കോൺഗ്രസ് നേതാവ് രാഹുൽഗാന്ധി പ്രഖ്യാപിച്ച അഞ്ചു ഗ്യാരണ്ടികളുടെ പ്രായോഗികത പരിശോധിച്ചുകൊണ്ട് ‘റിസർച്ച് എ ടോപ്പിക്ക്’എന്ന ഓൺലൈൻ പ്ലാറ്റ്ഫോമിൽ ഡോ. ടി എം തോമസ് ഐസക്, കെ ജെ ജേക്കബ് എന്നിവരുമായി എം വി നികേഷ് കുമാർ നടത്തിയ ചർച്ച
എം വി നികേഷ് കുമാർ: സംസ്ഥാന നിയമസഭാ തിരഞ്ഞെടുപ്പിനുമുന്നോടിയായി യുഡിഎഫ് അഞ്ച് ഗ്യാരണ്ടികൾ പ്രഖ്യാപിച്ചിരിക്കുകയാണ്. രാഹുൽ ഗാന്ധിയാണ് വി ഡി സതീശന്റെ റാലിക്കുശേഷം ഈ ഗ്യാരണ്ടി പ്രഖ്യാപനം നടത്തിയിരിക്കുന്നത്. സിപിഐഎം കേന്ദ്ര കമ്മിറ്റി അംഗവും മുൻ ധനമന്ത്രിയുമായ ഡോ. ടി എം തോമസ് ഐസക്, മുതിർന്ന മാധ്യമപ്രവർത്തകൻ കെ ജെ ജേക്കബ് എന്നിവരാണ് നമ്മളോടൊപ്പമുള്ളത്. ആദ്യം ഡോ.ടി എം തോമസ് ഐസക്, അഞ്ചുറപ്പുകൾ – five guarantees – ആണ് രാഹുൽ ഗാന്ധി പ്രഖ്യാപിച്ചിട്ടുള്ളത്. കർണാടകത്തിനും തെലങ്കാനക്കും ശേഷം ഇനി കേരളത്തിൽ ഈ ഗ്യാരണ്ടികൾ എങ്ങനെയാണ് നടപ്പാക്കാൻ പോകുന്നത് എന്നുള്ളതാണ് ഏറ്റവും പ്രധാനപ്പെട്ട കാര്യം. എങ്ങനെയാണ് ഇരുപത്തിയഞ്ച് ലക്ഷം രൂപയുടെ insurance നടപ്പാക്കാനാവുക എന്നാണ് അങ്ങ് പ്രതീക്ഷിക്കുന്നത്?
ഡോ. ടി എം തോമസ് ഐസക്: ഇത് ശുദ്ധ അസംബന്ധമാണ്; കാരണം കേരളത്തിൽ ഇപ്പോൾ അഞ്ച് ലക്ഷം രൂപയുടെ assurance പദ്ധതി നിലവിലുണ്ട്. കണക്കുകൾ നോക്കിയാൽ, 99.9 ശതമാനം കുടുംബങ്ങൾക്കും ഈ അഞ്ച് ലക്ഷം രൂപയുടെ കവറേജ് പര്യാപ്തമാണെന്ന് മനസ്സിലാകും. ഈ കവറേജ് വിട്ട് അപ്പുറത്തുപോകുന്നത് organ transplant ന് മാത്രമാണ്. അല്ലാത്ത പക്ഷം അഞ്ച് ലക്ഷം രൂപയ്ക്കകത്ത് നിൽക്കും. അപ്പോഴാണ് ഈ ഇരുപത്തിയഞ്ച് ലക്ഷവുമായിട്ട് ഇറങ്ങുന്നത്. അപ്പോൾ അതിൽനിന്ന് നമുക്ക് ഊഹിക്കാൻ പറ്റുന്നത്, ഇതിലേക്ക് corporate ആശുപത്രികളെയെല്ലാം കൊണ്ടുവരികയാണ് അവരുടെ ലക്ഷ്യം എന്നാണ്. നിലവിൽ ക്യാൻസർ ചികിത്സയുടെ ചെലവ് രണ്ടുലക്ഷം – –നാല് ലക്ഷം രൂപയ്ക്കകത്ത് നിൽക്കുന്നത് നിങ്ങൾ ഇപ്പറഞ്ഞ കോർപ്പറേറ്റ് ആശുപത്രിയിൽ പോയാൽ നിൽക്കില്ല. പൊതു പണം എടുത്ത് ഇവിടുത്തെ വൻകിട കോർപറേറ്റുകൾക്ക് കൊടുക്കുന്ന ഒരു ഏർപ്പാടാണിത്. കേരളത്തിന്റെ ആരോഗ്യ സംവിധാനം അതല്ല. സർക്കാർ മുതൽമുടക്കി മെഡിക്കൽ കോളേജ്, ജില്ലാ ആശുപത്രികൾ, താലൂക്ക് ആശുപത്രികൾ, ഇവിടെയെല്ലാം കിടത്തി ചികിത്സ; അതോടൊപ്പം ഇതുപോലുള്ള മിഷൻ ആശുപത്രികളും ഇടത്തരം ആശുപത്രികളുമുണ്ട്. ഈ rate ൽ തന്നെ കൊടുക്കാൻ സന്നദ്ധവുമാണ്. അവയെയെല്ലാം സംയോയോജിപ്പിച്ചിട്ട് ആരോഗ്യ പരിരക്ഷ നൽകുക എന്നുള്ളതാണ് കേരളത്തിന്റെ പൊതു ആരോഗ്യ സംവിധാനം ചെയ്യുന്നത്. അഞ്ച് ലക്ഷത്തിൽ കാര്യങ്ങളെല്ലാം നടന്നുകൊണ്ടിരിക്കുമ്പോഴാണ് ഇരുപത്തിയഞ്ച് ലക്ഷവും കൊണ്ടുവരുന്നത്, അത് insurance ആണ്. എന്തിനാ insurance കൊണ്ടുവരുന്നത്? സർക്കാർ നേരിട്ട് reimburse ചെയ്താൽ പോരെ. അതല്ലേ ചെലവുകുറവ്? ഇത്തരത്തിൽ ഫലപ്രദമായി നടന്നുകൊണ്ടിരിക്കുന്ന ഒരു സംവിധാനത്തെ യാതൊരു കാരണവുമില്ലാതെ തകർക്കുന്ന ഏർപ്പാടാണിത്.
നികേഷ് കുമാർ: ഇപ്പോൾ ഒരാൾക്ക് premium ആയി പത്ത് മുപ്പതിനായിരം രൂപ ഒക്കെ വെച്ച് സർക്കാർ അടയ്ക്കുകയാണ് എന്നുതന്നെ വിചാരിക്കുക. അതിന്റെ സാമ്പത്തികമായ ബാധ്യതയെക്കുറിച്ച് യാതൊരു ബോധ്യവും ഇല്ലാത്തതുകൊണ്ടാണോ അതോ ഈ സർക്കാർ ആശുപത്രികളിൽ നിന്നും മൊത്തം ബിസിനസ് സ്വകാര്യ ആശുപത്രികളിലേക്ക് കൊണ്ടുപോകാൻ വേണ്ടിയാണോ ഈ ഗ്യാരണ്ടി? ഏതാണ്?
തോമസ് ഐസക്: സത്യം പറഞ്ഞാൽ രാഹുൽ ഗാന്ധിക്കും കോൺഗ്രസിനും ഇതിനെക്കുറിച്ച് ധാരണയില്ല. രാഹുൽ ഗാന്ധിയ്ക്ക് പ്രതേ-്യകിച്ചും യാതൊരു ധാരണയുമില്ല. അദ്ദേഹത്തിന് വടക്കേ ഇന്ത്യയിലെ ആശുപത്രികളെക്കുറിച്ചു മാത്രമേ ധാരണയുള്ളൂ. കേരളത്തിലെ ആരോഗ്യ സംവിധാനം ഇത്ര വിപുലമായി എല്ലാ തലങ്ങളിലേക്കും പരന്നുകിടക്കുന്ന ഒന്നാണ് എന്നതിനെക്കുറിച്ച് ധാരണയില്ല. യഥാർത്ഥത്തിൽ 2017 ലാണല്ലോ ഈ ആയുഷ്മാൻ ഭാരത് വന്നത്. അതുപ്രകാരം കേന്ദ്ര സർക്കാർ പത്ത് ലക്ഷം പേർക്ക് ചെറിയൊരു തുക തരും. ഒരു ആൾക്കുവെച്ച് കേരളത്തിൽ പത്ത് ലക്ഷം പേർക്കുവേണ്ടി insurance നടപ്പാക്കാൻ പറ്റും. അതുകൊണ്ട് എന്തു മാറ്റമാണ് ഉണ്ടാക്കാനാവുക. നമ്മളിപ്പോൾ ഒരു നാല്പത്തിരണ്ട് ലക്ഷം കുടുംബങ്ങൾക്കെങ്കിലും, പാതി ആളുകൾക്കെങ്കിലും സൗജന്യ ചികിത്സ നൽകുന്നുണ്ട്. പക്ഷേ corporate ആശുപത്രികളെ ഇതിനുകീഴിൽ കൊണ്ടുവന്നു കഴിഞ്ഞാൽ ആളുകളൊക്കെ അവിടെ പോകും; കാരണം സ്വകാര്യ ആശുപത്രിയാണെങ്കിലും ഇൻഷുറൻസ് ഉണ്ടല്ലോ, സർക്കാരല്ലേ പണം കൊടുക്കുന്നത്. അതുകൊണ്ടാണ് വളരെ ചർച്ച ചെയ്ത് ഓരോ health procedure നുമുള്ള rate നമ്മൾ താഴ്ത്തി വച്ചത്. നമ്മുടെ പൊതു ആശുപത്രിയിലെ ചെലവ് നോക്കി അത് meet ചെയ്യുന്നുണ്ട്. ഇടത്തരം ആശുപത്രികൾക്ക് ആ റേറ്റിൽ ചികിത്സ നൽകാൻ പറ്റും. വൻകിട ആശുപത്രികൾക്ക് പറ്റില്ല. പക്ഷേ അവർക്ക് വരാനുള്ള choice ഉണ്ട്. ആരെയും നമ്മൾ ഒഴിവാക്കുന്നില്ല. ഇന്ന് കേരളത്തിൽ ഈ assurance program ന്റെ എൺപത് ശതമാനവും ചെല്ലുന്നത് നമ്മുടെ പൊതു ആരോഗ്യ സംവിധാനത്തിലേക്കാണ്. ഇതിനെയാകെ അട്ടിമറിക്കുന്ന പരിപാടിയാണ് കോൺഗ്രസിന്റെ ഗ്യാരണ്ടി മുന്നോട്ടു വയ്ക്കുന്നത്. എങ്ങനെയാണ് കേരളത്തിലെ ആരോഗ്യ സംവിധാനം ഉരുത്തിരിഞ്ഞു വന്നതെന്നുള്ളത് സംബന്ധിച്ച് ഇക്കൂട്ടർക്ക് യാതൊരു വിവരവുമില്ല.
നികേഷ് കുമാർ: കെ ജെ ജേക്കബ്, താങ്കൾ അങ്ങനെ കരുതുന്നുണ്ടോ? ഇത് വിവരമില്ലാത്തതുകൊണ്ട് ചെയ്തതാണെന്നാണോ മനസ്സിലാക്കേണ്ടത്? ഡോ. എസ് എസ് ലാലിനെ പോലെ ഐഎംഎ യുടെ ഭാരവാഹിത്വത്തിലൊക്കെയിരുന്ന ഒരാൾ പഠനം നടത്തിയിട്ടാണ് ആരോഗ്യ മേഖലയിൽ വരുത്തേണ്ട ഈ മാറ്റങ്ങളെക്കുറിച്ച് യുഡിഎഫ് ചിന്തിച്ചുതുടങ്ങിയതെന്ന് നമ്മൾ കഴിഞ്ഞ ആറുമാസമായി കേൾക്കുന്ന കാര്യമാണ്. അപ്പോഴാണ് നമ്മൾ കേൾക്കുന്നത്, രാഹുൽ ഗാന്ധി ഇരുപത്തിയഞ്ച് ലക്ഷം ഇൻഷുറൻസ് തുക പ്രഖ്യാപിച്ചു എന്ന്. അത് രാഹുൽ ഗാന്ധിയുടെ ചിന്തയില്ലാത്ത ഒരു പ്രവൃത്തിയാണോ അതോ യുഡിഎഫ് എന്ന നിലയിൽ ഇവിടെ പഠിച്ചുചെയ്ത കാര്യങ്ങളാണോ?
കെ ജെ ജേക്കബ്: ഡോ. ലാലിന്റെ ആ റിപ്പോർട്ടിൽ ഇത്തരമൊരു ഇൻഷുറൻസ് അധിഷ്ഠിത ആരോഗ്യ സംവിധാനത്തെക്കുറിച്ചല്ല പറയുന്നത്; കഴിഞ്ഞ പത്ത് വർഷത്തിനുള്ളിൽ ഞാൻ മനസ്സിലാക്കുന്നത്, ഏകദേശം 10000 കോടിരൂപക്കും 11000 കോടിരൂപക്കുമിടയിലാണ് നമ്മൾ നമ്മുടെ health care infrastructure ന് ചെലവാക്കിയത്. അങ്ങനെയല്ലേ ഡോക്ടർ ഐസക്കെ?
തോമസ് ഐസക്: ആ അതെ, ആരോഗ്യ മേഖലയിൽ പതിനായിരം കോടി രൂപയുടെ investment ആണ് നമ്മൾ നടത്തുന്നത്.
ജേക്കബ്: നോക്കൂ, നമ്മുടെ ജില്ലാ ആശുപത്രികൾ, കുടുംബാരോഗ്യ കേന്ദ്രങ്ങൾ, മെഡിക്കൽ കോളേജുകൾ, താലൂക്ക് ആശുപത്രികൾ, പ്രാഥമികാരോഗ്യ കേന്ദ്രങ്ങൾ ഇവിടെയൊക്കെ വലിയ തോതിൽ infrastructure നമ്മൾ develop ചെയ്തു. നമ്മുടെ health care system ൽ ഇത്തരം huge ആയിട്ടുള്ള ഒരു amount insurance segment ലേക്ക് കൊടുക്കുന്നതിനുപകരം നമ്മൾ, we are at the cusp, എന്നുവെച്ചാൽ നമ്മൾ അതിന്റെ അറ്റത്താണ് നിൽക്കുന്നത്. കാരണം ഇത്ര വലിയ infrastructure നമ്മൾ ഉണ്ടാക്കി; ഇതൊന്നും കാണാതെയാണ് ഗ്യാരണ്ടി പ്രഖ്യാപനം. അപ്പോൾ, ഗവേണൻസുമായി ബന്ധപ്പെട്ട കാര്യങ്ങൾ എത്ര ലഘുവായിട്ടാണ് കോൺഗ്രസ് കാണുന്നത് എന്നതിനുള്ള ഏറ്റവും നല്ല ഉദാഹരണമാണ് രാഹുൽ ഗാന്ധിയുടെ ഈ പ്രഖ്യാപനം.
നികേഷ് കുമാർ: അടുത്തത് സ്ത്രീകൾക്ക് കെഎസ്ആർടിസി ബസ്സിൽ സൗജന്യ യാത്ര, കോളേജ് വിദ്യാർത്ഥിനികൾക്ക് പ്രതിമാസം ആയിരം രൂപ – രാഹുൽ ഗാന്ധിയുടെ പ്രഖ്യാപനമാണ്. അങ്ങനെ ഒരു സൗജന്യം കേരളത്തിലെ സ്ത്രീകൾക്കാകെ ആവശ്യമുണ്ടോ എന്നുള്ളതാണ് ചോദ്യം?
തോമസ് ഐസക്: ഇവിടെ നമുക്ക് ആദ്യം കോളേജിൽ പോകുന്ന പെൺകുട്ടികളുടെ ആയിരം രൂപയുടെ കാര്യമെടുക്കാം. പല സംസ്ഥാനങ്ങളിലും സ്കൂളിൽ, കോളേജിൽ പഠിക്കുന്ന പെൺകുട്ടികൾക്ക് പ്രത്യേക ആനുകൂല്യം കൊടുക്കുന്നുണ്ട്. അതിന്റെ യുക്തി എന്താണെന്ന് അറിയാമോ. സ്ത്രീ വിദ്യാഭ്യാസത്തിൽ ഇന്ത്യ വളരെ പിന്നിലാണ്. അപ്പോൾ സ്ത്രീകൾക്ക് പ്രത്യേകമൊരു ആനുകൂല്യം കൊടുത്താലേ അവരെ ആകർഷിക്കാൻ പറ്റൂ. കേന്ദ്രസർക്കാരിന്റെ തന്നെ മുദ്രാവാക്യം ഉണ്ടല്ലോ, പെൺകുട്ടികളെ സ്കൂളിൽ എത്തിക്കുന്നതിനെക്കുറിച്ച്. എന്നാൽ കേരളത്തിൽ സ്ഥിതി വ്യത്യസ്തമാണ് എന്നോർക്കണം; കേരളത്തിൽ ആൺകുട്ടികളേക്കാൾ കൂടുതൽ പെൺകുട്ടികളാണ് കോളേജുകളിൽ ഇന്ന് പഠിക്കുന്നത്. അപ്പോൾ അവരെ പ്രോത്സാഹിപ്പിക്കാൻവേണ്ടി ആയിരം രൂപ കൊടുക്കുന്നതിന് വല്ല അർത്ഥവുമുണ്ടോ? അതാ ഞാൻ പറഞ്ഞത്, പുറത്ത്, തെലങ്കാനയിലും കർണാടകത്തിലും ഒക്കെ നടപ്പാക്കിയത് കേരളത്തിന്റെ സാഹചര്യം കണക്കാക്കാതെ ഇങ്ങോട്ട് apply ചെയ്യാൻ നോക്കുകയാണ്. ശരിക്കും എന്താ കേരളത്തിൽ വേണ്ടത്? കേരളത്തിൽ ആൺകുട്ടിയാണെങ്കിലും പെൺകുട്ടിയാണെങ്കിലും കോളേജിൽ പഠിച്ചാൽ ജോലി കിട്ടുമെന്നതിന് യാതൊരു ഉറപ്പുമില്ല, അവരെ ജോലിക്ക് പ്രാപ്തരാക്കുന്നുമില്ല. അതുകൊണ്ട് പഠിക്കുന്ന വേളയിൽ തന്നെ അവർ ജോലിക്കുള്ള skilling ന് സ്വമേധയാ തയ്യാറാവണം. അങ്ങനെ skill course എടുത്താൽ അതിനെ പ്രോത്സാഹിപ്പിക്കാൻ സർക്കാർ ധനസഹായം കൊടുക്കണം. അങ്ങനെ പഠിത്തം തീരുമ്പോൾ ജോലി കിട്ടുന്ന സ്ഥിതിയുണ്ടാകണം, പെൺകുട്ടിക്കും ആൺകുട്ടിക്കും. പെൺകുട്ടികൾക്കിടയിൽ നാല്പത്തിയേഴ് ശതമാനം അല്ലേ തൊഴിലില്ലായ്മ ഇന്ന് കേരളത്തിൽ. അപ്പോൾ അവിടെയാണ് ഇടപെടൽ വേണ്ടത്. കേരളത്തിന്റെ ഈ പ്രത്യേകത മനസ്സിലാക്കാതെ, വടക്കേ ഇന്ത്യയിലും മറ്റു ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളിലും ഒക്കെ പെൺകുട്ടികളുടെ വിദ്യാഭ്യാസം പുറകിലാണ്, അതുകൊണ്ട് ഒരു ആയിരം രൂപ വച്ച് അവർക്ക് കൊടുക്കാം എന്ന ഏർപ്പാട് ഇവിടെ ചെയ്യാൻ നോക്കിയതുകൊണ്ട് യാതൊരു ഗുണവുമില്ല. എത്ര ഗൗരവ ചിന്ത ഇല്ലാതെയാണ് ഈ പ്രഖ്യാപനങ്ങൾ നടത്തുന്നതെന്നുള്ളതാണ് നമ്മെ അത്ഭുതപ്പെടുത്തുന്നത്.
നികേഷ് കുമാർ: മഹാരാഷ്ട്രയിൽ ആയിക്കൊള്ളട്ടെ, അതുപോലെതന്നെ മധ്യപ്രദേശിൽ ആയിക്കൊള്ളട്ടെ ഏറ്റവും ഒടുവിൽ ബിഹാറിൽ ആയിക്കോട്ടെ, ഈ ladki behan പദ്ധതിയാണ് വലിയ തോതിൽ വോട്ടർമാരെ ആകർഷിച്ചിട്ടുള്ളത്. മഹാരാഷ്ട്രയിലൊക്കെ ലോക-്സഭാ തിരഞ്ഞെടുപ്പിൽ വൻ തിരിച്ചടിയേറ്റ് മൂന്ന് മാസത്തിനകം recover ചെയ്ത് ശിവസേന – ബിജെപി സഖ്യത്തിന് അധികാരത്തിലെത്താൻ കാരണമായിട്ടുള്ളത് ഈ ladki behan പദ്ധതിയാണ്. ഇപ്പോ ഈ പ്രഖ്യാപനം നടത്തിയപ്പോൾതന്നെ ബസ്സുകളിൽ പോയി സ്ത്രീവോട്ടർമാരോട് പറയുകയാണ്, ദേ അടുത്ത തവണ യുഡിഎഫ് വന്നാൽ നിങ്ങളുടെ യാത്ര സൗജന്യമായിരിക്കും എന്ന്. പ്രചരണാത്മകമായിട്ടുള്ള ഒരു മുദ്രാവാക്യമാണിത് എന്നുള്ള കാര്യം സമ്മതിക്കുമോ?
തോമസ് ഐസക്: കോളേജ് കുട്ടികൾക്ക് ആയിരം രൂപ എന്നുള്ള പ്രചരണം ഒരു attraction നും കൊണ്ടുവരാൻ പോകുന്നില്ല. ബസ്സിൽ നിങ്ങൾക്ക് ഇനി free ആയിട്ട് യാത്ര ചെയ്യാം എന്ന് പറഞ്ഞു കഴിഞ്ഞാൽ നിശ്ചയമായിട്ടും ഒരു ചെവി അതിന് ഉണ്ടാവും. കർണാടകത്തിൽ അതുണ്ടായി, അതിന്റെ ഫലം എന്തായി? എന്താ കർണാടകത്തിൽ ഉണ്ടായത്?കർണാടകത്തിൽ അവിടുത്തെ transport corporation നാശത്തിലേക്ക് പോയിരിക്കുകയാണ്. കേരളത്തിലെ KSRTC യ്ക്ക് കഴിഞ്ഞ പത്ത് വർഷമായിട്ട് 12000 കോടി രൂപ സർക്കാർ ധനസഹായം നൽകുകയാണ്. പതുക്കെപ്പതുക്കെ ഇപ്പോൾ ഒരു break even ലേക്ക്– accumulated loss ഒക്കെ അവിടെ കിടക്കുന്നു എങ്കിലും– വരവും ചെലവും ഒപ്പിച്ചുപോകുന്ന നിലയിലേക്ക് എത്തിയിട്ടുണ്ട്. ഇതല്ലേ യാഥാർത്ഥ്യം. ഈ യാഥാർത്ഥ്യത്തിൽ നിന്നുകൊണ്ട് എങ്ങനെയാണ് പാതി ആളുകൾക്ക്, യാത്രക്കാർക്ക് free ആക്കി കൊടുക്കുക; അങ്ങനെ ചെയ്താൽ പിന്നെ കെഎസ്ആർടിസിയുടെ ഗതി എന്താവും. അതല്ലെങ്കിൽ മുഴുവൻ പണവും സർക്കാർ കൊടുക്കാൻ തയ്യാറാവണം.
നികേഷ് കുമാർ: യു ഡി എഫിന്റെ ഭരണകാലത്തെ ഗതാഗതവകുപ്പ് മന്ത്രിയായിട്ടുള്ള ആര്യാടൻ മുഹമ്മദ് പറഞ്ഞത് എല്ലാവരിൽ നിന്നും പണം കടം വാങ്ങിയിട്ടും അത് നടത്താൻ അവർക്ക് സാധിക്കുന്നില്ല, അടച്ചുപൂട്ടലിന്റെ വക്കിലാണ് കെഎസ്ആർടിസി എന്നാണ്.
തോമസ് ഐസക്: അവിടെ നിന്നാണ് നാം ഇത്രയും മെച്ചപ്പെടുത്തിയെടുത്തത്. അത് ചെറിയ കാര്യമല്ല. വരുമാനം വർധിപ്പിക്കാൻ വേണ്ടി എന്തൊക്കെ എൽഡിഎഫ് ചെയ്തു, അൺഎക്കണോമിക് ആയിട്ടുള്ള ചില റൂട്ടുകൾ വേണ്ടെന്നുവെക്കുന്നു; അതൊക്കെ ചില പ്രയാസങ്ങൾ ഉണ്ടാക്കിയിട്ടുണ്ട്; അതുപോലെതന്നെ സാധാരണ റൂട്ട് വിട്ടിട്ടുള്ള സ്പെഷ്യൽ ആവശ്യങ്ങൾക്കുവേണ്ടി വണ്ടി കൊടുക്കുന്നു; ടിക്കറ്റേതര വരുമാനം വർധിപ്പിക്കാനുള്ള ഏർപ്പാട് ചെയ്യുന്നു; ഇങ്ങനെയെല്ലാം ചെയ്ത് ഒരു പതിമൂന്ന് കോടിയിലേക്ക് എത്തിച്ചിരിക്കുകയാണ്. അപ്പോഴാണ് അധികാരത്തിലേറിയാൽ പാതി പേരുടെ ടിക്കറ്റ് റദ്ദാക്കും എന്ന യുഡിഎഫ് പ്രഖ്യാപനം. ഒന്നാലോചിച്ചു നോക്കൂ, അങ്ങനെ ചെയ്തുകഴിഞ്ഞാൽ KSRTC യുടെ ഗതി എന്തായിത്തീരും? അപ്പോൾ ഉണ്ടാകാൻ പോകുന്നത് എന്താണെന്ന് ചോദിച്ചാൽ, ഇപ്പോൾ KSRTC യുടെ വലിയ സാന്നിധ്യം കേരളത്തിലുണ്ട്; ഇങ്ങനെയെല്ലാം ചെയ്തു കഴിഞ്ഞാൽ ഫലത്തിൽ, ആ സാന്നിധ്യം കുറയും. കാരണം ഇത് ഓടിക്കാൻ കഴിയില്ല, നടത്തിക്കൊണ്ടുപോകാൻ കഴിയില്ല. ഗണേഷ് കുമാർ ആണ് ഏറ്റവും ഭംഗിയായിട്ട് അത് പറഞ്ഞത് [ചിരി]. അയാളുടെ exasperation ന് അടിസ്ഥാനമുണ്ട്; കാരണം ഇത് ഇവിടം വരെ ഒന്ന് എത്തിച്ചുകഴിഞ്ഞപ്പോഴാണ് പാതി ടിക്കറ്റ് വേണ്ട എന്നു വെക്കുമെന്ന യുഡിഎഫിന്റെ ഗ്യാരണ്ടി. അത് KSRTC യുടെ മരണമായിരിക്കും കേട്ടോ. യുഡിഎഫിനുവേണമെങ്കിൽ വോട്ട് കിട്ടാൻവേണ്ടി ഇപ്പോൾ ഇത് ഉപയോഗിക്കാം. പക്ഷേ ഇതിന്റെ ആത്യന്തിക ഫലം ഇതായിരിക്കും. പന്ത്രണ്ടായിരം കോടി രൂപ പത്ത് വർഷമായി നൽകി അതിനെ നിലനിർത്തിക്കൊണ്ട് പോവുന്നുണ്ട്. ഈ കൊടുത്ത പന്ത്രണ്ടായിരം ഒന്നും ഇനി തിരിച്ചു കിട്ടൂല, അതൊക്കെ എഴുതിത്തള്ളുന്നതാണ് നല്ലത്; എങ്കിൽപോലും ഒരു ലാഭത്തിലേക്ക്, Break even ലേക്ക് വരുന്ന ഒരു സന്ദർഭത്തിൽ അതിന്റെ കടയ്ക്കൽ കത്തിവയ്ക്കുന്ന പ്രഖ്യാപനമാണിത്.
നികേഷ് കുമാർ: സ്വകാര്യ ബസ് ഉടമകളെ സംബന്ധിച്ചിടത്തോളം അത് ഒരു പ്രശ്നം ആയിരിക്കും. കാരണം ആളുകൾ ഫ്രീയായി കിട്ടുമെങ്കിൽ കെഎസ്ആർടിസിയിലേക്ക് പോകും. അപ്പോൾ സ്വകാര്യ ബസുകളും ഏതാണ്ട് നിർത്തൽ ചെയ്യുന്ന ഒരു അവസ്ഥയിലേക്ക് പോകും.
തോമസ് ഐസക്: കർണാടകത്തിൽ സ്വകാര്യ ബസുകൾ ഇല്ല. സർക്കാർ ട്രാൻസ്പോർട്ട് ബസുകളേയുള്ളൂ. അപ്പോൾ ഫലത്തിൽ ഇതിന്റെ സ്വകാര്യവൽക്കരണമായിരിക്കും നടക്കാൻ പോകുന്നത്. സ്വകാര്യ ബസുകൾക്ക് ഇത് ബാധകമല്ല. KSRTC ക്ക് ബാധകമാണ്; അവർക്കിത് ഓടിക്കാൻ പറ്റില്ല. അവർ പതുക്കെപ്പതുക്കെ പിൻവാങ്ങും; സ്വകാര്യ ബസുകളെ യാത്രാ സൗകര്യത്തിനുവേണ്ടി ജനങ്ങൾ കൂടുതൽ കൂടുതൽ ആശ്രയിക്കേണ്ട അവസ്ഥയിലേക്ക് വരും. നമ്മുടെ പൊതുമേഖലാ ബസ് സർവീസിന്റെ സ്വകാര്യവൽക്കരണത്തിലേക്കാണ് ഫലത്തിൽ ഇത് നയിക്കുക.
നികേഷ് കുമാർ: ക്ഷേമ പെൻഷൻ 3000 രൂപ ആക്കുമെന്നാണ് പറയുന്നത്. നേരത്തെ, 2021ൽ ഇതേ രാഹുൽ ഗാന്ധി തന്നെയാണ് കേരളത്തിൽ വന്ന് പ്രഖ്യാപിച്ചത്, ആറായിരം രൂപയാക്കി ക്ഷേമ പെൻഷൻ വർധിപ്പിക്കും എന്ന്. ഇപ്പോൾ പറയുന്നു 3000 രൂപയാക്കുമെന്ന്. എൽഡിഎഫ് സർക്കാർ നിലവിൽ 2000 രൂപ കൊടുക്കുന്നുണ്ട്. അത് മൂവായിരം രൂപ ആക്കും എന്നാണ് രാഹുൽ ഗാന്ധി പറയുന്നത്.
തോമസ് ഐസക്: അതെ, നല്ല കാര്യം അല്ലേ. മൂവായിരം ആക്കണമെന്നേ; പറ്റുമെങ്കിൽ അതിനേക്കാൾ കൂടുതൽ ഉയർത്തണം. പക്ഷേ ഇത് പറയാനുള്ള അവകാശം ഇടതുപക്ഷത്തിന് മാത്രമേ ഉള്ളൂ. കാരണം ഈ രണ്ടായിരം രൂപ ആക്കിയതിൽ യുഡിഎഫിന്റെ സംഭാവന വെറും നൂറേ നൂറ് രൂപയാണ്. അതും പതിനെട്ട് മാസത്തെ കുടിശ്ശികയും.. അതാണവരുടെ സംഭാവന. അപ്പോൾ ആയകാലത്ത് ഒന്നും ചെയ്തിട്ടില്ല. ഇനി ഇപ്പോൾ വന്നാൽ ഞങ്ങൾ ചെയ്യും എന്നാണ് പറയുന്നത്. അതിപ്പോൾ നമ്മളും പറയും; പക്ഷേ നമ്മൾ പറഞ്ഞാൽ അത് ചെയ്യുമെന്നുറപ്പാണ്. അത് ജനങ്ങൾക്ക് അനുഭവമുള്ളതാണ്. ജനം ആരെയാ വിശ്വസിക്കുക. യുഡിഎഫിനെയാണോ എൽഡിഎഫിനെയാണോ? അങ്ങനെ ഒരു ചോദ്യം, വിശ്വാസ്യതയുടെ പ്രശ്നം ഇല്ലേ? അവര് അഞ്ചുവർഷം ഭരിച്ചപ്പോ പതിനായിരം കോടി രൂപയിൽ താഴെയല്ലേ കൊടുത്തത്. ഇപ്പോ അഞ്ചുവർഷംകൊണ്ട് ഏതാണ്ട് അമ്പതിനായിരം കോടിയിലേക്ക് എത്തിയില്ലേ. വളരെ വലിയ വ്യത്യാസമല്ലേ ഇത്. അപ്പോൾ തർക്കം ഞങ്ങൾ കുടിശ്ശികയാക്കിയോ ഇല്ലയോ എന്നൊക്കെ പറഞ്ഞുള്ള സംശയമാണ്. ഞാൻ പറയുന്നത്, ആ തർക്കത്തിലേക്കല്ല വരേണ്ടത്. എത്ര കൊടുത്തു യുഡിഎഫ്? അഞ്ചുവർഷം കൊണ്ടു പതിനായിരം കോടിയിൽ താഴെ-, മുപ്പത്തി രണ്ട് ലക്ഷം ആളുകൾക്ക്. എൽഡിഎഫോ? അറുപത്തി രണ്ട് ലക്ഷം -ആളുകൾക്ക് അമ്പതിനായിരം കോടിരൂപ. അഞ്ചുവർഷംകൊണ്ട്. എന്റെ അത്ഭുതം എന്താണെന്ന് അറിയോ. ഞാൻ വിചാരിച്ചത് ഇരുപത്തിയഞ്ച് ലക്ഷത്തിന്റെ ഇൻഷുറൻസ് പറഞ്ഞ ആള് ഒരു അയ്യായിരം രൂപയെങ്കിലും പെൻഷൻ പ്രഖ്യാപിക്കും എന്നാണ് [ചിരി]. എന്തേ ഈ മൂവായിരത്തിൽ നിർത്തിക്കളഞ്ഞത് ? കാരണം, പറഞ്ഞാൽ ആരും വിശ്വസിക്കുകയില്ല എന്നൊരു തോന്നൽ വന്നതുകൊണ്ടായിരിക്കും കേട്ടോ ഈ മൂവായിരത്തിൽ നിർത്തിക്കളഞ്ഞത്.
നികേഷ് കുമാർ: ചെറുപ്പക്കാർക്ക് പുതിയ സംരംഭങ്ങൾ തുടങ്ങാൻ അഞ്ച് ലക്ഷം രൂപ വരെയുള്ള പലിശരഹിത വായ്പയാണ് അടുത്തത്.
തോമസ് ഐസക്: ഇവിടെയുള്ള പ്രശ്നം ഒന്നാമതായി എത്രപേർക്ക് എന്ന് പറഞ്ഞിട്ടില്ല. യുവാക്കൾക്ക് കൊടുക്കും എന്നല്ലേയുള്ളൂ.
നികേഷ് കുമാർ: (ചിരി). അത് സിമ്പിളല്ലേ. ഒരാളായാലും യുവാവ് ആകാം, അല്ല രണ്ടുപേർ ആയാലും യുവാക്കൾ എന്ന് പറയാം.
തോമസ് ഐസക്: ഇതൊക്കെയാണ് ഈ guarantee യുടെ വാചകമടിയുടെ പ്രത്യേകത. എത്രപേർക്ക്, എന്നില്ല. ഇനി, ഇപ്പോൾ നിലവിലുള്ള subvention നുള്ള വായ്പകളുണ്ട്, അതിന്റെ ബാക്കിയുള്ളതുകൂടി സർക്കാർ ഏറ്റെടുക്കുകയാണോ? ഇത് വിപുലപ്പെടുത്തേണ്ടതാണെന്ന കാര്യത്തിൽ തർക്കമൊന്നുമില്ല, വിപുലപ്പെടുത്തേണ്ടതുതന്നെയാണ്. ഇതിന്റെ ആകെ ആക്ഷേപം, എത്രപേർക്ക് കൊടുക്കും എന്ന് പറഞ്ഞിട്ടില്ല എന്നുള്ളതാണ്. കൊടുക്കേണ്ടത് തന്നെ. നമ്മുടെ യുവ innovators ന്, startup കൾക്ക്, സംരംഭകർക്ക് ഒക്കെ subsidized ആയിട്ടുള്ള വായ്പകൾ നൽകേണ്ടതാണ്, അതിനെക്കുറിച്ച് തർക്കമൊന്നുമില്ല. പക്ഷേ, ഇങ്ങനെയൊരു പ്രഖ്യാപനം നടത്തുമ്പോൾ എത്രപേർക്ക് എന്നുള്ളത് പറയാൻ പറ്റണ്ടേ? അല്ലാതെ വെറുതെ ഒരു പ്രസ്താവന നടത്തിയിട്ട് എന്താണ് കാര്യം?
നികേഷ് കുമാർ: എല്ലാ യുവാക്കൾക്കും എന്നാണെങ്കിൽ, അതായത് ചോദിക്കുന്നവർക്കൊക്കെ കൊടുക്കും എന്നാണെങ്കിൽ, പലിശരഹിത വായ്പയാല്ലോ ഞാൻ ചെറുപ്പക്കാരനാണ്; [ചിരി] എനിക്കും കിട്ടുമായിരിക്കും.
തോമസ് ഐസക്: അതുതന്നെയാണ് പ്രശ്നം. അപ്പോൾ ഇതിന് നിബന്ധനകൾ ഉണ്ടാവണം. അതിന്റെ process, due process ഉണ്ടാവണം. ഒരുപക്ഷേ പിന്നീട് പറയുമായിരിക്കും. പക്ഷേ എത്രപേർക്കെങ്കിലും എന്ന് പറയേണ്ടതാണ്. ഇപ്പോൾ വർഷം തോറും ആയിരം സംരംഭകർക്ക് അല്ലെങ്കിൽ പതിനായിരം സംരംഭകർക്ക് അഞ്ച് ലക്ഷം രൂപ വച്ച് പലിശരഹിത വായ്പ നൽകും എന്നു പറഞ്ഞാൽ അത് വിശ്വസനീയമാണ്. അങ്ങനെയൊന്നും പറയാത്തിടത്തോളം കാലം എന്ത് വിശ്വാസ്യതയാണ് ഇൗ ഗ്യാരണ്ടിയ്ക്കുള്ളത്?
നികേഷ് കുമാർ: കെ ജെ ജേക്കബ്, മോദി guarantee, welfare guarantee എന്നിങ്ങനെ രണ്ടായി തിരിഞ്ഞുനിൽക്കുകയാണല്ലോ. ഈയൊരു മത്സരം തന്നെയാണ് സംസ്ഥാന നിയമസഭാ തിരഞ്ഞെടുപ്പുകളിൽ നമ്മൾ വടക്കേ ഇന്ത്യയിലും പിന്നീട് ദക്ഷിണേന്ത്യയിലുമൊക്കെ കണ്ടിട്ടുള്ളത്. കേരളത്തിലേക്കും അതു വരികയാണോ? ആ നിലയിലുള്ള ഒരു യുദ്ധമായിരിക്കുമോ ഈ നിയമസഭാ തിരഞ്ഞെടുപ്പിൽ നമ്മൾ കാണുക?
കെ ജെ ജേക്കബ്: അതിനുള്ള സാധ്യത ഞാൻ കാണുന്നില്ല. കാരണം ഡോ. ഐസക് പറഞ്ഞതുപോലെ specifics ന്റെയും പിന്നെ credibilityയുടെയുമൊക്കെ പ്രശ്നം ഉണ്ടല്ലോ. എന്തെങ്കിലും വിളിച്ചുപറഞ്ഞാൽ പോരല്ലോ. നടക്കുന്ന, നടപ്പാക്കാൻ കഴിയുന്ന കാര്യമല്ലേ പറയേണ്ടത്. ഇതിനകത്ത് ഞാൻ കാണുന്ന ഒരു പ്രശ്നം പ്രതിപക്ഷ നേതാവ് വി ഡി സതീശൻ അദ്ദേഹത്തിന്റെ പുതുയുഗ യാത്ര തുടങ്ങുമ്പോൾ, ആദ്യം ആരോഗ്യവുമായി ബന്ധപ്പെട്ട ഒരു രേഖ പുറത്തിറക്കി, അതുകഴിഞ്ഞ് തൃശൂരിൽ വച്ച് വിദ്യാഭ്യാസവുമായി ബന്ധപ്പെട്ട ഒരു രേഖ പുറത്തിറക്കി. എന്നിട്ട് അദ്ദേഹം പറഞ്ഞുകൊണ്ടിരുന്നത് തിരുവനന്തപുരത്തെത്തുമ്പോഴേക്കും കേരളത്തെ മൊത്തമായി പുനഃസംഘടിപ്പിക്കാൻ ആവശ്യമായിട്ടുള്ള പലതരം പദ്ധതികൾ വരും എന്നാണ്. പക്ഷേ നമ്മൾ പിന്നെ ഒന്നും കണ്ടില്ല. അതായത് പറഞ്ഞുനിൽക്കാൻ വേണ്ടിയിട്ട് എന്തെങ്കിലുമൊക്കെ പറയുന്ന ഒരു അവസ്ഥയിലേക്ക് UDF മാറിയിട്ടുണ്ട് എന്നുള്ളതാണ് ഞാൻ കാണുന്നത്. വയനാട്ടിൽ നമ്മളത് കാണുന്നുണ്ട്. ഗവേണൻസുമായി ബന്ധപ്പെട്ട solid ആയിട്ടുള്ള കാര്യങ്ങളിൽ, മനുഷ്യരോട് അവർക്ക് വിശ്വസിക്കാൻ പറ്റുന്ന കാര്യങ്ങൾ പറയുന്ന കാര്യത്തിൽ UDF ന് യാതൊരു താല്പര്യവും ഇല്ല. അതാണ് നമ്മൾ ഇതിനകത്ത് കാണുന്നത്.
നികേഷ് കുമാർ: കെ ജെ ജേക്കബ്, വി ഡി സതീശൻ ആദ്യം നടത്തിയ ചില പ്രഖ്യാപനങ്ങൾ പാതിവഴി നിർത്തുകയും ബാക്കിയുള്ളത് suspense ആണ് എന്ന് പറയുകയും ചെയ്യുന്നതാണ് നമ്മൾ കാണുന്നത്. ആ suspense ന്റെ പൂർത്തീകരണമാണ് രാഹുൽ ഗാന്ധിയുടെ ഈ പ്രഖ്യാപനങ്ങളിൽ എത്തിനിൽക്കുന്നത്. എൽഡിഎഫ് പഠനകോൺഗ്രസ് നടത്തിയിട്ടാണ് പ്രകടനപത്രിക തയ്യാറാക്കുന്നത്. മാത്രമല്ല എൽഡിഎഫിന്റെ പ്രകടനപത്രികയുടെ strike rate എന്ന് പറയുന്നത് തൊണ്ണൂറ്റിയെട്ട് ശതമാനത്തിന് മുകളിലുമാണ്. യുഡിഎഫ് അങ്ങനെയൊരു strike rate ഒന്നും പ്രകടനപത്രികയുടെ കാര്യത്തിൽ പാലിക്കാറില്ല. പ്രകടനപത്രികയെ തിരഞ്ഞെടുപ്പിന്റെ ഒരു ജുംല ആയിട്ടു തന്നെയാണ് യുഡിഎഫ് കണ്ടിട്ടുള്ളത്. ആ നിലയിൽ മുൻപ് എം എം ഹസ്സൻ എന്ന യുഡിഎഫ് കൺവീനർ ചില കാര്യങ്ങൾ പറയുകയും ചെയ്തിട്ടുണ്ട്. അപ്പോൾ, യാതൊരുവിധ പഠനവും അർഹിക്കാത്ത ഒരു മേഖലയാണോ ഈ പ്രകടനപത്രിക എന്നു പറയുന്നത്?
ജേക്കബ്: അങ്ങനെയല്ല; ഒരിക്കലും അത് അങ്ങനെ ആയിരിക്കരുത്. സർക്കാരുകൾക്ക് പലപ്പോഴും പിഴവുകൾ പറ്റാറുണ്ട്. അതായത്, സർക്കാർ പലപ്പോഴും defensive ആകും; പക്ഷേ പ്രതിപക്ഷം defensive ആകുന്ന സന്ദർഭങ്ങൾ ഉണ്ടാവാറില്ല. എന്നാൽ കേരളത്തിൽ നമ്മളിപ്പോൾ കാണുന്നത് പ്രതിപക്ഷം defensive ആകുന്നതാണ്, ഒട്ടേറെ കാര്യങ്ങളിൽ. വയനാട് പുനരധിവാസത്തിനായി പിരിച്ച ഫണ്ട് മുക്കിയ കാര്യം തന്നെയെടുക്കാം. തറക്കല്ലിട്ടിട്ടു പോലും അവർക്ക് ഒരു കല്ലുകൂടി വയ്ക്കാൻ പറ്റുന്നില്ല. ഡോ. ലാലിന്റെ നേതൃത്വത്തിലുണ്ടായിരുന്ന ആ document ൽ പോലും ഇപ്പോൾ സർക്കാരിലുള്ള ചില gap കൾ fill ചെയ്യും എന്നുള്ളതല്ലാതെ അതിനെ പുനഃസംഘടിപ്പിക്കുന്ന തരത്തിലുള്ള ഒന്നും നമ്മൾ കണ്ടില്ല. Education രേഖയിലും ഒന്നും കണ്ടില്ല. അദ്ദേഹം കേരളത്തിനുവേണ്ടി പറയുമെന്ന് പറഞ്ഞ surprise പ്രഖ്യാപനങ്ങളൊന്നും വരുന്നില്ല. എന്നുവച്ചാൽ, ഇതിനകത്ത് രണ്ട് പ്രശ്നങ്ങളുണ്ട്. ഒന്ന്, ഇതിനകത്ത് ഒരു ചിന്തയുമില്ല എന്നുള്ളതാണ്. ഇത് ചിന്തിച്ച് ചെയ്യേണ്ടതാണ് എന്നുള്ള കാര്യം യുഡിഎഫുകാർ മറന്നുപോയിരിക്കുന്നു. എന്തെങ്കിലും വിളിച്ചുപറയുക എന്ന ഒരവസ്ഥയിലാണ് നമ്മളിപ്പോൾ യുഡിഎഫിനെ കാണുന്നത്. കുറേക്കൂടി ഉത്തരവാദിത്തം, പ്രതിപക്ഷത്താണെങ്കിൽ പോലും കുറച്ചുകൂടി ഉത്തരവാദിത്തം അവർ കാണിക്കേണ്ടതുണ്ട്. കേരളത്തിന്റെ പ്രത്യേകമായ പ്രശ്നങ്ങൾ identify ചെയ്യാനും അതിന് പരിഹാരം കാണാനും അതിനുള്ള പ്രായോഗികമായ മാർഗങ്ങൾ കാണാനുമുള്ള commitment ന്റെ കുറവാണ് യുഡിഎഫിന്റെ ഈ പ്രഖ്യാപനത്തിൽ, ഗ്യാരണ്ടിയിൽ ഞാൻ കാണുന്നത്.
നികേഷ് കുമാർ: Right, ഡോ. ഐസക്ക്, രാജ്യം അത്ഭുതത്തോടെ നോക്കുന്ന ഒരു പുതിയ മാതൃക യുഡിഎഫ് കൊണ്ടുവരുന്നു, Neo Kerala.
തോമസ് ഐസക്: [ചിരി] ഇതൊക്കെ വാക്കുകളുടെ അർത്ഥം മനസ്സിലാക്കാതെ എടുത്തു വീശുന്നതാണ്. ‘നിയോ’ എന്ന് പറയുന്നതിന്റെ അർത്ഥം പുതിയ എന്നുള്ളതാണ്. പക്ഷേ അത് Social Science ൽ derogatory അതായത്, മോശം അർത്ഥത്തിൽ – പുതിയതാണ് പക്ഷേ മോശമാണെന്നുള്ള അർത്ഥത്തിൽ – പ്രയോഗിക്കുന്നതാണ്. ഉദാഹരണത്തിന്, നിയോ കൊളോണിയൽ, നിയോ ഫാസിസ്റ്റ്, നിയോലിബറൽ. അതേസമയത്ത് Natural Science ൽ അങ്ങനെയല്ല. ഇപ്പോൾ neonatal- എന്നുപറഞ്ഞാൽ നവജാത ശിശുക്കളുടെ എന്നാണ്. അതുപോലെ neoclassical architecture – classical architectureന്റെ പുതിയ version എന്നുള്ള അർത്ഥത്തിൽ പ്രയോഗിക്കുന്നു. ശാസ്ത്രത്തിൽ പലപ്പോഴും ഇത്തരത്തിൽ Neo എന്ന പദം പോസിറ്റീവായി ഉപയോഗിക്കാറുണ്ട്; പക്ഷേ Social Science ലെ ideological debate കളിൽ, നിയോ എന്ന് പറയുന്നത് മോശം എന്നുള്ള അർത്ഥത്തിലാണ്. നല്ലതെന്നുള്ള അർത്ഥത്തിൽ പറയണമെങ്കിൽ post ഉപയോഗിക്കാം. post colonial, post Marxist… post modernism. ഇതെന്തായാലും അസാമാന്യമായിട്ടുള്ള [ചിരി] ഒരു വിശകലന രീതിയാണ് കേട്ടോ. ഞാൻ അത് കേട്ടപ്പോൾതന്നെ അയ്യോ ഇതെന്താ ഈ പറയുന്നതെന്ന് വിചാരിച്ചു. അപ്പോൾ ഞാൻ പറഞ്ഞുവന്നത്, കേരളത്തിന് നിയോ കേരളയല്ല, നവകേരളമാണ് വേണ്ടത്. പ്രതിപക്ഷ നേതാവിന് വേണമെങ്കിൽ Post Kerala Model എന്നു പറയാം. എന്നാൽ ഇത് കുറച്ചുകൂടിപ്പോയി. വീ ഡി സതീശൻ പറയുന്നതു ഞാൻ കേട്ടു: ‘‘കേരള മോഡൽ കാലഹരണപ്പെട്ടു, അതുകൊണ്ട് ഞങ്ങൾ നിയോ കേരള മോഡൽ’’ – ഇതാണ് പ്രയോഗം. ശരിക്കും എന്താണ് കേരള മോഡൽ? കേരള മോഡൽ എന്നുവെച്ചാൽ പാവപ്പെട്ടവർക്ക് ക്ഷേമം – നല്ല ജീവിതം ഉറപ്പു വരുത്തുന്ന, താഴ്ന്ന വരുമാനത്തിൽ പോലും പുനർവിതരണത്തിലൂടെ മെച്ചപ്പെട്ട നിലയിൽ ജീവിക്കാൻ കഴിയുന്ന, സർക്കാർ വിദ്യാഭ്യാസവും ആരോഗ്യവും നൽകുന്ന, സാമൂഹ്യ സുരക്ഷ പ്രദാനം ചെയ്യുന്ന മികച്ച ജീവിത നിലവാരമുള്ള നാടാണിത്. അധ്വാനിക്കുന്നവർക്ക് നല്ല കൂലി മേടിച്ചു കൊടുക്കുന്നു. ഉള്ളവരിൽ നിന്ന് ഇല്ലാത്തവന് കുറച്ച് മേടിച്ചുകൊടുക്കുന്ന ഏർപ്പാടാണത്. അതു പോരാ അതിനപ്പുറവും നമ്മൾ പോകേണ്ടതുണ്ട്. ഇത് കാലഹരണപ്പെട്ടതുകൊണ്ടല്ല. നാളെയും ഇത് തുടരുന്നതിനാണ്. പാവപ്പെട്ടവന് നല്ല തൊഴിലവസരങ്ങൾ ഉണ്ടാവണം. ആധുനികമായ തൊഴിലുകളും വ്യവസായങ്ങളും വരണം. അപ്പോൾ paradigm shift, അതിലേക്ക് പോകാൻ ക്ഷേമപ്രവർത്തനങ്ങൾ മാത്രം പോരാ, പശ്ചാത്തലസൗകര്യങ്ങൾക്കും മറ്റും മുതൽമുടക്കണം. ഇങ്ങനെയൊരു മാറ്റമാണ് വേണ്ടത്. അതൊരിക്കലും നിയോ കേരള മോഡൽ അല്ല. എന്താ സതീശന്റെ പ്രശ്നം എന്നറിയ്യോ, ഈ നവം എന്ന് പറയാൻ പറ്റില്ല എന്നതാണ്. നവകേരളം എന്നുള്ളത് ഒരു പത്ത് വർഷമായി എൽഡിഎഫ് brand ചെയ്യുന്നുണ്ട്; അതിനൊരു പ്രത്യേക അജൻഡയും ഉള്ളടക്കവും ഒക്കെ ഈ പഠന കോൺഗ്രസുകൾ ഉണ്ടാക്കിയെടുത്തിട്ടുണ്ട്. അപ്പോൾ പിന്നെ നവകേരളം എന്നുപറയാൻ പറ്റില്ല. അതുകൊണ്ട് ഒരു നിയോ ചേർത്ത് ആരും കാണാത്തൊരു അത്ഭുതമായി നിയോ കേരള എന്ന് പറയുകയാണ് സതീശൻ ചെയ്തത്. സത്യം പറഞ്ഞാൽ അദ്ദേഹം ചെയ്യേണ്ടത് നവകേരളം എന്നു പറയാൻ അത്ര ബുദ്ധിമുട്ടുണ്ടെങ്കിൽ പോസ്റ്റ് കേരള മോഡൽ എന്ന് പറയുകയായിരുന്നു; അങ്ങനെയായിരുന്നെങ്കിൽ കുറച്ചുകൂടി ഭേദമായിരിക്കും. l



