Saturday, March 28, 2026

ad

Homeകവര്‍സ്റ്റോറിഹിമാചൽ പ്രദേശ്: ജലരേഖയായി 
കോൺഗ്രസ് വാഗ്ദാനങ്ങൾ

ഹിമാചൽ പ്രദേശ്: ജലരേഖയായി 
കോൺഗ്രസ് വാഗ്ദാനങ്ങൾ

എം അഖിൽ

സംസ്ഥാനത്തെ എല്ലാവിഭാഗം ജനങ്ങളുടെയും ജീവിതനിലവാരം വലിയരീതിയിൽ മെച്ചപ്പെടുത്തുമെന്ന അവകാശവാദത്തോടെയാണ്‌ 2022 ഡിസംബറിൽ ഹിമാചൽപ്രദേശിൽ കോൺഗ്രസ്‌ സർക്കാർ അധികാരമേറ്റത്‌. മൂന്നു വർഷം പിന്നിടുന്പോഴും പ്രകടനപത്രികയിലെ പ്രധാനപ്പെട്ട വാഗ്‌ദാനങ്ങൾ നടപ്പാക്കാൻ കഴിയാത്ത സുഖ്‌വിന്ദർസിങ് സുഖുവിന്റെ സർക്കാർ മുഖം നഷ്ടപ്പെട്ട അവസ്ഥയിലാണ്‌. അഞ്ചുലക്ഷം യുവജനങ്ങൾക്ക്‌ തൊഴിലവസരങ്ങൾ സൃഷ്ടിക്കും, സ്‌ത്രീകൾക്ക്‌ 1500 രൂപ സ്‌റ്റൈപ്പൻഡ്‌ നൽകും,‍ ഒാരോ വീടിനും സൗജന്യമായി 300 യൂണിറ്റ്‌ വൈദ്യുതി ഉറപ്പാക്കും, 680 കോടിയുടെ സ്‌റ്റാർട്ടപ്പുകൾ യാഥാർഥ്യമാക്കും, ഗ്രാമീണമേഖലകളിൽ മൊബൈൽക്ലിനിക്കുകൾ വഴി സ‍ൗജന്യചികിത്സ ഉറപ്പാക്കും, കിലോയ്‌ക്ക്‌ രണ്ട്‌ രൂപ നിരക്കിൽ ചാണകം ശേഖരിക്കും തുടങ്ങിയ വാഗ്‌ദാനങ്ങളാണ്‌ കോൺഗ്രസിന്റെ പ്രകടനപത്രികയിൽ ഉണ്ടായിരുന്നത്‌. ചില വാഗ്‌ദാനങ്ങൾ പേരിനു മാത്രം നടപ്പാക്കിയെങ്കിലും സംസ്ഥാനത്തെ വലിയ വിഭാഗം ജനങ്ങൾക്കും അതിന്റെ ഗുണങ്ങൾ ലഭിച്ചിട്ടില്ല. മറ്റ്‌ വാഗ്‌ദാനങ്ങൾ നടപ്പാക്കാൻ പണമില്ലെന്നാണ്‌ സർക്കാരിന്റെ വിശദീകരണം. കേന്ദ്രസർക്കാരിന്റെ രാഷ്ട്രീയ പകപോക്കൽമൂലം ഫണ്ടുകൾ വലിയ തോതിൽ വെട്ടിക്കുറച്ചു; അതുകാരണം സമീപകാലത്തൊന്നും ആ വാഗ്‌ദാനങ്ങൾ യാഥാർഥ്യമാക്കാൻ കഴിയില്ലെന്നാണ് സർക്കാർ വൃത്തങ്ങൾ പറയുന്നത്. കേരളത്തിലെ എൽഡിഎഫ് സർക്കാർ ചെയ്യുന്നപോലെ ബദൽ മാർഗങ്ങളെക്കുറിച്ച് ഹിമാചൽ പേദേശ് സർക്കാർ ആലോചിക്കുന്നതുപോലുമില്ല.

ഒാരോദിവസവും കടവും പലിശയും കുമിഞ്ഞുകൂടുന്നതിനാൽ സംസ്ഥാനത്തിന്റെ സാന്പത്തികനില പരിതാപകരമാണ്‌. ഒരുലക്ഷം കോടി രൂപയുടെ കടഭാരമാണ്‌ നിലവിൽ ഹിമാചൽപ്രദേശിന്റെ ചുമലിലുള്ളത്‌. കോൺഗ്രസ്‌ സർക്കാരിന്റെ സാന്പത്തിക കെടുകാര്യസ്ഥതയും ദുർവിനിയോഗവുമാണ്‌ പ്രതിസന്ധിക്ക്‌ കാരണമെന്ന്‌ ബിജെപി കുറ്റപ്പെടുത്തുന്നു. രാഷ്ട്രീയലക്ഷ്യങ്ങളോടെ കേന്ദ്രസഹായങ്ങൾ വെട്ടിക്കുറച്ചതാണ്‌ പ്രതിസന്ധിക്ക്‌ കാരണമെന്നാണ്‌ കോൺഗ്രസിന്റെ വാദം. സംസ്ഥാനങ്ങളുടെ വരവുചെലവ്‌ കണക്കുകളിലെ അന്തരം പരിഹരിക്കാൻ അനുവദിക്കാറുള്ള റെവന്യൂ ഡെഫിസിറ്റ്‌ ഗ്രാന്റ്‌ (ആർഡിജി) നിർത്തലാക്കാനുള്ള 16–ാം ധനകമ്മീഷന്റെ തീരുമാനം കൂടിയായതോടെ സംസ്ഥാനത്തിന്റെ സാന്പത്തികനില കൂടുതൽ വഷളായി. കഴിഞ്ഞ സെപ്‌തംബറിൽ സർക്കാർ ജീവനക്കാർക്കുള്ള ശന്പളവും വിരമിച്ച ജീവനക്കാർക്കുള്ള പെൻഷനും വിതരണം ചെയ്യാൻ ഒരാഴ്‌ചയോളം താമസമുണ്ടായി. സംസ്ഥാനസർക്കാർ ജീവനക്കാരുടെ ശന്പളവും ആനുകൂല്യങ്ങളും വർദ്ധിപ്പിക്കുമെന്ന പ്രഖ്യാപനം പിൻവലിക്കാൻ സംസ്ഥാനസർക്കാർ നിർബന്ധിതമായി. എംഎൽഎമാർക്കുള്ള ഫണ്ട്‌ വിതരണവും അവതാളത്തിലായി. അടിസ്ഥാനസ‍ൗകര്യ വികസനപദ്ധതികൾ പൂർണമായും നിലച്ച മട്ടാണ്‌. മോദിസർക്കാർ ബിജെപിയിതര സംസ്ഥാനങ്ങളുടെ കാര്യത്തിൽ ഏർപ്പെടുത്താറുള്ള സാന്പത്തിക ഉപരോധങ്ങളും നിയന്ത്രണങ്ങളും മലയാളികളെ പറഞ്ഞു പഠിപ്പിക്കേണ്ടതില്ല. അതേസമയം പലമാർഗങ്ങളിലൂ‍ടെ അതെല്ലാം മറികടന്ന്‌ കേരളത്തിലെ എൽഡിഎഫ്‌ സർക്കാർ വികസനവാഗ്‌ദാനങ്ങളും നിറവേറ്റിയതും, സാമൂഹിക ഉത്തരവാദിത്വങ്ങളുമെല്ലാം നിറവേറ്റിയതും ചരിത്രത്തിന്റെ ഭാഗമാണ്‌. എന്നാൽ, ഹിമാചൽപ്രദേശിലെ കോൺഗ്രസ്‌ സർക്കാരിന്‌ അതിനുള്ള രാഷ്ട്രീയ ഇച്ഛാശക്തിയും കാര്യപ്രാപ്‌തിയും ആസൂത്രണശേഷിയും പ്രതിബദ്ധതയും ഇല്ലെന്നതാണ്‌ യാഥാർഥ്യം. സ്വന്തം സാന്പത്തികനില മോശമാകുകയും കേന്ദ്രസഹായം കുറയുകയും ചെയ്‌തപ്പോൾ സുഖ്-വിന്ദ് സിങ് സർക്കാർ എല്ലാത്തരം വികസനപ്രവർത്തനങ്ങളിൽ നിന്നും പിൻമാറി. ഉള്ളതുകൊണ്ട്‌ ചെലവുകൾ നടത്തുക, കടമെടുത്ത പണം ഉപയോഗിച്ച്‌ പഴയ കടത്തിന്റെ പലിശ അടയ്‌ക്കുക, ജനങ്ങളിൽ ഭാരം അടിച്ചേൽപ്പിച്ച്‌ നില മെച്ചപ്പെടുത്താനുള്ള നടപടികൾ സ്വീകരിക്കുക– തുടങ്ങിയ രക്ഷാപ്രവർത്തനങ്ങളിലേക്ക്‌ അവർ നീങ്ങി. കേന്ദ്രവും സംസ്ഥാനവുമായുള്ള ഏറ്റുമുട്ടലിന്റെ കെടുതികൾ മുഴുവൻ സഹിക്കേണ്ടത്‌ ഹിമാചലിലെ ജനങ്ങളുടെ ഗതികേടായി. കേരളത്തിൽ എൽഡിഎഫ്‌ സർക്കാരിന്റെ ഭരണമാതൃകയുടെ തിളക്കം തിരിച്ചറിയണമെങ്കിൽ ഹിമാചൽപ്രദേശ്‌ പോലെയുള്ള സംസ്ഥാനങ്ങൾ അഭിമുഖീകരിക്കുന്ന പ്രതിസന്ധിയുടെ ആഴവും പരപ്പും കൂടി മനസ്സിലാക്കണം.

‘ജലരേഖയായ വാഗ്‌ദാനങ്ങൾ’
അധികാരത്തിലേറുന്നതിനുവേണ്ടി കോൺഗ്രസ്‌ ഹിമാചൽജനതയ്ക്ക്‌ നൽകിയ വാഗ്‌ദാനങ്ങൾ മൂന്നുവർഷമായിട്ടും ഫലപ്രദമായി നടപ്പാക്കിയിട്ടില്ലെന്ന്‌ നേരത്തെ ചൂണ്ടിക്കാണിച്ചതാണ്‌. അഞ്ചു ലക്ഷം തൊഴിലവസരങ്ങൾ സൃഷ്ടിക്കുമെന്ന വാഗ്‌ദാനത്തിന്റെ നിലവിലത്തെ അവസ്ഥയെന്താണെന്ന്‌ ആദ്യം നോക്കാം. കേന്ദ്രസർക്കാരിനെ പോലെ ‘സ്ഥിരംതൊഴിൽ’ എന്ന സങ്കൽപ്പം ഹിമാചലിലെ കോൺഗ്രസ്‌ സർക്കാരും പൂർണമായും ഇല്ലാതാക്കി. പകരം കരാർ, കാഷ്വൽ, താൽക്കാലിക തൊഴിലുകൾ എല്ലാ വകുപ്പുകളിലും യാഥാർഥ്യമാക്കി. ഹിമാചൽ വൈദ്യുതി ബോർഡ്‌ തൊഴിലില്ലാത്ത യുവജനങ്ങൾക്കായി ‘ബിജ്‌ലി ഉപഭോക്‌തൃ മിത്ര’ എന്ന പേരിൽ പദ്ധതി നടപ്പാക്കി. പത്താംക്ലാസ്‌, പ്ലസ്‌ടു, ഡിപ്ലോമ പാസായവർക്ക്‌ പുറംഏജൻസികൾ വഴി താൽക്കാലികനിയമനം നൽകുന്നതാണ്‌ ഇ‍ൗ പദ്ധതി. അതുപോലെ വനം വകുപ്പിൽ ‘വനംമിത്ര’ എന്ന പേരിൽ ആയിരക്കണക്കിന്‌ യുവജനങ്ങൾക്ക്‌ താൽക്കാലിക നിയമനം നൽകി. വനം സംരക്ഷിക്കുക, വനവൽക്കരണം പ്രോത്സാഹിപ്പിക്കുക– തുടങ്ങിയ ജോലികളാണ്‌ ഇവർ നിർവഹിക്കേണ്ടത്‌. ഇ‍ൗ രീതിയിൽ താൽക്കാലിക അടിസ്ഥാനത്തിൽ നിയമിക്കപ്പെട്ട ആയിരക്കണക്കിന്‌ ആൾക്കാരെ സമീപകാലത്ത്‌ സാന്പത്തികപ്രതിസന്ധിയുടെ പേരിൽ പിരിച്ചുവിടാൻ നീക്കങ്ങൾ നടത്തുന്നതായും റിപ്പോർട്ടുകളുണ്ട്‌. സ്‌ത്രീകൾക്ക്‌ 1500രൂപ സ്‌റ്റൈപെൻഡ്‌ എന്ന വാഗ്‌ദാനം ഗ്രാമീണ മേഖലയിലെ ചുരുക്കം ചിലർക്ക്‌ മാത്രമാണ്‌ കിട്ടിയിട്ടുള്ളത്‌. ലാഹോൾ–സ്‌പിത്തി, ഉനാ ജില്ലകളിലെ ചില സ്‌ത്രീകൾക്ക്‌ സഹായം ലഭിച്ചതായി പറയപ്പെടുന്നു. എന്നാൽ, സംസ്ഥാനത്തുടനീളമുള്ള 18 മുതൽ 60 വയസ്‌ വരെ പ്രായമുള്ള സ്‌ത്രീകളിൽ അർഹരായവർക്ക്‌ എന്നു മുതൽ സഹായം ലഭ്യമാകും എന്ന ചോദ്യത്തിന്‌ ഇനിയും മറുപടി ലഭിച്ചിട്ടില്ല.

ഒാരോ വീടിനും 300 യൂണിറ്റ്‌ സ‍ൗജന്യവൈദ്യുതിയെന്ന വാഗ്‌ദാനം ഇതുവരെയും യാഥാർഥ്യമായിട്ടില്ല. കോൺഗ്രസ്‌ അധികാരത്തിൽ വരുന്നതിനുമുന്പ്‌ ഒാരോ വീടിനും 125 യൂണിറ്റ്‌ വൈദ്യുതി സ‍ൗജന്യമായിരുന്നു. കഴിഞ്ഞവർഷം,പല വിഭാഗങ്ങളെയും 125 യൂണിറ്റ്‌ സ‍ൗജന്യവൈദ്യുതിയിൽ നിന്നും ഒഴിവാക്കി. ഇതിനുപുറമേ, സമീപകാലത്ത്‌ വൈദ്യുതിനിരക്ക്‌ കാര്യമായി വർദ്ധിപ്പിക്കാനുള്ള നീക്കങ്ങളും തുടങ്ങിയിട്ടുണ്ട്‌. സ്വാഭാവികവർദ്ധനവിനു പുറമേ നിരവധി സെസുകൾ കൂടി അടിച്ചേൽപ്പിക്കുന്നതോടെ വൈദ്യുതിനിരക്ക്‌ ഗണ്യമായി വർദ്ധിക്കുമെന്ന ആശങ്ക ശക്തമായിട്ടുണ്ട്‌. സംസ്ഥാനത്തിന്റെ പല ഭാഗങ്ങളിലും പഴയമീറ്ററുകൾക്കുപകരം സ്‌മാർട്ട്‌ മീറ്ററുകൾ വെച്ചതോടെ വൈദ്യുതിനിരക്ക്‌ കാര്യമായി വർദ്ധിച്ചെന്ന പരാതി നേരത്തെയുണ്ട്‌. സ്‌മാർട്ട്‌മീറ്ററുകൾ സ്ഥാപിക്കാനുള്ള തീരുമാനത്തിന്‌ എതിരെ, ഹിമാചൽപ്രദേശ്‌ സ്‌റ്റേറ്റ്‌ ഇലക്‌ട്രിസിറ്റി ബോർഡിനെതിരായി ഇലക്‌ട്രിസിറ്റി ബോർഡ്‌ എംപ്ലോയീസ്‌ യൂണിയന്റെയും പെൻഷൻകാരുടെയും നേതൃത്വത്തിൽ വലിയ പ്രതിഷേധങ്ങൾ അരങ്ങേറുന്നുണ്ട്‌. മോദിസർക്കാരിന്റെ വിവാദമായ വൈദ്യുതിഭേദഗതി ബിൽ നടപ്പാക്കുന്നതിന്റെ ഭാഗമായാണ്‌ ഹിമാചൽപ്രദേശ്‌ സർക്കാർ ഉപയോക്താക്കളുടെമേൽ സ്‌മാർട്ട്‌ മീറ്ററുകൾ അടിച്ചേൽപ്പിക്കുന്നതെന്ന വിമർശനവും വ്യാപകമാണ്‌. സ്‌മാർട്ട്‌മീറ്ററുകൾ സ്ഥാപിക്കാൻ 2500 കോടി രൂപയുടെ അധികസാന്പത്തിക ഭാരമുണ്ടാകുമെന്നാണ്‌ വിലയിരുത്തൽ. ആ ചെലവ്‌ മുഴുവൻ സാധാരണക്കാരെ പിഴിഞ്ഞുണ്ടാക്കാനാണ്‌ സർക്കാർ നീക്കം. സാധാരണക്കാരുടെ പോക്കറ്റുകൾ കാലിയാക്കി കോർപ്പറേറ്റുകളെ വീർപ്പിക്കുന്ന മോദിസർക്കാരിന്റെ നവഉദാരവൽക്കരണ നയങ്ങൾ തന്നെയാണ്‌ ഹിമാചൽ പ്രദേശിലെ കോൺഗ്രസ്‌ സർക്കാരും പിന്തുടരുന്നത്‌.

കടുത്ത സാന്പത്തിക പ്രതിസന്ധിയെ തുടർന്ന്‌ സംസ്ഥാനത്തെ ആരോഗ്യമേഖലയും വലിയ വെല്ലുവിളി അഭിമുഖീകരിക്കുകയാണ്‌. ചുരുക്കം സർക്കാർ ആശുപത്രികളിൽ മാത്രമാണ്‌ മുഴുവൻ സമയ ഡോക്ടർമാരുള്ളത്‌. ഡോക്ടർമാരുടെയും മറ്റ്‌ ആരോഗ്യപ്രവർത്തകരുടെയും ആയിരക്കണക്കിന്‌ തസ്‌തികകൾ ഒഴിഞ്ഞുകിടക്കുന്പോഴും നിയമനങ്ങൾ നടക്കുന്നില്ല. ഹിമാചലിലെ വിദ്യാഭ്യാസ മേഖലയുടെ പ്രകടനവും ഒാരോവർഷവും മോശമാകുകയാണ്‌. കഴിഞ്ഞ രണ്ട്‌, രണ്ടരവർഷത്തിനിടെ സംസ്ഥാനത്ത്‌ 1200 സ്‌കൂളുകൾ പൂട്ടുകയോ ലയിപ്പിക്കുകയോ ചെയ്‌തതായി സംസ്ഥാന വിദ്യാഭ്യാസ മന്ത്രി രോഹിത്‌ താക്കൂർ അറിയിച്ചു. കുട്ടികൾ ഇല്ലെന്നും പുതിയ പ്രവേശനനിരക്ക്‌ കുറവാണെന്നും ചൂണ്ടിക്കാണിച്ചാണ്‌ സ്‌കൂളുകൾ അടച്ചുപൂട്ടുന്നത്‌. എന്നാൽ, മോദിസർക്കാരിന്റെ ദേശീയ വിദ്യാഭ്യാസ നയം നടപ്പാക്കാനുള്ള ശ്രമത്തിന്റെ ഭാഗമായാണ്‌ സ്‌കൂളുകൾ അടച്ചുപൂട്ടുന്നതെന്ന്‌ റിപ്പോർട്ടുകളുണ്ട്‌. കുട്ടികൾ കുറഞ്ഞ സ്‌കൂളുകൾ പൂട്ടാനും ലയിപ്പിക്കാനും വിദ്യാഭ്യാസനയത്തിൽ നിർദേശമുണ്ടെന്നാണ്‌ സംസ്ഥാന വിദ്യാഭ്യാസ വകുപ്പിന്റെ വിശദീകരണം. ഹിമാചൽപ്രദേശ്‌ പോലെ ദുർഘടമായ ഭൂമിശാസ്‌ത്ര സാഹചര്യങ്ങളുള്ള സംസ്ഥാനത്ത്‌ ഉൾപ്രദേശങ്ങളിലെ സ്‌കൂളുകൾ അടച്ചുപൂട്ടിയാൽ അവിടെയുള്ള കുട്ടികൾ പഠിത്തം അവസാനിപ്പിക്കുക മാത്രമാകും ഫ-ലമെന്ന്‌ വിദ്യാഭ്യാസവിദഗ്‌ധർ ചൂണ്ടിക്കാണിച്ചു. വൻതുക മുടക്കി വാഹനത്തിൽ അകലങ്ങളിലുള്ള സ്‌കൂളുകളിൽ പറഞ്ഞയയ്ക്കാൻ മിക്ക രക്ഷിതാക്കൾക്കും താൽപര്യമില്ലെന്നതാണ്‌ യാഥാർഥ്യം.

വർഗീയതയുടെ കാര്യത്തിൽ 
ഭായി ഭായി
സാന്പത്തികപ്രതിസന്ധിയുടെ പേരിൽ വികസനപദ്ധതികൾ ഉപേക്ഷിക്കുന്ന കോൺഗ്രസ്‌ ഹിമാചലിൽ വർഗീയധ്രുവീകരണം സൃഷ്ടിക്കാൻ ബിജെപിയുടെ ബി ടീം പോലെയാണ്‌ പ്രവർത്തിക്കുന്നത്‌. ഷിംലയിലെ മസ്‌ജിദിന്റെ കാര്യത്തിൽ വർഗീയമുതലെടുപ്പ്‌ നടത്താൻ തീവ്രമായി പരിശ്രമിക്കുന്ന സംഘപരിവാറിന്‌ കൂടുതൽ വീറും വാശിയും ഉണ്ടാക്കുന്ന രീതിയിലാണ്‌ കോൺഗ്രസ്‌ മന്ത്രിമാരുടെയും എംഎൽഎമാരുടെയും പ്രതികരണങ്ങൾ. ഷിംലയിലെ മസ്‌ജിദ്‌ നിർമിച്ചത് അനധികൃതമായാണെന്ന് മന്ത്രിയും കോൺഗ്രസ്‌ നേതാവുമായ അനിരുദ്ധസിങ്ങിന്റെ പരാമർശം ന്യൂനപക്ഷങ്ങൾക്കിടയിൽ വലിയ ഞെട്ടലും നിരാശയും സൃഷ്ടിച്ചിരുന്നു. ഹിമാചൽ പ്രദേശ്‌ നിയമസഭയിലാണ്‌ അനിരുദ്ധസിങ്‌, മസ്‌ജിദിന്റെ കാര്യത്തിൽ വിശദമായ അന്വേഷണവും പരിശോധനയും വേണമെന്ന്‌ ആവശ്യപ്പെട്ടത്. മസ്‌ജിദ്‌ നിർമിക്കുന്നതിന്‌ അധികൃതരിൽ നിന്നും അനുമതിയും അംഗീകാരവും വാങ്ങിയിട്ടുണ്ടോയെന്ന കാര്യം പരിശോധിക്കണമെന്നാണ്‌ ഗ്രാമവികസന മന്ത്രിയായ അനിരുദ്ധസിങ്‌ പറഞ്ഞത്‌. ‘‘അംഗീകാരം ഇല്ലാതെയാണ്‌ അവർ നിർമാണം നടത്തിയത്‌. ആദ്യം ഒരു നില പണിതു. അതിന്‌ മുകളിൽ അടുത്ത നില പണിതു. ഇക്കൂട്ടർ നിയമലംഘനം പതിവാക്കിയിരിക്കുകയാണ്‌. ഇ‍ൗ സാഹചര്യത്തിൽ, മുഴുവൻ നിർമാണവും സൂക്ഷ്‌മമായി പരിശോധിക്കണം’’– എന്നാണ്‌ മന്ത്രി നിയമസഭയിൽ ആവശ്യപ്പെട്ടത്‌. മന്ത്രിയുടെ പ്രസ്‌താവനയെ പരസ്യമായി തള്ളിപ്പറയാൻ മുഖ്യമന്ത്രിയോ മറ്റ്‌ മന്ത്രിമാരോ എംഎൽഎമാരോ തയ്യാറായിട്ടില്ല. മസ്‌ജിദിന്‌ എതിരായ ഹർജികൾ കോടതിയുടെ പരിഗണനയിലിരിക്കെ മന്ത്രി നടത്തിയ പ്രസ്‌താവനകൾ വലിയതോതിൽ ദോഷം ചെയ്യുമെന്നാണ്‌ നിയമവിദഗ്‌ധരുടെ വിലയിരുത്തൽ. ഹിമാചൽപ്രദേശ്‌ ഇപ്പോൾ ഭരിക്കുന്നത്‌ കോൺഗ്രസാണോ ബിജെപിയാണോയെന്ന കാര്യത്തിൽ സന്ദേഹമുണ്ടെന്നായിരുന്നു എഐഎംഐഎം നേതാവ്‌ അസദുദീൻ ഒവൈസിയുടെ പ്രതികരണം. ‘ഹിമാചൽപ്രദേശിലെ സ്‌നേഹത്തിന്റെ കടയിൽ ഇപ്പോൾ വിദ്വേഷം മാത്രമേ ബാക്കിയുള്ളൂവെന്ന്‌ തെളിഞ്ഞിരിക്കുന്നതായും’ അദ്ദേഹം ചൂണ്ടിക്കാണിച്ചു. ഷിംലയിലെ നേർവാ തെഹസിലിലെ മൂന്ന്‌ മസ്‌ജിദുകൾ അനധികൃതനിർമാണങ്ങളാണെന്ന്‌ ആരോപിച്ച്‌ ഹിന്ദുരക്ഷാമഞ്ച്‌ ഉൾപ്പടെയുള്ള തീവ്രഹിന്ദുത്വസംഘടനകൾ വലിയ പ്രക്ഷോഭങ്ങൾ സംഘടിപ്പിക്കുന്ന അവസരത്തിലാണ്‌ അവരുടെ ആരോപണങ്ങൾക്ക്‌ തുല്യംചാർത്തുന്ന രീതിയിൽ കോൺഗ്രസ്‌ മന്ത്രിയുടെ പ്രതികരണമുണ്ടായത്‌. മുസ്ലീം വിഭാഗത്തെ സാമൂഹ്യമായും സാന്പത്തികമായും ബഹിഷ്‌കരിക്കണമെന്നും ഒറ്റപ്പെടുത്തണമെന്നുമുള്ള പ്രചരണം സംഘപരിവാർ സംഘടനകൾ ശക്തമാക്കുന്നുണ്ട്‌. ഇതിനു സഹായകമായ രീതിയിലാണ്‌ കോൺഗ്രസ്‌ മന്ത്രിമാരുടെ നിലപാട്‌. സംസ്ഥാനത്തെ കടകളും ഭക്ഷണശാലകളും ഉടമസ്ഥരുടെ പേരുവിവരങ്ങൾ വെളിപ്പെടുത്തുന്ന ബോർഡുകൾ സ്ഥാപിക്കണമെന്ന പൊതുമരാമത്ത്‌‍, നഗരവികസന മന്ത്രി വിക്രമാദിത്യസിങ്ങിന്റെ പരാമർശം ഇതിനുള്ള തെളിവാണ്‌.
‘‘ആളുകൾക്ക്‌ വലിയ ആശങ്കകളും സംശയങ്ങളുമുണ്ട്‌. ഇ‍ൗ സാഹചര്യത്തിൽ, എല്ലാ കടകളും ഉടമകളുടെ യഥാർഥ വിവരങ്ങൾ പരസ്യപ്പെടുത്തണം. ഉത്തർപ്രദേശ്‌ സർക്കാർ നേരത്തെ ഇ‍ൗ നടപടി സ്വീകരിച്ചിട്ടുണ്ട്‌. ഹിമാചൽപ്രദേശും അതേ മാതൃക പിന്തുടരാനാണ്‌ ആഗ്രഹിക്കുന്നത്‌’’– ഹിമാചൽപ്രദേശ്‌ മുൻമുഖ്യമന്ത്രി വീർഭദ്രസിങ്ങിന്റെ മകനായ വിക്രമാദിത്യസിങ്ങിന്റെ പ്രസ്‌താവന കോൺഗ്രസിന്റെ തനിനിറം വെളിപ്പെടുത്തുന്നതാണ്‌. കേന്ദ്രത്തിൽ നരേന്ദ്രമോദിയും ഉത്തർപ്രദേശിൽ യോഗി ആദിത്യനാഥും നടപ്പാക്കുന്ന സംഘപരിവാർ അജൻഡ തന്നെയാണ്‌ ഹിമാചൽപ്രദേശിൽ കോൺഗ്രസും നടപ്പാക്കുന്നത്‌. വർഗീയതയുടെ കാര്യത്തിൽ ബിജെപിയും കോൺഗ്രസും ഒരേ തൂവൽപക്ഷികളാണെന്ന ചരിത്രപാഠമാണ്‌ ഹിമാചലിലും ആവർത്തിക്കപ്പെടുന്നത്‌. വികസനത്തിന്റെയും മതനിരപേക്ഷതയുടെയും പേരിൽ വോട്ടുപിടിക്കുന്ന കോൺഗ്രസിന്റെ യഥാർഥ അജൻഡ തിരിച്ചറിയാൻ ഹിമാചൽപ്രദേശ്‌ ഒന്നാന്തരം ഉദാഹരണമായി നമുക്ക്‌ മുന്നിലുണ്ട്‌. l

ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

eighteen − seventeen =

Most Popular