Thursday, January 29, 2026

ad

Homeആമുഖംആമുഖം

ആമുഖം

ലോകം 2026 ലേക്ക് കടക്കുമ്പോൾ അമേരിക്ക തങ്ങളുടെ അജൻഡ ലോകത്തെ അറിയിച്ചത് വെനസ്വേലയെ ആക്രമിച്ചുകൊണ്ടാണ്. 2026 ജനുവരി മൂന്നിന് അമേരിക്കൻ സമയം വെളുപ്പിന് രണ്ടു മണിയോടുകൂടി വെനസ്വേലയുടെ തലസ്ഥാനമായ കാരക്കാസിലും സമീപ പ്രവിശ്യകളിലും ബോംബാക്രമണം നടത്തുകയും പിന്നാലെ അമേരിക്കൻ സെെനികർ വെനസ്വേലയുടെ പ്രസിഡന്റിന്റെ ഔദ്യോഗിക വസതി ആക്രമിച്ച് സുരക്ഷാ ഭടന്മാരെയും മറ്റു ജീവനക്കാരെയുമാകെ കൊന്നൊടുക്കിയശേഷം മദുറൊയെയും ജീവിതപങ്കാളിയും സഹപോരാളിയുമായ സീലിയ ഫ്ളോറസിനെയും ബന്ദികളാക്കി അമേരിക്കയിൽ തടവിലാക്കുകയും ചെയ്തു. തങ്ങൾക്ക് ലോകത്തെവിടെയും കടന്നുകയറി ഏതു രാജ്യത്തെയും ആക്രമിക്കാനും അവിടുത്തെ ജനങ്ങൾ തിരഞ്ഞെടുക്കുന്ന ഭരണാധികാരികളെ പിടികൂടി തടവിലാക്കാനും കൊലപ്പെടുത്താനുമുള്ള അധികാരമുണ്ടെന്ന ധാർഷ്ട്യം നിറഞ്ഞ സമീപനമാണ് അമേരിക്കൻ സാമ്രാജ്യത്വം വച്ചുപുലർത്തുന്നത്. വിയറ്റ്നാം ജനത ഈ സാമ്രാജ്യത്വ ഹുങ്കിന് കനത്ത തിരിച്ചടിയേൽപ്പിച്ച് മുട്ടുകുത്തിച്ചെങ്കിലും അതിൽനിന്ന് പാഠം ഉൾക്കൊള്ളാനല്ല, പിന്നെയും ആക്രമണപരമ്പര തുടരാനാണ് അമേരിക്ക തയ്യാറായത്. ഗ്രാനഡയിൽ നിന്നു തുടങ്ങി ഇപ്പോൾ അത് വെനസ്വേലയിൽ എത്തിനിൽക്കുകയാണ്.

ജനാധിപത്യം സംരക്ഷിക്കാനായാണ് തങ്ങൾ മറ്റു രാജ്യങ്ങളെ കടന്നാക്രമിക്കുന്നത് എന്നാണ് അമേരിക്ക എക്കാലവും പറയാറുള്ളത്. എന്നാൽ തങ്ങളുടെ മൂലധന താൽപര്യത്തിനനുസരിച്ച് ഏതു രാജ്യത്തും കടന്നുകയറി എന്തും ചെയ്യുന്നതിന് അമേരിക്ക സൗകര്യാർത്ഥം ഉപയോഗിക്കുന്ന ഒരു മൂടുപടമാണ് ‘ജനാധിപത്യം’ എന്ന പദം. അതാണ് കഴിഞ്ഞ ഒരു നൂറ്റാണ്ടിലേറെക്കാലമായി ലോകത്തുടനീളം നാം കണ്ടുകൊണ്ടിരിക്കുന്നത്. ഇറാനിൽ, ഗ്വാട്ടിമാലയിൽ, ചിലിയിൽ ….. ഇപ്പോഴിതാ വെനസേ-്വലയിലും. ഇവിടങ്ങളിലെല്ലാം ജനങ്ങൾ തിരഞ്ഞെടുത്ത ഭരണാധികാരികളെയാണ് ജനാധിപത്യത്തിന്റെ പേരു പറഞ്ഞ് അമേരിക്ക അട്ടിമറിച്ചത്. യഥാർഥത്തിൽ ജനാധിപത്യത്തിന്റെയും മാനവികതയുടെയും അന്തകനായാണ് സാമ്രാജ്യത്വം പ്രവർത്തിക്കുന്നത്.

എണ്ണയും മറ്റു പ്രകൃതി വിഭവങ്ങളും ലോകത്തെവിടെയാണെങ്കിലും അതിന്മേൽ തങ്ങൾക്കവകാശമുണ്ടെന്ന് ട്രംപ് തുറന്നുപറയുമ്പോൾ അയാളുടെ മുൻഗാമികൾ ഒളിച്ചുകളി നടത്തുകയായിരുന്നു. തങ്ങൾക്ക് ലാഭമുണ്ടാക്കാനായി സമ്പത്താകെ അടിയറവെച്ചാൽ ജീവൻ മടക്കിത്തരാമെന്ന് പറയുന്ന കൊള്ള സംഘത്തലവനെ ഓർമിപ്പിക്കുംവിധമാണ് ട്രംപ് ഇപ്പോൾ വെനസേ-്വലയോട് പറയുന്നത്. ഇത് ലോകത്തിനുനേരെയുള്ള വെല്ലുവിളിയാണ്.

വെനസ്വേലയിലുടനീളം, മാതത്രമല്ല അമേരിക്കയിലുൾപ്പെടെ ലോകത്തുടനീളം അമേരിക്കൻ ഭരണാധികാരികളുടെ നികൃഷ്ടതയ്ക്കെതിരെ ജനുവരി മൂന്നിനുതന്നെ അതിശക്തമായ പ്രതിഷേധമാണുയർന്നത്. അന്താരാഷ്ട്രതലത്തിലെ വലതുപക്ഷ മാധ്യമങ്ങളൊന്നടങ്കം ട്രംപിനു പിന്നിൽ അണിനിരക്കുമ്പോൾ ലോക രാഷ്ട്രങ്ങളും ജനങ്ങളുമാകെ അമേരിക്കൻ നിഷ്ഠുരതയ്ക്കെതിരെ അണിനിരന്നത് വലതുപക്ഷശക്തികളെ അന്ധാളിപ്പിച്ചതായാണ് കാണുന്നത്. ഇനിയും കൂടുതൽ ശക്തമായ പ്രതിഷേധം ലോകത്താകെ ഉയർന്നുവരേണ്ടതുണ്ട്. ഈ പശ്ചാത്തലത്തിലാണ് ഈ വിഷയം ചിന്ത വാരികയുടെ ഈ ലക്കത്തിലെ കവർസ്റ്റോറിയാക്കാൻ തീരുമാനിച്ചത്. എം എ ബേബി, ആർ അരുൺകുമാർ, വിജയ് പ്രഷാദ്, ഡോ. ടി എം തോമസ് ഐസക്, സ്റ്റാൻലി ജോണി, എ ശ്യാം, ജി വിജയകുമാർ, സി ബി വേണുഗോപാൽ, സാജൻ എവുജിൻ എന്നിവർ ലേഖനങ്ങൾ എഴുതിയിരിക്കുന്നു.

സ്വന്തം അധീശാധിപത്യം ലോകത്താകെ ഉറപ്പിക്കുന്നതിനുവേണ്ടി, അമേരിക്കൻ കോർപ്പറേറ്റുകളുടെ കൊള്ളലാഭക്കൊതിയെ തൃപ്തിപ്പെടുത്തുന്നതിനുവേണ്ടി എന്തു കൊടുംപാതകം ചെയ്യാനും അമേരിക്കയ്ക്ക് മടിയില്ല. ഇന്ന് വെനസ്വേലയിൽ സംഭവിച്ചത് നാളെ ലോകത്തെവിടെയും സംഭവിക്കാം. അതിനാൽ അമേരിക്കൻ സാമ്രാജ്യത്വത്തിനെതിരെ ഒന്നിച്ചണിനിരക്കുന്നതിന് അന്താരാഷ്ട്ര സമൂഹം ഉണർന്നു പ്രവർത്തിക്കേണ്ട സമയം അതിക്രമിച്ചിരിക്കുന്നു. ഞങ്ങൾ സാമ്രാജ്യത്വത്തിനെതിരെ വെനസ്വേലയ്ക്കൊപ്പം! l

ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

seven + 9 =

Most Popular