പാർലമെന്റിലെ ഭൂരിപക്ഷമുപയോഗിച്ച് കേന്ദ്ര ഗവൺമെന്റ് മഹാത്മാഗാന്ധി ഗ്രാമീണ തൊഴിലുറപ്പ് നിയമത്തിന് (MGNREGA) പകരമായി പുതിയൊരു ബില്ല് പാസാക്കി. നിർദ്ദിഷ്ട കരട്– പൂർണമായും ‘‘അവകാശങ്ങൾ കവർന്നെടുക്കൽ’’ (അധികാർ ചോരി) ബില്ല് നിലവിലെ നിയമമായ എംജിഎൻആർഇജിഎയുടെ സ്വഭാവത്തെത്തന്നെ മാറ്റുന്നതിനുവേണ്ടിയുള്ളതാണ്. ബില്ല്-, ഗ്രാമങ്ങളിലെ തൊഴിലെടുക്കുന്ന പാവപ്പെട്ടവരുടെ അവകാശങ്ങൾക്കുനേരെയുള്ള പുതിയ പ്രത്യക്ഷമായ കടന്നാക്രമണമായിരിക്കവെ തന്നെ, ഇന്ത്യൻ ഭരണഘടനയ്ക്കുമേലുള്ള ആക്രമണമായി ഇതിനെ കാണണം. അതുകൊണ്ടാണ് ഇത് പാർലമെന്റിന്റെ സ്റ്റാൻഡിങ് കമ്മിറ്റിക്കു വിടണമെന്ന് ഞങ്ങൾ പറയുന്നത്.
ഭരണഘടനയുടെ ആർട്ടിക്കിൾ 41 ഇങ്ങനെ പ്രസ്താവിക്കുന്നു: ‘‘സംസ്ഥാനങ്ങൾ അവയുടെ സാമ്പത്തികശേഷിയുടെയും വികാസത്തിന്റെയും പരിധിക്കുള്ളിൽ നിന്നുകൊണ്ട്, തൊഴിലിനായുള്ള അവകാശങ്ങൾ ഉറപ്പാക്കുന്നതിന് ഫലപ്രദമായ നടപടികൾ വ്യവസ്ഥ ചെയ്യണം….’’ തൊഴിലെടുക്കാനുള്ള അവകാശത്തെ മൗലികാവകാശമായി ഉൾപ്പെടുത്തണമെന്ന് ഭരണഘടനാനിർമാണസഭയിൽ ആവശ്യപ്പെട്ട, സോഷ്യലിസ്റ്റ് ആദർശങ്ങളാൽ സ്വാധീനക്കപ്പെട്ടവരും അതിനെ എതിർത്ത പ്രബലമായ മുതലാളിത്ത ലോബിയും തമ്മിൽ ശക്തമായ അഭിപ്രായവ്യത്യാസമുണ്ടായിരുന്നു. ഒടുവിൽ അതിനെ ഭരണഘടനയുടെ നിർദേശകതത്വങ്ങളിൽ ഉൾപ്പെടുത്തുകയായിരുന്നു. ഡോ. ബി ആർ അംബേദ്കർ ഇതിനെ ‘‘നൂതന സവിശേഷത’’ എന്നു വിശേഷിപ്പിച്ചു. നിർദേശകതത്വങ്ങൾ കോടതി വഴി പൗരർക്ക് നേടിയെടുക്കാനാവുന്നതല്ലെങ്കിലും ഇതിനെ ‘‘നിയമ നിർമാതാക്കൾക്ക്- നിർദേശങ്ങൾ നൽകുന്നതിനുള്ള ഉപകരണങ്ങൾ’’ ആയും ‘‘സാമ്പത്തിക ജനാധിപത്യത്തിന് അത്യന്താപേക്ഷിത’’ മായും പരിഗണിക്കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. ഭരണഘടനാ നിർമാണസഭയിലെ സോഷ്യലിസ്റ്റ് അനുകൂല അംഗമായ കെ ടി ഷാ ഇതിനെ ‘പരിപാവനമായ മോഹങ്ങൾ’’ എന്നു വിശേഷിപ്പിച്ചു. കെ ടി ഷായുടെ ഈ വാക്കുകൾ, മുതലാളിത്ത ‘‘വികസന’’ത്തിന്റെ ഈ കാലഘട്ടത്തിലുടനീളം പ്രതിധ്വനിക്കുകയാണ്. തൊഴിൽരഹിതരുടെ ജീവിതാനുഭവങ്ങളിലും തൊഴിലവസരങ്ങളുടെ നിഷേധത്തിലും ഇത് പ്രകടമാണ്.
ഇടതുപക്ഷത്തിന്റെ നിർണായക പങ്ക്
ഭരണഘടനയിലെ നിർദേശക തത്വങ്ങളോട്, കുറേക്കൂടി വ്യക്തമായി പറഞ്ഞാൽ, തൊഴിലെടുക്കാനുള്ള അവകാശത്തോട് ഏതാണ്ട് അടുത്തുനിൽക്കുന്ന ഒരു നയംമാറ്റം ഉറപ്പാക്കുന്നതിന് തൊഴിലെടുക്കുന്ന ജനതയുടെ അഞ്ചരപതിറ്റാണ്ടുകാലത്തെ പോരാട്ടവും നാടകീയമായ രാഷ്ട്രീയ സംഭവവികാസങ്ങളും വേണ്ടിവന്നു. 2004ലെ പൊതുതിരഞ്ഞെടുപ്പിൽ യുപിഎ ബിജെപിയെ പരാജയപ്പെടുത്തി. എന്നാൽ യുപിഎക്ക് ഭൂരിപക്ഷമില്ലാതിരുന്നത് ഇടതുപക്ഷ പാർട്ടികളുടെ പിന്തുണയെ ആശ്രയിക്കേണ്ടുന്ന സാഹചര്യത്തിലേക്ക് നയിച്ചു. ഏറ്റവും പ്രധാനമായത്, സിപിഐ എമ്മിന്റെ നേതൃത്വത്തിലുള്ള ഇടത് പാർട്ടികൾ സ്വന്തം പരിപാടിയിലും കരുത്തിലുമാണ് തിരഞ്ഞെടുപ്പിനെ നേരിട്ടത് എന്നതാണ്. ഈ രാഷ്ട്രീയ പശ്ചാത്തലമാണ് തൊഴിലുറപ്പ് പദ്ധതി (എംജിഎൻആർഇജിഎ) സാധ്യമാക്കിയത്. 2005ൽ പാർലമെന്റ് ഏകകണ്ഠമായി അംഗീകരിച്ച അന്തിമ നിയമത്തിന് രൂപം നൽകുന്നതിൽ ഇടതുപാർട്ടികൾ നിർണായക പങ്കു വഹിച്ചു.
തൊഴിലെടുക്കാനുള്ള അവകാശത്തെ ഭാഗികമായി അംഗീകരിച്ച ഈ നിയമം മിനിമം വേതനാടിസ്ഥാനത്തിൽ തൊഴിൽ നൽകുന്നതിന് ദേശീയവിഭവങ്ങളുടെ വർധിത വിഹിതം ഉറപ്പാക്കാനുള്ള ഭരണകൂടത്തിന്റെ ഉത്തരവാദിത്തത്തെ അംഗീകരിക്കുകയായിരുന്നു. ഒരു ഗ്രാമീണ കുടുംബത്തിന് വർഷത്തിൽ 100 തൊഴിൽ ദിനങ്ങൾ ഈ നിയമം ഉറപ്പുനൽകുന്നു. കായികമായി അധ്വാനിക്കാൻ സന്നദ്ധരായ എല്ലാ പ്രായപൂർത്തിയായവർക്കും (പുരുഷന്മാർക്കും സ്ത്രീകൾക്കും) സാർവത്രികമായി തൊഴിൽ നൽകുന്നു. ഏറ്റവും പ്രധാനമായത്, തൊഴിലിന്റെ ഡിമാൻഡ് നിറവേറ്റുന്നതിനെ ഈ നിയമം അടിസ്ഥാനമാക്കുന്നു എന്നതാണ്. തൊഴിലിന്റെ ഡിമാൻഡ് എന്നത് സ്ഥായിയായതല്ല. ഗ്രാമീണ കുടുംബങ്ങളുടെ ആവശ്യത്തിനനുസരിച്ച് അത് കൂടിയോ കുറഞ്ഞോ ഇരിക്കാം. ആഴത്തിലുള്ള ജനാധിപത്യപരമായ ഉള്ളടക്കം ഇതിലുണ്ട്. കുടുംബങ്ങൾക്ക് എംജിഎൻആർഇജിഎ നൽകുന്ന തൊഴിലിൽ തുടരവെ തന്നെ കുറച്ചുകൂടി മെച്ചപ്പെട്ട തൊഴിൽ ലഭിക്കുകയാണെങ്കിൽ അത് സ്വീകരിക്കാനുള്ള അവകാശമുണ്ട്. മൊത്തം വേതനത്തിന്റെ ചെലവും കേന്ദ്ര ഗവൺമെന്റു വഹിക്കുന്നതിനൊപ്പം സ്ത്രീക്കും പുരുഷനും തുല്യവേതനവും ഈ നിയമം ഉറപ്പുനൽകുന്നു.
ഈ നിയമപ്രകാരം സംസ്ഥാന ഗവൺമെന്റുകൾ ഏകദേശം 10 ശതമാനത്തോളം സാമ്പത്തിക ഉത്തരവാദിത്തംമാത്രം വഹിച്ചാൽ മതി. കൂടാതെ സംസ്ഥാനത്തിന്റെ ആവശ്യങ്ങൾക്കനുസരിച്ച് പദ്ധതികളുടെ രൂപകൽപ്പനയിലും അവയുടെ നടത്തിപ്പിലും സംസ്ഥാനങ്ങൾക്കു അവകാശവുമുണ്ട്. പഞ്ചായത്തുകൾക്ക് അവയുടെ അധികാരപരിധിയിലുള്ള പ്രദേശങ്ങളിൽ ആവശ്യമായ പ്രൊജക്ടുകൾ കണ്ടെത്താനും അവയ്ക്ക് രൂപം നൽകാനുമുള്ള അവകാശവും ഉത്തരവാദിത്തവുമുണ്ട്. ഡിമാൻഡനുസരിച്ച് സാർവത്രികമായി ബാധകമായ ഇത്തരത്തിലൊരു നിയമം ഒരുപക്ഷേ മുതലാളിത്ത ലോകത്ത് ഇതാദ്യമായിട്ടായിരിക്കാം.
അടിസ്ഥാനപരമായ സവിശേഷത
നരേന്ദ്രമോദി സർക്കാർ, ഒപ്പം അതിന്റെ പങ്കാളികളായ തെലുങ്കുദേശം പാർട്ടിയുടെയും ജനതാദളിന്റെയും (യുണെെറ്റഡ്) പിന്തുണയോടെ പാസാക്കിയ കരട് ബില്ലിൽ നിലവിലെ നിയമത്തിന്റെ അടിസ്ഥാന സവിശേഷതകളെയെല്ലാം എടുത്തുകളയുന്നു. നിലവിലെ നിയമം ഇനി ഡിമാൻഡ് അടിസ്ഥാനമാക്കിയുള്ളതായിരിക്കില്ല, മറിച്ച് കേന്ദ്ര സർക്കാർ തീരുമാനിക്കുന്ന ‘‘മാനദണ്ഡപ്രകാരമുള്ള ധനപരമായ വകയിരുത്തൽ’’ അനുസരിച്ചുള്ളതായിരിക്കും. ചെലവ് ഈ വകയിരുത്തലിനേക്കാൾ കൂടിയാൽ അതുവഹിക്കാൻ കേന്ദ്രത്തിന് നിയമപരമായ യാതൊരു ബാധ്യതയും ഉണ്ടാവില്ല. കേന്ദ്ര നികുതി വരുമാനത്തിൽനിന്നുള്ള വിഹിതം അന്യായമായി നിഷേധിക്കുന്നതിനാൽ, ഇതിനകംതന്നെ സാമ്പത്തികപ്രതിസന്ധിയിലായ സംസ്ഥാനങ്ങൾ ചെലവിന്റെ 40 ശതമാനം വഹിക്കേണ്ടി വരും. ഈ ബില്ല് തികച്ചും കേന്ദ്രീകൃതവും എല്ലാം– പദ്ധതികളുടെ രൂപകൽപ്പന മുതൽ ഡിജിറ്റലെെസ്സ് ഒാഡിറ്റുകൾ വരെ– കേന്ദ്ര സർക്കാരിന്റെ നിയന്ത്രണത്തിലുമായിരിക്കും. ഇത് ഭരണഘടനയുടെ ഫെഡറൽ ഘടനയ്ക്കുനേരെയുള്ള കടന്നാക്രമണമാണ്.
കാർഷിക സീസണിൽ പദ്ധതിപ്രകാരമുള്ള ഏതു ജോലിയും നിരോധിക്കുന്ന നിർദ്ദിഷ്ട ബില്ലിലെ ക്ലോസ്, ഗ്രാമീണ സമ്പന്നർക്കനുകൂലമായ വർഗപക്ഷപാതിത്വത്തെ നഗ്നമായി തുറന്നുകാട്ടുന്നു. കാർഷിക മേഖലയിലെ വർധിച്ചുവരുന്ന യന്ത്രവൽക്കരണത്തോടെ, പ്രവൃത്തി ദിനങ്ങൾ ഗണ്യമായി കുറഞ്ഞു. കാർഷിക തൊഴിൽ ലഭ്യമല്ലാതിരിക്കുമ്പോഴും അതിനുനൽകുന്ന കൂലി എംജിഎൻആർഇജിഎ നിശ്ചയിച്ചിട്ടുള്ള മാനദണ്ഡങ്ങൾക്കു താഴെ ആയിരിക്കുമ്പോഴും മാത്രമാണ് തൊഴിലാളികൾ തൊഴിലുറപ്പ് പദ്ധതിയിൽ തൊഴിലെടുക്കാൻ തയ്യാറാവുന്നത് എന്നാണ് ഇതുവരെയുള്ള തൊഴിൽദിനങ്ങളുടെ പാറ്റേൺ വ്യക്തമാക്കുന്നത്.
കാർഷിക സീസണിൽ തൊഴിലുറപ്പ് നിരോധിക്കുന്നത് ഗ്രാമീണ തൊഴിലാളികളുടെ വിലപേശൽ ശേഷി കുറയ്ക്കും; എംജിഎൻആർഇജിഎ ഇല്ലാതാകുന്നതോടെ, വൻകിട ഭൂവുടമകൾ നിശ്ചയിക്കുന്ന നിബന്ധനകളും വ്യവസ്ഥകളും അംഗീകരിക്കാൻ തൊഴിലാളികൾ നിർബന്ധിതരാകും. കാർഷികമേഖലയിൽ പുരുഷന്മാരേക്കാൾ കുറവ് കൂലി വാങ്ങുന്ന സ്ത്രീകളെ ഇത് കൂടുതലായി ബാധിക്കും. യോഗ്യത അർഹതയ്ക്കും കൂലി ലഭിക്കുന്നതിനുമുള്ള വ്യവസ്ഥ എന്ന നിലയിൽ ആധാറുമായി ബന്ധിപ്പിക്കണമെന്നതും ഹാജർ ഓൺലെെനായി ഡിജിറ്റലായി രേഖപ്പെടുത്തണമെന്നതും നിയമവിധേയമാക്കിയിരിക്കുന്നു. മോശം കണക്ടിവിറ്റി ഉൾപ്പെടെയുള്ള സാഹചര്യങ്ങൾ തൊഴിലാളികളെ ബുദ്ധിമുട്ടിലാക്കിയിട്ടുണ്ടെന്നതിന് ധാരാളം തെളിവുകൾ ഉണ്ടായിട്ടും അതൊന്നും കണക്കിലെടുക്കാതെയാണ് ഇങ്ങനെ ചെയ്തിരിക്കുന്നത്.
ജിം റാം (ജി) എന്ന ചുരുക്കപ്പേര് നിയമത്തിന്റെ പേരായി (വികസിത് ഭാരത് –ജി റാം ജി ബിൽ 2025) ഉപയോഗിക്കുന്നത്, വിശ്വാസികളെ ആകർഷിക്കുന്നതിനുള്ള ഏറ്റവും തരംതാണ ആസൂത്രിത പദ്ധതിയാണ്. എന്നാൽ കോടിക്കണക്കിന് ജനങ്ങൾ ഈ നിയമത്തിനെതിരെ ‘ജി റാം–ജി മൂർദാബാദ്’’ എന്ന് ഉറക്കെ വിളിക്കുമ്പോൾ അത് വികാരം വ്രണപ്പെടുത്തുകയും സർക്കാരിന് തിരിച്ചടിയാകുകയും ചെയ്യുന്നു.
ദുരിതത്തിന്റെ പ്രതിഫലനം
തൊഴിലുറപ്പ് തൊഴിലാളികളുമായി അടുത്ത് പ്രവർത്തിച്ചിട്ടുള്ള ഞങ്ങൾക്ക് അവർ പണിയെടുക്കുന്ന ദുഷ്കരമായ സാഹചര്യങ്ങളെക്കുറിച്ച് നന്നായി അറിയാം. ഉൽപ്പാദനക്ഷമതാ മാനദണ്ഡം നിറവേറ്റുന്നതിനായി സ്ത്രീകൾക്ക് ഒരു ദിവസം 3000 കിലോഗ്രാം വരെ ചെളിമണ്ണ് ചുമക്കേണ്ടതായി വരുന്നു. എന്നിട്ടും മിക്ക സംസ്ഥാനങ്ങളിലും എംജിഎൻആർജിഎ തൊഴിലാളികൾ 50 ശതമാനത്തിലധികം വരുന്നുണ്ടെങ്കിൽ തീർച്ചയായും അത് രൂക്ഷമായ കാർഷികദുരിതത്തിന്റെയും മെച്ചപ്പെട്ട ബദൽ ഇല്ലാത്തതിന്റെയും പ്രതിഫലനമാണ്.
ഇന്ത്യയിലെ മൊത്തം ജനസംഖ്യയുടെ ഏകദേശം 8.6% ആദിവാസികളാണ്. എന്നാൽ കഴിഞ്ഞവർഷത്തെ കണക്കുകൾപ്രകാരം എംജിഎൻആർഇജിഎ തൊഴിലാളികളിൽ ആദിവാസി വിഭാഗക്കാർ 18 ശതമാനവും പട്ടികജാതിക്കാർ 19%വും വരും. അതിനാൽ തന്നെ മൂന്നിൽ രണ്ടു ഭാഗത്തിലേറെ തൊഴിലാളികളും ഭരണഘടനയുടെ സംരക്ഷണമുള്ള സാമൂഹ്യവിഭാഗത്തിൽപ്പെടുന്നവരാണ്. അവരുടെ അവകാശങ്ങളിൽനിന്നുള്ള ഏതൊരു പിന്മാറ്റവും ഭരണഘടനയ്ക്കു മേലുള്ള കടന്നാക്രമണമാണ്. എന്നാൽ കരടുനിയമവുമായി ബന്ധപ്പെട്ട പരിഹാര/ഉപദേശക സമിതികളിൽ ഇവരുടെ പ്രാതിനിധ്യംപോലും ഇല്ലാതാക്കി.
2014 മുതൽ, മോദി സർക്കാർ കോർപ്പറേറ്റുകൾക്കുള്ള നികുതിയിളവുകളും വായ്പ എഴുതിത്തള്ളലും വലിയ തോതിൽ വർധിപ്പിച്ചപ്പോൾ പോലും തൊഴിലുറപ്പു പദ്ധതിയിൽ വെള്ളം ചേർക്കുകയും ഇതിനായുള്ള ഫണ്ടുകൾ നൽകാതിരിക്കുകയുമാണ് ചെയ്തത്. തുടക്കത്തിലെ രണ്ടു കോടി തൊഴിലാളികളിൽ നിന്ന് ഇപ്പോൾ 7.7 കോടിയിലധികമായി തൊഴിലാളികളുടെ എണ്ണം വർധിച്ചപ്പോഴും പക്ഷേ, ഇതിനായുള്ള ചെലവഴിക്കൽ മരവിപ്പിക്കുകയോ വെട്ടിക്കുറയ്ക്കുകയോ ചെയ്തു. മാത്രവുമല്ല, ഈ ചെലവഴിക്കൽ ഒരിക്കലും ജിഡിപിയുടെ 0.2% ത്തിലധികം കടന്നിട്ടുമില്ല. 2024–25ൽ 8.9 കോടി തൊഴിലാളികൾ തൊഴിൽ ആവശ്യപ്പെട്ടെങ്കിലും 7.9 കോടി തൊഴിലാളികൾക്കു മാത്രമേ തൊഴിൽ ലഭിച്ചുള്ളൂ. 99 ലക്ഷം തൊഴിലാളികളെ മടക്കിയയച്ചു. വേതന കുടിശ്ശിക ചില സന്ദർഭങ്ങളിൽ 8,000 കോടി രൂപവരെ ഉയർന്നിട്ടുണ്ട്. കുടുംബങ്ങൾക്ക് 100 ദിവസത്തിനുപകരം ശരാശരി 50 ദിവസത്തിൽ താഴെ മാത്രമേ ജോലി നൽകിയുള്ളൂ. നിർദ്ദിഷ്ട കരടിൽ 125 ദിവസങ്ങൾ വാഗ്ദാനം ചെയ്യുന്നതിലെ കാപട്യം മുറിവിൽ ഉപ്പു പുരട്ടുകയേയുള്ളൂ. എന്നിട്ടും ആളുകൾ തൊഴിലുറപ്പു കേന്ദ്രങ്ങളിലേക്കു വരുന്നുവെങ്കിൽ അതിനർഥം പകരം അവർക്ക് മറ്റൊരു പോംവഴിയുമില്ല എന്നാണ് – ഇന്ത്യയിലെ ഗ്രാമീണ ദരിദ്രരുടെ ജീവിതത്തിലെ അസ്ഥിരതും നിരാശയും അത്രത്തോളമാണ്.
തൊഴിലുറപ്പു പദ്ധതി എന്ന ഈ ജീവിതമാർഗത്തെ ശക്തിപ്പെടുത്തുന്നതിനുപകരം അതിനെ ഇല്ലാതാക്കുകയാണ്. ഭരണഘടനയുടെ നിർദേശകതത്വങ്ങൾ ഇവിടെ അട്ടിമറിക്കപ്പെടുന്നു. ഈ ഗവൺമെന്റിനെയോർത്ത് ഞങ്ങൾ ലജ്ജിക്കുന്നു. l



