Saturday, March 28, 2026

ad

Homeകവര്‍സ്റ്റോറികർണാടകത്തിൽ 
പൊളിഞ്ഞ വാഗ്ദാനങ്ങൾ

കർണാടകത്തിൽ 
പൊളിഞ്ഞ വാഗ്ദാനങ്ങൾ

വിനോദ് പായം

ർണാടകത്തിൽ ദേവരാജ് അരശ്ശിനുശേഷം ദീർഘകാലം ഭരിച്ച കോൺഗ്രസ്‌ മുഖ്യമന്ത്രിയാണ്‌ സിദ്ധരാമയ്യ. കഴിഞ്ഞ ജനുവരിയിൽ അതിന്റെ ആഘോഷവും കഴിഞ്ഞു. മണ്ണിന്റെ മണമുള്ള നേതാവ്‌ എന്ന വിശേഷണത്തോടെ നയിക്കാനെത്തിയ സിദ്ധരാമയ്യയുടെ നയങ്ങൾ പക്ഷേ, തൊട്ടുമുൻപത്തെ ബിജെപി സർക്കാരിന്റെ തുടർച്ച തന്നെയാകുകയാണ്‌. യലഹങ്കയിലെ ബുൾഡോസർ രാജ്‌ മുതൽ ബാഗൽകോട്ടിലെ വർഗീയ കലാപംവരെ വർത്തമാന കർണാടകത്തിൽ കോൺഗ്രസ്‌ നടപ്പാക്കുന്നതും ബിജെപിയുടെ ബി ടീം കളി തന്നെയാണ്‌.

കോൺഗ്രസ്‌ നാടകത്തിന്റെ 
കർണാടകം
ദക്ഷിണേന്ത്യ പിടിക്കാനുള്ള ബിജെപിയുടെ നീക്കങ്ങൾക്ക്‌ ഉ‍ൗർജംപകരുന്ന രാഷ്ട്രീയമാണ്‌ പൊതുവിൽ കർണാടകത്തിൽ. കേരളത്തിലും തമിഴ്‌നാട്ടിലും ആഴത്തിലുള്ള മതേതര പൊതുബോധം അത്രമേൽ കർണാടകത്തിൽ ശക്തമല്ല. നവോത്ഥാനകാലത്തിന്റെ തുടർച്ചയായി കർണാടകത്തിലും പുരോഗമന മതേതര സമൂഹം ഉയർന്നുവന്നെങ്കിലും, അതിന്‌ തുടർച്ചയുണ്ടായില്ല. കേരളത്തിൽ ശ്രീനാരായണ ഗുരു അടക്കമുള്ള നവോത്ഥാന നായകരും പിന്നീട്‌ കമ്യൂണിസ്‌റ്റ്‌ പ്രസ്ഥാനങ്ങളുംപോലെ, തമിഴ്‌നാട്ടിൽ പെരിയോറിൽ തുടങ്ങി ദ്രാവിഡ രാഷ്ട്രീയംപോലെ, കാന്പുള്ള ഉൾപ്രവർത്തനം കർണാടക സാമൂഹ്യ രാഷ്ട്രീയത്തിൽ ഉണ്ടായില്ല. അതേസമയം 12–ാം നൂറ്റാണ്ടിൽ തന്നെ ബസവേശ്വരനെ പോലുള്ള സാമൂഹ്യ പരിഷ്‌കർത്താക്കൾ കർണാടകത്തിൽ വലിയ സാമൂഹ്യ വിപ്ലവത്തിന്‌ അടിത്തറ പാകിയിട്ടുമുണ്ട്‌. കൂവേന്പു, ആലൂർ വെങ്കട റാവു തുടങ്ങി ശിവരാമ കാരന്ത്‌ വരെയുള്ള പുതിയകാല നവോത്ഥാന പ്രവർത്തകർ കാര്യമായി സ്വാധീനം ചെലുത്തിയെങ്കിലും കർണാടകത്തിന്റെ രാഷ്ട്രീയ ബോധ്യം പതുക്കെ ഹിന്ദുത്വവൽക്കരിക്കപ്പെടുന്നതാണ്‌ സമീപകാലത്ത്‌ കണ്ടത്‌. അതേസമയം, ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിൽ കാണുന്നതുപോലെ മറ്റുപാർട്ടികൾ വിട്ടാൽ ബിജെപി എന്ന ഇന്ത്യനവസ്ഥയിൽ നിന്ന്‌ സിദ്ധരാമയ്യ അടക്കം മാറിച്ചിന്തിച്ചതിനാലാണ്‌ കോൺഗ്രസ്‌ ഇന്നും പ്രസക്തമായി കർണാടകത്തിൽ നിലനിൽക്കുന്നത്‌. ജനതാദളിൽനിന്നും വളർന്നുവന്ന സിദ്ധരാമയ്യയ്ക്ക് അടിസ്ഥാനജനവിഭാഗങ്ങളിലുള്ള സ്വാധീനം കോൺഗ്രസിന്റെ കഴിഞ്ഞ തിരഞ്ഞെടുപ്പ്‌ വിജയത്തിന്‌ പ്രധാന കാരണമായിട്ടുണ്ട്‌.

അഴിമതിയും വർഗീയതയും
അഴിമതിയും വർഗീയതയും പരസ്‌പരം സന്ധിചെയ്‌തും വളംനൽകിയുമാണ്‌ കർണാടകത്തിലെ വർത്തമാനകാല രാഷ്ട്രീയത്തെ വളർത്തിയത്‌. അഴിമതിയിൽ ഇല്ലാതായ കോൺഗ്രസിന്റെ നയത്തിനു ബദലായി, വർഗീയതകൂടി കൂട്ടിച്ചേർത്താണ്‌ യെദ്യൂരപ്പയെന്ന ബിജെപി നേതാവ്‌ വളരുന്നത്‌. അതോടെ മൃദുഹിന്ദുത്വ ലേബലിലേക്ക്‌ കോൺഗ്രസും ചുവടുമാറ്റി. ദേവഗ‍ൗഡയുടെ കുടുംബാധിപത്യത്തിൽ മനംമടുത്ത്‌ കോൺഗ്രസിലേക്കെത്തിയ സിദ്ധരാമയ്യയുടെ ജനതാ പാർട്ടി കാഴ്‌ചപ്പാടുകളും കോൺഗ്രസ്‌ ദേശീയ പ്രസിഡന്റ്‌ മല്ലികാർജുൻ ഖാർഗെയുടെ പിന്നാക്ക മേഖലയിലെ സ്വാധീനവും ബിജെപിയെ കടപുഴക്കാൻ ഒരു കാരണമായി. മുൻ ബിജെപി സർക്കാരിനെതിരായ കടുത്ത ഭരണവിരുദ്ധ വികാരവും കോൺഗ്രസിന്‌ തുണയായി. എന്നാൽ ഇതിനിടയ്‌ക്ക്‌ ശക്തമായ ഹിന്ദുത്വ വികാരത്തെ വോട്ടാക്കാമെന്നാണ്‌ പതിവുപോലെ ബിജെപിയും വിചാരിച്ചത്‌. എന്നാൽ, അതേ പ്ലാറ്റ്ഫോം ഡി കെ ശിവകുമാറിലൂടെ കോൺഗ്രസും പരീക്ഷിച്ചതോടെ, എല്ലാ മേഖലകളിലും ബിജെപിക്ക്‌ തിരിച്ചടിയായി. അപ്പോഴേക്കും, നിയമസഭയിൽവരെ ആർഎസ്‌എസ്‌ ഗണഗീതം പാടാവുന്ന അവസ്ഥയിലേക്ക്‌ ഡി കെ ശിവകുമാറും പിന്നാലെ കോൺഗ്രസും എത്തി എന്നത്‌ നമ്മൾ കാണാതിരുന്നുകൂട. ബിജെപി ഭരിക്കുന്ന സംസ്ഥാനങ്ങളിൽപോലും ആർഎസ്‌എസ്‌ ഗണഗീതം സഭയിൽ ആരും പാടിയിരുന്നില്ല എന്നറിയുന്പോഴാണ്‌, എത്ര സ്വാഭാവികമായാണ്‌ ബിജെപി ബി ടീം കളിയെ കോൺഗ്രസ്‌ കാണുന്നത്‌ എന്ന്‌ മനസ്സിലാകുക.

ഹിന്ദുത്വ കോൺഗ്രസിന്റെ 
10 കർണാടക പാഠങ്ങൾ
സിദ്ധരാമയ്യയുടെ നേതൃത്വത്തിൽ സോഷ്യലിസ്‌റ്റ്‌ കർഷകാഭിമുഖ്യ നയങ്ങളാണ്‌ തങ്ങൾ നടപ്പാക്കുക എന്ന പ്രചാരണമാണ്‌ കർണാടകത്തിൽ കോൺഗ്രസ്‌ അവതരിപ്പിച്ചത്‌. ഇത്‌ വലിയ തോതിൽ ന്യൂനപക്ഷങ്ങളെ ആകർഷിച്ചു. അതേസമയം, ഡി കെ ശിവകുമാറും നേതൃത്വത്തിലേക്കുണ്ട്‌ എന്ന പ്രതീതിയിലൂടെ വലിയ വിഭാഗം ഹിന്ദുത്വ വോട്ടുകളും കോൺഗ്രസ്‌ അടുപ്പിച്ചു.

സിദ്ധരാമയ്യ സർക്കാർ മൂന്നുവർഷം പൂർത്തിയാകുന്ന ഘട്ടത്തിൽ, തിരഞ്ഞെടുപ്പിനു മുന്പ്‌ അവർ പറഞ്ഞ കർഷക, പിന്നാക്ക, മതേതര നയങ്ങൾ എത്രത്തോളം സാധ്യമായി എന്ന്‌ പരിശോധിക്കുന്നത്‌ നന്നാകും. ഏതർഥത്തിൽ നോക്കിയാലും മുൻ ബിജെപി സർക്കാർ പിന്തുടർന്ന ഹിന്ദുത്വ, കോർപ്പറേറ്റ്‌ നയങ്ങൾ അതേപോലെ നടപ്പാക്കുകയാണ്‌ സിദ്ധരാമയ്യയും എന്ന്‌ കാണാൻ കഴിയും. സ്‌പഷ്ടമായ 10 കാര്യങ്ങളാണ്‌ ഇൗ ലേഖനത്തിൽ ചർച്ചയാക്കുന്നത്‌. 1991 നു ശേഷം കോൺഗ്രസ് തന്നെ നടപ്പിലാക്കിയ ആന്തരിക “സോഫ്റ്റ് ഹിന്ദുത്വ’ത്തിലൂടെ തന്നെയാണ്‌ ഇപ്പോഴത്തെ കർണാടക സർക്കാരിന്റെ സഞ്ചാരവും എന്ന് ഇത് വ്യക്തമാക്കുന്നു.

കർണാടകത്തിൽ സംഘ ഫാസിസത്തിന്റെ വേരുകൾ കൂടുതൽ ശക്തമാണ്‌ എന്നത്‌ യാഥാർഥ്യമാണ്‌. പക്ഷേ, ഇതിനെതിരെ സിദ്ധരാമയ്യ ഒരു ചെറുവിരൽപോലും അനക്കിയിട്ടില്ല എന്നതും വ്യക്തമാണ്‌.

1. പാദപൂജ
കർണാടകത്തിൽ ഒ‍ൗദ്യോഗികമായിത്തന്നെ അംഗീകരിക്കപ്പെട്ട ചടങ്ങാണ്‌ മന്ത്രിമാരുടെ പാദപൂജ. സർക്കാർ അധികാരത്തിൽ വന്ന ഉടനെ, ഹിന്ദു സ്വാമിമാരിൽ നിന്ന്‌ അനുഗ്രഹം വാങ്ങാനെന്ന വ്യാജേനയാണ്‌ പാദപൂജ ഏർപ്പാടാക്കിയത്‌. ശ്രീ ശ്രീ രവിശങ്കർ, ബിജെപി എംപിയും ധർമസ്ഥല അധികാരിയുമായ വീരേന്ദ്ര ഹെഗ്‌ഡെ എന്നിവരുടെ കാർമികത്വത്തിലായിരുന്നു കോൺഗ്രസ്‌ മതേതര സർക്കാരിന്റെ ഇ‍ൗ ഹിന്ദുത്വ പാദപൂജ എന്നുകാണണം. ദുരാചാരത്തെ പരസ്യമായി എതിർക്കുന്നു എന്നു പറയുന്ന മുഖ്യമന്ത്രി തന്നെ ഇ‍ൗ ചടങ്ങിൽ പങ്കെടുത്തു. ഒന്നുകൂടി കടന്ന്‌ ആഭ്യന്തരമന്ത്രി ജി പരമേശ്വര, സവർണ ഹിന്ദുത്വത്തിന്റെ പരസ്യ വക്താവായ പേജാവര സ്വാമിയെ ഒ‍ൗദ്യോഗിക വസതിയിലേക്ക് ക്ഷണിച്ച് പാദപൂജ നടത്തിച്ചു. ബിജെപി ഭരണകാലത്ത് സമൂഹത്തിൽ പരക്കെ ക്ഷുദ്രത വിതച്ച ബജ്‌റംഗ്-ദളിനെ നിരോധിക്കില്ലെന്ന് ഉറപ്പും നൽകി. സിദ്ധരാമയ്യയുടെ വ്യക്തിപരമായ വീക്ഷണങ്ങൾ പരിഗണിക്കാതെയാണ്‌ ഇതു ചെയ്‌തത്‌ എന്ന്‌ ചില സിദ്ധ ഫാൻസുകാർ ഇപ്പോഴും പ്രചരിപ്പിക്കുന്നുണ്ട്‌.

2. ബാബ ബുധൻ ഗിരി ദർഗ
ചിക്കമംഗളൂരു ജില്ലയിലെ പശ്ചിമഘട്ടത്തിലുള്ള പ്രശസ്തമായ തീർഥാടന കേന്ദ്രമാണ് ബാബ ബുധൻ ഗിരി (ചന്ദ്രദ്രോണ പർവതനിര). സൂഫി സന്ന്യാസി ബാബ ബുധൻ ദർഗയും ഹിന്ദുക്കളുടെ ദത്താത്രേയ പീഠവും ഒരേ ഗുഹയിൽ സ്ഥിതിചെയ്യുന്ന, മതസൗഹാർദ്ദത്തിന് പേരുകേട്ട സ്ഥലമാണിത്. കർണാടകത്തിന്റെ മതസ‍ൗഹാർദ്ദ സംസ്‌കാരത്തിന്റെ ഉത്തമ ഉദാഹരണം. എന്നാൽ പതിറ്റാണ്ടുകളായി ഹിന്ദുത്വ ശക്തികൾ ഇ‍ൗ ദർഗയെ ഹിന്ദു ക്ഷേത്രമായാണ്‌ വിശേഷിപ്പിക്കുന്നത്‌. നിരവധി നിയമപോരാട്ടങ്ങൾ ഇതിനായി നടന്നു. 2018-ൽ ഇതേ സിദ്ധരാമയ്യ സർക്കാർ, ബാബാ ബുധൻ ദർഗയാണെന്നും ഇവിടെ ഹിന്ദു പുരോഹിതനെ നിയമിക്കുന്നത് 1991 -ലെ ആരാധനാലയ നിയമത്തിന്റെ ലംഘനമാണെന്നും പ്രഖ്യാപിച്ചതാണ്‌. എന്നാൽ 2025 ഫെബ്രുവരിയിൽ, സിദ്ധരാമയ്യ സർക്കാർ സുപ്രീം കോടതിയിൽ മലക്കംമറിഞ്ഞു. ദർഗയിൽ ഹിന്ദു പുരോഹിതനെ നിയമിക്കുന്നത് സംസ്ഥാന സർക്കാർ അംഗീകരിക്കുന്നു എന്നായിരുന്നു ഇത്‌. കർസേവയിലൂടെ രക്തം ചിന്താതെ ഹിന്ദുത്വശക്തികളുടെ ആഗ്രഹം സിദ്ധരാമയ്യ സാധിച്ചുകൊടുത്തു.

3. പിന്നാക്ക ഫണ്ടുകളുടെ വഴിമാറ്റം
സാമൂഹ്യക്ഷേമത്തിനായി വിവിധ പദ്ധതികൾകൂടി പ്രഖ്യാപിച്ചാണ്‌ കോൺഗ്രസ്‌ അധികാരത്തിൽ വന്നത്‌. സ്‌ത്രീകൾക്ക്‌ സ‍ൗജന്യ കെഎസ്‌ആർടിസി യാത്രയൊക്കെ അത്തരത്തിൽ വന്നതാണ്‌. ഇതിനായി കോർപ്പറേറ്റ് മേഖലയിൽനിന്നും മറ്റും കിട്ടാത്ത നികുതികൾ പിരിക്കുമെന്നും അവർ പ്രഖ്യാപിച്ചു. എന്നാൽ പ്രഖ്യാപിച്ച പിന്നാക്ക മേഖലയിലെ ഗ്യാരണ്ടി പദ്ധതികൾക്ക് ധനസഹായം നൽകാൻ സർക്കാർ അധിക വിഭവങ്ങളൊന്നും സമാഹരിച്ചില്ല. പകരം അവർ പട്ടികജാതി പ്രത്യേക ഘടക പദ്ധതി (എസ്‌സിഎസ്‌പി), ആദിവാസി ഉപ പദ്ധതി (ടിഎസ്‌പി) എന്നിവയ്ക്കായി നീക്കിവെച്ച ഫണ്ടുകൾ മാറ്റിച്ചെലവഴിച്ചു. നിലവിൽ 24 ശതമാനം എസ്‌സി‌എസ്‌പി, ടി‌എസ്‌പി ഫണ്ടുകളിൽ നിന്നാണ് ക്ഷേമപ്രവർത്തനങ്ങൾക്ക്‌ നൽകുന്നത്.

സാമൂഹിക നീതിയുടെ പേരിൽ അധികാരത്തിൽ വന്ന ഒരു സർക്കാർ ചെയ്യുന്ന ഏറ്റവും വലിയ സാമൂഹിക അനീതിയാണിത്. സർക്കാർ വകുപ്പുകൾ ഫണ്ട് വകമാറ്റുന്നത് തടയാൻ കർണാടകത്തിൽ പ്രത്യേക നിയമം പാസാക്കിയിട്ടുണ്ട്‌. അവിടെയാണ്‌ ഇ‍ൗ വിരോധാഭാസം. മുഖ്യപ്രതിപക്ഷമായ ബിജെപിയാകട്ടെ, ദളിത്‌ ക്ഷേമപ്രവർത്തനങ്ങളോട്‌ പ്രത്യേക മമതയൊന്നുമില്ലാത്തതിനാൽ, ഇ‍ൗ വകമാറ്റലിനെ എതിർക്കുന്നുമില്ല.

4. പ്രബല ജാതികൾക്ക് വഴങ്ങിക്കൊടുക്കൽ
സാമൂഹിക നീതിയുടെ ഒരു നിർണായക ഘടകം വിദ്യാഭ്യാസത്തിലും തൊഴിലിലും സാമൂഹിക പിന്നാക്കാവസ്ഥയ്ക്ക് ആനുപാതികമായി സംവരണം നൽകുക എന്നതാണ്. ഇത് സാധ്യമാക്കാൻ ജാതികളുടെ സാമൂഹിക നിലയെക്കുറിച്ചുള്ള സർവേ അത്യാവശ്യമാണ്. 1994-ൽ സുപ്രീം കോടതിയുടെ ഒമ്പത് ജഡ്ജിമാരടങ്ങുന്ന ഭരണഘടനാ ബെഞ്ചാണ് ഇത് നിർബന്ധിതമാക്കിയത്. ഇതനുസരിച്ച്, 2013-ൽ ആദ്യം അധികാരത്തിൽ വന്ന സിദ്ധരാമയ്യ സർക്കാർ, കാന്തരാജിന്റെ അധ്യക്ഷതയിൽ സാമൂഹിക സർവേ നടത്തി. സംവരണ വിഭാഗങ്ങളെ തീരുമാനിച്ചു; റിപ്പോർട്ട്‌ സർക്കാരിന്‌ കൈമാറി. എന്നാൽ അതേ സിദ്ധരാമയ്യ തന്റെ ആദ്യ ടേമിലോ രണ്ടാം ടേമിലോ കാന്തരാജ് റിപ്പോർട്ട് അംഗീകരിച്ചില്ല. പകരം, ബിജെപിയിലും കോൺഗ്രസിലും സ്വാധീനമുള്ള പ്രബല ജാതികളുടെ സമ്മർദ്ദത്തിന് വഴങ്ങി, സർക്കാർ റിപ്പോർട്ട് “സ്വീകരിച്ചതായി’ നടിച്ചു. പിന്നീട്‌ ഇത്‌ കാലഹരണപ്പെട്ടതായി പ്രഖ്യാപിച്ച്‌, വിദഗ്‌ധമായി നിരാകരിച്ചു. ഇത്‌ കർണാടകത്തിലെ പിന്നാക്ക സമൂഹങ്ങളോട് ചെയ്‌ത വലിയ അനീതിയാണ്‌.

5. പട്ടികജാതി വിഭാഗത്തിലെ 
ഉപസംവരണം
പട്ടികജാതി വിഭാഗങ്ങൾക്കുള്ളിലെ ഉപസംവരണത്തിലൂടെ സിദ്ധരാമയ്യ സർക്കാർ ഏറ്റവും അരികുവൽക്കരിക്കപ്പെട്ട പട്ടികജാതി സമൂഹങ്ങളോട്, പ്രത്യേകിച്ച് നാടോടികളായ ദളിതർക്കെതിരെ, ഗുരുതരമായ അനീതിയാണ് കാണിച്ചത്. 2005-ൽ കോൺഗ്രസ്- ജനതാദൾ സർക്കാർ എസ്‌സികൾക്കുള്ളിലെ ഉപസംവരണം പരിശോധിക്കാൻ ജസ്റ്റിസ് എ ജെ സദാശിവ കമ്മീഷനെ നിയമിച്ചു. എന്നാൽ 2012-ൽ റിപ്പോർട്ട് സമർപ്പിക്കുമ്പോഴേക്കും സുപ്രീം കോടതിയുടെ അഞ്ചംഗ ബെഞ്ച് അത്തരം ഉപവർഗ്ഗീകരണം ഭരണഘടനാ വിരുദ്ധമാണെന്നും സംസ്ഥാന സർക്കാരുകളുടെ അധികാരങ്ങൾക്ക് അതീതമാണെന്നും വിധിച്ചു. എന്നിട്ടും കോൺഗ്രസും ബിജെപിയും സദാശിവ റിപ്പോർട്ട് നടപ്പിലാക്കുമെന്ന് പട്ടികജാതി സമൂഹങ്ങൾക്ക് വാഗ്ദാനം ചെയ്‌ത്‌ തിരഞ്ഞെടുപ്പിനെ നേരിട്ടു. ഇതിനിടയിൽ 2024 ആഗസ്‌ത്‌ ഒന്നി-ന് സുപ്രീം കോടതിയുടെ ഏഴംഗ ബെഞ്ച് ഉപവർഗ്ഗീകരണത്തിന്റെ ഭരണഘടനാസാധുത ശരിവച്ചു. കർണാടകത്തിൽ വിധി നടപ്പിലാക്കുമെന്ന് സിദ്ധരാമയ്യ പ്രഖ്യാപിച്ചെങ്കിലും ഒന്നും നടന്നില്ല. ഏറ്റവും പിന്നാക്കക്കാരായ നാടോടി ദളിതർ ഇല്ലെങ്കിൽ പൊതു പട്ടികജാതി സമൂഹത്തിന്‌ ഒഴിവ്‌ പോകുമെന്ന നിയമം അംഗീകരിച്ചതോടെ, ഏറ്റവും പിന്നോക്ക വിഭാഗത്തിനുളനേരെയുള്ള അനീതി ബാക്കിയായി.

6. നക്സലൈറ്റുകളോട്‌ ചെയ്‌ത 
വിശ്വാസവഞ്ചന
കീഴടങ്ങുന്ന നക്‌സലൈറ്റുകൾക്ക്‌ ജീവനോപാധിയും നിയമസഹായവും നൽകുമെന്ന സർക്കാർ പ്രഖ്യാപനവും കർണാടകത്തിൽ പാഴായി. 2013ൽ സിദ്ധരാമയ്യ സർക്കാർ കൊണ്ടുവന്ന നിയമപ്രകാരം, നക്സലൈറ്റുകൾ നിരുപാധികം കീഴടങ്ങണം. കേസുകൾ പിൻവലിക്കില്ല. ജാമ്യം ലഭിക്കാൻ മാത്രമേ സഹായം നൽകൂ, പുനരധിവാസത്തിനായി കുറച്ച് സഹായം നൽകും. അഥവാ കീഴടങ്ങിയില്ലെങ്കിൽ, ഏറ്റുമുട്ടലുകളിൽ കൊല്ലപ്പെടുന്ന അവസ്ഥ വ്യാപകമായി. നിലവിൽ കീഴടങ്ങി, കോടതികളിലൂടെ ജാമ്യം നേടി പുറത്തിറങ്ങിയ കർണാടകത്തിലെ പല മുതിർന്ന നക്സലൈറ്റ് നേതാക്കളും ഇപ്പോൾ കോടതിയിൽ നിന്ന് കോടതിയിലേക്ക് ഓടുകയാണ്‌. സിദ്ധരാമയ്യയുടെ ഉറപ്പുകളിൽ വിശ്വസിച്ച് കീഴടങ്ങിയ ചിലർ 2017 മുതൽ ജയിലിൽ കഴിയുകയാണ്. 2024ൽ നക്സലൈറ്റ് നേതാവ് വിക്രം ഗൗഡയെ ജീവനോടെ പിടികൂടി കൊലപ്പെടുത്തി. സർക്കാർ അഭിമാനത്തോടെ ഇ‍ൗ കൊലപാതകത്തെ ന്യായീകരിച്ചു.

7. ദേവനഹള്ളി കർഷക പ്രക്ഷോഭം 
അടിച്ചമർത്തി
ദേവനഹള്ളിയിലെ 13 ഗ്രാമങ്ങളിലെ കർഷകർ 2022 മുതൽ, തങ്ങളുടെ സമ്മതമില്ലാതെ 1,778 ഏക്കർ ഭൂമി ഏറ്റെടുത്തതിൽ സമരത്തിലായിരുന്നു. ബംഗളൂരു അന്താരാഷ്ട്ര വിമാനത്താവളത്തിന് സമീപത്തെ സ്ഥലമാണിത്‌. പ്രതിപക്ഷ നേതാവെന്ന നിലയിൽ സിദ്ധരാമയ്യ സ്ഥലം സന്ദർശിച്ച്‌, കർഷകർക്ക്‌ ഐക്യദാർഢ്യം പ്രഖ്യാപിച്ചു. അധികാരത്തിൽ വന്നാൽ ഭൂമി ഏറ്റെടുക്കൽ പിൻവലിക്കുമെന്ന് പ്രഖ്യാപിച്ചു. 2023-ൽ അധികാരത്തിൽ വന്നതോടെ സിദ്ധരാമയ്യ സർക്കാർ, ഏറ്റെടുക്കൽ പിൻവലിക്കുന്നതിനുപകരം 1,778 ഏക്കർ ഏറ്റെടുക്കുന്നതിന് കെഐഎഡിബി വഴി അന്തിമ നോട്ടീസ് നൽകിയിരിക്കുകയാണ്‌.

8. ബുൾഡോസർ രാജ്‌
ബംഗളൂരുവിലെ കൊഗിലു, തനിസാന്ദ്ര എന്നീ സ്ഥലങ്ങളിൽ പാതിരാത്രിയിൽ നടത്തിയ ബുൾഡോസർ ആക്രമണം യുപിയിലെ ആദിത്യനാഥ് സർക്കാരിനെ ഓർമിപ്പിക്കുന്നതായി. 99 ശതമാനവും ന്യൂനപക്ഷങ്ങൾ താമസിക്കുന്ന ചേരിയാണ്‌ ഒറ്റരാത്രികൊണ്ട്‌ ബുൾഡോസറിറക്കി ഒഴിപ്പിച്ചത്‌. ബംഗളൂരുവിലെ 1,200-ലധികം അനധികൃത ചേരികളിൽ മൃഗങ്ങളെപ്പോലെ ലക്ഷങ്ങൾ ഇപ്പോഴും താമസിക്കുന്പോഴാണിത്‌.

9. സ്‌കൂളുകളുടെ ഏകീകരണം
ദേശീയ വിദ്യാഭ്യാസ നയത്തിന്റെ (എൻഇപി) ഭാഗമായി കർണാടകത്തിൽ ഗ്രാമപ്രദേശങ്ങളിലെ 32,000 സർക്കാർ സ്‌കൂളുകൾ അടച്ചുപൂട്ടുകയാണ്‌. ഏഷ്യൻ ഡെവലപ്‌മെന്റ് ബാങ്ക് (എഡിബി) ധനസഹായത്തോടെ പ്രവർത്തിക്കുന്ന കർണാടക പബ്ലിക് സ്‌കൂളുകൾ ‘ഗുണമേന്മ’ ലക്ഷ്യമിട്ട്‌ തൊട്ടടുത്ത വലിയ സ്‌കൂളുകളിൽ ലയിപ്പിക്കുന്നതാണ്‌ പദ്ധതി. മാഗ്‌നറ്റ് സ്‌കൂൾ പദ്ധതി എന്ന ഇ‍ൗ പരിപാടി, നാട്ടിൻപുറത്തെ നഷ്ടത്തിലായ സ്‌കൂളുകളെ ‘രക്ഷപ്പെടുത്തുകയാണ്‌’ ലക്ഷ്യം എന്നു പറഞ്ഞാണ് നടപ്പാക്കുന്നത്. സ്‌കൂളുകൾ ലയിപ്പിക്കുന്നതോടെ, ഉൾനാടുകളിലെ പ്രൈമറി സ്‌കൂളുകളിൽ വിദ്യാഭ്യാസം മുടങ്ങും. ഇവിടുത്തെ കുട്ടികൾക്ക്‌, ലയിപ്പിച്ച വലിയ സ്‌കൂളുകളിലേക്ക്‌ എത്താനുള്ള ഗതാഗത സ‍ൗകര്യം ഉണ്ടാകില്ല. ഇതോടെ സാർവത്രിക വിദ്യാഭ്യാസം എന്ന സാമൂഹ്യ നീതിതന്നെ ഇല്ലാതാകുന്നു.

10. ഗോവധം, മതപരിവർത്തനം
കർണാടകത്തിൽ ബിജെപി സർക്കാർ നടപ്പാക്കിയ തീവ്രഹിന്ദുത്വ നയങ്ങൾ രണ്ടര വർഷത്തിലധികം അധികാരത്തിലിരുന്നിട്ടും കോൺഗ്രസ് സർക്കാർ ഭേദഗതി ചെയ്‌തിട്ടില്ല. അതിൽ പ്രധാനമാണ്‌ ഗോവധ നിരോധനവും മതപരിവർത്തന നിരോധന നിയമവും. കന്നുകാലി അറവ്‌ നിരോധിച്ചത്‌ ഗ്രാമീണ സന്പദ്‌ഘടനയുടെ നട്ടെല്ലിന് ആഘാതമേൽപിച്ച നടപടിയായിരുന്നു. l

ദ കിൽഡോസർ രാജ്

നമ്മൾ വീട്ടിൽ കിടന്നുറങ്ങുന്നു. രാവിലെ ആറിന്‌ മേൽക്കൂരയ്ക്കുമേൽ യന്ത്രക്കൈകൾ ഇടിച്ചു താഴുന്ന ശബ്ദം. അതിന്റെ മുരൾച്ച. ഉറക്കം വിട്ടൊഴിയാത്ത നിലവിളിയുമായി കുട്ടിയെ വാരിയെടുത്ത്‌ പുറത്തേക്കോടുന്നു. തൊട്ടയൽപക്കത്തുള്ളവരും കൂട്ടത്തോടെ നിലവിളിക്കുന്നു. നമ്മൾ ഭരണാധികാരത്തിന്റെ ബുൾഡോസറിൽ പെട്ടതായറിയുന്നു. അതിൽ പ്രശ്‌നമില്ലെന്നും, നമ്മൾ ഇ‍ൗ ഭൂമിയിൽ കൈയേറ്റക്കാരായതിനാൽ നാം ഒഴിയേണ്ടവരാണെന്നും പറയുന്നത്‌ കേട്ടുവെങ്കിൽ ഓർക്കുക; നാം കിൽഡോസർ രാജിന്റെ കീഴിലാണ്‌ ജീവിക്കുന്നത്‌. കർണാടകം ഇപ്പോൾ കിൽഡോസർ രാജിന്റെ കീഴിലാണ്‌. അവിടെ ബുൾഡോസറുകൾ വലിച്ചെറിഞ്ഞ ജീവിതങ്ങൾ ഇപ്പോഴും പൊരിവെയിലിലാണ്‌. ബംഗളൂരു നഗരത്തിനടുത്ത്‌ യലഹങ്ക ഒ‍ൗട്ടറിലാണ്‌ കൊഗിലു ക്രോസിലെ ഫക്കീർ കോളനിയും വസീം സ്‌ട്രീറ്റും. 30 വർഷമായി അവിടെ താമസിക്കുന്നവർ വരെയുണ്ട്‌. ഇരുന്നൂറോളം വീടാണ്‌ ഉള്ളത്‌. കർണാടക റവന്യു മന്ത്രി കൃഷ്‌ണ ബൈര ഗ‍ൗഡ ജയിച്ച ബൈതരായണപുര നിയമസഭാ മണ്ഡലത്തിലാണിത്‌. 2025 ഡിസംബർ 20 ന് പുലർച്ചെ 4.30ന്‌ യന്ത്രക്കൈകളുടെ മുരൾച്ച ഫക്കീർ കോളനിക്ക്‌ നടുക്കുള്ള കരിങ്കൽകൂട്ടങ്ങളിൽ പ്രതിധ്വനിച്ചു. ആസ്‌ബറ്റോസ്‌ ഷീറ്റുകൾ ഇയാംപാറ്റകളെപ്പോലെ നിലത്തേക്ക്‌ വീണു. ബംഗളൂരു വികസന അതോറിറ്റിയുടെ ഖര മാലിന്യ സംസ്‌കരണ പ്ലാന്റിനായി ഏറ്റെടുത്ത സ്ഥലമാണ്‌ ഇതെന്നും, അതിനാൽ ഇവിടുത്തെ താമസക്കാരെ ഒഴിപ്പിക്കുന്നു എന്നുമാണ്‌ സർക്കാർ ഭാഷ്യം! നൂറ്റന്പതോളം പൊലീസുകാരും നാല്‌ ബുൾഡോസറും…. ഫക്കീർ കോളനിയിലെ ചിന്നമ്മയുടെ വീടാണ്‌ ആദ്യം തകർത്തത്‌. ആദ്യം ഗ്യാസ്‌ സിലിൻഡറെല്ലാം പുറത്തേക്ക്‌ എടുപ്പിച്ചു. ഫക്കീർ കോളനിയിലും താഴെ വസീം സ്‌ട്രീറ്റിലും ‘കിൽഡോസർ രാജി’ന്റെ തേർവാഴ്‌ച കഴിഞ്ഞപ്പോൾ കൃത്യം 165 വീടുകൾ നിലത്തുവീണു. ബാക്കിയുള്ള മുപ്പതോളം വീടുകൾ തകർച്ചയുടെ വക്കിൽ കോളനിയുടെ അതിരിൽ ഇപ്പോഴും കഴിയുന്നുണ്ട്‌.

ബംഗളൂരു ഗാസ
പലസ്‌തീനിലെ ഇസ്രയേൽ അധിനിവേശക്കാഴ്‌ചകൾ നമുക്ക്‌ ദൂരെയെങ്ങോ നടക്കുന്ന കാര്യം മാത്രമാണ്‌. അവിടെ തകർന്ന ഗാസയുടെ ചിത്രങ്ങൾ പലർക്കും വിഷമം കലർന്ന അത്‌ഭുതം മാത്രമാണ്‌. കേരള അതിർത്തിയിൽ നിന്ന്‌ 350 കിലോമീറ്റർ സഞ്ചരിച്ചാൽ ഗാസയെ ഓർമിപ്പിക്കുന്ന തകർന്ന കോൺക്രീറ്റ്‌ കട്ടകളുടെ ചിത്രങ്ങൾ നമുക്ക്‌ കാണാം. പൊടിയുയർന്ന്‌, നടക്കാൻ വഴി പോലുമില്ലാത്ത, നീല ടാർപോളിൻ ഷീറ്റുകൾ വലിച്ചു കെട്ടിയ, പ്രഭാതത്തിൽ 14 ഡിഗ്രി ചൂടും നട്ടുച്ചയ്‌ക്ക്‌ 35 ഡിഗ്രിവരെ ചൂടുമുള്ള ‘ബംഗളൂരു ഗാസ’. കർണാടകത്തിലെ കോൺഗ്രസ് സർക്കാരിന്റെ ബുൾഡോസർ രാജ്‌ അരങ്ങേറിയ ശേഷം, സ്ഥലത്ത്‌ സന്നദ്ധ പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുന്ന പ്രധാന സന്നദ്ധ സംഘടനയായ സംഗമ (ദുഡിയുവ ജനരെ വേദിഗെ) എന്ന എൻജിഒ എടുത്ത പ്രാഥമിക കണക്കിലാണ്‌ തകർത്തത്‌ 165 വീടുകളാണ് എന്നു പറയുന്നത്‌. നിർമാണത്തിലുള്ള 15 വീട്‌ തകർന്നു വീണത്‌ കൂടാതെയാണിത്‌. ഫക്കീർ കോളനിയിൽ 45 മുസ്ലീം വീട്‌, മൂന്ന്‌ ഹിന്ദു ദളിത്‌ വീട്‌ എന്നിവ നിലംപതിച്ചു. വസീം ലേ ഒ‍ൗട്ടിൽ 54 മുസ്ലീം വീടും 27 ദളിത്‌ കുടുംബങ്ങളുടെ വീടും തകർത്തു. ഇവിടെ ഒരു ക്രിസ്‌ത്യൻ കുടുംബത്തിന്റെ വീടും നിലംപതിച്ചു. രണ്ട്‌ കോളനിക്കും ഇടയ്ക്കുള്ള ന്യൂ എച്ച്‌എച്ച്‌ എന്ന ലെയിനിലെ 35 വീടും തകർത്തിട്ടുണ്ട്‌. ഇവിടെ രണ്ട്‌ ദളിത്‌ വിഭാഗത്തിലുള്ളവരുടെ വീട്ടിലും 33 മുസ്ലീം വീട്ടിലുമാണ്‌ ബുൾഡോസറുകൾ കയറിയിറങ്ങിയത്‌. കൊഗിലുവിലെ കാഴ്‌ചകളിപ്പോഴും യുദ്ധസമാനമാണ്. സ്‌ത്രീകളും കുട്ടികളുമാണ്‌ ബുൾഡോസർ രാജിന്റെ ഏറ്റവും വലിയ ഇരകൾ. വെള്ളവും വെളിച്ചവുമില്ല. ശുചിമുറിയില്ല. ഉറുദു സ്‌കൂളിന്റെ ടോയ്‌ലറ്റ് എല്ലാവരും ഉപയോഗിക്കുന്നതിനാൽ പൂട്ടിയിട്ടു. പഴയ ക്വാറിയിൽ മുന്പെപ്പോഴോ നിറഞ്ഞ മഴവെള്ളം പച്ച നിറത്തിൽ കെട്ടിക്കിടപ്പുണ്ട്‌. കുട്ടികൾക്ക്‌ കുളി എന്നത്‌ ധാരാളിത്തമാണ്‌. പാചകത്തിനുള്ള വെള്ളം പ്ലാസ്‌റ്റിക്ക്‌ കുടത്തിൽ അമ്മമാർ വരിവരിയായി ചുമന്ന്‌ കൊണ്ടുവരുന്നതുകണ്ടു. യുദ്ധത്തിലെന്ന പോലെ ഭരണകൂട തേർവാഴ്‌ചയുടെ അവസാന ഇര കുട്ടികളും അമ്മമാരും തന്നെ! കേരളത്തിന്റെ പ്രതിരോധമൊന്നുകൊണ്ടു മാത്രമാണ്‌ കൊഗിലുവിനെ, ഡൽഹി ജഹാംഗീർപൂരിനെ പോലെ, ലഖ്‌ന‍ൗ അക്‌ബർ നഗർ പോലെ ദേശീയ ശ്രദ്ധയിലേക്ക്‌ എത്തിച്ചത്‌. മുഖ്യമന്ത്രി പിണറായി വിജയന്റെ സാമൂഹ്യ മാധ്യമക്കുറിപ്പിന്‌ കർണാടകത്തിന്‌ മറുപടി പറയേണ്ടി വന്നു. എ എ റഹീം എംപി, കെ ടി ജലീൽ എംഎൽഎ എന്നിവർ സ്ഥലം സന്ദർശിച്ചത്, പ്രശ്‌നം ദേശീയ ശ്രദ്ധയിലെത്തിച്ചു. l

 

വോട്ടിൽ കണ്ണുവച്ച് പ്രഖ്യാപനം; ഇപ്പോൾ ശതകോടികളുടെ ബാധ്യത
തിരഞ്ഞെടുപ്പ് കാലത്ത് സാമ്പത്തിക പഠനമോ തയ്യാറെടുപ്പോ ഇല്ലാതെ പ്രഖ്യാപിച്ച ഇളവുകളിൽ നട്ടംതിരിയുകയാണ്‌ കർണാടക സർക്കാർ. കെഎസ്ആർടിസിയിൽ സ്ത്രീകൾക്ക്‌ സൗജന്യ യാത്രയടക്കം പ്രഖ്യാപിച്ച് അധികാരത്തിലേറിയ കർണാടക കോൺഗ്രസ് സർക്കാർ മൂന്നു വർഷത്തിനകം വരുത്തിവച്ചത്, കെഎസ്ആർടിസിക്ക് മാത്രം നാലായിരം കോടിയിലധികം രൂപയുടെ ബാധ്യത.

നടത്തിപ്പ് ദുഷ്കരം
കെഎസ്ആർടിസിയിൽ സൗജന്യ യാത്ര വാഗ്ദാനം ചെയ്ത സ്ത്രീശക്തി പദ്ധതി. 200 യൂണിറ്റ് വരെ വൈദ്യുതി സൗജന്യമെന്ന് പ്രഖ്യാപിച്ച ഗൃഹജ്യോതി, സ്ത്രീകൾക്ക് മാസം 2000 രൂപ നൽകുമെന്ന് പറയുന്ന ഗൃഹലക്ഷ്മി, ബിപിഎല്ലുകാർക്ക് 10 കിലോ അരി സൗജന്യമായി നൽകുന്ന അന്ന ഭാഗ്യ, തൊഴിൽരഹിതരായ യുവാക്കൾക്ക് മാസം സാമ്പത്തിക സഹായം നൽകുന്ന യുവനിധി തുടങ്ങി, കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പ്‌ കാലത്ത്‌ കോൺഗ്രസ്‌ വാഗ്ദാനം ചെയ്ത പ്രധാന ജനപ്രീയ പദ്ധതികളെല്ലാം കർണാടകത്തിൽ മുടന്തുകയാണ്.

കെഎസ്ആർടിസി നാലായിരം കോടി കടക്കെണിയിൽ
നിരത്തുകളിൽ കുത്തകയായിരുന്ന കർണാടക എസ്ആർടിസിയെ മാതൃകയാക്കാനാണ്, മുമ്പ് കേരളത്തിലടക്കം ചർച്ചകൾ നടന്നത്. വേണ്ടത്ര സാമ്പത്തിക തയ്യാറെടുപ്പില്ലാതെയാണ് സിദ്ധരാമയ്യ സർക്കാർ സ്ത്രീകൾക്ക് സൗജന്യ യാത്ര ഏർപ്പാടാക്കിയത്. ഇതോടെ 4006.67 കോടി രൂപയുടെ കടക്കെണിയിലാണ് കർണാടക എസ്ആർടിസി ഇപ്പോൾ. സൗജന്യ യാത്രയുടെ തുക സർക്കാർ കോർപ്പറേഷന് നൽകാത്തതാണ് പ്രതിസന്ധിക്കു പിന്നിൽ. 2023 –- 24 വർഷം 1180.62 കോടി, കഴിഞ്ഞ സാമ്പത്തിക വർഷം 1170.45 കോടി, 2026 ജനുവരി വരെ 1655.4 കോടി ബാധ്യതയാണ് കോർപ്പറേഷനുള്ളത്. കടക്കെണി മൂലം ജീവനക്കാരുടെ ശമ്പള വർധനവോ മറ്റ് അടിസ്ഥാന സൗകര്യ വികസനമോ സർക്കാർ ശ്രദ്ധിക്കാത്ത അവസ്ഥയുമുണ്ട്.

പുതിയ അപേക്ഷ പരിഗണിക്കാതെ ഗൃഹജ്യോതി
വൈദ്യുതി വിതരണ കമ്പനികൾക്ക് പണം മുൻകൂർ നൽകിയാണ് 200 യൂണിറ്റ് വരെ വൈദ്യുതി സൗജന്യമായി വീടുകൾക്ക് നൽകുമെന്ന് പ്രഖ്യാപിച്ചത്. എന്നാൽ പണം കുടിശ്ശികയുള്ളതിനാൽ നിലവിൽ വിതരണ കമ്പനികളും പ്രതിസന്ധിയിലാണ്. മുമ്പ് ഉപയോഗിച്ചതിന്റെ ശരാശരി കണക്കു കൂട്ടിയാണ് ഉപഭോക്താക്കളെ തീരുമാനിക്കുന്നത്. പുതുതായി കണക്ഷൻ എടുത്തവർക്ക് മുൻകണക്ക് ഇല്ലാത്തതിനാൽ, ഈ പദ്ധതിക്ക് പുറത്താണ്. താരിഫ് കണക്കുകൂട്ടുന്നതിന്റെ സാങ്കേതിക പിഴവുമൂലം പൂർണ തുക അടയ്ക്കേണ്ടി വരുന്നു എന്ന പരാതിയും വ്യാപകമാണ്. സബ്സിഡി ബാധ്യത പരിഹരിക്കാൻ വ്യവസായ, വാണിജ്യ മേഖലയ്ക്ക് കുത്തനെ വൈദ്യുതി നിരക്ക് കൂട്ടിയിട്ടുമുണ്ട്.

അന്നവും ഭാഗ്യക്കേട്
പൊതുവിതരണ മേഖല ശക്തമല്ലാത്തതിനാൽ ബിപിഎൽ കുടുംബങ്ങൾക്ക് സൗജന്യ ഭക്ഷ്യധാന്യം നൽകുന്ന അന്ന ഭാഗ്യ പദ്ധതിയും പ്രതിസന്ധിയിലാണ്. വ്യക്തിക്ക് മാസം 10 കിലോ സൗജന്യ ഭക്ഷ്യധാന്യമാണ് പ്രഖ്യാപിച്ചത്. എന്നാൽ, നിലവിൽ ഗുണഭോക്താക്കളെ വെട്ടിച്ചുരുക്കി അഞ്ചു കിലോ വരെയാണ് നൽകുന്നത്. ശേഷിച്ച അഞ്ചു കിലോയ്ക്ക് മാസം 170 രൂപ വ്യക്തികൾക്ക് നൽകുമെന്ന് പ്രഖ്യാപിച്ചു. അതിലും വ്യാപക പരാതി നിലവിലുണ്ട്. ധാന്യം കടത്തുന്ന വാഹനങ്ങൾക്കുള്ള കൂലി 250 കോടി രൂപ കുടിശ്ശികയാണ് നിലവിൽ. ലോറി ഉടമകൾ ഇടയ്ക്കിടയ്ക്ക് ഇതിന്റെ പേരിൽ സമരത്തിലുമാണ്. ഉൾനാടുകളിലെ കടത്ത് സംവിധാനം മുടങ്ങുന്നത്, അതിദുർബല മേഖലയെ കാര്യമായി ബാധിക്കുന്നു. നികുതിദായകരല്ലാത്ത സ്ത്രീകൾക്ക് മാസം രണ്ടായിരം രൂപ വരെ നൽകുന്ന പദ്ധതിയാണ് ഗൃഹലക്ഷ്മി. നിലവിൽ നാലു മുതൽ ആറു മാസം വരെ കുടിശ്ശികയാണ്. ആധാർ, ബാങ്ക് അക്കൗണ്ട് സാങ്കേതികത്വത്തിൽ കുടുങ്ങി ഫണ്ട് തടയുന്നെന്ന പരാതിയും വ്യാപകമാണ്.

യുവനിധി: കിട്ടിയാൽ കിട്ടി
2023 നുശേഷം ബിരുദധാരികളായവർക്ക് തൊഴിൽ കിട്ടും വരെ മാസ സാമ്പത്തിക സഹായം പ്രഖ്യാപിച്ച പദ്ധതിയാണിത്. മൂന്നു വർഷത്തിനുള്ളിൽ ബിരുദം നേടിയവർ മാത്രം പദ്ധതിയിലുള്ളതിനാൽ ബഹുഭൂരിപക്ഷം തൊഴിൽരഹിതരും പദ്ധതിക്ക് പുറത്താണ്. തൊഴിൽരഹിതനാണെന്ന് സേവാസിന്ധു പോർട്ടലിൽ മാസംതോറും സത്യവാങ്മൂലം നൽകണം. ഇത്തരം സാങ്കേതിക പ്രശ്നങ്ങളുള്ളതിനാലും സാമ്പത്തിക പ്രതിസന്ധിയുംമൂലം നാലു മാസം വരെയുള്ള പണം വിതരണത്തിൽ കുടിശ്ശികയുണ്ട്.

ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

two × four =

Most Popular