ഇന്ത്യൻ ടെലികോം വകുപ്പ് (DoT) അവതരിപ്പിച്ച ‘സഞ്ചാർ സാഥി’ (Sanchar Saathi) ആപ്പ് രാജ്യത്തെ പൗരരുടെ സ്വകാര്യതയ്ക്കുമേൽ ഉയർത്തുന്ന ഭീഷണികൾ ചെറുതല്ല. നഷ്ടപ്പെട്ട ഫോണുകൾ കണ്ടെത്താനുള്ള ഒരു സാങ്കേതിക സംവിധാനം എന്നതിനപ്പുറം, ഇത് പൗരരുടെ സ്വകാര്യതയിലേക്ക് കടന്നുകയറുന്ന ഒരു “ഡിജിറ്റൽ നിരീക്ഷണ’ ഉപകരണമായി മാറുന്നുണ്ടോ എന്ന ഗൗരവതരമായ ചോദ്യമാണ് ഇപ്പോൾ പൊതുസമൂഹത്തിൽ ഉയരുന്നത്. 2025 നവംബർ 28-ന് സർക്കാർ പുറപ്പെടുവിച്ച നിർദ്ദേശങ്ങൾ (പിന്നീട് ജനകീയ പ്രതിഷേധംമൂലം ഇതിൽ അയവു വരുത്തിയിട്ടുണ്ട്) രാജ്യത്തെ എല്ലാ സ്മാർട്ട്‌ഫോണുകളിലും ഈ ആപ്പ് നിർബന്ധമായും ഇൻസ്റ്റാൾ ചെയ്യണമെന്നും, ഇത് നീക്കം ചെയ്യാൻ സാധിക്കാത്ത വിധം ക്രമീകരിക്കണമെന്നും ആവശ്യപ്പെട്ടിരുന്നു. ഈ നീക്കം 80 കോടിയിലധികം ഫോണുകളിലും അതോടൊപ്പം വിപുലമായ രീതിയിൽ മുഴുവൻ ജനങ്ങളിലും സർക്കാരിന്റെ ‘ചാരക്കണ്ണ്’ സ്ഥാപിക്കുന്നതിന് തുല്യമാണെന്ന വിമർശനം ശക്തമാണ്.
സാഥി ആപ്പിന്റെ പ്രഖ്യാപിത ലക്ഷ്യം
സഞ്ചാർ സാഥി ആപ്പിന്റെ പ്രഖ്യാപിത ലക്ഷ്യം, മോഷ്ടിക്കപ്പെട്ടതോ നഷ്ടപ്പെട്ടതോ ആയ ഫോണുകൾ IMEI (International Mobile Equipment Identity) നമ്പർ ഉപയോഗിച്ച് ട്രാക്ക് ചെയ്യുക, നെറ്റ്‌വർക്ക് ആക്‌സസ് കട്ട് ഓഫ് ചെയ്യുക, അതുപോലെ വ്യാജമായ മൊബൈൽ കണക്ഷനുകൾ കണ്ടെത്തുക എന്നിവയാണ്. ഈ ലക്ഷ്യം നല്ലതാണെങ്കിലും, ആപ്പ് ഇൻസ്റ്റാൾ ചെയ്യുന്ന സമയത്ത് ചോദിക്കുന്ന അനുമതികൾ (Per
missions) സംശയങ്ങൾക്ക് വഴിവയ്ക്കുന്നു. ഒരു ഫോൺ ട്രാക്കിങ് സംവിധാനത്തിന് ആവശ്യമില്ലാത്ത, എന്നാൽ ഒരു ചാര സോഫ്റ്റ്‌വെയറിന് അത്യന്താപേക്ഷിതമായ നിരവധി ആക്‌സസ്സുകളാണ് സഞ്ചാർ സാഥി ആവശ്യപ്പെടുന്നത്:
ആവശ്യപ്പെടുന്ന അനുമതി: “Send and view SMS messages’, “Read your text messages’
അപകടം: ഒരു ട്രാക്കിങ് ആപ്പിന് എസ്എംഎസ് വായിക്കേണ്ട ആവശ്യമില്ല. ഈ അനുമതിയിലൂടെ, നിങ്ങളുടെ വ്യക്തിപരമായ ചാറ്റുകൾ, ബാങ്കിങ് ഇടപാടുകളുടെ OTP-കൾ, സാമ്പത്തിക വിവരങ്ങൾ എന്നിവയെല്ലാം സർക്കാരിന് വായിക്കാനും ചോർത്താനും സാധിക്കും. ഇത് പെഗാസസ് പോലുള്ള ചാര സോഫ്റ്റ്‌വെയറുകൾ ഫോണിലെ സന്ദേശങ്ങൾ ചോർത്തുന്നതിന് സമാനമായ പ്രവർത്തനമാണ്. അതായത് മെസേജ് ആര്, എപ്പോൾ അയച്ചു എന്നത് മാത്രമല്ല, മെസേജിന്റെ പൂർണ്ണരൂപമായ മെസേജ് ബോഡി തന്നെ ആപ്പിന് വായിക്കാൻ സാധിക്കും. നിങ്ങളുടെ സ്വകാര്യ സംഭാഷണങ്ങൾ, രാഷ്ട്രീയ ചർച്ചകൾ എന്നിവയെല്ലാം ഈ ആപ്പിന് കാണാനും കഴിഞ്ഞ ഒരു മാസത്തെ മെസേജുകൾ ഫിൽട്ടർ ചെയ്ത് സെർവറിലേക്ക് അയക്കാനും സാങ്കേതികമായി ഇതിനുശേഷിയുണ്ട്.
ആവശ്യപ്പെടുന്ന അനുമതി: “Read call log’
അപകടം: ഫോൺ നമ്പറുകൾ മാത്രമല്ല, ഫോൺബുക്കിൽ നിങ്ങൾ സേവ് ചെയ്തിരിക്കുന്ന പേരുകൾ , Cached Name അടക്കം ഇത് റീഡ് ചെയ്യുന്നു. ആരുമായി, എത്ര നേരം, എപ്പോൾ സംസാരിച്ചു എന്ന വിവരം ഉപയോഗിച്ച് ബിഗ് ഡാറ്റ ടൂളുകൾ വഴി ഒരു വ്യക്തിയുടെ സോഷ്യൽ ഗ്രാഫ് വരച്ചെടുക്കാൻ ഭരണകൂടത്തിന് സാധിക്കും. നിങ്ങൾ ഫോൺ അറ്റൻഡ് ചെയ്തോ, റിജക്ട് ചെയ്തോ, മിസ്ഡ് കോൾ ആണോ എന്നതു വരെ ഇത് രേഖപ്പെടുത്തുന്നു. നിങ്ങൾ ആരെ വിളിക്കുന്നു, എപ്പോൾ വിളിക്കുന്നു, എത്ര നേരം സംസാരിക്കുന്നു തുടങ്ങിയ കോൾ മെറ്റാഡാറ്റ മുഴുവനായും ശേഖരിക്കുന്നു. ഒരു വ്യക്തിയുടെ സാമൂഹിക ബന്ധങ്ങൾ, രാഷ്ട്രീയ ചായ്‌വുകൾ, ആശയവിനിമയ ശൃംഖല എന്നിവ കൃത്യമായി മാപ്പ് ചെയ്യാൻ ഇത് ഭരണകൂടത്തെ സഹായിക്കുന്നു.
ആവശ്യപ്പെടുന്ന അനുമതി “Modify or delete the contents of your shared storage’’, “Read the contents’
അപകടം: നിങ്ങളുടെ ഫോണിലെ സ്റ്റോറേജിലുള്ള ഫയലുകൾ വായിക്കാൻ മാത്രമല്ല, അവയിൽ മാറ്റം വരുത്തി മോഡിഫൈ ചെയ്യാനും, പഴയത് ഡിലീറ്റ് ചെയ്യാനും, പുതിയ ഫയലുകൾ കൂട്ടിച്ചേർക്കാനും ആപ്പിന് സാധിക്കും. അതായത്, സ്വകാര്യ ഫോട്ടോകൾ, വീഡിയോകൾ, രേഖകൾ എന്നിവ കാണാനും അവയിൽ മാറ്റം വരുത്താനും (Modify) ആപ്പിന് അധികാരമുണ്ട് എന്ന്. ഇത് ദുരുപയോഗം ചെയ്യപ്പെട്ടാൽ വ്യക്തിയുടെ സ്വകാര്യ ജീവിതം പൂർണ്ണമായും തുറന്നുകാട്ടപ്പെടും. മാത്രമല്ല സഞ്ചാർ സാഥിക്ക് സ്റ്റോറേജിൽ ‘റൈറ്റ് പെർമിഷൻ’ ഉള്ളിടത്തോളം, ഭരണകൂടത്തിന് വേണമെങ്കിൽ നിങ്ങളുടെ ഫോണിലേക്ക് ദേശവിരുദ്ധമായ ലഘുലേഖകളോ, ചിത്രങ്ങളോ, ഫയലുകളോ റിമോട്ടായി “പ്ലാന്റ്’ ചെയ്യാൻ സാധിക്കും എന്നത് കേവലമൊരു Paranoid ഭാവനയല്ല, മറിച്ച് ഒരു സാങ്കേതിക സാധ്യതയാണ്. ഇൗ പശ്ചാത്തലത്തിലാണ് ഭീമ കൊറേഗാവ് കേസിൽ ആഴ്സണൽ കൺസൾട്ടിങ് നടത്തിയ ഫൊറൻസിക് കണ്ടെത്തലുകൾ പ്രസക്തമാകുന്നത്. റോണ വിൽസൺ, ഫാദർ സ്റ്റാൻ സ്വാമി തുടങ്ങിയ മനുഷ്യാവകാശ പ്രവർത്തകരുടെ കമ്പ്യൂട്ടറുകളിൽ ‘നെറ്റ്‌വയർ’ എന്ന മാൽവെയർ ഉപയോഗിച്ച് പുറത്തുനിന്നൊരാൾ കത്തുകളും ഫയലുകളും നിക്ഷേപിച്ച് തെളിവുകൾ കെട്ടിച്ചമച്ചതാണെന്ന് റിപ്പോർട്ട് ചെയ്തിരുന്നു.
ആവശ്യപ്പെടുന്ന അനുമതി: “Take pictures and videos’
അപകടം: ക്യൂആർ കോഡ് അല്ലെങ്കിൽ ബാർകോഡ് സ്കാൻ ചെയ്യാൻ മാത്രമേ ക്യാമറ പെർമിഷൻ ഉപയോഗിക്കാൻ പറ്റൂ എന്നത് തിയററ്റിക്കലി തെറ്റായ വാദമാണ്. ഒരു ഇൻ പ്രാക്ടീസ് സിസ്റ്റം ആപ്പിന് ക്യാമറ പെർമിഷൻ ലഭിച്ചാൽ, പശ്ചാത്തലത്തിൽ എപ്പോഴും ക്യാമറ പ്രവർത്തിപ്പിക്കാൻ സാങ്കേതികമായി തടസ്സങ്ങളില്ല. ഉപയോക്താവ് അറിയാതെ തന്നെ ഫോൺ ക്യാമറ ഓൺ ചെയ്ത് പരിസരത്തെ ദൃശ്യങ്ങൾ പകർത്താൻ സാങ്കേതികമായി ഈ പെർമിഷൻ വഴി സാധിക്കും. പെഗാസസ് പോലുള്ള സ്പൈവെയറുകൾ ചാരപ്പണി നടത്തുന്നതിലെ ഒരു പ്രധാന രീതിയാണിത്.
| സവിശേഷത | പെഗാസസ് (Pegasus) | സഞ്ചാർ സാഥി (Sanchar Saathi) |
| പ്രവേശനം | രഹസ്യമായി ഫോണിൽ നുഴഞ്ഞുകയറുന്നു (നിയമവിരുദ്ധമായ കടന്നുകയറ്റം). | സർക്കാർ ഉത്തരവ് വഴി പരസ്യമായി, നിർബന്ധിതമായി ഇൻസ്റ്റാൾ ചെയ്യുന്നു (നിയമപരമായ കടന്നുകയറ്റം). |
| നീക്കം ചെയ്യൽ | കണ്ടുപിടിക്കാനോ നീക്കം ചെയ്യാനോ ബുദ്ധിമുട്ടാണ്. | റൂട്ട് ആക്സസ് ഇല്ലാതെ നീക്കം ചെയ്യാൻ സാധിക്കാത്ത വിധം “നോൺ-റിമൂവബിൾ” (Nonremovable) ആക്കി മാറ്റുന്നു. |
| ഡാറ്റാ ആക്സസ് | കോൾ, എസ്എംഎസ്, ഫോട്ടോ, ലൊക്കേഷൻ എന്നിവ ചോർത്തുന്നു. |
കോൾ ലോഗ്, എസ്എംഎസ്, സ്റ്റോറേജ്, ക്യാമറ എന്നിവയിലേക്ക് കടന്നുകയറുന്നത് ഔദ്യോഗികമായി അനുമതി (Permission) നേടുന്നു. |
| ലക്ഷ്യം | തിരഞ്ഞെടുത്ത വ്യക്തികൾ (രാഷ്ട്രീയക്കാർ, മാധ്യമപ്രവർത്തകർ). | ്മാർട്ട്ഫോൺ ഉപയോഗിക്കുന്ന രാജ്യത്തെ മുഴുവൻ ജനങ്ങളും. |
| അനുമതികളിലെ സമാനത (Permission Overlap) | മൈക്ക്/കോൾ മെറ്റാഡാറ്റ, എസ്എംഎസ്/ഒടിപി, പശ്ചാത്തല പ്രവർത്തനം, സ്റ്റോറേജ് ആക്സസ് – സ്പൈവെയർ നിലവാരത്തിലുള്ള ശേഷികൾ. | സമാനമായ അനുമതികൾ: ക്യാമറ, മൈക്ക്/കോൾ മെറ്റാഡാറ്റ, എസ്എംഎസ്/ഒടിപി, നിരന്തരമായ പശ്ചാത്തല പ്രവർത്തനം, സ്റ്റോറേജ് – ഇവയ്ക്ക് ‘പെഗാസസിന് സമാനമായ’ സാമ്യമുണ്ടെന്ന് വിദഗ്ധർ പറയുന്നു. |
| ഫങ്ഷൻ ക്രീപ്പ്
(Function Creep) |
ലക്ഷ്യം മാറ്റി സ്പൈവെയർ ഉപയോഗിക്കുന്നു (ഉദാഹരണത്തിന് മാധ്യമപ്രവർത്തകരെ ലക്ഷ്യമിടുന്നു). | ഒരു അപ്‌ഡേറ്റിലൂടെ തട്ടിപ്പ് തടയുന്നതിൽ നിന്ന് ബഹുജന നിരീക്ഷണത്തിലേക്ക് (mass surveillance) വ്യാപിപ്പിക്കാം. |
| വ്യാപ്തിയും ആഘാതവും (Scale & Impact) | ലക്ഷ്യമിട്ടത് (നൂറുകണക്കിന് ആളുകൾ), ഉയർന്ന ചെലവ്, സീറോ-ക്ലിക്ക് (Zero-click) ആക്രമണം. | വൻതോതിലുള്ളത് (ശതകോടിക്കണക്കിന്), കുറഞ്ഞ ചെലവ്, അനുമതി അടിസ്ഥാനമാക്കിയുള്ളത്; ഫോണുകളെ ‘ഭരണകൂടം നിർബന്ധിതമാക്കിയ നിരീക്ഷണ ഉപകരണങ്ങളാക്കി’ മാറ്റുന്നു. |
| നിയമ/രാഷ്ട്രീയ പ്രത്യാഘാതങ്ങൾ | ആഗോള വിവാദങ്ങൾ, നിയമനടപടികൾ (ഉദാ: ആംനസ്റ്റി ഇന്റർനാഷണൽ). | പ്രതിപക്ഷം ഇതിനെ ‘ഒളിഞ്ഞുനോട്ട ആപ്പ്’ (snooping app) / ‘ദേശി പെഗാസസ്’ എന്ന് വിളിക്കുന്നു; പ്രതിഷേധത്തെ തുടർന്ന് സർക്കാർ തത്ക്കാലം പിന്മാറിയെങ്കിലും, അപകടസാധ്യതകൾ നിലനിൽക്കുന്നു. |
ആവശ്യപ്പെടുന്ന അനുമതി: “Run at startup’, “Prevent phone from sleeping’, “Have full network access’
അപകടം: ഫോൺ ഓൺ ചെയ്യുന്നത് മുതൽ സ്വിച്ച് ഓഫ് ചെയ്യുന്നതുവരെ ഈ ആപ്പിന് പശ്ചാത്തലത്തിൽ നിരന്തരമായി പ്രവർത്തിച്ച് (Continuous Monitoring) വിവരങ്ങൾ ശേഖരിക്കാനും സെർവറിലേക്ക് അയക്കാനും ഈ അനുമതി സഹായിക്കുന്നു.
ആവശ്യപ്പെടുന്ന അനുമതി: “Location Access”
അപകടം: നിങ്ങൾ എവിടെയാണെന്ന് പിൻ-പോയിന്റ് അക്യുറസിയിൽ ട്രാക്ക് ചെയ്യാൻ സാധിക്കും.
സഞ്ചാർ സാഥിയും പെഗാസസും
ഞെട്ടിപ്പിക്കുന്ന സമാനതകൾ
ഇസ്രായേലി ചാര സോഫ്റ്റ്‌വെയറായ പെഗാസസും സഞ്ചാർ സാഥിയും തമ്മിലുള്ള താരതമ്യം, ഈ നീക്കത്തിന്റെ യഥാർത്ഥ സ്വഭാവത്തിലേക്ക് വെളിച്ചംവീശുന്നു.
ഇസ്രായേലി ചാര സോഫ്റ്റ്‌വെയറായ പെഗാസസും കേന്ദ്ര സർക്കാർ കൊണ്ടുവരുന്ന സഞ്ചാർ സാഥിയും തമ്മിൽ സാങ്കേതികമായി ഞെട്ടിക്കുന്ന സമാനതകളാണുള്ളത്. ലളിതമായി പറഞ്ഞാൽ, പെഗാസസ് ജനലിലൂടെ ഒളിച്ചുകയറുന്ന കള്ളനാണെങ്കിൽ, സഞ്ചാർ സാഥി മുൻവാതിലിലൂടെ സർക്കാർ ഉത്തരവിന്റെ ബലത്തിൽ കയറിവരുന്ന ഉദ്യോഗസ്ഥനാണ്. ഫലം പക്ഷേ ഒന്നാണ്; നമ്മുടെ സ്വകാര്യത നഷ്ടപ്പെടുന്നു.
പെഗാസസ് രഹസ്യമായി നമ്മുടെ കോൾ, മെസ്സേജ്, ഫോട്ടോ, ലൊക്കേഷൻ എന്നിവ ചോർത്തുമ്പോൾ, സഞ്ചാർ സാഥി ഇവയ്‌ക്കെല്ലാം നമ്മുടെ കയ്യിൽ നിന്നുതന്നെ ഔദ്യോഗികമായി അനുമതി (Permission) വാങ്ങുന്നു. പെഗാസസിനെപ്പോലെ തന്നെ, സാധാരണക്കാർക്ക് ഒരിക്കലും കണ്ടുപിടിക്കാനോ നീക്കം ചെയ്യാനോ (Uninstall) കഴിയാത്ത വിധം ഫോണിൽ ഒളിച്ചിരിക്കാൻ സഞ്ചാർ സാഥിക്കും സാധിക്കും.
ഏറ്റവും വലിയ വ്യത്യാസം അതിന്റെ വ്യാപ്തിയിലാണ്. പെഗാസസ് തിരഞ്ഞെടുത്ത കുറച്ചുപേരെ (രാഷ്ട്രീയക്കാർ, മാധ്യമപ്രവർത്തകർ) മാത്രമാണ് ലക്ഷ്യം വെച്ചതെങ്കിൽ, സഞ്ചാർ സാഥി സ്മാർട്ട്ഫോൺ ഉപയോഗിക്കുന്ന ഇന്ത്യയിലെ മുഴുവൻ ജനങ്ങളെയും നിരീക്ഷണവലയത്തിലാക്കുന്നു. ഭാവിയിൽ ഒരു ചെറിയ സോഫ്റ്റ്‌വെയർ അപ്‌ഡേറ്റിലൂടെ, ഫോൺ കണ്ടെത്താനുള്ള ഈ സംവിധാനത്തെ ജനങ്ങളെ മുഴുവൻ നിരീക്ഷിക്കാനുള്ള ‘മാസ് സർവെയ്ലൻസ്’ ആയുധമാക്കി മാറ്റാം. ഇതുകൊണ്ടാണ് കാർത്തി ചിദംബരം ഇതിനെ ‘പെഗാസസ്++’ എന്നും, പ്രതിപക്ഷം ‘ദേശി പെഗാസസ്’ (ഇന്ത്യൻ പെഗാസസ്) എന്നും വിളിക്കുന്നത്. ഫോണുകളെ ഫലത്തിൽ സർക്കാർ നിയന്ത്രിക്കുന്ന നിരീക്ഷണ ഉപകരണങ്ങളാക്കി മാറ്റുകയാണ് ഇതിലൂടെ ലക്ഷ്യമിടുന്നത്.
ചുരുക്കത്തിൽ, പെഗാസസ് നിയമവിരുദ്ധമായി തിരഞ്ഞെടുത്തവരുടെ ഡാറ്റ ചോർത്താൻ ശ്രമിക്കുമ്പോൾ, സഞ്ചാർ സാഥി നിയമപരമായി അനുമതി നേടിക്കൊണ്ട് വലിയൊരു വിഭാഗം ജനങ്ങളുടെ ഡാറ്റയിലേക്ക് പൂർണ്ണമായ പ്രവേശനം നേടുന്നു. ഇത് നിയമവിരുദ്ധമായ നിരീക്ഷണത്തിൽനിന്ന് നിയമപരമായി സമൂഹത്തെയൊന്നാകെ നിരീക്ഷണത്തിലാക്കാനുള്ള (Mass Surveillance) നീക്കമാണ്.
ഭരണകൂടത്തിന്റെ
സ്ഥിരം ആക്സസ് പോയിന്റ്
ഈ ആപ്പ് എല്ലാ പൗരരുടെയും ഫോണിലേക്കുള്ള സർക്കാരിന്റെ “സ്ഥിരമായ, അനുവാദമാവശ്യമില്ലാത്ത പ്രവേശന കവാടം’ (Permanent, non-consensual point of access) ആയി മാറുന്നു എന്നതാണ് ഏറ്റവും വലിയ ആശങ്ക. മാത്രമല്ല നിങ്ങൾ ഫോൺ മുഴുവൻ ഫോർമാറ്റ് ചെയ്താലും സിം കാർഡ് മാറ്റിയാലും, പെർമനന്റ് ഡിവൈസ് ഫിംഗർപ്രിന്റിങ് വഴി ഭരണകൂടത്തിന് നിങ്ങളെ ട്രാക്ക് ചെയ്യാൻ സാങ്കേതികമായി സാധിക്കും.
ഫങ്ഷൻ ക്രീപ്പ് (Function Creep)
ഈ ഭീഷണിയുടെ കാതൽ ഫങ്ഷൻ ക്രീപ്പ് എന്ന പ്രതിഭാസമാണ്. ഇപ്പോൾ നഷ്ടപ്പെട്ട ഫോൺ കണ്ടെത്താനാണ് ഉപയോഗിക്കുന്നതെങ്കിലും, ഭാവിയിൽ ഒരു ചെറിയ സോഫ്റ്റ്‌വെയർ അപ്‌ഡേറ്റിലൂടെ ആപ്പിന്റെ ലക്ഷ്യം മാറ്റാൻ സാധിക്കും. ഇന്റർനെറ്റ് ഫ്രീഡം ഫൗണ്ടേഷൻ (IFF) നൽകുന്ന മുന്നറിയിപ്പ് പ്രകാരം, “നിരോധിത ആപ്പുകൾ’ ഉണ്ടോ എന്ന് പരിശോധിക്കാനോ, സർക്കാർ വിരുദ്ധ സന്ദേശങ്ങൾ ഉണ്ടോ എന്ന് സ്കാൻ ചെയ്യാനോ ഈ ആപ്പിനെ പിന്നീട് ഉപയോഗിക്കാനാവും. ഒരു ആവശ്യത്തോടെ ശേഖരിക്കുന്ന ഡാറ്റ മറ്റ്, നിരീക്ഷണ ആവശ്യങ്ങൾക്കായി ഉപയോഗിക്കാനുള്ള സാധ്യത ഇവിടെ നിലനിൽക്കുന്നു.
സുപ്രീം കോടതി വിധിയുടെയും
നിയമത്തിന്റെയും ലംഘനം
ഇത്രയും വ്യാപകമായ വിവരശേഖരണം, സ്വകാര്യത മൗലികാവകാശമാണെന്ന 2017-ലെ പുട്ടസ്വാമി വിധിക്ക് (Puttaswamy Judgement) വിരുദ്ധമാണ്. കൃത്യമായ നിയമപരിരക്ഷയോ മേൽനോട്ടമോ ഇല്ലാതെയാണ് ഈ നീക്കം.
കൂടാതെ, നിലവിൽ പ്രാബല്യത്തിലുള്ള ‘ഡിജിറ്റൽ വ്യക്തിവിവര സംരക്ഷണ നിയമം’ (DPDP Act) അനുസരിച്ച്, ഒരു ആവശ്യത്തിന് അത്യാവശ്യമായ വിവരങ്ങൾ മാത്രമേ ശേഖരിക്കാവൂ എന്ന ‘ഡാറ്റാ മിനിമൈസേഷൻ’ (Data Minimisation) തത്ത്വം നിലനിൽക്കെ, അതിനു വിപരീതമായ ഈ നീക്കം നിയമപരമായിതന്നെ വൈരുദ്ധ്യമുള്ളതാണ്. 80 കോടിയിലധികം വരുന്ന ഫോണുകളിൽ ഒരിക്കലും നീക്കംചെയ്യാനാകാത്ത ഒരു ‘ചാരക്കണ്ണ്’ (Backdoor) സ്ഥാപിക്കുന്നതിലൂടെ, ‘ഉപകരണ പരമാധികാരം’ (Device Sovereignty) എന്ന അവകാശത്തെ ഇല്ലാതാക്കുകയാണ് ഭരണകൂടം ചെയ്യുന്നത്.
വാട്ട്സാപ്പ് ബൈൻഡിങ്ങും
മാസ് സർവെയ്ലൻസും
സഞ്ചാർ സാഥി ആപ്പിന്റെ നിർബന്ധിത ഇൻസ്റ്റലേഷൻ നീക്കങ്ങൾക്കുപുറമെ, ടെലികോം വകുപ്പ് മറ്റൊരു പ്രധാന മാറ്റം കൂടി കൊണ്ടുവരുന്നു: ഫോൺ നമ്പറുകൾ വാട്ട്സ്ആപ്പുമായി പെർമനന്റ്‌ലി ബൈൻഡ് ചെയ്യുക എന്നത്.
• കണ്ടിന്യൂവസ് ഹാർഡ്‌വെയർ വെരിഫിക്കേഷൻ: വാട്ട്സ്ആപ്പ് ഉപയോഗിക്കാൻ സദാ സമയവും സിം കാർഡ് ഫോണിൽ ഉണ്ടായിരിക്കണം എന്ന അവസ്ഥ വരുന്നു. ഇത് ഫ്രോഡ് തടയാനാണ് എന്ന അവകാശവാദത്തോടെയാണ് നടത്തുന്നതെങ്കിലും, യഥാർത്ഥത്തിൽ ഇത് മാസ് സർവെയ്ലൻസിനുള്ള സാധ്യതയാണ് തുറക്കുന്നത്.
• മെറ്റാഡാറ്റാ നിയന്ത്രണം: IMSI ഡയറക്ടീവ് വഴി കോൺസ്റ്റന്റ് ഹാർഡ്‌വെയർ-ലെവൽ വെരിഫിക്കേഷൻ മെയിന്റെയ്ൻ ചെയ്യാൻ ആപ്പുകളെ നിർബന്ധിക്കുന്നത്, കൂടുതൽ ആക്രമണാത്മകമായ ഒരു നിരീക്ഷണ ചട്ടക്കൂടാണ് സൃഷ്ടിക്കുന്നത്. ലീഗൽ റിക്വസ്റ്റുകൾ വഴിയുള്ള, വല്ലപ്പോഴും നടക്കുന്ന മെറ്റാഡാറ്റ ഷെയറിങ്ങിൽനിന്ന്, കണ്ടിന്യൂവസ് മോണിറ്ററിങ്ങിനും ഇമ്മീഡിയറ്റ് എൻഫോഴ്സ്‌മെന്റിനും വേണ്ടിയുള്ള ഒരു സിസ്റ്റത്തിലേക്ക് ഇത് മാറുന്നു.
രഹസ്യ നീക്കങ്ങളും കമ്പനികളുടെ നിലപാടും
ആപ്പിൾ, സാംസങ്, ഷവോമി തുടങ്ങിയ കമ്പനികളോട് ഈ ആപ്പ് പുതിയ മൊബൈലുകളിൽ ഇൻസ്റ്റാൾ ചെയ്യാനും പഴയ ഫോണുകളിൽ സോഫ്റ്റ്‌വെയർ അപ്‌ഡേഷൻ വഴി ഉൾപ്പെടുത്താനും രഹസ്യമായിട്ടാണ് സർക്കാർ ആവശ്യപ്പെട്ടത്.
വിശ്വസനീയമായ മാധ്യമ റിപ്പോർട്ടുകൾ പ്രകാരം, തങ്ങളുടെ ഫോണുകളിൽ സഞ്ചാർ സാഥി ഇൻസ്റ്റാൾ ചെയ്യുന്നത് സെക്യൂരിറ്റിയ്ക്ക് ഭീഷണിയുണ്ടാക്കുമെന്ന കാരണം ചൂണ്ടിക്കാട്ടി ആപ്പിൾ ഈ നിർദ്ദേശം തള്ളിക്കളഞ്ഞു. ഈ നീക്കം, ആപ്പിളിന്റെ ഉപയോക്തൃ സ്വകാര്യത സംബന്ധിച്ച നിലപാട് വ്യക്തമാക്കുകയും, സഞ്ചാർ സാഥിയുടെ സ്വഭാവം കൂടുതൽ വെളിപ്പെടുത്തുകയും ചെയ്തു.
ജനകീയ പ്രതിഷേധവും അന്താരാഷ്ട്ര കമ്പനികളുടെ പിന്മാറ്റവും കാരണം, പ്രീ-ഇൻസ്റ്റലേഷൻ എന്ന നിർബന്ധിത നിലപാടിൽ നിന്ന് സർക്കാർ താൽക്കാലികമായി പിന്മാറുകയും, വേണ്ടാത്തവർക്ക് അൺഇൻസ്റ്റാൾ ചെയ്യാം എന്ന നിലപാടിലേക്ക് മാറുകയും ചെയ്തു. എന്നാൽ, ഈ സോഫ്റ്റ്‌വെയർ ഇൻസ്റ്റാൾ ചെയ്ത ശേഷം അത് അൺഇൻസ്റ്റാൾ ചെയ്താലും, മാൽവെയറോ ചാരപ്പണിക്കുള്ള സംവിധാനങ്ങളോ ഫോണിൽ ശേഷിക്കാനുള്ള സാധ്യത (persistent access) നിലനിൽക്കുന്നുണ്ട്. മാത്രമല്ല, ഓരോ അപ്‌ഡേറ്റിലും ഉപയോക്താവറിയാതെ പുതിയ നിരീക്ഷണ സംവിധാനങ്ങൾ ഇതിലേക്ക് കൂട്ടിച്ചേർക്കാനും ബിജെപി സർക്കാരിന് ഇതുവഴി സാധിക്കും.
നിലവിലുള്ള പല ആപ്ലിക്കേഷനുകളും
ഈ പെർമിഷനുകൾ ചോദിക്കുന്നില്ല?
ഗൂഗിളിന്റെ ‘ഫൈൻഡ് മൈ’ അല്ലെങ്കിൽ ആപ്പിളിന്റെ ‘ഫൈൻഡ് മൈ’ പോലുള്ള സ്വകാര്യ ആപ്പുകൾ ആവശ്യപ്പെടുന്ന അതേ SMS, കോൾ ലോഗുകൾ, സ്റ്റോറേജ്, ക്യാമറ, പശ്ചാത്തല പ്രവർത്തനം എന്നിവയ്ക്കുള്ള അനുമതികളാണ് സഞ്ചാർ സാഥി ആവശ്യപ്പെടുന്നതെങ്കിലും, ഒരു സർക്കാർ സംവിധാനം എന്ന നിലയിൽ ഈ ഡാറ്റ ദുരുപയോഗം ചെയ്യപ്പെടാനുള്ള സാധ്യതകളും രാഷ്ട്രീയ പ്രത്യാഘാതങ്ങളും അതീവ ഗൗരവമുള്ളതാണ്. കാരണം, സ്വകാര്യ ആപ്പുകൾ നമ്മൾ സ്വമേധയാ (Voluntary) തിരഞ്ഞെടുക്കുമ്പോൾ, സഞ്ചാർ സാഥിയെ തുടക്കത്തിൽ തന്നെ നിർബന്ധിതമായി ഇൻസ്റ്റാൾ ചെയ്യിക്കാനുള്ള സർക്കാർ നീക്കം (പിന്നീട് പിൻവലിച്ചുവെങ്കിലും) രാജ്യവ്യാപകമായ നിയന്ത്രിത നിരീക്ഷണത്തിലേക്കുള്ള വ്യക്തമായ സൂചനയായിരുന്നു.
മോഷണം പോയ ഫോൺ കണ്ടെത്തുക എന്ന പ്രഖ്യാപിത ലക്ഷ്യത്തിനപ്പുറം, ഫങ്ഷൻ ക്രീപ്പ് എന്ന അപകടത്തിലൂടെ, ഈ ആപ്പ് സർക്കാരിനെതിരായ സമരങ്ങളെ തകർക്കുവാനും, ജനങ്ങളിലേക്ക് എത്തേണ്ട വിവരങ്ങൾ തിരഞ്ഞെടുത്തു നിയന്ത്രിക്കുവാനും ഉപയോഗിക്കപ്പെടാനുള്ള സാധ്യതയുണ്ടെന്ന് ഇന്റർനെറ്റ് ഫ്രീഡം ഫൗണ്ടേഷൻ (IFF) മുന്നറിയിപ്പ് നൽകുന്നു. ഈ നീക്കം രാജ്യത്തെ ഏകാധിപത്യത്തിലേക്ക് നയിച്ചേക്കാം.
തർക്കമുണ്ടാകുമ്പോൾ പറയുന്ന “ഒന്നും ഒളിക്കാനില്ല’ എന്ന വാദം ഇവിടെ അപ്രസക്തമാണ്; കാരണം സ്വകാര്യത എന്നാൽ രഹസ്യങ്ങൾ സൂക്ഷിക്കാനുള്ളതല്ല, മറിച്ച് ഒരു വ്യക്തിക്ക് സ്വന്തം ജീവിതത്തിന്മേലുള്ള നിയന്ത്രണവും (Control) അന്തസ്സും (Dignity) നിലനിർത്താനുള്ള അവകാശമാണ്. അതായത്, വീടിന്റെ ഭിത്തികൾ മാറ്റി സുതാര്യമായ ചില്ല് ഇട്ടശേഷം നമ്മുടെ സ്വകാര്യ നിമിഷങ്ങൾ മറ്റൊരാൾക്ക് കാണാൻ അവസരം നൽകുന്നത് പോലെ അസ്വസ്ഥതയുണ്ടാക്കുന്നതാണ് ഈ ആപ്പിന്റെ പ്രവർത്തനം. 2017-ലെ പുട്ടസ്വാമി വിധിയിൽ (Puttaswamy v. Union of India) സുപ്രീം കോടതി വ്യക്തമാക്കിയതുപോലെ, സ്വകാര്യത എന്നത് ഭരണഘടനയുടെ ആർട്ടിക്കിൾ 21 പ്രകാരം ജീവിക്കാനുള്ള അവകാശത്തിന്റെ (Right to Life and Personal Liberty) ഭാഗമാണ്. സാങ്കേതികവിദ്യയെ ജനാധിപത്യത്തെ ശക്തിപ്പെടുത്താനല്ല, മറിച്ച് എതിർശബ്ദങ്ങളെ അടിച്ചമർത്താനും പൗരരെ സ്ഥിരമായി നിരീക്ഷണവലയത്തിൽ നിർത്താനുമാണ് ഉപയോഗിക്കുന്നത് എന്ന ഭീതി, ഇന്ത്യയെന്ന സ്വതന്ത്ര ജനാധിപത്യ രാജ്യത്തെ പൗരർക്ക് ഉണ്ടാകരുത്. എന്നാൽ നിർഭാഗ്യവശാൽ സഞ്ചാർ സാഥി വിരൽചൂണ്ടുന്നത് ആ വഴിക്കാണ്. ഇത് പുട്ടസ്വാമി വിധി ഉറപ്പുനൽകുന്ന മൗലികാവകാശമായ സ്വകാര്യതയെയും ഡിപിഡിപി നിയമത്തിലെ (DPDP Act) ഡാറ്റാ മിനിമൈസേഷൻ തത്ത്വങ്ങളെയും ലംഘിക്കുന്നതിനു തുല്യമാണ്. l



