അമേരിക്കയും ഇസ്രയേലും ചേർന്ന് ഇറാനെതിരെ ക്രിമിനൽ ആക്രമണയുദ്ധം ആരംഭിച്ചിരിക്കുന്നു. ഇത് സാമ്രാജ്യത്വ–സയണിസ്റ്റ് കൂട്ടുകെട്ടിന്റെ ഏകപക്ഷീയവും അനുചിതമായ ആക്രമണമാണ്; അടിസ്ഥാനപരമായും ഇത് സമകാലീന മുതലാളിത്തത്തിന്റെ അങ്ങേയറ്റം ആക്രമണാത്മകമായ സ്വഭാവത്തിൽനിന്നും ഉരുത്തിരിഞ്ഞുവന്നിട്ടുള്ളതുമാണ്. ഇറാനുനേരെയുണ്ടായ ഈ ബോംബാക്രമണവും രാഷ്ട്രീയ, സെെനിക നേതൃത്വങ്ങളോടൊപ്പം ഇറാന്റെ രാഷ്ട്രത്തലവന്റെ കൊലപാതകവും അന്താരാഷ്ട്ര നിയമങ്ങളെയെല്ലാം വീണ്ടും കാറ്റിൽ പറത്തിയിരിക്കുകയാണ്. എന്തായാലും അന്താരാഷ്ട്ര നിയമവും ബഹുധ്രുവ സ്ഥാപനപരമായ രൂപഘടനയും ഗാസയിലെ ‘ശവകൂമ്പാര’ത്തിനടയിൽ ഇതിനകംതന്നെ കുഴിച്ചു മൂടപ്പെട്ടുകഴിഞ്ഞിരുന്നു. അമേരിക്ക– ഇസ്രയേൽ കൂട്ടുകെട്ട് പലസ്തീൻകാർക്കെതിരെ തുടർന്നുകൊണ്ടിരിക്കുന്ന വംശീയ ഉന്മൂലനം ഭയമേതുമില്ലാതെ, ഇറാനെതിരെ ‘കൂട്ടക്കൊലയും നശീകരണവും’ എന്ന ഭീരുത്വം നിറഞ്ഞ പ്രചാരണം നടത്തുന്നതിന് പ്രോത്സാഹനമേകുന്നു.
മിഡിൽ ഈസ്റ്റിലെ എണ്ണ വിഭവങ്ങൾക്കുമേൽ ആധിപത്യം സ്ഥാപിക്കാൻ പതിറ്റാണ്ടുകളായി നീക്കം നടത്തുന്ന അമേരിക്കൻ സാമ്രാജ്യത്വത്തിന്റെ ഉന്നമാണ് ഇറാൻ. ഇത്തരമൊരു നഗ്നമായ ആക്രമണത്തിലൂടെ ഇറാനിലെ പരമാധികാര സർക്കാരിനെ അട്ടിമറിക്കാനുള്ള ശ്രമം ചെെനയ്ക്കെതിരായ അമേരിക്കൻ ഭരണവർഗത്തിന്റെ ആക്രമണവുമായും ആഗോള അധീശാധിപത്യത്തിനായുള്ള അവരുടെ അനുബന്ധനീക്കവുമായും ബന്ധപ്പെട്ടിരിക്കുന്നു.
ലോകമെമ്പാടുമുള്ള അധ്വാനിക്കുന്ന ജനങ്ങളുടെ ഉപജീവനമാർഗത്തെ ശിക്ഷാഭയമേതുമില്ലാതെ നിഷ്കരുണം വേട്ടയാടുന്ന അമേരിക്കൻ സാമ്രാജ്യത്വവും സയണിസ്റ്റ് ഇസ്രയേലും –മനുഷ്യരാശിക്കാകെ എതിരായ, ഇന്നത്തെ കാലഘട്ടത്തിലെ ഇരട്ട രാക്ഷസന്മാർ– ഇറാനെതിരെ പെെശാചികമായ കൂട്ടക്കൊലകളിലൂടെയും തച്ചുതകർക്കലിലൂടെയും ആക്രമണം ആരംഭിച്ചിരിക്കുന്നു. ഈ മാരകമായ സാമ്രാജ്യത്വ– സയണിസ്റ്റ് കൂട്ടുകെട്ട് ഇറാന്റെ രാഷ്ട്രത്തലവനായ ആയത്തൊള്ള അലി ഖമനേയിയെയും, പ്രതിരോധമന്ത്രി, സെെനികമേധാവി, സുപ്രീം നാഷണൽ ഡിഫൻസ് കൗൺസിലിന്റെ സെക്രട്ടറി, ഇസ്ലാമി റവലൂഷണറി ഗാർഡ് കോർപ്പ്സിന്റെ കമാൻഡർ (IRGC) തുടങ്ങി രാഷ്ട്രീയ, സെെനികനേതാക്കളെയും വധിച്ചു. ഏറ്റവും അടുത്തായി, ഇറാന്റെ ദേശീയ സുരക്ഷാ ഉപദേഷ്ടാവായ അലി ലാരിജാനിയെയും വധിച്ചു. സാധാരണഗതിയിൽ ഇത്തരത്തിലുള്ള ക്രൂരമായ കൊലപാതകങ്ങൾ അന്താരാഷ്ട്ര പ്രതിഷേധത്തിന് തിരികൊള്ളുത്തുന്നതിന് മാധ്യമങ്ങൾ കാരണമാകാറുണ്ടായിരുന്നു. എന്നാൽ പാശ്ചാത്യ മാധ്യമങ്ങളും അവയുടെ പ്രാദേശിക വിഭാഗങ്ങളും ഇതിനെ നിസ്സാരമായി കാണുകയും ഇതിനെ നിയമാനുസൃതമായ നടപടിയായി കണക്കാക്കുകയും ചെയ്തു; ഇറാനെ ശിഥിലീകരിക്കുകയും അവിടെ ഒരു ഭരണമാറ്റം കൊണ്ടുവരികയും ചെയ്യുകയെന്ന സാമ്രാജ്യത്വ അധീശാധിപത്യ അജൻഡയുടെ താളത്തിനൊത്ത് തുള്ളുകയും ചെയ്തു.
ഏകപക്ഷീയമായ യുദ്ധത്തിന്റെ
സംക്ഷിപ്ത ചരിത്രം
2020 ജനുവരിയിൽ അമേരിക്ക ഇറാന്റെ ജനറൽ ഖാസിം സൊലെെമാനിയെ വധിച്ചതുമുതലാണ് ഇറാനെതിരായ ഇപ്പോഴത്തെ ഇസ്രയേൽ–അമേരിക്ക സെെനിക നീക്കം ആരംഭിച്ചത്. ജനറൽ ഖാസിം സൊലെെമാനി ഇസ്ലാമിക് റവലൂഷണറി ഗാർഡ്സ് കോർപ്പ്-സിന്റെ (ഐആർജിസി) തലവനും ഇറാനുവേണ്ടിയുള്ള ആദ്യത്തെ ഡിഫൻസ് സർക്കിളായ ‘പ്രതിരോധ അച്ചുതണ്ടി’ന്റെ ശിൽപ്പിയുമായിരുന്നു. അമേരിക്കയോ ഇസ്രയേലോ ഇറാനെ ആക്രമിക്കാൻ ശ്രമിച്ചാൽ, ഇസ്രയേലിനെയും അമേരിക്കയുടെ സെെനികത്താവളങ്ങളെയും ഹിസ്ബൊള്ള (ലെബനൻ) മുതൽ അൻസർ അള്ള(യമൻ)വരെയുള്ള ഇറാന്റെ ഏറ്റവും അടുത്ത സഖ്യകക്ഷികൾ തിരിച്ചാക്രമിക്കും എന്നതായിരുന്നു തന്ത്രം.
സൊലെെമാനിയുടെ കൊലപാതകം ഈ അച്ചുതണ്ടിനേറ്റ കനത്ത ആഘാതമായിരുന്നു. മൂന്നുവർഷത്തിനുശേഷം, അദ്ദേഹം രൂപംകൊടുത്ത ഈ അച്ചുതണ്ടിനെ ഉലച്ച ഒരു കൂട്ടം സംഭവങ്ങളുണ്ടായി. പലസ്തീനു നേരെ ഇസ്രയേൽ നടത്തിയ വംശഹത്യ ഹമാസിനെ ദുർബലപ്പെടുത്തി ലെബനനിലെ യുദ്ധം ഹിസ്ബൊള്ളയുടെ പ്രവർത്തനത്തെ തടസ്സപ്പെടുത്തി; (പ്രത്യേ കിച്ചും 2024 സെപ്തംബറിൽ നടന്ന സയ്യിദ് ഹസ്സൻ നസ്രുള്ളയുടെ കൊലപാതകം); 2025 ജനുവരിയിൽ അൽ ഖ്വെയ്ദയുടെ നേതാവായ അഹ്‌മ്മദ് അൽ–ഷാരയെ സിറിയയുടെ പ്രസിഡന്റായി അവരോധിച്ചത് രാജ്യത്തുനിന്നും പലസ്തീൻ അനുകൂല ഗ്രൂപ്പുകളെയെല്ലാം തുടച്ചുനീക്കുന്നതിനിടയാക്കി. ആദ്യത്ത ഡിഫൻസ് സർക്കിൾ ഏതാണ്ട് തകർന്നതിനുശേഷം ഇസ്രയേലും അമേരിക്കയും 2025 ജൂണിൽ ഇറാനെ ആക്രമിച്ചു. ഹിസ്ബൊള്ളയ്ക്കും സിറിയയിലെ വിമത വിഭാഗത്തിനും അന്ന് ഇസ്രയേലിനെ തടുക്കാൻ കഴിഞ്ഞിരുന്നെങ്കിൽ ഒരുപക്ഷേ സ്ഥിതി ഇതാകുമായിരുന്നില്ല.
2025 ജൂണിൽ ഇറാന്റെ ന്യൂക്ലിയർ കേന്ദ്രങ്ങൾക്കുമേൽ ആക്രമണം നടത്തിയ ശേഷം ആണവായുധങ്ങൾ നിർമിക്കാനുള്ള ഇറാന്റെ ശേഷി തങ്ങൾ തകർത്തതായി ഇസ്രയേലും അമേരിക്കയും അവകാശപ്പെട്ടു. അങ്ങനെയെങ്കിൽ അമേരിക്ക എന്തുകൊണ്ടാണ് ഇറാനുമായി കരാറുണ്ടാക്കുകയും ഉപരോധം പിൻവലിക്കുകയും ചെയ്യാതിരുന്നത്? 2024ൽ പരിഷ്കരണ അജൻഡയുമായി അധികാരത്തിലേറിയ ഇറാൻ പ്രസിഡന്റ് മസൂദ് പെസെഷ്കിയാൻ ഒരു നവലിബറൽ ധനമന്ത്രിയെ ഉൾപ്പെടുത്തിക്കൊണ്ടാണ് മന്ത്രിസഭ രൂപീകരിച്ചത്. ഇന്റർനാഷണൽ മോണിറ്ററി ഫണ്ടും (ഐഎംഎഫ്), ഇന്റർനാഷണൽ അറ്റോമിക് എനർജി ഏജൻസിയും (ഐഎഇഎ) പോലെയുള്ള പാശ്ചാത്യ നിയന്ത്രിത സ്ഥാപനങ്ങളുടെ വ്യവസ്ഥകൾ അംഗീകരിക്കാൻ താൻ തയ്യാറാണ് എന്നാണ് അദ്ദേഹം ഈ പ്രവൃത്തിയിലൂടെ പ്രകടമാക്കിയത്. എന്തായാലും 2025 ജൂണിലെ അമേരിക്ക– ഇസ്രയേൽ ആക്രമണത്തിനു മറുപടിയായി ഐഎഇഎയുമായുള്ള ഇൻസ്പെക്ഷൻ എഗ്രിമെന്റുകൾ ഇറാൻ അവസാനിപ്പിച്ചു. ഇറാന്റെ ദുർബലമായ അവസ്ഥ ഐഎംഎഫ് ശ്രദ്ധിച്ചു. അതുപക്ഷേ, അമേരിക്ക അടിച്ചേൽപ്പിച്ച ഉപരോധവും ഇറാനിലെ സബ്സിഡി വാഴ്ചയും–അതിന്റെ വീക്ഷണത്തിൽ മൂലമാണെന്നായിരുന്നു ഐഎംഎഫിന്റെ നിരീക്ഷണം.
ചെലവുചുരുക്കൽ അടിച്ചേൽപ്പിക്കുകവഴി അലി മദനിസാദേ, ഐഎംഎ-ഫിനെ പ്രീണിപ്പിക്കാൻ ശ്രമം നടത്തി. ഇത് സാമൂഹികമായ ക്ലേശങ്ങൾ സൃഷ്ടിച്ചു. ഇറാന്റെ നാണയമായ റിയാലിനെ അസ്ഥിരപ്പെടുത്തുന്നതിന് അമേരിക്ക നടത്തിയ ഇടപെടൽ ഇതിനെ കൂടുതൽ ആളിക്കത്തിക്കുകയും രാജ്യത്തെ സാമ്പത്തിക പ്രതിസന്ധി ആഴത്തിലാക്കുകയും ചെയ്തു. വിലക്കയറ്റത്തിന്റെ രൂക്ഷത ബോധ്യപ്പെട്ട, ഇസ്ലാമിക് റിപ്പബ്ലിക്കിന്റെ അടിത്തറയായ, ഇറാനിലെ ചെറുകിട വ്യാപാരികളിലെ ഒരു വിഭാഗം ഗവൺമെന്റിനെതിരെ തിരിഞ്ഞു. എന്നാലത് വ്യവസ്ഥയ്ക്കെതിരെ ആയിരുന്നില്ല. അമേരിക്കയും ഇസ്രയേലും സാമ്രാജ്യത്വ മാധ്യമങ്ങളും ഈ സാഹചര്യത്തെ തെറ്റായി വായിച്ചു; ഇറാനിലെ ജനങ്ങൾ അവരുടെ റിപ്പബ്ലിക്കിനെതിരാണെന്ന തെറ്റിദ്ധാരണ പരത്തി. അമേരിക്കയെ അതിന്റെ വ്യവസ്ഥകളുടെ അടിസ്ഥാനത്തിൽ നേരിടുന്നതിന് പെസെഷ്കിയാന്റെ ഗവൺമെന്റ് ശ്രമിച്ചിട്ടും, ഇസ്ലാമിക് റിപ്പബ്ലിക്കിനെ തൂത്തെറിയുക എന്ന അറ്റകെെ പ്രയോഗത്തിലേക്ക് അമേരിക്കയും ഇസ്രയേലും നീങ്ങി.
ട്രംപിനെയും നെതന്യാഹുവിനെയും
സംബന്ധിച്ച തെറ്റായ ധാരണകൾ
മിനാബിലെ ഒരു പെൺപള്ളിക്കൂടത്തിനു നേരെ നടന്ന ബോംബാക്രമണത്തിൽ കൊല്ലപ്പെട്ടവരുടെ എണ്ണം 175 ആയി. ഇതിനെ ഒരു ഒറ്റപ്പെട്ട സംഭവമായോ ലക്ഷ്യം തെറ്റി പതിച്ചതായോ കാണരുത്. ഫാസിസം പ്രവർത്തിക്കുന്നത് പൂർണമായും വ്യതിരിക്തമായ യുക്തിയുടെ അടിസ്ഥാനത്തിലാണ്. ഫാസിസത്തിന്റെ യുക്തിക്ക് ഇനി മാനവികതയുടെ നാട്യങ്ങൾ ആവശ്യമില്ല എന്നു മാത്രമല്ല, അത് വിപരീത-ഫലമുളവാക്കുകയും ചെയ്യും. ഇറാൻ ജനത കീഴടങ്ങിയില്ലെങ്കിൽ ഇതായിരിക്കും അവരുടെ വിധി എന്നു പറയാൻ ഉദ്ദേശിച്ചുള്ളതാണ് സ്കൂളിലെ ഈ കൂട്ടക്കുരുതി. ഇത് ഉറപ്പാക്കുന്നതിന് മൂന്നാം ദിനമായപ്പോഴേക്കും, ഗാസയുടെ കൃത്യമായ ഓർമപ്പെടുത്തലാണെന്ന് സംശയലേശമന്യേ ബോധ്യപ്പെടുത്തിക്കൊണ്ട് അമേരിക്കയും– ഇസ്രയേലും ഇറാനിലെ 9 ആശുപത്രികളിൽ ബോംബിട്ടു.
ഇസ്രയേലും നെതന്യാഹുവും അമേരിക്കയെയും ട്രംപിനെയും തെറ്റിദ്ധരിപ്പിച്ചതിന്റെ ഫലമാണ് ഇറാനുമേലുള്ള ഈ ആക്രമണമെന്ന വ്യാപകമായ ധാരണയുണ്ട്. ചിലർ അമേരിക്ക, ഇസ്രയേലിന്റെ പാവയാണെന്നു പോലും പറയുന്നു. ഇത്തരം സംഭാഷണങ്ങൾ അങ്ങേയറ്റത്തെ പിശകാണ്; യാഥാർഥ്യത്തിൽനിന്നുള്ള തിരിച്ചുവിടലാണത്. വെനസേ-്വലയുടെ പ്രസിഡന്റ് മദുറോയെ തട്ടിക്കൊണ്ടുപോകുകയും ക്യൂബയിൽ ഇന്ധനക്ഷാമം സൃഷ്ടിച്ച് അതുവഴി അവരെ സ്വയം കീഴടങ്ങുന്നതിന് നിർബന്ധിതമാക്കുകയും ചെയ്ത അതേ രീതിയിലാണ് ഇറാനുമേലുള്ള ആക്രമണവും. ഇസ്രയേലിന്റെ മുൻകാല പ്രവൃത്തികൾ അമേരിക്കയെ സ്വാധീനിച്ചിട്ടുണ്ട് എന്ന അവകാശവാദം ആരും ഇതുവരെയും ഉന്നയിച്ചിട്ടില്ല. മറിച്ച് ഈ നടപടികളെല്ലാം വിപുലമായ അമേരിക്കൻ സാമ്രാജ്യത്വനയത്തെ സേവിക്കാൻ ഉദ്ദേശിച്ചുള്ളതാണ്. അധികാരത്തിലിരിക്കുന്ന വ്യക്തികളെ മാറ്റുന്നതുകൊണ്ടോ അല്ലെങ്കിൽ അധികാരത്തിലിരിക്കുന്നവരുടെ മനസ്സു മാറ്റുന്നതുകൊണ്ടോ നിലവിലെ നയത്തെ അതിജീവിക്കാൻ കഴിയുമെന്ന് സമാശ്വാസിക്കാൻ ആളുകളെ പ്രേരിപ്പിക്കുന്നു എന്നതാണ് ഇത്തരം തെറ്റിദ്ധാരണകളുടെ അപകടം.
മറ്റൊരു തെറ്റായ, എന്നാൽ വ്യാപകമായിട്ടുള്ള ഒരു ധാരണ, ഈ ആക്രമണം ഒരു വ്യക്തി എന്ന നിലയിൽ ട്രംപിന്റെ ഭ്രാന്താണ് എന്നുള്ളതാണ്. യഥാർഥത്തിൽ അമേരിക്കൻ ഭരണകൂടത്തിന്റെ എല്ലാ സ്ഥാപനങ്ങളും ഇപ്പറഞ്ഞ നയങ്ങൾ നടപ്പാക്കുകയും അവയ്ക്കു പിന്നിലെ തന്ത്രം സംബന്ധിച്ച് നിലവിലെ ഭരണകൂടത്തിന്റെ രേഖകളിലെല്ലാം വ്യക്തമായി പറയുകയും ചെയ്തിട്ടുണ്ട്. ഫെബ്രുവരി 14ന് മ്യൂണിച്ച് സെക്യൂരിറ്റി കോൺഫറൻസിനെ അഭിസംബോധന ചെയ്യവെ അമേരിക്കൻ സ്റ്റേറ്റ് സെക്രട്ടറി മാർക്കോ റൂബിയോ യൂറോപ്യൻ കൊളോണിയലിസത്തിന്റെ യുഗത്തിലേക്ക് തിരിച്ചുപോകണമെന്ന് ആഹ്വാനം ചെയ്യുകയുണ്ടായി.
രണ്ടാം ലോകയുദ്ധം അവസാനിക്കുന്നതിനുമുമ്പുള്ള അഞ്ച് നൂറ്റാണ്ടുകളായി പശ്ചാത്യ രാജ്യങ്ങൾ തങ്ങളുടെ മിഷണറിമാരെയും തീർഥാടകരെയും സെെന്യത്തെയും പര്യവേക്ഷകരെയും അതിന്റെ തീരങ്ങളിൽനിന്നും സമുദ്രങ്ങൾ കടന്ന് അപ്പുറത്തേക്ക്, പുതിയ വൻകരകളിൽ പാർപ്പുറപ്പിച്ചും ഭൂഖണ്ഡത്തിലുടനീളം വിശാലമായ സാമ്രാജ്യങ്ങൾ കെട്ടിപ്പടുത്തും വിപുലപ്പെടുത്തിക്കൊണ്ടിരുന്നു. പക്ഷേ, കൊളംബസ് യുഗാനന്തരം 1945ൽ, ഇതാദ്യമായി അത് ചുരുങ്ങുകയായിരുന്നു… ‘മഹത്തായ’ പടിഞ്ഞാറൻ സാമ്രാജ്യങ്ങൾ അന്തിമമായ തകർച്ചയിലേക്കു നീങ്ങുകയും ദെെവരഹിത കമ്യൂണിസ്റ്റ് വിപ്ലവങ്ങളും കൊളോണിയൽ വിരുദ്ധ പ്രക്ഷോഭങ്ങളും അതിനെ ത്വരിതപ്പെടുത്തുകയും ചെയ്തു; പിന്നീടുള്ളവർഷങ്ങളിൽ ലോകത്തെ മാറ്റിമറിക്കുകയും ഭൂപടത്തിന്റെ വിശാലതയിലങ്ങോളമിങ്ങോളം അരിവാൾ ചുറ്റിക ആലേഖനം ചെയ്യപ്പെടുകയുമുണ്ടായി.
ആക്രമണം വ്യവസ്ഥാപിത നീക്കത്തിന്റെ ഭാഗം
തീർച്ചയായും, ഈ ആക്രമണം തകർന്നുകൊണ്ടിരിക്കുന്ന അമേരിക്കൻ സാമ്രാജ്യത്വം ലോകത്തിനുമേലുള്ള തങ്ങളുടെ സെെനിക–സാമ്പത്തിക അധീശാധിപത്യത്തെ പുനഃസ്ഥാപിക്കുന്നതിനുവേണ്ടി നടത്തുന്ന പ്രത്യേകിച്ച് മൂന്നാം ലോക രാജ്യങ്ങളെ ആക്രമിക്കുന്നതിലൂടെ–വിപുലമായ, വ്യവസ്ഥാപരമായ ഒരു നീക്കത്തിന്റെ ഭാഗമാണ്. ചിലയിടങ്ങളിൽ ഇത് സെെനികാക്രമണത്തിന്റെയും ഭീകരവാദത്തിന്റെയും രൂപത്തിലും മറ്റു ചിലയിടങ്ങളിൽ ‘വ്യാപാരം ഉടമ്പടി’ കളെന്നപേരിൽ ഏകപക്ഷീയമായ സാമ്പത്തിക ഇളവുകളോ തികഞ്ഞ അടിയറവു പറയിക്കലോ അടിച്ചേൽപ്പിച്ചുകൊണ്ടും നടപ്പാക്കുന്നു.
ഒരുവശത്ത് അമേരിക്കൻ സാമ്രാജ്യത്വത്തിന്റെ തീട്ടൂരങ്ങളെ വെല്ലുവിളിക്കുന്ന വെന-സേ-്വ ലയെപ്പോലുള്ള രാജ്യങ്ങൾ സെെനികമായി ആക്രമിക്കപ്പെടുന്നു; മറുവശത്ത്, മോദിയുടെ ഇന്ത്യയെപ്പോലുള്ള രാജ്യങ്ങൾ അതിനു കീഴടങ്ങുകയും കേണപേക്ഷിക്കുകയും ചെയ്യുന്നു. എന്നിട്ടും അവയും സാമ്പത്തികമായി ആക്രമിക്കപ്പെടുകയാണ്. അതുപോലെ, മറ്റൊരുതരത്തിൽ പറഞ്ഞാൽ, ഇറാനിൽ ബോംബാക്രമണം നടത്തുന്ന ഇതേ സാമ്രാജ്യത്വശക്തിയുടെ മറ്റൊരു രീതിയിലുള്ള ആക്രമണമൂലം ഇന്ത്യയിലെ ജനങ്ങളും ദുരിതമനുഭവിക്കുന്നു. വ്യത്യാസം, ഇന്ത്യൻ ജനത സ്വന്തം ഭരണാധികാരികളെ സ്വയം കണ്ടെത്തുന്നു എന്നതാണ്. ഇന്ത്യയും അമേരിക്കയും തമ്മിൽ പ്രഖ്യാപിച്ച, ഇന്ത്യയിലെ ബിസിനസുകാർ ആവേശത്തോടെ സ്വാഗതം ചെയ്ത ‘വ്യാപാര കരാർ’ ഒരു വ്യാപാരകരാറേയല്ല; മറിച്ച് അത് ഇന്ത്യയ്ക്കുമേൽ കൊളോണിയൽ ശെെലി അടിച്ചേൽപ്പിക്കലാണ്.
നിലവിലെ അമേരിക്കൻ ഓഹരികൾ വളരെ ഉയർന്നതാണ്. അമേരിക്കൻ ഡോളറിന്റെ ആഗോള അധീശാധിപത്യം ക്രമേണ ഇല്ലാതായിക്കൊണ്ടിരിക്കുകയാണ്, പ്രത്യേകിച്ചും ഈയടുത്ത കുറേ വർഷങ്ങളായി. പശ്ചിമേഷ്യയ്ക്കു മേലുള്ള അമേരിക്കയുടെ രാഷ്ട്രീയമായ നിയന്ത്രണം പുനഃസ്ഥാപിക്കുന്നതിന് ഡോളറിന്റെ അധീശത്വം പുനഃസ്ഥാപിക്കേണ്ടത് പ്രധാനമാണ്. കൂടാതെ ധനപരമായി സന്ദിഗ്ധതയനുഭവിക്കുന്ന അമേരിക്കൻ ടെക് മേഖലയിൽ വലിയ തോതിൽ ചെലവഴിക്കൽ നടത്തിയിട്ടുണ്ട്. അതുകൊണ്ടുതന്നെ അമേരിക്കയുടെ, ടെക് ഭീമന്മാരുടെ ശക്തമായ ചേരി ട്രംപിന് നിർണായകമായ പിന്തുണ നൽകുന്നുണ്ട്; ട്രംപ് തിരിച്ചും ഇൗ സ്ഥാപനങ്ങളുടെ ആഗോ ള മേധാവിത്വം ക്ലാസ്സിക്കൽ സാമ്രാജ്യത്വ നടപടികളിലൂടെ പ്രോത്സാഹിപ്പിക്കുകയുമാണ്. എന്തായാലും ഈ ശ്രമങ്ങളെല്ലാംതന്നെ ലോകമൊട്ടാകെ അമേരിക്കയുടെ ആധീശാധിപത്യം പുനഃസ്ഥാപിക്കുന്നതിനെ ആധാരമാക്കിയിട്ടുള്ളതാണ്. ഇതില്ലായെങ്കിൽ അവർ തകർന്നടിയും. അസംതൃപ്തികളുണ്ടെങ്കിലും, യൂറോപ്യന്മാരും ജപ്പാൻകാരും ഇതിനകത്തേക്ക് കടന്നുകൂടാൻ ശ്രമിക്കാനിടയുണ്ട്; സ്ഥിതിഗതികൾ അനുദിനം മാറിക്കൊണ്ടിരിക്കുകയാണ്.
അമേരിക്കൻ സാമ്രാജ്യത്വം തങ്ങളുടെ ചൂതാട്ടത്തിന്റെ ഭാഗമായി അന്താരാഷ്ട്ര സമ്പദ്-വ-്യവസ്ഥയിൽ അസ്ഥിരതയുടെയും അരാജകത്വത്തിന്റെയും കാലത്തിലൂടെ കടന്നുപോകാൻ തങ്ങൾ തയാറാണെന്ന് വ്യക്തമാക്കിയിട്ടുണ്ട്; ‘‘എന്തൊക്കെ സംഭവിച്ചാലും തങ്ങൾ അതിന് തയ്യാറാണ് ’’എന്ന് യുദ്ധത്തിന്റെ നാലാം ദിവസം സെെനിക നീക്കത്തെക്കുറിച്ചുള്ള തന്റെ കാഴ്ചപ്പാട് വിശദീകരിച്ചുകൊണ്ട് ട്രംപ് പറഞ്ഞു. അന്താരാഷ്ട്ര തലത്തിൽ ഓഹരി വിലകൾ ഇടിഞ്ഞു; ഹോർമൂസ് കടലിടുക്ക് (കടൽ വഴിയുള്ള ആഗോള എണ്ണ വ്യാപാരത്തിന്റെ 30 ശതമാനവും ആഗോള എൽഎൻജി വ്യാപാരത്തിന്റെ 20 ശതമാനവും ഇതുവഴിയാണ് കടന്നുപോകുന്നത്) ഇറാൻ അടച്ചു. എണ്ണവില കുതിച്ചുയർന്നു; ലോകത്തെ ഏറ്റവും തിരക്കേറിയ വിമാനത്താവളം (ദുബായ്) അടച്ചുപൂട്ടി. അമേരിക്ക ആഗ്രഹിക്കുന്നത് ഈ തടസം ഉണ്ടാകണമെന്നുതന്നെയാണ്. ഗൾഫിൽനിന്നുള്ള എണ്ണയെ ആശ്രയിക്കുന്ന ഏഷ്യൻ സമ്പദ്-വ്യവസ്ഥയെ പ്രത്യേകിച്ചും ഇത് സാരമായി ബാധിക്കും. എന്നാൽ ലോകമെമ്പാടും നിലനിൽക്കുന്ന അസ്ഥിരതയുടെ സാഹചര്യത്തിൽ ഇത്തരത്തിലുള്ള ഏത് കുഴപ്പവും അമേരിക്കൻ സമ്പദ്-വ്യവസ്ഥയെയും തീർച്ചയായും ബാധിക്കും. ഇക്കാരണംകൊണ്ടുതന്നെ, നിരവധി വിദഗ്ധർ അനുമാനിക്കുന്നത് ട്രംപ് തെറ്റിദ്ധരിക്കപ്പെടുകയോ അല്ലെങ്കിൽ ഇതേക്കുറിച്ച് അജ്ഞനോ ആണെന്നാണ്. എന്തായാലും പോയ വർഷം ട്രംപ് ലോകമെമ്പാടും ഏകപക്ഷീയമായി തീരുവ ചുമത്തിയപ്പോൾ അമേരിക്കൻ സാമ്രാജ്യത്വം അതിന്റെ ലക്ഷ്യങ്ങൾ നേടുന്നതിനായി അരാജകത്വത്തിന്റെ കാലഘട്ടം (അമേരിക്കയ്ക്കുളളിൽ പോലും) നേരിടാൻ തയ്യാറാകുന്നു എന്നതാണ് നമ്മൾ കണ്ടത്. സാധാരണ ഗതിയിൽ ഈ ലക്ഷ്യങ്ങൾ നേടാൻ കഴിയില്ല എന്നു കാണുന്നതിനാലാണ് അമേരിക്ക ഇതിലേക്ക് കടക്കുന്നത്.
ആഗോള വിതരണത്തിന്റെ സ്രോതസ് എന്ന നിലയിൽ ഈ മേഖലയ്ക്കുള്ള പ്രാധാന്യം കണക്കിലെടുക്കുമ്പോൾ, എണ്ണയുടെയും എണ്ണ ഉൽപ്പന്നങ്ങളുടെയും വിലയിലെ കുതിച്ചുകയറ്റം ഈ യുദ്ധത്തിന്റെ വളരെ പെട്ടെന്നുണ്ടായതും പ്രത്യക്ഷത്തിലുള്ളതുമായ ഒരു അനന്തരഫലം മാത്രമാണ്. എന്നാൽ ഈ വർധന പോലും യുദ്ധം അടിച്ചേൽപ്പിച്ചതുകൊണ്ടു മാത്രം ഉണ്ടായതല്ല. ആഗോള ഫിനാൻസിനു കീഴിൽ ഊഹക്കച്ചവടത്തിലൂടെ പ്രവർത്തിക്കുന്ന വൻകിട ബഹുരാഷ്ട്ര കമ്പനികളുടെ പങ്ക് ഇത് കൂടുതൽ വഷളാക്കുകയും വലിയ തോതിൽ അസ്ഥിരത സൃഷ്ടിക്കുകയും ചെയ്യുന്നു. അവയ്ക്ക് ഉൽപ്പാദനത്തെ നിയന്ത്രിക്കാൻ കഴിയില്ലെങ്കിലും വിതരണ വിലയെ സ്വാധീനിക്കാൻ കഴിയും. കൊള്ളലാഭം ഉൗറ്റിയെടുക്കുന്നതിനായി ഓരോ അവസരവും മുതലാക്കുന്ന ഈ ഏജൻസികളുടെ ദയാദാക്ഷിണ്യത്തിലാണ് ഇന്ന് മുതലാളിത്ത സാമ്രാജ്യത്വ ഭരണകൂടങ്ങൾ നിലകൊള്ളുന്നത്.
അന്തിമ വിശകലനത്തിൽ, അമേരിക്കൻ സാമ്രാജ്യത്വത്തിന്റെ ഈ നീക്കം വലിയ നാശത്തിലേക്കു നീങ്ങുമെന്നത് യാഥാർഥ്യമാണ്. എന്നാൽ വസ്തുനിഷ്ഠമായ ഇത്തരം പരിമിതികൾ സാമ്രാജ്യത്വവാദികളെ അധികാരം പിടിച്ചെടുക്കുന്നതിനോ അധികാരത്തിൽ കടിച്ചുതൂങ്ങുന്നതിനോ ഉള്ള ശ്രമത്തിൽനിന്ന് ഒരിക്കലും തടഞ്ഞില്ല. വസ്തുനിഷ്ഠമായ പരിമിതികൾ പ്രകടമാകുന്നതിന്റെ വേഗതയും അതിന്റെ രൂപവും ദശലക്ഷക്കണക്കായ ലോകജനതയുടെ, അതിന്റെ നേതൃത്വത്തിന്റെയുൾപ്പെടെ ആത്മനിഷ്ഠമായ പരിശ്രമത്തിന്റെ ഫ-ലമാണ്. 1934 സെപ്തംബർ 6ന് ഇറങ്ങിയ ന്യുയോർക്ക് ടെെംസ് ലോകത്തോടു പറഞ്ഞത്, ‘‘1000 വർഷത്തേക്ക് തന്റെ സാമ്രാജ്യത്തെ (റീഷ്) തകർക്കുന്നതിന് ഒരു അട്ടിമറിയും ഉണ്ടാകില്ലെന്ന് ഹിറ്റ്ലർ പ്രവചിക്കുന്നു’’ എന്നാണ്. എന്നാൽ അതുപോലെ തന്നെ ആ പദ്ധതി പരാജയപ്പെടാൻ വിധിക്കപ്പെട്ടതായിരുന്നു; അത് സ്വയം പരാജയമടഞ്ഞില്ല. അത് ഇല്ലാതാക്കാനും വീണ്ടും പഴയനിലയിലേക്ക് തിരിച്ചുവരാതിരിക്കാനും ദശലക്ഷക്കണക്കിനാളുകളുടെ ജീവൻ ബലിയർപ്പിക്കേണ്ടിവന്നു. 1942ലെ സ്റ്റാലിൻ ഗ്രാഡ് യുദ്ധത്തിലാണ് വഴിത്തിരിവുണ്ടായത്. സോവിയറ്റ് മുന്നണിപ്പടയ്ക്കും മറ്റ് മുന്നണികൾക്കും കൂടുതൽ യുദ്ധങ്ങൾ നടത്തേണ്ടതായി വന്നു. അങ്ങനെ ഒടുവിൽ അവരെ പരാജയപ്പെടുത്താൻ കഴിഞ്ഞു. അതിനാൽ അമേരിക്ക തന്ത്രപരമായി കടലാസു കടുവയാണെന്നു പറഞ്ഞാൽ പോര, അടവുപരമായി അത് ശരിക്കുമുള്ള കടുവയാണ്.
പാശ്ചാത്യ സാമ്രാജ്യത്വ കൂട്ടുകെട്ടിന്റെ ഈ സംയുക്ത നീക്കത്തിനെതിരായ, ഈ മേഖലയിലെ പാശ്ചാത്യ സാമ്രാജ്യത്വ നിയന്ത്രണത്തിനെതിരായ ചെറുത്തുനിൽപ്പിന്റെ പ്രധാന അച്ചുതണ്ടായ ഇറാൻ, അമേരിക്കൻ സാമ്രാജ്യത്വത്തിന്റെ കണ്ണിലെ കരടാണ്. ഇറാനിൽനിന്നുള്ള ഈ ചെറുത്തുനിൽപ്പിനെ തുടച്ചുനീക്കിയാൽ അത് ലാറ്റിനമേരിക്കയിലെ അമേരിക്കൻ സാമ്രാജ്യത്വത്തിന്റെ പിടിമുറുക്കും; ഇറാനും അതിന്റെ സഖ്യകക്ഷികളും ഈ ആക്രമണത്തെ പ്രതിരോധിക്കുകവഴി ആക്രമണകാരികൾക്കുമേൽ വിജയം നേടിയാൽ ആ വിജയം ഹവാനയിലും കാരക്കാസിലും അനുഭവിച്ചറിയാനാകും. അതിനാൽ ഇറാൻ നടത്തുന്ന ചെറുത്തുനിൽപ്പ്, ഇറാന്റെ മാത്രമല്ല, വികസ്വര അവികസിത രാജ്യങ്ങളുടെയാകെ ചെറുത്തുനിൽപ്പാണ്.
ഇന്ത്യയ്ക്കുമേലുള്ള ആഘാതവും
ഇന്ത്യാ ഗവൺമെന്റിന്റെ നിലപാടും
അമേരിക്ക– ഇസ്രയേൽ ആക്രമണത്തെ, അഥവാ ഒരു പരമാധികാര രാഷ്ട്രമായ ഇറാന്റെ ഭരണത്തലവനെ കൊലപ്പെടുത്തിയതിനെ വിമർശിക്കുന്നതിൽ ഇന്ത്യൻ ഭരണാധികാരികൾ പരാജയപ്പെട്ടു. ഈയടുത്ത കാലംവരെ ഇറാനെ ഒരു സുഹൃദ് രാജ്യമെന്ന നിലയിൽ ഇന്ത്യാ ഗവൺമെന്റ് പരാമർശിച്ചിരുന്നു എന്ന വസ്തുതയ്ക്കു പുറമെയാണിത്. ഭൂരിഭാഗം അയൽരാജ്യങ്ങളുമായുള്ള ഇന്ത്യയുടെ ബന്ധത്തിൽ നിലനിൽക്കുന്ന പിരിമുറുക്കങ്ങളോ കടുത്ത ശത്രുതയോ കണക്കിലെടുക്കുമ്പോൾ ടെഹ്റാനുമായുള്ള ഊഷ്മളമായ ബന്ധം ഇന്ത്യയെ സംബന്ധിച്ച് പ്രധാനമായിരുന്നു. ഉദാരമായ വായ്പാവ്യവസ്ഥയിൽ (ഇറാൻ, വെന-
സേ-്വ-ല എന്നീ രാജ്യങ്ങളിൽനിന്നും എണ്ണ വാങ്ങുന്നത് അവസാനിപ്പിക്കാൻ അമേരിക്ക ഇന്ത്യയ്ക്കുമേൽ സമ്മർദം ചെലുത്തുന്നതുവരെ) ഇന്ത്യയുടെ മുഖ്യ എണ്ണ വിതരണക്കാർ ഇറാനായിരുന്നു. ഇറാനിലെ ചബഹാർ തുറമുഖത്ത് ഇന്ത്യ വലിയ നിക്ഷേപങ്ങൾ നടത്തിയിരുന്നു. എന്നാൽ അമേരിക്കയുടെ നിർദേശപ്രകാരം പുതിയ കേന്ദ്ര ബജറ്റിൽ അവ നിർത്തലാക്കപ്പെട്ടു. അഫ്ഗാനിസ്ഥാനുമായും, അതുപോലെ ഇന്ത്യ, ഇറാൻ, അസർബെെജാൻ, റഷ്യ എന്നീ രാജ്യങ്ങളും തമ്മിലുള്ള നിർണായകമായ അന്താരാഷ്ട്ര ഉത്തര–ദക്ഷിണ ഗതാഗത ഇടനാഴിയിലേക്കുമുള്ള പ്രവേശനം ചബഹാർ പ്രദാനം ചെയ്യുമായിരുന്നു.
സ്വയംപ്രതിരോധത്തിനായി ഇറാൻ നടത്തുന്ന ആക്രമണങ്ങളെ ഇന്ത്യൻ പ്രധാനമന്ത്രി അപലപിച്ചു. യുഎഇ, സൗദി അറേബ്യ, ബഹ്റൈൻ, ജോർദാൻ എന്നിവിടങ്ങളിലെ ഭരണാധികാരികളെ വിളിച്ച് ഐക്യദാർഢ്യം പ്രകടിപ്പിച്ചു. ഇതോടെ ഇന്ത്യാ ഗവൺമെന്റ് നിഷ്പക്ഷതയുടെ അവസാനതരിമ്പും ഉപേക്ഷിച്ച് അമേരിക്ക– ഇസ്രയേൽ പക്ഷവുമായി ചേർന്നിരിക്കുകയാണ്. ഈ നിലപാട് എന്താണ് വിശദമാക്കുന്നത്? വാസ്തവത്തിൽ ഇന്ത്യ സ്വീകരിച്ച നിലപാട് അമേരിക്കയ്ക്ക് പൂർണമായും കീഴടങ്ങുകയെന്നതാണ്.
ഈ യുദ്ധം ഇന്ത്യയ്ക്കുമേൽ സൃഷ്ടിക്കുന്ന ആഘാതം കടുത്തതായിരിക്കുമെന്നതിൽ യാതൊരു സംശയവുമില്ല. അതിന്റെ തീക്ഷ്ണത, ഇന്ത്യക്കുമേൽ കനത്ത പ്രഹരമേൽപ്പിക്കാനാരംഭിച്ചുകഴിഞ്ഞു. ഇന്ത്യയുടെ എണ്ണ ഇറക്കുമതിയുടെ പകുതിയും, ദ്രവീകൃത പ്രകൃതി വാതക ഇറക്കുമതിയുടെ (LNG) 60 ശതമാനവും ദ്രവീകൃത പെട്രോളിയം ഗ്യാസ് ഇറക്കുമതിയുടെ (LPG) വലിയൊരു ഭാഗവും വരുന്നത് ഹോർമൂസ് കടലിടുക്ക് വഴിയാണ്. ഗതാഗതം, വളം, ജലസേചനം, ഭക്ഷണം എന്നിവയിലെല്ലാമുൾപ്പെടെ എണ്ണ ഒരു സാർവത്രിക ഉത്പാദനോപാധിയായതിനാൽ, നീണ്ടുനിൽക്കുന്ന യുദ്ധങ്ങൾ സ്പർശിക്കാത്ത ഒരു വശവും ഇന്ത്യൻ സമ്പദ്-വ്യവസ്ഥയിലുണ്ടാകില്ല, മാത്രവുമല്ല, ഗൾഫ് രാജ്യങ്ങളും ഇറാനും ഇന്ത്യയുടെ കയറ്റുമതിയുടെ പ്രധാനലക്ഷ്യസ്ഥാനങ്ങളുമാണ്. അതിനാൽ കയറ്റുമതി വരുമാനത്തെയും അത് ബാധിച്ചേക്കാം. ചുരുങ്ങിയത് 9–10 ദശലക്ഷം ഇന്ത്യക്കാർ ഗൾഫ് മേഖലയിൽ പണിയെടുക്കുന്നുണ്ട്. കഴിഞ്ഞ വർഷം അവർ ഏകദേശം 50 ബില്ല്യൺ ഡോളർ മൂല്യവരുന്ന തുക അവരുടെ വീടുകളിലേക്കയച്ചു. നിർണായകമായ ഈ പണത്തിന്റെ വരവ് യുദ്ധംമൂലം തടസ്സപ്പെടും. ചുരുക്കിപ്പറഞ്ഞാൽ, ഓരോ ബാരൽ എണ്ണയ്ക്കും ഇന്ത്യയ്ക്ക് അധിക ഡോളർ ചെലവാക്കേണ്ടതായി വരികയും എന്നാൽ ഡോളറിന്റെ ഇങ്ങോട്ടേയ്ക്കുള്ള ഒഴുക്ക് കുറയുകയും ചെയ്യും. വിദേശ നിക്ഷേപത്തിന്റെ പുറത്തേക്കുള്ള ഒഴുക്കുമൂലം ഇതിനകംതന്നെ സമ്മർദത്തിലായ രൂപയുടെ വിനിമയമൂല്യം കൂടുതൽ ഇടിയും.
അങ്ങനെ, ഇറാന്റെ മേൽ ആക്രമണം നടത്താനുള്ള അമേരിക്കൻ സാമ്രാജ്യത്വത്തിന്റെ തീരുമാനം ഇന്ത്യയെ സംബന്ധിച്ച് വലിയ പ്രത്യാഘാതങ്ങൾ സൃഷ്ടിക്കുന്ന ഒന്നായിത്തീർന്നിരിക്കുന്നു. ഈ ആക്രമണത്തിന്റെ വ്യാപ്തിയും അതിനായുള്ള ദീർഘകാലത്തെ തയ്യാറെടുപ്പുകളും കണക്കിലെടുക്കുമ്പോൾ, പൗരരുടെ ജീവിതത്തെക്കുറിച്ച് ആശങ്കയുള്ള ഏതൊരു ഭരണകൂടവും യുദ്ധം തടയുന്നതിന് ചടുലമായ നയതന്ത്ര ശ്രമങ്ങൾ നടത്തുമെന്ന് ആരും പ്രതീക്ഷിക്കും. അതിൽ ഇന്ത്യയെപ്പോലുള്ള ഒരു വലിയ രാജ്യത്തിന്റെ സജീവമായ പങ്ക് തള്ളിക്കളയാനാവാത്തതാണ്; ഇത്തരമൊരു യുദ്ധത്തിൽ നഷ്ടങ്ങളുണ്ടാകാൻ സാധ്യതയുള്ള, ലോകമെമ്പാടുമുള്ള മറ്റ് രാജ്യങ്ങൾക്കൊപ്പം ഇന്ത്യയും അണിനിരക്കുകയും ചെയ്യണമായിരുന്നു.
പകരം മോദി സർക്കാർ അമേരിക്കയുടെ കീഴാള സഖ്യകക്ഷിയായി നിന്നുകൊണ്ട് അമേരിക്കയുടെയും പശ്ചിമേഷ്യയിലെ അതിന്റെ ദല്ലാളായ ഇസ്രയേലിന്റെയും തന്ത്രപരമായ താൽപ്പര്യങ്ങളുമായി സന്ധി ചെയ്യുന്ന ഒരു വിദേശനയമാണ് സ്വീകരിച്ചിരിക്കുന്നത്: യുദ്ധത്തിനു വെറും രണ്ടുദിവസം മുമ്പ് ഇന്ത്യൻ പ്രധാനമന്ത്രി ഇസ്രയേൽ സന്ദർശിച്ചതുതന്നെ അതിന്റെ തെളിവാണ്. അവിടെ വച്ച് ഇന്ത്യയും ഇസ്രയേലും തമ്മിലുള്ള നിലവിലെ ‘തന്ത്രപരമായ പങ്കാളിത്ത’ത്തെ; ‘‘പ്രത്യേക തന്ത്രപരമായ പങ്കാളിത്ത’’ത്തിലേക്ക് ഉയർത്തി. പ്രതിരോധം, സുരക്ഷ, സാങ്കേതികവിദ്യ, സെെബർ സുരക്ഷ, വ്യാപാരം, ഇന്ത്യൻ തൊഴിലാളികളെ ഇസ്രയേലിന് നൽകുക എന്നിവകൂടി അതിലുൾപ്പെടുത്തി. ഇന്ത്യൻ പ്രധാനമന്ത്രി ഇസ്രയേൽ പാർലമെന്റിൽ ‘‘ഈ നിമിഷത്തിലും, അതിനപ്പുറവും ഉറച്ച ബോധ്യത്തോടെ ഇസ്രയേലിനൊപ്പം നിൽക്കുന്നു’’ എന്നും പ്രഖ്യാപിച്ചു.
ഇത് യഥാർഥത്തിൽ സൂചിപ്പിക്കുന്നത്, ഇന്ത്യ ഈ നിമിഷത്തിലും അതിനപ്പുറവും അമേരിക്കയ്ക്കൊപ്പം നിലകൊള്ളുന്നു എന്നാണ്. ഈ നിലപാടിനെ, അമേരിക്കയുമായി ഒരു ‘‘വ്യാപാര കരാർ’’ തീർപ്പാക്കാനുള്ള ഇന്ത്യാ ഗവൺമെന്റിന്റെ തീരുമാനത്തിൽനിന്നും വേറിട്ടു കാണാനാവില്ല; ശരിക്കും വ്യാപാരക്കരാറല്ല, മറിച്ച് ഇന്ത്യൻ ജനതയുടെമേൽ കൊളോണിയൽ ശെെലി അടിച്ചേൽപ്പിക്കലാണ‍്. ആ ‘‘ഇടക്കാല കരാറിനായുള്ള ചട്ടക്കൂടി’’നെക്കുറിച്ചുള്ള ലളിതമായ വായനയും, ഇന്ത്യൻ അധികാരികൾ ഇതേവരെയും നിഷേധിച്ചിട്ടില്ലാത്ത അമേരിക്കൻ അധികാരികളുടെ വിവിധ പ്രസ്താവനകളും ഈ ‘‘ചട്ടക്കൂട്’’ ഇന്ത്യൻ ജനതയ്ക്കുമേൽ വിനാശകരമായ പ്രത്യാഘാതങ്ങളുണ്ടാക്കുമെന്ന് വെളിപ്പെടുത്തുന്നു.
എന്തായാലും, ഇന്ത്യയിലെ വൻകിട ബിസിനസുകാർ ആ ‘ചട്ടക്കൂടി’നെ ഏകകണ്ഠമായി സ്വാഗതം ചെയ്തു. അമേരിക്കൻ സാമ്രാജ്യത്വം അതിന്റെ ലക്ഷ്യം കണ്ടു. ഇസ്രയേലിനെയും ഇറാനെയും കുറിച്ചുള്ള ഇന്ത്യാ ഗവൺമെന്റിന്റെ നിലപാടിനു പിന്നിലും ഇതേ പരിഗണനകൾ തന്നെയാണ്. ഇറാനെതിരായ ഇപ്പോഴത്തെ യുദ്ധം, ഇന്ത്യക്കുള്ളിലെ വർഗതാൽപ്പര്യത്തിന്റെ കാര്യത്തിൽ ഇന്ത്യയിലെ ജനങ്ങളും വൻകിട ബിസിനസുകാരും തമ്മിലുള്ള വെെരുധ്യത്തെ ഒരിക്കൽ കൂടി നഗ്നമായി തുറന്നുകാട്ടുന്നു.
മിലിറ്ററി– ഇൻഡസ്ട്രിയൽ കോംപ്ലക്സുമായി ബന്ധപ്പെട്ടിരിക്കുന്ന മുതലാളിമാർ എല്ലായ്-പ്പോഴും യുദ്ധം ഇഷ്ടപ്പെടുന്നു എന്നത് പരാമർശിക്കേണ്ടത് പ്രസക്തമാണ്. കാരണം അത് പ്രതിരോധ ചെലവഴിക്കൽ വർധിപ്പിക്കുന്നു; മുതലാളിമാരുടെ ലാഭം പരമാവധിയാക്കുന്ന ഇത്തരം സെെനിക ആയുധങ്ങളുടെയും ഉൽപ്പന്നങ്ങളുടെയും ഡിമാൻഡ് വർധിപ്പിക്കുന്നു. മുതലാളിത്തത്തിൻ കീഴിൽ, യുദ്ധത്തിന്റെ പ്രേരകശക്തിയെന്ന നിലയിൽ ഇത്തരം മിലിറ്ററി– ഇൻഡസ്ട്രിയൽ കോംപ്ലക്സ് ഇപ്പോഴും സജീവമാണെങ്കിലും അതിന്റെ കേവല പ്രാധാന്യം കുറഞ്ഞുവരികയാണ്. ഈ പ്രവണത ഉണ്ടെങ്കിൽത്തന്നെയും വിശാലാർഥത്തിൽ, യുദ്ധങ്ങൾ എപ്പോഴും മുതലാളിത്തത്തിന്റെ കേന്ദ്ര ബിന്ദുവാണ്. ലോകമെമ്പാടും സമ്പത്തിന്റെ കുന്നുകൂട്ടൽ സാധ്യമാക്കിയ കൊള്ളയും കമ്പോള അധിനിവേശവും സുഗമമാക്കുന്നതിനായി മുതലാളിത്തം അതിന്റെ ആരംഭം മുതൽതന്നെ ക്രൂരമായ യുദ്ധങ്ങളിൽ ഏർപ്പെട്ടിട്ടുണ്ട്. പ്രൊഫ. സി പി ചന്ദ്രശേഖർ പറയുന്നതുപോലെ, ‘പ്രാകൃത സഞ്ചയം’ എന്ന ക്രൂരമായ പ്രക്രിയ മുതലാളിത്തത്തിന്റെ പ്രാരംഭഘട്ടത്തിലും കൊളോണിയൽ വികാസത്തിന്റെ കാലഘട്ടത്തിലും മാത്രമായി ഒതുങ്ങിനിൽക്കുകയല്ല ചെയ്തത്; മറിച്ച് വ്യവസ്ഥയുടെ വിപുലീകരണവും സ്ഥിരതയും, ഉൗറ്റിയെടുക്കുന്ന മിച്ച മൂല്യത്തെയും സെെനിക ഇടപെടലിലൂടെ പിടിച്ചെടുക്കുന്ന കമ്പോളങ്ങളെയും ആശ്രയിച്ചിരിക്കുന്നു എന്നതുകൊണ്ടുതന്നെ മുതലാളിത്തത്തിന്റെ ചരിത്രത്തിലുടനീളം അതു തുടർന്നു. അടുത്തകാലത്തായയി ക്ഷയിച്ചുകൊണ്ടിരിക്കുന്ന ആധിപത്യശക്തി എന്ന നിലയിൽ അമേരിക്ക അതിന്റെ ഭൂതകാലത്തെ മേധാവിത്വം വീണ്ടെടുക്കുന്നതിന് ആക്രമണാത്മകവും എന്തിനും തുനിയുന്നതുമായ നീക്കം ശക്തമാക്കിയിരിക്കുകയാണ്.അതിന്റെ ഫലമായി, ലോകത്തിലെ വിഭവങ്ങളുടെ, പ്രത്യേകിച്ചും നിർണായകമായ ധാതുക്കളുടെയും ഊർജത്തിന്റെയും മേൽ നിയന്ത്രണം നേടിയെടുക്കാനുള്ള ആക്രമണാത്മകമായ ശ്രമങ്ങൾ മുൻനിർത്തിക്കൊണ്ടുള്ള സാമ്രാജ്യത്വ കടന്നാക്രമണത്തിന്റെ പഴയ പതിപ്പുകളെ പുനരുജ്ജീവിപ്പിക്കുകയാണ്. ഇത് വെനസ്വേലയിൽ നടപ്പാക്കുകയും, അധിനിവേശം നടത്താതെ തന്നെ വിഭവങ്ങളുടെ നിയന്ത്രണം ഉറപ്പാക്കുന്നതിന് ഭരണകൂട മാറ്റം സാധ്യമാക്കാമെന്ന ധാരണയിൽ ഇറാനിൽ ആവർത്തിക്കാൻ ശ്രമിക്കുകയുമാണ്. വിശാലാർഥത്തിൽ പറഞ്ഞാൽ, സെെനികവൽക്കരിക്കപ്പെട്ട മൂലധന സഞ്ചയം മുതലാളിത്തത്തിന്റെ പ്രവർത്തനത്തിന് അനിവാര്യമായി മാറിയിരിക്കുന്നു. l



