അഞ്ചരക്കണ്ടി ദന്തൽ കോളേജ് വിദ്യാർഥി നിധിൻ രാജിന്റെ ആത്മഹത്യക്കിടയാക്കിയ ജാതിവിവേചനവും അധിക്ഷേപവും മനസാക്ഷിയുള്ള ആരെയും ഞെട്ടിക്കുന്നതാണ്. നവോത്ഥാനാനന്തര കേരളത്തിലുണ്ടായ പുരോഗമനാത്മകമായ സാമൂഹ്യമാറ്റങ്ങളിൽനിന്നുള്ള പിന്തിരിഞ്ഞോട്ടത്തിന്റെ പ്രതിഫലനങ്ങളാണ് ആവർത്തിക്കപ്പെടുന്ന ഇത്തരം സംഭവങ്ങൾ. വിമോചന സമരത്തോടെ നമ്മുടെ സാമൂഹ്യ– രാഷ്ട്രീയ ജീവിതത്തിന്റെ മുൻനിരയിലേക്ക് ജാതി–മത സംഘടനകൾക്ക് എത്താൻ കഴിഞ്ഞതും അവയ്ക്ക് പ്രാമാണികത നേടാൻ കഴിഞ്ഞതും ഇത്തരം സംഭവങ്ങൾക്ക് വഴിയൊരുക്കിയ പ്രധാന ഘടകമായി കാണാവുന്നതാണ്. ഈ പ്രവണതകൾക്കെതിരെ ആഞ്ഞടിക്കാൻ കേരള സമൂഹത്തിന് കഴിയണം. എങ്കിൽ മാത്രമേ ഇനിയും നിധിൻ രാജ്മാർ ഉണ്ടാകാതിരിക്കൂ. ഈ വിഷയം സംബന്ധിച്ച് ഞങ്ങൾ ചില ചോദ്യങ്ങൾ അധ്യാപകരംഗത്തും വിദ്യാർഥി രംഗത്തും സാമൂഹ്യ – രാഷ്ട്രീയരംഗങ്ങളിലുമുള്ള ചിലർക്ക് അയച്ചുകൊടുത്തു. അതിനു അവരിൽ ചിലരിൽനിന്നു ലഭിച്ച മറുപടികളാണ് നൽകുന്നത്.
പത്രാധിപർ
‘‘ശ്രേണീബദ്ധമായ അധികാരഘടനയിൽ
ഉൾച്ചേർന്നിട്ടുള്ള ജാതിബോധത്തെ
ബോധപൂർവ്വം ഇല്ലായ്മ ചെയ്യണം’’
പി കെ ബിജു
■ അഞ്ചരക്കണ്ടി ദന്തൽ കോളേജിൽ ഉണ്ടായതുപോലെയുള്ള സംഭവങ്ങൾ കേരളത്തിൽ ഇതിനുമുൻപ് ഉണ്ടായിട്ടുണ്ടോ? ആക്രമണങ്ങൾ മാത്രമല്ല, വിവേചനങ്ങളും?
പലകാര്യങ്ങളുടെയും അടിസ്ഥാനത്തില്‍ വിദ്യാര്‍ത്ഥികള്‍ ആത്മഹത്യ ചെയ്യുന്നത് പല സ്ഥാപനങ്ങളിലും ഇതിനു മുമ്പുമുണ്ടായിട്ടുണ്ട്. രജനി എസ് ആനന്ദ് ആത്മഹത്യ ചെയ്ത സംഭവം കേരളം വളരെ ഗൗരവത്തോടെ ചര്‍ച്ചചെയ്തിട്ടുള്ളതാണ്. അത് ഫീസ് നൽകാൻ കഴിയാത്തതുമായി ബന്ധപ്പെട്ടതായിരുന്നു. എന്നാല്‍ ഇവിടെ പ്രധാനമായും ജാതി അധിക്ഷേപത്തിന്റെ പേരിലാണ് അഞ്ചരക്കണ്ടി കോളേജിലെ വിദ്യാര്‍ത്ഥി ജീവനൊടുക്കിയിരിക്കുന്നതെന്ന് റിപ്പോര്‍ട്ടുകളില്‍ നിന്നും വ്യക്തമാകുന്നു. അതു സംബന്ധിച്ച് കൂടുതല്‍ വ്യക്തത അന്വേഷണത്തിലൂടെ വരേണ്ടതാണ്. ആത്മഹത്യയിലേക്ക് എത്തിപ്പെട്ടിട്ടില്ലെങ്കിലും ജാതിയുടെ അടിസ്ഥാനത്തില്‍ ആക്രമണങ്ങളും വിവേചനങ്ങളും കേരളസമൂഹത്തിനും അന്യമല്ല. സ്വാശ്രയ കോളേജുകളില്‍ മെറിറ്റുപ്രകാരം പ്രവേശനം ലഭിക്കുന്ന പിന്നാക്കക്കാര്‍ക്കാണ് അധിക്ഷേപങ്ങള്‍ കൂടുതലായി ഏല്‍ക്കേണ്ടിവരുന്നത്.
■ ഇത്തരം സംഭവങ്ങൾക്കെതിരെ അതാത് സമയങ്ങളിൽ ശക്തമായ പ്രതിഷേധം ഉയർന്നു എന്ന് കരുതുന്നുണ്ടോ? ഇല്ലെങ്കിൽ കാരണമെന്ത്?
ഇത്തരം സംഭവങ്ങളില്‍ അതാത് സമയങ്ങളില്‍ പ്രതിഷേധം ഏറിയും കുറഞ്ഞും എല്ലാക്കാലത്തും ഉണ്ടായിട്ടുണ്ട്. അവയിലെല്ലാം പുരോഗമന പ്രസ്ഥാനങ്ങള്‍ നേതൃത്വപരമായ പങ്കുവഹിക്കുകയും ചെയ്തിട്ടുണ്ട്.
■ ക്യാമ്പസുകളിലെ അരാഷ്ട്രീയത ഇത്തരം സംഭവങ്ങൾ ഉണ്ടാക്കാൻ ഇടയാക്കുന്നുണ്ടോ? ഇത്തരം ആക്രമണങ്ങളും വിവേചനങ്ങളും സ്വാശ്രയ കോളേജുകളിലാണോ പൊതുവിദ്യാഭ്യാസ രംഗത്താണോ കൂടുതലായി നടക്കുന്നത്?
ക്യാമ്പസുകളില്‍ രാഷ്ട്രീയ പ്രവര്‍ത്തനം ഇല്ലാത്തത് പല തരത്തിലുള്ള പിന്തിരിപ്പന്‍ പ്രവര്‍ത്തനങ്ങള്‍ക്കും ഇടയാക്കുന്നുണ്ട്. അതിനൊരുദാഹരണമാണ്, വര്‍ഗീയ ശക്തികളുടെ സ്വാധീനം വിദ്യാര്‍ത്ഥികളിലുണ്ടാവുന്നതും തീവ്ര സ്വഭാവമുള്ള മതസംഘടനകളോടുള്ള ആഭിമുഖ്യം ചെറുസംഘത്തിനിടയിലാണെങ്കില്‍പ്പോലും വളരുന്നതും അവ ക്യാമ്പസ്സുകളുടെ സര്‍ഗാത്മകതയ്ക്കു തടസ്സമാകുന്നതും. വിദ്യാഭ്യാസം കച്ചവടവല്‍ക്കരിക്കുന്നതിന്റെ ഭാഗമായി പൊതുസമൂഹത്തിനു സ്വീകരിക്കാന്‍ കഴിയാത്ത പല പ്രവണതകളും ഇത്തരത്തില്‍ ഉയര്‍ന്നുവരുന്ന സ്ഥാപനങ്ങളില്‍ കാണാവുന്നതാണ്.
■ കേരളത്തിലെ പട്ടികവിഭാഗങ്ങളുടെ വിദ്യാഭ്യാസ പുരോഗതിയെ മറ്റ് ഇന്ത്യൻ സംസ്ഥാന ങ്ങളുമായി ബന്ധപ്പെടുത്തി എങ്ങനെ വിലയിരുത്തുന്നു? ആ പുരോഗതിക്ക് തടസ്സം നിൽക്കുന്ന ഘടകങ്ങൾ എന്തൊക്കെയാണ്?
കേരളത്തിലെ പട്ടികവിഭാഗങ്ങളുടെ വിദ്യാഭ്യാസ പുരോഗതി രാജ്യത്തെ മറ്റു സംസ്ഥാനങ്ങളുമായി തട്ടിച്ചുനോക്കുമ്പോള്‍ അജഗജാന്തരം കാണാം. പഞ്ചമിയെ സ്കൂളില്‍ ചേര്‍ക്കുന്നതിനുവേണ്ടി അയ്യങ്കാളി പോരാടിയതടക്കം നവോത്ഥാന നേതാക്കന്മാരുടെ പ്രവര്‍ത്തനങ്ങള്‍ കേരളത്തില്‍ പിന്നാക്കവിഭാഗങ്ങളില്‍ പെടുന്നവര്‍ക്ക് പഠിക്കാനവസരം നല്‍കി. ഇടതുപക്ഷം ആ പോരാട്ടം ഏറ്റെടുത്തു. അവര്‍ അധികാരത്തിലെത്തിയപ്പോഴൊക്കെ പട്ടികവിഭാഗങ്ങളുടെ വിദ്യാഭ്യാസ ഉന്നമനത്തിന് ഊന്നല്‍ നല്‍കി. പിണറായി വിജയന്‍ സര്‍ക്കാര്‍ നടപ്പിലാക്കിയ പഠനമുറി പദ്ധതിയും വിദേശപഠനത്തിന് ഏര്‍പ്പെടുത്തിയ ഉന്നതി സ്കോളര്‍ഷിപ്പും സമീപകാലത്തെടുത്ത നടപടികളാണ്.
പട്ടികജാതി വിഭാഗത്തിലെ സ്കൂള്‍ കുട്ടികളുടെ കൊഴിഞ്ഞുപോക്ക് 2016–-17 ല്‍ 0.26 ശതമാനം ആയിരുന്നെങ്കില്‍ 2023-–24 ല്‍ അത് 0.06 ശതമാനം ആയിക്കുറഞ്ഞു. പട്ടികവര്‍ഗ്ഗത്തിന്റേത് 0.67 ശതമാനം മാത്രമാണ്. ഉന്നതവിദ്യാഭ്യാസ രംഗത്തെ പട്ടികവിഭാഗങ്ങളുടെ പ്രവേശന നിരക്ക് മറ്റു സംസ്ഥാനങ്ങളെ അപേക്ഷിച്ച് വളരെ മുന്നിലാണ്.
■ ജാതി വിവേചനം ഇല്ലാതാക്കുന്നതിന്, സർവ്വകലാശാലകളെ ജനാധിപത്യവൽക്കരിക്കുന്നതിന് എന്ത് നടപടികളാണ് സ്വീകരിക്കേണ്ടത്?
ക്യാമ്പസ് രാഷ്ട്രീയം തടസ്സമില്ലാതെ അനുവദിക്കുകയും അതുവഴി സര്‍ഗ്ഗാത്മക ക്യാമ്പസ് എന്നത് വീണ്ടെടുക്കുകയും ചെയ്യേണ്ടത് പല പിന്തിരിപ്പന്‍ രംഗങ്ങളില്‍നിന്നും വിദ്യാര്‍ത്ഥികളെ മോചിപ്പിക്കുന്നതിന് സഹായിക്കും. ഇത് ഒരു പരിധിവരെ വിവേചനം ഒഴിവാക്കും. എന്നാല്‍ ശ്രേണീബദ്ധമായ അധികാരഘടനയില്‍ ഉള്‍ച്ചേര്‍ന്നിട്ടുള്ള ജാതിബോധം ഇല്ലായ്മചെയ്യാന്‍ ബോധപൂര്‍വമായ ശ്രമം നടത്തേണ്ടതുണ്ട്.
■ സർവ്വകലാശാലകളിൽ സാമൂഹ്യ നീതി ഉറപ്പാക്കുന്നതിനും വിവേചനങ്ങളെ ഒരു പരിധി വരെയെങ്കിലും തടയുന്നതിനും ഇത്തരം സംഭവങ്ങൾ ആവർത്തിക്കാതിരിക്കുന്നതിനും രോഹിത് വെമുല നിയമം പോലുള്ള നിയമങ്ങൾ നടപ്പാക്കുന്നതിൽ കേന്ദ്രസർക്കാർ വിമുഖത കാണിക്കുന്നത് എന്തുകൊണ്ടാണ്?
സവര്‍ണ രാഷ്ട്രീയത്തിന്റെ കാതലായിട്ടുള്ള സംഘപരിവാര സംഘടനയായ ബിജെപി നേതൃത്വം നല്‍കുന്ന കേന്ദ്ര സര്‍ക്കാര്‍ അരികുവല്‍ക്കരിക്കപ്പെട്ടവരെ, ന്യൂനപക്ഷങ്ങളെ കൂടുതല്‍ പിന്നോട്ടുതള്ളാന്‍ ശ്രമിക്കുകയാണ്. ബിജെപി ഭരിക്കുന്ന സംസ്ഥാനങ്ങളില്‍ നിന്നുള്ള വാര്‍ത്തകൾ അവരുടെ അജൻഡ വെളിവാക്കുന്നതാണ്. സവര്‍ണ്ണതയ്ക്ക് കോട്ടം തട്ടുന്ന നടപടികളൊന്നുംതന്നെ അവര്‍ സ്വീകരിക്കില്ല. നിരന്തരമായ രാഷ്ട്രീയ പോരാട്ടത്തിലൂടെ മാത്രമേ സാമൂഹികനീതി ഉറപ്പാക്കാനാവൂ. സിപിഐ എം നേതൃത്വം നല്‍കി നടത്തിയ പ്രക്ഷോഭത്തിന്റെ അടിസ്ഥാനത്തില്‍ തമിഴ്നാട്ടിലെ ജാതി മതില്‍ പൊളിച്ചത് ഒരു ഉദാഹരണമാണ്.
■ കേരളത്തിൽ ഇനിയും സ്വീകരിക്കേണ്ട നടപടികൾ എന്തൊക്കെയാണ്? നിലവിൽ സ്വീകരിക്കുന്ന നടപടികൾ ശക്തമാക്കേണ്ടതുണ്ടോ?
ജാതിയുടെ അടിസ്ഥാനത്തിലുള്ള അധിക്ഷേപങ്ങള്‍ക്കും ആക്രമണങ്ങള്‍ക്കുമെതിരായി അനേകം നിയമങ്ങളുണ്ട്. അവ ശക്തമായി നടപ്പിലാക്കുന്നത് തുല്യത അനുവദിക്കുന്നതില്‍ പ്രധാനപ്പെട്ടതാണ്. തെറ്റുചെയ്യുന്നവരെ മാതൃകാപരമായി ശിക്ഷിക്കേണ്ടതുമുണ്ട്. l
‘‘ഹിന്ദുത്വ രാഷ്ട്രീയത്തിന്റെ
ഊടും പാവും ജാതിവ്യവസ്ഥയിൽ
നിലീനമാണ്’’
ടി എസ് ശ്യാംകുമാർ
■ അഞ്ചരക്കണ്ടി ഡെന്റൽ കോളേജിൽ ഉണ്ടായതുപോലെയുള്ള സംഭവങ്ങൾ കേരളത്തിൽ ഇതിനുമുൻപ് ഉണ്ടായിട്ടുണ്ടോ? ആക്രമണങ്ങൾ മാത്രമല്ല, വിവേചനങ്ങളും?
ദളിത് – ആദിവാസി അതി പിന്നാക്ക വിഭാഗത്തിൽ പെട്ട വിദ്യാർത്ഥികൾക്കെതിരായ വിവേചനവും ആക്രമണങ്ങളും കേരളത്തിൽ ഒരു തുടർക്കഥയാണ്. പുറമേ പുരോഗമനവാദികളായി ജീവിക്കുകയും ആന്തരികമായി ജാതിമൂല്യബോധങ്ങളെ കൊണ്ടുനടക്കുകയും ചെയ്യുന്നവരാണ് മലയാളികൾ. കഴിഞ്ഞ പത്തു വർഷത്തിനിടയിൽ തന്നെ പത്തോളം വിവേചനക്കൊലകൾ കേരളത്തിൽ ഉണ്ടായിട്ടുണ്ട്. 2017 ൽ നെഹ്റു എൻജിനിയറിങ് കോളേജ് വിദ്യാർത്ഥിയായിരുന്ന ജിഷ്ണു പ്രണോയ് കൊല്ലപ്പെട്ടത് മാനേജ്മെന്റിന്റെയും അധ്യാപകരുടെയും മാനസിക പീഡനത്തെ തുടർന്നായിരുന്നു. 2023 ൽ അധ്യാപികയുടെ തുടർച്ചയായുള്ള മാനസികപീഡനത്തെ തുടർന്ന് തിരുവനന്തപുരം വിക്ടറി ഗേൾസ് ഹയർ സെക്കൻഡറി സ്കൂളിലെ വിദ്യാർത്ഥി ആത്മഹത്യ ചെയ്തു. 2023 ൽ തന്നെ അമൽ ജ്യോതി എഞ്ചിനിയറിങ് കോളേജ് വിദ്യാർത്ഥിനി ശ്രദ്ധ സതീഷ് ആത്മഹത്യക്കിരയായതും അധ്യാപകരുടെ ടോർച്ചറിങ്ങും പീഡനവും നിമിത്തമായിരുന്നു. 2024 ൽ കേരള വെറ്ററിനറി ആൻഡ് അനിമൽ സയൻസ് യൂണിവേഴ്സിറ്റി വിദ്യാർത്ഥി ജെ എസ് സിദ്ധാർത്ഥിന്റെ കൊലയും കേരളത്തെ ഞെട്ടിച്ചു. 2024ൽ പത്തനംതിട്ട ഗവ. നഴ്സിങ് കോളേജിൽ സൈക്യാട്രി അധ്യാപകന്റെ മാനസിക പീഡനത്തെ തുടർന്ന് അമ്മു സജീവ് കൊലചെയ്യപ്പെട്ടു. 2025ൽ കാസർകോട് മൻസൂർ ഹോസ്പിറ്റൽ ആൻഡ് സ്കൂൾ ഓഫ് നഴ്സിങ് വിദ്യാർത്ഥി ചൈതന്യ കുമാരി ഹോസ്റ്റൽ വാർഡന്റെ പീഡനത്തെ തുടർന്ന് ആത്മഹത്യ ചെയ്തു. 2025 ൽ സഹവിദ്യാർത്ഥികളിൽ നിന്നുള്ള ബുള്ളിയിങ്ങും, ശാരീരിക പീഡനവും, സ്കൂൾ വൈസ് പ്രിൻസിപ്പലിന്റെ പീഡനത്തെയും തുടർന്ന് മിഹിർ അഹമ്മദ് കൊലചെയ്യപ്പെട്ടു. ഇതിന്റെയെല്ലാം തുടക്കം 2004 ജൂലൈ 22 ന് അടൂർ കൊളേജ് ഓഫ് എൻജിനിയറിങ് വിദ്യാർത്ഥിനി രജനി എസ് ആനന്ദ്, പഠനത്തിനായി ബാങ്ക്, വായ്പ നിഷേധിച്ചതിനെ തുടർന്ന് പ്രവേശന പരീക്ഷാ കമ്മീഷണറുടെ കെട്ടിടത്തിനു മുകളിൽ നിന്ന് ചാടി മരിച്ച സംഭവമാണ്. ഇതിനെയെല്ലാം സ്ഥാപനപരമായ ഹിംസകൾ എന്നും വിദ്യാർത്ഥിയുടെ മരണത്തെ സ്ഥാപനക്കൊലകൾ എന്നുമാണ് അടയാളപ്പെടുത്തേണ്ടത്.
അഞ്ചരക്കണ്ടി ദന്തൽ കോളേജിൽ നിധിൻ രാജിന്റെ മരണത്തെത്തുടർന്ന് നിരവധി വിദ്യാർത്ഥികൾ ഡോ. റാം ഉൾപ്പെടെയുള്ള നിരവധി അധ്യാപകരുടെ ജാതി, നിറം, ശരീരം, എന്നിവയെ മുൻനിർത്തിയുള്ള കഠിനമായ അധിക്ഷേപങ്ങളെപ്പറ്റി മാധ്യമങ്ങളുടെ മുമ്പിൽ വെളിപ്പെടുത്തി. ഇത് തെളിയിക്കുന്നത് അഞ്ചരക്കണ്ടി ദന്തൽ കോളേജിൽ വിദ്യാർത്ഥികൾക്കെതിരായ പീഡനം ഒരു പുതിയ സംഭവമല്ല എന്നാണ്.
കേരളത്തിലെ എയ്ഡഡ് സ്വകാര്യ വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ ദളിത് ആദിവാസി അതിപിന്നോക്ക വിഭാഗത്തിൽ പെട്ട അധ്യാപകരുടെ അഭാവം വിവേചനങ്ങൾ വർദ്ധിപ്പിക്കുകയാണ് ചെയ്യുന്നത്. സവർണ–മധ്യമ ജാതികളിൽ പെട്ട മാനേജ്മെന്റുകളാൽ നടത്തപ്പെടുന്ന സ്ഥാപനങ്ങൾ ദളിത് – ആദിവാസി വിഭാഗത്തിലുൾപ്പെട്ട അധ്യാപകരെ തങ്ങളുടെ സ്ഥാപനങ്ങളിൽ നിന്ന് പൂർണമായും പുറന്തള്ളിയിരിക്കുകയാണ്. ഇത് കേരളത്തിന്റെ ഉന്നതവിദ്യാഭ്യാസ രംഗത്തും പൊതുവിദ്യാഭ്യാസ രംഗത്തും കാലങ്ങളായി വിവേചനം തുടരുന്നതിന്റെ നേർചിത്രമാണ്. മാറി മാറി വരുന്ന ഭരണകൂടങ്ങൾക്ക് വിദ്യാഭ്യാസ രംഗത്തെ ജനാധിപത്യവൽക്കരിക്കാൻ കഴിയാത്തതിന്റെ ഇര കൂടിയാണ് നിതിൻ രാജ്.
■ ഇത്തരം സംഭവങ്ങൾക്കെതിരെ അതാത് സമയങ്ങളിൽ ശക്തമായ പ്രതിഷേധം ഉയർന്നു എന്ന് കരുതുന്നുണ്ടോ? ഇല്ലെങ്കിൽ കാരണമെന്ത്?
ശക്തമായ പ്രതിഷേധങ്ങൾ ഉയർന്നുവരുന്നുണ്ട്. എന്നാൽ ഭരണകൂടങ്ങളും അധികാരികളും ഈ പ്രതിഷേധങ്ങളെ കണ്ടില്ലെന്നു നടിക്കാനും വഴിതിരിച്ചു വിടാനുമാണ് ശ്രമിക്കുന്നത്. ഉദാഹരണമായി ബിന്ദു എന്ന ദളിത് സ്ത്രീ ഒരു കള്ളപ്പരാതിയിന്മേൽ പൊലീസ് സ്റ്റേഷനിലാക്കപ്പെട്ടു. കുടിക്കാൻ വെള്ളം ചോദിച്ചപ്പോൾ പൊലീസ് അധികാരികൾ കക്കൂസിൽ പോയി കുടിക്കാൻ ആജ്ഞാപിച്ചു. അവസാനം ബിന്ദു നിരപരാധിയാണെന്ന് തെളിയിക്കപ്പെട്ടിട്ടും കള്ളപ്പരാതി നൽകിയവരും ബിന്ദുവിനെ അപമാനിച്ച പൊലീസും നിയമപരമായ ശിക്ഷയ്ക്ക് വിധേയരാക്കപ്പെട്ടില്ല. പ്രതിഷേധങ്ങൾ ഉയർന്നുവരുമ്പോൾ തന്നെ ഇരകളെ സ്വഭാവഹത്യ നടത്തുന്ന രീതിയും കേരളത്തിൽ ശക്തമാണ്. ഇത്തരം കേസുകൾ അന്വേഷിക്കുന്ന പൊലീസധികാരികളുടെ ജാതീയമായ മുൻവിധികൾ പ്രതികൾ രക്ഷപ്പെടുന്നതിന് വഴിയൊരുക്കുകയാണ് ചെയ്യുന്നത്. ആദ്യ ചോദ്യത്തിന്റെ പ്രതികരണത്തിൽ രേഖപ്പെടുത്തിയ കേസുകളിലൊന്നും പ്രതികൾ ശിക്ഷിക്കപ്പെട്ടിട്ടില്ല, പലതും വിചാരണകളിലുമാണ്. കേരളത്തിൽ ഇന്നും തുടരുന്ന ജാതിവിവേചനങ്ങളെ പുരോഗമന കേരളം എന്ന ലേബൽ കൊണ്ട് മറച്ചുവയ്ക്കാതെ അഭിസംബോധന ചെയ്യാൻ ശ്രമിക്കുമ്പോൾ മാത്രമേ പ്രതിഷേധങ്ങളെ നീതിയുക്തമായ പരിഹാര നടപടികളിലേക്ക് നയിക്കാൻ കഴിയൂ.
■ ഇത്തരം ആക്രമണങ്ങളും വിവേചനങ്ങളും സ്വാശ്രയ കോളേജുകളിലാണോ പൊതു വിദ്യാഭ്യാസരംഗത്താണോ കൂടുതലായി നടക്കുന്നത്?
സ്വാശ്രയ രംഗവും പൊതുവിദ്യാഭ്യാസ രംഗവും സവിശേഷമായി നാം പഠിക്കേണ്ടതുണ്ട്. സ്വാശ്രയ വിദ്യാഭ്യാസ രംഗം സമ്പൂർണമായി ദളിതരെയും ആദിവാസികളെയും അധികാരസ്ഥാനത്തുനിന്ന് പുറന്തള്ളിക്കൊണ്ടാണ് നിലനിൽക്കുന്നത്. ലക്ഷക്കണക്കിന് ഫീസു വാങ്ങുന്ന സ്വാശ്രയ സ്ഥാപനത്തിൽ സംവരണം വഴി അഡ്മിഷൻ നേടുന്ന വിദ്യാർത്ഥിയോട് കടുത്ത അസഹിഷ്ണുതയാണ് നിലനിൽക്കുന്നത്. കൃത്യമായി ഇ ഗ്രാന്റും സ്കോളർഷിപ്പും മറ്റും ലഭ്യമാവാതെ വരുന്നത് ദളിത് ആദിവാസി വിദ്യാർത്ഥികൾ അനുഭവിക്കുന്ന വിവേചനം ഇരട്ടിയാക്കുന്നു. സ്വാശ്രയ വിദ്യാഭ്യാസ മേഖല ഒരു ‘നാഥനില്ലാ കളരി’യാണെന്നാണ് അഞ്ചരക്കണ്ടി ദന്തൽ കോളേജിലെ സംഭവവികാസങ്ങൾ തെളിയിക്കുന്നത്. കഴിഞ്ഞ കുറേ കാലങ്ങളായി വിവേചനങ്ങളും ഹിംസകളും ഒരു തുടർക്കഥയായിട്ടും ഇതൊന്നും ഇല്ലാതാക്കുന്നതിനും വിദ്യാർത്ഥികളുടെ പ്രശ്നങ്ങൾ പരിഹരിക്കുന്നതിനുമുള്ള ഒരു സിസ്റ്റം സ്വാശ്രയവിദ്യാഭ്യാസ മേഖലയിൽ പ്രവർത്തനക്ഷമമല്ലെന്നാണ് വിദ്യാർത്ഥികൾ നേരിടുന്ന പീഡനങ്ങൾ തെളിയിക്കുന്നത്. സ്വാശ്രയ കോളേജുകളിൽ വിദ്യാർത്ഥി രാഷ്ട്രീയ പ്രസ്ഥാനങ്ങൾ ഇല്ല എന്നതാണ് ഇതിനെല്ലാം കാരണം എന്ന ലഘുയുക്തിയിലേക്ക് കാര്യങ്ങൾ ചുരുക്കിക്കെട്ടാൻ പാടില്ലാത്തതാണ്. വിദ്യാർത്ഥി രാഷ്ട്രീയം നിലനിന്ന ഒരു കലാലയത്തിൽ തന്നെയാണ് സിദ്ധാർത്ഥ് ക്രൂരമായി കൊലചെയ്യപ്പെട്ടത്. വിദ്യാർത്ഥി രാഷ്ട്രീയ പ്രസ്ഥാനങ്ങൾ ജാതിവിവേചനങ്ങളെ അഭിസംബോധന ചെയ്യാനുള്ള കരുത്തുകാണിക്കുക എന്നത് പ്രധാനമാണ്.
പൊതുവിദ്യാഭ്യാസ രംഗത്തും ജാതിവിവേചനങ്ങളും ആക്രമണങ്ങളും നടക്കുന്നുണ്ട്. ആലപ്പുഴയിൽ ഒരു സ്കൂൾ പ്രഥമാധ്യാപിക ദളിത് വിദ്യാർത്ഥിയെ ജാതീയമായി ആക്ഷേപിച്ചത് വാർത്തയായിരുന്നു. കൊല്ലത്ത് ഒരു ദളിത് വിദ്യാർത്ഥിനി ചുണ്ടിൽ ലിപ്-സ്റ്റിക് ഇട്ടതിന്റെ പേരിൽ അധ്യാപകർ ക്രൂരമായി അപമാനിക്കുകയും അന്നു രാത്രി തന്നെ ആ വിദ്യാർത്ഥിനി ആത്മഹത്യ ചെയ്യുകയും ചെയ്തു. ഇത്തരം നൂറുകണക്കിന് സംഭവങ്ങൾ കേരളത്തിൽ അരങ്ങേറുന്നുണ്ട്. കോട്ടയത്ത് ഒരു ഹയർസെക്കൻഡറി സ്കൂളിൽ ദളിത് വിദ്യാർത്ഥിയെ പ്ലസ് വൺ പരീക്ഷ എഴുതാനനുവദിക്കാതെ ഉപദ്രവിച്ച സംഭവത്തിൽ പൊതുവിദ്യാഭ്യാസ വകുപ്പ് മന്ത്രി വി. ശിവൻകുട്ടി നേരിട്ട് ഇടപെട്ടാണ് പരീക്ഷ എഴുതാൻ ഉത്തരവിട്ടത്. ജാതീയ മുൻവിധികളും ഇത് ആധാരമാക്കിയുള്ള ആക്രമണങ്ങളും വിവേചനങ്ങളും പൊതുവിദ്യാഭ്യാസ സ്ഥാപനങ്ങളിലും സജീവമാണെന്നാണ് നിരവധി സംഭവങ്ങൾ തെളിയിക്കുന്നത്.കേരളത്തിലെ എയ്ഡഡ് വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ സ്റ്റാഫ് റൂമുകളാകട്ടെ ദളിതരെയും ആദിവാസികളെയും പൂർണമായും പുറന്തള്ളിക്കൊണ്ടാണ് നിലനിൽക്കുന്നതും. അതുകൊണ്ടുതന്നെ എവിടെയാണ് വിവേചനം “കൂടുതൽ’ എന്ന അളക്കലിൽ പ്രത്യേകിച്ച് കാര്യമൊന്നുമില്ല.
■ കേരളത്തിലെ പട്ടികവിഭാഗങ്ങളുടെ വിദ്യാഭ്യാസ പുരോഗതിയെ എങ്ങനെ വിലയിരുത്തുന്നു? ആ പുരോഗതിക്ക് തടസ്സം നിൽക്കുന്ന ഘടകങ്ങൾ എന്തൊക്കെയാണ്?
കേരളത്തിലെ പട്ടികജാതി വിഭാഗങ്ങൾ വിദ്യാഭ്യാസത്തിൽ വലിയ മുന്നേറ്റം നടത്തിയിട്ടുണ്ട്. എന്നാൽ പട്ടികജാതി വിഭാഗങ്ങൾക്ക് ഇതര സമുദായങ്ങളെ അപേക്ഷിച്ച് വിദ്യാഭ്യാസ സ്ഥാപനങ്ങൾ പടുത്തുയർത്താൻ കഴിഞ്ഞിട്ടില്ല. സിസ്റ്റത്തിന്റെ ജനാധിപത്യവൽക്കരണത്തിലൂടെയും അധികാരികളുടെ ജനാധിപത്യ അവബോധത്തിലൂടെയും പരിഹരിക്കപ്പെടേണ്ട വിഷയമാണിത്. തിരുവിതാംകൂർ ദേവസ്വം ബോർഡിന്റെ വിദ്യാഭ്യാസ സ്ഥാപനങ്ങളിൽപോലും അധ്യാപന നിയമനങ്ങളിൽ ദളിത് ആദിവാസി പ്രാതിനിധ്യമില്ല. ഇത് ഉന്നതവിദ്യാഭ്യാസം നേടിയ ദളിത് ജനതയെ പുറന്തള്ളലും ഹിംസയുമാണ്. സ്വകാര്യ സ്ഥാപനങ്ങളിലെ ജാതീയ മുൻവിധികളും വർണവെറിയും ദളിത് ഉദ്യോഗാർത്ഥികളെ നിരന്തരം തഴയുന്നു.
ആദിവാസികളെ ഒരൊറ്റ ജനതയായി പരിഗണിക്കുമ്പോഴും ചില ഗോത്ര വിഭാഗങ്ങൾക്ക് ഇന്നും വിദ്യാഭ്യാസത്തിലേക്ക് കടന്നുവരാൻ കഴിഞ്ഞിട്ടില്ല എന്നത് യാഥാർത്ഥ്യമാണ്. ദളിതരെയും ആദിവാസികളെയും വികസന വസ്തുക്കളായി കാണുന്ന ഭരണകൂടത്തിന്റെ സമീപനം തിരുത്തപ്പെടേണ്ടതാണ്. കേരളത്തിൽ ഇന്നും തുടരുന്ന ജാതീയമായ സാമൂഹിക–രാഷ്ട്രീയ–സാംസ്കാരിക മുൻവിധികളും ജാതി മൂല്യബോധങ്ങളും പട്ടിക വിഭാഗങ്ങളുടെ പുരോഗതിക്ക് തടസമായി തുടരുകയാണ്. ചുരുക്കത്തിൽ അയ്യങ്കാളി സ്വപ്നം കണ്ട പത്ത് ബി.എ ക്കാർക്ക് പകരം ആയിരക്കണക്കിന് ബി.എക്കാർ ഉണ്ടായിട്ടും അവരെ ഉൾക്കൊള്ളുന്ന ഒരു വികസന സമ്പദ്-വ്യവസ്ഥ കേരളത്തിൽ സൃഷ്ടിക്കപ്പെട്ടില്ല.
■ ജാതി വിവേചനം ഇല്ലാതാക്കുന്നതിന്, സർവകലാശാലകളെ ജനാധിപത്യവൽക്കരിക്കുന്നതിന് എന്ത് നടപടികളാണ് സ്വീകരിക്കേണ്ടത്?
ജാതി വിവേചനം ഇല്ലാതാക്കുന്നതിന് നിരവധി നടപടികൾ സ്വീകരിക്കേണ്ടതായി വരും. ജാതിഹിംസാ വ്യവസ്ഥ ഇല്ലാതാവാൻ ഇനിയും ആയിരത്താണ്ടുകൾ വേണ്ടി വന്നേക്കാം എന്ന് അനിഹിലേഷൻ ഓഫ് കാസ്റ്റ് എന്ന കൃതിയിൽ ഡോ. ബി.ആർ. അംബേദ്കർ നിരീക്ഷിക്കുന്നുണ്ട്. നൂറ്റാണ്ടുകൾകൊണ്ട് രൂപപ്പെട്ടു വന്ന മൂല്യവ്യവസ്ഥയെ ഇല്ലാതാക്കാൻ അതിസൂക്ഷ്മമായ രാഷ്ട്രീയ–സാംസ്കാരിക കാര്യപരിപാടികൾ ആവശ്യമുണ്ട്. ജാതിക്കുള്ളിൽ വിവാഹ ജീവിതം നയിക്കുന്ന വ്യവസ്ഥ ജാതിയെ താങ്ങിനിർത്തുന്ന ഒന്നാണ്. ഈ വ്യവസ്ഥയിൽ തൊടാൻ കഴിയാത്ത കാലത്തോളം ജാതിവിവേചനം പല രൂപത്തിലും ഭാവത്തിലും തുടരാനാണ് ഇടവരുത്തുക. ഇരിങ്ങാലക്കുട കൂടൽമാണിക്യം ക്ഷേത്രത്തിൽ ഈഴവൻ കഴകക്കാരനായി വന്നതിന്റെ പേരിൽ ആറ് തന്ത്രിമാരാണ് പൂജകൾ ബഹിഷ്കരിച്ചത്. പ്രബുദ്ധരെന്ന് മേനി നടിക്കുന്ന മലയാളികൾ കൊണ്ടുനടക്കുന്ന ജാതിബോധത്തെപ്പറ്റി പറയാൻ തുടങ്ങിയാൽ പേജുകൾ മതിയാവില്ല. അധികാരത്തിലിരിക്കുന്ന മുഖ്യമന്ത്രിയെ പോലും ജാതീയമായി അധിക്ഷേപിച്ച നാടാണ് കേരളം. ഇത്തരം വിവേചനങ്ങൾ ഇല്ലാതാക്കുന്നതിന് ആദ്യമായി നിയമങ്ങൾ കർശനമായി നടപ്പിലാക്കണം. നിർഭാഗ്യവശാൽ ദളിതർക്കും ആദിവാസികൾക്കുമെതിരായ ആക്രമണങ്ങളെ തടയാൻ SC/ST അട്രോസിറ്റീസ് ആക്ട് കർശനമായി നടപ്പിലാക്കുന്നതിൽ അധികാരികൾ വിട്ടുവീഴ്ച ചെയ്യുകയാണ് പതിവ്. കണ്ണൂരിൽ നിധിൻ രാജിന്റെ സ്ഥാപനപരമായ കൊലയിലും മരണം നടന്ന് പത്തു ദിവസം കഴിഞ്ഞിട്ടും പ്രതികളെ അറസ്റ്റു ചെയ്തില്ല എന്നോർക്കണം. വിവേചനങ്ങൾ തടയുന്നതിനുള്ള നിയമങ്ങൾ കാര്യക്ഷമമായി നടപ്പിലാക്കാത്ത അവസ്ഥ വിവേചനങ്ങൾ വർദ്ധിക്കുന്നതിന് ഒരു കാരണമായി ഭവിക്കുന്നു.
■ ഇത്തരം വിവേചനങ്ങളെ ഒരു പരിധിവരെയെങ്കിലും തടയുന്നതിന് രോഹിത് വെമുല നിയമം പോലുള്ള നിയമങ്ങൾ നടപ്പാക്കുന്നതിൽ കേന്ദ്രസർക്കാർ വിമുഖത കാണിക്കുന്നത് എന്തുകൊണ്ടാണ്?
കർണാടക സർക്കാർ അംഗീകരിച്ച രോഹിത് വെമുല ആക്ടിൽ ജാതിവിവേചനമോ പീഡനമോ നടത്തുന്ന സ്ഥാപനങ്ങൾക്കുമേൽ പത്തു ലക്ഷം രൂപ വരെ പിഴ ചുമത്താൻ വ്യവസ്ഥയുണ്ട്. ദളിത് – ആദിവാസി വിദ്യാർത്ഥികൾക്ക് പ്രവേശനം നിഷേധിക്കുക, സ്കോളർഷിപ്പുകൾ അനാവശ്യമായി തടയുക, ജാതീയമായി അധിക്ഷേപിക്കുക, ഹോസ്റ്റൽ സൗകര്യങ്ങൾ നിഷേധിക്കുക, അക്കാദമിക പ്രവർത്തനങ്ങളിൽനിന്ന് മാറ്റിനിർത്തുക എന്നിവയെയെല്ലാം വിവേചനത്തിന്റെ പരിധിയിലാണ് രോഹിത് വെമുല ആക്ട് കാണുന്നത്. എല്ലാ കോളേജുകളിലും സർവകലാശാലകളിലും ഒരു ഇക്വിറ്റി കമ്മിറ്റി രൂപീകരിക്കാൻ ആക്ട് നിർദ്ദേശിക്കുന്നു. ദളിത് – ആദിവാസി വിദ്യാർത്ഥികൾക്ക് എതിരായ അതിക്രമങ്ങൾ തടയാൻ ഈ നിയമം ഉപകരിക്കപ്പെടും. 2026 ൽ യുജിസി കൊണ്ടുവന്ന ഇക്വിറ്റി റെഗുലേഷന് എതിരായി ഡൽഹിയിൽ സവർണ സംഘടനകളുടെ വലിയ പ്രതിഷേധമാണുണ്ടായത്. ‘ബ്രാഹ്മൺവാദ് സിന്ദാബാദ്’ എന്ന മുദ്രാവാക്യം യുജിസിയുടെ ഇക്വിറ്റി റെഗുലേഷന് എതിരായി ഡൽഹിയിൽ ഉയർന്നു. സവർണ സംഘങ്ങളുടെ പ്രതിഷേധത്തെ തുടർന്ന് സുപ്രീം കോടതി യുജിസിയുടെ ഇക്വിറ്റി റെഗുലേഷൻ സ്റ്റേ ചെയ്തു. ഹിന്ദുത്വരാഷ്ട്രീയത്തിന്റെ ഊടും പാവും ജാതി വ്യവസ്ഥയിൽ നിലീനമായതിനാൽ ദളിത് – ആദിവാസി പീഡനങ്ങളെ തടയുന്ന നിയമങ്ങൾ ഹിന്ദുത്വ സർക്കാർ നിർമിക്കുമെന്ന് പ്രത്യാശിക്കാൻ വകയില്ലല്ലോ. l
‘‘ജനാധിപത്യ വിശ്വാസികളുടെ
കൂട്ടായ പോരാട്ടങ്ങളിലൂടെ മാത്രമേ
വിവേചനങ്ങളില്ലാത്ത സമൂഹത്തെ
സൃഷ്ടിക്കാനാവുകയുള്ളൂ’’
അനുശ്രീ കെ
■ അഞ്ചരക്കണ്ടി ഡെന്റൽ കോളേജിൽ ഉണ്ടായതുപോലെയുള്ള സംഭവങ്ങൾ കേരളത്തിൽ ഇതിനുമുൻപ് ഉണ്ടായിട്ടുണ്ടോ? ആക്രമണങ്ങൾ മാത്രമല്ല, വിവേചനങ്ങളും?
അഞ്ചരക്കണ്ടി ഡെന്റൽ കോളേജ് വിദ്യാർത്ഥി നിതിൻ രാജിന്റെ ആത്മഹത്യയും തുടർന്ന് പുറത്തേക്കുവരുന്ന വാർത്തകളും ഞെട്ടിക്കുന്നതാണ്.
ഇന്ത്യൻ സമൂഹത്തിന്റെ അടിസ്ഥാനപരമായ സവിശേഷതയായി ജാതി ഇപ്പോഴും നിലനിൽക്കുകയാണ്. അതുകൊണ്ടുതന്നെ രാജ്യത്തെ വിവിധ സർവ്വകലാശാലകളിൽ ജാതിവെറിയുടെ ഇരകളായി ആത്മഹത്യ ചെയ്യുന്ന വിദ്യാർത്ഥികളുടെ എണ്ണം വർധിക്കുകയാണ്. എന്നാൽ കേരളത്തിൽ അത്തരം സാഹചര്യങ്ങൾ പൊതുവെ ഉണ്ടാകാറില്ല എന്നത് നമ്മുടെ നാട് കഴിഞ്ഞകാലങ്ങളിൽ ഫ്യൂഡൽ ജാതി ബോധ്യങ്ങൾക്കെതിരെ നടത്തിയ എണ്ണമറ്റ പോരാട്ടങ്ങളുടെ ഉപോൽപ്പന്നമായി കാണേണ്ടതുണ്ട്. വിദ്യാഭ്യാസ മേഖലയിൽ സമഗ്ര പങ്കാളിത്തം ഉറപ്പുവരുത്താൻ കേരളത്തിലെ ഇ.എം.എസിന്റെ നേതൃത്വത്തിലുള്ള ആദ്യ ഗവൺമെന്റ് മുതൽ പ്രത്യേക ഇടപെടൽ നടത്തിയിട്ടുണ്ട്. പക്ഷേ അത്തരം സമീപനങ്ങളെ തഴയുന്ന തരത്തിലുള്ള പ്രതികരണങ്ങൾ അടുത്തകാലത്തായി കേരളത്തിൽ നിന്നും കേൾക്കാനാവുന്നു എന്നതും യഥാർഥ്യമാണ്. സർവകലാശാലകളിൽ ചാൻസലർ പദവി ഉപയോഗിച്ച് ഗവർണ്ണർ നടപ്പിലാക്കാൻ ശ്രമിക്കുന്ന പരിഷ്കരണങ്ങൾ, ചില വൈസ് ചാൻസലർമാർ മുഖേന വിദ്യാർത്ഥികളുടെ ജനാധിപത്യ അവകാശങ്ങളെ ഇല്ലാതാക്കാൻ നടത്തുന്ന ശ്രമങ്ങൾ ഒക്കെയും അത്തരം വിവേചനങ്ങൾക്ക് പിന്തുണ നൽകുന്നതാണ്. വിദ്യാർത്ഥികളുടെ സാമ്പത്തികവും സാമൂഹികവുമായ പിന്നോക്കാവസ്ഥയെ വിവേചനത്തിനുള്ള ആയുധമാക്കുന്ന പഠനരീതികളെ സർക്കാർ പൂർണ്ണമായി നീക്കംചെയ്യാൻ ശ്രമിക്കുമ്പോൾ തന്നെയാണ് മറുഭാഗത്ത് ഇത്തരം ഇടപെടലുകളും ദൗർഭാഗ്യവശാൽ ഉണ്ടാവുന്നത്. കേരളത്തിലെ ഗവേഷക വിദ്യാർത്ഥികളുൾപ്പടെ കഴിഞ്ഞ കാലങ്ങളിൽ അനുഭവിക്കേണ്ടി വന്ന ഇത്തരം മാനസിക പീഡനങ്ങളുടെ വാർത്ത പലപ്പോഴായി നാം ചർച്ച ചെയ്തതുമാണ്. അവ പൂർണ്ണമായും ഒഴിവാക്കേണ്ടത് ഒറ്റക്കെട്ടായ നമ്മുടെ ഉത്തരവാദിത്തമാണ്.
■ ഇത്തരം സംഭവങ്ങൾക്കെതിരെ അതാത് സമയങ്ങളിൽ ശക്തമായ പ്രതിഷേധം ഉയർന്നു എന്ന് കരുതുന്നുണ്ടോ? ഇല്ലെങ്കിൽ കാരണമെന്ത്?
ഇത്തരം വിഷയങ്ങളിൽ മറ്റ് സംസ്ഥാനങ്ങളെ അപേക്ഷിച്ച് അതാത് സമയം ശക്തമായ പ്രതിഷേധങ്ങൾ ഉയർത്തിക്കൊണ്ടുവരാൻ സാധിക്കാറുണ്ട്. എങ്കിലും തുടർച്ചയായ പ്രവർത്തനങ്ങളിലൂടെ ജാതിബോധത്തെ പൂർണ്ണമായി പിഴുതെറിയാൻ കഴിയേണ്ടതുണ്ട്. ഇന്നും കേരളത്തിൽ ജാതിവിവേചനത്തെപ്പറ്റി സംസാരിക്കുമ്പോൾ അതിലും രണ്ടു പക്ഷക്കാരുണ്ടാവുന്നു എന്നത് ദയനീയമാണ്. അപരവിദ്വേഷവും സങ്കുചിത കാഴ്ചപ്പാടുകളും വളർത്തിക്കൊണ്ടുവരുന്ന സംഘപരിവാർ രാഷ്ട്രീയത്തിന്റെ വളർച്ച കേരളത്തിൽ ശക്തിപ്പെടുത്തുന്ന ഈ വിവേചനത്തെ തിരിച്ചറിയേണ്ടതുണ്ട്. ജാതീയമായി ഭിന്നിപ്പിച്ച് മതപരമായി ഒന്നിപ്പിക്കാനുള്ള ശ്രമം നമ്മുടെ മതേതര മുന്നേറ്റങ്ങൾക്ക് വലിയ ആഘാതം സൃഷ്ടിക്കും. ഇന്ത്യയിൽ തന്നെ സംഘപരിവാറിന് ഏറ്റവും കൂടുതൽ ശാഖകളുള്ള നാടാണ് നമ്മുടേത്. കൂടാതെ പുതിയ വിദ്യാഭ്യാസനയവും (NEP) സർവ്വകലാശാലകളിൽ വൈസ് ചാൻസലർ നിയമനവും നടപ്പിലാക്കി ഇന്ത്യയൊട്ടാകെ വിദ്യാഭ്യാസ മേഖലയിൽ സംഘപരിവാർ ആഗ്രഹിക്കുന്ന പരിഷ്-കാരങ്ങൾ അടിച്ചേൽപ്പിക്കുകയാണ്. അവിടെ കേരളത്തിലെ ഇടതുപക്ഷ സർക്കാരും പുരോഗമന കാഴ്ചപ്പാട് ഉയർത്തുന്നവരും നടത്തുന്ന ചെറുത്തുനിൽപ്പിനെ തുടർച്ചയായി പിന്തുണയ്ക്കാതെ ഇത്തരം വിഷയങ്ങൾ വരുമ്പോൾ മാത്രം പ്രതിഷേധം രേഖപ്പെടുത്തുന്ന സമീപനം നാം ആഗ്രഹിക്കുന്ന മാറ്റം കൊണ്ടുവരില്ല.
■ ഇത്തരം ആക്രമണങ്ങളും വിവേചനങ്ങളും സ്വാശ്രയ കോളേജുകളിലാണോ പൊതു വിദ്യാഭ്യാസരംഗത്താണോ കൂടുതലായി നടക്കുന്നത്?
തീർച്ചയായും ക്യാമ്പസ് രാഷ്ട്രീയത്തിന് ഈ വിഷയങ്ങളിൽ നിർണ്ണായക സ്വാധീനം ചെലുത്താനാകും. വിദ്യാർത്ഥികളുടെ ജനാധിപത്യ ബോധ്യങ്ങളെ പരുവപ്പെടുത്തുന്നതിൽ ക്യാമ്പസുകൾ വഹിക്കുന്ന പങ്ക് ചെറുതല്ല. അവകാശബോധമുള്ള തലമുറയെ സൃഷ്ടിക്കുന്നതിനൊപ്പംതന്നെ നീതി നിഷേധത്തിനെതിരെ പ്രതിഷേധം ഉയർത്താൻ അവരെ സജ്ജരാക്കുവാൻ വിദ്യാർത്ഥി രാഷ്ട്രീയത്തിന് സാധിക്കും. അതുകൊണ്ടു തന്നെയാണ് ക്യാമ്പസ് രാഷ്ട്രീയത്തെ നിരോധിക്കാൻ ഒരു വിഭാഗം പ്രത്യേക ഇടപെടൽ നടത്തുന്നത്. കേരളത്തിലെ നിലവിലെ ചാൻസലർ കൂടിയായ ഗവർണർതന്നെ അത്തരം പ്രവർത്തനങ്ങൾക്ക് നേതൃത്വം കൊടുക്കുന്നു എന്നതാണ് ഏറ്റവും അപലപനീയമായ കാര്യം. അരാഷ്ട്രീയമായ പുതുതലമുറയെ വളരെ എളുപ്പം തങ്ങളുടെ പ്രത്യയശാസ്ത്രത്തിന് വിധേയരാക്കാൻ നടത്തുന്ന സംഘപരിവാർ ശ്രമങ്ങൾ വിദ്യാഭ്യാസ മേഖലയിൽ വർധിക്കുകയാണ്. ഇത്തരം നീക്കങ്ങൾ പൊതുവിദ്യാഭ്യാസ രംഗത്തേക്കാൾ സ്വാശ്രയ കോളേജുകളിലാണ് കൂടുതലായി നടക്കുന്നത്. രജനി എസ് ആനന്ദ് മുതൽ നിരവധി വിദ്യാർത്ഥികളുടെ ആത്മഹത്യകൾ ഉദാഹരണമാണ്. എതിരഭിപ്രായങ്ങളെ അടിച്ചമർത്താൻ വിദ്യാഭ്യാസ മേഖലയെ അരാഷ്ട്രീയമാക്കുന്ന രീതി അഞ്ചരക്കണ്ടി മെഡിക്കൽ കോളേജിലും നാം കണ്ടതാണ്. അവിടേക്ക് പ്രതിഷേധ സമരവുമായി എത്തിച്ചേർന്ന എസ് എഫ് ഐ ദന്തൽ കോളേജിൽ യൂണിറ്റ് രൂപീകരിച്ചത് പ്രതീക്ഷ പകരുന്നതാണ്. സഹപാഠിയുടെ ആത്മഹത്യാ വാർത്ത നിസ്സഹായമായി കേട്ടുനിൽക്കേണ്ടിവന്ന വിദ്യാർത്ഥികൾ തങ്ങൾ അനുഭവിക്കേണ്ടി വന്ന വിവേചനങ്ങളും മാനസിക പീഡനങ്ങളും തുറന്നുപറയാനും പരാതിപ്പെടാനും നിതിൻ രാജിന്റെ വീട്ടിലേക്ക് പോകാനും ധൈര്യം കാണിച്ചത് ഇത്തരം രാഷ്ട്രീയ പിന്തുണയുടെ ഭാഗമായി തന്നെയാണ്.
■ കേരളത്തിലെ പട്ടികവിഭാഗങ്ങളുടെ വിദ്യാഭ്യാസ പുരോഗതിയെ എങ്ങനെ വിലയിരുത്തുന്നു? ആ പുരോഗതിക്ക് തടസ്സം നിൽക്കുന്ന ഘടകങ്ങൾ എന്തൊക്കെയാണ്?
കേരളത്തിലെ പട്ടിക വിഭാഗങ്ങളുടെ പുരോഗതിക്ക് സർക്കാർ പ്രത്യേക പദ്ധതികൾ ആസൂത്രണം ചെയ്യുന്നുണ്ട്. ഗുണനിലവാരമുള്ള വിദ്യാഭ്യാസം നൽകി പട്ടികജാതി പട്ടിക വർഗ വിദ്യാർഥികൾക്ക് വിദേശത്തടക്കം വിദ്യാഭ്യാസ സാധ്യത ഒരുക്കാനുള്ള ലക്ഷ്യമാണ് കേരളം മുന്നോട്ടുവയ്ക്കുന്നത്. എന്നാൽ പട്ടികജാതി പോസ്റ്റ്മെട്രിക് വിദ്യാർഥികൾക്കുള്ള സ്കോളർഷിപ്പ് പദ്ധതിയിലും ഇ ഗ്രാന്റ് സമ്പ്രദായത്തിലും കേന്ദ്ര സർക്കാർ കൊണ്ടുവന്ന പരിഷ്കാരം വിദ്യാർഥികളുടെ കൊഴിഞ്ഞുപോക്കിന് രാജ്യത്താകെ കാരണമാകുന്നുണ്ട്. പട്ടിക വിഭാഗങ്ങളുടെ സമഗ്ര വികസനം കേന്ദ്ര സംസ്ഥാന സർക്കാരുകൾ അടിയന്തര പ്രാധാന്യത്തോടെ നടപ്പിൽ വരുത്തേണ്ട ഒന്നാണ്.
■ ജാതി വിവേചനം ഇല്ലാതാക്കുന്നതിന്, സർവകലാശാലകളെ ജനാധിപത്യവൽക്കരിക്കുന്നതിന് എന്ത് നടപടികളാണ് സ്വീകരിക്കേണ്ടത്?
വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ ജനാധിപത്യ സ്വഭാവം ഉറപ്പുവരുത്തുക എന്നതു തന്നെയാണ് ഇത്തരം അനിഷ്ട സംഭവങ്ങളെ തടയാനുള്ള ഏറ്റവും പ്രധാനപ്പെട്ട ഉപാധി. വിദ്യാർത്ഥി സംഘടനകളുടെ ഭാഗത്തുനിന്നും ഉണ്ടാകുന്ന ചില പോരായ്മകളെ ഊതിവീർപ്പിച്ച് രാഷ്ട്രീയ പ്രവർത്തനമാകെ പ്രശ്നമാണെന്ന് ചിത്രീകരിക്കുന്നത് ശരിയല്ല. സമൂഹത്തിലെ എല്ലാ തെറ്റായ പ്രവണതകളോടും കലഹിക്കാനുള്ള വിദ്യാർത്ഥികളുടെ ഊർജത്തെ ശരിയായി വിനിയോഗിക്കാനുള്ള ഉത്തരവാദിത്തം വിദ്യാർത്ഥി സംഘടനകളുടേ താണ്. അതിന് അനുകൂലമായ സാഹചര്യം സ്കൂൾ തലം മുതൽ ഒരുക്കിക്കൊടുക്കുകയാണ് വേണ്ടത്.
■ ഇത്തരം വിവേചനങ്ങളെ ഒരു പരിധിവരെയെങ്കിലും തടയുന്നതിന് രോഹിത് വെമുല നിയമം പോലുള്ള നിയമങ്ങൾ നടപ്പാക്കുന്നതിൽ കേന്ദ്രസർക്കാർ വിമുഖത കാണിക്കുന്നത് എന്തുകൊണ്ടാണ്?
രോഹിത് വെമുലയുടെ ആത്മഹത്യയ്ക്ക് ഒരു ദശാബ്ദം പൂർത്തിയാകുമ്പോഴാണ് ജാതി വിവേചനത്തിന്റെ ഇരയായി വീണ്ടുമൊരു വിദ്യാർത്ഥി കൂടി ആത്മഹത്യ ചെയ്യുന്നത്. എന്റെ ജനനമാണ് എന്റെ തെറ്റ് എന്നാണ് രോഹിത് ആത്മഹത്യാക്കുറിപ്പിൽ എഴുതിയിരുന്നത്. നിതിൻ രാജിന്റെ ആത്മഹത്യയിൽ പ്രതിഷേധം ഇരമ്പുന്ന സമയത്തുതന്നെയാണ് നാം അംബേദ്കർ ജയന്തി ആചരിച്ചത് എന്നതും ദൗർഭാഗ്യകരമാണ്. രാജ്യത്താകെ വർധിച്ചുവരുന്ന വിവേചനങ്ങളെ ഫലപ്രദമായി തടുക്കാൻ കേന്ദ്ര സർക്കാർ സംവിധാനങ്ങൾ തയ്യാറല്ല എന്നതാണ് വസ്തുത. മണിപ്പൂരിൽ നിന്ന് ഉൾപ്പെടെ ഈ മണിക്കൂറുകളിൽ കേൾക്കുന്ന വാർത്തകൾ അങ്ങേയറ്റം ഭീതിപ്പെടുത്തുന്നതാണ്. വർഗ്ഗീയ കലാപങ്ങളും സംഘർഷങ്ങളും നിത്യ വാർത്തയാവുന്ന രാജ്യത്ത് പാർലമെന്റ് ഉൾപ്പെടെയുള്ള ജനാധിപത്യ വേദികളും കോടതിയും പോലും അവയ്ക്ക് പിന്തുണ നൽകുന്ന കാഴ്ച അങ്ങേയറ്റം നിരാശാജനകമാണ്.
■ കേരളത്തിൽ ഇനിയും സ്വീകരിക്കേണ്ട നടപടികൾ എന്തൊക്കെയാണ്? നിലവിൽ സ്വീകരിക്കുന്ന നടപടികൾ ശക്തമാക്കേണ്ടതുണ്ടോ?
ചരിത്ര ബോധമുള്ളതും ശാസ്ത്രചിന്തയ്ക്ക് പ്രാധാന്യം നൽകുന്നതുമായ ഒരു സമൂഹത്തെ വളർത്തിക്കൊണ്ടുവരേണ്ടത് ഇന്ന് ഏറ്റവും പ്രധാനമാണ്. അന്ധവിശ്വാസവും അനാചാരവും ഉൾപ്പെടെ ഒരുകാലത്ത് മനുഷ്യർ ജീവൻ നൽകി പോരാടി സമൂഹത്തിൽ നിന്ന് മായ്ച്ചുകളഞ്ഞ എല്ലാ നെറികേടുകളും തിരികെക്കൊണ്ടുവരാനാണ് ഒരു വിഭാഗം ശ്രമിക്കുന്നത്. സിലബസ് പരിഷ്കരണത്തിലൂടെ രാജ്യത്തിന്റെ പോരാട്ട ചരിത്രത്തെ തിരസ്കരിക്കുന്ന ഈ കൂട്ടരെ തുടർച്ചയായ പോരാട്ടങ്ങളിലൂടെ മാത്രമേ തടുക്കാനാവുള്ളു. കക്ഷി രാഷ്ട്രീയ ഭേദമന്യേ ജനാധിപത്യ വിശ്വാസികളുടെ കൂട്ടായ പോരാട്ടങ്ങളിലൂടെ മാത്രമേ വിവേചനങ്ങളില്ലാത്ത സമൂഹത്തെ നമുക്ക് സൃഷ്ടിക്കാനാവുകയുള്ളു. l



