രാജ്യത്ത് നവഫാസിസത്തിന്റെ തേർവാഴ്ചയാണെന്ന സങ്കൽപനത്തെ അരക്കിട്ടുറപ്പിക്കുന്ന കാര്യങ്ങളാണ് ഇന്ന് മോദി വാഴ്ചയിൽ അനുദിനം ഉണ്ടായിക്കൊണ്ടിരിക്കുന്നത്. ആദ്യം ഐ ഫോൺ ഉപയോക്താക്കളുടെ ഫോണുകളിൽ നിന്ന് വിവരങ്ങൾ ചോർത്താനുള്ള നീക്കമായിരുന്നെങ്കിൽ, അതിനെ ഐ ഫോൺ നിർമാതാക്കൾ തന്നെ എതിർത്തതോടെ അടുത്തപടി പെഗാസസ് ചാര സോഫ്ട്-വെയർ ഉപയോഗിച്ച് പ്രമുഖരെ നിരീക്ഷിക്കാനുള്ള നീക്കമായി. അതിനെതിരെയും പ്രതിഷേധവും സുപ്രീംകോടതി ഇടപെടലും ഉണ്ടായതോടെ പിന്മാറാൻ ബിജെപി സർക്കാർ നിർബന്ധിതമായി. അടുത്തപടി സഞ്ചാർ സാഥിയുടേതായി. നഷ്ടപ്പെടുന്ന മൊബെെൽ ഫോണുകൾ കണ്ടെത്താനുള്ള ആപ്പ് എന്ന വിശേഷണത്തോടെയാണ് ടെലികമ്യൂണിക്കേഷൻ ഡയറക്ടറേറ്റ് 2025 ജനുവരിയിൽ ആദ്യം ഇതിനെ അവതരിപ്പിച്ചത്. എന്നാൽ അതിന്റെ തനി സ്വരൂപം പുറത്തറിയാൻ അധികകാലം വേണ്ടിവന്നില്ല. പാർലമെന്റിനുള്ളിലും പുറത്തും എതിർപ്പുയർന്നതിനെ തുടർന്ന് പ്രി – ഇൻസ്റ്റലേഷൻ നിർബന്ധമില്ല എന്ന് പ്രസ്താവന ഇറക്കാൻ കമ്യൂണിക്കേഷൻ മന്ത്രി ജേ-്യാതിരാദിത്യ സിന്ധ്യ നിർബന്ധിതനായി. എന്നിരുന്നാലും ആർഎസ്എസ് നിയന്ത്രിതമായ മോദി സർക്കാർ പിൻവാതിലിലൂടെ അത് കൊണ്ടുവരാനുള്ള നീക്കം തുടരുമെന്നുറപ്പാണ്.
ഇന്ത്യാ ഗവൺമെന്റിന്റെ ഇത്തരം നിഗൂ-ഢ നീക്കങ്ങൾക്കെതിരെ ജനങ്ങളുടെയാകെ നിതാന്ത ജാഗ്രതയും ചെറുത്തുനിൽപ്പും അനിവാര്യമാണ്. ഈ പശ്ചാത്തലത്തിലാണ് ചിന്തയുടെ ഈ ലക്കത്തിലെ കവർസ്റ്റോറി ഈ വിഷയത്തിൽ കേന്ദ്രീകരിച്ചായിരിക്കണമെന്ന് ഞങ്ങൾ തീരുമാനിച്ചത്. ഡോ. ടി എം തോമസ് ഐസക്, ഡോ. ജോൺ ബ്രിട്ടാസ് എംപി, പ്രബീർ പുർകായസ്ത, അൻവർ സാദത്ത്, ബാബുജി കെ ആർ വെെക്കം, എ എം ഷിനാസ് എന്നിവരാണ് ലേഖകർ.
നവഫാസിസത്തിനെതിരായ പോരാട്ടത്തിന് കൂടുതൽ സൂക്ഷ്മതയും ഒപ്പം ജാഗ്രതയും വേണ്ടതുണ്ട്. അതുകൊണ്ടുതന്നെ നവഫാസിസ്റ്റ് ഭരണാധികാരികളുടെ ഓരോ നീക്കത്തെയും ചെറുചലനത്തെയും വരെ സസൂക്ഷ്മം വിലയിരുത്തുകയും ആഴത്തിൽ വിശകലനം നടത്തുകയും വേണം. എങ്കിൽ മാത്രമേ ഈ മഹാവിപത്തിനെ ചെറുത്തു തോൽപ്പിക്കാനാവൂ. ഇത്തരമൊരു പോരാട്ടത്തിന്റെ ഭാഗമായാണ് ഞങ്ങൾ ചിന്തയുടെ ഈ ലക്കം വായനക്കാർക്ക് മുന്നിൽ അവതരിപ്പിക്കുന്നത്. l



