Saturday, May 30, 2026

ad

Homeകവര്‍സ്റ്റോറിവിനാശകാരിയായ 
ട്രംപിനെ പുറത്താക്കുക

വിനാശകാരിയായ 
ട്രംപിനെ പുറത്താക്കുക

സ്രയേലിന്റെയും അമേരിക്കയുടെയും വിമാനങ്ങളും മിസൈലുകളും ഇറാനിൽ പതിക്കുന്നതിന് രണ്ടുദിവസം മുൻപ്, ഫെബ്രുവരി 27ന്, അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് വൈറ്റ് ഹൗസിൽ മാധ്യമപ്രവർത്തകരോട് പറഞ്ഞത്, ‘ക്യൂബയെ സൗഹൃദപരമായി ഏറ്റെടുക്കാൻ’ തനിക്ക് താല്പര്യമുണ്ടെന്നാണ്. ജനുവരി മൂന്നിന് വെനസേ-്വലൻ പ്രസിഡന്റ് നിക്കോളസ് മദുറോയെ അമേരിക്ക തട്ടിക്കൊണ്ടുപോയി. ഏതെങ്കിലും രാജ്യം ക്യൂബയ്ക്ക് എണ്ണ വിതരണം ചെയ്യുന്നത് തടഞ്ഞുകൊണ്ടുള്ള എക്സിക്യൂട്ടീവ് ഉത്തരവിൽ ജനുവരി 29ന്, ട്രംപ് ഒപ്പുവെച്ചു. ജനുവരി ആദ്യം മുതൽ മാർച്ച് ആദ്യം വരെയുള്ള രണ്ടുമാസത്തിനിടയ‍്ക്ക് അമേരിക്ക ഒരു രാജ്യത്തിന്റെ പ്രസിഡന്റിനെ തടവിലാക്കി (വെനസേ-്വല); മറ്റൊരു രാജ്യത്തിന്റെ തലവനെ കൊലപ്പെടുത്തി (ഇറാന്റെ പരമാധികാരി അയത്തൊള്ള അലി ഖൊമനേയി) മൂന്നാമതൊരു രാജ്യത്തെ (ക്യൂബ) ആക്രമിക്കുമെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്തു. ഈ പട്ടിക പൂർണമല്ല. ട്രംപിന്റെ തോക്കിൻമുന ലക്ഷ്യമിട്ടിട്ടുള്ള രാജ്യങ്ങൾ പലതുണ്ട്. അതിൽ പ്രധാന രാജ്യം ആത്യന്തികമായും ചൈന തന്നെയാണ്. അമേരിക്കയെ സംബന്ധിച്ചിടത്തോളം ഏറ്റവും മൂല്യവത്തായ രാജ്യം.

ഈ കടന്നാക്രമണങ്ങൾക്ക് സാമ്രാജ്യത്വമുയർത്തുന്ന കാരണങ്ങൾ ഒറ്റനോട്ടത്തിൽ നല്ലതായി തോന്നും. വെനസേ-്വലയ്ക്കെതിരെ മയക്കുമരുന്ന് ഭീകരവാദം, ഇറാനെതിരെ ആണവായുധങ്ങൾ, ക്യൂബൻ വിപ്ലവത്തിനെതിരെ ജനാധിപത്യത്തിനുവേണ്ടി എന്നിവയാണല്ലോ അമേരിക്ക പറയുന്ന കാരണങ്ങൾ. ഈ ആരോപണങ്ങളൊന്നും തന്നെ വസ്തുതകളിൽ വേരൂന്നിയവയല്ല. മദുറോയോ വെനസേ-്വലൻ ഗവൺമെന്റിലെ ഉന്നത നേതാക്കളോ മയക്കുമരുന്ന് കള്ളക്കടത്തിൽ ഏർപ്പെട്ടിട്ടില്ല. മയക്കുമരുന്ന് ഭീകരതയെക്കുറിച്ചുള്ള (അത് എന്തുതന്നെയായാലും) ആരോപണം വിട്ടുകളയുക. ഇറാൻ ഗവൺമെന്റിന് ആണവായുധങ്ങളിൽ താല്പര്യമില്ല. (അമേരിക്കയുടെ ആരോപണം നിഷേധിച്ചുകൊണ്ട് ഇറാൻ ആവർത്തിച്ച് പ്രസ്താവനകൾ ഇറക്കിയിട്ടുണ്ട്); ക്യൂബയിൽ ജനാധിപത്യം സ്ഥാപിക്കുന്നതിൽ അമേരിക്കയ്ക്ക് താല്പര്യമില്ല. 1959ൽ അമേരിക്കയുടെ മാഫിയ സംസ്കാരത്തെ പുറത്താക്കിയപ്പോൾ തന്നെ ക്യൂബൻ വിപ്ലവം ജനാധിപത്യത്തെ കൂടുതൽ അഗാധമാക്കാനുള്ള പ്രക്രിയയും ആരംഭിച്ചിരുന്നു. ഈ മൂന്ന് രാജ്യങ്ങൾക്കെതിരെയുമുള്ള അമേരിക്കയുടെ വിദൂരനിയന്ത്രിതയുദ്ധം ക്രൂരവും നീതീകരിക്കാനാവാത്തതുമാണ്. എങ്കിലും അവർ പടച്ചുവിടുന്ന നുണകളെ പൊളിച്ചടുക്കാൻ പ്രയാസമാണ്, കാരണം അമേരിക്കയും അവർക്കൊപ്പമുള്ള ആഗോള വികസിത രാജ്യങ്ങളുമാണ് ലോകത്തിലെ വാർത്തകളുടെയും വിവരങ്ങളുടെയും ചാനലുകളെ പ്രധാനമായും നിയന്ത്രിക്കുന്നത്.

വെനസ്വേലയ്ക്കെതിരായ ട്രംപിന്റെ ആക്രമണം വേഗത്തിലാണ് നടപ്പിലായത്. മദുറോയെ തടവിലാക്കിക്കൊണ്ട് ഗവൺമെന്റിലെ ബാക്കിയുള്ളവരെ തിടുക്കത്തിൽ ചില വിട്ടുവീഴ്ചകൾക്ക് നിർബന്ധിതിരക്കി. ഈ അതിസാമ്രാജ്യത്വ കടന്നാക്രമണത്തിനുശേഷം അമേരിക്ക കടന്നാക്രമണങ്ങൾ അവസാനിപ്പിച്ചിരുന്നെങ്കിൽ, ട്രംപിന് ഇത് തന്റെ മികവായി ചിത്രീകരിച്ച് ഈ വർഷം അവസാനം നടക്കുന്ന ഇടക്കാല തിരഞ്ഞെടുപ്പിൽ നേട്ടമുണ്ടാക്കാൻ സാധിക്കുമായിരുന്നു. എന്നാൽ ട്രംപിനെ സംബന്ധിച്ചിടത്തോളം ഇത് അപര്യാപ്തമായിരുന്നു. അദ്ദേഹത്തിന് വലിയ പദ്ധതികളുണ്ടായിരുന്നു. അത് അദ്ദേഹത്തിന്റെ ഇടുങ്ങിയ രാഷ്ട്രീയ സ്വപ്നങ്ങളുടെ വീണ്ടെടുപ്പായിരുന്നു. ഇറാനെതിരായ കടന്നാക്രമണം ആ രാജ്യത്തിന്റെ പശ്ചാത്തല സൗകര്യങ്ങൾ തകർത്തെങ്കിലും അത് അമേരിക്കയെത്തന്നെ കുരുക്കിലാക്കി. ആ യുദ്ധത്തിൽനിന്ന് എളുപ്പത്തിൽ അമേരിക്കയ്ക്ക് രക്ഷപ്പെടാനാവില്ല. തങ്ങളുടെ പരമോന്നത നേതാവ് കൊല്ലപ്പെട്ടത് ഇറാൻ ജനതയെ ഭയപ്പെടുത്തിയില്ലെന്ന് ട്രംപ് തിരിച്ചറിയുന്നു; ഇറാൻ തങ്ങളുടെ ആയുധശേഖരം, ഇസ്രയേലിനും പശ്ചിമേഷ്യൻ മേഖലയിലെ അമേരിക്കൻ താവളങ്ങൾക്കും എതിരെ മാത്രമല്ല ഈ ആക്രമണാത്മക ശക്തികളെ പിന്തുണയ്ക്കുന്ന എല്ലാ സഖ്യകക്ഷികൾക്കുംമേൽ പ്രഹരമേൽപ്പിക്കാൻ ഉടനടി ഉപയോഗിച്ചു. ഗൾഫ് അറബ് രാജ്യങ്ങൾക്കുനേരെ ഇറാൻ നടത്തിയ മിസൈൽ – ഡ്രോൺ ആക്രമണവും ഹോർമൂസ് കടലിടുക്ക് അടച്ചുപൂട്ടലും സ്വയം ചെറുത്തുനിൽക്കാനുള്ള ഇറാന്റെ ശുഷ്കാന്തിയെ സൂചിപ്പിക്കുന്നു. ഏതൊരു താൽക്കാലിക വെടിനിർത്തലും ഇസ്രയേലിനും അമേരിക്കയ്ക്കും സ്വന്തം സൈന്യത്തെ വീണ്ടും സജ്ജരാക്കാനും പിന്നീട് അവരുടെ നിബന്ധനകൾക്കനുസൃതമായി ഇറാനെതിരെ യുദ്ധം തുടരാനുള്ള അവസരം നൽകലാണെന്നും അവർക്കറിയാം. ഇറാന് അറിയാം. അതേസമയം യുദ്ധം തുടരുന്നത് – എണ്ണ വിലയുടെയും എണ്ണ വിതരണത്തിന്റെയും അസ്ഥിരതയിലൂടെ – ലോകത്തിന്റെ ഇതര ഭാഗങ്ങളിലുള്ളവരെയും യാതനയിലാഴ്ത്തുമെന്നും ഇറാനറിയാം. ഇസ്ലാമിക് റിപ്പബ്ലിക്കുമായി സ്ഥിരമായ ഒരു സമാധാന ഉടമ്പടിയുണ്ടാക്കാൻ ഇതര ലോകരാജ്യങ്ങൾ അമേരിക്കയ്ക്കും ഇസ്രയേലിനും മേൽ സമ്മർദ്ദം ചെലുത്താൻ ഇതുവഴി നിർബന്ധിതരാക്കപ്പെടുമെന്ന് ഇറാൻ പ്രതീക്ഷിക്കുന്നു. അമേരിക്കയും ഇസ്രയേലും ഇറാന്റെ പശ്ചാത്തല സൗകര്യങ്ങളിൽ പലതും ഇതിനോടകം തന്നെ നശിപ്പിച്ചതിനാൽ, യുദ്ധം തുടരുന്നതിലൂടെ തങ്ങൾക്കൊന്നും നഷ്ടപ്പെടാനില്ലെന്ന് ഇറാൻ ഭരണാധികാരികൾ കരുതുന്നു. കാരണം ഭാവിയിലൊരു കാലത്ത് അമേരിക്കയും ഇസ്രയേലും ആക്രമണം ഇരട്ടിയാക്കിയാൽ ഇറാന് നഷ്ടപ്പെടാൻ ഏറെയുണ്ട്. ഇറാൻ ഒരു വലിയ വിലപേശൽ ആഗ്രഹിക്കുന്നു. ഒരു താൽക്കാലിക വെടിനിർത്തൽ കൊണ്ട് അവർക്ക് ഇത് നേടാനാവില്ല. പാശ്ചാത്യ രാജ്യങ്ങളുടെ വഞ്ചന വ്യക്തമായി ഇറാന് അറിയാം. അതുകൊണ്ടുതന്നെ അത്തരം വഞ്ചനകളിലൊന്നും അവർ വീഴില്ല.

ഒരു താൽക്കാലിക വെടിനിർത്തലിന് ഇറാൻ വിസമ്മതിച്ചതിനാൽ ട്രംപ് ഊരാക്കുടുക്കിലകപ്പെട്ടിരിക്കുകയാണ്. അദ്ദേഹം ഇത് തീരെ പ്രതീക്ഷിച്ചിരുന്നില്ല. അമേരിക്കയുടെയും ഇസ്രയേലിന്റെയും സൈനികശക്തിയാൽ ഇറാൻ വലയുമെന്നും സ്വമേധയാ അവർ വിട്ടുവീഴ്ച ചെയ്യാൻ തയ്യാറാകുമെന്നും ട്രംപ് കരുതി. ഇത് അമേരിക്കയുടെയും ഇസ്രയേലിന്റെയും കണക്കുകൂട്ടലുകളിൽ വന്ന ഗുരുതരമായ പാളിച്ചയാണ്. പൂർണമായ കൊളോണിയൽവൽക്കരണത്താൽ അസ്വസ്ഥമാകാത്ത പുരാതന നാഗരികതയുമായി പ്രാക്തനവും അഭേദ്യവുമായ ബന്ധമുള്ള, അഭിമാനികളായ ജനതയാണ് ഇറാനിലേത്; ആഴത്തിൽ നിലനിൽക്കുന്നതും ഇളക്കംതട്ടാൻ പ്രയാസമുള്ളതുമായ പരമാധികാര സങ്കല്പങ്ങളിൽ വേരൂന്നിയ കാതലായ ഒരു പ്രത്യയശാസ്ത്രമാണ് ഈ ഇസ്ലാമിക റിപ്പബ്ലിക്കിനുള്ളത്. 1953 മുതൽ 1979 വരെയുണ്ടായിരുന്ന ഷായുടെ ഭരണത്തിലേക്ക് മടങ്ങാൻ അവർ ആഗ്രഹിക്കുന്നില്ല; അമേരിക്കയുടെ സാമന്തരാജ്യമാകാനും അവർ ആഗ്രഹിക്കുന്നില്ല. പലസ്തീനുമേലുള്ള അധിനിവേശം ഇസ്രയേൽ അവസാനിപ്പിക്കണമെന്നും പശ്ചിമേഷ്യയിലെ സൈനികത്താവളങ്ങൾ അമേരിക്ക ഉപേക്ഷിക്കണമെന്നുമാണ് ഇറാൻ ആവശ്യപ്പെടുന്നത്. ഗൗരവതരമായ ചർച്ചയ്ക്ക് അടിത്തറയിടുന്ന രാഷ്ട്രീയ ആവശ്യങ്ങളാണ് ഇവ. എന്നാൽ അമേരിക്കയോ ഇസ്രയേലോ ഗൗരവപൂർവം കാര്യങ്ങളെകാണാൻ സന്നദ്ധമാകുന്ന രാജ്യങ്ങളല്ല. സിറിയ (ഇപ്പോൾ ഇസ്രയേലിനുവേണ്ടി മുൻ അൽഖ്വയ്ദ മേധാവി അവിടെ ഭരണം നടത്തുന്നു) യോടും ഒമാനും യെമനും ഒഴികെയുള്ള മുഴുവൻ ഗൾഫ് – അറബ് മേഖലയോടും തങ്ങൾ ചെയ്തതുപോലെ എതിരാളികളെ (ബ്രിട്ടനോ അമേരിക്കയോ താങ്ങിനിർത്തുന്ന രാജവാഴ്ചകളാണ് ഇവിടങ്ങളിൽ ഭരിക്കുന്നത്. ഇവ ഇപ്പോൾ ലോകത്തിനുവേണ്ടിയുള്ള പെട്രോൾ പമ്പുകളായിരിക്കുന്നു) കീഴ്പ്പെടുത്താൻ കഴിയുമെന്നാണ് അവർ കരുതുന്നത്. കഴിഞ്ഞ നാലു വർഷത്തിനിടയിൽ ചൈന, ഇറാൻ, സൗദി അറേബ്യ എന്നീ രാജ്യങ്ങൾ ഉൾപ്പെടുന്ന ഒരു ത്രികക്ഷി പ്രവർത്തന പദ്ധതിയിലൂടെ ഗൗരവതരമായ നേട്ടങ്ങൾ കൈവരിക്കാൻ പര്യാപ്തമായ ഒരനുരഞ്ജന പ്രക്രിയയ്ക്ക് ചൈന ആഹ്വാനം ചെയ്തിരുന്നു. 2023ൽ ബീജിങ്ങിൽ ആരംഭിച്ച ഈ ത്രികക്ഷി പ്രവർത്തന പദ്ധതി 2024 നവംബറിൽ റിയാദിലും 2025 ഡിസംബറിൽ ടെഹ്റാനിലുമായി തുടർന്നു. പശ്ചിമേഷ്യയിൽ വേറിട്ട ക്രമീകരണങ്ങൾക്കുള്ള സാധ്യതയാണ് ഈ കൂടിക്കാഴ്ചകൾ കാണിച്ചുതന്നത്; അത് അമേരിക്കയുടെ അതി സാമ്രാജ്യത്വകോയ്മയെ ആശ്രയിക്കുന്ന ഒന്നല്ല, മറിച്ച് ചർച്ചകളിലൂടെയും സൗഹാർദ്ദത്തിലൂടെയും സൗമനസ്യത്തിലൂടെയും പുതിയ ബന്ധങ്ങൾ സ്ഥാപിക്കലാണ്. ഇറാനെതിരായ അമേരിക്കയുടെയും ഇസ്രയേലിന്റെയും ആക്രമണം ഈ പ്രവർത്തന പദ്ധതിയെ തടസ്സപ്പെടുത്തി, അതിനെ പതിറ്റാണ്ടുകൾ പിന്നോട്ടാക്കി. ഇത് യാദൃച്ഛികമായി ഉണ്ടായതല്ല. ഇറാനും സൗദി അറേബ്യയും തമ്മിൽ അത്തരം വലിയൊരു വിലപേശൽ ഉണ്ടാകുന്നത് അമേരിക്കയും ഇസ്രയേലിലും അംഗീകരിക്കുന്നില്ല. എന്തുകൊണ്ടെന്നാൽ അത്തരമൊരു വലിയ വിലപേശൽ അമേരിക്കയുടെയും ഇസ്രയേലിന്റെയും താൽപര്യങ്ങൾക്ക് പൂർണമായും വിരുദ്ധമാണ്.

വെനസ്വേലയ്ക്കും ക്യൂബയ്ക്കും നേരെയുള്ള കടന്നാക്രമണം പോലെ തന്നെ ഇറാനെതിരെയുള്ള കടന്നാക്രമണവും ഒറ്റപ്പെട്ട സംഭവമല്ല. ഇത് വലിയൊരു തന്ത്രത്തിന്റെ ഭാഗമാണ്. അമേരിക്കയുടെ ഭൗമ രാഷ്ട്രീയ മുൻഗണനകളുമായി പൊരുത്തപ്പെടാൻ വിസമ്മതിക്കുന്ന ഭരണകൂടങ്ങളെ ശിക്ഷിക്കാനുള്ള ശ്രമം. ഉപരോധങ്ങൾ, സാമ്പത്തികമായി ഒറ്റപ്പെടുത്തൽ, ശത്രു രാഷ്ട്രങ്ങൾ എന്നു തങ്ങൾ കരുതുന്ന രാജ്യങ്ങളെ രഹസ്യമായി അസ്ഥിരപ്പെടുത്തൽ എന്നിവയെയാണ് പതിറ്റാണ്ടുകളായി അമേരിക്ക അതിനായി ആശ്രയിക്കുന്നത്. ഇറാൻ, വെനസ്വേല, ക്യൂബ എന്നീ രാജ്യങ്ങൾ ലോകത്തിലേറ്റവും കൂടുതൽ ഉപരോധം നേരിടുന്നവയാണ്. എന്നാൽ ഉപരോധങ്ങൾ തന്നെ ഒരുതരം സാമ്പത്തികയുദ്ധമാണ്. ഈ രാജ്യങ്ങളുടെ സിവിലിയൻ സമ്പദ് വ്യവസ്ഥകളെ അമേരിക്ക തകർത്തു, വ്യാപകമായി സാമൂഹിക ദുരിതങ്ങളെയും ബുദ്ധിമുട്ടുകളെയും നേരിടവെ തന്നെ വ്യാപാരം, ധനകാര്യം, നിർണായക ഇറക്കുമതി എന്നിവ നടത്തുന്നതിൽനിന്ന് അവയെ പരിമിതപ്പെടുത്തുകയും ചെയ്തു. സാമ്പത്തികമായ ഉപരോധത്തിൽനിന്ന് നേരിട്ടുള്ള സൈനിക നടപടികളിലേക്കുള്ള മാറ്റമാണ് ഇപ്പോൾ മറനീക്കി പുറത്തുവന്നിരിക്കുന്നത്. ഇറാനെതിരായ കടന്നാക്രമണവും വെനസ്വേലയിലെ ഇടപെടലും സൂചിപ്പിക്കുന്നത് ആ രാജ്യങ്ങളിൽ ഭരണമാറ്റം ലക്ഷ്യമിട്ടുള്ള ഉപരോധ നടപടികൾ പരാജയപ്പെടുമ്പോൾ അതിനപ്പുറത്തേക്ക് നീങ്ങാൻ വാഷിങ്ടൺ തയ്യാറാകുമെന്നാണ്. ടെഹ്റാനെയോ കാരക്കാസിനെയോ മാത്രമല്ല ഈ സന്ദേശം ലക്ഷ്യമിടുന്നത്; ആഗോള വികസ്വര, അവികസിതരാജ്യങ്ങളെയൊന്നാകെയാണ്; അമേരിക്കയും സഖ്യകക്ഷികളും ആധിപത്യം പുലർത്തുന്ന ഭൗമ രാഷ്ട്രീയ വ്യവസ്ഥയോട് അനുസരണ പ്രകടിപ്പിച്ചാൽ മാത്രമേ രാജ്യങ്ങളുടെ പരമാധികാരം നിലനിൽക്കാൻ തങ്ങൾ അനുവദിക്കൂ എന്ന സന്ദേശമാണ് അമേരിക്ക നൽകുന്നത്.

വെനസേ-്വലയിലെ അമേരിക്കയുടെ നടപടി ഇക്കാര്യം വളരെ വ്യക്തമായി ചിത്രീകരിക്കുന്നതാണ്. പശ്ചിമാർദ്ധഗോളത്തിൽ അമേരിക്കൻ ആധിപത്യത്തെ വെല്ലുവിളിക്കുന്നതിനായി രൂപീകരിച്ച ചൈന, റഷ്യ, ഇറാൻ, ക്യൂബ തുടങ്ങിയ രാജ്യങ്ങളുടെ കൂട്ടായ്മയുമായി കാരക്കാസ് അടുത്ത ബന്ധം സ്ഥാപിച്ചിരുന്നു. വാഷിങ്ടണിനെ സംബന്ധിച്ചിടത്തോളം ഈ ചേരി തന്ത്രപരമായ വെല്ലുവിളിയായിരുന്നു – വിശേഷിച്ച് ചരിത്രപരമായി തങ്ങളുടെ സ്വാധീനമേഖലയായി അമേരിക്ക കണക്കാക്കുന്ന ഒരു പ്രദേശത്ത്.
ഇന്ത്യാ ഗവൺമെന്റിന്റെ ആശയക്കുഴപ്പം
വിദേശകാര്യ മന്ത്രി എസ് ജയശങ്കർ, പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ വിശദീകരിക്കുന്നതിനായി മാർച്ച് 9ന് പാർലമെന്റിനെ അഭിസംബോധന ചെയ്തു. ലോകരാജ്യങ്ങളുടെ പരമാധികാരത്തിന്റെയും അന്തസ്സിന്റെയും വലിയ ഭൗമരാഷ്ട്രീയ ചോദ്യങ്ങളെ ജയശങ്കർ അവഗണിച്ചു. യുഎൻ ചാർട്ടറിനെ അദ്ദേഹം അക്ഷരാർഥത്തിൽ അവഗണിച്ചു. പകരം ഊർജസുരക്ഷ, വ്യാപാരപ്രവാഹം, മേഖലയിലെ ഇന്ത്യക്കാരുടെ സംരക്ഷണം എന്നിവയ്ക്ക് അദ്ദേഹം ഉൗന്നൽ നൽകുകയും ചർച്ചകൾക്കും നയതന്ത്രത്തിനും ആഹ്വാനം ചെയ്യുകയും ചെയ്തു. പ്രധാനപ്പെട്ട എല്ലാ വിഷയങ്ങളും ധാർമികമായല്ല, സാങ്കേതികമായാണ് രൂപപ്പെടുത്തിയത് എന്ന കാര്യത്തിൽ ഒരു സംശയവുമില്ല. അമേരിക്കയും ഇസ്രയേലും യുഎൻ ചാർട്ടറിന്റെ ആർട്ടിക്കിൾ 2 ലംഘിച്ചതിനെക്കുറിച്ചോ പലസ്തീനിൽ ഇസ്രയേൽ നടത്തുന്ന വംശഹത്യകളെക്കുറിച്ചോ ജയശങ്കർ വ്യക്തമായി പരാമർശിച്ചില്ല എന്നതാണ് ഇന്ത്യ ഗവൺമെന്റിന്റെ ധാർമിക പരാജയത്തിന്റെ തെളിവ്. എന്നാൽ മേൽപറഞ്ഞ മൂന്നു പ്രധാന വിഷയങ്ങളിൽപോലും (ഊർജസുരക്ഷ, വ്യാപാരപ്രവാഹം, ഗൾഫിലെ ഇന്ത്യക്കാരുടെ സംരക്ഷണം എന്നിവ) ഇന്ത്യാ ഗവൺമെന്റിന് പരമാധികാരമില്ല. അമേരിക്ക – ഇസ്രയേൽ അധികാരികളാൽ നിർവചിക്കപ്പെട്ട ഭൗമരാഷ്ട്രീയവുമായി ആഴ-ത്തിൽ ബന്ധമുള്ളതാണ് അത് എന്നതുതന്നെ കാരണം. പശ്ചിമേഷ്യയുമായുള്ള ഇന്ത്യയുടെ ബന്ധം അമേരിക്ക – ഇസ്രയേൽ ചട്ടക്കൂടിലൂടെയാണ് കടന്നുപോകുന്നത്, ലോകത്തെ സംബന്ധിച്ച് ഒരു ചേരിചേരാ വീക്ഷണത്തിൽനിന്ന് ഉടലെടുത്തതല്ല മുന്നോട്ടുപോകുന്നത്. ബ്രിക്സ് പ്ലസ് രാജ്യങ്ങളുമായി നല്ല ബന്ധംപുലർത്തുന്ന ഇറാനുനേരെ കടന്നാക്രമണം നടത്തുന്ന അമേരിക്കയ്ക്കും ഇസ്രയേലിനുമെതിരെ ഉപരോധം ഏർപ്പെടുത്താൻ ബ്രിക്സ് പ്ലസ് രാജ്യങ്ങൾ ഐക്യരാഷ്ട്ര സഭയെ സമീപിക്കണമെന്ന് അവയോട് ആഹ്വാനം നടത്താനുള്ള അവസരം ജയശങ്കർ കളഞ്ഞുകുളിച്ചത് പരിതാപകരമാണ്.

വെനസ്വേലയിലും ഇറാനിലും അമേരിക്ക നടത്തുന്ന കടന്നാക്രമണങ്ങളുമായി ബന്ധപ്പെട്ട് ഒരു പ്രത്യാഘാതവും അമേരിക്കയ്ക്ക് ഉണ്ടാകുന്നില്ലെങ്കിൽ ക്യൂബയ്ക്കെതിരായ അമേരിക്കയുടെ യുദ്ധപാതയെ തടയാൻ ഒരു പ്രയാസമാണ്. ചെെനയ്ക്കെതിരെയും കൂടുതൽ അപകടകരമായ നീക്കങ്ങൾ അമേരിക്ക നടത്തുമെന്നത് ഏറെ ആശങ്കപ്പെടുത്തുന്ന ഒന്നാണ്. ക്യൂബ പ്രതിരോധശേഷിയുള്ള രാജ്യമാണ്. ക്യൂബൻ വിപ്ലവം അമേരിക്കയ്ക്കുമുൻപിൽ ഒരിക്കലും കീഴടങ്ങില്ല. തുറന്ന ചർച്ചകൾക്കും സംവാദങ്ങൾക്കും ഒരുക്കമാണ്. എന്നാൽ അത് സ്വന്തം പരമാധികാരവും അന്തസ്സും പണയപ്പെടുത്തിക്കൊണ്ടുള്ളതായിരിക്കില്ല. തങ്ങൾ നടത്തുന്ന അതിസാമ്രാജ്യത്വ കടന്നാക്രമണങ്ങൾക്ക് ഒരു വിലയും നൽകേണ്ടതില്ലെങ്കിൽ, പിന്നെ എന്തുകൊണ്ടാണവർ ക്യൂബയെ കടന്നാക്രമിക്കുന്നതിനോ ക്യൂബയിൽ ബോംബ് വർഷിക്കുന്നതിനോ തയാറാകാത്തത്? പിന്നെന്തുകൊണ്ടാണവർ ചെെനയ്ക്കെതിരായ കടന്നാക്രമണവും ആത്യന്തികമായി വികസ്വര– അവികസിത രാജ്യങ്ങൾക്കെതിരായ കടന്നാക്രമണവും വർധിപ്പിക്കാത്തത്? ലോകത്തിനാകെ വിനാശകാരിയാണ് ട്രംപ്. സാധാരണക്കാരുടെ ജീവിതത്തിന് ഏൽപിക്കുന്ന ആഘാതത്തെക്കുറിച്ച് അയാൾക്ക് തെല്ലും ആശങ്കയില്ല. തനിക്കും അമേരിക്കയ്ക്കുംവേണ്ടി അയാൾ അമിതാധികാരം പ്രയോഗിക്കുകയാണ്. l

ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

nineteen + fourteen =

Most Popular