Wednesday, April 15, 2026

ad

Homeവിശകലനംകേരളത്തിലെ ഉന്നത വിദ്യാഭ്യാസം, 
തൊഴിൽ, കുടിയേറ്റം വ്യാജപ്രചാരണങ്ങൾക്കപ്പുറം

കേരളത്തിലെ ഉന്നത വിദ്യാഭ്യാസം, 
തൊഴിൽ, കുടിയേറ്റം വ്യാജപ്രചാരണങ്ങൾക്കപ്പുറം

പി വി ഉണ്ണികൃഷ്ണൻ

ന്യ നാടുകളിലേക്കുള്ള വിദ്യാർത്ഥികളുടെ കുടിയേറ്റം, ബ്രെയിൻ ഡ്രെയിൻ, തൊഴിലില്ലായ്മ എന്നിവയെക്കുറിച്ചുള്ള ആശങ്കകൾ നമുക്കെല്ലാവർക്കുമുണ്ട്. എന്നാൽ കേരളത്തിന്റെ ഭാവിയെക്കുറിച്ചുള്ള സമീപകാല പരാമർശങ്ങൾ വസ്തുതകളെ അർദ്ധസത്യങ്ങളുമായി കൂട്ടിക്കുഴയ്ക്കുകയും, നാം ഏറ്റെടുത്തിട്ടുള്ള പരിഷ്കാരങ്ങളുടെ ആഴത്തെ പ്രത്യേകിച്ച് 2016 നുശേഷം ഏറ്റെടുത്തിട്ടുള്ളവയെ അവഗണിക്കുകയും ചെയ്യുന്നു.

ഔദ്യോഗിക കണക്കുകൾ, പൊതുവായി പ്രസിദ്ധീകരിച്ച ലിങ്ക്ഡ്‍ഇൻ ടാലന്റ് റിപ്പോർട്ട്, സംസ്ഥാനത്തെ ഐടി പാർക്കുകളുടെ കണക്ക്, ഉന്നത വിദ്യാഭ്യാസം, നൈപുണി പരിശീലനം, വ്യവസായം, ഇന്നൊവേഷൻ എന്നിവയെക്കുറിച്ചുള്ള കേരള സർക്കാരിന്റെ രേഖകൾ എന്നിവ ചേർത്ത് ഒരു സമഗ്ര ചിത്രം തയ്യാറാക്കുന്നതിനുള്ള ശ്രമമാണ്, ഈ ലേഖനത്തിൽ നടത്തുന്നത്.

1. ഉന്നത വിദ്യാഭ്യാസം: “വിഫലത”യിൽനിന്ന് വ്യവസ്ഥാനുസൃതമായ പരിഷ്കാരത്തിലേക്ക്
പ്രാപ്യതയും പങ്കാളിത്തവും
ഉന്നത വിദ്യാഭ്യാസത്തിലെ കേരളത്തിന്റെ പ്രവേശന അനുപാതം (Gross Enrolment Ratio – GER) ഇപ്പോൾ ഏകദേശം 41.3 ശതമാനമാണ്; ഇതു തന്നെ ദേശീയ ശരാശരിയേക്കാൾ മുകളിലാണ്, അടുത്ത ഘട്ടത്തിൽ 50 ശതമാനമായി ഉയർത്തുക എന്നതാണ് സംസ്ഥാനത്തിന്റെ നയം. കോളേജുകളിലും സർവകലാശാലകളിലും പ്രവേശനം നേടിയിരിക്കുന്ന വിദ്യാർത്ഥികളുടെ ആകെ എണ്ണം 13 ലക്ഷത്തിനും മുകളിലാണ്, അതിൽ ഭൂരിപക്ഷം പെൺകുട്ടികളാണ്. “കോളേജുകൾ ശൂന്യമാവുന്നു”, “സിസ്റ്റം തകര്‍ന്നിരിക്കുന്നു” എന്നീ വാദങ്ങളോട് ഈ കണക്കുകൾ പൊരുത്തപ്പെടുന്നില്ല.

ഗുണനിലവാരം: അക്രഡിറ്റേഷൻ, ഫലത്തെ അടിസ്ഥാനമാക്കിയുള്ള വിദ്യാഭ്യാസം,  
മികവിന്റെ കേന്ദ്രങ്ങൾ
2016 നുശേഷം നാഷണൽ അസസ്‌മെന്റ് ആൻഡ് അക്രഡിറ്റേഷൻ കൗൺസിൽ (നാക്) അംഗീകാരം നേടിയ സ്ഥാപനങ്ങളുടെയും നാഷണൽ ബോർഡ് ഓഫ് അക്രഡിറ്റേഷൻ (എൻബിഎ) അംഗീകാരം നേടിയ കോഴ്സുകളുടെയും എണ്ണം കേരളത്തിൽ ഗണ്യമായി വർധിച്ചിരിക്കുന്നു. നിലവിൽ 241 കോളേജുകൾ NAC അക്രഡിറ്റേഷനും 130 ലേറെ സ്ഥാപനങ്ങൾ “എ ഗ്രേഡ്” ഉൾപ്പെടെയുള്ള ഉയർന്ന ഗ്രേഡുകളും സ്വന്തമാക്കിയിട്ടുണ്ട്, ഇത് തുടർച്ചയായ ഗുണനിലവാര പുരോഗതിയെ സൂചിപ്പിക്കുന്നു.അതോടൊപ്പം, സ്കൂൾ ഓഫ് മാത്തമാറ്റിക്സ് (കോഴിക്കോട്), കേരള സർവകലാശാലയുടെ കീഴിലുള്ള താണു പത്മനാഭൻ സെന്റർ ഓഫ് എക്സലൻസ് ഇൻ ആസ്ട്രോണമി ആൻഡ് ആസ്ട്രോഫിസിക്സ്, കൊച്ചിൻ യൂണിവേഴ്സിറ്റി ഓഫ് സയൻസ് ആൻഡ് ടെക്നോളജിയിലെ (കുസാറ്റ്) ന്യൂറോഡീജനറേഷൻ ആൻഡ് ബ്രെയിൻ ഹെൽത്ത് സെന്റർ, കേരള വെറ്റിനറി ആൻഡ് ആനിമൽ സയൻസസ് യൂണിവേഴ്സിറ്റിയിലെ (കെവിഎഎസ്‍യു) ഒൺ ഹെൽത്ത് ആൻഡ് വെസ്റ്റേൺ ഗാട്ട്സ് സെന്റർ മഹാത്മാഗാന്ധി യൂണിവേഴ്സിറ്റിയിലെ നാനോസയൻസ് ആൻഡ് നാനോ ടെക്നോളജി സെന്റർ, എന്നിങ്ങനെ 13 വിജ്ഞാനശാഖക‍ളുടെ അടിസ്ഥാനത്തിലുള്ള മികവിന്റെ കേന്ദ്രങ്ങൾ സംസ്ഥാനത്തുതന്നെ പ്രവർത്തിക്കുന്നുണ്ട്.

സർവ്വകലാശാലകളിലുടനീളം ഔട്ട്‌കം ബേസ്ഡ് എഡ്യൂക്കേഷൻ (ഒബി‍ഇ) നടപ്പാക്കിയിട്ടുണ്ട്, ഇതിനെ കോളേജുകളിലെ ഇന്റേണൽ ക്വാളിറ്റി അഷ്വറൻസ് സെല്ലുകൾ (ഐക്യുഎസി), സംസ്ഥാന തല ക്വാളിറ്റി അഷ്വറൻസ് സെൽ (എസ്‍എൽക്യുഎസി), നാഷണൽ ഇൻസ്റ്റിറ്റ്യൂഷണൽ റാങ്കിങ് ഫ്രെയിംവർക്കിനെ (എൻഐആർഎഫ്) പൂരകമാക്കുന്ന കേരള ഇൻസ്റ്റിറ്റ്യൂഷണൽ റാങ്കിങ് ഫ്രെയിംവർക്ക് (കെഐആർഎഫ്) എന്നീ സംവിധാനങ്ങളുടെ പിന്തുണ ഇതിനുണ്ട്. “50 വർഷം പഴക്കമുള്ള’ കോഴ്‌സുകൾ യാതൊരു ഗുണനിലവാര ഉറപ്പോ ആധുനികവൽക്കരണമോ ഇല്ലാതെ ഇപ്പോഴും കേരളത്തിൽ നടത്തുന്നുണ്ടെന്ന വ്യാപകമായ വാദത്തെ ഈ വസ്തുതകൾ നേരിട്ട് വെല്ലുവിളിക്കുന്നു.

പാഠ്യപദ്ധതി പരിഷ്കാരം, 
പുതിയ കോഴ്സുകൾ
സ്തംഭനാവസ്ഥയിൽ നിന്ന് വ്യത്യസ്തമായി 2016–2026ലും, 2024–25ലും രണ്ടു വലിയ  പരിഷ്കാര ഘട്ടങ്ങൾ നമ്മുടെ പാഠ്യപദ്ധതിയിലുണ്ടായി. ഇതിൽ നാലുവർഷ ബിരുദ പരിപാടി (എഫ്‍വൈയുജിപി), ഇന്റഗ്രേറ്റഡ് ടീച്ചർ എഡ്യൂക്കേഷൻ പ്രോഗ്രാമുകൾ (ഐടി‍ഇപി), ബാച്ചിലർ ഓഫ് വൊക്കേഷൻ (ബി.വോക്), പുതിയ വ്യാവസായിക ഇലക്‌റ്റീവ്‌സ്, ഇൻഡസ്ട്രി അറ്റ് ക്യാമ്പസ് എന്നിവ ഉൾപ്പെടുന്നു. കേരള റിസോഴ്‌സസ് ഫോർ എഡ്യൂക്കേഷണൽ അഡ്മിനിസ്ട്രേഷൻ ആൻഡ് പ്ലാനിംഗ് (കെ- റീപ്പ്), കേരള ലേണിംഗ് നെറ്റ്‌വർക്ക് (കെ- ലേൺ), അക്കാദമിക് ബാങ്ക് ഓഫ് ക്രെഡിറ്റ്‌സ് (എബിസി), നൈപുണ്യഘടകങ്ങൾ കൂടി ഉൾച്ചേർത്തിട്ടുള്ള ഡ്യുവൽ, ട്വിന്നിംഗ് ഡിഗ്രികൾ തുടങ്ങിയ വിവിധ പ്ലാറ്റ്‌ഫോമുകൾ രൂപകൽപ്പന ചെയ്തിരിക്കുന്നത്, നമ്മുടെ പാഠ്യപദ്ധതിയുടെ  അനുയോജ്യമായ മാറ്റംവരുത്തിയും, ക്രമപ്പെടുത്തിയും,  കാലികമായും  നിലനിർത്തുന്നതിനാണ്.

മറ്റൊരു വിധത്തിൽ പറഞ്ഞാൽ, എല്ലാ വലിയ സംവിധാനങ്ങളിലും ഉള്ളതുപോലെ, പരമ്പരാഗതമായ പ്രശ്നങ്ങൾ നിലവിലുണ്ടായിരുന്നപ്പോൾ തന്നെ, സംസ്ഥാനം ഇതിനകം പ്രാപ്യത, ഗുണനിലവാരം, പ്രസക്തി എന്നിവയിൽ ഒരു ഘടനാപരമായ മാറ്റം വരുത്തുന്നതിനുവേണ്ടിയുള്ള തുടക്കംകുറിച്ചിട്ടുണ്ട്.

അടിസ്ഥാനസൗകര്യങ്ങളും 
പൊതു നിക്ഷേപവും
2016 മുതൽ, ഹൈവേകൾ, തുറമുഖങ്ങൾ, ലോജിസ്റ്റിക്സ് ഹബ്ബുകൾ, വൈദ്യുതി സംവിധാനങ്ങൾ, ഐടി കാമ്പസുകൾ, ആരോഗ്യ അടിസ്ഥാന സൗകര്യങ്ങൾ, ഉന്നത വിദ്യാഭ്യാസ സൗകര്യങ്ങൾ എന്നിവ വികസിപ്പിക്കുന്നതിനായി കേരളത്തിന്റെ വാർഷിക പദ്ധതി വിഹിതവും, കേരള ഇൻഫ്രാസ്ട്രക്ചർ ഇൻവെസ്റ്റ്മെന്റ് ഫണ്ട് ബോർഡിൽ (കിഫ്ബി) നിന്നുള്ള ധനസഹായവും ഉപയോഗിച്ചുവരുന്നു. “ഇൻഫ്രാസ്ട്രക്ചർ 2.0” ലേക്കുള്ള ഒരു മാറ്റം പ്രകടമാണ്. അവിടെ ഭൗതിക, ഡിജിറ്റൽ, സാമൂഹിക അടിസ്ഥാന സൗകര്യങ്ങളും വർക്ക് നിയർ ഹോം മാതൃകകളും വിജ്ഞാനാധിഷ്ഠിത വളർച്ചയെ പിന്തുണയ്ക്കുന്നതിനായി ഒരുമിച്ച് ആസൂത്രണം ചെയ്യുന്നു.

പ്രധാന ദേശീയ പാത നവീകരണം, കേരളത്തിന്റെ വടക്കുനിന്നും തെക്കോട്ടുള്ള യാത്രാവഴികളുടെ മെച്ചപ്പെടുത്തലുകൾ, വ്യാവസായിക എസ്റ്റേറ്റുകളുടെ ആധുനികവൽക്കരണം, ഉന്നത വിദ്യാഭ്യാസ മേഖലയിലെ സർക്കാർ ക്യാമ്പസുകളിലെ സമഗ്ര നിക്ഷേപം എന്നിവയെല്ലാം ഈ പദ്ധതിആസൂത്രണ നിക്ഷേപ തന്ത്രത്തിൽ നിന്നാണ് വരുന്നത്. നിക്ഷേപത്തോടും അടിസ്ഥാന സൗകര്യ വികസനത്തോടും ശത്രുത പുലർത്തുന്ന ഒരു സംസ്ഥാനത്തിന്റെ ചിത്രവുമായി ഇത് പൊരുത്തപ്പെടുന്നില്ല.

ഐടി പാർക്കുകൾ: കമ്പനികൾ, 
തൊഴിലവസരങ്ങൾ, കയറ്റുമതി
കേരളത്തിലെ മൂന്നു പ്രധാന ഐടി പാർക്കുകൾ -ടെക്നോപാർക്ക്, ഇൻഫോപാർക്ക്, സൈബർപാർക്ക്- മിതമായ ഒരടിത്തറയിൽ നിന്ന് ഒരു വലിയ ആവാസവ്യവസ്ഥയിലേക്ക് വികസിച്ചു. ഈ പാർക്കുകളിലെല്ലാം കൂടി, 2016 ന് മുമ്പ് 556 കമ്പനികൾ അവിടെ സ്ഥാപിക്കപ്പെട്ടിരുന്നുവെങ്കിൽ 2016നും 2025നും ഇടയിൽ, 914 സ്ഥാപനങ്ങൾ കൂടി അവിടെ വന്നു ചേർന്നു, അങ്ങനെ ഈ മൂന്ന് കാമ്പസുകളിലുമായി ആകെ 1,470 കമ്പനികൾ (ടെക്നോപാർക്ക് 775, ഇൻഫോപാർക്ക് 610, സൈബർപാർക്ക് 85) പ്രവർത്തിക്കുന്നു.

ഈ വികാസത്തോടെ തൊഴിൽ വളർച്ചയും വർദ്ധിച്ചു. ഈ ഐടി പാർക്കുകളിലാകെ ഇപ്പോൾ 1,56,500 പ്രൊഫഷണലുകൾ കവിഞ്ഞു, 2016 നും 2025 നും ഇടയിൽ മാത്രം 86,946 പുതിയ തൊഴിലവസരങ്ങൾ സൃഷ്ടിക്കപ്പെട്ടു —ടെക്നോപാർക്കിൽ 34,610 ഇൻഫോപാർക്കിൽ 50,100 സൈബർപാർക്കിൽ 2,236. ഈ പാർക്കുകളിൽ നിന്നുള്ള മൊത്തം ഐടി കയറ്റുമതി ഏകദേശം 1,73,331 കോടി രൂപയാണ്, ഇതിൽ 1,66,731 കോടി – രൂപ – 96 ശതമാനത്തിലധികം – കഴിഞ്ഞ പത്ത് വർഷത്തിനുള്ളിൽ സൃഷ്ടിക്കപ്പെട്ടതാണ്. മൂന്ന് പാർക്കുകളുടെയും ആകെ വിസ്തീർണം ഇപ്പോൾ ഏകദേശം 1,093.6 ഏക്കറാണ്. ഏകദേശം 3.2 കോടി ചതുരശ്ര അടി വിസ്തീർണമുള്ള കെട്ടിടങ്ങളും ഏകദേശം 16,237 കോടിയുടെ മൊത്തം നിക്ഷേപങ്ങളുമുണ്ട്. ഇതിൽ ഏകദേശം 9,944 കോടി രൂപയുടെ നിക്ഷേപം 2016 ന് ശേഷമുള്ളതാണ്.

മന്ദഗതിയിലുള്ളതോ “ഐടി വിരുദ്ധം” എന്ന് പറയപ്പെടുന്നതോ ആയ ഒരു സംസ്ഥാനത്തിന്റെ കണക്കുകളല്ല ഇത്. കേരളത്തിനുള്ളിൽ ഉയർന്ന നൈപുണ്യശേഷിയുള്ള, കയറ്റുമതി അധിഷ്ഠിത തൊഴിൽ സൃഷ്ടിക്കുന്നതിനുള്ള ഒരു ആസൂത്രിത തന്ത്രത്തെയാണ് ഇവ പ്രതിഫലിപ്പിക്കുന്നത്.

ഡീപ്‍ടെക് മേഖലയിലേക്കുള്ള 
പരിവർത്തനം: ഡിജിറ്റൽ സയൻസ് 
പാർക്കും കെ സ്‌പെയ്‌സും
കേരളത്തിലെ ഐടി മേഖലയിലെ മറ്റൊരു പ്രധാന പ്രവണത, സാങ്കേതിക മൂല്യശൃംഖലയെ ഡീപ് ടെക് എന്ന നൂതന മേഖലയിലേക്ക് കേരളം ഉയർത്താനായി എന്നതാണ്. തിരുവനന്തപുരത്തെ ഡിജിറ്റൽ സയൻസ് പാർക്ക് —ഇന്ത്യയിലെ ആദ്യത്തെ അത്തരം സൗകര്യം, ആർട്ടിഫിഷ്യൽ ഇന്റലിജൻസ് ഹാർഡ്‌വെയർ, ന്യൂറോമോർഫിക് കമ്പ്യൂട്ടിംഗ്, സെമികണ്ടക്ടർ ഡിസൈൻ ആൻഡ് വെരിഫിക്കേഷൻ, ഇലക്ട്രോണിക് സിസ്റ്റം ഡെവലപ്‌മെന്റ്, ഗ്രാഫീൻ, അഡ്വാൻസ്ഡ് മെറ്റീരിയലുകൾ, കമ്പ്യൂട്ടേഷണൽ ബയോളജി, ബയോസിമുലേഷൻ എന്നിവയിൽ വിപുലമായ പ്രവർത്തനങ്ങൾ നടത്തുന്നു.

ഉപഗ്രഹ നിർമാണം, പേലോഡ് പരിശോധന, ഗ്രൗണ്ട് സിസ്റ്റംസ് എന്നീ മേഖലകളിൽ  പ്രവർത്തിക്കുന്ന സ്വകാര്യ എയ്‌റോസ്‌പേസ് സ്ഥാപനങ്ങൾക്കായി, ടെക്നോസിറ്റിയിലെ കെ-സ്പേസിനായി 11 ഏക്കർ സ്ഥലം നീക്കിവയ്ക്കുന്നു. ഇത് കൂടാതെ, സാറ്റലൈറ്റ്, ഡ്രോൺ, ഏവിയോണിക്സ്, പ്രൊപ്പൽഷൻ ഗവേഷണ വികസനം എന്നിവയ്ക്കുള്ള പ്രോത്സാഹനങ്ങൾ ഉൾപ്പെടെ വരാനിരിക്കുന്ന സംസ്ഥാന എയ്‌റോസ്‌പേസ്, ലോഞ്ച് സപ്പോർട്ട് വ്യവസായങ്ങൾ, പ്രതിരോധ ഇലക്ട്രോണിക്സ് നിർമാണം എന്നിവയ്ക്കു വേണ്ടി സംസ്ഥാനത്തിന്റെ വരാനിരിക്കുന്ന ഏറോസ്പേസ് ഡിഫൻസ് നയത്തിന്റെ പിന്തുണയുണ്ടാകും. ഇതോടൊപ്പം, വിഴിഞ്ഞം തുറമുഖത്തിന് വേണ്ടിയുള്ള സ്പെഷ്യലൈസ്ഡ് കാർഗോയുടെ ശേഷി കൂടി സംയോജിപ്പിക്കുന്നതോടുകൂടി,  സാങ്കേതിക വിദഗ്ധരെ മാത്രം വിതരണം ചെയ്യുന്ന ഒരു സംസ്ഥാനം മാത്രമാണ് കേരളം എന്ന സ്ഥിതിമാറി, ഒരു സമ്പൂർണ എയ്‌റോസ്‌പേസ് മൂല്യ ശൃംഖലാ ലക്ഷ്യസ്ഥാനമായി നമ്മുടെ സംസ്ഥാനത്തെ മാറ്റി സ്ഥാപിക്കുന്നു.

സ്റ്റാർട്ടപ്പ് വിപ്ലവവും ഇന്നൊവേഷൻ 
ആവാസവ്യവസ്ഥയും
ഐടി രംഗത്തെ മറ്റൊരു കുതിച്ചുചാട്ടം, “സ്റ്റാർട്ടപ്പ് വിപ്ലവം” എന്നു വിളിക്കുന്ന ഒരു ഘട്ടത്തിലൂടെ കേരളത്തിന്റെ സ്റ്റാർട്ടപ്പ് ആവാസവ്യവസ്ഥ കടന്നുപോയി എന്നതാണ്. സ്കൂളുകൾ, കോളേജുകളിലെ ഇന്നൊവേഷൻ ആൻഡ് എന്റർപ്രണർഷിപ്പ് ഡെവലപ്‌മെന്റ് സെല്ലുകൾ (ഐ‌ഇ‌ഡി‌സി), എന്നിവയിലൂടെയുള്ള കേരള സ്റ്റാർട്ടപ്പ് മിഷൻ (കെ‌എസ്‌യു‌എം) പ്രോഗ്രാമുകൾ, കൂടാതെ ഇൻകുബേഷനും  ആക്സിലറേഷനും നൽകുന്ന പിന്തുണ, സ്റ്റാർട്ടപ്പുകളിൽ നിന്നുള്ള നേരിട്ടുള്ള പൊതു സംഭരണം, സീഡ് ഫണ്ടിംഗ് പൂൾ, അതോടൊപ്പം ഫണ്ട് അടിസ്ഥാനമാക്കിയുള്ള വെഞ്ച്വർ ക്യാപ്പിറ്റൽ മോഡൽ എന്നിവയിലൂടെ കേരളത്തിലെ കമ്പനികൾ 2000 കോടി രൂപയിയിലധികം മൂലധന വളർച്ച നേടിയിട്ടുണ്ട്.

റോബോട്ടിക്സ്, ആർട്ടിഫിഷ്യൽ ഇന്റലിജൻസ്, സൈബർ സെക്യൂരിറ്റി,  മെഡിക്കൽ ടെക്നോളജി, കാർഷിക ആധുനികവൽക്കരണം, അഡ്വാൻസ്‍ഡ് ഓട്ടോമേഷൻ എന്നിവയിലായി 5,500-ലധികം സ്റ്റാർട്ടപ്പുകൾക്ക് ഇപ്പോൾ സംസ്ഥാനം ആതിഥേയത്വം വഹിക്കുന്നു, കൂടാതെ സ്റ്റാർട്ടപ്പ് ഇന്നൊവേഷനിലെ മികച്ച പ്രകടനത്തിന് ദേശീയതലത്തിൽ കേരളം അംഗീകരിക്കപ്പെട്ടിരിക്കുന്നു. ഈ സ്റ്റാർട്ടപ്പ് ഇന്നൊവേഷൻ പൈപ്പ്‌ലൈൻ സംസ്ഥാനത്തെ ഉന്നത വിദ്യാഭ്യാസ, നൈപുണ്യ വികസന സംരംഭങ്ങളുമായി നേരിട്ട് ബന്ധിപ്പിക്കുന്നു.

യംഗ് ഇന്നൊവേറ്റേഴ്‌സ് പ്രോഗ്രാമും 
വിശാലമായ ഇന്നൊവേഷൻ 
ആവാസവ്യവസ്ഥയും
കേരളത്തിന്റെ ഇന്നൊവേഷൻ ആവാസവ്യവസ്ഥ സ്കൂൾ തലം മുതലുള്ള സ്ഥാപനങ്ങളിൽ, വ്യവസ്ഥാപിതമായി കേരള ഡെവലപ്‌മെന്റ് ആൻഡ് ഇന്നൊവേഷൻ സ്ട്രാറ്റജിക് കൗൺസിൽ (കെ- ഡിസ്ക്) സംവിധാനം ചെയ്തെടുത്തതാണ് കേരളത്തിലെ ഇന്നൊവേഷൻ ആവാസവ്യവസ്ഥ. കഴിഞ്ഞ ഏഴു വർഷത്തിനുള്ളിൽ യംഗ് ഇന്നൊവേറ്റേഴ്‌സ് പ്രോഗ്രാമിൽ (വൈഐപി) മാത്രം 77,0000ത്തിലധികം രജിസ്ട്രേഷനുകൾ നടന്നു. 60,000ത്തിലധികം ആശയങ്ങൾ ഇതിലൂടെ സൃഷ്ടിക്കാനായി. ഏഴ് പേറ്റന്റുകൾ ഫയൽ ചെയ്തു. മെന്ററിംഗും പ്രോട്ടോടൈപ്പിംഗ് പിന്തുണയും നൽകുന്നതിന് 142 സ്‌കൂളുകളിൽ വൈഐപി ക്ലബ്ബുകൾ സ്ഥാപിച്ചു.

വൈഐപി കൂടാതെ, മഞ്ചാടി – കേരളത്തിനു വേണ്ടി കണക്ക് പഠിപ്പിക്കുക എന്ന പരിപാടി ഇപ്പോൾ 104 സ്കൂളുകളിൽ നടപ്പാക്കുന്നു. 2100 ക്ലാസ്‍മുറികളിലൂടെ 5,802 വിദ്യാർത്ഥികളിലേക്ക് എത്തിച്ചേരുന്ന ഈ പരിപാടി ഇപ്പോൾ സംസ്ഥാന വിദ്യാഭ്യാസ ഗവേഷണ പരിശീലന കൗൺസിലിന്റെ (എസ്‍സി‍ഇആർടി) പാഠ്യപദ്ധതിയിൽ സംയോജിപ്പിച്ചിരിക്കുന്നു, കൂടാതെ “മലയാളപൈമ” എന്ന പരിപാടി മലയാള ഭാഷാ വികസനവുമായി ബന്ധപ്പെട്ടിരിക്കുന്നു.

മഴവില്ല്: കേരളത്തിനു വേണ്ടി ശാസ്ത്രം പഠിപ്പിക്കുക എന്ന പരിപാടി 12  മോഡൽ റെസിഡൻഷ്യൽ സ്കൂളുകളിലെ 1131 വിദ്യാർത്ഥികളെ ഉൾക്കൊള്ളുന്നു. ശാസ്ത്രാന്വേഷണം പ്രോത്സാഹിപ്പിക്കുന്നതിന്, 37–ാമത് കേരള സയൻസ് കോൺഗ്രസിൽ മഴവില്ല് പരിപാടി അംഗീകാരം നേടിയിട്ടുണ്ട്.

ഒരു ജില്ല ഒരു ആശയം (ഒഡിഒഐ), ഒരു തദ്ദേശ സ്വയംഭരണം ഒരു ആശയം (ഒഎൽഒഐ) എന്നീ പരിപാടികൾ, പ്രാദേശികമായി നേരിടുന്ന പ്രശ്നങ്ങൾക്ക് പരിഹാരം നേടുന്നതിന് ഇന്നൊവേഷനെ പ്രോത്സാഹിപ്പിക്കുന്നു: 63 സൂക്ഷ്മ, ചെറുകിട, ഇടത്തരം സംരംഭ ക്ലസ്റ്ററുകളെ, പ്രാദേശിക അക്കാദമിക് സ്ഥാപനങ്ങളുമായി ബന്ധിപ്പിച്ചിരിക്കുന്നു. സർക്കാർ സേവനങ്ങൾ മെച്ചപ്പെടുത്തുന്നതിനായി കൃത്യമായ പിന്തുണ നൽകുന്നതിന് ഇതിൽ നിന്ന് 27  ക്ലസ്റ്ററുകൾ തെരഞ്ഞെടുക്കപ്പെട്ടിട്ടുണ്ട്. അതോടൊപ്പം, സർക്കാർ സേവനങ്ങൾ മെച്ചപ്പെടുത്തുന്നതിനായി സ്റ്റാർട്ടപ്പുകളുമായി ചേർന്ന് 30ലധികം പൈലറ്റ് പ്രൊജക്ടുകൾ നടപ്പിലാക്കുന്നു. 1000ത്തിലധികം തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾ ഇപ്പോൾ ഈ ആവാസവ്യവസ്ഥയുടെ ഭാഗമാണ്. 60 പഞ്ചായത്തുകളിലായി 12 പ്രശ്നപരിഹാരങ്ങൾ പരീക്ഷണാടിസ്ഥാനത്തിൽ നടപ്പിലാക്കുന്നു, തദ്ദേശ സ്ഥാപനങ്ങളുമായി സഹകരിച്ച് ബ്ലോക്ക് ലെവൽ ഇന്നൊവേഷൻ സെന്ററുകളും സ്ഥാപിച്ചുവരികയാണ്.

ഇൻക്ലൂസീവ് ഇന്നൊവേഷൻ എന്നത് മറ്റൊരു വ്യതിരിക്ത ഘടകമാണ്. ഇന്നൊവേഷൻ ബൈ യൂത്ത് വിത്ത് ഡിസെബിലിറ്റി പ്രോഗ്രാമിന്റെ ഭാഗമായി, മെന്റർഷിപ്പും സംരംഭകത്വ പരിശീലനവും സംയോജിപ്പിച്ച് ഭിന്നശേഷിക്കാരുടെ മൂന്ന് കൊഹോർട്ടുകൾ സംഘടിപ്പിച്ചു. കമ്യൂണിറ്റി കേന്ദ്രീകൃത ഇന്നൊവേഷനിലൂടെയും ഇൻക്ലൂസീവ് ഡിസൈനിലൂടെയും, ഭിന്നശേഷിക്കാർക്ക് അവരുടെ നിത്യജീവിതക്രമത്തിന് സഹായകരമായ അസിസ്റ്റീവ്/അഡാപ്റ്റീവ് ഉപകരണങ്ങൾ വികസിപ്പിക്കുന്നതിന് സ്ട്രൈഡ് ഡിവിഷൻ പിന്തുണയ്ക്കുന്നു.

ഇലക്ട്രിക് വെഹിക്കിൾ ആൻഡ് ഗ്രീൻ എനർജി പ്രോഗ്രാമുകൾ, ക്ലീൻ എനർജി ഇന്നൊവേഷൻ ആൻഡ് ബിസിനസ് ഇൻകുബേഷൻ സെന്റർ (CEIBIC) തുടങ്ങിയ ക്ലീൻ ടെക്നോളജി സംരംഭങ്ങൾ ഈ വർഷം ഒമ്പത് സ്റ്റാർട്ടപ്പുകൾക്ക് പിന്തുണ നൽകുന്നു. കൂടാതെ പ്രോട്ടോടൈപ്പ് ലിഥിയം-ടൈറ്റാനിയം ഓക്സൈഡ് ബാറ്ററി, ഇലക്ട്രിക് വെഹിക്കിൾ ഇൻഡസ്ട്രിയൽ പാർക്ക് എന്നിവ വികസിപ്പിക്കാനും സഹായിച്ചിട്ടുണ്ട്.

വൈഐപി, മഞ്ചാടി, മഴവില്ല്. ഒഡിഒഐ, ഒഎൽഒഐ, സ്ട്രൈഡ്, സെബിക്, കേരള ജിനോം ഡാറ്റ സെന്റർ, കേരള മെഡിക്കൽ ടെക്നോളജി കൺസോർഷ്യം എന്നിങ്ങനെയുള്ള പരസ്പരബന്ധിത സംരംഭങ്ങളിലൂടെ, 20 ലക്ഷത്തിലധികം വിദ്യാർത്ഥികളെയും 10,000ത്തിലധികം അക്കാദമിക് സ്ഥാപനങ്ങളെയും, ഡസൻ കണക്കിന് എംഎസ്‍എംഇ ക്ലസ്റ്ററുകളെയും ഒറ്റ നവീകരണ ശൃംഖലയിലേക്ക് ബന്ധിപ്പിച്ചിട്ടുണ്ട്, വിജ്ഞാനാധിഷ്ഠിത സമ്പദ്‍വ്യവസ്ഥയിലേക്ക് അതിന് നേരിട്ട് സംഭാവന ചെയ്യാനാകുന്നു. l
(തുടരും)

ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

five × three =

Most Popular