Wednesday, April 15, 2026

ad

Homeകവര്‍സ്റ്റോറിഇറാൻ യുദ്ധത്തിന്റെ ആഘാതത്തിൽ ലോകം

ഇറാൻ യുദ്ധത്തിന്റെ ആഘാതത്തിൽ ലോകം

പ്രഭാത് പട്‌നായക്

ഗോള എണ്ണവില ഇതെഴുതുമ്പോൾ, ബാരലിന് 100 ഡോളർ കടന്ന് 110 ഡോളർവരെ എത്തിയിരിക്കുന്നു. ഇറാനെതിരായ സാമ്രാജ്യത്വ കടന്നാക്രമണം തുടങ്ങുന്നതിനുമുൻപ് എണ്ണ വില ബാരലിന് 69 ഡോളർ ആയിരുന്നു എന്ന വസ്തുത കണക്കിലെടുക്കുമ്പോൾ യുദ്ധം തുടങ്ങി ഏതാണ്ട് ഒരാഴ്ചയ്ക്കകത്തുണ്ടായിട്ടുള്ള ഈ വിലവർദ്ധനവ് കുത്തനെയുള്ള കയറ്റത്തെയാണ് കാണിക്കുന്നത് എന്ന് ബോധ്യമാകും. ഇറാൻ ഹോർമൂസ് കടലിടുക്ക് അടച്ചതിൽ നിന്നുണ്ടായ ഏതെങ്കിലും തരത്തിലുള്ള യഥാർത്ഥ കമ്മിമൂലം ഉണ്ടായതല്ല ഇത്, മറിച്ച് അത്തരമൊരു ക്ഷാമം ഉണ്ടായേക്കാമെന്ന മുൻധാരണയുടെ അടിസ്ഥാനത്തിലുണ്ടായതാണ്. ഈ വർദ്ധനവ് 1973ല്‍ എണ്ണവിലയിലുണ്ടായ കുത്തനെയുള്ള വർദ്ധനവിൽനിന്നും മാത്രമല്ല വ്യത്യസ്തമാകുന്നത്: അന്ന് ആ വർദ്ധനവ് ഉണ്ടായത് ഏതെങ്കിലും വിധത്തിലുള്ള കമ്മി ഉണ്ടായതുകൊണ്ടല്ല മറിച്ച് ഒപെക് രാജ്യങ്ങൾ പലമടങ്ങ് വിലയിൽ വർദ്ധനവ് വരുത്തിയതു കൊണ്ടാണ്; 2008 ലും 2022ലും എണ്ണ വിലയിലുണ്ടായ കുത്തനെയുള്ള വർദ്ധനവിൽനിന്നും ഉൾപ്പെടെ ഇത് വ്യത്യസ്തമാണ്.

ഇതിൽ എണ്ണ വിലവർധനവുമായി ബന്ധപ്പെട്ട് അവസാനം പറഞ്ഞ ഈ രണ്ടു സംഭവങ്ങളും, അവയുടെ സ്വഭാവംകൊണ്ടു തന്നെ, ഹ്രസ്വകാലംമാത്രം നിലനിന്നവയായിരുന്നു: 2008ൽ എണ്ണവില വർദ്ധിച്ചത് ചില അപ്രതീക്ഷിത ഘടകങ്ങൾ ഉയർത്തിയ അമിതമായ ഡിമാൻഡ് മൂലമായിരുന്നു; അതായത് ചൈനയുടെ ഡിമാൻഡിൽ ഉണ്ടായ വർദ്ധനവും നൈജീരിയയിൽനിന്നും പശ്ചിമേഷ്യയിൽനിന്നുമുള്ള എണ്ണവിതരണത്തിലുണ്ടായ തടസ്സവും പോലുള്ള അപ്രതീക്ഷിത ഘടകങ്ങൾ എണ്ണയുടെ ഡിമാൻഡ് വർദ്ധിപ്പിച്ചതുമൂലമാണ് അന്ന് എണ്ണ വില വർധിച്ചത്; ഈ രണ്ടു കാരണങ്ങളും ദീർഘകാലം നീണ്ടുനിൽക്കുന്നവ ആയിരുന്നില്ല. അതുപോലെതന്നെ 2022 ൽ എണ്ണ വിലയിലുണ്ടായ വർദ്ധനവ് ഉക്രൈൻ യുദ്ധത്തെ തുടർന്ന് റഷ്യയ്ക്കെതിരായി പാശ്ചാത്യ രാജ്യങ്ങൾ ഉപരോധമേർപ്പെടുത്തിയതുകൊണ്ടുണ്ടായതായിരുന്നു; ഉപരോധത്തെ മറികടന്ന് തങ്ങളുടെ എണ്ണവിതരണം നിലനിർത്തിക്കൊണ്ടു പോകുവാൻ റഷ്യക്ക് കഴിഞ്ഞതുകൊണ്ടും ഉയർന്ന വിലയ്ക്കാണെങ്കിൽകൂടി യൂറോപ്യൻ കമ്പോളത്തിൽ റഷ്യയ്ക്കുപകരം അമേരിക്കൻ എണ്ണ ഒഴുകിയതുകൊണ്ടും ആദ്യം എണ്ണവിലയിൽ ഉണ്ടായ വർദ്ധനവ് പിന്നീട് കുറഞ്ഞു. എന്നാൽ അമേരിക്കയും ഇസ്രയേലും ചേർന്ന് തങ്ങൾക്കെതിരായി നടത്തുന്ന കടന്നാക്രമണത്തിന് ഇറാൻ നടത്തുന്ന തിരിച്ചടിമൂലം എണ്ണ വിലയിലുണ്ടായിട്ടുള്ള നിലവിലെ ഈ വർദ്ധനവ്, ഇപ്പോഴത്തെ യുദ്ധം അവസാനിക്കുന്നിടത്തോളം കാലം നീണ്ടുനിൽക്കുന്നതാണ‍് യുദ്ധം അവസാനിക്കുന്നതിന്റെ വിദൂരസാധ്യതപോലും കാണാനുമില്ല-. കാരണം ഇറാനിൽ നിന്നുള്ള എണ്ണ വിതരണവും മാത്രമല്ല നിരവധി രാജ്യങ്ങളുടെ എണ്ണ വിതരണം ഈ കടലിടുക്കിലൂടെയാണ് കടന്നുപോകുന്നത്; അവയുടെ മൊത്തം അളവെന്നു പറയുന്നത് റഷ്യയുടെ മൊത്തം ഉത്പാദനത്തിന്റെ ഏതാണ്ട് ഇരട്ടിയോളം വരും. ഊഹാപോഹങ്ങൾക്ക് അറുതിവരുത്തുന്നതിനുപകരം ഈ വിലവർദ്ധനവിന്റെ പ്രാധാന്യത്തെ കുറച്ചുകാണുന്ന ഡൊണാൾഡ് ട്രംപ്, യുദ്ധത്തിന്റെ ലക്ഷ്യങ്ങൾ നടപ്പാക്കുന്നതിനു വേണ്ടി “കൊടുക്കേണ്ടിവരുന്ന ചെറിയൊരു വില” എന്നാണിതിനെ വിശേഷിപ്പിച്ചത്.

എണ്ണ വിലയിലെ ഈ വർദ്ധനവ് ഏറെക്കാലം നീണ്ടുനിൽക്കുകയാണെങ്കിൽ ലോക സമ്പദ്ഘടനയിൽ അതുണ്ടാക്കുന്ന ആഘാതം അത്യന്തം ആഴത്തിലുള്ളതായിരിക്കും. തീർച്ചയായും, ഉപഭോക്താക്കൾക്കുമേൽ അവർ വാങ്ങുന്ന ഊർജ്ജ ഉൽപ്പന്നങ്ങൾവഴി പ്രത്യക്ഷത്തിലുള്ള ആഘാതം ഉണ്ടാക്കുന്നതിലൂടെ മാത്രമല്ല, മറിച്ച് ഉത്പാദനപ്രക്രിയയ്ക്ക് എണ്ണ ഉത്പാദനോപാധിയായി വേണ്ടിവരുന്ന വലിയൊരു വിഭാഗം ചരക്കുസേവനങ്ങളിലൂടെയും ഈ ചരക്കുസേവനങ്ങൾ ഉത്പാദന പ്രക്രിയയിൽ ഉത്പാദനോപാധിയായി ഉപയോഗിക്കുന്ന മറ്റു ചരക്കുസേവനങ്ങളിലൂടെയും മൊത്തത്തിൽ എണ്ണ വിലയിലെ വർദ്ധനവ് നാണയപെരുപ്പത്തെ കൂടുതൽ തീവ്രമാക്കും. ആയതിനാൽ എണ്ണ വില വർദ്ധനവുജ മൂലം വളത്തിന്റെ വിലയിലുണ്ടാകുന്ന വർദ്ധനവ് ഭക്ഷ്യധാന്യങ്ങളുടെ ഉൽപ്പാദന ചെലവ് വർദ്ധിപ്പിക്കുകയും അത് ഭക്ഷ്യധാന്യങ്ങളുടെ വില വർദ്ധിപ്പിക്കുകയും (ഭക്ഷ്യധാന്യങ്ങൾ ഉത്പാദിപ്പിക്കുന്നവരുടെ ലാഭവിഹിതം കുറയാതിരിക്കണമെല്ലെങ്കിൽ) ചെയ്യും. ഇനി, എല്ലാ ഉൽപ്പന്നങ്ങളുടെയും കടത്തുകൂലിയിൽ ഉണ്ടാകുന്ന വർദ്ധനവ് ഇതിനെല്ലാം പുറമേയാണ്; അത് വ്യാപകമായ തോതിൽ നാണയപെരുപ്പം കൂടുതൽ കൂടുതൽ വർദ്ധിപ്പിക്കും.

ഈ എണ്ണ വില വർദ്ധനവിന്റെ ഗുണഭോക്താക്കൾ തങ്ങൾക്കു ലഭിക്കുന്ന അപ്രതീക്ഷിത ലാഭം ഗണ്യമായ തോതിൽ ബാങ്കുകളിൽ നിക്ഷേപങ്ങൾ ആയി സൂക്ഷിക്കും; അങ്ങനെ ചെയ്യുമ്പോൾ അതൊരിക്കലും ചരക്കു സേവനങ്ങൾക്ക് നേരിട്ട് ഡിമാൻഡ് സൃഷ്ടിക്കുകയുമില്ല; നാണയപ്പെരുപ്പംകൊണ്ട് നഷ്ടം സംഭവിക്കുന്നവർക്ക് തങ്ങൾ നിത്യേന ഉപയോഗിച്ചുകൊണ്ടിരിക്കുന്ന ചരക്കുസേവനങ്ങളുടെ മൊത്തം ഡിമാൻഡ് വെട്ടിക്കുറയ്ക്കേണ്ടതായും വരും; അത്തരത്തിൽ ഒരു നാണയപ്പെരുപ്പം ലോകത്തിലെ മൊത്തം ഡിമാൻഡിനെ ദുർബലപ്പെടുത്തുന്ന ഫലമായിരിക്കും ഉണ്ടാക്കുക; അതുകൊണ്ടുതന്നെ അത് ലോക സമ്പദ്ഘടനയിൽ മാന്ദ്യം സൃഷ്ടിക്കും. ഇവിടെ നമ്മൾ ഒരിക്കൽകൂടി ഇപ്പോഴത്തെ ഈ എണ്ണവിവർധനവിന്റെ സവിശേഷ സ്വഭാവത്തിലേക്ക് വരേണ്ടതുണ്ട്.

വിതരണത്തിൽ ഏതെങ്കിലും വിധത്തിലുള്ള തകരാറുമൂലമല്ലാതെ, ഉത്പാദകരുടെ യോജിച്ച പ്രവർത്തനത്തിന്റെ ഭാഗമായി എണ്ണ വില വർദ്ധിക്കുന്ന ഒരു സാഹചര്യത്തിൽ, മൊത്തം ഡിമാൻഡിനെ ഉയർത്തിനിർത്തുന്നതിനും മാന്ദ്യസമാനമായ ഭീഷണിയെ ചെറുക്കുന്നതിനുംവേണ്ടി ഇത് ബാധിക്കുന്ന രാജ്യങ്ങളിലെ ഗവൺമെന്റുകൾക്ക് ധനപരവും പണപരവുമായ വിപുലീകരണ നയങ്ങൾ നടപ്പാക്കാനാകും (1970 കളുടെ ആദ്യം അന്നത്തെ ഗവൺമെന്റുകൾ ചെയ്തത് അതല്ലെങ്കിൽ പോലും). നേരെമറിച്ച്, വിലക്കയറ്റം വിതരണത്തിലെ തകരാറുമൂലമാണ് ഉണ്ടാകുന്നതെങ്കിൽ ഈ വിധത്തിൽ അതിനെ ചെറുക്കുക അസാധ്യമാണ്; വാസ്തവത്തിൽ, ഇത്തരം സന്ദർഭങ്ങളിൽ മാന്ദ്യം അനിവാര്യമായി മാറുക മാത്രമല്ല, മറിച്ച് വിതരണത്തിലെ തകരാറിനെ മറികടക്കുന്നതിനുള്ള ഒരു മാർഗമായി ശരിക്കുമത് മാറുന്നു. അതിനാൽ ലോക സമ്പദ്ഘടനയിൽ നാണയപെരുപ്പംമൂലം ഉണ്ടാകുന്ന മാന്ദ്യത്തിന്റെ അനിവാര്യമായ തുടർച്ചയായി സ്ഥിരമായ എണ്ണ വിലവർദ്ധനവ് മാറും.

ലോകത്ത് എല്ലാ രാജ്യങ്ങളുടെ കാര്യത്തിലും ഇത് ശരിയായി ഭവിക്കും (വേഗത്തിൽ കൈക്കൊള്ളാനാവുന്ന എന്തെങ്കിലും പ്രതിരോധ നടപടികൾ കൈക്കൊണ്ടില്ലായെങ്കിൽ എണ്ണ ഉൽപാദക രാജ്യങ്ങളിലടക്കം ഇതായിരിക്കും ഉണ്ടാകാൻ പോകുന്നത്); ലോകത്താകെയുള്ള വികസ്വര അവികസിത രാജ്യങ്ങളുടെ കാര്യത്തിൽ, കാര്യങ്ങൾ കുറേക്കൂടി ഭീകരമായിരിക്കും. അതിനുള്ള കാരണമാണ് ഇനി പറയാൻ പോകുന്നത്.

എണ്ണ വിലയിലുണ്ടാകുന്ന വർദ്ധനവുമൂലം എണ്ണ ഇറക്കുമതി ചെയ്യുന്ന എല്ലാ രാജ്യങ്ങളും അടവുശിഷ്ടത്തിൽ കറണ്ട് അക്കൗണ്ട് കമ്മി വർധിക്കുന്നതിന് സാക്ഷ്യം വഹിക്കും; മേൽപ്പറഞ്ഞ ചർച്ചയിൽ നമ്മൾ കണക്കിലെടുക്കാതെ പോയ ഒരു ഘടകമാണ് ഇത്; മറ്റു വാക്കുകളിൽ പറഞ്ഞാൽ, വർദ്ധിച്ച കമ്മി പരിഹരിക്കുന്നതിന് വായ്പയെടുക്കുന്നതിൽ പ്രശ്നങ്ങളൊന്നുംതന്നെ ഉണ്ടാവുകയില്ല എന്നാണ് നമ്മൾ ഇതുവരെ കണക്കുകൂട്ടിയത്. ഉദാഹരണത്തിന്, എണ്ണ കയറ്റുമതി ചെയ്യുന്ന രാജ്യങ്ങൾ അധികമായി നിക്ഷേപിക്കുന്ന തുകകൾ അതത് ബാങ്കുകൾക്ക് എണ്ണ ഇറക്കുമതി ചെയ്യുന്ന രാജ്യങ്ങൾക്ക് കമ്മി പരിഹരിക്കുന്നതിനുവേണ്ടി വായ്പയായി നൽകാം. എന്നാൽ വികസിത രാജ്യങ്ങളിൽനിന്നു വ്യത്യസ്തമായി, വികസ്വര അവികസിത രാജ്യങ്ങൾ ഇത്തരം ബാങ്കുകളുടെയോ മറ്റ് അന്താരാഷ്ട്ര വായ്പാദാതാക്കളുടെയോ കണ്ണിൽ, അത്രയ്ക്ക് വിശ്വസിച്ചു പണം കടം കൊടുക്കാൻ പറ്റാത്തവരുടെ പട്ടികയിലാണ്. അത്തരമൊരു സാഹചര്യത്തിൽ തങ്ങളുടെ വർദ്ധിച്ച കറണ്ട് അക്കൗണ്ട് കമ്മി പരിഹരിക്കുന്നതിന് പണം കണ്ടെത്തുന്ന കാര്യത്തിൽ ഈ രാജ്യങ്ങൾ വിഷമത്തിലാകും. ഈ രാജ്യങ്ങളുടെ കറൻസികളുടെ മൂല്യമിടിയുവാൻ തുടങ്ങുകയും അവയ്ക്ക് അത്യധികം ഹാനികരമായ വ്യവസ്ഥകളിൽ ബാഹ്യസ്രോതസുകളിൽനിന്ന് കടമെടുക്കേണ്ടതായി വരികയും ചെയ്യും; അതായത്, അത്യധികം കർക്കശമായ ചെലവുചുരുക്കൽ നടപടികൾ കൈക്കൊള്ളാമെന്ന് അംഗീകരിക്കുകയോ അല്ലെങ്കിൽ തങ്ങളുടെ രാജ്യത്തെ ധാതുവിഭവങ്ങൾ വിദേശ വായ്പാദാതാക്കൾക്ക് ഈടുനൽകുകയോ പോലുള്ള ഹാനികരമായ വ്യവസ്ഥകൾ നടപ്പാക്കേണ്ടതായി വരും. അതിനാൽ വികസ്വര അവികസിത രാജ്യങ്ങളുടെ കാര്യത്തിൽ നാണയപ്പെരുപ്പം അങ്ങേയറ്റം തീക്ഷ്ണമാകും; അത് എണ്ണ വിലയിലെ വർദ്ധനവായും അതിന്റെ അനന്തരഫലമായും മാത്രമല്ല മറിച്ച് ഇറക്കുമതി ചെയ്യുന്ന എല്ലാത്തിന്റെയും വില ഉയർത്തുന്ന വിനിമയ നിരക്കിലെ മൂല്യത്തകർച്ച കൊണ്ടും കൂടിയാണ്.

അങ്ങനെ നോക്കുമ്പോൾ, വികസ്വര അവികസിത രാജ്യങ്ങളുടെ കാര്യത്തിൽ മാന്ദ്യം അങ്ങേയറ്റം തീവ്രമായിരിക്കും; അത് നാണയപ്പെരുപ്പം നിമിത്തം രാജ്യത്തെ ജനങ്ങൾ ചരക്കുസേവനങ്ങൾക്കുള്ള ഡിമാൻഡ് കുറച്ചതുകൊണ്ട് മാത്രമായിരിക്കില്ല, മറിച്ച് അതിനോടൊപ്പം വിദേശ വായ്പാദാതാക്കൾ അടിച്ചേൽപ്പിക്കുന്ന ചെലവുചുരുക്കൽ നടപടികളുടെ കൂടി ഫലമായിരിക്കും. ഇതു കാണിക്കുന്നത് ഈ രാജ്യങ്ങളിലെ ജനങ്ങൾ നേരിടേണ്ടിവരുന്ന ദുരിതങ്ങൾ അങ്ങേയറ്റം കൂടുതലായിരിക്കും എന്നാണ്. അതുകൊണ്ടുതന്നെ, തികച്ചും അധാർമികവും അന്യായവുമായ ഈ യുദ്ധം അവസാനിപ്പിക്കുന്നതിന് അമേരിക്കയ്ക്കുമേൽ സമ്മർദ്ദം ചെലുത്തുകയെന്നത് ഈ രാജ്യങ്ങളിലെ ജനങ്ങളെ സംബന്ധിച്ചിടത്തോളം അടിയന്തരപ്രാധാന്യമർഹിക്കുന്ന വിഷയമാണ്.

ആഗോള എണ്ണ വിലയിലെ സ്ഥായിയായ വർദ്ധനവ് ഇന്ത്യയെ അങ്ങേയറ്റം ദോഷകരമായി ബാധിക്കും. ഹോർമൂസ് കടലിടുക്കിലൂടെ വരുന്ന ഏതാണ്ട് 84 ശതമാനം ക്രൂഡോയിലും ചൈന, ഇന്ത്യ, ജപ്പാൻ, ദക്ഷിണ കൊറിയ എന്നിവപോലുള്ള ഏഷ്യൻ രാജ്യങ്ങളിലേക്കുള്ളതാണ്. അതിനാൽ ഹോർമൂസ് കടലിടുക്ക് അടയ്ക്കുന്നത് ആഗോള എണ്ണ വിലയിലും വിനിമയ നിരക്കിലും ഉണ്ടാക്കുന്ന ആഘാതത്തിനുപുറമേ ഈ രാജ്യങ്ങളിലേക്കുള്ള എണ്ണ വിതരണത്തിന്റെ സമയബന്ധിതമായ ലഭ്യതയിലും പ്രത്യക്ഷമായ ആഘാതമുണ്ടാക്കും; ഈ രാജ്യങ്ങളുടെ കൂട്ടത്തിൽ ഇന്ത്യ പ്രധാന ഘടകമാണ്. ഉയർന്ന എണ്ണ വിലയുടെ ആഘാതം ഒഴിവാക്കുന്നതിന് കുറച്ചുനാളത്തേക്ക് റഷ്യയിൽ നിന്നും ക്രൂഡോയിൽ ഇറക്കുമതി ചെയ്യാൻ ഡൊണാൾഡ് ട്രംപ് ഇന്ത്യക്ക് “അനുവാദം” നൽകിയിട്ടുണ്ട്. (നമ്മുടെ ഇഷ്ടത്തിന് ഒരു രാജ്യത്തു നിന്നും ക്രൂഡോയിൽ ഇറക്കുമതി ചെയ്യുന്നതിന്, സ്വാതന്ത്ര്യം ലഭിച്ച് ഏഴുപതിറ്റാണ്ട് പിന്നിട്ടിട്ടും ഒരു കോളനി രാജ്യത്തിനൂ സമാനമായ വിധത്തിൽ നമുക്ക് ‘‘അനുമതി’’ നൽകപ്പെട്ടിരിക്കുന്നു എന്നത് നമ്മുടെ കൊളോണിയൽവിരുദ്ധ പോരാട്ടത്തിനുതന്നെ അപമാനകരമാണ്; വാതിലുകൾ കൊട്ടിയടയ്ക്കേണ്ടിടത്ത് അത് അടയ്ക്കുന്നതിനുപകരം ട്രംപ് നൽകുന്ന ഇത്തരം “അനുമതികളെ” വിനീതവിധേയത്വത്തോടെ അംഗീകരിക്കുന്ന ഒരു ഗവൺമെന്റാണ് നമുക്കുള്ളത് എന്നത് രാജ്യത്തിനാകെ നാണക്കേടാണ്). എന്നാൽ ഈ ‘‘അനുമതി’’യും കേവലം കുറച്ചു നാളത്തേക്ക്, അതായത് ഒരു മാസത്തേക്ക് മാത്രമാണുള്ളത്; അതിനുശേഷം മുകളിൽ സൂചിപ്പിച്ച സാഹചര്യം യാഥാർത്ഥ്യമായി മാറും. അതുകൊണ്ടുതന്നെ, ഇന്ത്യയെ സംബന്ധിച്ചിടത്തോളം നിശബ്ദമായിരിക്കുകയും അമേരിക്കയും ഇസ്രയേലും ചേർന്നുനടത്തുന്ന കടന്നാക്രമണത്തിനെതിരെ പ്രതിഷേധിക്കാതിരിക്കുകയും ചെയ്യുന്നത് തികച്ചും ആത്മഹത്യാപരമാണ്.

വാസ്തവത്തിൽ, ഹോർമൂസ് കടലിടുക്ക് പൂട്ടാനും അതുവഴി ആഗോള എണ്ണ വിലയിൽ ഒരു കുതിപ്പ് ഉണ്ടാകുന്നതിനിടയാക്കാനുമുള്ള ഇറാന്റെ തീരുമാനം, കൃത്യമായും ലോകത്തെ വികസ്വര അവികസിത രാജ്യങ്ങൾക്കിടയിൽ യുദ്ധത്തിനെതിരായ വികാരം ഉണർത്തുവാൻ ലക്ഷ്യമിട്ടുള്ളതാണ്; ഇറാനെതിരായ യുദ്ധം തങ്ങൾക്കുകൂടി എതിരായ യുദ്ധമാണെന്ന് ഈ രാജ്യങ്ങളെ ബോധ്യപ്പെടുത്താൻ ലക്ഷ്യമിട്ടുള്ളതാണ്; ഈ രാജ്യങ്ങളിലെ ദുരിതങ്ങൾ വർധിക്കുമ്പോൾ, അമേരിക്കയും ഇസ്രയേലും ചേർന്നു നടത്തുന്ന ഈ കടന്നാക്രമണത്തോട് നിസ്സംഗത പുലർത്തുവാൻ തങ്ങൾക്കാവില്ല എന്ന് ഈ രാജ്യങ്ങൾക്ക് ബോധ്യപ്പെടും. ആഗോള എണ്ണ വില ബാരലിന് 200 ഡോളർ വരെ എത്തുമെന്ന് ഇറാന്റെ സൈനിക കമാൻഡർമാർ കണക്കാക്കുന്നു; അത് ലോക ജനതയുടെ, പ്രത്യേകിച്ചും മൂന്നാംലോക രാജ്യങ്ങളിലെ ജനങ്ങളുടെ നടുവൊടിക്കുന്ന അവസ്ഥ സൃഷ്ടിക്കും. സാമ്രാജ്യത്വ കടന്നാക്രമണം അവസാനിപ്പിക്കുന്നതിന് അടിയന്തരമായി ഇടപെടാൻ അവരെ അത് നിർബന്ധിതരാക്കും.

അവരുടെ നിശബ്ദത, മറ്റൊരു തരത്തിൽ പറഞ്ഞാൽ, കൂടുതൽ പൈശാചികമായ തരത്തിൽ വിലപ്പെട്ടതായി മാറിയേക്കാം. താൻതന്നെ അഴിച്ചുവിട്ട യുദ്ധത്തിന്റെ അനന്തരഫലമെന്ന നിലയിൽ രൂപംകൊണ്ട നാണയപെരുപ്പവുമായി ബന്ധപ്പെട്ട മാന്ദ്യംമൂലം ഡൊണാൾഡ് ട്രംപ് അമേരിക്കയ്ക്കകത്ത് വലിയ തോതിലുള്ള ജനകീയ രോഷത്തെ നേരിടുകയാണ്; യുദ്ധത്തിന് അമേരിക്കയിൽ ഒട്ടുംതന്നെ ജനസമ്മതിയുമില്ല; ഈയൊരു സാഹചര്യത്തിൽ ഇറാനെതിരായി ആണവായുധങ്ങൾ ഉപയോഗിച്ചുകൊണ്ടുള്ള തന്ത്രപരമായ കടുത്ത നടപടിയെ അവലംബിച്ചുകൊണ്ട് യുദ്ധം നീളുന്നത് തടയാൻ ട്രംപ് ശ്രമിച്ചേക്കാം. മറ്റൊരു രാജ്യത്ത് ആണവായുധങ്ങൾ വിന്യസിച്ചിട്ടുള്ള ലോകത്തിലെ ഒരേയൊരു രാജ്യമാണ് അമേരിക്ക; ഈ കൊടുംവിപത്ത് ആവർത്തിക്കുന്നതിൽനിന്നും ആഭ്യന്തര ഉപദേശമുണ്ടായതുകൊണ്ടുമാത്രം പിന്തിരിഞ്ഞ കുറഞ്ഞത് മൂന്ന് സന്ദർഭങ്ങളെങ്കിലും പ്രശസ്തനായ അമേരിക്കൻ സാമ്പത്തിക ശാസ്ത്രജ്ഞൻ ജെയിംസ് ഗാൽബ്രെയ്ത് പരാമർശിക്കുന്നുണ്ട്. അമേരിക്കൻ ഗവൺമെന്റിനെതിരായി ലോകം ഉറച്ചുനിൽക്കുകയും, അമേരിക്ക തുടക്കമിട്ട യുദ്ധത്തോടും അന്താരാഷ്ട്രനിയമത്തോട് ആ രാജ്യം നടത്തുന്ന നിന്ദ്യമായ അവഹേളനത്തോടും വ്യക്തമായ എതിർപ്പ് പ്രകടിപ്പിക്കുകയും ചെയ്യാത്തപക്ഷം, അത്തരമൊരു കടുത്ത നടപടിയുടെ ആവർത്തനം യഥാർത്ഥ സാധ്യതയായി ഉയർന്നുവരാനിടയുണ്ട്. l

ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

ten + nine =

Most Popular