Saturday, March 28, 2026

ad

Homeആമുഖംആമുഖം

ആമുഖം

തിരഞ്ഞെടുപ്പു കാലത്തെ വാഗ്ദാനങ്ങൾ വലതുപക്ഷ രാഷ്ട്രീയ കക്ഷികളെ സംബന്ധിച്ചിടത്തോളം, അത് കോൺഗ്രസായാലും ബിജെപി ആയാലും, തിരഞ്ഞെടുപ്പെന്ന കടമ്പ കടക്കാനുള്ള കുറുക്കുവഴി മാത്രമാണ്. അതു കഴിഞ്ഞാലോ? പാലം കടക്കുവോളം നാരായണ, പാലം കടന്നാലോ കൂരായണ എന്നതാണവസ്ഥ. അതുകൊണ്ടാണ് വാഗ്ദാനമല്ല, ഗ്യാരണ്ടിയാണ് എന്ന് കേൺഗ്രസ് പറയുന്നത്. ഗ്യാരണ്ടി എന്ന വീമ്പിളക്കൽ തുടങ്ങിയത് മോദിയാണ് – മോദി ഗ്യാരണ്ടി. ഇപ്പോൾ അതേ വഴിയിലാണ് രാഹുൽ ഗാന്ധിയും കോൺഗ്രസും. മോദി ഗ്യാരണ്ടികൾ എന്തെങ്കിലും നടപ്പാക്കിയിട്ടുണ്ടോ? ഇല്ലല്ലോ. അതുപോലെതന്നെയാണ് രാഹുൽ ഗ്യാരണ്ടികളും. നടപ്പാക്കേണ്ടതില്ലാത്തതുകൊണ്ട് അവർക്ക് അതിന്റെ പ്രായോഗികത പരിശോധിക്കേണ്ടതുമില്ല. എന്നാൽ വോട്ടുചെയ്യുന്ന ജനങ്ങളെ സംബന്ധിച്ചിടത്തോളം, ആ പരിശോധന അനിവാര്യമാണ്. അത്തരമൊരു പരിശോധനയാണ് ചിന്ത വാരികയുടെ ഈ ലക്കത്തിലെ കവർസ്റ്റോറി നടത്തുന്നത്. ഡോ. ടി എം തോമസ് ഐസക്, കെ ജെ ജേക്കബ് എന്നിവരുമായിഎം വി നികേഷ് -കുമാർ നടത്തുന്ന ചർച്ചയ്ക്കു പുറമേ ഡോ. ടി എൻ സീമ, എസ് അഭിലാഷ്, ഡോ. പ്രേംകുമാർ, സി കെ ഹരികൃഷ്ണൻ, വിനോദ് പായം, എം അഖിൽ എന്നിവർ എഴുതുന്നു.

ദീർഘകാലം ദേശീയതലത്തിലും കേരളം ഉൾപ്പെടെ സംസ്ഥാനങ്ങളിലും ഭരണം നടത്തിയിട്ടുള്ള പാർട്ടിയാണ് കോൺഗ്രസ്. കോൺഗ്രസ് ചരിത്രത്തിലെ ഏറ്റവും വലിയ ഗ്യാരണ്ടിയാണ് ഇന്ദിരാഗാന്ധി 1971ലെ തിരഞ്ഞെടുപ്പിനു മുൻപ് ഇന്ത്യൻ ജനതയുടെ മുമ്പാകെ അവതരിപ്പിച്ചത്. ഏറ്റവും ആകർഷകമായ ആ ആശയം ഗരീബി ഹടാവൊ എന്നതായിരുന്നു. ആ തിരഞ്ഞെടുപ്പിൽ തകർപ്പൻ ഭൂരിപക്ഷം നേടിയാണ് ഇന്ദിരാഗാന്ധി അധികാരത്തിലേറിയത്. അത്ര ഗംഭീരമായ ഭൂരിപക്ഷത്തിനു നിദാനമായത് ഗരീബി ഹടാവൊ എന്ന വാഗ്ദാനത്തിന്റെ മാസ്മരികതയാണ്. അതിനു തൊട്ടുമുൻപത്തെ തിരഞ്ഞെടുപ്പിൽ (1967) കോൺഗ്രസിൽനിന്ന് അകന്നുപോയ ഇന്ത്യയിലെ ദരിദ്ര ജനകോടികൾ ആവേശപൂർവമാണ് ഇന്ദിരാഗാന്ധിയുടെ കോൺഗ്രസിന് 1971ൽ വോട്ടുചെയ്തത്.

അങ്ങനെ അധികാരത്തിൽ വന്ന ഇന്ദിരാ കോൺഗ്രസ് ദാരിദ്ര്യം നിർമാർജനം ചെയ്-തോ? ഇല്ലല്ലൊ? ഗരീബി ഹടാവൊ പറഞ്ഞ് അധികാരത്തിലേറിയവർ യഥാർഥത്തിൽ നടപ്പാക്കിയത് ഗരീബോം കോ ഹടാവൊയാണ്, ദരിദ്രരെ തുടച്ചുനീക്കുക. മോഹന വാഗ്ദാനങ്ങൾ വിതറി അധികാരത്തിലേറിയ കോൺഗ്രസിന്റെ തനിനിറം പുറത്താകാൻ ഏറെക്കാലം വേണ്ടിവന്നില്ല. ജനവിരുദ്ധ നയങ്ങൾക്കെതിരെ ഉയർന്ന പ്രതിഷേധങ്ങളെയും സമരപരമ്പരകളെയും അടിച്ചമർത്താൻ ഇന്ദിരാഗവൺമെന്റ് 1975ൽ അടിയന്താവസ്ഥയെന്ന സേ–്വച്ഛാധിപത്യ കിരാതവാഴ്ചയിൽ അഭയം തേടുകയാണുണ്ടായത്. ആ ഇരുണ്ടകാലത്ത് നടപ്പാക്കിയത് അക്ഷരാർഥത്തിൽ ദരിദ്രരുടെ ഉന്മൂലനമാണ്– ജനസംഖ്യാ നിയന്ത്രണത്തിന്റെ പേരിൽ നടത്തിയ നിർബന്ധിത വന്ധ്യംകരണവും ഡൽഹി സൗന്ദര്യവൽകരിക്കുന്നതിന്റെ പേരിൽ നടപ്പാക്കിയ തുർക്ക്മാൻഗേറ്റിലെ ബുൾഡോസർ രാജും വിസ്മരിക്കാനാവില്ലല്ലോ.
ഇപ്പോൾ ഗ്യാരണ്ടികളുമായി വരുന്ന രാഹുൽ ഗാന്ധി ഇതേ ഗ്യാരണ്ടി പറഞ്ഞാണ് തെലങ്കാനയിലും കർണാടകത്തിലും ഹിമാചലിലും അധികാരം പിടിച്ചത്. കർണാടകത്തിലും തെലങ്കാനയിലും ബുൾഡോസർ രാജാണ് നടപ്പാക്കിയത്. കർണാടകത്തിൽ സ്ത്രീകൾക്ക് സൗജന്യ ബസ് യാത്ര വാഗ്ദാനം ചെയ്ത് അധികാരത്തിലേറിയവർ അതിന്റെ അപ്രായോഗികതയിൽ നട്ടംതിരിഞ്ഞ് ആദ്യം പുരുഷന്മാർക്ക് ടിക്കറ്റ് നിരക്ക് വർധിപ്പിച്ചതും ഒടുവിൽ സൗജന്യം ബിപിഎൽ വിഭാഗത്തിനായി ചുരുക്കിയതും സമീപകാല അനുഭവമാണ്.

ഇനി കേരളത്തിൽ ഇപ്പോൾ രാഹുൽ ഗാന്ധി പറയുന്ന ഗ്യാരണ്ടിയുടെ കാര്യമോ? ആരോഗ്യ ഇൻഷുറൻസിന്റെ പേരിൽ, കേരളത്തിലെ സാർവത്രികമായ പൊതുജനാരോഗ്യ സംവിധാനത്തെ തകർത്ത് കോർപ്പറേറ്റ് ചികിത്സാ സ്ഥാപനങ്ങളുടെയും ഇൻഷുറൻസ് കമ്പനികളുടെയും കൊള്ളയടിക്കായി കെെമാറുകയാണ് കോൺഗ്രസിന്റെ ലക്ഷ്യം. കെഎസ്ആർടിസിയുടെ അടച്ചുപൂട്ടലിനെക്കുറിച്ച് ആലോചിച്ചുകൊണ്ടിരുന്ന 2011–16 ലെ യുഡിഎഫ് കാലത്തേതിൽ നിന്ന് പ്രവർത്തന ലാഭത്തിലേക്കെത്തിച്ചത് 2016–2026 ലെ എൽഡിഎഫ് ഭരണമാണ്. അതിനെ വീണ്ടും അടച്ചുപൂട്ടുമെന്ന പ്രഖ്യാപനമാണ് രാഹുൽ ഗ്യാരണ്ടിയിലൂടെ നടത്തുന്നത്. 3000 രൂപ ക്ഷേമപെൻഷൻ നൽകുമെന്ന് ഗ്യാരണ്ടി നൽകുന്ന കോൺഗ്രസിന്റെ, നിലവിലെ 2000 രൂപ പെൻഷന്റെ കാര്യത്തിൽ 46 വർഷത്തിനിടയിലെ സംഭാവന വെറും 100 രൂപയാണെന്നത് മറക്കണ്ട. അതുതന്നെ 2016ൽ അധികാരമൊഴിയുമ്പോൾ 18 മാസം കുടിശ്ശികയായിരുന്നു. 2006ൽ യുഡിഎഫ് ഗവൺമെന്റ് ഒഴിയുമ്പോൾ 28 മാസത്തെ കുടിശ്ശികയായിരുന്നു (അതും പ്രതിമാസം 120 രൂപ). അപ്പോൾ കോൺഗ്രസിന്റെ വാക്കിന് കീറച്ചാക്കിന്റെ വില പോലുമില്ലെന്നതല്ലേ യാഥാർഥ്യം? l

ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

12 + ten =

Most Popular