Sunday, June 28, 2026

ad

Homeകവര്‍സ്റ്റോറിസൈബർ സുരക്ഷയോ 
സൈബർ പനോപ്റ്റിക്കോണോ?

സൈബർ സുരക്ഷയോ 
സൈബർ പനോപ്റ്റിക്കോണോ?

ല്ലാ മൊബൈൽ ഫോൺ നിർമ്മാതാക്കളും സഞ്ചാർ സാഥി ആപ്പ്‌ നിർബന്ധമായും പ്രീ-ഇൻസ്‌റ്റാൾ ചെയ്യണമെന്ന ഉത്തരവ്‌ സ്വകാര്യതയ്ക്കായുള്ള അവകാശങ്ങൾക്കുവേണ്ടി പോരാടുന്ന സംഘടനകളുടെയും ഉപയോക്താക്കളുടെയും മൊബൈൽ നിർമ്മാതാക്കളുടെയും യോജിച്ചുള്ള എതിർപ്പിനൊടുവിൽ പിൻവലിക്കാൻ കേന്ദ്രസർക്കാർ നിർബന്ധിതരായിരിക്കുകയാണ്‌. മോഷ്‌ടിക്കപ്പെടുകയോ നഷ്‌ടപ്പെടുകയോ ചെയ്‌ത ഫോണുകൾ ട്രാക്ക്‌ ചെയ്‌ത്‌ വീണ്ടെടുക്കാനെന്ന നിലയിൽ രൂപകൽപ്പന ചെയ്‌ത സഞ്ചാർ സാഥി ആപ്പ്‌, എന്നാൽ യഥാർഥത്തിൽ ഉപയോക്താക്കളെ നിരീക്ഷിക്കാനും അവർ ആരുമായി സംസാരിക്കുന്നു, ഫോണിലും ഇ–മെയിലിലും എന്തൊക്കെ സംഭരിച്ചിരിക്കുന്നു എന്നൊക്കെ അറിയാനും ഫോണിനെ ഉപകരണമാക്കുന്നു. കോളുകൾ, സന്ദേശങ്ങൾ, സ്റ്റോറേജ്‌ തുടങ്ങിയവയിലേയ്‌ക്ക്‌ പ്രവേശനം നൽകുന്ന, ഉപയോക്താവിന്‌ നീക്കംചെയ്യാൻ കഴിയാത്ത ഇ‍ൗ ആപ്പ്‌ സ്ഥിരമായ ഒരു രഹസ്യനിരീക്ഷണമായിരിക്കും നടത്തുകയെന്നാണ്‌ അഭിഭാഷകനും മുൻ സിവിൽ ജഡ്ജിയുമായ ഭരത് ചുഗ് പറയുന്നത്‌. ആപ്പിനെ ഒരു ‘ഓർവെല്ലിയൻ’ (‘നൈന്റീൻ എയ്റ്റി ഫോർ’ എന്ന നോവലിൽ ജോർജ്ജ്‌ ഓർവെൽ സർക്കാർ നിരീക്ഷണ സംവിധാനങ്ങളെക്കുറിച്ച്‌ പറഞ്ഞതിൽ നിന്ന്‌ പരിണമിച്ച വാക്ക്‌) എന്നാണ്‌ അദ്ദേഹം വിശേഷിപ്പിച്ചത്‌.

നഷ്‌ടപ്പെട്ടതും മോഷ്‌ടിക്കപ്പെട്ടതുമായ ഫോൺ വീണ്ടെടുക്കുക എന്ന സഞ്ചാർ സാഥിയുടെ യഥാർഥ ഉദ്ദേശ-്യം വളരെ ലളിതമാണ്‌. ഒരു മൊബൈലിൽ അതിന്റെ സിം നന്പറിൽ നിന്നും വ്യത്യസ്‌തമായ ഒരു ഡിവെെസ് നമ്പർ, അതായത് ഒരു അന്താരാഷ്ട്ര മൊബൈൽ എക്യുപ്മെന്റ് നന്പർ(ഐഎംഇഐ) ഉണ്ടായിരിക്കും. സിം , ഐഎംഇഐ നന്പരുകളാണ്‌ സഞ്ചാർ സാഥി ട്രാക്ക്‌ ചെയ്യുക. മൊബൈൽ നഷ്‌ടപ്പെടുകയോ മോഷ്‌ടിക്കപ്പെടുകയോ ചെയ്‌തുവെന്ന്‌ റിപ്പോർട്ട്‌ ചെയ്യപ്പെട്ടാലുടൻ ഇന്ത്യൻ ടെലികോം ശൃംഖലയിൽ പ്രസ്‌തുത ഐഎംഇഐ നന്പർ ബ്ലോക്ക്‌ ചെയ്യപ്പെടും. ഫോൺ വീണ്ടെടുത്ത്‌ ഉടമയ്ക്ക്‌ തിരികെ നൽകിയതിന്‌ ശേഷം മാത്രമേ ഐഎംഇഐ നന്പർ വീണ്ടും പ്രവർത്തനക്ഷമമാക‍ൂ.

സഞ്ചാർ സാഥിയുടെ ഇ‍ൗ ഉപയോഗത്തിനെതിരെ സ്വകാര്യ ഉപയോക്താക്കളിൽ നിന്നോ സ്വകാര്യതയ്‌ക്കുള്ള അവകാശങ്ങൾ സംരക്ഷിക്കാൻ പോരാടുന്ന സംഘടനകളിൽ നിന്നോ കടുത്ത എതിർപ്പുകളൊന്നും ഉയർന്നുവന്നിരുന്നില്ല. വളരെ വ്യക്തവും സൂക്ഷ്മവുമായ ഉദ്ദേശ-്യമായിരുന്നു ആപ്പിന്‌ പിന്നിലുണ്ടായിരുന്നത്‌. അത്‌ ഇൻസ്‌റ്റാൾ ചെയ്യുന്നതും ഉപയോഗിക്കുന്നതും ഉപയോക്താവ്‌ സ്വമേധയാ എടുക്കുന്ന തീരുമാനമായിരുന്നു. എന്നാൽ മോഷ്‌ടിക്കപ്പെട്ടതോ നഷ്‌ടപ്പെട്ടതോ ആയ ഫോൺ വീണ്ടെടുക്കുക എന്ന യഥാർഥ ഉദ്ദേശ-്യത്തിൽ നിന്ന്‌ മാറി, ആപ്പിനെ ഒരു പൂർണ്ണ നിരീക്ഷണ ഉപകരമാക്കി അതിന്റെ വ്യാപ്‌തി വർധിപ്പിച്ചിടത്താണ്‌ പ്രശ്‌നം ഉടലെടുത്തത്‌. ഫോണിലോ ഓൺലൈനിലോ ഉപയോക്താവ്‌ നടത്തുന്ന എല്ലാ പ്രവർത്തനങ്ങളും അതുവഴി നിരീക്ഷിക്കപ്പെടും. അവൻ/അവൾ നേരിട്ടോ അല്ലാതെയോ നടത്തുന്ന കൂടിക്കാഴ്‌ചകൾ, ഇന്റർനെറ്റ്‌ മുഖേന നടത്തുന്ന കൂടിക്കാഴ്‌ചകൾ തുടങ്ങിയവയെല്ലാം ആപ്പിലൂടെ നിരീക്ഷിക്കും. ആപ്പ്‌ ഷ‍ട്ട്‌ ഡ‍ൗൺ ചെയ്യാനോ തങ്ങളുടെ ഫോണിൽ നിന്ന്‌ നീക്കം ചെയ്യാനോ ഉപയോക്താക്കൾക്ക് കഴിയില്ല എന്നുള്ളതാണ്‌ ഏറ്റവും ഗ‍ൗരവതരം. മറ്റൊരു തരത്തിൽ പറഞ്ഞാൽ, നിർദ്ദിഷ്ട സഞ്ചാര്‍ സാഥി ആപ്പിന്റെ പങ്ക് നെറ്റ്‌വർക്കിൽ ഒരു മൊബൈൽ ഫോൺ കണ്ടെത്തുന്നതിൽനിന്നും,ഫോണിന്റെ സ്ഥാനം നിരീക്ഷിക്കുകയും, അതിനെ ശ്രവണ ഉപകരണമാക്കി വിവരങ്ങൾ സർക്കാർ അധികാരികൾക്ക് ഇഷ്ടാനുസരണം കൈമാറുകയും ചെയ്യുന്നതിലേയ്‌ക്ക്‌ മാറ്റുന്നു. വാട്ട്‌സ്ആപ്പ്, സിഗ്നൽ മുതലായ ഏത് ആപ്പുകളിലെയുമടക്കം ഫോണിലെ ഉപയോക്താവിന്റെ എല്ലാ ആശയവിനിമയങ്ങളും നിരീക്ഷിക്കാനും അത്‌ ആക്‌സസ് ചെയ്യാനും അധികൃതരെ ഇത് അനുവദിക്കുന്നു.

നിലവിലുള്ള പത്ത്‌ കേന്ദ്ര ഏജൻസികൾക്കും അതിനുപുറമെ സംസ്ഥാന പൊലീസ്‌ സേനകൾക്കും ഫോൺ സംഭാഷണങ്ങൾ ചോർത്താൻ സാധിക്കുമെങ്കിലും അതിനായി നിയമാനുസൃത നടപടിക്രമങ്ങൾ പൂർത്തിയാക്കുകയും കേന്ദ്ര–സംസ്ഥാന ആഭ്യന്തര സെക്രട്ടറിമാരുടെ അനുമതി വാങ്ങുകയും വേണം. അതുകൊണ്ട്, രാഷ്ട്രീയ പകപോക്കൽ ഉൾപ്പെടെയുള്ള ഏത് കാരണത്താലും ആരെയും എപ്പോഴും നിരീക്ഷണത്തിൽ സൂക്ഷിക്കാം. എന്നാൽ, വ്യക്തികൾ ഫോൺ മുഖേന നടത്തുന്ന സംഭാഷണങ്ങൾ ചോർത്തുന്നതിനും അപ്പുറത്തേയ്‌ക്കുള്ള കാര്യങ്ങളാണ്‌ പുതിയ സഞ്ചാർ സാഥി മുന്നോട്ടുവെച്ചത്‌. ക്യാമറ, മൈക്രോഫോൺ, ജിപിഎസ്‌ ലൊക്കേഷൻ , സമീപത്തുള്ള മറ്റ് ഫോണുകളുടെ സാന്നിധ്യം എന്നിവ വഴി ഒരു മൊബൈലിനെ ചോർത്തുകയും അതുവഴി എല്ലാ ഫോൺ ഉപയോക്താക്കളിലും സർക്കാരിന്റെ ‘എല്ലാം കാണുന്ന കണ്ണ് ’ സംജാതമാക്കുകയും ചെയ്യാവുന്ന രീതിയിലാണ് സഞ്ചാർ സാഥി വിഭാവനം ചെയ്‌തിരിക്കുന്നത്‌. നിർമാതാക്കൾ മുൻകൂട്ടി ലോഡ്‌ ചെയ്യുന്നതിനാൽ ആപ്പിന്‌ ഉപയോക്താക്കളുടെ സമ്മതം തേടേണ്ടതുമില്ല.

‘പനോപ്റ്റിക്കോൺ’(തടവുകാരെ അവരറിയാതെ നിരീക്ഷിക്കുന്ന വൃത്താകൃത ജയിൽ) എന്ന ആശയം അവതരിപ്പിച്ച ജെർമി ബെന്താം, തടവുകാരെ നിരീക്ഷിക്കുന്നതിനും അതുവഴി അച്ചടക്കം ഉറപ്പാക്കാനുള്ള ഉപകരണമായാണ്‌ അതിനെ കണക്കാക്കുന്നത്‌. പനോപ്റ്റിക്കോൺ എന്ന അദ്ദേഹത്തിന്റെ ആശയം വാസ്തുവിദ്യാപരമായ ഒരു ആശയമായിരുന്നു: തടവുകാർ എപ്പോഴും കാവൽക്കാരുടെ നിരീക്ഷണത്തിലായിരിക്കാൻ ഒരു ജയിൽ എങ്ങനെ നിർമ്മിക്കാൻ കഴിയുമെന്നതായിരുന്നു അത്‌. രസകരമെന്നു പറയട്ടെ, ഇന്ന് മിക്ക ജയിലുകളിലും ക്യാമറകളുണ്ട്, വിചാരണത്തടവുകാർ പോലും നിരന്തര ക്യാമറ നിരീക്ഷണത്തിലാണ്. അതായത് ബെന്താമിന്റെ ‘പനോപ്റ്റിക്കോൺ’ സാധ്യമാക്കിയത് വാസ്തുവിദ്യയിലൂടെയല്ല, മറിച്ച് ആധുനിക നിരീക്ഷണ ഉപകരണങ്ങളുടെ പുരോഗതിയിലൂടെയാണ്.

അപ്പോൾ, നിലവിലുള്ള സഞ്ചാര്‍ സാഥി ആപ്പ് എന്തൊക്കെയാണ്‌ ചെയ്യുന്നത്, ടെലികോം വകുപ്പ്‌(ഡിഒറ്റി) നിർദേശിച്ചതും എന്നാൽ പൊതുജന സമ്മർദ്ദത്തെത്തുടർന്ന് പിൻവലിക്കേണ്ടി വന്ന പുതിയ പ്രവർത്തനങ്ങൾ എന്തൊക്കെയാണ്‌?. ‘ആപ്പും സഞ്ചാർ സാഥി വെബ്‌സൈറ്റും ഉപയോഗിച്ച് നിങ്ങളുടെ പേരിൽ ആരൊക്കെ മൊബൈൽ നമ്പർ ഉപയോഗിക്കുന്നുണ്ടെന്നും അല്ലെങ്കിൽ നിങ്ങൾ ഉപയോഗിക്കുന്ന ഹാൻഡ്‌സെറ്റ് യഥാർഥമാണോ അല്ലയോ എന്നു നിങ്ങൾക്ക് അറിയാൻ കഴിയും’ എന്നാണ് ദ്‌ വയറിനു നൽകിയ അഭിമുഖത്തിൽ അപർ ഗുപ്ത പറയുന്നത്. ‘‘നിങ്ങൾക്ക് വിൽക്കുന്ന ഹാൻഡ്‌സെറ്റിലെ യുണീക്ക് ഐഡന്റിഫയറായ ഐഎംഇഐ നമ്പർ, സഞ്ചാർ സാഥി വെബ്‌സൈറ്റിലുള്ള യഥാർത്ഥ ഹാൻഡ്‌സെറ്റുമായി പൊരുത്തപ്പെടുന്നുണ്ടോ, മറിച്ചാണെങ്കിൽ, നമ്മൾ ഇന്ത്യക്കാർ പറയുന്നതുപോലെ ഒരു “ഡ്യൂപ്ലിക്കേറ്റ്’ ആണത്‌.

നമ്മുടെ ഫോണുകളിലെ ക്യാമറ, മൈക്രോഫോണുകൾ, ലൊക്കേഷൻ എന്നിവയെയെല്ലാം നമ്മളെ തന്നെ നിരീക്ഷിക്കാനുള്ള ഉപകരണങ്ങളാക്കി മാറ്റുക എന്നാതായിരുന്നു പുതിയ സഞ്ചാര്‍ സാഥിയുടെ നിർദ്ദിഷ്‌ട ലക്ഷ്യം. മൊബൈൽ ഫോൺ നമുക്കറിയാവുന്നത്‌ പോലെ വിവിധോപയോഗക്ഷമതയുള്ള ഒന്നാണ്‌. ക്യാമറയായും മൈക്രോഫോണായും പ്രവർത്തിക്കുകയും, കൂടാതെ ജിപിഎസ്‌ ഉപയോഗിച്ച് സ്വയം ട്രാക്ക് ചെയ്യാനും അതിന് സാധിക്കും. സഞ്ചാർ സാഥി ആപ്പ്, ഫോണിലെ ഏത് ഡാറ്റയും ആക്‌സസ് ചെയ്യുന്നതിനുള്ള എല്ലാ അനുമതികളും ആക്‌സസ് ചെയ്യാൻ ആപ്പിനെ അനുവദിക്കും. മീഡിയനാമ എഴുതുന്നു, ‘‘കോൺടാക്റ്റുകളിലേക്കുള്ള ആക്‌സസ്, ഓഡിയോ, കോൾ ഡാറ്റ, സ്റ്റോറേജ് പരിഷ്‌ക്കരണം എന്നിവയുൾപ്പെടെ ക്രമാതീതമായ അനുമതി ആപ്പ് അഭ്യർഥിക്കുന്നു. ഈ അനുമതികൾ ഉപകരണത്തിലെ ഫയലുകൾ ഇൻസ്റ്റാൾ ചെയ്യാനോ ഇല്ലാതാക്കാനോ ആപ്പിനെ അനുവദിച്ചേക്കാം, ആപ്പിന് ഈ അനുമതികൾ എന്തുകൊണ്ട് ആവശ്യമാണെന്ന് ഡെവലപ്പർമാർ വിശദീകരിക്കുന്നുമില്ല’. ഫോൺ നിർമ്മാതാക്കൾ ഇൻസ്‌റ്റാൾ ചെയ്യണമെന്ന്‌ ആവശ്യപ്പെടുന്നതിലൂടെ ഉപയോക്താവ്‌ നൽകേണ്ട സമ്മതത്തെ വളഞ്ഞ വഴിയിൽ മറികടക്കുന്നു. യൂസർ ഏജൻസി ഇല്ലാതാക്കുന്നു , മാത്രവുമല്ല, ഉപഭോക്താവിന്‌ താൽക്കാലികമായി പോലും ഇത് ഒഴിവാക്കാനോ ഓഫാക്കാനോ കഴിയാത്തതിനാൽ, ആപ്പ് ഫലപ്രദമായി ഉപയോക്താവിനെ തുടർച്ചയായി നിരീക്ഷിക്കാനും അത്തരം ഡാറ്റ സഞ്ചാർ സാഥി വെബ്‌സൈറ്റിലേക്ക് തിരികെ അയയ്ക്കാനും മൊബൈൽ ഫോണിനെ നിർബന്ധിക്കുന്നു. നിങ്ങളുടെ ഫോണിൽ ഇൻസ്‌റ്റാൾ ചെയ്യപ്പെട്ട ആപ്പിനെ നിങ്ങളെ നിരീക്ഷിക്കാനും ഈ വിവരങ്ങളെല്ലാം സർക്കാരിനെ അറിയിക്കാനും അനുവദിക്കുന്നു.

2025 നവംബർ 21-ന് മൊബൈൽ നിർമ്മാതാക്കൾക്ക് നൽകിയ നിർദ്ദേശം ‘റോയിട്ടേഴ്‌സ്’ റിപ്പോർട്ട് കാരണമാണ്‌ പുറംലോകമറിഞ്ഞത്‌. 2025 ഡിസംബർ 1-ന് റോയിട്ടേഴ്‌സ് വാർത്ത റിപ്പോർട്ട് ചെയ്തു. സർക്കാരിനു മാത്രമറിയാവുന്ന കാരണങ്ങളാൽ, ചട്ടത്തിലെ ഇത്തരമൊരു സുപ്രധാന മാറ്റം പൊതുജനാഭിപ്രായത്തിന്‌ വിടുകയോ പാർലമെന്റിൽ വെളിപ്പെടുത്തുകയോ ചെയ്‌തില്ല. ഉപയോക്താക്കളുടെ അവകാശങ്ങളെ ബാധിക്കുന്ന തരത്തിൽ നിയമങ്ങളിൽ ഇത്രയും മൂർത്തമായ മാറ്റങ്ങൾ സർക്കാരുകൾക്ക് ഇത്ര ഗൂഢമായി വരുത്താൻ കഴിയുമോ എന്ന് ഇപ്പോൾ നാം ചർച്ച ചെയ്യുന്നില്ല. ആപ്പ്‌ പ്രീ ഇൻസ്‌റ്റാൾ ചെയ്യുന്നതിനെ ആപ്പിൾ, സാംസങ്‌ തുടങ്ങിയ നിർമ്മാതാക്കൾ എതിർത്തപ്പോഴാണ്‌ വിഷയം പൊതുജന ശ്രദ്ധയിലെത്തിയത്‌.

എന്തുകൊണ്ടാണ്‌ ആപ്പിനെ മൊബൈൽ നിർമ്മാതാക്കൾ എതിർക്കുന്നത്‌? പ്രധാനമായും രണ്ടുപ്രശ്‌നങ്ങളാണ്‌ അവർ ഉന്നയിച്ചത്‌. ഒന്ന്‌, ഗണ്യമായ തോതിൽ അത്‌ ഫോണിന്റെ പെർഫോർമൻസിനെ കുറയ്ക്കുകയും ഉപകരണത്തിനുമേൽ ഒരു പിൻവാതിൽ നിയന്ത്രണം ഉണ്ടാകുമെന്നതുകൊണ്ട് തന്ന അത് ഫോണിൽ ധാരാളം സുരക്ഷാവീഴ്ചകൾ ഉണ്ടാക്കുകയും ചെയ്യും എന്നുള്ളതായിരുന്നു. രണ്ടാമത്, സുരക്ഷാ പ്രത്യാഘാതങ്ങൾ, ഡാറ്റ തുടർച്ചയായി അയയ്ക്കാൻ ആവശ്യമായ ബാൻഡ്‌വിഡ്ത്ത്‌, വെബ്‌സൈറ്റിലേക്ക് ആപ്പ് ഡാറ്റ തിരികെ അയയ്ക്കുന്നതുമൂലമുള്ള പെർഫോർമൻസ് നഷ്‌ടം അല്ലെങ്കിൽ പെർഫോർമൻസിനെ മോശമാക്കുന്ന ബാറ്ററി ചോർച്ച തുടങ്ങിയിങ്ങോട്ട് ആപ്പിന്റെ പ്രായോഗികതയെ സംബന്ധിച്ച്‌ സർക്കാർ നിർദേശത്തിൽ ഒന്നും പരാമർശിച്ചിരുന്നില്ല.

മുകളിൽ പറഞ്ഞ പ്രശ്‌നങ്ങൾ വളരെ ഗ‍ൗരവമേറിയതാണെങ്കിലും , നമ്മുടെ ടെലികോം സംവിധാനത്തിന്റെ ഘടനയിലെ ഇത്ര വലിയൊരു മാറ്റം പാർലമെന്റിൽ ഒരു ചർച്ചപോലും നടത്താതെയും, ബാഹ്യ പരിശോധനകൾ സാധ്യമാക്കുംവിധമുള്ള ചട്ടനിർമാണാധികാരങ്ങൾക്ക്‌ വിട്ടുകൊടുക്കാതെയും നടപ്പിലാക്കാൻ ശ്രമിച്ചു എന്നതാണ് അതിലും പ്രധാനം. ഇന്ത്യയിൽ മൊബൈൽ ഫോണുകൾ നിർമ്മിക്കുകയോ വിൽക്കുകയോ ചെയ്യുന്ന എല്ലാ മൊബൈൽ നിർമ്മാതാക്കൾക്കുമുള്ള മന്ത്രാലയത്തിന്റെ കേവലമൊരു നിർദ്ദേശം മാത്രമായിരുന്നു നൽകിയത്‌. ‘വിശാല അനുമതികൾ ആവശ്യമായി വരുന്നത്‌ കണക്കിലെടുക്കുന്പോൾ പ്രീ–-ഇൻസ്റ്റാൾ ചെയ്ത ആപ്പുകൾക്ക് കൂടുതൽ അപകടസാധ്യതകൾ ഉണ്ടാകാം’ എന്നാണ്‌ ഇന്റർനെറ്റ്‌ , ടെലികോം നിയമങ്ങൾ കൈകാര്യം ചെയ്യുന്ന, അന്താരാഷ്ട്രതലത്തിൽ അറിയപ്പെടുന്ന അഭിഭാഷകയായ മിഷി ചൗധരി അഭിപ്രായപ്പെട്ടത്‌. ‘‘സർക്കാർ നീക്കം വളരെ ആശങ്കാജനകമാണെന്നും വാങ്ങുന്ന ഉപകരണത്തിനുമേൽ ഉപയോക്താവിനുള്ള സ്വയംനിർണയാവകാശവും, സർക്കാർ അടിച്ചേൽപ്പിക്കുന്ന സുരക്ഷയും തമ്മിലുള്ള സന്തുലനത്തെ പരിപൂർണ്ണമായി മാറ്റിമറിക്കുന്നു’’വെന്നും അവർ തുടർന്നു പറയുന്നു.

പൊതുജന പ്രതിഷേധവും ഫോൺ നിർമ്മാതാക്കളുടെ സമ്മർദ്ദവും നിർദേശം പിൻവലിക്കാൻ നിർബന്ധിക്കുന്നതിലേക്ക് സർക്കാരിനെ നയിച്ചു. എന്നിരുന്നാലും , മൊബൈൽ നിർമ്മാതാക്കളുടെ സഹകരണത്തോടെ, നമ്മുടെ ഫോണുകളെ നിരീക്ഷണ ഉപകരണങ്ങളാക്കാനുള്ള ശ്രമം താൽക്കാലികമായി മാറ്റിവെയ്‌ക്കപ്പെടുകയാണ്‌ ഉണ്ടായിട്ടുള്ളത്‌. പ്രായോഗികത, സുരക്ഷ, കാര്യക്ഷമത എന്നിവ സംബന്ധിച്ച ചർച്ചകളിൽ ടെക്‌ വിദഗ്‌ധരെയോ നിർമ്മാണ കന്പനികളെയോ ഉൾപ്പെടുത്താൻ തയ്യാറാകാതിരുന്ന സർക്കാരിന് അവരുടെ ഏകപക്ഷീയമായ സമീപനം വിലങ്ങുതടിയായി. എന്നിരുന്നാലും നിരീക്ഷണ ആപ്പുകളുടെ പ്രീ-–ഇൻസ്‌റ്റളേഷൻ നിർബന്ധിതമാക്കുമോ എന്നതു സംബന്ധിച്ച ആശങ്ക ഇപ്പോഴും അന്തരീക്ഷത്തിൽ ബാക്കിനിൽക്കുന്നുണ്ട്‌.

ടെലികോം നിയമങ്ങളെ നിയന്ത്രിക്കുന്ന നിയമ ചട്ടക്കൂടിലും, പുട്ടസ്വാമി വിധിന്യായത്തിൽ വിശദീകരിച്ചിരിക്കുന്ന നമ്മുടെ സ്വകാര്യതാ നിയമങ്ങളിലും, നിലവിൽ താൽക്കാലികമായി മാത്രം പിൻവലിക്കപ്പെട്ട സഞ്ചാർ സാഥി വിഭാവനം ചെയ്ത നമ്മുടെ സ്വകാര്യയിലേയ്‌ക്കുള്ള കടന്നുകയറ്റം അനുവദിക്കുന്നുണ്ടോയെന്നത് നാം പരിശോധിക്കേണ്ടതുണ്ട്‌. l

ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

4 × 2 =

Most Popular