Saturday, May 30, 2026

ad

Homeകവര്‍സ്റ്റോറിസർവെയ്‌ലൻസ് സ്റ്റേറ്റാകുന്നുവോ ഇന്ത്യ?

സർവെയ്‌ലൻസ് സ്റ്റേറ്റാകുന്നുവോ ഇന്ത്യ?

ന്ത്യ ഇന്ന് അതിവേഗം ഭരണകൂട നിരീക്ഷണത്തിന്റെ കരിമ്പടത്തിനകത്ത് പെട്ടുകൊണ്ടിരിക്കുകയാണ്. ഒരുവശത്ത് ഭരണാധികാരികൾ ഇന്ത്യ ജനാധിപത്യത്തിന്റെ മാതാവാണെന്ന്- വീമ്പടിച്ചുകൊണ്ടിരിക്കെ മറുവശത്ത് ഇന്ത്യയെ ഒരു സർവെയ്ലൻസ് രാഷ്ട്രമാക്കുകയാണ്, ഭരണകൂടത്തിന്റെ ചാരക്കണ്ണുകളാൽ ഈ രാജ്യത്തെ 140 കോടിയിലേറെ വരുന്ന ജനങ്ങളാകെ നിരീക്ഷിക്കപ്പെടുന്ന ഭീകരമായ ഒരവസ്ഥയിലേക്കാണ് രാജ്യം ഇന്ന് നീങ്ങിക്കൊണ്ടിരിക്കുന്നത്. ചരിത്രത്തിൽ മുൻപൊരിക്കലും ഇത്തരമൊരവസ്ഥയിലൂടെ നമ്മുടെ രാജ്യത്തിന് കടന്നുപോകേണ്ടതായി വന്നിട്ടില്ല. മാത്രമല്ല, പട്ടാള ഭരണമുള്ള, ജനാധിപത്യമില്ലാത്ത രാജ്യങ്ങളിൽപോലും ഇന്ന് ഇത്തരമൊരു ഭീകരമായ അവസ്ഥ കാണാനാവില്ല. എന്തിന്, പട്ടാള മേധാവികളുടെയും മതമൗലികവാദികളുടെയും പിടിയിൽനിന്ന് മോചനം നേടിയിട്ടില്ലാത്ത പാകിസ്താനിൽപോലും ഇത്തരമൊരു ഭീകരസംവിധാനം കാണാനാവില്ല. നവഫാസിസത്തിന്റെ സമഗ്രാധിപത്യത്തിലേക്കാണ് ഇത് വിരൽചൂണ്ടുന്നത്.

2026 മാർച്ചോടെ,രാജ്യത്ത് നിലവിലുള്ളതും പുതിയതായി രാജ്യത്തിനുപുറത്തുനിന്ന് വരുന്നതും നിർമിക്കുന്നതുമായ എല്ലാ സ്മാർട്ട് ഫോൺ ഹാൻഡ്സെറ്റുകളിലും സഞ്ചാർ സാഥി ആപ്പ് ഇൻസ്റ്റാൾ ചെയ്തിരിക്കണമെന്ന ഇന്ത്യാ ഗവൺമെന്റിന്റെ ഉത്തരവ് ഇത്തരമൊരു ഭീകരമായ അവസ്ഥയുടെ വരവിലേക്കാണ് വിരൽചൂണ്ടുന്നത്. നവംബർ 21ന് മൊബെെൽ ഹാൻഡ്സെറ്റ് നിർമാതാക്കൾക്കാകെ നൽകിയ നിർദ്ദേശത്തിലൂടെയാണ് – വെറുമൊരു നിർദ്ദേശമായല്ല, നിയമപരമായി നടപ്പാക്കാൻ ബാധ്യസ്ഥമായ ഉത്തരവിലൂടെയാണ് – മോദി സർക്കാരിന്റെ സമഗ്രാധിപത്യപരമായ ഈ പുതിയ കടന്നാക്രമണത്തിന് തുടക്കമിടുന്നത്. രാജ്യത്താകെ – പാർലമെന്റിനുള്ളിലും പുറത്തും– ശക്തമായി ഉയർന്നുവന്ന പ്രതിഷേധത്തെ തുടർന്ന് ആ ഉത്തരവ് പിൻവലിക്കാൻ സർക്കാർ നിർബന്ധിതമായെങ്കിലും ബിജെപി /ആർഎസ്എസ് സർക്കാരിന്റെ പതിവ് രീതിയനുസരിച്ച് ഈ പിന്തിരിയൽ താൽക്കാലികം മാത്രമാണെന്നുറപ്പാണ്. ഈ ഭീഷണി രാജ്യത്തെ പൗരരുടെയാകെ തലയ്ക്കുമുകളിൽ ഡെമോക്ലീസിന്റെ വാൾപോലെ ഇപ്പോഴും തൂങ്ങിനിൽപ്പുണ്ടെന്നതാണ് സത്യം.

ഇത്തരമൊരു ആപ്പ് അടിച്ചേൽപ്പിക്കുന്നതിനുപിന്നിൽ സർക്കാർ പറയുന്ന ലക്ഷ്യം സെെബർ സുരക്ഷ വർധിപ്പിക്കാനും ഡിജിറ്റൽ തട്ടിപ്പുകൾ തടയാനും മൊബെെൽ ഫോൺ നഷ്ടപ്പെട്ടാൽ അത് കണ്ടെത്താനും വേണ്ടിയാണെന്നാണ്. എന്നാൽ യഥാർഥത്തിൽ ഈ നീക്കം വെറുതെ തള്ളിക്കളയാനാകാത്തത്ര ഗൗരവ സ്വഭാവമുള്ള ഭരണഘടനാപരമായ ചില ചോദ്യങ്ങൾ ഉയർത്തുന്നുണ്ട്. നമ്മുടെ ജനാധിപത്യാവകാശങ്ങൾക്കും പൗരാവകാശങ്ങൾക്കും നേരെയുള്ള വെല്ലുവിളിയാണിതെന്നും നാം തിരിച്ചറിയണം.

മൊബെെൽ ഫോൺ ഉപയോക്താക്കൾക്ക് തങ്ങളുടെ ഹാൻഡ്സെറ്റ് നഷ്ടപ്പെടുമ്പോൾ അത് കണ്ടെത്താൻ സഹായിക്കുന്ന, സ്വമേധയാ ഇൻസ്റ്റാൾ ചെയ്യാനുള്ള ആപ്പ് എന്ന നിലയിലാണ് ഇതിനെ ടെലികമ്യൂണിക്കേഷൻ ഡയറക്ടറേറ്റ് 2025 ജനുവരിയിൽ അവതരിപ്പിച്ചത്. എന്നാൽ പൗരർക്ക് യഥേഷ്ടം തെരഞ്ഞെടുക്കാവുന്ന ഒരു ആപ്പ് എന്ന നിലയിൽനിന്ന് ഇപ്പോൾ അത് ഇൻസ്റ്റാൾ ചെയ്യേണ്ടത് നിയമപരമായ ബാധ്യതയാക്കി മാറ്റുമ്പോഴാണ് അതിനുപിന്നിൽ പതിയിരിക്കുന്ന അപകടം നാം കാണേണ്ടത്. ആധുനിക ഡാറ്റാ സംരക്ഷണ നിയമസംഹിതകളുടെയാകെ ആണിക്കല്ലായ, ഉപയോക്താവിന്റെ സമ്മതിയോടെയല്ലാതെ മൊബെെൽ ഫോണിൽ ഡിജിറ്റൽ ആപ്പുകളൊന്നും ഇൻസ്റ്റാൾ ചെയ്യാൻ പാടില്ലെന്ന തത്ത്വത്തിന്റെ നഗ്നമായ ലംഘനമാണ് മോദി ഗവൺമെന്റ് നടത്തുന്നത്.

രാജ്യത്തെ പൗരരുടെയാകെ പ്രാഥമികമായ ആശയവിനിമയ ഉപകരണമായ മൊബെെൽ ഫോണുകളെ, ഭരണകൂടത്തിന്റെ നിർബന്ധിത നിരീക്ഷണവലയത്തിലാക്കുന്ന നടപടിയാണ് മൊബെെൽ ഹാൻഡ് സെറ്റുകളിൽ നിർബന്ധിതമായും നിർമാണവേളയിൽ തന്നെ സഞ്ചാർസാഥി ആപ്പ് ഇൻസ്റ്റാൾ ചെയ്യണമെന്ന സർക്കാർ ഉത്തരവ്. പൊതു ചർച്ചയോ സമവായമോ കൂടാതെ, പാർലമെന്ററി പരിശോധന പോലുമില്ലാതെ ഒരു എക്സിക്യൂട്ടീവ് ഉത്തരവിലൂടെ സഞ്ചാർ സാഥി അടിച്ചേൽപ്പിക്കുന്നത് രാജ്യത്തെ പൗരരെയാകെ നിരന്തരം നിർബന്ധിത ഡിജിറ്റൽ നിരീക്ഷണത്തിലാക്കുന്നതിനാണ്. ഒരു ജനാധിപത്യ സമൂഹത്തിന് നിരക്കാത്ത നടപടിയാണിത്. ജനാധിപത്യസമൂഹത്തിൽ സാങ്കേതികവിദ്യ പൗരരെ സഹായിക്കുന്നതിനുവേണ്ടിയായിരിക്കണം ഉപയോഗിക്കേണ്ടത്, അല്ലാതെ അവരെ ഒളിഞ്ഞുനോക്കാനായിരിക്കരുത് എന്ന അടിസ്ഥാനതത്ത്വത്തിന്റെ തന്നെ ലംഘനമാണീ നീക്കം.

ഉപയോക്താക്കൾക്ക് ആവശ്യമില്ലെങ്കിൽ തങ്ങളുടെ മൊബെെൽ ഫോണിൽനിന്ന് ഈ ആപ്പ് നീക്കം ചെയ്യാവുന്നതേയുള്ളൂവെന്നാണ് രാജ്യസഭയിൽ ഞാനീ വിഷയം ഉന്നയിച്ചപ്പോൾ ടെലികമ്യൂണിക്കേഷൻ മന്ത്രി ജേ-്യാതിരാദിത്യ സിന്ധ്യ മറുപടി പറഞ്ഞത്. അങ്ങനെയാണെങ്കിൽ എല്ലാ ഹാൻഡ്സെറ്റുകളിലും മുൻകൂട്ടി ഇൻസ്റ്റാൾ ചെയ്തിരിക്കണമെന്ന ഉത്തരവിന്റെ യുക്തിയെന്താണ്? പൗർക്ക് ഏതെങ്കിലും സാഹചര്യത്തിൽ തങ്ങളുടെ ഫോണിൽ ഈ ആപ്പ് ഇൻസ്റ്റാൾ ചെയ്യണമെന്നുണ്ടെങ്കിൽ മാത്രം അത് പ്ലേ സ്റ്റോറിൽനിന്ന് ഡൗൺലോഡ് ചെയ്യാനും സ്വന്തം ഇഷ്ടപ്രകാരം ഇൻസ്റ്റാൾ ചെയ്യാനുമുള്ള അനുവാദം നൽകലാണ് ഒരു ജനാധിപത്യ സമൂഹത്തിൽ അഭികാമ്യമായ കാര്യം. ധാർമികമായും അതു മാത്രമേ പാടുള്ളൂ. എന്നാൽ ഇപ്പോൾ ഭരണകൂടം അത് രാജ്യത്തെ പൗരരുടെ മേലാകെ അടിച്ചേൽപ്പിക്കുകയാണ്. ഹാൻഡ്സെറ്റുകളിൽ നിർമാണവേളയിൽ തന്നെ മുൻകൂട്ടി ഇൻസ്റ്റാൾ ചെയ്യണമെന്നത് നിർബന്ധിതമാക്കുമ്പോൾ ആ ഉപകരണം നമ്മുടെ കെെയിൽ ലഭിക്കുന്ന നിമിഷം മുതൽ നമ്മൾ അറിയാതെ തന്നെ നിരീക്ഷണ സംവിധാനവും ബാക്ഗ്രൗണ്ട് ഡാറ്റാ കളക്ഷൻ സംവിധാനവും പ്രവർത്തനം തുടങ്ങും. പിന്നീട് നമ്മൾ അത് നീക്കം ചെയ്താലും (ആപ്പ് അൺഇൻസ്റ്റാൾ ചെയ്താലും) ഈ പ്രക്രിയ അവിരാമം തുടരും. അതുതന്നെയാണ് ഈ ആപ്പ് മുൻകൂട്ടി ഇൻസ്റ്റാൾ ചെയ്യുന്നതിന്റെ ലക്ഷ്യവും.

നാം പ്രതേ-്യകം ശ്രദ്ധിക്കേണ്ട ഒരു കാര്യം നമ്മുടെ രാജ്യത്തെ ഗണ്യമായ ഒരു വിഭാഗം സ്മാർട്ട് ഫോൺ ഉപയോക്താക്കൾ – പ്രതേ-്യകിച്ച്, മുതിർന്ന പൗരർ, ആദ്യമായി സ്മാർട്ട് ഫോൺ ഉപയോഗിക്കുന്നവർ, പരിമിതമായ ഡിജിറ്റൽ സാക്ഷരത മാത്രമുള്ളവർ എന്നീ വിഭാഗങ്ങൾക്ക് മുൻകൂട്ടി സജ്ജീകരിക്കപ്പെട്ടിട്ടുള്ള ആപ്പ് കണ്ടെത്താനോ അതിനെ ദുർബലമാക്കാനോ നീക്കംചെയ്യാനോ വേണ്ടത്ര സാങ്കേതിക പരിജ്ഞാനമില്ലാത്തവരാണെന്നതാണ്. അത്തരം ആളുകളെ സംബന്ധിച്ചിടത്തോളം മുൻകൂട്ടി ഇൻസ്റ്റാൾ ചെയ്യപ്പെട്ടിട്ടുള്ള ആപ്പ് എന്നാൽ മാറ്റാൻ പറ്റാത്തവിധം സ്ഥിരമായി സ്ഥാപിച്ചിട്ടുള്ള ആപ്പ് എന്നു തന്നെയല്ലേ അർഥം? ഇത്തരമൊരു പശ്ചാത്തലത്തിൽ ഉപയോക്താവിന്റെ അനുമതിപോലും അർഥശൂന്യമായ വാക്കാകും.

ഇതിനോടൊപ്പംതന്നെ കൂട്ടിവായിക്കപ്പെടേണ്ടതും നമ്മെ ആശങ്കയിലാഴ്ത്തുന്നതുമായ മറ്റൊരു വിഷയമാണ് ഒടിടി കമ്യൂണിക്കേഷൻ പ്ലാറ്റ് ഫാമുകൾക്ക് നൽകിയിട്ടുള്ള, എല്ലായ്-പ്പോഴും ഹാൻഡ്സെറ്റിൽ സിം നിർബന്ധമായും ഉണ്ടായിരിക്കണമെന്ന സർക്കാർ നിർദ്ദേശം. വാട്സ്ആപ്പ്, ടെലഗ്രാം, സിഗ്നൽ, സ്നാപ്ചാറ്റ് തുടങ്ങിയ മെസേജിങ് ആപ്പുകൾ ഹാൻഡ്സെറ്റിൽ സിം നിലവിലുള്ളപ്പോൾ മാത്രം പ്രവർത്തിക്കുന്ന വിധത്തിലായിരിക്കണമെന്നും നിർദ്ദേശിക്കപ്പെട്ടിരിക്കുന്നു. ഇത് വിരൽചൂണ്ടുന്നത് പൗരരുടെ നിത്യജീവിതത്തിലെ എല്ലാ ആശയവിനിമയങ്ങളെയും കണ്ടെത്താനും പിന്തുടരാനും ഭരണകൂടത്തിന് കഴിയുമെന്നതിലേക്കാണ്. ഇതിനോടൊപ്പം മുൻകൂട്ടി ഇൻസ്റ്റാൾ ചെയ്യപ്പെട്ട സർവെയ്ലൻസ് സൗകര്യമുള്ള ആപ്പും കൂടിയാവുമ്പോൾ രാജ്യത്തെ പൗരരാകെ ഭരണകൂടത്തിന്റെ കൺവെട്ടത്തുതന്നെ സദാ ഉണ്ടാകുന്ന സ്ഥിതിയാണ് സംജാതമാകുന്നത്. മാത്രമല്ല, അതിവിപുലമായ ഡാറ്റശേഖരം സർക്കാർ ഏജൻസികൾക്ക് യഥേഷ്ടം ലഭ്യമാകുകയും ചെയ്യും. ഇതിലൂടെ സന്ദേശങ്ങളുടെ ഉള്ളടക്കം വായിക്കാതെ തന്നെ പൗരരുടെ സോഷ്യൽ ഗ്രാ-ഫുകളും സഞ്ചാരപഥങ്ങളും സർക്കാർ ഏജൻസികൾക്ക് അടയാളപ്പെടുത്താനാകും. രാജ്യത്തെ പൗരരൊന്നടങ്കം ഈ സംവിധാനത്തിലൂടെ ഭരണകൂടത്തിന്റെ സർവെയ്ലൻസിൽ – നിരീക്ഷണവലയത്തിൽ അകപ്പെടും.

ഈ ആപ്പ് ഇൻസ്റ്റാൾ ചെയ്യപ്പെടുന്നതോടെ മൊബെെൽ ഫോൺ ഉപയോക്താക്കളുടെ പരിസരത്തിന്റെയടക്കം ഫോട്ടോയും വീഡിയോയുമെടുക്കാനും കഴിയുന്നു. അതായത് 120 കോടിയോളം വരുന്ന മൊബെെൽ ഫോൺ ഉപയോക്താക്കളെ മാത്രമല്ല, രാജ്യത്തെ മുഴുവനാളുകളെയും ഭരണകൂടത്തിന്റെ ചാരക്കണ്ണുകൾക്കു മുന്നിൽ അകപ്പെടുത്തുകയാണ്.

2017ലെ പുട്ടസ്വാമി കേസിലെ (ജസ്റ്റിസ് കെ എസ് പുട്ടസ്വാമി (റിട്ടയേർഡ്) Vs യൂണിയൻ ഓഫ് ഇന്ത്യ & അതേഴ്സ്) സുപ്രീംകോടതി വിധിന്യായത്തിന്റെ നഗ്നമായ ലംഘനമാണ് ഇന്ത്യാ ഗവൺമെന്റ് ഇപ്പോൾ നടത്തുന്നത്. ഭരണഘടനയുടെ ആർട്ടിക്കിൾ 21 പ്രകാരമുള്ള വ്യക്തിസ്വാതന്ത്ര്യത്തിനും ജീവിക്കാനുമുള്ള പൗരരുടെ അവകാശത്തിന്റെ അവിഭാജ്യഘടകമാണ് സ്വകാര്യത സംരക്ഷിക്കാനുള്ള അവകാശം എന്ന് ഉറക്കെ പ്രഖ്യാപിക്കുന്നതാണ് ആ സുപ്രീംകോടതി വിധി. അതിനെ കാറ്റിൽ പറത്തുകയും വെല്ലുവിളിക്കുകയുമാണ് സഞ്ചാർ സാഥി ആപ്പ് മുൻകൂട്ടി ഇൻസ്റ്റാൾ ചെയ്യണമെന്നതുൾപ്പെടെയുള്ള സമീപകാലത്തെ പല ഉത്തരവുകളിലൂടെയും നടപടികളിലൂടെയും ഇന്ത്യാ ഗവൺമെന്റ് ചെയ്യുന്നത്.

സഞ്ചാർ സാഥി ആപ്പ് പൗരരുടെ സ്വകാര്യതയിലേക്ക് കടന്നുകയറാനുളള ആർഎസ്എസ്/ബിജെപി സർക്കാരിന്റെ ആദ്യ നീക്കമല്ല; ഒറ്റപ്പെട്ടതുമല്ല. പ്രതിപക്ഷത്തെ പ്രമുഖ നേതാക്കളുടെയും പാർലമെന്റംഗങ്ങളുടെയും നിരവധി മാധ്യമപ്രവർത്തകരുടെയും സ്മാർട്ട് ഫോണുകളിൽ പെഗാസസ് എന്ന ഇസ്രയേലി ചാര ആപ്പ് രഹസ്യമായി സ്ഥാപിച്ച സംഭവത്തെ ഇതുമായി കൂട്ടിവായിക്കേണ്ടതാണ്. പെഗാസസുമായി ബന്ധപ്പെട്ട വെളിപ്പെടുത്തലുകളെ തുടർന്ന് സുപ്രീംകോടതിയിൽ വന്ന കേസിൽ പരമോന്നത നീതിപീഠം ഒരിക്കൽകൂടി സ്വകാര്യത മൗലികാവകാശമാണെന്ന അഭിപ്രായം ഉയർത്തിപ്പിടിച്ചിട്ടുണ്ട്. സ്വകാര്യതയിലേക്കുള്ള കടന്നുകയറ്റം ഏതു സാഹചര്യത്തിലും ഒരു വിധത്തിലും അനുവദിക്കാനാവില്ലെന്ന സുപ്രീംകോടതിയുടെ വിധിയെപ്പോലും അവഗണിച്ചാണ് മോദി ഗവൺമെന്റ് പൗരരുടെ സ്വകാര്യതയിലേക്ക് കടന്നുകയറുന്ന സഞ്ചാർ സാഥി ആപ്പ് രാജ്യത്തെ മുഴുവൻ സ്മാർട്ട് ഫോണുകളിലും ഇൻസ്റ്റാൾ ചെയ്യാൻ ഇറങ്ങിയത്.

അതിനു മുൻപ് 2023ലാണ് മോദി സർക്കാരിനുകീഴിൽ സ്ഥാപനപരമായ സുരക്ഷാ സംവിധാനത്തിന്റെ വിശ്വസനീയതയുടെ കാര്യത്തിൽ നീണ്ട കരിനിഴൽ വീണിരിക്കുന്നതായി സംശയിക്കാവുന്ന ആദ്യ സംഭവം ഉയർന്നുവന്നത്. 2023ൽ ജനപ്രതിനിധികളും മാധ്യമപ്രവർത്തകരും ഭരണഘടനാ സ്ഥാപനങ്ങളുടെ മേധാവികളും ഉൾപ്പെടെ പല പ്രമുഖർക്കും ആപ്പിൾ കോർപ്പറേഷനിൽ നിന്ന് അവരുടെ കെെവശമുള്ള ഐ ഫോണുകളിൽ സുരക്ഷാ ജാഗ്രതാ നിർദേശം ലഭിച്ചു. സർക്കാർ തന്നെ ഫോൺ ചോർത്താനുള്ള ശ്രമം നടത്തുന്നതായാണ് ആ ജാഗ്രതാനിർദേശം.

ഈ വിഷയം ഞാൻ ചുരുങ്ങിയത് 5 തവണയെങ്കിലും പാർലമെന്റിൽ ഉന്നയിച്ചിട്ടുണ്ട്. ഇത് സംബന്ധിച്ച അനേ-്വഷണത്തിന്റെ സ്ഥിതിയെക്കുറിച്ചുള്ള ചോദ്യങ്ങൾക്കൊന്നിന്നും മറുപടി പറയാൻ തയ്യാറാകാതെ ഒഴിഞ്ഞുമാറുകയായിരുന്നു സർക്കാർ ചെയ്തതത്. ‘‘രഹസ്യസ്വഭാവത്തിലുള്ള വിഷയമായതിനാൽ പാർലമെന്റിൽ ചോദ്യം അനുവദിക്കാനാവില്ല’’യെന്നാണ് ആവർത്തിച്ചുണ്ടായ പ്രതികരണം. എന്റെ അറിവനുസരിച്ച് ഫോൺ ചോർത്തൽ സംബന്ധിച്ച അനേ-്വഷണം പൂർത്തിയായോ, അതിലെ നിഗമനമെന്ത്, എന്നീ കാര്യങ്ങൾ ഇതേവരെ പാർലമെന്റിനെ സർക്കാർ അറിയിച്ചിട്ടേയില്ല. സെെബർ സുരക്ഷയുടെയും മൗലികാവകാശങ്ങളുടെയും ജനാധിപത്യ ഉത്തരവാദിത്വത്തിന്റെയും അന്തഃസത്ത ഉൾക്കൊള്ളുന്ന ഒരു വിഷയത്തിലുണ്ടായ അനേ-്വഷണ വിവരങ്ങൾ പാർലമെന്റിൽനിന്നു പോലും മറച്ചുവയ്ക്കുമ്പോൾ പുതിയ ഡിജിറ്റൽ നിയന്ത്രണങ്ങൾ ദുരുപയോഗപ്പെടുത്തപ്പെടില്ലയെന്ന്- സാധാരണ പൗരർക്ക് എങ്ങനെയാണ് വിശ്വസിക്കാനാവുക?

അമേരിക്കയിൽ തടവുപുള്ളികളെ പരോളിൽ വിടുമ്പോൾ അവരുടെ കെെത്തണ്ടയിലോ കണങ്കാലിലോ ബെൽറ്റുപോല ഒരു ഇലക്ട്രോണിക് ഉപകരണം ഘടിപ്പിച്ചുവിടാറുണ്ട്. തടവുകാർ ഓടിപ്പോകാതിരിക്കാൻ അവരെ അധികൃതരുടെ കൺമുന്നിൽ നിർത്തുന്നതിനാണത്. അവിടെപ്പോലും തടവുകാരുടെ സഞ്ചാരപഥം മാത്രമേ നിരീക്ഷണവലയത്തിലാക്കുന്നുള്ളൂ; അവർ ചിന്തിക്കുന്നതും അവരുടെ ആശയവിനിമയവും സഞ്ചാർ സാഥിയിലെന്നപോലെ നിരീക്ഷണവലയത്തിലാകുന്നില്ല. മോദി സർക്കാർ തൽക്കാലം അൽപ്പം പിന്നോട്ടുപോയെങ്കിലും അപകടം ഇപ്പോഴും നമുക്കൊപ്പമുണ്ട്. പെഗാസസ് ചെലവേറിയതും അതുകൊണ്ടുതന്നെ ചുരുക്കം ചിലരെ മാത്രം, അതും അവരുടെ സമ്മതം കൂടാതെ നിരീക്ഷണവലയത്തിലാക്കുന്നതുമായിരുന്നെങ്കിൽ സഞ്ചാർ സാഥി നമ്മുടെ സമ്മതത്തോടെ മുൻവാതിലിലൂടെ തന്നെ കടന്നുകയറി നമ്മെ ഭരണകൂട നിരീക്ഷണത്തിന്റെ കത്രികപൂട്ടിനകത്താക്കുകയാണ്. ഇനി അടുത്തത് 140 കോടി ഇന്ത്യക്കാരുടെയും തലച്ചോറിൽ ഇലക്ട്രോണിക് ചിപ്പ് ഘടിപ്പിക്കലായാലും അത്ഭുതപ്പെടേണ്ടതില്ല. നാം സദാ ജാഗരൂകരായിരിക്കണമെന്നാണ് ഇതെല്ലാം നമ്മെ ഓർമിപ്പിക്കുന്നത്. l

ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

9 + one =

Most Popular