സാമ്രാജ്യത്വത്തിന്റെ ക്രൂരതകൾക്കും ആക്രമണാത്മകതയ്ക്കുമാണ് കഴിഞ്ഞ ഏതാനും വർഷങ്ങളിലെന്നപോലെ 2025ലും ലോകം സാക്ഷ്യംവഹിച്ചത‍്. എല്ലാ അന്താരാഷ്ട്ര നിയമങ്ങളെയും ചട്ടങ്ങളെയും കാറ്റിൽപ്പറത്തിക്കൊണ്ട് ലോകത്തിനുമേലാകെ ആധിപത്യമുറപ്പിക്കാനുള്ള നീക്കത്തിലാണ് സാമ്രാജ്യത്വം. റഷ്യയെ വലയംചെയ്യാനും വരുതിയിലാക്കാനും നാറ്റോയുടെ നേതൃത്വത്തിൽ ഉക്രൈനിൽ നടക്കുന്ന യുദ്ധം 2026 ഫെബ്രുവരിയാകുമ്പോൾ നാല് വർഷം പിന്നിടുകയാണ്. കൃത്യമായി പറഞ്ഞാൽ, 2014 ഫെബ്രുവരിയിൽ ഉക്രൈനിലെ തിരഞ്ഞെടുപ്പ് അട്ടിമറിക്കാൻ യൂറോപ്യൻ യൂണിയന്റെയും അമേരിക്കയുടെയും പിന്തുണയോടെ നടന്ന മെെദാൻ കലാപത്തിന്റെയും തുടർന്നുണ്ടായ ആഭ്യന്തരയുദ്ധത്തിന്റെയും അനന്തരഫലമാണ് 2022ൽ ആരംഭിച്ച നേരിട്ടുള്ള യുദ്ധം. കുട്ടികളടക്കം പതിനയ്യായിരത്തോളം ആളുകൾ കൊല്ലപ്പെടുകയും 40,000 ത്തോളം പേർക്ക് പരിക്കേൽക്കുകയും ചെയ്ത ആ യുദ്ധം ഇപ്പോഴും തുടരുകയാണ്. സമാധാന നീക്കങ്ങളെല്ലാം സാമ്രാജ്യത്വശക്തികൾ ഇടപ്പെട്ട് തകർക്കുകയാണ്.
പലസ്തീനിൽ സാമ്രാജ്യത്വ പിന്തുണയോടെ ഇസ്രയേൽ നടത്തുന്ന ആക്രമണവും രണ്ട് വർഷത്തിലേറെയായി തുടരുകയാണ്. പലസ്തീനിൽനിന്ന് അറബ് വംശജരെയാകെ തുടച്ചുനീക്കാനുള്ള ക്രൂരമായ വംശഹത്യയാണ് ഇസ്രയേലിലെ സയണിസ്റ്റ് ഭരണകൂടം നടത്തിക്കൊണ്ടിരിക്കുന്നത്. 75,000 ത്തോളം പലസ്തീൻകാരാണ് ഗാസയിൽ കൊല്ലപ്പെട്ടത്, അതിൽ പകുതിയിലേറെയും സ്ത്രീകളും കുട്ടികളുമാണ്. പുതിയ യുദ്ധമുഖങ്ങൾ തുറക്കാൻ ഇറാനിലും വെനസേ-്വലയിലുമെല്ലാം അമേരിക്ക നീക്കം നടത്തിക്കൊണ്ടിരിക്കെവെയാണ് 2025 വിടപറയുന്നത്.
മുതലാളിത്ത ലോകത്താകെ അതിന്റെ ജീർണവും ആക്രമണാത്മകവുമായ രൂപം നടമാടുന്നതിനാണ് നാം സാക്ഷ്യംവഹിക്കുന്നത്. മനുഷ്യാധ്വാനം ഉൾപ്പെടെ സർവ വിഭവങ്ങളും മൂലധനത്തിന്റെ ഒടുങ്ങാത്ത ലാഭാർത്തിക്കായി കെെപ്പിടിയിലാക്കാനുള്ള വ്യഗ്രതയിൽ വംശീയതയെയും വർഗീയതയെയും ഭീകരതയെയുമെല്ലാം ആയുധമാക്കി ഈ കടന്നാക്രമണങ്ങൾക്ക് മറയിടാനുള്ള നീക്കങ്ങൾക്കും നാം സാക്ഷ്യംവഹിക്കുന്നു. ജനാധിപത്യത്തെ ശ്വാസംമുട്ടിച്ച് -സേ-്വച്ഛാധിപത്യശക്തികൾ–വലതുപക്ഷ രാഷ്ട്രീയം, ആധിപത്യത്തിനു ശ്രമിക്കുമ്പോഴും അതിനെതിരായ ചെറുത്തുനിൽപ്പുകളും ബദൽ മുന്നേറ്റങ്ങളും പ്രബലമായിതന്നെ ഉയർന്നുവരുന്നുണ്ട്.
ഇന്ത്യയിൽ നവഫാസിസത്തിന്റെ ഇളകിയാട്ടം സർവ സീമകളും കടക്കുന്ന കാഴ്ചയാണ് 2025നെ ശ്രദ്ധേയമാക്കുന്നത്. കോർപറേറ്റ് –ഹിന്ദുത്വശക്തികളുടെ കടന്നാക്രമണം വർധിച്ചുവരികയാണ്. ബീഹാർ തിരഞ്ഞെടുപ്പ് വിജയത്തിനുശേഷം ആർഎസ്എസ്/ ബിജെപി വാഴ്ച ഇനി എന്തുമാകാമെന്ന ഹുങ്കിലാണ്. മതന്യൂനപക്ഷങ്ങൾക്കെതിരായ കടന്നാക്രമണങ്ങൾ വ്യാപകമാക്കുന്നതിനൊപ്പം മോദി വാഴ്ച സമഗ്രാധിപത്യത്തിന്റെ ദംഷ്ട്രകൾ പുറത്തെടുത്തു തുടങ്ങി. എസ്ഐആറും സഞ്ചാർ സാഥിയെന്ന സർവെയ്-ലൻസ് ആപ്പുമെല്ലാം അതിന്റെ ദൃഷ്ടാന്തങ്ങളാണ്. ലേബർ കോഡുകളും വിത്തുബില്ലും വെെദ്യുതി സ്വകാര്യവൽക്കരണ നിയമവുമെല്ലാമായി ഇന്ത്യയിലെ തൊഴിലാളി– കർഷകജനവിഭാഗങ്ങൾക്കുനേരെയുള്ള ആക്രമണം രൂക്ഷമാക്കിക്കൊണ്ടിരിക്കുകയാണ്. ഗ്രാമീണ ദിരദ്രർക്ക് തൊഴിലും കൂലിയും ഉറപ്പുനൽകിയിരുന്ന തൊഴിലുറപ്പ് പദ്ധതിയെ അട്ടിമറിച്ചതും ഇതിന്റെ ദൃഷ്ടാന്തമാണ്.
ഇടതുപക്ഷത്തിന്റെ പാർലമെന്ററി സാന്നിധ്യം ദുർബലമാണെങ്കിലും പാർലമെന്റിൽ, പ്രത്യേകിച്ചും രാജ്യസഭയിൽ, ഇത്തരം കടന്നാക്രമണങ്ങൾക്കെതിരെ ശക്തമായ ചെറുത്തുനിൽപ്പിന് ഇടതുപക്ഷം തയ്യാറാകുന്നുണ്ട്. ഒപ്പം ട്രേഡ് യൂണിയനുകളുടെയും കർഷകപ്രസ്ഥാനത്തിന്റെയും ചെറുത്തുനിൽപ്പ് പോരാട്ടങ്ങളും ശക്തിപ്പെട്ടു വരുന്നുണ്ട്.
രാജ്യത്തിനാകെ ബദൽ ഉയർത്തി കേരളത്തിൽ ഇടതുപക്ഷ ഭരണം തുടരുകയാണ്. ഇടതുപക്ഷ സർക്കാരിനെയും സിപിഐ എമ്മിനെയും നുണക്കൂമ്പാരങ്ങൾ കെട്ടിചമച്ച് തകർക്കാനുള്ള നീക്കങ്ങൾ വലതുപക്ഷ പാർട്ടികളും അവരുടെ കുഴലൂത്തുകാരായ മാധ്യമങ്ങളും സർവശക്തിയും സമാഹരിച്ച് നടത്തിക്കൊണ്ടിരിക്കുകയാണ്. നിയമസഭാ തിരഞ്ഞെടുപ്പ് അടുത്തുവരുന്ന ഘട്ടത്തിൽ ഈ കടന്നാക്രമണം എല്ലാ സീമകളും ലംഘിക്കുമെന്നുറപ്പാണ്. ബിജെപിയുടെയും ഇതരവർഗീയ ശക്തികളുടെയും കൂട്ടുപിടിച്ചാണ് സിപിഐ എമ്മിനെതിരെ കടന്നാക്രമണത്തിന് യുഡിഎഫ് കച്ചകെട്ടി ഇറങ്ങിയിരിക്കുന്നത്.
ഏറെ ജാഗ്രത ആവശ്യമായ ഒരു സന്ദർഭമാണിത്. ഈ പശ്ചാത്തലത്തിലാണ് പോയവർഷത്തെ അവലോകനം ചെയ്യുന്ന കവർസ്റ്റോറി വായനക്കാരുടെ കെെകളിലെത്തിക്കുന്നത്. എം എ ബേബി, ഡോ. ടി എം തോമസ് ഐസക്, വിജയ് പ്രഷാദ്, പുത്തലത്ത് ദിനേശൻ, ആർ രാംകുമാർ, അശോകൻ ചരുവിൽ, ജി പി രാമചന്ദ്രൻ, ജിതിൻ കെ സി എന്നിവരാണ് എഴുതുന്നത്. l



