട്. ഇതെല്ലാംകൊണ്ടും ഇറാനാണ് തങ്ങൾക്ക് ഈ മേഖലയിൽ ഭീഷണിയായി ഉയരുക എന്ന ബോധ്യം ഇസ്രയേലിനുണ്ട്. ഈ രാജ്യങ്ങൾ പ്രത്യയശാസ്ത്രപരമായും ഇരുധ്രുവങ്ങളിലാണ്. പശ്ചിമേഷ്യയിലെ വലിയ ജനസംഖ്യയും ഭൂമിശാസ്ത്രപരമായി വലുപ്പവും വലിയനിര ശാസ്ത്രജ്ഞരും ഡോക്ടർമാരും എഞ്ചിനിയർമാരുമെല്ലാമുള്ള ഒരു രാജ്യമാണ് ഇറാൻ. വിദ്യാഭ്യാസ നിലവാരത്തിലും അവർ മുന്നിലാണ്. അതിനാൽ ഈ ഉപരോധങ്ങളെല്ലാമുണ്ടായിട്ടും ആഭ്യന്തരമായി അവർക്ക് പിടിച്ചുനിൽക്കാൻ കഴിയുന്നു. ഇസ്രയേലിനെ സംബന്ധിച്ചിടത്തോളം ഇറാൻ ഈ മേഖലയിലെ അവരുടെ താൽപര്യങ്ങൾക്ക് ഒരു ഭീഷണിയാണ്. അതിനാൽ തന്നെ അവർ അമേരിക്കയെ ഈ പ്രദേശത്തേക്ക് സൈനികമായി ഇടപെടുന്നതിന് പ്രോത്സാഹിപ്പിച്ചു. എന്നാൽ അമേരിക്കയ്ക്ക് സ്വന്തമായി ഇവിടെ യുദ്ധതാൽപര്യങ്ങളില്ല എന്നു പറയാനും കഴിയില്ല. ലോകത്തിലെ വിഭവകേന്ദ്രങ്ങളിലെല്ലാം അമേരിക്കയ്ക്ക് കണ്ണുണ്ട്. അതുകൊണ്ടു തന്നെയാണ് വെനസ്വേലയിൽ അവർ ആക്രമണം അഴിച്ചുവിട്ടിരിക്കുന്നതും. എണ്ണയും ധാതുസമ്പത്തും എല്ലാമുള്ള ലോകത്തിന്റെ വിവിധ ഭാഗങ്ങൾക്കുമേലുള്ള നിയന്ത്രണം തങ്ങളുടെ കയ്യിൽ നിന്ന് വഴുതിപോകുന്നു എന്ന തോന്നൽ അമേരിക്കയെ ബാധിക്കുന്നുണ്ട്. അതിനാൽ തന്നെ ഈ മേഖലയിലെ സ്വാധീനം ഏതുവിധേനയും നിലനിറുത്താൻ അവർ ശ്രമിക്കുന്നു. ഇവിടെ “മേക്ക് അമേരിക്ക ഗ്രേറ്റ് എഗെയ്ൻ” എന്നു പറയുന്നതിന്റെ ഒരു പ്രധാന ഭാഗമാകുന്നത് ലോകത്തെ പ്രകൃതി വിഭവങ്ങളുടെ മേലുള്ള നിയന്ത്രണമാണ്. പശ്ചിമേഷ്യൻ എണ്ണയോടുള്ള ആശ്രിതത്വം ഇന്ന് അമേരിക്കയ്ക്കില്ല. എന്നാൽ ലോക വിഭവങ്ങളുടെ മേലുള്ള നിയന്ത്രണം എന്നത് അമേരിക്കൻ സാമ്രാജ്യത്വത്തിന്റെ ഒരു അടിസ്ഥാന ഘടകമാണ്. മുതലാളിത്ത ലോകം വലിയ പ്രതിസന്ധിയിലൂടെ കടന്നുപോകുമ്പോഴും അമേരിക്കൻ സൈനികശേഷിയിലൂടെയും, വിഭവ നിയന്ത്രണത്തിലൂടെയും സാമ്പത്തിക പ്രശ്നങ്ങൾ പരിഹരിക്കാൻ സാധിക്കും എന്ന ചിന്ത ഒരുവിഭാഗം അമേരിക്കൻ നേതൃത്വത്തിനുണ്ട്. ട്രംപിന്റെ നിലപാടുകൾ ഒരു വ്യക്തി എടുക്കുന്ന ഭ്രാന്തൻ തീരുമാനങ്ങൾ എന്ന പ്രതീതി ചിലപ്പോൾ സൃഷ്ടിക്കുമെങ്കിലും അതിനെ നിശ്ചയമായും സാമ്രാജ്യത്വ താൽപര്യങ്ങളുടെ സവിശേഷമായ രീതിയിലുള്ള പ്രവർത്തനം എന്നുതന്നെ കാണണം. പശ്ചിമേഷ്യയിൽ കാലങ്ങളായി വികസിപ്പിച്ചു വന്ന അമേരിക്കൻ ശെസനികത്താവളങ്ങളും, പരമ്പരാഗതമായി ഉണ്ടായിരുന്ന നിയന്ത്രണ സംവിധാനങ്ങളും, ഈ മേഖലയിലെ രാജഭരണകൂടങ്ങളുടെ പണ്ടുമുതലേയുള്ള അമേരിക്കൻ അനുകൂല നിലപാടുകളും ഒക്കെ പ്രയോജനപ്പെടുത്തിക്കൊണ്ടു തന്നെയാണ് ഇവിടെയുള്ള സ്വാധീനം വിപുലപ്പെടുത്താൻ അമേരിക്ക ശ്രമിക്കുന്നത്. വിപ്ലവശേഷം ഇറാനും അമേരിക്കയുടെ ഒരു ശത്രുവായി മാറി. പ്രസിഡന്റ്- ബുഷിന്റെ കാലത്ത് “ആക്സിസ് ഓഫ് ഈവിൾ” എന്നു പറഞ്ഞിരുന്നതിൽ ഒന്ന് ഇറാനായിരുന്നു. വിപ്ലവത്തിനുശേഷം ഇറാൻ അമേരിക്കൻ എംബസി പിടിച്ചെടുക്കുകയും ഉദ്യോഗസ്ഥരെ 444 ദിവസം തടഞ്ഞുവയ്ക്കുകയും പ്രസിഡന്റ് ജിമ്മി കാർട്ടർ തിരഞ്ഞെടുപ്പിൽ തോറ്റു എന്നുറപ്പാക്കിയ ശേഷം മാത്രം അവരെ വിട്ടയയ്ക്കുകയും ചെയ്തിട്ടുണ്ട്. അമേരിക്കയും ഇസ്രയേലും സംയുക്തമായി ഈ മേഖലയിലെ ചോദ്യംചെയ്യാനാവാത്ത ശക്തിയായി ഇസ്രായേലിനെ നിലനിർത്താനും അതിനെതിരെ ഇറാൻ ഒരു വെല്ലുവിളിയായി മാറാതിരിക്കാനും ശ്രദ്ധിക്കുന്നു. ഇത് പരസ്പരപൂരകമായ താൽപര്യമാണ്. അമേരിക്കയെ അതിന് കൃത്യമായി ഉപയോഗപ്പെടുത്തുന്നതിൽ ഇസ്രയേൽ വിജയിച്ചിരിക്കുന്നു.
അമൽ: ഇറാന്റെ ആഭ്യന്തര രാഷ്ട്രീയത്തിൽ വലിയ സംഘർഷങ്ങൾ നടന്നുകൊണ്ടിരിക്കുന്ന സമയമാണ്. ജനാധിപത്യം, വസ്ത്ര സ്വാതന്ത്ര്യം, ലിംഗനീതി തുടങ്ങിയ വിഷയങ്ങളിൽ ഉയർന്നിരുന്ന വിവിധ സമരങ്ങൾ, ലോകത്തെ നടുക്കിയ മഹ്സ അമേനിയുടെ കൊലപാതകം എന്നിങ്ങനെ ഇറാനിൽ പല വിഷയങ്ങളുമുണ്ടായി. ഇതിനെതിരായി ആഭ്യന്തരതലത്തിൽ മാറ്റത്തിനുവേണ്ടി നടന്ന സമരമുന്നേറ്റങ്ങളുടെയും ചെറുത്തുനിൽപ്പുകളുടേയും വിപ്ലവ പരിസരങ്ങളെക്കൂടി ഇല്ലാതാക്കലല്ലേ പാശ്ചാത്യചേരിയുടെ ഈ പുറത്തുനിന്നുള്ള ആക്രമണം?
എ കെ രാമകൃഷ്ണൻ: ആ സമരങ്ങളുടെ ന്യായവാദങ്ങളെ അമർച്ചചെയ്യുവാനായി ഇത്തരം യുദ്ധങ്ങൾക്ക് സാധിക്കുന്നുണ്ട്. വിവിധ ബോധ്യങ്ങളുടെ അടിസ്ഥാനത്തിൽ പ്രസ്ഥാനങ്ങൾ ഉയർന്നുവരികയും സമരങ്ങൾ സംഘടിപ്പിക്കുകയും ചെയ്ത് ചരിത്രമുള്ള ഇടമാണ് ഇറാൻ. ഖ്വാജർ രാജവംശത്തിന്റെ ഭരണകാലത്ത് പത്തൊൻപതാം നൂറ്റാണ്ടിന്റെ ഒടുവിൽ നടന്ന ടുബാക്കോ മൂവ്മെന്റ്, ഇരുപതാം നൂറ്റാണ്ടിന്റെ ആദ്യം നടന്ന കോൺസ്റ്റിറ്റ്യൂഷണൽ മൂവ്മെന്റ്-, ഡോ. മുഹമ്മദ് മുസാദിക്കിന്റെ നാഷണൽ ഫ്രണ്ട് എന്ന സംഘടന എണ്ണയുടെ ദേശസാൽക്കരണത്തിനായി നടത്തിയ പരിശ്രമങ്ങൾ എന്നിവയെല്ലാം ഇവിടെ നടന്നിട്ടുണ്ട്. പിന്നീട് മുഹമ്മദ് മൊസാദിക്ക് രാജ്യത്തിന്റെ പ്രധാനമന്ത്രിയായി മാറി. അന്നത്തെ പ്രശ്നങ്ങളിൽ തിരഞ്ഞെടുക്കപ്പെട്ട പ്രധാനമന്ത്രിക്ക് രാജാവിനേക്കാൾ പ്രാധാന്യം വരുന്നു എന്ന അന്തരീക്ഷത്തിൽ ഷാ 1951-ൽ നാടുവിട്ടു പോവുകയും ശേഷം 1953-ൽ അമേരിക്ക അദ്ദേഹത്തെ തിരിച്ചെത്തിക്കുകയും ചെയ്തു. 1953ൽ അവിടെ സിഐഎ നേതൃത്വം കൊടുത്ത ഓപ്പറേഷൻ അയാക്സ് എന്ന അട്ടിമറിയിലൂടെ മൊസാദിക്കിനെ സ്ഥാനഭ്രഷ്ടനാക്കുകയും മുഹമ്മദ് റെസാ ഷാ പഹ്ലവിയെ തിരിച്ചെത്തിച്ച് ഭരണമേൽപ്പിക്കുകയും ചെയ്യുകയാണുണ്ടായത്. മുഹമ്മദ് മൊസാദിക്ക് ചെയ്ത വലിയ തെറ്റ് എന്ന നിലയിൽ വ്യാഖ്യാനിക്കപ്പെട്ടത് എണ്ണയുടെ ദേശസാൽക്കരണമാണ്. സ്വന്തം രാജ്യത്തെ വിഭവങ്ങളുടെമേൽ സ്വന്തം ജനതയുടെ അവകാശം സ്ഥാപിക്കാൻ ശ്രമിച്ചതാണ് മൊസാദിക്കിന്റെ കുറ്റമായി മാറിയത്. ഷായുടെ ക്രൂരമായ ഭരണത്തിനെതിരായി 1960-കളിലും 1970-കളിലും ശക്തമായ പ്രസ്ഥാനങ്ങൾ രൂപീകരിച്ച് ഇറാൻ ജനത മുന്നോട്ടുപോയിട്ടുണ്ട്. ഇത്തരത്തിലുള്ള മാറ്റത്തിനായുള്ള നിരവധി പരിശ്രമങ്ങൾ ഇറാൻ ജനത നടത്തിയിട്ടുണ്ട്. അതിന്റെ മൂർധന്യമാണ് 1979-ലെ ഇറാനിയൻ വിപ്ലവത്തിൽ കണ്ടത്. അതിൽ അവിടുത്തെ എല്ലാവിഭാഗം ജനങ്ങളും പങ്കെടുത്തിട്ടുണ്ട്. വിപ്ലവത്തിനു ശേഷവും ഇസ്ലാമിക് റിപ്പബ്ലിക്കിനെതിരായ മുന്നേറ്റങ്ങൾ ഉണ്ടായിട്ടുണ്ട്. ഗ്രീൻ മൂവ്മെന്റ് അത്തരത്തിലൊന്നാണ്. പൊതുതിരഞ്ഞെടുപ്പുകളിലും മറ്റും ആയത്തുള്ള അലി ഖമനേയി അടക്കമുള്ള കടുത്ത നിലപാടുകാരുടെ കൈകടത്തലുകളും നിയമവിരുദ്ധമായ സ്വാധീനവുമെല്ലാം ഉണ്ടാകുന്നു എന്ന ആരോപണം വന്നിട്ടുണ്ട്. മറുവശത്തായി മാറ്റത്തിന്റെ പക്ഷക്കാർ അണിനിരന്നിട്ടുണ്ട്. ഖാത്തമേനി, ഇന്നത്തെ പ്രസിഡന്റ് മസൂദ് പെസഷ്-കിയാൻ എന്നിവരെല്ലാം മാറ്റത്തിന്റെ പക്ഷക്കാരാണ്. ഇത്തരത്തിൽ ഒരു ശക്തമായ, പ്രത്യയശാസ്ത്രപരമായ മത്സരം ഇസ്ലാമിക് റിപ്പബ്ലിക്കിനകത്ത് ഉണ്ടായിരുന്നു. ജനകീയ പ്രസ്ഥാനങ്ങൾ എന്ന നിലയ്ക്ക് തൊഴിലാളികളുടെ വലിയ സമരങ്ങളും ഉണ്ടായിരുന്നു. വിലക്കയറ്റത്തിനെതിരെയുള്ള സമരങ്ങൾ ഉണ്ടായിരുന്നു. അതിനു കാരണമായി ഭവിച്ചത് അമേരിക്കൻ ഉപരോധ നടപടികൾ മൂലം ഇറാനിയൻ സമ്പദ്-വ്യവസ്ഥ അനുഭവിക്കേണ്ടിവന്ന വലിയ പ്രതിസന്ധികളാണ്. മഹ്സാ അമേനിയുടെ വിഷയത്തിലെല്ലാം നമ്മൾ കണ്ടത് സ്ത്രീകളുടെ നേതൃത്വത്തിലുള്ള വലിയ ദേശവ്യാപകമായ സമരങ്ങളാണ്. അത് ഇസ്ലാമിക് റിപ്പബ്ലിക്കിലെ മതനേതൃത്വങ്ങളുടെ ആഗ്രഹപ്രകാരം ഉണ്ടായിട്ടുള്ള സാമൂഹിക നിയന്ത്രണങ്ങൾക്കെതിരെയുള്ള സമരങ്ങളാണ്. കഴിഞ്ഞ ഡിസംബറിൽ ബാസാറി ക്ലാസ് എന്ന് വിളിക്കുന്ന കച്ചവടക്കാരിൽ നിന്നും തുടങ്ങിയ സമരവും നമ്മൾ കണ്ടു. പഴയ സിൽക്ക് റൂട്ടിന്റെയെല്ലാം ഭാഗമായ വലിയ വ്യാപാര കേന്ദ്രമാണ് ഇറാൻ. അതിനാൽ മധ്യകാലം മുതൽ തന്നെ ബാസാറി ക്ലാസ് എന്നത് ഇറാനിലെ വളരെ പ്രധാനപ്പെട്ട ഒരു വിഭാഗമാണ്. വലിയതോതിൽ നാഷണൽ ബൂർഷ്വാസി എന്നെല്ലാം വിളിക്കാൻ കഴിയുന്ന വിഭാഗങ്ങൾ അവിടെ പൊതുവിൽ ഇല്ല. ബാസാറികളാണ് ശക്തമായി മതവിഭാഗങ്ങളെയും അവരുടെ സ്ഥാപനങ്ങളേയും രാഷ്ട്രീയ പ്രവർത്തനങ്ങളേയുമെല്ലാം സഹായിച്ചുകൊണ്ടിരുന്നത്. കഴിഞ്ഞ ഡിസംബറിൽ നമ്മൾ കണ്ടത് ടെഹ്റാനിലെ ഗ്രാൻഡ് ബസാറിൽനിന്ന് കച്ചവടക്കാരുടെ വലിയ സമരങ്ങൾ ഉയരുന്നതാണ്. അത് ആഭ്യന്തര രാഷ്ട്രീയത്തിലെ ധ്രുവീകരണങ്ങളിൽ പ്രധാനപ്പെട്ട ഒന്നായിരുന്നു. ഇത്തരത്തിൽ ഇറാനിയൻ ജനതയും ഭരണകൂടവും തമ്മിലുള്ള വൈരുധ്യാത്മകമായ സാഹചര്യമാണ് കാണാൻ കഴിഞ്ഞിരുന്നത്. ഈ സംങ്കീർണ്ണത നിലനിന്നുപോരുന്നതാണ്. ഉപരോധങ്ങൾ അതിന് പ്രധാനകാരണമായി. വ്യത്യസ്തമായി നിലനിൽക്കുന്ന അധികാര വ്യവസ്ഥയാണ് അവിടെയുള്ളത്. ഒരൊറ്റ അധികാര കേന്ദ്രമല്ല ഇറാനിലുള്ളത്. പരമോന്നത നേതാവിന് ഏറ്റവും വലിയ അധികാരമുണ്ട്. അതേസമയം തിരഞ്ഞെടുക്കപ്പെട്ട പാർലമെന്റും (മജ്ലീസ്) സ്പീക്കറുമെല്ലാമുണ്ട്. തിരഞ്ഞെടുക്കപ്പെട്ട കൗൺസിൽ ഓഫ് എക്സ്പെർട്സ് ഉണ്ട്. അവരാണ് പരമോന്നത നേതാവിനെ തിരഞ്ഞെടുക്കുന്നത്. പരമോന്നത നേതാവിനെ സഹായിക്കാനായി ഗാഡിയൻ കൗൺസിലുണ്ട്. അവരാണ് പ്രസിഡൻഷ്യൽ ഇലക്ഷനിൽ ആരൊക്കെ മത്സരിക്കണം, ആരെയൊക്കെ ഒഴിവാക്കണം എന്നെല്ലാം തീരുമാനിക്കുന്നത്. മറ്റൊരു ഭാഗത്ത് ജുഡീഷ്യറിയുമുണ്ട്. ഇത്തരത്തിലുള്ള അധികാര വെെവിധ്യ വ്യവസ്ഥയും സങ്കീർണ്ണമായ ഭരണ വ്യവസ്ഥയുമാണ് ഇസ്ലാമിക് റിപ്പബ്ലിക്കിലുള്ളത്. അതിന്റെ നേതൃത്വത്തിൽ ആയത്തുള്ളമാരും മതനേതൃത്വവും വരുന്നു എന്നുള്ളതും പ്രധാനപ്പെട്ട കാര്യമാണ്. ഇതുണ്ടാക്കുന്ന സാമൂഹിക വൈരുദ്ധ്യങ്ങളും പ്രധാനപ്പെട്ടതാണ്. ഇറാന്റെ ആഭ്യന്തര വൈരുദ്ധ്യങ്ങളെ അഭിസംബോധന ചെയ്യേണ്ടത് ആ രാജ്യത്തെ ജനങ്ങളും ഭരണകൂടവുമാണ്. അല്ലാതെ പുറത്തുനിന്നുള്ള ഇടപെടലോ യുദ്ധമോ വഴിയല്ല. അത് ജനങ്ങളും അവരുടെ ഭരണകൂടവും തമ്മിൽ ഏറ്റുമുട്ടുന്നതിലൂടെ പരിഹരിക്കപ്പെടേണ്ട പ്രശ്നമാണ്. ഇന്ന് അവിടുത്തെ ജനങ്ങളുടെ സമരങ്ങളെല്ലാം സാമ്രാജ്യത്വ യുദ്ധം പ്രതികൂലമായി ബാധിച്ചിരിക്കുന്നു. എന്നാൽ സമരം ചെയ്യുന്ന ജനങ്ങളെ സഹായിക്കാനാണ് തങ്ങൾ വരുന്നത് എന്ന കടകവിരുദ്ധമായ പ്രസ്താവനയാണ് സാമ്രാജ്യത്വ ശക്തികൾ നടത്തുന്നത്. സാമ്രാജ്യത്വ ഇടപെടൽകൊണ്ട് ഒരു ജനതയും ഒരിക്കലും സ്വതന്ത്രമാകുന്നില്ല.
അമൽ: ഇറാനിയൻ വിപ്ലവം എന്നത് വിവിധ ധാരകളുടെ മുന്നേറ്റങ്ങളാൽ സമ്മിശ്രമായിരുന്നല്ലോ. ഇടതുപക്ഷ പ്രസ്ഥാനങ്ങളും പുരോഗമന പ്രസ്ഥാനങ്ങളും ലിബറലുകളുമെല്ലാം അതിൽ സജീവമായിരുന്നു. എന്നാൽ അവിടെ മതാധിഷ്ഠിത മുന്നേറ്റത്തിന് പ്രാമുഖ്യം ലഭിക്കുകയും ഷായുടെ ഭരണകാലത്ത് പാരീസിലേക്ക് പലായനം ചെയ്തിരുന്ന ആയത്തുള്ള റുഹൊല്ല ഖൊമേനി തിരിച്ചെത്തുകയും ഇസ്ലാമിക് റിപ്പബ്ലിക്ക് സ്ഥാപിക്കപ്പെടുകയുമാണ് ചെയ്യുന്നത്. പിന്നീട് ഇടതുപക്ഷം അടക്കമുള്ളവരെ ക്രൂരമായി അടിച്ചമർത്തി ഇല്ലായ്മ ചെയ്തു. ഇതിന്റെ ഒരു പശ്ചാത്തലം എങ്ങനെയായിരുന്നു?
എ കെ രാമകൃഷ്ണൻ: വിപ്ലവത്തിനുശേഷം ഇടതുപക്ഷത്തിനും ലിബറലുകൾക്കും പ്രവർത്തിക്കാൻ സാധിച്ചിട്ടില്ല. ഇസ്ലാമിക് റിപ്പബ്ലിക്കിന്റെ ആദ്യ തിരഞ്ഞെടുപ്പിൽ ഫ്രാൻസിൽനിന്ന് വിദ്യാഭ്യാസം ലഭിച്ച അബൊൽഹസൻ ബെനിസദർ എന്ന സാമ്പത്തിക ശാസ്ത്രജ്ഞനെയാണ് ജനങ്ങൾ തിരഞ്ഞെടുത്തത്. എന്നാൽ രാഷ്ട്രീയ പ്രസ്ഥാനങ്ങൾ എന്ന നിലയിൽ മാർക്സിസ്റ്റുകളേയും ലിബറലുകളേയുമെല്ലാം ഒതുക്കുകയാണ് മതരാഷ്ട്രവാദികൾ ചെയ്തത്. നേതാക്കളെ പലരേയും അറസ്റ്റ് ചെയ്യുകയും ഇല്ലായ്മ ചെയ്യുകയും ചിലർ പലായനം ചെയ്യാൻ നിർബന്ധിക്കപ്പെടുകയുമെല്ലാമുണ്ടായി. ഇറാൻ–ഇറാഖ് യുദ്ധത്തിന്റെ പശ്ചാത്തലത്തിൽ കൂടിയാണ് ഇത് സംഭവിക്കുന്നത്. ആ സമയത്ത് ഒരു പ്രതിപക്ഷത്തെ പ്രോൽസാഹിപ്പിക്കൽ സാധ്യമല്ല എന്ന സാഹചര്യം സൃഷ്ടിക്കുകയാണ് ഭരണകൂടം ചെയ്തത്. യുദ്ധവും ഇസ്ലാമിസ്റ്റുകളുടെ നിയന്ത്രണവുമെല്ലാം ചേർന്ന് യാഥാസ്ഥിതികതയുടെ കേന്ദ്രീകരണത്തിലേക്കാണ് എത്തിയത്. അതിന്റെ ഭാഗമായാണ് ഇപ്പോൾ കൊലചെയ്യപ്പെട്ട ആയത്തുള്ള അലി ഖമനേയി എൺപതുകളിൽ രാജ്യത്തിന്റെ പ്രസിഡന്റാകുന്നത്. ആ സമയത്ത് ഇതിനെല്ലാം ജനപിന്തുണ ലഭിച്ചിരുന്നു. അവിടെ രാഷ്ട്രീയത്തെ മതനിരപേക്ഷതയിലേക്ക് കൊണ്ടുവരാനും മുന്നേറ്റങ്ങൾ ഏറ്റെടുക്കാനും മറുചേരിക്ക് അസാധ്യമായി. ആയത്തുള്ള റൊഹൊല്ല ഖൊമേനി പാരീസിൽ നിന്നു വരാൻ കാത്തിരിക്കുന്നതും അദ്ദേഹത്തെ വിപ്ലവത്തിന്റെ നേതാവാക്കി മാറ്റുന്നതുമാണ് നമ്മൾ കണ്ടത്. പിന്നീട് അത് വലിയ അടിച്ചമർത്തലിലേക്ക് നയിക്കും എന്ന് അന്ന് ജനങ്ങൾ പ്രതീക്ഷിച്ചിരിക്കില്ല. വിപ്ലവത്തിൽ എല്ലാവരും പങ്കെടുത്തതുകൊണ്ട് എല്ലാവർക്കും അവിടെ ഇടമുണ്ടാകും എന്നാണ് കരുതപ്പെട്ടത്. ഖൊമേനിയുടെ സാമ്രാജ്യത്വവിരുദ്ധ, രാജഭരണവിരുദ്ധ പ്രസംഗങ്ങൾ വലിയ ശ്രദ്ധയാകർഷിച്ചിരുന്നു. അത് നിയമവിരുദ്ധമായി കടത്തിക്കൊണ്ടുവന്ന് എത്തിച്ച ഓഡിയോ കാസെറ്റുകളിലൂടെ ജനത കേട്ടുകൊണ്ടിരുന്നു. അത്തരത്തിൽ അദ്ദേഹം ഒരു ജനകീയ നേതാവ് എന്ന പ്രതീതിയുണ്ടാക്കി. അലി ഷെരിയത്തി തുടങ്ങിയവർ മതഭരണത്തിനെതിരായിരുന്നു. എന്നാൽ മതപരമായ ആഖ്യാനങ്ങൾ അക്കാലത്ത് ചെറുപ്പക്കാരെയെല്ലാം പ്രത്യയശാസ്ത്രപരമായി സ്വാധീനിച്ചു; ഷായുടെ രഹസ്യപൊലീസും അടിച്ചമർത്തലുകളും മറ്റൊരു കാരണമായി. ഷായുടെ പൊലീസ് കയറിവരാത്ത പള്ളികളായിരുന്നു വെള്ളിയാഴ്ചകളിലും മറ്റും വിപ്ലവകാരികൾക്ക് ഒത്തുചേരാൻ ബാക്കിയുണ്ടായിരുന്നത്. പള്ളികളിലും മറ്റും പോകാൻ താൽപ്പര്യമില്ലാത്തവർ പോലും രാഷ്ട്രീയ കാരണങ്ങളാൽ പള്ളിയിലേക്കെത്തി. അത്തരത്തിൽ ഇസ്ലാമിക സ്ഥാപനങ്ങൾക്കും ഇസ്ലാമിക ആശയങ്ങൾക്കും ഒക്കെത്തന്നെ ഈ വിപ്ലവമുന്നേറ്റത്തിന്റെ ഭാഗമായി പ്രാധാന്യം കൈവന്നു. ഈയൊരു സാഹചര്യത്തിലാണ് ഖൊമേനിയുടെ നേതൃത്വം ജനകീയമാകുന്നത്. ഇസ്ലാമിക റിപ്പബ്ലിക്ക് സ്ഥാപിക്കുന്നതോടുകൂടി പുരോഗമന ജനാധിപത്യ പക്ഷത്തെ അവർ തീർത്തും ഇല്ലായ്മ ചെയ്തു. പലരേയും കൊന്നുകളഞ്ഞു. എങ്ങനെയെങ്കിലും രക്ഷപ്പെട്ടവർ രാജ്യത്തുനിന്ന് പലായനം ചെയ്തു. ഖൽഖലി എന്ന മത കോടതിയിലെ ജഡ്ജിമാർ തങ്ങളുടേതായ വിചാരണയ്ക്കു ശേഷം വിപ്ലവകാരികളെ വധശിക്ഷയ്ക്കും മറ്റും വിധിച്ചു. അത്തരത്തിൽ പ്രതിപക്ഷത്തെ ഇല്ലാതാക്കുകയാണ് ഇസ്ലാമിക ഭരണകൂടം ചെയ്തത്. അന്നത്തെ പരമോന്നത നേതാവായ റുഹൊല്ല ഖൊമേനിയോട് വിയോജിക്കേണ്ടി വന്ന ആദ്യ പ്രസിഡന്റ് അബൊൽഹസൻ ബനിസദർ പിന്നീട് രാജ്യംവിട്ട് പലായനം ചെയ്യുകയാണുണ്ടായത്. മതാധിഷ്ഠിത ഭരണകൂടം ശക്തമായി കേന്ദ്രീകരിക്കപ്പെട്ടു.
അമൽ: ഈ യുദ്ധം അതിന്റെ പാരമ്യത്തിൽ എത്തുന്നതിനു മുമ്പായാണ് എപ്സ്റ്റീൻ ഫയൽസ് പുറത്തുവരുന്നത്. അമേരിക്കൻ സാമ്രാജ്യത്വവും ട്രംപിന്റെ രാഷ്ട്രീയവുമെല്ലാം പലതരത്തിലുള്ള വെല്ലുവിളികൾ അഭിമുഖീകരിക്കുന്നുണ്ടായിരുന്നു. ഇതിൽ നിന്നു പെട്ടെന്നുള്ള ഒരു ശ്രദ്ധതിരിക്കലിന്റെ ഭാഗം കൂടിയാണ് പെട്ടെന്നുതന്നെ യുദ്ധം തുടക്കമിട്ടത് എന്ന വാദം ഉയരുന്നുണ്ട്.
എ കെ രാമകൃഷ്ണൻ: അങ്ങനെയൊരു വിമർശനം നിശ്ചയമായും നിലനിൽക്കുന്നുണ്ട്. ഒരു വശത്ത് ഇസ്രയേലിന്റെ താൽപര്യങ്ങളുണ്ട്. രണ്ട് താൽപര്യങ്ങളും പരസ്പരപൂരകങ്ങളാകുന്നു. ട്രംപിന്റെ നേതൃത്വത്തിൽ യുക്തിപരമായ തീരുമാനങ്ങളൊന്നുമല്ല സ്വീകരിക്കപ്പെടുന്നത്. എപ്-സ്റ്റീൻ ഫയൽസിന്റെ ക്രൂരമായ യാഥാർത്ഥ്യം ഈ യുദ്ധത്തെ സ്വാധീനിച്ചു എന്നത് വാസ്തവമാണ്. ഈ മേഖലയിലെ ഭീഷണിയായ ഇറാനെ ഒഴിവാക്കാനുള്ള ഇവരുടെ ശ്രമത്തിൽ ഒരു വെപ്രാളം ഉണ്ടായിരുന്നു. അതിനാൽതന്നെ ഇറാന്റെ ശക്തിയെ വിലകുറച്ചു കാണുകയും പെട്ടെന്ന് അവരെ കീഴടക്കി മുന്നോട്ടു പോകാൻ കഴിയുമെന്നും ട്രംപ് കരുതി. അത് വൃഥാവിലായി. ശക്തമായ ഒരു ശാസ്ത്രീയ സമൂഹം നിലനിൽക്കുന്ന രാജ്യമാണ് ഇറാൻ. വലിയ ഉപരോധത്തിലും അവർ പൊരുതി നിലനിൽക്കുകയാണ്. അക്രമകാരികൾ പ്രതീക്ഷിച്ചപോലെ ഝടുതിയിൽ ഒന്നും സംഭവിച്ചില്ല.
അമൽ: ഈ യുദ്ധത്തിന്റെ മുന്നോട്ടു പോക്ക് എങ്ങനെയായിരിക്കും? ഇന്ത്യയടക്കമുള്ള രാജ്യങ്ങളിൽ വലിയ ഇന്ധനപ്രതിസന്ധി ഉണ്ടായിരിക്കുകയാണ്. ഹോർമൂസ് കടലിടുക്കിലൂടെയുള്ള ചരക്കുഗതാഗതം പ്രയാസത്തിലായി. ഇറാനെ മാത്രമല്ല ലോകത്തെയാകമാനം ഇത് അനിശ്ചിതത്വത്തിലേക്ക് തള്ളിവിട്ടിരിക്കുന്നു.
എ കെ രാമകൃഷ്ണൻ: ഒരു പൂർണ്ണ യുദ്ധം എന്ന നിലയിൽ കുറച്ചുകാലം തുടരാമെങ്കിലും ഇങ്ങനെ സുദീർഘമായി മുന്നോട്ടു പോകുവാൻ പറ്റുകയില്ല. ഈ യുദ്ധത്തിൽ ഇടപെട്ടിട്ടുള്ള എല്ലാ രാജ്യങ്ങളെയും സംബന്ധിച്ചിടത്തോളം അത് അങ്ങനെയാണ്. ഇറാന്റെ പ്രാഥമികമായ ആവശ്യം ഉപരോധനടപടികൾ അവസാനിപ്പിക്കുക എന്നതാണ്. അതിൽ ഒരു പരിഹാരമുണ്ടായാൽ അവർ ഉടമ്പടികൾക്ക് തയ്യാറാവുമായിരിക്കും. പിന്നീട് അവർക്ക് എണ്ണ വിൽക്കാനും സ്വാഭാവികമായ ക്രയവിക്രയങ്ങളിലേക്ക് കടന്നുവരാനും സാധിക്കും. ഡോളറിൽ നിലനിൽക്കുന്ന അന്തർദേശീയ സാമ്പത്തിക ഇടപാടുകളൊന്നും ഇറാന് നടത്താൻ കഴിയുന്നില്ല. മരുന്നുകൾ കിട്ടാൻ വരെ അവർക്ക് ഒരുപാട് കഷ്ടപ്പെടേണ്ടി വരുന്നുണ്ട്. സുസ്ഥിരമായ ഒരു ഉടമ്പടി ഇക്കാര്യത്തിൽ ഉണ്ടാവേണ്ടതുണ്ട്.
അമൽ: പശ്ചിമേഷ്യൻ രാജ്യങ്ങളിലെ ഭരണകൂടങ്ങളിൽ നിന്ന് പലസ്തീൻ വിഷയത്തിലും ഇറാൻ വിഷയത്തിലുമെല്ലാം വേണ്ട പിന്തുണ ലഭിക്കാറില്ല എന്നത് വാസ്തവമല്ലേ? പുറമേയ്ക്ക് പശ്ചിമേഷ്യൻ മുസ്ലീം ലോകം എന്ന ഒറ്റ വിഭാഗമായി ചിലരൊക്കെ വിശേഷിപ്പിക്കുമ്പോഴും ഇവർ ഒരുമിച്ചല്ലെന്ന് മാത്രമല്ല, വൈരുദ്ധ്യപൂർണമായ നിലപാടുകളിലുമാണ്. ഇതിലെ വസ്തുതകൾ എന്താണ്?
എ കെ രാമകൃഷ്ണൻ: ഈ രാജ്യങ്ങൾ അമേരിക്കൻ സംരക്ഷിത കുടകൾ പിടിച്ച് ജീവിക്കുന്നവരാണ്. ഈ രാജ്യങ്ങളിലെല്ലാം അമേരിക്കൻ പട്ടാളകേന്ദ്രങ്ങളുണ്ട്. ഇറാനിലെ തന്നെ ഷായുടെ രാജഭരണകൂടവും അങ്ങനെയായിരുന്നല്ലോ. അമേരിക്കൻ സാമ്രാജ്യത്വ താൽപര്യവും ഷായുടെ ഭരണവും ഒരുമിച്ച് മുന്നോട്ടു പോകുന്ന പ്രതിഭാസത്തെ ജനങ്ങൾ പ്രതിഷേധത്തോടെയാണ് നോക്കിക്കണ്ടത്. പ്രതിഷേധസ്വരങ്ങൾ ഭരണകൂടത്തിന്റെ വലിയ മനുഷ്യാവകാശ ലംഘനങ്ങൾക്ക് കാരണമായി. അതിനെതിരായി അന്ന് ഇന്ത്യയിലടക്കം ജനങ്ങൾ പ്രതിഷേധിക്കുകയും സമരം ചെയ്യുകയും ചെയ്തിട്ടുണ്ട്. എണ്ണയുടെ പണമൊന്നും സാധാരണക്കാരിലേക്കെത്തിയില്ല. ഭരണകൂടം വലിയ അഴിമതിയിലെത്തപ്പെട്ടു. അമേരിക്കൻ ആയുധങ്ങൾ വാങ്ങാനും അമേരിക്കൻ കമ്പനികളുടെ താൽപര്യങ്ങൾ സംരക്ഷിക്കാനും എണ്ണപ്പണം വ്യാപകമായി ഉപയോഗിച്ചു. അതിനാൽ ഇറാനിയൻ വിപ്ലവം അടിസ്ഥാനപരമായി സാമ്രാജ്യത്വത്തിനും രാജഭരണത്തിനുമെതിരായ മുദ്രാവാക്യങ്ങളാണ് മുന്നോട്ടുവച്ചത്. നാസറിന്റെയും മറ്റും അറബ് നാഷണലിസമെല്ലാം ഉണ്ടായിരുന്ന കാലത്ത് ഫൈസൽ രാജാവിന്റെ നേതൃത്വത്തിലുള്ള സൗദി അറേബ്യയും മറ്റും ഒരു ഇസ്ലാമിക് ബ്ലോക്ക് ഉണ്ടാക്കിയെടുത്ത് മറുചേരിയിൽ നിന്നതിൽ അമേരിക്കയ്ക്കു പങ്കുണ്ട്. ശീതയുദ്ധകാലത്ത് അറബ് നാഷണലിസ്റ്റുകൾ ഒരു വശത്തും ഇസ്ലാമിക് ബ്ലോക്ക് മറുവശത്തുമായാണ് നിലയുറപ്പിച്ചത്. ഇവർ അന്നേ അമേരിക്കൻ പിന്തുണക്കാരായ രാജ്യങ്ങളാണ്, ഇറാനിയൻ വിപ്ലവത്തിനു ശേഷം പ്രത്യേകിച്ചും. എണ്ണയുടെയും മറ്റും മേലുള്ള ഈ മേഖലയിലെ പ്രാദേശിക സുരക്ഷ എന്നത് അമേരിക്കയെ ഏൽപ്പിച്ചുകൊടുത്ത മട്ടാണ്. പെട്രോഡോളർ അമേരിക്കൻ ആയുധങ്ങൾ വാങ്ങാൻ തന്നെയാണ് ഏറ്റവും കൂടുതൽ ഉപയോഗിക്കുന്നത്. അമേരിക്കൻ സാമ്രാജ്യത്വ താൽപര്യങ്ങളും ഈ രാജ്യങ്ങളുടെ എണ്ണപ്പണവും ഒന്നിച്ചാണ് ഈ പ്രദേശങ്ങളിൽ പ്രവർത്തിച്ചിരുന്നത്. പലസ്തീന് ചില സന്ദർഭങ്ങളിൽ പരസ്യമായ ധനസഹായവും മറ്റും ഈ രാജ്യങ്ങൾ ചെയ്യും. എന്നാൽ രാഷ്ട്രീയമായ ഒരു പിന്തുണയും നൽകില്ല. പലസ്തീൻ ഒരു പുരോഗമന മതേതര രാജ്യമായി മാറുന്നത് ഈ നാടുകളിലെ രാജഭരണകൂടങ്ങൾക്ക് ഒരു വെല്ലുവിളിയായാണ് അവർ കാണുന്നത്. അതിനാൽ ഈ കാര്യങ്ങളിൽ എല്ലായ്-പ്പോഴും ഇവർക്ക് ഒരു ഇരട്ടത്താപ്പുണ്ട്. അതിനാലാണ് എബ്രഹാം അക്കോർഡ്സ് എന്ന പേരിലും മറ്റും ഇസ്രയേലുമായി നല്ല ബന്ധം സ്ഥാപിക്കാനുള്ള ശ്രമങ്ങൾ ഇവർ നടത്തിക്കൊണ്ടിരിക്കുന്നത്. ഗൾഫ് രാജ്യങ്ങളിലെ രാജഭരണകൂടങ്ങൾ എല്ലായ്-പ്പോഴും അമേരിക്കൻ താൽപര്യത്തിന്റെ വക്താക്കളാണ്. സൗദി അറേബ്യയും ജോർദാനുമെല്ലാം ഉദാഹരണങ്ങളാണ്.
അമൽ: ലോകരാജ്യങ്ങളുടെ പിന്തുണ ഇക്കാര്യത്തിൽ സാമ്രാജ്യത്വ ആക്രമണങ്ങൾക്കെതിരായി ഉയരേണ്ടതല്ലേ? ഇസ്രയേലിനും നാശനഷ്ടങ്ങൾ ഉണ്ടാകുന്ന സാഹചര്യമാണ്. പാശ്ചാത്യചേരിയോടുള്ള ഭയം നിമിത്തം പലരും നിശബ്ദതപാലിക്കുകയും അവസരവാദം പിന്തുടരുകയും ചെയ്യുകയാണ്. ഇതിനെ എങ്ങനെ നോക്കിക്കാണുന്നു.?
എ കെ രാമകൃഷ്ണൻ: റഷ്യയും ചൈനയുമാണ് നിലവിൽ ഇറാനെ പരസ്യമായി പിന്തുണയ്ക്കുന്ന ശക്തികൾ. അവർ അത് തുടരും. അവരെ സംബന്ധിച്ചിടത്തോളം ചൈന ഏറ്റവുമധികം എണ്ണ വാങ്ങുന്ന രാജ്യമാണ്. ആ ഇടപാടിനേയും യുദ്ധം ബാധിച്ചിരിക്കുകയാണ്. ദീർഘമായി ഇത് മുന്നോട്ടു പോകുന്നത് ആരുടേയും താൽപ്പര്യങ്ങളെ സംരക്ഷിക്കുന്നില്ല. വെടിനിറുത്തലിന് ഇറാനും ചില ഉറപ്പുകൾ വേണ്ടതുണ്ട്. അമേരിക്ക നവംബറിൽ ഇലക്ഷനെ അഭിമുഖീകരിക്കുന്നു എന്ന സവിശേഷതയുമുണ്ട്. ഇസ്രയേലിനും വലിയതോതിൽ യുദ്ധം നാശനഷ്ടങ്ങളുണ്ടാക്കിയിട്ടുണ്ട്. ടെൽഅവീവ് നഗരം തന്നെ കടുത്ത ആക്രമണത്തെ നേരിട്ടു. അവരുടെ പട്ടാളസംവിധാനങ്ങളുടേയും ന്യൂക്ലിയർ നിലയങ്ങളുടേയും സമീപം ഇറാൻ ബോംബുകൾ വർഷിച്ചിട്ടുണ്ട്. ഇറാന്റെ മിസൈലുകൾ അവിടെ പതിച്ചിട്ടുണ്ട്. എന്നാൽ അവിടെ വാർത്തകളുടെ സമ്പൂർണ്ണ തടഞ്ഞുവയ്ക്കലാണ് നടക്കുന്നത്. ഒരു വിവരവും പുറത്തേക്ക് വിടുന്നില്ല. വിദേശ മാധ്യമങ്ങൾക്കൊന്നും വിവരങ്ങൾ പ്രസിദ്ധീകരിക്കാൻ കഴിയുന്നില്ല. വ്യക്തിഗതമായി റിപ്പോർട്ട് ചെയ്യുന്ന ചില മാധ്യമ പ്രവർത്തകരിൽ നിന്നാണ് പിന്നെയും വിവരങ്ങൾ ലഭിക്കുന്നത്. ഇസ്രയേലിന്റെ പ്രതിരോധശേഷിയെ ഇത് നന്നായി ബാധിച്ചിട്ടുണ്ട്. ഇതേസമയം ലബനനിൽ ഇസ്രയേൽ ആക്രമണം ശക്തമാക്കുകയും സൈനികരെ വിന്യസിപ്പിക്കുകയും ചെയ്തു. ഈ പശ്ചാത്തലത്തിൽ ഇസ്രയേലിന്റെ സൈനിക മേധാവി തന്നെ തുടരുന്ന യുദ്ധത്തിന് തങ്ങൾക്ക് സൈനികബലം കുറവാണ് എന്നു സൂചിപ്പിച്ചിട്ടുണ്ട്. l



