ബൂർഷ്വാ രാഷ്-ട്രീയ പാർട്ടികളെ സംബന്ധിച്ചിടത്തോളം തിരഞ്ഞെടുപ്പ് മാനിഫെസ്റ്റോ തിരഞ്ഞെടുപ്പുവേളയിൽ ജനങ്ങളുടെ കണ്ണിൽ പൊടിയിടാനുള്ള ജാലവിദ്യ മാത്രമാണ്. തിരഞ്ഞെടുപ്പ് കഴിഞ്ഞാൽ അവയ്ക്ക് കടലാസിന്റെ വിലപോലും അവർ കൽപ്പിക്കാറില്ല. എന്നാൽ ഇടതുപക്ഷം ഇതിൽ നിന്നു വ്യത്യസ്തമാണ്. വാഗ്ദാനങ്ങൾ പാലിക്കുകയെന്നത് ഇടതുപക്ഷത്തിന്റെ ഉറച്ച നിലപാടാണ്. കഴിഞ്ഞ പത്തുവർഷത്തെ കേരളത്തിലെ അനുഭവം അത് സംശയാതീതമായി വ്യക്തമാക്കുന്നുണ്ട്.
തിരഞ്ഞെടുപ്പ് മാനിഫെസ്റ്റോയിലെ വാഗ്ദാനങ്ങൾ എത്രത്തോളം നടപ്പാക്കിയെന്ന് പരിശോധിക്കാൻ ജനങ്ങൾക്ക് അവസരം നൽകുന്ന പ്രോഗ്രസ് കാർഡ് ഓരോ വർഷവും പുറത്തിറക്കുന്നതിലൂടെ ഭരണനടപടികൾ തികച്ചും സുതാര്യമാക്കിയിരിക്കുകയാണ് എൽഡിഎഫ-് സർക്കാർ. ആദ്യത്തെ 5 വർഷത്തെയും രണ്ടാമത്തെ 5 വർഷത്തെയും വാഗ്ദാനങ്ങൾ പൂർണമായും നടപ്പാക്കിയ ശേഷമാണ് എൽഡിഎഫ് ജനങ്ങളുടെ വോട്ടഭ്യർഥിച്ചത്.
എൽഡിഎഫിന്റെ തിരഞ്ഞെടുപ്പ് പ്രകടന പത്രിക കേരളത്തിന്റെ തുടർവികസനത്തിന്റെ രൂപരേഖയായിരിക്കും ജനങ്ങൾക്കുമുന്നിൽ അവതരിപ്പിക്കുകയെന്നതുകൊണ്ടുതന്നെ കേരളം പ്രതീക്ഷയോടെയാണ് അത് കാത്തിരിക്കുന്നത്. വികസനത്തിനൊപ്പം ക്ഷേമവും എന്ന എൽഡിഎഫിന്റെ നവകേരള സങ്കൽപ്പം അതിൽ പ്രതിഫലിക്കുമെന്നുറപ്പാണ്. 600 രൂപയായിരുന്ന ക്ഷേമ പെൻഷനുകൾ, യുഡിഎഫ് കാലത്തെ 18 മാസത്തെ കുടിശ്ശികയടക്കം നൽകിക്കൊണ്ട് പടിപടിയായി 2000 രൂപയാക്കി വർധിപ്പിക്കുകയും ഒരു ഗഡുപോലും കുടിശ്ശികയില്ലാതെ നൽകുകയും ചെയ്തു. അടുത്ത 5 വർഷംകൊണ്ട് എൽഡിഎഫ് അത് വീണ്ടും വർധിപ്പിക്കുമെന്നുറപ്പാണ്.
കഴിഞ്ഞ 5 വർഷംകൊണ്ട് അതിദരിദ്രരില്ലാത്ത സംസ്ഥാനമാക്കി കേരളത്തെ മാറ്റി; ലോകത്തിനുമുന്നിൽ തന്നെ മാതൃകയായി. അതിദാരിദ്ര്യമുക്ത സംസ്ഥാനമെന്ന നേട്ടത്തെ നിലനിർത്തുക മാത്രമല്ല, കേവല ദാരിദ്ര്യത്തോടുതന്നെ അടുത്ത 5 വർഷംകൊണ്ട് വിടപറയുന്നതിനുള്ള കർമപദ്ധതികൾക്ക് ഇതിനകംതന്നെ എൽഡിഎഫ് സർക്കാർ തുടങ്ങിക്കഴിഞ്ഞു. കേരളത്തെ വിജ്ഞാന സമ്പദ്ഘടനയാക്കി ഉയർത്തി തൊഴിലില്ലായ്മ ഇല്ലാതാക്കുന്നതിനുള്ള പരിപാടികളും നടന്നുവരുന്നുണ്ട്. വയോജന സൗഹൃദ സംസ്ഥാനമായും സമ്പൂർണ ശുചിത്വ സംസ്ഥാനമായും മാറ്റുന്നതിനുള്ള നടപടികളും അതിവേഗം നടന്നുവരികയാണ്. നടപ്പിലാവില്ലെന്ന് കരുതപ്പെട്ടിരുന്ന വികസനപദ്ധതികൾ പലതും പത്തുവർഷത്തിനകം പൂർത്തിയായി. വയനാട് തുരങ്കപാതയുൾപ്പെടെ നിരവധി മെഗാപദ്ധതികൾ ഇപ്പോൾ തുടക്കമിട്ടത് പൂർത്തിയാക്കാനുള്ള തിരക്കിട്ട പ്രവർത്തനങ്ങളാണ് നടന്നുവരുന്നത്. അവയെല്ലാം സമയബന്ധിതമായി പൂർത്തിയാക്കാനും നവകേരളമായി സംസ്ഥാനത്തെ ഉയർത്താനും എൽഡിഎഫിനു മാത്രമേ കഴിയൂവെന്നത് കേരളത്തിലെ ജനങ്ങളുടെ അനുഭവമാണ്. അതിന് എൽഡിഎഫിന് തുടർഭരണം ഉണ്ടാവണം.
എൽഡിഎഫിന്റെ തിരഞ്ഞെടുപ്പ് മാനിഫെസ്റ്റോയെ അടിസ്ഥാനമാക്കി ഒരു സംവാദം വായനക്കാർക്കായി അവതരിപ്പിക്കുമെന്നാണ് ആലോചിച്ചിരുന്നതെങ്കിലും മാനിഫെസ്റ്റോ പുറത്തിറക്കുന്നത് ഏപ്രിൽ രണ്ടിനായതിനാൽ അതു കഴിയാതെ വന്നു. എന്നാൽ പകരം കേരള വികസനം സംബന്ധിച്ച ഇടതുപക്ഷ ബദൽ അവതരിപ്പിക്കുന്ന ചർച്ച ഞങ്ങൾ സംഘടിപ്പിച്ചു. അതിന്റെ ലിഖിതരൂപം ഈ ലക്കത്തിൽ നൽകുന്നു. എം വി നികേഷ് കുമാർ, ഡോ. ടി എം തോമസ് ഐസക്, മുൻ പ്ലാനിങ് ബോർഡ് അംഗം ജി വിജയരാഘവൻ, മാധ്യമപ്രവർത്തകൻ കെ ജെ ജേക്കബ് എന്നിവരാണ് ഈ സംവാദത്തിൽ പങ്കെടുക്കുന്നത്. l



