തൊഴിലിനുള്ള അവകാശം രാജ്യത്തെ പൗരരുടെയാകെ മൗലികാവകാശമായിരിക്കണം എന്ന അഭിപ്രായം കമ്യൂണിസ്റ്റു പാർട്ടി എക്കാലത്തും ഉയർത്തിപ്പിടിച്ചിരുന്നതാണ്. അതിനായി നിരവധി പോരാട്ടങ്ങളും സ്വാതന്ത്ര്യാനന്തരം പാർട്ടിയുടെ നേതൃത്വത്തിൽ നടത്തിയിട്ടുണ്ട്. എന്നാൽ സ്വാതന്ത്ര്യാനന്തരം അരനൂറ്റാണ്ടിലേറെ പിന്നിട്ടിട്ടാണ് തൊഴിലവകാശം മൗലികാവകാശമാക്കിയില്ലെങ്കിലും അതംഗീകരിക്കുന്ന ഒരു നിയമനിർമാണത്തിന് ഭരണാധികാരികൾ നിർബന്ധിതമായത്. അതാകട്ടെ, സിപിഐ എം നേതൃത്വത്തിലുള്ള ഇടതുപക്ഷത്തിന്റെ പിന്തുണ കൂടാതെ ബിജെപി ഇതര സർക്കാർ രൂപീകരിക്കാൻ കോൺഗ്രസിനും കൂട്ടുകക്ഷികൾക്കും കഴിയില്ലായെന്ന സ്ഥിതിയുണ്ടായ സന്ദർഭത്തിൽ മാത്രവും.
2009ൽ പാർലമെന്റിൽ ഇടതുപക്ഷ സാന്നിധ്യം ദുർബലമായതോടെ തൊഴിലുറപ്പ് നിയമം ഉൾപ്പെടെ 2004–08 കാലത്തെ നിയമങ്ങളെയും നടപടികളെയും പിന്നോട്ടുപിടിക്കാൻ ഇന്ത്യൻ ഭരണവർഗം തുടർച്ചയായി ശ്രമം തുടങ്ങിയിരുന്നു. രണ്ടാം യുപിഎ സർക്കാരിന്റെ കാലത്ത് 2009ൽ ആദ്യം തൊഴിലുറപ്പ് കൂലിയും മിനിമം കൂലിയും തമ്മിൽ ബന്ധിപ്പിക്കുന്ന നിയമത്തിലെ വകുപ്പിൽ ഭേദഗതി വരുത്തി; മാത്രമല്ല തൊഴിലുറപ്പ് നിയമം നടപ്പാക്കുന്നതിനുള്ള ബജറ്റ് വകയിരുത്തലിൽ തുടർച്ചയായി വെട്ടിക്കുറവ് വരുത്തുകയും ചെയ്തു.
2014ൽ ആർഎസ്എസ് നയിക്കുന്ന, മോദിയുടെ നേതൃത്വത്തിലുള്ള ഗവൺമെന്റ് അധികാരത്തിലെത്തിയതോടെ മറ്റെല്ലാ തൊഴിലാളി വിരുദ്ധ, ജനവിരുദ്ധ നയങ്ങൾക്കുമൊപ്പം ദേശീയ തൊഴിലുറപ്പു പദ്ധതിക്ക് അന്ത്യംകുറിക്കാനുള്ള ആസൂത്രിത നീക്കങ്ങളും ആരംഭിച്ചു. തുടർച്ചയായി ബജറ്റ് വകയിരുത്തൽ വെട്ടിക്കുറയ്ക്കുക മാത്രമല്ല, സംസ്ഥാനങ്ങൾക്ക് നൽകേണ്ട തുക, അതായത് തൊഴിലുറപ്പ് തൊഴിലാളികൾക്കു നൽകേണ്ട കൂലിയും പശ്ചാത്തല ചെലവുകൾക്കുള്ള കേന്ദ്ര വിഹിതവും, നൽകാതെ കുടിശ്ശികയാക്കുകയുമായിരുന്നു. ഈ പദ്ധതിയെതന്നെ അപഹസിക്കുന്ന പ്രചരണം സംഘപരിവാറിന്റെയും മറ്റു വലതുപക്ഷ ശക്തികളുടെയും കേന്ദ്രങ്ങളിൽനിന്ന് തുടർച്ചയായി നടത്തിക്കൊണ്ടിരുന്നതും ഈ പശ്ചാത്തലത്തിൽ നാം കാണണം.
ഇപ്പോൾ മോദി സർക്കാർ കോർപ്പറേറ്റുകളുടെയും ഭൂപ്രഭുക്കളുടെയും സമ്പന്ന കർഷകരുടെയും 2005 മുതലുള്ള ആഗ്രഹം സാധിച്ചുകൊണ്ട് ഗ്രാമീണ തൊഴിലുറപ്പു പദ്ധതിക്ക് ചരമഗീതം എഴുതിയിരിക്കുകയാണ്. തൊഴിൽ ലഭിക്കുകയെന്നത് അവകാശമാണെന്ന വിപ്ലവകരമായ ആശയത്തെയാണ് ഇതോടെ ബിജെപി സർക്കാർ കഴുത്തു ഞെരിച്ചു കൊന്നത്, ഈ നടപടിയെ മഹാത്മാഗാന്ധിയുടെ പേര് ഒഴിവാക്കിയതായി മാത്രം കാണുന്നത് തെറ്റായ വായനയാണ്. ദേശീയ ഗ്രാമീണ തൊഴിലുറപ്പ് നിയമത്തിൽ വരുത്തിയ ഭേദഗതി പോലുമല്ലിത്. വി ബി – ജി റാം (ജി) എന്ന പേരിൽ പുതിയൊരു നിയമം കൊണ്ടുവന്ന് തൊഴിലുറപ്പു നിയമത്തെ തന്നെ തിരസ്കരിച്ചിരിക്കുകയാണ്.
തികച്ചും പ്രതിലോമപരവും ജനവിരുദ്ധവും സമ്പന്നപക്ഷപാതിത്വമുള്ളതുമായ സംഘ്പരിവാർ സർക്കാരിന്റെ ഈ നീക്കത്തെ ചെറുത്തുതോൽപ്പിച്ചേ മതിയാകൂ. തൊഴിലാളിവർഗത്തിന്റെ, അധ്വാനിക്കുന്നവരുടെ സംഘടിതശക്തിക്കു മുന്നിൽ ആർഎസ്എസ് നയിക്കുന്ന മോദി സർക്കാരിനെ മുട്ടുകുത്തിക്കാനാകുമെന്ന് ഐതിഹാസികമായ കർഷകസമരം തെളിയിച്ചതാണ്. അതിശക്തമായ പോരാട്ടത്തിലൂടെ സംഘ്പരിവാറിന്റെ ജനവിരുദ്ധമായ ഈ നീക്കത്തെ ചെറുത്തുതോൽപ്പിക്കാനാണ് സിപിഐ എം തീരുമാനിച്ചിരിക്കുന്നത്. അതിന്റെ ഭാഗമായാണ് ജനുവരി 5ന് കേരളത്തിലെ 23,000 തദ്ദേശ ഭരണവാർഡുകളിലും എൻആർഇജി വർക്കേഴ്സ് യൂണിയന്റെ നേതൃത്വത്തിൽ ‘തൊഴിലുറപ്പ് സംരക്ഷണ അസംബ്ലി’ സംഘടിപ്പിക്കാനും അവിടെ വെച്ച് തുടർ സമരപ്രഖ്യാപനം നടത്താനും ജനുവരി 14ന് തിരുവനന്തപുരത്ത് ലോക്-ഭവനുമുന്നിലും മറ്റു ജില്ലാ കേന്ദ്രങ്ങളിലെ കേന്ദ്ര സർക്കാർ ഓഫീസുകൾക്കുമുന്നിലും റാലി നടത്താനും തീരുമാനിച്ചിരിക്കുന്നത്. തൊഴിലുറപ്പ് സംരക്ഷണം നേടിയെടുക്കുന്നതുവരെയുള്ള ദേശീയ പോരാട്ടത്തിന്റെ നാന്ദികുറിക്കലാകുമിത്. ഈ പോരാട്ടം വിജയിപ്പിക്കേണ്ടത് തൊഴിലുറപ്പ് തൊഴിലാളികളുടെ മാത്രമല്ല എല്ലാ ജനവിഭാഗങ്ങളുടെയും ആവശ്യമാണ്.
ഈ പശ്ചാത്തലത്തിലാണ് ഞങ്ങൾ ഈ ലക്കം ചിന്ത വാരികയുടെ കവർസ്റ്റോറി ഈ വിഷയത്തിൽ കേന്ദ്രീകരിക്കാൻ തീരുമാനിച്ചത്. ബൃന്ദ കാരാട്ട്, എ വിജയരാഘവൻ,ഡോ. ടി എം തോമസ് ഐസക്, വിക്രം സിങ്, പ്രൊഫ. എസ് മോഹനകുമാർ, ഗോപകുമാർ മുകുന്ദൻ, ഡോ. ജിജു പി അലക്സ്, ബാലചന്ദ്രൻ പി.ഇടവ എന്നിവരാണ് ലേഖനങ്ങൾ എഴുതിയിരിക്കുന്നത്. l



