പ്രതിപക്ഷ നേതാവ് നയിച്ച ജാഥയുടെ സമാപനത്തോടനുബന്ധിച്ചുള്ള പൊതുയോഗം ഉദ്ഘാടനം ചെയ്‌തുകൊണ്ട് രാഹുൽഗാന്ധി പ്രഖ്യാപിച്ച ഗ്യാരണ്ടികളിൽ ആദ്യത്തേത്, ദൗർഭാഗ്യകരമെന്നു പറയട്ടെ, കെഎസ്ആർടിസിയെ അടച്ചുപൂട്ടാൻ മാത്രം ഉതകുന്നതാണ്. യുഡിഎഫ് അധികാരത്തിലെത്തിയാൽ കെഎസ്ആർടിസി ബസുകളിൽ സ്ത്രീകൾക്ക് തികച്ചും സൗജന്യയാത്ര എന്നതാണ് ആ ഗ്യാരണ്ടി. 90% മുതൽ 100% വരെ സ്റ്റേറ്റ് ട്രാൻസ്‌പോർട്ട് കോർപ്പറേഷനുകൾ സർവ്വീസ് നടത്തുന്ന കർണ്ണാടകം, തമിഴ്‌നാട് സർക്കാരുകൾ നടത്തിയ സ്ത്രീകൾക്കുള്ള സൗജന്യയാത്രാ പ്രഖ്യാപനംപോലും ഫലത്തിൽ പാളിപ്പോയ അനുഭവമാണുള്ളത്. വരുമാനത്തിന്റെ അടിസ്ഥാനത്തിൽ സൗജന്യ യാത്ര ബിപിഎൽ വിഭാഗത്തിനു മാത്രമായി പരിമിതപ്പെടുത്തിയും, അതുമൂലമുണ്ടായ ബാധ്യത, ടിക്കറ്റ് നിരക്ക് വർദ്ധിപ്പിച്ച് മറ്റു യാത്രക്കാർക്കുമേൽ അടിച്ചേൽപ്പിക്കുകയുമാണ് കർണ്ണാടകത്തിലെ കോൺഗ്രസ് സർക്കാർ ചെയ്തത്. അതിൽനിന്നെല്ലാം തികച്ചും വ്യത്യസ്‌തമായ സാഹചര്യമാണ് കേരളത്തിലേത്. ഇവിടെ കെഎസ്ആർടിസിയുടെ പങ്ക് 25% മാത്രമാണ്. ഈ പ്രഖ്യാപനം നടപ്പിലാക്കിയാൽ 4500 ബസുകൾ മാത്രം ഓടിക്കുന്ന കെഎസ്ആർടിസിയിൽ സ്ത്രീകൾ മാത്രം കയറും. പുരുഷ യാത്രക്കാർ സ്വകാര്യബസുകളോ മറ്റു യാത്രാ മാർഗങ്ങളോ സ്വീകരിക്കും. അതോടെ കെഎസ്ആർടിസിയുടെ കഥ കഴിയും. 2011-–16 ലെ യുഡിഎഫ് ഭരണം ഏൽപിച്ച ഗുരുതരമായ പരുക്കിൽ നിന്ന് എൽഡിഎ-ഫ് സർക്കാരിന്റെ 10 വർഷത്തെ തുടർച്ചയായ ശ്രമത്തിലൂടെ കെഎസ്ആർടിസി രക്ഷപ്പെടുന്നു എന്ന ഘട്ടത്തിലെത്തിയപ്പോഴാണ് യുഡിഎഫിന്റെ ഈ വിചിത്രമായ പ്രഖ്യാപനമെന്നത് ശ്രദ്ധേയമാണ്.
കടക്കെണിയിലേക്ക്, ടോപ്പ് ഗിയറിൽ…
“കെഎസ്ആർടിസി തനിയെ നിന്നുപോകും’’ എന്ന് വകുപ്പ് മന്ത്രി തന്നെ പരസ്യ പ്രസ്താവനയിറക്കിയത് 2011–-16 ലെ യുഡിഎഫ് ഭരണകാലത്താണ്. കേവലം പ്രസ്താവിക്കുക മാത്രമല്ല, അത് യാഥാർത്ഥ്യമാക്കുന്നതിന് തങ്ങളാലാവുന്നതെല്ലാം അഞ്ചു വർഷംകൊണ്ട് അന്നത്തെ ഭരണകർത്താക്കൾ ചെയ്‌തുതീർക്കുകയും ചെയ്തു. ചെലവിനാനുപാതികമായി വരുമാനം വർദ്ധിപ്പിക്കുന്നതിനുള്ള ഒരു നടപടിയും സ്വീകരിച്ചില്ല എന്നു മാത്രമല്ല, കെഎസ്ആർടിസിയുടെ പ്രധാന വരുമാനസ്രോതസ്സായ സൂപ്പർക്ലാസ് പെർമിറ്റുൾപ്പെടെ സ്വകാര്യമേഖലയ്ക്ക് വിൽക്കാനുള്ള നീക്കവും നടത്തി. ജനകീയ പ്രക്ഷോഭവും നിയമപോരാട്ടവുംകൊണ്ടാണ് അന്ന് ആ വിൽപ്പന നടക്കാതെ പോയത്. സർവ്വീസ് ഓപ്പറേഷൻ താറുമാറാവുകയും ചെലവ് കൂടുകയും ചെയ്തതോടെ കോർപ്പറേഷന്റെ ദൈനംദിന പ്രവർത്തനങ്ങൾക്കുപോലും വായ്‌പയെ ആശ്രയിക്കേണ്ടിവന്നു. ചെറിയ തുകയൊന്നുമല്ല കടമായെടുത്തത്. കോർപ്പറേഷൻ രൂപീകരിച്ച 1964 മുതൽ 2011 വരെ അതിന്റെ ആകെ കടം 800 കോടി രൂപയായിരുന്നു. 5 വർഷത്തെ യുഡിഎഫ് ഭരണംകൊണ്ട് 3100 കോടി രൂപയായി അത് ഉയർന്നു. വസ്‌തുവകകൾ പണയപ്പെടുത്തി കെറ്റിഡിഎഫ്സി, ഹഡ്കോ, എൽ.ഐ.സി, പവർഫിനാൻസ് കോർപ്പറേഷൻ, ജില്ലാ സഹകരണ ബാങ്കുകൾ തുടങ്ങി കിട്ടാവുന്നിടത്തുനിന്നെല്ലാം കടമെടുത്തു. ദിവസവരുമാനത്തിൽ നിന്ന് നേരിട്ട് തിരിച്ചടയ്ക്കുന്ന ‘മെെക്രോ സംവിധാനം’ വഴിയാണ് അന്ന് കടമെടുത്തത്. ഫലമോ? കടം തിരിച്ചടവ് കഴിച്ചുള്ള തുക മാത്രമേ കോർപ്പറേഷന് ദിവസവരുമാനമായി ലഭിച്ചുള്ളൂ. ഇത് പ്രശ്‌നം കൂടുതൽ വഷളാക്കി. ഓരോ മാസം കഴിയുന്തോറും വരവും ചെലവും തമ്മിലുള്ള അന്തരം കൂടിക്കൂടി വരികയും ഓരോ മാസവും കൂടുതൽ തുക കടമെടുക്കേണ്ടുന്ന സ്ഥിതിയുണ്ടാവുകയും ചെയ്തു. കടം കൂടിയതിനനുസരിച്ച് പ്രതിദിന തിരിച്ചടവ് കൂടുകയും കോർപ്പറേഷന് ലഭിക്കുന്ന തുക കുറയുകയും ചെയ്‌തു. സ്ഥാപനം കടക്കെണിയിലായി എന്നർത്ഥം. അതോടെ ധനകാര്യ സ്ഥാപനങ്ങൾ സർക്കാർ ഗ്യാരണ്ടി ഉണ്ടായിട്ടുകൂടി പണം കടം തരാതായി. 2013 ഏപ്രിൽ മുതൽ പെൻഷനും ഡിസംബർ മുതൽ ശമ്പളവും തുടർച്ചയായി മുടങ്ങാൻ തുടങ്ങി. 26 പെൻഷൻകാർ ആത്മഹത്യ ചെയ്തു. ഡീസലിന്റെ തുകപോലും കൊടുക്കാനാകാത്തതിനെ തുടർന്ന് എണ്ണ കമ്പനികൾ ഡീസൽ നിഷേധിച്ചപ്പോൾ സ്വകാര്യ പമ്പുകൾക്ക് മുന്നിൽ കെഎസ്ആർടിസി ബസുകൾ ഡീസലടിക്കാൻ വരിവരിയായി കിടന്നതും യുഡിഎഫ് ഭരണകാലത്താണ്. ജീവനക്കാരുടെ ശമ്പളത്തിൽ നിന്ന് പിടിച്ച ഒരു റിക്കവറിയും ബന്ധപ്പെട്ട ധനകാര്യ സ്ഥാപനങ്ങളിൽ അടച്ചിരുന്നില്ല. അപകടത്തിൽ മരണമടഞ്ഞ ജീവനക്കാരന്റെ ആശ്രിതർക്ക് എൽ.ഐ.സി.ആനുകൂല്യം വരെ നിഷേധിച്ചു. ഈ പരിതാപകരമായ സാഹചര്യത്തിലാണ് 2016 ൽ എൽഡിഎഫ് സർക്കാർ അധികാരത്തിലെത്തുന്നത്.
എൽഡിഎഫ് സർക്കാർ എന്തുചെയ്തു?
പുനരുദ്ധാരണ പാക്കേജ്
യുഡിഎഫ് ഭരണം കടക്കെണിയിലാക്കിയ കെഎസ്ആർടിസി “ഇനി എവിടെനിന്നും കടമെടുക്കേണ്ടതില്ല’’ എന്ന് 2016 ൽ അധികാരത്തിൽ വന്ന എൽഡിഎഫ് സർക്കാർ തീരുമാനിച്ചു. വരവ്-–ചെലവുകൾ തമ്മിലുള്ള അന്തരം കുറച്ചുകൊണ്ടുവരുന്നതിനുള്ള പുനരുദ്ധാരണ പാക്കേജ് നടപ്പാക്കാനും, അതുവരെയുണ്ടാകുന്ന അന്തരം സർക്കാർ സഹായമായി നൽകാനും തീരുമാനിച്ചു. തീർച്ചയായും ഇത് ചരിത്രപരമായ തീരുമാനമാണ്. പൊതുമേഖലാ സംരക്ഷണമെന്ന ബദലുയർത്തുന്ന രാഷ്ട്രീയത്തിനു മാത്രമേ -ഇത്തരത്തിൽ ഇച്ഛാശക്തിയോടെ തീരുമാനമെടുക്കാൻ കഴിയൂ.
ഏറ്റവും വലിയ ധനസഹായം
ചരിത്രത്തിലെ ഏറ്റവും വലിയ ധനസഹായമാണ് 2016 നുശേഷം സർക്കാർ അനുവദിച്ചത്. കെഎസ്ആർടിസി ഇനി എവിടെനിന്നും കടമെടുക്കേണ്ടതില്ല എന്ന് തീരുമാനിച്ച സർക്കാർ, ശമ്പളം, പെൻഷൻ, കടം തിരിച്ചടവ് തുടങ്ങിയ മറ്റാവശ്യങ്ങൾക്കും ഓരോ മാസവും സാമ്പത്തിക സഹായം നൽകി. ഒന്നാം പിണറായി വിജയൻ ഗവൺമെന്റ് 5 വർഷംകൊണ്ട് 5,002 കോടി രൂപയും തുടർ ഗവൺമെന്റ് 9,015 കോടി രൂപയും ഉൾപ്പെടെ ആകെ 14,017 കോടി രൂപയുടെ സഹായം അനുവദിച്ചു. 2011-–16 ലെ യുഡിഎഫ് സർക്കാർ അനുവദിച്ചത് കേവലം 1,ജ542 കോടി രൂപയാണ് എന്നത് പ്രത്യേകം ഓർക്കേണ്ടതുണ്ട്.
സാമ്പത്തിക പുനഃസംഘടന
യുഡിഎഫ് ഭരണം അവസാനിക്കുമ്പോൾ കെഎസ്ആർടിസിയുടെ പ്രതിദിന ശരാശരി വരുമാനം 5 കോടി രൂപയായിരുന്നു. അതിൽ 3 കോടി രൂപയും വിവിധ ധനകാര്യ സ്ഥാപനങ്ങളിൽ നിന്നെടുത്ത വായ്‌പയുടെ തിരിച്ചടവിനാണ് ഉപയോഗിച്ചത്. ബാക്കി 2 കോടി രൂപയാണ് കോർപ്പറേഷന് ദിവസവരുമാനമായി ലഭിച്ചിരുന്നത്. അതാകട്ടെ, ഡീസലടിക്കുവാൻ പോലും തികയുമായിരുന്നില്ല. പുനഃസംഘടനയുടെ ഭാഗമായി എൽഡിഎഫ് സർക്കാർ പൊതുമേഖലാ ബാങ്കുകളുടെ കൺസോർഷ്യം രൂപീകരിച്ച് 3,100 കോടി രൂപയുടെ വായ്‌പ, പലിശ കുറഞ്ഞ ദീർഘകാല വായ്‌പയാക്കി മാറ്റി. ഈ ഒരൊറ്റ നടപടിയിലൂടെ പ്രതിദിന കടം തിരിച്ചടവ് മൂന്ന് കോടിയിൽ നിന്ന് ഒരു കോടിരൂപയായി കുറഞ്ഞു. എൽഡിഎഫ് സർക്കാർ സാധ്യമാക്കിയ ഈ സാമ്പത്തിക പുനഃസംഘടനയിലൂടെ ഒരുദിവസം 2 കോടി രൂപയുടെ ബാധ്യതയാണ് കോർപ്പറേഷന് കുറഞ്ഞുകിട്ടിയത്.
പെൻഷൻ സർക്കാർ ഏറ്റെടുത്തു
1984 ലാണ് കെഎസ്ആർടിസിയിൽ പെൻഷൻ പ്രഖ്യാപിക്കുന്നത്. അപ്പോൾ ഒരുവർഷം കേവലം 2 കോടി രൂപ മാത്രം മതിയാകുമായിരുന്നു പെൻഷൻ വിതരണത്തിന്. എന്നാൽ 2016–-17 ആകുമ്പോഴേക്കും ഒരു ദിവസം 2 കോടി വേണമെന്ന സ്ഥിതിയായി. റവന്യൂ വരുമാനത്തിൽനിന്നു കൊടുക്കാൻ കഴിയാതാവും, കടംകിട്ടാതെ വരികയും ചെയതോടെ പെൻഷൻ വിതരണം താറുമാറായി. പെൻഷൻ പ്രശ്‌നത്തിന് ശാശ്വത പരിഹാരം കണ്ട്, സഹകരണ ബാങ്കുകളുടെ കൺസോർഷ്യം രൂപീകരിച്ച് പെൻഷൻ സർക്കാരാണ് മുടങ്ങാതെ നൽകിവരുന്നത്. ഇപ്പോൾ പ്രതിമാസം 73.5 കോടി രൂപയാണ് അതിനായി വേണ്ടിവരുന്നത്.
ടിക്കറ്റ്, ടിക്കറ്റേതര വരുമാനം
വർധിപ്പിക്കുവാൻ നൂതന പദ്ധതികൾ
കോർപ്പറേഷന്റെ വരുമാനം വർധിപ്പിക്കുന്നതിന് നിരവധി പദ്ധതികളാണ് – കഴിഞ്ഞ 10 വർഷത്തിനിടയിൽ എൽഡിഎഫ് സർക്കാർ നടപ്പാക്കിയത്. സർക്കാർ സഹായത്തോടെ പുതിയ ബസുകൾ നിരത്തിലിറക്കുകയും സർവ്വീസ് ഓപ്പറേഷൻ കാര്യക്ഷമമാക്കുകയും ചെയ്തതോടെ യാത്രക്കാരുടെ എണ്ണത്തിലും വരുമാനത്തിലും വർധനവുണ്ടായി. മുടങ്ങിക്കിടന്നിരുന്ന വാണിജ്യ സമുച്ചയങ്ങളുടെ പണി പൂർത്തിയാക്കി. ബഡ്‌ജറ്റ് ടൂറിസം ഉൾപ്പെടെ ജനങ്ങൾ ഏറ്റെടുത്ത നിരവധി പദ്ധതികളാണ് എൽഡിഎഫ് സർക്കാർ നടപ്പാക്കിയത്. അവയിൽ എടുത്തുപറയേണ്ട ഒന്നാണ് യാത്രാഫ്യുവൽസ്. കെഎസ്ആർടിസിയുടെ പമ്പുകളിൽ പൊതുജനങ്ങൾക്കും ഇന്ധനം നിറയ്ക്കാനുള്ള സൗകര്യം ഒരുക്കി. 2011–16ലെ യുഡിഎഫ് ഭരണത്തിൽ എണ്ണക്കമ്പനികൾക്കു പണം കൊടുക്കാനാകാതെ ഡീസൽ വിതരണം നിലച്ചപ്പോൾ കെഎസ്ആർടിസി ബസുകൾ സ്വകാര്യ പമ്പുകൾക്കു മുന്നിലാണ് വരിനിന്നത്. എന്നാലിപ്പോൾ സ്വകാര്യ വാഹനങ്ങൾ ഇന്ധനം നിറയ്ക്കാൻ കെഎസ്ആർടിസിയുടെ പമ്പുകൾക്കുമുന്നിൽ വരിനിൽക്കുന്ന കാഴ്‌ചയാണ് കാണാനാവുക. എൽഡിഎഫ് സർക്കാർ കഴിഞ്ഞ 10 വർഷക്കാലം നടത്തിയ തുടർച്ചയായ ശ്രമത്തിന്റെയും പിന്തുണയുടെയും സാമ്പത്തിക സഹായത്തിന്റെയും പ്രതിഫലനമാണ് കെഎസ്ആർടിസിയിൽ അനുഭവവേദ്യമാകുന്നത്.
തുടർച്ചയായി നടത്തിയ ശ്രമത്തിന്റെ ഭാഗമായി പ്രതിദിന വരുമാനം 5 കോടിയിൽനിന്ന് 8 കോടി രൂപയായി ഉയർന്നു. ഓരോ മാസവും ശമ്പളത്തിനും പെൻഷനും മറ്റുമായി 125 കോടി രൂപയാണ് സർക്കാർ സഹായമായി നൽകുന്നത്. ഇതിന്റെയെല്ലാം ഫലമായി കെഎസ്ആർടിസി ഇപ്പോൾ പ്രതിദിന വരവും ചെലവും തമ്മിൽ ഒത്തുപോകുന്ന നിലയിലായി. എന്നാൽ പഴയ ബാധ്യതകളിൽനിന്ന് ഇനിയും മോചിപ്പിക്കപ്പെട്ടിട്ടില്ല. ഇതൊന്നും കാണാതെ കേരളത്തിലെ ജനങ്ങൾ ഹൃദയപക്ഷത്ത് പ്രതിഷ്ഠിച്ചിട്ടുള്ള കെഎസ്ആർടിസിയെ പൂട്ടിക്കെട്ടാനുള്ള ഗ്യാരണ്ടിയായി യുഡിഎഫ് പ്രഖ്യാപിച്ചിരിക്കുന്ന സൗജന്യത്തെ ജനങ്ങൾ നിരാകരിക്കുമെന്ന കാര്യത്തിൽ സംശയമില്ല. l



