Saturday, May 30, 2026

ad

Homeകവര്‍സ്റ്റോറികുട്ടികളും 
ബോംബുകളും

കുട്ടികളും 
ബോംബുകളും

ന്റെ മകൾ എന്നോട് ചോദിച്ചു, ‘അമ്മേ, ഞാൻ വളരുമ്പോൾ ബോംബുകൾ വീഴുന്നത് നില്‍ക്കുമോ?’ ‘ഉവ്വ് മോളേ.’ ഞാൻ നുണ പറഞ്ഞു. എന്റെ മകളോട് എങ്ങനെ ഞാൻ സത്യം പറയും?

– ഫാത്തിമ അൽ-ഹസ്സൻ, ഗാസയിലെ ഒരു അഭയാർത്ഥി ക്യാമ്പ്, 2025 ഡിസംബർ (UNICEF റിപ്പോർട്ട്, 2026)

രണ്ട് നഗരങ്ങൾ, ഒരേ ബാല്യം
ഗാസയിലെ ഖാൻ യൂനിസിൽ അഞ്ചുവയസ്സുകാരി മറിയത്തിന്റെ ശരീരം അവശിഷ്ടങ്ങൾക്കിടയിൽ നിന്നു കണ്ടെടുത്തപ്പോൾ അവളുടെ കൈകളിൽ ഒരു പാവയുണ്ടായിരുന്നു. പ്ലാസ്റ്റിക് പാവ. അവളതിനെ മുറുകെ കെട്ടിപ്പിടിച്ചിരുന്നു. അവളുടെ അവസാനത്തെ ആലിംഗനം. (BBC News, 2024 മാർച്ച് 15)

തെഹ്റാനിലെ ശഹീദ് ബെഹെഷ്തി മേഖലയിൽ, ഏഴുവയസ്സുകാരൻ അമീറിന്റെ മൃതദേഹം കണ്ടെത്തിയപ്പോൾ അവന്റെ കയ്യിൽ ഒരു പുസ്തകമുണ്ടായിരുന്നു. ‘എന്റെ ആദ്യത്തെ ഖുർആൻ പാഠങ്ങൾ.’ അവന്റെ അവസാനത്തെ പാഠം. (ഇറാന്‍ ഇന്റര്‍നാഷണല്‍, 2026 മാർച്ച് 5)

രണ്ടു കുട്ടികൾ. രണ്ടു വ്യത്യസ്ത രാജ്യങ്ങൾ. രണ്ടു വ്യത്യസ്ത യുദ്ധങ്ങൾ. പക്ഷേ ഒരേതരം ആയുധം. 2,000 പൗണ്ട് ഭാരമുള്ള അമേരിക്കൻ നിർമിത ബോംബുകൾ.
യുദ്ധത്തിന്റെ കണക്കുകളെക്കുറിച്ചോ മിസൈലുകളുടെ വ്യാപ്തിയെക്കുറിച്ചോ രാഷ്ട്രീയ നീക്കങ്ങളെക്കുറിച്ചോ അല്ല ഞാനിനി എഴുതുന്നത്. ഗാസയിലും തെഹ്റാനിലും ബോംബുകൾ, കുട്ടികളുടെ മനസ്സിലും ശരീരത്തിലും ആത്മാവിലും ഒരേപോലെ ചെയ്യുന്ന കാര്യങ്ങളെക്കുറിച്ചാണ്. ഈ ലേഖനത്തില്‍ എന്നേക്കാള്‍ കൂടുതല്‍ സംസാരിക്കുന്നത് ദൃക്‌സാക്ഷികളാണ്.

യുദ്ധത്തിൽ ഏറ്റവും ദുർബലരായ വിഭാഗം കുട്ടികളാണ്. ഗാസയിൽ യുണിസെഫിന്റെ കണക്കുകള്‍ പ്രകാരം 2023 ഒക്ടോബർ മുതൽ 2025 ഡിസംബർ വരെ 17,000-ത്തിലധികം കുട്ടികൾ കൊല്ലപ്പെട്ടു. ഗാസയിലെ ഓരോ 100 കുട്ടികളിൽ ഒരാൾ വീതം കൊല്ലപ്പെട്ടു എന്നാണ് ഇതിനര്‍ത്ഥം. കൊല്ലപ്പെട്ടവരെക്കാൾ അധികമാണ് ശാരീരികമായി തകർക്കപ്പെട്ടവർ. 2026 മാർച്ച് വരെയുള്ള കണക്കനുസരിച്ച്, 34,000-ത്തിലധികം കുട്ടികൾക്ക് ഗുരുതരമായ പരിക്കുകൾ സംഭവിച്ചിട്ടുണ്ട്.

തെഹ്റാനിൽ 2026 ഫെബ്രുവരി 28-ന് ആരംഭിച്ച യുദ്ധത്തിന്റെ ആദ്യ മൂന്ന് ആഴ്ചകളിൽ മാത്രം 1423 കുട്ടികൾ കൊല്ലപ്പെടുകയും 4,800-ലധികം കുട്ടികൾക്ക് പരിക്കേൽക്കുകയും ചെയ്തുവെന്ന് ഇറാന്റെ ആരോഗ്യ മന്ത്രാലയം റിപ്പോർട്ട് ചെയ്തു. തെഹ്റാന്റെ തെക്കൻ പ്രാന്തപ്രദേശത്ത് ഒരു ബഹുനില കെട്ടിടത്തിൽ ബോംബ് പതിച്ചപ്പോൾ, ആ കെട്ടിടത്തിലെ ഒരു നഴ്സറിയിലുണ്ടായിരുന്ന 34 കുട്ടികളാണ് മരിച്ചത്. അവരിൽ ഏറ്റവും ചെറിയ കുട്ടിക്ക് 11 മാസമായിരുന്നു പ്രായം.

ഡോ. ഖാലിദ് അൽ-ബത്നിജി, ഗാസയിലെ അൽ-ഷിഫ ആശുപത്രിയിലെ ശിശുരോഗ വിഭാഗം മേധാവി, 2024 ഏപ്രിലിൽ ഒരു അഭിമുഖത്തിൽ പറഞ്ഞു:

‘‘ഞങ്ങൾക്ക് ഏറ്റവും ബുദ്ധിമുട്ടുള്ളത് മൂന്നു വയസ്സിന് താഴെയുള്ള കുട്ടികളെ ചികിത്സിക്കാനാണ്. അവർക്ക് എന്താണ് സംഭവിക്കുന്നതെന്ന് വിശദീകരിക്കാൻ കഴിയില്ല. അവർ അമ്മയെ വിളിക്കും. ബോംബ് വീണ ശബ്ദം അവരുടെ ചെവിയിൽ എപ്പോഴും മുഴങ്ങും. അവർ കരയും, കരച്ചിൽ നിർത്തും, പിന്നെ വീണ്ടും തുടങ്ങും. ഇത് മണിക്കൂറുകളോളം നീളും.’’

ശരീരത്തിലെ മുറിവുകൾ ചികിത്സിക്കാം. കൃത്രിമക്കാലും കൈയും വച്ചു പിടിപ്പിച്ച് ജീവിതത്തിലേക്ക് മടങ്ങിവരുന്ന ധാരാളം കുട്ടികളുണ്ട്. പക്ഷേ മനസ്സിലെ മുറിവുകൾ, അവ ഒരിക്കലും ഉണങ്ങില്ല. അവ തലമുറകളിലേക്ക് കൈമാറപ്പെടും.

പോസ്റ്റ് ട്രോമാറ്റിക് സ്ട്രെസ് ഡിസോർഡർ (PTSD) എന്നത് മുതിർന്നവർക്ക് മാത്രമുള്ളതാണെന്ന ധാരണ വേണ്ട. കുട്ടികളെയും ബാധിക്കും. എന്നു മാത്രമല്ല, കുട്ടികളിൽ ഇത് കൂടുതൽ ഗുരുതരമാണു താനും. കാരണം അവരുടെ മസ്തിഷ്കം ഇപ്പോഴും വളരുകയാണ്. ആഘാതം ആ വളർച്ചയെതന്നെ മാറ്റിമറിക്കും. ഗാസയിലെ കുട്ടികളുടെ മാനസികാവസ്ഥയെക്കുറിച്ച് UNICEF 2025 ഡിസംബറിൽ പുറത്തുവിട്ട റിപ്പോർട്ട് ഞെട്ടിക്കുന്നതായിരുന്നു. ആ റിപ്പോര്‍ട്ട്പ്രകാരം ഗാസയിലെ 10 കുട്ടികളിൽ 9 പേർക്കും കടുത്ത ഉത്കണ്ഠയും വിഷാദവും അനുഭവപ്പെടുന്നു. 7 വയസ്സിന് താഴെയുള്ള കുട്ടികളിൽ 80 ശതമാനവും സംസാരശേഷി നഷ്ടപ്പെട്ടവരോ സംസാരിക്കാൻ വിസമ്മതിക്കുന്നവരോ ആണെന്ന് കണ്ടെത്തി. 5 വയസ്സുകാരായ കുട്ടികൾക്ക് ഇപ്പോഴും രാത്രിയിൽ മൂത്രം പോകുന്ന ശീലം തുടരുന്നു. അവർ ബോംബിന്റെ ശബ്ദം കേൾക്കുമ്പോൾ വിറയ്ക്കുന്നു.

തെഹ്റാനിലെ കുട്ടികളുടെ അവസ്ഥയും വ്യത്യസ്തമല്ല. ഇറാന്റെ മാനസികാരോഗ്യ സംഘടനയുടെ കണക്കുകൾ പ്രകാരം യുദ്ധം ആരംഭിച്ച് ഒരു മാസത്തിനുള്ളിൽ തെഹ്റാനിലെ 18 ലക്ഷം കുട്ടികൾക്ക് കൗൺസിലിങ് ആവശ്യമായി വന്നു.

ഗാസയിലെ ചൈൽഡ് സൈക്കോളജിസ്റ്റ് ഡോ. റീം അബു ഹസ്സൻ ഇങ്ങനെ വിവരിച്ചു: “ഒരു ആറുവയസ്സുകാരനെ ഞാൻ കണ്ടു. അവൻ ബോംബ് വീഴുമ്പോൾ കണ്ണുകൾ അടച്ചുപിടിക്കും’. അവൻ എന്നോട് പറഞ്ഞു, ‘എന്റെ കണ്ണുകൾ അടച്ചാൽ ഞാൻ മരിച്ചുവെന്ന് ബോംബുകൾ കരുതും, അപ്പോള്‍ അവ പോകും.’’ ‘ഇത് ആറുവയസ്സുകാരന്റെ ചിന്തയാണ്. ബോംബുകളെ എങ്ങനെ വഞ്ചിക്കാം എന്ന് അവൻ പഠിച്ചിരിക്കുന്നു.’

ഡോ. ഷിറിൻ മൊഹമ്മദി, തെഹ്റാനിലെ ചൈൽഡ് സൈക്കോളജിസ്റ്റ് ഇറാനിയൻ സ്റ്റേറ്റ് ന്യൂസ് ഏജൻസിയോട് പറഞ്ഞത് ഇങ്ങനെയാണ്:

“കുട്ടികൾ ഇപ്പോൾ ഉച്ചത്തിലുള്ള ഏത് ശബ്ദം കേട്ടാലും പേടിക്കുന്നു. ഇടിമുഴക്കംപോലും അവർക്ക് ബോംബാണ്. ഒരു എട്ടുവയസ്സുകാരൻ എന്നോട് ചോദിച്ചു: ‘ഞാൻ ഉറങ്ങുമ്പോൾ ബോംബ് വീണാൽ ഞാൻ ഉണരുമോ?’ അവൻ ഉറങ്ങാൻ ഭയപ്പെടുന്നു. ഉറക്കം എന്നത് ഒരു കുട്ടിയുടെ സുരക്ഷിതമായ ഇടമാണ്. ഇപ്പോൾ അത് നഷ്ടമായിരിക്കുന്നു.’

ബോംബുകളുടെ ഇരകള്‍ മാത്രമല്ല കുട്ടികൾ. അവർ സാക്ഷികളുമാകുന്നു. അച്ഛനും അമ്മയും സഹോദരങ്ങളും സുഹൃത്തുക്കളും തങ്ങളുടെ കൺമുന്നിൽ വെച്ച് കൊല്ലപ്പെടുന്നത് കാണുന്ന കുട്ടികൾ. അവരുടെ മനസ്സിൽ ആ ചിത്രങ്ങൾ ആജീവനാന്തം കത്തിജ്വലിച്ചുകൊണ്ടേയിരിക്കും എന്നതില്‍ സംശയമില്ല. ഗാസയിൽ 2024 ജനുവരിയിൽ നടത്തിയ ഒരു പഠനമനുസരിച്ച് 10 വയസ്സിനു മുകളിലുള്ള കുട്ടികളിൽ 95 ശതമാനവും ഒരു കുടുംബാംഗത്തിന്റെയോ സുഹൃത്തിന്റെയോ മരണം നേരിട്ട് കണ്ടിട്ടുള്ളവരാണ്.

12 വയസ്സുകാരൻ മുഹമ്മദ് അൽ-മസ്രി, 2024 ഫെബ്രുവരിയിൽ BBC-ക്ക് നൽകിയ അഭിമുഖത്തിൽ പറഞ്ഞു:

“ഞാൻ എന്റെ അച്ഛന്റെ കൈ പിടിച്ചിരുന്നു. അപ്പോൾ ബോംബ് വീണു. ഞാൻ വീണു. ഞാൻ എഴുന്നേറ്റപ്പോൾ എന്റെ അച്ഛന്റെ കൈ എന്റെ കയ്യിൽ ഉണ്ടായിരുന്നു. പക്ഷേ അച്ഛൻ അവിടെ ഇല്ലായിരുന്നു. ആ കൈ മാത്രം. ഞാൻ ഇപ്പോഴും ആ കൈ കാണുന്നു. രാത്രിയിൽ ഞാൻ കണ്ണടയ്ക്കുമ്പോൾ ആ കൈ എന്റെ മുന്നിൽ വരും.’

തെഹ്റാനിൽ 2026 മാർച്ച് 15-ന് ഇറാനിയൻ ടെലിവിഷന് നൽകിയ അഭിമുഖത്തിൽ 9 വയസ്സുകാരി സാറ അഹമ്മദി പറഞ്ഞത് ഇങ്ങനെയാണ്: “ഞങ്ങൾ വീട്ടിൽ ഇരിക്കുകയായിരുന്നു. എന്റെ അനിയത്തി എന്റെ അടുത്തിരിക്കുന്നു. അവൾക്ക് നാലു വയസ്സായിരുന്നു. വലിയൊരു പൊട്ടിത്തെറി കേട്ടു. അനിയത്തി എന്റെ മടിയിലേക്കാണ് വീണത്. ഞാൻ അവളെ വിളിച്ചു. അവൾ എഴുന്നേറ്റില്ല. അവളുടെ കണ്ണുകൾ തുറന്നിരുന്നു. പക്ഷേ അവൾ എന്നെ കണ്ടില്ല. അവൾ എന്റെ മടിയിൽ കിടന്നു മരിച്ചു. ഞാൻ ഇപ്പോഴും അവളുടെ കണ്ണുകൾ കാണുന്നു.’

ഡോ. ഗാസി അബു ഹസ്സൻ, ഗാസയിലെ മാനസികാരോഗ്യ വിദഗ്ധൻ, 2024 മാർച്ചിൽ യു.എൻ റിപ്പോർട്ടിന് നൽകിയ വിശകലനത്തിൽ പറഞ്ഞു:

“ഒരു കുട്ടി സ്വന്തം അമ്മയുടെ മരണം കാണുമ്പോൾ, അവന്റെ മനസ്സിൽ ഒരു പിളർപ്പ് സംഭവിക്കുന്നു. ലോകം സുരക്ഷിതമാണ് എന്ന വിശ്വാസം തകരുന്നു. ആദ്യത്തെ പ്രതികരണം മറവിയാണ്. അവൻ ആ സംഭവം മറക്കാൻ ശ്രമിക്കും. പക്ഷേ മറക്കില്ല. അത് അവന്റെ ഉപബോധമനസ്സിൽ കുടിയേറും. പിന്നീട് അത് ദേഷ്യമായി പുറത്തുവരും. ദേഷ്യം വെറുപ്പായി മാറും. വെറുപ്പ് പ്രതികാരമായി മാറും. ഇതാണ് യുദ്ധം അടുത്ത തലമുറയ്ക്ക് നൽകുന്ന പാരമ്പര്യസ്വത്ത്.’

ഒരു കുട്ടി തന്റെ അച്ഛന്റെ കൈ മാത്രം ബാക്കിയാകുന്ന ദൃശ്യവുമായി ജീവിക്കാൻ പഠിക്കുമ്പോൾ, അവന്റെ ഉള്ളിൽ എന്താണ് സംഭവിക്കുന്നത്? അവന്റെ ഹൃദയത്തിൽ ബാക്കിയാവുന്ന ശൂന്യത നിറയ്ക്കാൻ ഒന്നിനും കഴിയില്ല. സ്നേഹമോ ആശ്വാസമോ ആലിംഗനമോ ഒന്നും ആ ശൂന്യതയില്‍ നിറയില്ല. കാരണം ആ ശൂന്യതയുടെ ആകൃതി തന്നെ ഒരു ബോംബിന്റേതാണ്.

ഗാസയിലെ ഒരു അഭയകേന്ദ്രത്തിൽ താമസിക്കുന്ന പതിമൂന്നുകാരി നാദിയ പറഞ്ഞത് ഇങ്ങനെയാണ്: “ഞാൻ ഇനി ഒരിക്കലും ഒരാളെയും സ്നേഹിക്കില്ല. കാരണം ഞാൻ സ്നേഹിക്കുന്ന ഏതൊരാളെയും ബോംബുകൾ കൊണ്ടുപോകും. എന്റെ അച്ഛനെപ്പോലെ. എന്റെ അനിയത്തിയെപ്പോലെ. ഞാൻ ആരെയും സ്നേഹിക്കാതിരിക്കുകയാണ് ഏറ്റവും നല്ലത്.’ ബോംബുകൾ കൊല്ലുന്നത് ശരീരങ്ങളെ മാത്രമല്ല. അവ കൊല്ലുന്നത് മനുഷ്യരുടെ സ്നേഹത്തെയാണ്. ഭാവിയിലെ ആലിംഗനങ്ങളെയാണ്. ഭാവിയിലെ ചിരികളെയാണ്.

തെഹ്റാനിലെ ഒരു മാനസികാരോഗ്യ കേന്ദ്രത്തിൽ, അഞ്ചുവയസ്സുകാരൻ ഹുസൈൻ തന്റെ കൈകൊണ്ട് നിരന്തരം ഒരു ചലനം ആവർത്തിക്കുന്നു. അവൻ ആകാശത്തേക്ക് കൈ ഉയർത്തുകയും പെട്ടെന്ന് താഴേക്ക് വീഴ്ത്തുകയും ചെയ്യുന്നു. അവന്റെ അമ്മ പറഞ്ഞു, “അവൻ ബോംബ് വീഴുന്നത് അനുകരിക്കുകയാണ്. അവന് അത് നിർത്താൻ കഴിയില്ല. ആ കൈകൾ അത് നിരന്തരം ചെയ്യുന്നു. അവന് അത് ചെയ്യാതിരിക്കണമെന്നുണ്ട്. പക്ഷേ കൈകൾ അവനെ അനുസരിക്കുന്നില്ല.’

ഈ കുട്ടികളുടെ കൈകൾ അവരെ അനുസരിക്കുന്നില്ല. മനസ്സുകൾ അവരെ അനുസരിക്കുന്നില്ല. സ്വപ്നങ്ങൾ അവരെ അനുസരിക്കുന്നില്ല. ബോംബുകൾ എല്ലാം പിടിച്ചെടുത്തിരിക്കുന്നു. അവശേഷിക്കുന്നത് വെറും ശൂന്യതയും ഭയവും ആവർത്തനങ്ങളും മാത്രം. ഇതാണ് യുദ്ധത്തിന്റെ നിശ്ശബ്ദമായ ഭാഷ. ഈ ഭാഷ മനസ്സിലാക്കാൻ നമ്മൾ പഠിക്കേണ്ടിയിരിക്കുന്നു. കാരണം ഈ ഭാഷയിലാണ് ലോകത്തിന്റെ ഭാവി എഴുതപ്പെട്ടിരിക്കുന്നത്.

ഒരു കുട്ടിക്ക് അവന്റെ കൈയോ കാലോ നഷ്ടപ്പെടുമ്പോൾ, അവന് കളിക്കാനുള്ള കഴിവോ എഴുതാനുള്ള കഴിവോ മാത്രമല്ല. സ്വന്തം ശരീരത്തോടുള്ള അവന്റെ വിശ്വാസമാണ് നഷ്ടപ്പെടുന്നത്. സ്വന്തം ഐഡന്റിറ്റിയാണ് നഷ്ടപ്പെടുന്നത്. ഭാവിയെക്കുറിച്ചുള്ള പ്രതീക്ഷയാണ് നഷ്ടപ്പെടുന്നത്. ഗാസയിൽ 2025 അവസാനത്തോടെ 3,500ലധികം കുട്ടികൾക്ക് ഒന്നോ അതിലധികമോ അവയവങ്ങൾ നഷ്ടപ്പെട്ടതായി WHO റിപ്പോർട്ട് ചെയ്തു. ഇവരിൽ പലർക്കും കൃത്രിമ അവയവങ്ങൾ ലഭിച്ചിട്ടില്ല. തെഹ്റാനിൽ 2026 മാർച്ച് 20-ന് ഇറാൻ മെഡിക്കൽ കൗൺസിൽ റിപ്പോർട്ട് ചെയ്തത് 1,200-ലധികം കുട്ടികൾക്ക് അവയവങ്ങൾ നഷ്ടപ്പെട്ടുവെന്നാണ്.

10 വയസ്സുകാരി നൂർ അൽ-ഹുദ, ഗാസ, 2024 ഏപ്രിലിൽ അല്‍ ജസീറയോട് പറഞ്ഞു, “എനിക്ക് രണ്ട് കാലുകളും ഇല്ല. ഞാൻ ഓടാൻ ഇഷ്ടപ്പെട്ടിരുന്നു. ഞാൻ ഫുട്ബോൾ കളിക്കാൻ ഇഷ്ടപ്പെട്ടിരുന്നു. ഇപ്പോൾ ഞാൻ ഇവിടെ ഇരിക്കുന്നു. എന്റെ സുഹൃത്തുക്കൾ ഓടുന്നത് ഞാൻ കാണുന്നു. ഞാൻ അവരോടൊപ്പം ഓടാൻ ആഗ്രഹിക്കുന്നു. പക്ഷേ എനിക്ക് കഴിയില്ല. ഞാൻ എന്റെ അമ്മയോട് ചോദിച്ചു: ‘എനിക്ക് വീണ്ടും കാലുകൾ മുളച്ചു വരുമോ?’’ അമ്മ കരഞ്ഞു. ഞാൻ പിന്നെ ചോദിച്ചില്ല.’

തെഹ്റാനിലെ പീഡിയാട്രിക് റിഹാബിലിറ്റേഷൻ സ്പെഷ്യലിസ്റ്റ് ഡോ. മർയം ഖസേമി, 2026 മാർച്ച് 22-ന് ഇറാനിയൻ മെഡിക്കൽ ജേണലിന് നൽകിയ അഭിമുഖത്തിൽ പറഞ്ഞു, “ഒരു കുട്ടിക്ക് അവയവം നഷ്ടപ്പെടുമ്പോൾ, അവന് ശാരീരികമായ പുനരധിവാസം മാത്രമല്ല മാനസികമായ പുനരധിവാസം കൂടിയാണ് വേണ്ടത്. അവൻ സ്വന്തം ശരീരത്തെ വെറുക്കാൻ തുടങ്ങും. അവൻ സമൂഹത്തിൽ നിന്ന് ഒറ്റപ്പെടും. അവൻ ചോദിക്കും, ‘എന്തുകൊണ്ട് ഞാൻ? എന്തുകൊണ്ട് ഞാൻ ഈ ശിക്ഷ അനുഭവിക്കുന്നു?’ ഈ ചോദ്യത്തിന് ഉത്തരമില്ല. അതാണ് ഏറ്റവും വലിയ വേദന.’

ഇവിടെയാണ് ഏറ്റവും വലിയ ചോദ്യം ഉയരുന്നത്. ഈ ആക്രമണം കണ്ടുവളരുന്ന കുട്ടികൾ, തങ്ങളുടെ കുടുംബം ക്രൂരമായി കൊല്ലപ്പെടുന്നത് കാണുന്നവർ, സുഹൃത്തുക്കളും സഹോദരങ്ങളും സ്വന്തം അവയവങ്ങളും നഷ്ടപ്പെടുന്നത് കണ്ടു വളരുന്നവർ… ഇവർ എങ്ങനെയുള്ള മനുഷ്യരായി വളർന്നു വരും?

ഇത് വ്യക്തിപരമായ ദുരന്തം മാത്രമല്ല. ഇത് സമൂഹത്തിന്റെയും ലോകത്തിന്റെയും ഭാവിയെക്കുറിച്ചുള്ള നിര്‍ണായകമായ ചോദ്യമാണ്.

ഡോ. ഗാസി അബു ഹസ്സൻ (Gaza Community Mental Health Programme) 2024 ആഗസ്തിൽ ഒരു പഠനത്തിൽ വിശദീകരിച്ചു:

“യുദ്ധാഘാതത്തിന് വിധേയരായ കുട്ടികളിൽ നാല് പ്രധാന മാനസിക പ്രതികരണങ്ങളാണ് കാണുന്നത്. ഒന്ന്, ഹൈപ്പർവിജിലൻസ്. അവർ എപ്പോഴും ജാഗ്രതയിലായിരിക്കും. ഏതു ശബ്ദവും അവർക്ക് ഭീഷണിയാണ്. അവർക്ക് വിശ്രമിക്കാൻ കഴിയില്ല. അവരുടെ അഡ്രിനാലിന്റെ അളവ് എപ്പോഴും ഉയർന്നിരിക്കും. രണ്ട്, ഡിസോസിയേഷൻ. അവർ യാഥാർത്ഥ്യത്തിൽ നിന്ന് വിച്ഛേദിക്കപ്പെടും. അവരുടെ മനസ്സ് ആഘാതത്തിൽ നിന്ന് രക്ഷപ്പെടാൻ ഒരു സംരക്ഷണ കവചം സൃഷ്ടിക്കും. ഇത് പിന്നീട് വ്യക്തിത്വ വിഭ്രാന്തിയിലേക്ക് അവരെ നയിച്ചേക്കാം. മൂന്ന്, ആക്രമണോത്സുകത. അവര്‍ക്ക് ദേഷ്യം നിയന്ത്രിക്കാന്‍ പ്രയാസമാണ്. ചിലർ സ്വയം ഉപദ്രവിക്കും. ചിലർ മറ്റുള്ളവരെ ഉപദ്രവിക്കും. ഇത് ഒരു തുടര്‍ക്കഥയായി മാറും. നാല്, അർത്ഥശൂന്യത. ജീവിതത്തിന് അർത്ഥമില്ല എന്ന തോന്നൽ. ‘ഞാൻ എന്തിന് ജീവിക്കുന്നു?’ എന്ന ചോദ്യം അവര്‍ ഓരോരുത്തരും നിരന്തരം നേരിട്ടുകൊണ്ടേയിരിക്കും. ഇതാണ് ഏറ്റവും അപകടകരമായത്. കാരണം ഇത് ആത്മഹത്യയിലേക്കോ, അർത്ഥമില്ലാത്ത അക്രമത്തിലേക്കോ നയിക്കും.’

ഗാസയിലെ ചൈൽഡ് സൈക്യാട്രിസ്റ്റ്, ഡോ. നഹീദ് അബു ശക്റ, 2025 നവംബറിൽ ഒരു അന്താരാഷ്ട്ര മനഃശാസ്ത്ര സമ്മേളനത്തിൽ അവതരിപ്പിച്ച പഠനത്തിൽ പറഞ്ഞു: “ഈ കുട്ടികൾ ‘ട്രോമ ബോണ്ടിംഗ്’ എന്ന അവസ്ഥയിലാണ് ജീവിക്കുന്നത്. അവർ ആഘാതവുമായി പൊരുത്തപ്പെട്ടുപോകുന്നു. ആഘാതമാണ് അവരുടെ സാധാരണ അവസ്ഥ. അവർക്ക് ആഘാതമില്ലാത്ത ജീവിതം സങ്കൽപ്പിക്കാൻപോലും കഴിയില്ല. ഇവർ വളരുമ്പോൾ, അവർ ആഘാതത്തെ സാധാരണവൽക്കരിക്കും. അവർക്ക് അക്രമം ജീവിതത്തിന്റെ ഭാഗമായി മാറും. അവർക്ക് അക്രമമില്ലാത്ത ലോകം എങ്ങനെയുണ്ടാകും എന്ന് അറിയില്ല.’

തെഹ്റാൻ സർവകലാശാലയിലെ ക്ലിനിക്കൽ സൈക്കോളജി പ്രൊഫസർ, ഡോ. അഹമ്മദ് റസ്തഗർ, 2026 മാർച്ച് 28-ന് ഇറാനിയൻ സൈക്കോളജിക്കൽ അസോസിയേഷന്റെ പ്രസ്താവനയിൽ പറഞ്ഞു, “ഞങ്ങൾ ഇപ്പോൾ ഒരു പുതിയ തലമുറയെ കാണുകയാണ്. ‘ജനറേഷൻ ഓഫ് ദി ബോംബ്’ എന്ന് ഞാൻ അവരെ വിളിക്കുന്നു. ഈ കുട്ടികളുടെ മസ്തിഷ്ക വികാസത്തിൽ തന്നെ ആഘാതം രേഖപ്പെടുത്തപ്പെട്ടിരിക്കുന്നു. അവരുടെ അമിഗ്ഡാല (ഭയത്തിന്റെ കേന്ദ്രം) സാധാരണ കുട്ടികളേക്കാൾ വളരെ വലുതാണ്. അവരുടെ പ്രീ-ഫ്രണ്ടൽ കോർട്ടെക്സ് (വികാര നിയന്ത്രണത്തിന്റെ കേന്ദ്രം) സാധാരണ കുട്ടികളേക്കാൾ ചെറുതാണ്. ഇത് ജനിതകമാറ്റമല്ല. എന്നാൽ ഇത് അവരുടെ ജീവിതകാലം മുഴുവൻ അവരോടൊപ്പം ഉണ്ടായിരിക്കും. ഈ കുട്ടികൾ വളരുമ്പോൾ, അവർക്ക് വികാര നിയന്ത്രണത്തിന് ബുദ്ധിമുട്ടുണ്ടാകും. അവർക്ക് ദേഷ്യം നിയന്ത്രിക്കാൻ കഴിയില്ല. അവർക്ക് വിശ്വസിക്കാന്‍ കഴിയില്ല. അവർക്ക് സ്നേഹിക്കാൻ കഴിയും, പക്ഷേ സ്നേഹം അവർക്ക് ഭയാനകമായിരിക്കും. കാരണം നഷ്ടപ്പെടുമോ എന്ന ഭയം എപ്പോഴും ഉണ്ടായിരിക്കും.’

ഇന്ന് ഗാസയിലും തെഹ്റാനിലും ബോംബുകൾ കണ്ടുവളരുന്ന കുട്ടികൾ, 10 വർഷത്തിനുള്ളിൽ യുവാക്കളായി മാറും. 20 വർഷത്തിനുള്ളിൽ അവർ സമൂഹത്തിന്റെ നേതാക്കളാകും. അവർ അധ്യാപകരും ഡോക്ടർമാരും എഞ്ചിനിയർമാരും രാഷ്ട്രീയ നേതാക്കളുമാകും. അവർ തീരുമാനങ്ങൾ എടുക്കും. അവർ ലോകത്തെ രൂപപ്പെടുത്തും. എങ്ങനെ?

ബിർസീറ്റ് യൂണിവേഴ്സിറ്റിയിലെ (വെസ്റ്റ് ബാങ്ക്) സൈക്കോളജി പ്രൊഫസർ, ഡോ. ഡയാന അൽ-ഹദീദ്, 2025 ഒക്ടോബറിൽ ഒരു അന്താരാഷ്ട്ര സമ്മേളനത്തിൽ പറഞ്ഞു:

“യുദ്ധം കണ്ടുവളരുന്ന കുട്ടികൾക്ക് രണ്ടു പാതകളേ ഉള്ളൂ. ഒന്ന്, അവർ അക്രമത്തിന്റെ ചക്രത്തിലൂടെ ജീവിക്കും. അവർ കണ്ടത് അവർ ചെയ്യും. അവർ അനുഭവിച്ചത് അവർ മറ്റുള്ളവർക്ക് നൽകും. രണ്ട്, അവർ അക്രമത്തിനെതിരെ നിൽക്കും. അവർ സമാധാനത്തിന്റെ ഏറ്റവും ശക്തരായ വക്താക്കളായി മാറും. ഈ രണ്ടു പാതകൾക്കുമിടയിലാണ് നമ്മുടെ ലോകത്തിന്റെ ഭാവി നിലനിൽക്കുന്നത്.’

ഹാർവാർഡ് മെഡിക്കൽ സ്കൂളിലെ ചൈൽഡ് ട്രോമ സ്പെഷ്യലിസ്റ്റ്, പ്രൊഫ. റിച്ചാർഡ് മോളിനോ, 2026 ഫെബ്രുവരിയിൽ ന്യൂയോർക്ക് ടൈംസിന് നൽകിയ അഭിമുഖത്തിൽ പറഞ്ഞു, “ഞങ്ങൾ ഇത് മുമ്പ് കണ്ടിട്ടുണ്ട്. കംബോഡിയ, ബോസ്നിയ, റുവാണ്ട, ഇവിടെയെല്ലാം യുദ്ധം കണ്ടുവളർന്ന ഒരു തലമുറ ഉണ്ടായിരുന്നു. ആ തലമുറയിൽ ചിലർ അക്രമികളായി മാറി. ചിലർ സമാധാന പ്രവർത്തകരായി. എന്നാൽ ഏറ്റവും പ്രധാനപ്പെട്ട കാര്യം, ആ തലമുറയില്‍ എല്ലായ്-പോഴും ആഘാതത്തിന്റെ പാടുകളുണ്ടായിരുന്നു. അവർക്ക് സന്തോഷിക്കാൻ ബുദ്ധിമുട്ടായിരുന്നു. അവർക്ക് വിശ്വസിക്കാൻ ബുദ്ധിമുട്ടായിരുന്നു. അവർക്ക് സ്നേഹിക്കാൻ ബുദ്ധിമുട്ടായിരുന്നു. യുദ്ധം ശരീരത്തെ മാത്രമല്ല ആത്മാവിനെയും കൊല്ലുന്നു.’

തെഹ്റാൻ സർവകലാശാലയിലെ സോഷ്യോളജി പ്രൊഫസർ, ഡോ. അബ്ബാസ് ഖാനി 2026 മാർച്ച് 30-ന് ഇറാനിയൻ പത്രമായ ‘എറ്റെമാദ്’ ന് നൽകിയ ലേഖനത്തിൽ എഴുതി, “ഈ കുട്ടികൾക്ക് ഇന്നു നമ്മൾ എന്ത് നൽകുന്നു എന്നതാണ് നാളെ അവർ നമുക്ക് നൽകുക. ഇന്ന് നമ്മൾ അവർക്ക് ബോംബുകൾ നൽകുകയാണെങ്കിൽ, നാളെ അവർ നമുക്ക് വെറുപ്പു നൽകും. ഇന്ന് നമ്മൾ അവർക്ക് വിദ്യാഭ്യാസം നൽകുകയാണെങ്കിൽ, നാളെ അവർ നമുക്ക് ജ്ഞാനം നൽകും. ഇന്ന് നമ്മൾ അവർക്ക് സമാധാനം നൽകുകയാണെങ്കിൽ, നാളെ അവർ നമുക്ക് ഒരു പുതിയ ലോകം നൽകും. എന്നാൽ ഇന്ന് നമ്മൾ അവർക്ക് ബോംബുകൾ മാത്രമാണ് നൽകുന്നതെങ്കിൽ, നാളെ നമ്മൾ എന്തു പ്രതീക്ഷിക്കും?’

ഈ ലേഖനം വായിക്കുമ്പോൾ, നിങ്ങളുടെ മനസ്സിൽ ഒരു ചോദ്യം ഉയരേണ്ടതാണ്.

എന്തുചെയ്യാൻ കഴിയും?
ഉത്തരം ലളിതമല്ല. നിങ്ങൾ യുദ്ധം നിർത്താൻ പോകുന്നില്ല. നിങ്ങൾ ബോംബുകൾ തടയാനും പോകുന്നില്ല. പക്ഷേ നിങ്ങൾക്ക് ചെയ്യാൻ കഴിയുന്ന ചില കാര്യങ്ങളുണ്ട്.

യു.എൻ ഹ്യുമാനിറ്റേറിയൻ കോർഡിനേറ്റർ ഡോ. മാർട്ടിൻ ഗ്രിഫിത്ത്സ് 2025 ഡിസംബറിൽ തന്റെ റിപ്പോർട്ടിൽ എഴുതി, “യുദ്ധത്തിൽ കുട്ടികൾ മരിക്കുന്നത് ഒഴിവാക്കാനാകാത്തതല്ല. അത് തീരുമാനങ്ങളുടെ ഫലമാണ്. തീരുമാനങ്ങൾ എടുക്കുന്നവരാണ് ഇതിനു കാരണക്കാർ. എന്നാൽ തീരുമാനങ്ങൾ എടുക്കുന്നവരെ സ്വാധീനിക്കാൻ കഴിയുന്നവരാണ് പൊതുജനങ്ങൾ. നിങ്ങൾക്ക് ശബ്ദമുയർത്താം. നിങ്ങൾക്ക് അവഗണിക്കാതിരിക്കാം. നിങ്ങൾക്ക് ഓർമിക്കാം. യുദ്ധത്തിൽ ആദ്യം മരിക്കുന്നത് കുട്ടികളാണ്. അവസാനം ഓർമിക്കപ്പെടുന്നതും കുട്ടികളാണ്. അവരെ മറക്കാതിരിക്കുക എന്നതാണ് നമുക്കു ചെയ്യാൻ കഴിയുന്ന ഏറ്റവും ചെറിയ കാര്യം. എന്നാൽ അത് ഏറ്റവും വലിയ കാര്യം കൂടിയാണ്.’

ഗാസയിലും തെഹ്റാനിലും ഒരേ നിലവിളിയാണ് മുഴങ്ങുന്നത്. അമ്മമാരുടെ നിലവിളി. കുട്ടികളുടെ നിലവിളി. മണ്ണിനടിയിൽ കുടുങ്ങിക്കിടക്കുന്നവരുടെ നിലവിളി.

ഗാസയിലെ മറിയത്തിന്റെ കൈയിലെ പാവയും തെഹ്റാനിലെ അമീറിന്റെ കൈയിലെ പുസ്തകവും ഒരേ കാര്യമാണ് പറയുന്നത്: ഞങ്ങൾ കുട്ടികളാണ്. ഞങ്ങൾക്ക് ജീവിക്കണം. ഞങ്ങൾക്ക് കളിക്കണം. ഞങ്ങൾക്ക് പഠിക്കണം. ഞങ്ങൾക്ക് സ്വപ്നം കാണണം.

ബോംബുകൾക്ക് ഞങ്ങളുടെ ശരീരം തകർക്കാം. ഞങ്ങളുടെ വീടുകൾ തകർക്കാം. ഞങ്ങളുടെ സ്കൂളുകൾ തകർക്കാം. പക്ഷേ ഞങ്ങളുടെ സ്വപ്നങ്ങൾ തകർക്കാൻ കഴിയില്ല.

ഞങ്ങൾ വീണ്ടും എഴുന്നേൽക്കും. ഞങ്ങൾ വീണ്ടും നടക്കും. ഞങ്ങൾ വീണ്ടും ചിരിക്കും. കാരണം ഞങ്ങൾ കുട്ടികളാണ്. ഞങ്ങൾ നിങ്ങളുടെ ഭാവിയാണ്.

എന്നാൽ ഈ ഭാവി എങ്ങനെയുള്ളതായിരിക്കും? നഷ്ടവും വേദനയും വെറുപ്പും നിറഞ്ഞതോ? അതോ സമാധാനവും സാഹോദര്യവും നിറഞ്ഞതോ? ഇന്ന് യുദ്ധം കണ്ടുവളരുന്ന ഈ കുട്ടികളുടെ കൈകളിലാണ് നാളത്തെ ലോകം. അവർക്ക് ഇന്ന് നമ്മൾ എന്തു നൽകുന്നു എന്നതാണ് നാളെ അവർ ലോകത്തിനു നൽകുക.

തിരഞ്ഞെടുക്കേണ്ടത് നമ്മളാണ്. l

ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

five × three =

Most Popular