Thursday, January 29, 2026

ad

Homeആമുഖംആമുഖം

ആമുഖം

1980കളുടെ അവസാനമായപ്പോൾ കേരളത്തിൽ വികസനപ്രതിസന്ധി ദൃശ്യമായിരിക്കുന്നുവെന്ന് സാമ്പത്തിക വിദഗ്ധർ പറഞ്ഞുതുടങ്ങി. കേരള മോഡൽ എന്നറിയപ്പെടുന്ന ക്ഷേമത്തിലൂന്നിയുള്ള വികസനമാതൃകയുടെ പരാജയമാണതെന്നും വ്യാഖ്യാനിക്കപ്പെട്ടു.

1957ലെ ഒന്നാം ഇ എം എസ് സർക്കാരിന്റെ കാലം മുതൽ പൊതുവിദ്യാഭ്യാസം, പൊതുജനാരോഗ്യം എന്നിവ സാർവത്രികമാക്കുകയും ഭൂപരിഷ്കരണ നടപടിയിലൂടെ വലിയൊരു വിഭാഗം ജനങ്ങൾ ഭൂമിയുടെ അവകാശികളാവുകയും ചെയ്തതോടെ നിലവിൽ വന്നതാണ് കേരള മോഡൽ. 1980ലെ എൽഡിഎഫ് സർക്കാർ ക്ഷേമപെൻഷനുകൾക്ക് തുടക്കംകുറിച്ചതോടെ കേരള മോഡലിന്റെ അർഥതലം കൂടുതൽ വികസിതമായി. എന്നാൽ ഇതനുസരിച്ച് സാമ്പത്തിക വളർച്ചയോ വരുമാന വർധനയോ ഉണ്ടാകാതിരുന്നതാണ് വികസനപ്രതിസന്ധിക്കിടയാക്കിയത്. കേരള മോഡൽ ഉയർന്ന ഗുണനിലവാരം നിലനിർത്തി മുന്നോട്ടുകൊണ്ടുപോകണമെങ്കിൽ സേവന–ക്ഷേമ മേഖലകളിലെ വികസനത്തിനൊപ്പം സാമ്പത്തികവളർച്ചയും ഉണ്ടാകണമെന്ന് ഈ പശ്ചാത്തലത്തിലാണ് ഇ എം എസ് നിർദേശിച്ചത്. അങ്ങനെയാണ് അന്താരാഷ്ട്ര കേരള പഠന കോൺഗ്രസ് എന്ന ആശയം മുന്നോട്ടുവയ്ക്കപ്പെട്ടത്.

ക്ഷേമത്തിനും സേവനത്തിനുമൊപ്പം വികസനവും, അതായത് സാമ്പത്തികവളർച്ചയ്ക്കൊപ്പം അതിന്റെ പുനർവിതരണവും എന്നതാണ് ഇ എം എസ് മുന്നോട്ടുവച്ച ആശയം. മറിച്ച്, വളർച്ച കൂടാതെ പുനർവിതരണവുമായി മുന്നോട്ടുപോകാനാവില്ല. ഇതെങ്ങനെ സാധ്യമാക്കാമെന്നും ഒപ്പം നവലിബറൽ വെല്ലുവിളിയെ ചെറുക്കുന്നതിനുള്ള ഫലപ്രദമായ ബദലുകൾ എന്തെന്നും ഒന്നാം പഠന കോൺഗ്രസ് ചർച്ച ചെയ്യുകയും നിഗമനങ്ങളിൽ എത്തിച്ചേരുകയുമുണ്ടായി. തുടർന്ന് 2005 ലും 2011ലും 2016ലും ചേർന്ന രണ്ടും മൂന്നും നാലും പഠന കോൺഗ്രസ്സുകൾ അതാത് കാലം വരെയുള്ള അനുഭവത്തിന്റെ അടിസ്ഥാനത്തിൽ ഈ നിർദേശങ്ങളെ കൂടുതൽ കാലോചിതവും സമഗ്രവുമാക്കുകയുണ്ടായി. പ്രത്യേകിച്ചും 2005ൽ രണ്ടാം പഠന കോൺഗ്രസും 2016ൽ നാലാം പഠന കോൺഗ്രസും ചേർന്നത് എൽഡിഎഫിന് 2001ലും 2011ലും ഭരണത്തുടർച്ച ഉണ്ടാകാതിരുന്ന സാഹചര്യത്തിൽ, ഇക്കാലത്ത് അധികാരത്തിലിരുന്ന വലതുപക്ഷം സർക്കാരുകൾ എൽഡിഎഫ് സാധ്യമാക്കിയ നേട്ടങ്ങളെ ഏറെക്കുറെ പൊളിച്ചടുക്കിയ പശ്ചാത്തലത്തിലാണ്; നവലിബറൽ നയങ്ങളുടെ മേച്ചിൽപ്പുറമായി കേരളത്തെ യുഡിഎഫ് ഭരണം മാറ്റിതീർത്ത പശ്ചാത്തലത്തിലുമാണ്.

ഇപ്പോൾ, 2026 ഫെബ്രുവരി 21, 22 തീയതികളിൽ അഞ്ചാം കേരള പഠന കോൺഗ്രസ് നടക്കുകയാണ്. ഈ സാഹചര്യത്തിലാണ് ചിന്ത വാരികയുടെ റിപ്പബ്ലിക് ദിനപതിപ്പിന്റെ വിഷയം കേരള പഠന കോൺഗ്രസ്സാക്കുന്നത്. മുഖ്യമന്ത്രി പിണറായി വിജയൻ, എം എ ബേബി, ഡോ. ടി എം തോമസ് ഐസക്, ആർ രംകുമാർ, ഡോ. ജോയ് ഇളമൺ, പുത്തലത്ത് ദിനേശൻ, ജഗജീവൻ എൻ, എസ് മോഹനകുമാർ, അജിത്കുമാർ ആർ തുടങ്ങിയവരാണ് എഴുതുന്നത്.

ജനാധിപത്യപരമായ സംവാദങ്ങളിലൂടെ ഉരുത്തിരിഞ്ഞുവന്ന ആശയങ്ങൾ നടപ്പാക്കുന്ന ഘട്ടത്തിലും എല്ലാവരെയും ഉൾക്കൊള്ളിക്കണം എന്ന സമീപനമാണ് സിപിഐ എമ്മും എൽഡിഎഫ് സർക്കാരുകളും സ്വീകരിച്ചത്. 1990കളിലെ കേരളത്തിന്റെ മുഖച്ഛായ, 2026 ആകുമ്പോൾ തിരിച്ചറിയാനാകാത്തവിധം മാറിയിട്ടുണ്ടെങ്കിൽ പഠന കോൺഗ്രസുകൾ മുന്നോട്ടുവച്ച ബദലുകൾ പൂർണമായും നടപ്പാക്കിയതിന്റെ ഫലമാണത്. ജനക്ഷേമത്തിനൊപ്പം പരിസ്ഥിതിസൗഹൃദമായ സമഗ്രവികസനവും സാധ്യമാക്കുന്നതിനുള്ള നിർദേശങ്ങളായിരിക്കും അഞ്ചാം കേരള പഠന കോൺഗ്രസിൽനിന്ന് ഉയർന്നുവരിക. l

ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

five × 2 =

Most Popular