Saturday, March 28, 2026

ad

Homeകവര്‍സ്റ്റോറിരാഹുൽ ഗാന്ധിയുടെ ഗ്യാരണ്ടി വിശ്വാസ്യതയില്ലാത്ത 
ഡയലോഗുകൾ

രാഹുൽ ഗാന്ധിയുടെ ഗ്യാരണ്ടി വിശ്വാസ്യതയില്ലാത്ത 
ഡയലോഗുകൾ

ഡോ. പ്രേംകുമാർ

കേരളം വീണ്ടും ഒരു തിരഞ്ഞെടുപ്പു കാലത്തിലേക്ക് കടക്കുകയാണ്. പതിവുപോലെ മുന്നണികൾ മാനിഫെസ്റ്റോകളുമായെത്തുന്നു. ഇന്ത്യയുടെ ചരിത്രത്തിലാദ്യമായി, പ്രകടനപത്രികയ്ക്കൊപ്പം 5 വർഷത്തെ പ്രോഗ്രസ് റിപ്പോർട്ടും ജനങ്ങൾക്കു മുന്നിൽ വെച്ചാണ് 2021ൽ എൽഡിഎഫ് രണ്ടാം വട്ടം വിജയിച്ചത്. കഴിഞ്ഞ 10 വർഷത്തെ എൽഡിഎ്ഫ് ഭരണകാലം കേരളത്തിന്റെ മുഖഛായ തന്നെ മാറ്റി. ഇച്ഛാശക്തിയും ജനങ്ങളോട് പ്രതിബദ്ധതയുമുള്ള ഒരു ഗവൺമെന്റിന്റെ ഭരണ നേട്ടങ്ങൾ ജനങ്ങൾ കണ്ടറിഞ്ഞു. ഇത്തവണ കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി പ്രഖ്യാപിച്ച അഞ്ച് “ഗ്യാരണ്ടികൾ’’ വാർത്തകളിൽ വലിയ ശ്രദ്ധ നേടി. പക്ഷേ ഈ വാഗ്ദാനങ്ങളെ വിലയിരുത്തിയാൽ ഒരു ചെറിയ സംശയം ഉയരും: ഇവ യഥാർത്ഥത്തിൽ നയപരമായ പദ്ധതികളാണോ, അല്ലെങ്കിൽ വോട്ട് നേടാനുള്ള സാമ്പത്തിക പ്രലോഭനങ്ങളുടെ പട്ടികയാണോ എന്നതാണ്?

ഈ അഞ്ച് ഗ്യാരണ്ടികളും ഒരു കാര്യത്തിൽ ഒരുപോലെയാണ്:

നിങ്ങൾ ഞങ്ങൾക്ക് വോട്ട് തരൂ; ഞങ്ങൾ നിങ്ങൾക്ക് പണം തരാം.

1. വോട്ടിനു പകരം പണം?
രാഹുൽ ഗാന്ധി പ്രഖ്യാപിച്ച അഞ്ച് വാഗ്ദാനങ്ങൾ നോക്കാം.

♦ സ്ത്രീകൾക്ക് കെഎസ്ആർടിസിയിൽ സൗജന്യ യാത്ര
♦ എല്ലാവർക്കും 25 ലക്ഷത്തിന്റെ ആരോഗ്യ ഇൻഷുറൻസ്
♦ കോളേജ് വിദ്യാർത്ഥിനികൾക്ക് മാസം 1000 രൂപ
♦ യുവ സംരംഭകർക്ക് 5 ലക്ഷം പലിശരഹിത വായ്‌പ
♦ സാമൂഹ്യ സുരക്ഷാ പെൻഷൻ 3000 രൂപ

നോക്കൂ… ഇവയെല്ലാം നേരിട്ട് പണമോ സബ്‌സിഡിയോ നൽകുന്ന വാഗ്‌ദാനങ്ങളാണ്.
സാമൂഹ്യക്ഷേമ നയങ്ങൾ സാധാരണയായി ആശുപത്രികൾ, വിദ്യാഭ്യാസം, തൊഴിലവസരങ്ങൾ, സാമൂഹ്യ സുരക്ഷാ സംവിധാനങ്ങൾ എന്നിവ ശക്തിപ്പെടുത്തിയാണ് രൂപപ്പെടുത്തുന്നത്. ഇവിടെ അതൊന്നുമില്ല. ഇവിടെയുള്ളത് കാഷ് ഓഫറുകളുടെ ഒരു പട്ടിക മാത്രം.

2. പണം എവിടെനിന്നു വരും?
ഈ വാഗ്ദാനങ്ങളെക്കുറിച്ച് ചോദിക്കേണ്ട ആദ്യത്തെ ചോദ്യം വളരെ സാധാരണമാണ്. ഇതിന് പണം എവിടെ നിന്നാണ് കണ്ടെത്തുന്നത്?

ഉദാഹരണത്തിന് 25 ലക്ഷത്തിന്റെ ആരോഗ്യ ഇൻഷുറൻസ്. നിലവിൽ, കേരളത്തിൽ 42 ലക്ഷം കുടുംബങ്ങൾക്ക് ആരോഗ്യ ഇൻഷുറൻസുണ്ട്. 25 ലക്ഷം രൂപ കവറേജ് കിട്ടാൻ മിനിമം 20000 രൂപ വാർഷിക പ്രീമിയം അടയ്ക്കണം.

85 ലക്ഷം കുടുംബങ്ങളാണ് കേരളത്തിൽ. 85 ലക്ഷത്തെ 20000 കൊണ്ട് ഗുണിക്കണം. അപ്പോൾ 170,000,000,000 പതിനേഴായിരം കോടി രൂപ. കേരള ബജറ്റിൽ ആരോഗ്യമേഖലയ്ക്കുള്ള മൊത്തം വിഹിതം പതിനായിരം കോടി രൂപ (10,431 കോടി).

ഇതെന്ത് കണക്കാണ്!!!

പക്ഷേ ഈ വാഗ്ദാനം പ്രഖ്യാപിക്കുമ്പോൾ അത് നടപ്പാക്കുന്നത് എങ്ങനെ എന്നതിനെപ്പറ്റി ഒരു വാക്കുപോലും കോൺഗ്രസ് പറയുന്നില്ല.

പുതിയ നികുതി ഉണ്ടാക്കുമോ?
മറ്റെവിടെയെങ്കിലും ചെലവ് കുറയ്ക്കുമോ?
സാമ്പത്തിക പദ്ധതി എന്താണ്?

ഈ ചോദ്യങ്ങളെല്ലാം വായുവിൽ തന്നെ.

ഇതൊരു ചെറിയ പ്രശ്‌നമല്ല. അതുകൊണ്ടാണ് തിരഞ്ഞെടുപ്പ് കമ്മീഷനു പോലും രാഷ്ട്രീയ പാർട്ടികൾ അവരുടെ വാഗ്ദാനങ്ങൾക്കൊപ്പം അത് നടപ്പാക്കുന്നതിനുള്ള സാമ്പത്തിക ഉറവിടം കൂടി വ്യക്തമാക്കണം എന്ന് അടുത്തകാലത്തു പറയേണ്ടി വന്നത്.

വാഗ്ദാനം നൽകുന്നത് എളുപ്പമാണ്.
അത് നിറവേറ്റുന്നതിനുള്ള സ്രോതസ് ഏതെന്നുകൂടി പറയണം.

3. മറ്റു സംസ്ഥാനങ്ങളിലെ അനുഭവങ്ങൾ
ഈ വാഗ്ദാനങ്ങളിൽ ചിലത് മറ്റിടങ്ങളിൽ ഇതിനകം പരീക്ഷിച്ചിട്ടുണ്ട്. ഉദാഹരണത്തിന് കർണാടകത്തിലെ സ്ത്രീകൾക്ക് സൗജന്യ ബസ് യാത്ര നൽകിയ സംഭവം.

രാഷ്ട്രീയമായി ഇത് വളരെ ജനപ്രിയമായ തീരുമാനമായിരുന്നു. പക്ഷേ അതു സൃഷ്ടിച്ച സാമ്പത്തിക ബാധ്യത ഇതിനകം തന്നെ നഷ്‌ടത്തിലോടുന്ന സംസ്ഥാന ട്രാൻസ്പോർട്ട് കോർപ്പറേഷനെ വലിയ സമ്മർദ്ദത്തിലാക്കി. സർക്കാർ നൽകേണ്ട സബ്‌സിഡി സമയത്ത് കിട്ടാത്തത്,പ്രവർത്തന നഷ്‌ടം കൂടുന്നത് തുടങ്ങിയ പ്രശ്ന‌ങ്ങൾ കാരണം പൊതുവിൽ ചാർജ് വർദ്ധനയിലേക്ക് പോയ കർണാടകം സ്ത്രീകളുടെ സൗജന്യ യാത്ര ബിപിഎൽ വിഭാഗത്തിനു മാത്രമാക്കി. ചുരുക്കത്തിൽ കർണാടക റോഡ് ട്രാൻസ്പോർട്ട് കോർപ്പറേഷൻ വലിയ സാമ്പത്തിക പ്രതിസന്ധിയിലായി.

4. വിശ്വാസ്യതയുടെ കാര്യം
തിരഞ്ഞെടുപ്പു കാലത്ത് വലിയ വാഗ്‌ദാനങ്ങൾ നൽകുകയും പിന്നീട് അവ മറക്കുകയും ചെയ്യുന്ന പാരമ്പര്യം കോൺഗ്രസിനുണ്ടെന്നത് ആരോപണമല്ല, ചരിത്രമാണ്.

1971ലെ തിരഞ്ഞെടുപ്പിൽ ഇന്ദിരാ ഗാന്ധി ഉയർത്തിയ ഏറ്റവും പ്രശസ്‌തമായ മുദ്രാവാക്യം “ഗരീബി ഹടാവോ’ ആയിരുന്നു. ഇന്ത്യയുടെ രാഷ്ട്രീയ ചരിത്രത്തിലെ ഏറ്റവും വിജയകരമായ തിരഞ്ഞെടുപ്പ് മുദ്രാവാക്യങ്ങളിൽ ഒന്നായിരുന്നു അത്. എന്നാൽ ആ മുദ്രവാക്യമുയർത്തി അധികാരത്തിലേറിയ ഇന്ദിര ദാരിദ്ര്യ നിർമാർജനത്തിനുവേണ്ടി ഒരു നടപടിയും കെെക്കൊണ്ടില്ലെന്നു മാത്രമല്ല ആ ഗവൺമെന്റിന്റെ നയങ്ങൾ ബഹുഭൂരിപക്ഷം ഇന്ത്യക്കാരുടെയും ദാരിദ്ര്യം വർധിപ്പിക്കുകയാണുണ്ടായത്.

പതിറ്റാണ്ടുകൾ കഴിഞ്ഞിട്ടും ദാരിദ്ര്യം തുടരുന്നു.

രാജീവ് ഗാന്ധി ഒരിക്കൽ പറഞ്ഞിരുന്നു: “സർക്കാർ ചെലവഴിക്കുന്ന ഒരു രൂപയിൽ നിന്ന് പാവപ്പെട്ടവരുടെ കയ്യിൽ എത്തുന്നത് 15 പൈസ മാത്രമാണ്: ’

ഈ വാക്ക് ഭരണ സംവിധാനത്തിലെ വലിയ പ്രശ്‌നം തുറന്നു കാട്ടി. പക്ഷേ ആ പ്രശ്ന‌ം പരിഹരിക്കാൻ ആവശ്യമായ അടിസ്ഥാനപരമായ ഭരണപരിഷ്‌കാരങ്ങൾ പിന്നീട് നടന്നുവോ? ഇല്ലെന്നതാണ് സത്യം.

5. പെൻഷൻ വാഗ്‌ദാനം: 
ഓർമ പരീക്ഷിക്കൽ
ഈ പട്ടികയിൽ ഏറ്റവും കൗതുകകരമായത് 3000 രൂപ പെൻഷൻ നൽകുമെന്ന വാഗ്‌ദാനമാണ്.

ഇവിടെ ഒരു ചെറിയ ചരിത്രം ഓർക്കാം. 2011–-2016 കാലത്തെ യുഡിഎഫ് സർക്കാർ സാമൂഹ്യ സുരക്ഷാ പെൻഷൻ 500ൽ നിന്ന് 600 രൂപയായി മാത്രമാണ് ഉയർത്തിയത്: വർധന വെറും 100 രൂപ. അതിനുമുൻപ് ഒരു കാലത്തും യുഡിഎഫ് സാമൂഹ്യ സുരക്ഷാ പെൻഷൻ ഒരു രൂപ പോലും വർധിപ്പിച്ചുമില്ല.

2016 ൽ യുഡിഎഫ് അധികാരത്തിൽ നിന്നിറങ്ങുമ്പോൾസർക്കാർ വരുമ്പോൾ 18 മാസത്തെ പെൻഷൻ കുടിശ്ശികവരുത്തിയിരുന്നു. തുടർന്നുവന്ന എൽഡിഎഫ് സർക്കാർ ആ കുടിശ്ശിക കൊടുത്തുതീർക്കുകയും അത് ഘട്ടം ഘട്ടമായി ഉയർത്തി 2000 രൂപയാക്കുകയും ചെയ്തു.

ഇവിടെ മറ്റൊരു കൗതുകകരമായ കാര്യമുണ്ട്.

2021ലെ തിരഞ്ഞെടുപ്പിനു മുമ്പ് രാഹുൽ ഗാന്ധി പ്രഖ്യാപിച്ച പെൻഷൻ 6000 രൂപ ആയിരുന്നു. ഇപ്പോൾ അത് നേർ പകുതി– 3000 രൂപ– ആയി.

പണ്ടു പറഞ്ഞത് രാഹുൽ ഗാന്ധി മറന്നുപോയതാവും.

6. ക്ഷേമപ്രവർത്തനങ്ങൾ 
VS 
പൊളിറ്റിക്കൽ ഷോ
കേരളത്തിലെ ക്ഷേമമാതൃക ഒരു ദിവസം കൊണ്ടുണ്ടായതല്ല. പൊതുവിദ്യാഭ്യാസം, പൊതുജനാരോഗ്യം, സാമൂഹ്യസുരക്ഷാ പദ്ധതികൾ, ത്രിതല പഞ്ചായത്ത് സംവിധാനങ്ങൾ എന്നിവയുടെ ദീർഘകാല നിക്ഷേപങ്ങളിലൂടെയാണ് അതു രൂപപ്പെട്ടത്. അത് ഒരു തിരഞ്ഞെടുപ്പ് കാലത്തെ ഓഫർ പട്ടികയിലൂടെ ഉണ്ടാകുന്ന കാര്യമല്ല.

രാഷ്ട്രീയം, ഒടുവിൽ “ആരാണ് കൂടുതൽ പണം വാഗ്‌ദാനം ചെയ്യുന്നത്’ എന്ന ലേലമായി മാറിയാൽ അത് ആരോഗ്യകരമായ അവസ്ഥയല്ല. ചർച്ച ചെയ്യേണ്ട വിഷയങ്ങൾ മറ്റൊന്നാണ്. തൊഴിൽ എങ്ങനെ സൃഷ്‌ടിക്കാം. ആരോഗ്യ സംവിധാനം എങ്ങനെ ശക്തിപ്പെടുത്താം. സംരംഭകത്വത്തിന് എങ്ങനെ അടിസ്ഥാന സൗകര്യം നൽകാം ക്ഷേമ പദ്ധതികൾ എങ്ങനെ സ്ഥിരതയോടെ നടത്താം.

ഇവയാണ് ഭരണത്തിന്റെ യഥാർത്ഥ ചോദ്യങ്ങൾ. ഇതാണ് കേരളത്തിൽ ഇടതുപക്ഷം നടപ്പാക്കുന്നത്. തിരഞ്ഞെടുപ്പ് വാഗ്‌ദാനങ്ങൾ രാഷ്ട്രീയത്തിന്റെ ഭാഗമാണ്. പക്ഷേ വാഗ്ദാനങ്ങൾക്ക് അക്കൗണ്ടബിലിറ്റി ഇല്ലെങ്കിൽ, അത് നയമല്ല, പരസ്യം മാത്രമാണ്. പൊളിറ്റിക്കൽ സ്ട്രാറ്റജിസ്റ്റുകളുടെ നിർദേശം സ്വീകരിച്ച് ജനങ്ങളുടെ കണ്ണിൽപൊടിയിട്ട് അധികാരം പിടിക്കുന്നതിനുവേണ്ടി മാത്രം ലക്ഷ്യമിട്ട് ഇലക്ഷൻ മാനിഫെസ്റ്റോ ഉണ്ടാക്കിയാൽ സംഭവിക്കുന്നതാണ് രാഹുൽ ഗാന്ധിയുടെ അഞ്ചിന ഗ്യാരണ്ടിയിൽ കണ്ടത്.

കേരളത്തിലെ വോട്ടർമാർ രാഷ്ട്രീയമായി നല്ല ബോധമുള്ളവരാണ് എന്ന് നാം അഭിമാനത്തോടെ പറയാറുണ്ട്. അവർക്ക് ആവശ്യം ക്യാഷ് ഓഫറുകൾ അല്ല; സാമ്പത്തിക ഉത്തരവാദിത്തത്തോടെ രൂപപ്പെടുത്തിയ ഭരണപദ്ധതികളാണ്. അതുകൊണ്ടുതന്നെ രാഹുൽ ഗാന്ധിയുടെ നിരുത്തരവാദപരമായ അഞ്ച് ഗ്യാരണ്ടികൾ ജനങ്ങൾ തള്ളിക്കളയുക തന്നെ ചെയ്യും. l

ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

9 + twenty =

Most Popular