കേരളത്തില്‍ നിയമസഭാ തിരഞ്ഞെടുപ്പ് മുന്നില്‍ കണ്ടുകൊണ്ടുള്ള രാഹുല്‍ ഗാന്ധിയുടെ അഞ്ചു വാഗ്ദാനങ്ങള്‍ ചില്ലിട്ടു വെയ്ക്കേണ്ടവയാണെന്ന് ആര്‍ക്കെങ്കിലും തോന്നിയാല്‍ കുറ്റംപറയാനാകില്ല. അപഹാസ്യവും ചിന്താഹീനവും പൊള്ളയുമായ ഈ പ്രഖ്യാപനങ്ങള്‍ നടപ്പാക്കാനുള്ളതല്ല എന്ന ഉറപ്പിലാകാം കോൺഗ്രസ് ഇത് പറയുന്നത്. എൽഡിഎഫ് സര്‍ക്കാരിന്റെ നേതൃത്വത്തില്‍ പത്തു വര്‍ഷത്തെ വികസന നേട്ടങ്ങളുമായി രാജ്യത്തെ വികസന മാതൃകയായി മുന്നേറുന്ന കേരളത്തില്‍ കോൺഗ്രസ് ‘ഞെട്ടിക്കുന്ന വികസന ബോംബു’പൊട്ടിക്കുമെന്ന മുന്നറിയിപ്പ് ഉണ്ടായിരുന്നു. എന്നാല്‍ അത് ഇത്ര പെട്ടെന്ന് ചീറ്റിപ്പോകുന്നതാണെന്ന് ആരും കരുതിക്കാണില്ല. പൊട്ടിക്കുന്നതിനു മുന്‍പ് കേരളത്തെക്കുറിച്ചുള്ള അടിസ്ഥാനപരമായ ചില വസ്തുതകളെങ്കിലും (വിവരമുള്ള ഏതെങ്കിലും ഒരാൾ കോൺഗ്രസില്‍ ഉണ്ടായിരുന്നെങ്കില്‍ )രാഹുല്‍ ഗാന്ധിയെ ധരിപ്പിക്കണമായിരുന്നു.
കേരളത്തെ കോള്‍മയിര്‍കൊള്ളിക്കാന്‍ രാഹുല്‍ ഗാന്ധി സമ്മാനിച്ച അഞ്ചു വാഗ്ദാനങ്ങളില്‍ ഒന്നാണ് സംസ്ഥാനത്തെ കോളേജ് വിദ്യാര്‍ഥിനികള്‍ക്ക് ആയിരം രൂപ മാസം നല്‍കുമെന്ന പ്രഖ്യാപനം. ഇതിനേക്കാള്‍ പുരോഗമനപരം മറ്റൊന്നില്ല എന്ന നാട്യത്തിലാണ് പ്രഖ്യാപനവും അണികളുടെ കയ്യടിയും. ഏറെക്കാലം കോൺഗ്രസ്സും പിന്നെ ബിജെപിയും മാറിയും തിരിഞ്ഞും ഭരിച്ച ഉത്തരേന്ത്യയില്‍ ഇപ്പോഴും സാധാരണ കുടുംബത്തിലെ വിദ്യാര്‍ഥികള്‍,വിശേഷിച്ച് പെണ്‍കുട്ടികള്‍ ഉന്നത വിദ്യാഭ്യാസ രംഗത്ത് നേരിടുന്ന പിന്നാക്കാവസ്ഥയുടെ ധാരണകള്‍ വെച്ചുകൊണ്ട് കേരളത്തെ അളക്കാന്‍ രാഹുല്‍ ഗാന്ധി ശ്രമിച്ചതിന്റെ ഫലമാണ് ഇത്തരത്തിലുള്ള അസംബന്ധ പ്രഖ്യാപനങ്ങള്‍.
ഈ പ്രഖ്യാപനത്തിന്റെ പൊള്ളത്തരം എന്താണ്? ഒന്ന്; കേരളത്തില്‍ പെണ്‍കുട്ടികളെ വിദ്യാഭ്യാസരംഗത്തേക്ക് പ്രത്യേകിച്ച് ആകര്‍ഷിക്കേണ്ട സാഹചര്യം ഇവിടെയില്ല. സംസ്ഥാനത്തെ സ്കൂളുകളിൽ ചേരുന്ന വിദ്യാർത്ഥികളിൽ 48 ശതമാനവും പെൺകുട്ടികളാണ്. ഹയർ സെക്കൻഡറി വിദ്യാഭ്യാസ പ്രവേശനത്തില്‍ ആണ്‍കുട്ടികളെ അപേക്ഷിച്ച് പെണ്‍കുട്ടികളുടെ പ്രവേശനം 50.8 ശതമാനമാണ്. മൂന്നാമത്തെ തലത്തിലും പെൺകുട്ടികളുടെ പ്രവേശനം ആൺകുട്ടികളേക്കാൾ കൂടുതലാണ്. ഉന്നത വിദ്യാഭ്യാസ രംഗത്ത് കേരളത്തിലെ പെൺകുട്ടികൾ ആൺകുട്ടികളേക്കാൾ വളരെ മുന്നിലാണ്.ലിംഗ തുല്യതാ സൂചികയില്‍ (Gender Parity Index) കേരളത്തിന്റെ GPI 1.44 ആണ്. ദേശീയ ശരാശരി 1.01 ആണെന്നിരിക്കെയാണിത്. ഇതിനർത്ഥം ഉന്നത വിദ്യാഭ്യാസത്തിനു 100 ആൺകുട്ടികൾ വീതം പഠിക്കുമ്പോൾ പെൺകുട്ടികൾ 144 വീതം പഠിക്കുന്നുണ്ട് എന്നാണ്.ഉദാഹരണത്തിന്, 2023-–24 കാലയളവിൽ കേരളത്തിലെ വിവിധ ആർട്സ് ആൻഡ് സയൻസ് കോളേജുകളിൽ ബിരുദ കോഴ്സുകളിലേക്ക് പ്രവേശനം നേടിയതിന്റെ 65.3 ശതമാനവും പെൺകുട്ടികളാണ്. ബിരുദാനന്തര ബിരുദം പരിഗണിക്കുമ്പോൾ, പെൺകുട്ടികളുടെ പ്രവേശനം മൊത്തം പ്രവേശനത്തിന്റെ 64.69 ശതമാനമായി ഉയര്‍ന്നുനില്‍ക്കുന്നു. ആരോഗ്യം, അനുബന്ധ വിഷയങ്ങള്‍ എന്നിവയിൽ അവരുടെ അനുപാതം വളരെ കൂടുതലാണ്. മറ്റേതൊരു വിഭാഗവുമായി താരതമ്യപ്പെടുത്തുമ്പോഴും, വൈദ്യശാസ്ത്രവുമായി ബന്ധപ്പെട്ട കോഴ്സുകളിൽ പഠിക്കുന്നത് ഭൂരിഭാഗവും പെൺകുട്ടികളാണ്. മെഡിക്കല്‍ വിദ്യാഭ്യാസ മേഖലയില്‍ ആരോഗ്യ-അനുബന്ധ കോഴ്സുകളിലെ 80 ശതമാനത്തിലധികം വിദ്യാർത്ഥികളും പെൺകുട്ടികളാണ്. വരും വർഷങ്ങളിൽ 60 ശതമാനത്തിലധികം ഡോക്ടർമാർ സ്ത്രീകളായിരിക്കുമെന്നതിന്റെ സൂചനയാണിത്. കേരള കാര്‍ഷിക സര്‍വകലാശാല (77.4%),വെറ്റിനറി സര്‍വകലാശാല 60%), കേരള ഫിഷറീസ് സര്‍വകലാശാല(70%) എന്നിവയിലെല്ലാം പെണ്‍കുട്ടികളുടെ എണ്ണം കൂടുതലാണ്. പെണ്‍കുട്ടികളുടെ പങ്കാളിത്തം കുറവായിരിക്കുന്നത് എൻജിനീയറി ങ്,പോളിടെക്നിക് കോഴ്സുകളിലാണ്. പ്രവേശനം ലഭിച്ച ആകെ വിദ്യാർത്ഥികളിൽ പെൺകുട്ടികളുടെ ശതമാനം എഞ്ചിനീയറിങ് കോളേജുകളില്‍ 49.0 ശതമാനവും പോളിടെക്നിക്കുകളില്‍ 24.4 ശതമാനവുമാണ്.
എന്നാല്‍ ദേശീയ തലത്തില്‍തന്നെ ഏറ്റവും ഉയര്‍ന്ന ഈ നേട്ടങ്ങള്‍കൊണ്ട് തൃപ്തിപ്പെടുകയല്ല കേരളത്തിലെ എൽഡിഎഫ് സര്‍ക്കാര്‍ ചെയ്തത്,മറിച്ച്, ഉന്നത വിദ്യാഭ്യാസ മേഖലയിലേക്കു കടന്നുവരുന്നതിന് സാമൂഹ്യവും സാമ്പത്തികവുമായ ഒരു പരിമിതിയും വിദ്യാര്‍ഥികള്‍ക്ക് തടസമാകരുത് എന്ന ലക്ഷ്യത്തോടെ 2026-– 27 വാര്‍ഷിക ബജറ്റില്‍ സര്‍ക്കാര്‍/ എയിഡഡ് കോളേജുകളില്‍ ബിരുദ പഠനം വരെ ട്യൂഷന്‍ ഫീസ് ഒഴിവാക്കിക്കൊണ്ട് ഇന്ത്യയിലാദ്യമായി കോളേജ് തലത്തില്‍ സൗജന്യ വിദ്യാഭ്യാസം നടപ്പാക്കുന്ന സംസ്ഥാനമായി കേരളം മാറി. പോസ്റ്റ് ഡോക്ടറല്‍ ഗവേഷണം പ്രോത്സാഹിപ്പിക്കുന്നതിന്റെ ഭാഗമായി മുഖ്യമന്ത്രിയുടെ നവകേരളം പോസ്റ്റ് ഡോക്ടറല്‍ ഫെലോഷിപ്പ് 2021-–22 മുതല്‍ സംസ്ഥാനത്ത് നടപ്പാക്കിയതിന്റെ ഭാഗമായി മാസം ഒരു ലക്ഷം രൂപ വരെ ഫെല്ലോഷിപ്പ് നേടിക്കൊണ്ട് പെണ്‍കുട്ടികള്‍ക്ക് ഉള്‍പ്പെടെ നിരവധി ഗവേഷകര്‍ക്ക് ഗവേഷണം തുടരാന്‍ വഴിയൊരുങ്ങി. എന്നാല്‍ സംസ്ഥാനം നേരിടുന്ന വെല്ലുവിളി അഭ്യസ്തവിദ്യരുടെ തൊഴിലില്ലായ്മയാണ്. ഉന്നത ബിരുദം വരെ നേടുമ്പോഴും തൊഴിലിന് ചെറുപ്പക്കാരെ പ്രാപ്തരാക്കുന്ന പരിശീലനങ്ങളുടെ അഭാവമാണ് കോളേജ് വിദ്യാഭ്യാസം പൂര്‍ത്തിയാക്കിയ ചെറുപ്പക്കാര്‍ കേരളത്തില്‍ നേരിടുന്ന പ്രശ്നം. കേരളത്തിൽ യുവജനങ്ങളുടെ തൊഴിലില്ലായ്മ ഉയര്‍ന്നു നില്‍ക്കുന്നതിന് ഇതും ഒരു കാരണമാണ്. യുവതികളുടെ തൊഴിലില്ലായ്മ 47 ശതമാനം വരും. ഈ പശ്ചാത്തലത്തില്‍ ധനസഹായം നല്‍കേണ്ടത് വിദ്യാര്‍ത്ഥികളെ ജോലിയ്ക്കു പ്രാപ്തരാക്കുന്ന നൈപുണ്യ പരിശീലനത്തിനാകണം.കേരളത്തിലെ അഭ്യസ്തവിദ്യരുടെ തൊഴിലില്ലായ്മയെക്കുറിച്ചുള്ള പഠനം ചൂണ്ടിക്കാട്ടുന്നത് സംസ്ഥാനത്തെ തൊഴില്‍രഹിതരായ സ്ത്രീകളില്‍ മൂന്നിലൊന്നു പേര്‍ മെച്ചപ്പെട്ട തൊഴിലുകള്‍ പ്രതീക്ഷിക്കുന്നതുമൂലം മറ്റു ചെറിയ തൊഴിലുകള്‍ സ്വീകരിക്കുന്നില്ല എന്നാണ് (Gender Analysis of Labour Market Outcome in Kerala -2021). എന്നാല്‍ മെച്ചപ്പെട്ട തൊഴിലുകള്‍ ലഭ്യമാകുന്നതിന് ആവശ്യമായ വിദഗ്ദ്ധ പരിശീലനം വിദ്യാഭ്യാസത്തിന്റെ ഭാഗമായി ലഭിക്കാത്തതു കാരണം ഈ കാത്തിരിപ്പ് അനിശ്ചിതമായി നീളുന്ന സാഹചര്യം ഉണ്ടാകുന്നു. ഇത് പെണ്‍കുട്ടികളുടെ മാത്രം അവസ്ഥയല്ല.ഈ പ്രശ്നം അഭിസംബോധന ചെയ്യുന്നതിന്റെ ഭാഗമായാണ് എൽഡിഎഫ് സര്‍ക്കാര്‍ “കണക്ട്- ടു- വര്‍ക്ക് സ്കീം’ പ്രഖ്യാപിച്ചത്. ഈ പദ്ധതിയിലൂടെ നൈപുണ്യ പരിശീലനത്തിന് രജിസ്റ്റര്‍ ചെയ്യുന്ന വിദ്യാര്‍ത്ഥികള്‍ക്കും തൊഴിലന്വേഷകര്‍ക്കും പ്രതിമാസം 1000 രൂപ വീതം നല്‍കുന്നുണ്ട്. പെണ്‍കുട്ടികള്‍ക്ക് മാത്രമല്ല ആണ്‍കുട്ടികള്‍ക്കും ലഭിക്കും. ഇങ്ങനെ പരിശീലനം ലഭിക്കുന്നവര്‍ക്ക് തൊഴില്‍ ലഭ്യമാക്കാന്‍ നോളഡ്ജ് മിഷന്‍,വിജ്ഞാന കേരളം പദ്ധതികളുടെ പിന്തുണയോടെ തദ്ദേശ ഭരണ തലങ്ങളില്‍ ഉള്‍പ്പെടെ തൊഴില്‍ മേളകളും സംഘടിപ്പിക്കുന്നു. കേരളത്തിലെ എല്ലാ പോളിടെക്നിക്കുകളിലും ഐ.ടി.ഐ കളിലും എഞ്ചിനിയറിങ് കോളേജുകളിലും ക്യാമ്പസ് പ്ലേസ്മെന്റുള്ള തൊഴില്‍ മേളകള്‍ വഴി 80 ശതമാനം വിദ്യാര്‍ഥികള്‍ക്കും ഈ വര്‍ഷം തൊഴില്‍ ലഭിക്കും. ആര്‍ട്ട്സ് & സയന്‍സ് കോളേജുകളിലും ഇതുപോലെയുള്ള നടപടികള്‍ ആരംഭിച്ചുകഴിഞ്ഞു. ഇത്തരത്തിലുള്ള പ്രവര്‍ത്തനങ്ങള്‍ കൂടുതല്‍ ശക്തിപ്പെടുത്തുകയാണ് വേണ്ടത്. അഭ്യസ്തവിദ്യരായ ചെറുപ്പക്കാരെ വ്യവസായ സംരംഭങ്ങളുടെ ഭാഗമാക്കാന്‍ സംസ്ഥാന വ്യവസായ വകുപ്പ് തുടങ്ങിയ സംരംഭക വര്‍ഷം പദ്ധതിയുടെ ഭാഗമായി 2024 ആയപ്പോള്‍തന്നെ ഒരു ലക്ഷത്തിലധികം സ്ത്രീകള്‍ സംരംഭകരായിമാറി.നിലവില്‍ ഈ പദ്ധതിക്കുകീഴില്‍ ആകെയുള്ള സംരംഭകരില്‍ മുപ്പത്തിരണ്ട് ശതമാനത്തിലധികം സ്ത്രീ സംരംഭകരാണ്. 4115.65 കോടി രൂപയുടെ നിക്ഷേപമാണ് ഇതിലൂടെ ഉണ്ടായിട്ടുള്ളത്.കേരളത്തിലെ സ്ത്രീ തൊഴില്‍ പങ്കാളിത്തനിരക്ക് കുത്തനെ ഉയര്‍ത്തുന്നതില്‍ വലിയ പങ്കാണ് ഇത്തരത്തിലുള്ള പദ്ധതികള്‍ നിര്‍വഹിക്കുന്നത്.
ഇത്തരത്തില്‍ യുവതലമുറ നേരിടുന്ന പ്രതിസന്ധികളെ ദീര്‍ഘവീക്ഷണത്തോടെ പരിഹരിക്കാനുള്ള കാഴ്ചപ്പാടോ യുവതലമുറയുടെ പ്രശ്നങ്ങള്‍ മനസ്സിലാക്കാനുള്ള സാമാന്യബുദ്ധിയോ ഇല്ലാത്തവരായി കോൺഗ്രസ് മാറുന്നതിന്റെ ഉത്തമ ഉദാഹരണമാണ് കോളേജില്‍ പഠിക്കുന്ന പെണ്‍കുട്ടികള്‍ക്കുള്ള ആയിരം രൂപ ധനസഹായം! അപ്പോള്‍ ഒരു സംശയം തോന്നാം. ഇത്തരം പൊള്ളയായ വാഗ്ദാനങ്ങള്‍ കേരളത്തില്‍ വന്നു പ്രഖ്യാപിക്കാന്‍ രാഹുല്‍ ഗാന്ധിയെ പ്രേരിപ്പിച്ച ഘടകമെന്താകാം? അവിടെയാണ് കര്‍ണാടകം,തെലങ്കാന കോൺഗ്രസ് മോഡലുകളുടെ ഈച്ചക്കോപ്പിയാണ് ഇവിടെ വന്നു വിളമ്പിയത് എന്ന സത്യം തെളിയുന്നത്.
2023 ല്‍ കര്‍ണാടക സര്‍ക്കാര്‍ പ്രഖ്യാപിച്ച അഞ്ചു പ്രഖ്യാപനങ്ങളില്‍ ഒന്നായ യുവനിധി പദ്ധതി ബിരുദധാരികളായ തൊഴിലന്വേഷകര്‍ക്ക് മാസം മൂവായിരം രൂപയും ഡിപ്ലോമ ബിരുദ ധാരികള്‍ക്ക് മാസം ആയിരത്തി അഞ്ഞൂറ് രൂപയും വാഗദാനം നല്‍കുകയും വലിയ തോതില്‍ അത് യുവ വോട്ടര്‍മാരെ സ്വാധീനിക്കുകയും ചെയ്തു. 2023ലെ തെലങ്കാന തിരഞ്ഞെടുപ്പിലും ആറു ഗ്യാരണ്ടി എന്ന് വിശേഷിപ്പിച്ചു കൊണ്ട് കോളേജില്‍ പോകുന്ന പെണ്‍കുട്ടികള്‍ക്കെല്ലാം ഇലക്ട്രിക് സ്കൂട്ടര്‍ ,മുഴുവന്‍ കോളേജ് വിദ്യാര്‍ഥികള്‍ക്കും സൗജന്യ ഇന്റര്‍നെറ്റ്, വിവാഹ പ്രായമായ അര്‍ഹരായ സ്ത്രീകള്‍ക്ക് വിവാഹത്തിന് ഒരു ലക്ഷം രൂപയും പത്തുപവനും തുടങ്ങി വോട്ടര്‍മാരെ കയ്യിലെടുക്കാനുള്ള എല്ലാ ചെപ്പടിവിദ്യകളും കോൺഗ്രസ് കാണിക്കുകയും തിരഞ്ഞെടുപ്പിൽ ജയിക്കുകയും ചെയ്തു. കര്‍ണാടകത്തില്‍ 2023 ല്‍ പ്രഖ്യാപിച്ച യുവനിധി പദ്ധതി പരാജയപ്പെട്ടു എന്ന് കോൺഗ്രസ് സര്‍ക്കാര്‍ തന്നെ സമ്മതിക്കുന്ന സ്ഥിതിയാണ്. ബിരുദധാരികളായ ചെറുപ്പക്കാരില്‍ തൊണ്ണൂറു ശതമാനവും പദ്ധതിയില്‍ രജിസ്റ്റര്‍ ചെയ്യാന്‍ പോലും താല്പര്യം കാണിക്കാത്ത അവസ്ഥയാണ് തുടക്കം മുതല്‍. ഇപ്പോഴാകട്ടെ, തുടക്കത്തില്‍ പരിമിതമായ അപേക്ഷകര്‍ക്ക് ലഭിച്ചിരുന്ന ധനസഹായംപോലും തടസപ്പെട്ടിരിക്കുന്നു. കര്‍ണാടകത്തില്‍ മറ്റു വാഗ്ദാനങ്ങളുടെ സ്ഥിതിയും ഇതുതന്നെയാണ്. തെലങ്കാന സര്‍ക്കാരിന്റെ ആറു വാഗ്ദാനങ്ങള്‍ നിര്‍വഹണത്തില്‍ പാളിപ്പോയതിന്റെ ചര്‍ച്ചയാണ് അവിടെ നടക്കുന്നത്. ഇതേ മാതൃകയില്‍ സംസ്ഥാനത്തെ വോട്ടര്‍മാരെ കബളിപ്പിക്കാന്‍ ഇവയുടെയെല്ലാം വികലമായ ആവര്‍ത്തനമാണ് കേരളത്തില്‍ രാഹുല്‍ ഗാന്ധി നടത്തിയ അഞ്ചു പ്രഖ്യാപനങ്ങള്‍ എന്നത് എത്രയോ അപഹാസ്യമാണ് ! പെണ്‍കുട്ടികളുടെ വിദ്യാഭ്യാസത്തില്‍ കോൺഗ്രസിനു വേവലാതിയുണ്ടെങ്കില്‍ രാഹുല്‍ ഗാന്ധിയും ടീമും ചെയ്യേണ്ടത് കോൺഗ്രസ് ഭരിക്കുന്ന കര്‍ണാടകത്തില്‍ സ്കൂള്‍ വിദ്യാര്‍ഥിനികളുടെ വര്‍ധിക്കുന്ന കൊഴിഞ്ഞുപോക്കും കൗമാരപ്രായക്കാര്‍ക്കിടയില്‍, പെണ്‍കുട്ടികളുടെ വിദ്യാഭ്യാസത്തെയടക്കം ബാധിക്കുന്ന തരത്തില്‍ വര്‍ദ്ധിക്കുന്ന ഗര്‍ഭധാരണവും പോലെയുള്ള പ്രശ്നങ്ങള്‍ പരിഹരിക്കാന്‍ ശ്രമിക്കുകയാണ്. വിജ്ഞാനാധിഷ്ഠിത സമൂഹം കെട്ടിപ്പടുക്കുന്നതിന് കേരളത്തെ സജ്ജമാക്കി മുന്നേറുന്ന ഇടതു ബദലിനെ അട്ടിമറിക്കാനുള്ള കോൺഗ്രസിന്റെ ഈ തിരഞ്ഞെടുപ്പു നാടകം കേരളം തള്ളിക്കളയുക തന്നെ ചെയ്യും. l



