Thursday, January 29, 2026

ad

Homeകവര്‍സ്റ്റോറിസഞ്ചാർ സാഥി പ്രതിരോധത്തിന്റെ പാഠം

സഞ്ചാർ സാഥി പ്രതിരോധത്തിന്റെ പാഠം

ഡോ. ടി എം തോമസ് ഐസക്

ബിഹാർ നിയമസഭാ തിരഞ്ഞെടുപ്പിൽ എൻ.ഡി.എ സഖ്യത്തിന് അപ്രതീക്ഷിത വിജയം നേടാനായത് എങ്ങനെ എന്നതുസംബന്ധിച്ച് ഇനിയും നാം പലതും അറിയാനിരിക്കുന്നു. പക്ഷേ, 243-ൽ 202 സീറ്റുകൾ നേടിയുള്ള വിജയം ബിജെപിക്ക് ജനവിരുദ്ധ നയങ്ങൾ അടിച്ചേൽപ്പിക്കുവാനുള്ള ഹുങ്കും അധികാരവും നൽകിയിരിക്കുകയാണ്. ഇതിന്റെ ആദ്യത്തെ സൂചനയായിരുന്നു കഴിഞ്ഞ അഞ്ചാറുവർഷമായി ‘കോൾഡ് സ്റ്റോറേജിൽ’ മരവിപ്പിച്ചു നിർത്തിയിരുന്ന ലേബർ കോഡുകൾ ആരോടും ഒരു ചർച്ചയും നടത്താതെ നടപ്പിലാക്കാൻ തീരുമാനിച്ചത്. ഇതിന്റെ തുടർച്ചയാണ് പൗരരുടെ സ്വകാര്യതയിലേക്ക് ഒളിഞ്ഞുനോക്കുന്ന ‘സഞ്ചാർ സാഥി’ ആപ്പും. രാജ്യമാസകലം ഉയർന്നുവന്ന പ്രതിഷേധത്തെ തുടർന്ന് ‘സഞ്ചാർ സാഥി’ ആദ്യം ഭാഗികമായും പിന്നീട് പൂർണ്ണമായും പിൻവലിക്കാൻ കേന്ദ്ര സർക്കാർ നിർബന്ധിതമായി. ഇത് വലിയ പാഠമാണ്. ജനവിരുദ്ധ നയങ്ങൾക്കെതിരെ ശക്തമായ എതിർപ്പുയർത്തിയാൽ ബിജെപിയെ പ്രതിരോധത്തിലാഴ്ത്താനാവും. ലേബർ കോഡിനെതിരായ സമരത്തിന് ഇത് ഉത്തേജനമാവണം.

നമ്മുടെ കീശയിലെ ചാരൻ
നമ്മുടെ കീശയിലെ സർക്കാർ ചാരൻ തൊഴിൽ നിയമങ്ങളിലെ അടിച്ചമർത്തൽ പോലെ തന്നെ ഭയപ്പെടുത്തുന്നതാണ്; ടെലികോം വകുപ്പിന്റെ ‘സഞ്ചാർ സാഥി’ ആപ്പ് ഉയർത്തുന്ന ഭീഷണിയും അതുപോലെ തന്നെ. നഷ്ടപ്പെട്ട ഫോണുകൾ കണ്ടെത്താനും തട്ടിപ്പുകൾ തടയാനും എന്ന പ്രഖ്യാപിത ലക്ഷ്യത്തോടെയാണ് ഇത് അവതരിപ്പിക്കപ്പെട്ടതെങ്കിലും, അതിന്റെ ഉള്ളുകള്ളികൾ പെഗാസസ് പോലുള്ള ചാര സോഫ്ട്-വെയറുകളെ ഓർമ്മിപ്പിക്കുന്നു. ഓരോ അപ്‌ഡേറ്റിലും ഉപയോക്താവറിയാതെ പുതിയ നിരീക്ഷണ സംവിധാനങ്ങൾ ഇതിലേക്ക് കൂട്ടിച്ചേർക്കാൻ ബിജെപി സർക്കാരിന് ഇതുവഴി സാധിക്കും.

ഒരു സാധാരണ ട്രാക്കിങ് ആപ്പിന് ആവശ്യമില്ലാത്ത, എന്നാൽ ഒരു ചാരന് അത്യാവശ്യമായ പെർമിഷനുകളാണ് സഞ്ചാർ സാഥി ചോദിക്കുന്നത്. നമ്മുടെ എസ്എംഎസുകൾ വായിക്കാനും കോൾ ലോഗുകൾ പരിശോധിക്കാനും ഫോണിലെ ഫോട്ടോകളും ഫയലുകളും കാണാനും ക്യാമറ ഉപയോഗിച്ച് ദൃശ്യങ്ങൾ പകർത്താനും ഈ ആപ്പിന് അനുമതി നൽകേണ്ടി വരുന്നു. 2025 നവംബർ 28-ലെ ഉത്തരവുപ്രകാരം ഇത് എല്ലാ ഫോണുകളിലും നിർബന്ധമായും പ്രീ-ഇൻസ്റ്റാൾ ചെയ്യണമെന്ന് സർക്കാർ ആവശ്യപ്പെട്ടത് വരാനിരിക്കുന്ന ‘മാസ് സർവെയ്ലൻസി’ന്റെ (Mass Surveillance) സൂചനയായിരുന്നു.

ജനകീയ പ്രതിഷേധം ഭയന്ന് തൽക്കാലം പിന്മാറിയെങ്കിലും, ഭാവിയിൽ ഈ ആപ്പ് ഉപയോഗിച്ച് സർക്കാരിനെതിരായ പ്രതിഷേധങ്ങളെയും വിമതശബ്ദങ്ങളെയും അടിച്ചമർത്താൻ ഭരണകൂടത്തിന് സാധിക്കും. ‘ഫങ്
ഷൻ ക്രീപ്പ്’ എന്നറിയപ്പെടുന്ന ഈ തന്ത്രത്തിലൂടെ, ഫോൺ കണ്ടെത്താനുള്ള ഉപകരണം പൗരരെ നിരീക്ഷിക്കാനുള്ള ആയുധമായി മാറും. ഉപയോക്താവിന്റെ അനുമതിയോ, വേണ്ടെന്നുവെക്കാനുള്ള (opt-out) അവസരമോ, ഇത് സംബന്ധിച്ച ജനാധിപത്യപരമായ ചർച്ചകളോ ഇല്ലാതെയാണ് ഗവൺമെന്റ് ഇത് അടിച്ചേൽപ്പിക്കാൻ ശ്രമിച്ചത്. ഇതാണ് സൈബർ നിരീക്ഷണത്തിന്റെ ഏറ്റവും ഭീകരരൂപം. കുറ്റവാളികളെപ്പോലെ നമ്മെ ട്രാക്ക് ചെയ്യാനുള്ള അധികാരം സർക്കാരിന് ലഭിക്കുകയാണ് അവരുടെ ആവശ്യം.

‘IMEI തട്ടിപ്പ് തടയുക’ എന്ന സാങ്കേതിക ന്യായത്തിന്റെ മറവിൽ, റൂട്ട്-ലെവൽ ആക്‌സസോടുകൂടി പ്രവർത്തിക്കുന്ന ഒരു ‘ഭരണകൂട സ്പൈവെയർ’ (State Spyware) ഓരോ പൗരന്റെയും പോക്കറ്റിലേക്ക് തിരുകിക്കയറ്റുകയാണ് ഇവിടെ ചെയ്യുന്നത്. ഇത് കേവലമൊരു തട്ടിപ്പ് തടയൽ നടപടിയല്ല; മറിച്ച്, പൗരരുടെ സ്വകാര്യതയെന്ന മൗലികാവകാശത്തെ ചവിട്ടിമെതിച്ചുകൊണ്ട് സമ്പൂർണ്ണ ഡിജിറ്റൽ നിരീക്ഷണത്തിലേക്ക് രാജ്യത്തെ നയിക്കാനുള്ള മോദി സർക്കാരിന്റെ ആസൂത്രിത നീക്കമാണ്.

സ്വകാര്യതയുടെ
ചില്ലുഭിത്തികൾ
“എനിക്ക് ഒന്നും ഒളിക്കാനില്ല, പിന്നെന്തിന് ഭയക്കണം?’ എന്ന സ്ഥിരം വാദം ഇവിടെ അപ്രസക്തമാണ്. സ്വകാര്യത എന്നത് കള്ളത്തരങ്ങൾ ഒളിപ്പിക്കാനുള്ളതല്ല, മറിച്ച് സ്വന്തം ജീവിതത്തിന്മേലുള്ള നിയന്ത്രണവും അന്തസ്സും നിലനിർത്താനുള്ള പൗരന്റെ അവകാശമാണ്. സ്വന്തം വീടിന്റെ ഭിത്തികൾ പൊളിച്ച്, പകരം സുതാര്യമായ ചില്ലുകൾ ഇട്ടാൽ എങ്ങനെയിരിക്കും? വീടിനുള്ളിൽ നമ്മൾ ചെയ്യുന്നതെല്ലാം പുറത്തുനിൽക്കുന്ന ഒരാൾക്ക് കാണാൻ അവസരം നൽകുന്നതിന് തുല്യമാണ് സഞ്ചാർ സാഥിക്ക് നമ്മുടെ ഫോണിലേക്ക് പൂർണ്ണ പ്രവേശനം നൽകുന്നത്. ഇത് പുട്ടസ്വാമി വിധി ഉറപ്പുനൽകുന്ന മൗലികാവകാശങ്ങളുടെ നഗ്നമായ ലംഘനമാണ്.

ബി.ജെ.പി കൊട്ടിഘോഷിക്കുന്ന ‘വികസിത് ഭാരത്’ യഥാർത്ഥത്തിൽ വൻകിട കോർപ്പറേറ്റുകളുടെയും, പൗരരെ സംശയത്തോടെ വീക്ഷിക്കുന്ന ഭരണകൂടത്തിന്റെയും ഭാരതമായി മാറിക്കൊണ്ടിരിക്കുകയാണ്. ബിഹാർ വിജയം അവർക്ക് നൽകിയ ഊർജം ജനാധിപത്യത്തിന് വെല്ലുവിളിയാകുന്നു.

സഞ്ചാർ സാഥി പൗരർക്കുവേണ്ടിയുള്ള സേവനമല്ല, മറിച്ച് പൗരർക്കു മേലുള്ള ഒരു ചങ്ങലയാണ്. അത് നിങ്ങളുടെ മെസേജുകൾ വായിക്കുന്നു, ലൊക്കേഷൻ ട്രാക്ക് ചെയ്യുന്നു, കോളുകൾ കേൾക്കുന്നു, ഫോൺ ഫോർമാറ്റ് ചെയ്താലും നിങ്ങളെ വിടാതെ പിന്തുടരുന്നു. ഇത്തരമൊരു ആപ്പ് നിർബന്ധിതമാക്കുന്നതിലൂടെ ഇന്ത്യൻ ഭരണഘടന ഉറപ്പുനൽകുന്ന സ്വകാര്യതയ്ക്കുള്ള മൗലികാവകാശത്തെ (Right to Privacy) സർക്കാർ വെല്ലുവിളിക്കുകയാണ്.

സ്വകാര്യതയെന്ന അവകാശം
സ്വകാര്യത എന്നത് ഭരണഘടനയുടെ ആർട്ടിക്കിൾ 21 പ്രകാരം ജീവിക്കാനുള്ള അവകാശത്തിന്റെ (Right to Life and Personal Liberty) ഭാഗമാണ്. സാങ്കേതികവിദ്യയെ ജനാധിപത്യത്തെ ശക്തിപ്പെടുത്താനല്ല, മറിച്ച് എതിർശബ്ദങ്ങളെ അടിച്ചമർത്താനും പൗരരെ സ്ഥിരമായി നിരീക്ഷണവലയത്തിൽ നിർത്താനുമാണ് ഉപയോഗിക്കുന്നത് എന്ന ഭീതി, ഇന്ത്യയെന്ന സ്വതന്ത്ര ജനാധിപത്യ രാജ്യത്തെ പൗരർക്ക് ഉണ്ടാകരുത്. എന്നാൽ നിർഭാഗ്യവശാൽ സഞ്ചാർ സാഥി വിരൽചൂണ്ടുന്നത് ആ വഴിക്കാണ്.

ഇത് സംബന്ധിച്ച ഉത്തരവ് നവംബർ 28 ന് ഇറങ്ങിയത് കമ്പനികൾക്കുള്ള രഹസ്യ നിർദ്ദേശമായിട്ടാണ്. മാധ്യമങ്ങളെയോ, പൊതുമണ്ഡലത്തെയോ അറിയിച്ചിരുന്നില്ല. കമ്പനികൾ തന്നെ ആയിരിക്കണം ഇത് മാധ്യമങ്ങൾക്ക് ചോർത്തി നൽകിയത്. ആപ്പിളും ഗൂഗിളും ഇത്തരത്തിൽ ഭരണകൂടത്തിന്റെ ഒരു ആപ്പ് തങ്ങളുടെ ഫോണിൽ ലോകത്തൊരിടത്തും ഇൻസ്റ്റാൾ ചെയ്തിട്ടില്ലെന്ന് പ്രതികരിക്കുകയുണ്ടായി. ആപ്പിൾ കോടതിയെ സമീപിക്കും എന്നും ഊഹാപോഹങ്ങളുണ്ടായി.

ഡിസംബർ 1 നാണ് മാധ്യമ വാർത്തകളും, പ്രതിപക്ഷ പ്രതിഷേധവും ഉണ്ടായതിനെത്തുടർന്ന് ഭരണകൂടം ഒരു പ്രസ് കമ്യൂണിക്ക ഇറക്കിയത്. ഇതിലാണ് ആദ്യമായി ആപ്പിന്റെ വിശദാംശങ്ങളും സൈബർ സെക്യൂരിറ്റിക്ക് ഇതിന്റെ പ്രാധാന്യവും മറ്റും വിശദീകരിച്ചത്. അതോടെ പ്രതിഷേധം കൂടുതൽ ശക്തിപ്പെട്ടു.

തുടർന്ന് ഡിസംബർ 2 ന് ടെലികോം മന്ത്രി ജേ-്യാതിരാദിത്യ സിന്ധ്യ ആപ്പ് വോളന്ററി ആണെന്നും, ഇഷ്ടമില്ലാത്തവർക്ക് അത് ഡിലീറ്റ് ചെയ്യാമെന്നും വ്യക്തമാക്കി. പക്ഷേ കമ്പനികൾ പുതിയ ഫോണുകളിൽ ആപ്പ് നിർബന്ധമായും പ്രീഇൻസ്റ്റാൾ ചെയ്യണം എന്ന നിബന്ധന പിൻവലിക്കാൻ തയ്യാറായില്ല.

ഡിസംബർ 3 നാണ് അവസാനം പ്രീഇൻസ്റ്റലേഷൻ നിബന്ധന പിൻവലിച്ചുകൊണ്ടുള്ള ഉത്തരവ് വന്നത്-. ആവശ്യമുള്ളവർക്ക് മറ്റെല്ലാ ആപ്പുകളും ഡൗൺലോഡ് ചെയ്ത് ഇൻസ്റ്റാൾ ചെയ്യാം എന്നായി. രണ്ടു കോടി ആളുകൾ ഇപ്രകാരം സ്വമേധയാ ഈ ആപ്പ് ഇൻസ്റ്റാൾ ചെയ്തിട്ടുണ്ട് എന്നും ഇത്തരത്തിൽ ആപ്പിനെ പ്രോത്സാഹിപ്പിക്കുകയാണ് സർക്കാരിന്റെ നയമെന്നും സിന്ധ്യ വിശദീകരിച്ചു. അദ്ദേഹം ഇത് പാർലമെന്റിൽ വ്യക്തമാക്കുകയും ചെയ്തു.

പക്ഷെ, സിപിഐഎം ജനറൽ സെക്രട്ടറി എം എ ബേബി തന്റെ പ്രതികരണത്തിൽ വ്യക്തമാക്കിയതുപോലെ പിൻവലിച്ചുകൊണ്ടുള്ള പത്രക്കുറിപ്പ് തൃപ്തികരമല്ല. ഔപചാരികമായി സർക്കാർ ഉത്തരവുതന്നെ ഇനിയും ഇറങ്ങേണ്ടതുണ്ട്. ഫോണിലേയ്ക്കും, സാമൂഹ്യമാധ്യമങ്ങളിലേയ്ക്കുമുള്ള സർക്കാർ കടന്നുകയറ്റത്തെക്കുറിച്ച് നമ്മൾ നിതാന്ത ജാഗ്രത പുലർത്തേണ്ടത് അത്യന്താപേക്ഷിതമാണ്.

ഈ സാഹചര്യത്തിലാണ്, സഞ്ചാർ സാഥി ആപ്പ് ഉയർത്തുന്ന സ്വകാര്യതാ പ്രശ്നങ്ങളെക്കുറിച്ചും അത് എങ്ങനെയാണ് പൊതുജനങ്ങളുടെ ജീവിതത്തെ ബാധിക്കാൻ പോകുന്നതെന്നും വിശദമായി പരിശോധിച്ചുകൊണ്ടുള്ള കവർസ്റ്റോറി ചിന്ത പ്രസിദ്ധീകരിക്കുന്നത്. l

ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

16 − 8 =

Most Popular