Thursday, January 29, 2026

ad

Homeകവര്‍സ്റ്റോറിവെനസ്വേലയിലെ സാമ്രാജ്യത്വ കടുംകെെ

വെനസ്വേലയിലെ സാമ്രാജ്യത്വ കടുംകെെ

എം എ ബേബി

2026 രക്തച്ചൊരിച്ചിലിന്റെ വർഷമാകുമോ എന്ന ഭീതി പരത്തുന്ന ആക്രമണങ്ങളാണ് ജനുവരി 3 ന് അതിരാവിലെ ലാറ്റിനമേരിക്കൻ രാജ്യമായ വെനസേ-്വലയിൽ നടന്നത്. രാജ്യതലസ്ഥാനമായ കാരക്കാസിലും മറ്റു രണ്ടു പ്രവിശ്യകളിലെ സെെനിക കേന്ദ്രങ്ങളിലും മനുഷ്യവാസസ്ഥലങ്ങളിലും അമേരിക്ക ബോംബാക്രമണം നടത്തി. വെനസേ-്വലൻ പ്രസിഡന്റ് നിക്കോളസ് മദുറോയെയും ജീവിതപങ്കാളിയായ സീലിയാ ഫ്ളോറസിനെയും അമേരിക്കൻ സേന അവരുടെ ഔദ്യോഗിക വസതിയിൽനിന്ന് പിടികൂടി. കയ്യാമം വച്ചും കണ്ണു മൂടിക്കെട്ടിയും അമേരിക്കയിലേക്ക് തട്ടിക്കൊണ്ടുപോയിരിക്കുകയാണ്.

ഒരു രാജ്യത്തിനുമേൽ യാതൊരു പ്രകോപനവുമില്ലാതെ ആക്രമണം നടത്തുക; അവിടെ ജീവിക്കുന്നവരെ കൊന്നൊടുക്കുക, രാജ്യത്തിന്റെ ഭരണാധികാരിയെയും അദ്ദേഹത്തിന്റെ ജീവിതപങ്കാളിയെയും കുറ്റവാളികളെപ്പോലെ കയ്യാമം വച്ചുകൊണ്ടുപോവുക എന്നിവയെല്ലാം അന്താരാഷ്ട്ര നിയമങ്ങളുടെയും ഐക്യരാഷ്ട്ര സഭാ ചാർട്ടറുകളുടെയും നഗ്നമായ ലംഘനമാണ് എന്ന് പരക്കെ വ്യക്തമാക്കപ്പെട്ടിട്ടുണ്ട്. മയക്കുമരുന്നു വ്യാപാരികളാണ് എന്ന് യാതൊരു തെളിവുമില്ലാതെ കുറ്റാരോപണം നടത്തുകയാണ് ഡൊണാൾഡ് ട്രംപ് എന്ന യുഎസ് പ്രസിഡന്റ് ചെയ്തിരിക്കുന്നത്. സർവസംഹാരക്ഷമമായ ആയുധങ്ങൾ (Weapons of Mass Destruction) ഇറാഖിന്റെ കെെവശമുണ്ട് എന്ന് ആരോപിച്ചുകൊണ്ട് ഇറാഖിനുമേൽ സെെനികാധിനിവേശം നടത്തിയതും ആ രാജ്യത്തിന്റെ ഭരണാധികാരി സദ്ദാം ഹുസെെനെ പിടികൂടി ഒരു വിചരണാ പ്രഹസനം നടത്തി മരണശിക്ഷ വിധിച്ച് കൊലപ്പെടുത്തിയതും ഇന്നും പലരും ഓർക്കുന്നുണ്ടാവും. എന്നാൽ, അമേരിക്കയുടെ വാദത്തിൽ കഴമ്പുണ്ടെങ്കിൽ യുഎസ് സേന ഇറാഖിനെ ആക്രമിച്ചപ്പോൾ ആത്മരക്ഷാർഥമെങ്കിലും സർവ്വസംഹാരക്ഷമമായ ആയുധങ്ങൾ സദ്ദാം ഹുസെെൻ ഉപയോഗിക്കുമായിരുന്നില്ലേ എന്ന ചോദ്യത്തിന് അന്നത്തെ യുഎസ് പ്രസിഡന്റ് ജോർജ് ബുഷ് മറുപടി നൽകുകയുണ്ടായില്ല. അന്ന് ലോകത്തിനുമുന്നിൽ പകൽ വെളിച്ചം പോലെ ഒരു മഹാകുറ്റകൃത്യം തെളിവുകളോടെ പ്രത്യക്ഷപ്പെടുകയുണ്ടായി– ഒരു രാജ്യത്തെയും അതിന്റെ ഭരണാധികാരിയെയും നുണ പറഞ്ഞു കൂട്ടക്കുരുതി നടത്തുക എന്ന ഭീകരകുറ്റകൃത്യം. ഇറാഖിൽ അതാണ് അമേരിക്കൻ സാമ്രാജ്യത്വം ചെയ്തത്. പക്ഷേ ആ കുറ്റകൃത്യം ചെയ്ത അമേരിക്കയെ യുദ്ധകുറ്റവാളികളായി വിചാരണ ചെയ്യാൻ യാതൊരു നീക്കവും ഉണ്ടായിട്ടില്ല എന്നത് നാം ജീവിക്കുന്ന ലോകത്തിന്റെ ദയനീയ അവസ്ഥയാണ് വെളിപ്പെടുത്തുന്നത്. ഇതുതന്നെയാണ് പാട്രിസ് ലുമുംബെയുടെ കാര്യത്തിലും, 1973ലെ ചിലിയൻ സെെനിക അട്ടിമറിയുടെ കാര്യത്തിലും, ലിബിയയുടെയും സിറിയയുടെയും പലസ്തീനിന്റെയും അനുഭവങ്ങളിലും ഏതാനും വ്യത്യാസങ്ങളോടെ പ്രതിഫലിച്ചു കാണുന്നത്.

2026 ജനുവരി 3ന് വെളുപ്പാൻകാലത്ത് വെനസ്വേലയിൽ അമേരിക്കൻ സേന നടത്തിയ കടന്നാക്രമണത്തിൽ 80 വെനസ്വേലക്കാർ കൊല ചെയ്യപ്പെട്ടിട്ടുണ്ട്. പ്രത്യേക സുരക്ഷാ സേനാംഗങ്ങളായ 32 ക്യൂബൻ പൗരർ അമേരിക്കൻ ആക്രമണത്തെ ചെറുക്കവെ കൊല്ലപ്പെടുകയുണ്ടായി.

അമേരിക്കൻ ആക്രമണ സേനാംഗങ്ങളും വധിക്കപ്പെട്ടിട്ടുണ്ട് എന്നാണ് വിശ്വസനീയ കേന്ദ്രങ്ങളിൽനിന്നുള്ള വിവരം. എന്നാൽ അതു സംബന്ധിച്ച എണ്ണം ലഭ്യമല്ല. ഏറ്റുമുട്ടലിൽ മരിച്ചവരും പരിക്കേറ്റവരുമായ സ്വന്തം സെെനികരെയെല്ലാം സ്വാഭാവികമായും സ്വന്തം കവചിത നൗകയിലോ സെെനിക വിമാനത്തിലോ അമേരിക്കയിലേക്ക് കൊണ്ടുപോയി എന്നാണ് സൂചന. നിക്കോളസ് മദുറോയുടെ വെെസ് പ്രസിഡന്റായ ഡെൽസി റോഡ്രിഗസിനെ താൽക്കാലിക പ്രസിഡന്റാക്കി ചുമതല ഏൽപ്പിച്ച ചീഫ് ജസ്റ്റിസിന്റെ തീരുമാനം വെനസേ-്വലയിൽ ഭരണപരമായ ശൂന്യതയോ സ്തംഭനമോ ഒഴിവാക്കാൻ സഹായകമായി. അമേരിക്കയുമായി ഒത്തുതീർപ്പിലെത്താൻ ഡെൽസി റോഡ്രിഗസ് തയ്യാറാകുന്നു എന്ന തരത്തിൽ വാർത്തകൾ പ്രചരിപ്പിക്കപ്പെടുന്നുണ്ട്. അത് തൽക്കാലം കെട്ടിച്ചമച്ചതാണെന്ന് വ്യക്തമാക്കപ്പെട്ടിട്ടുണ്ട്. അമേരിക്കൻ ആക്രമണത്തിന് രണ്ടുദിവസം മുന്നേ പ്രസിഡന്റ് നിക്കോളസ് മദുറോ തന്നെ അമേരിക്കക്കുമുന്നിൽവച്ച നിർദേശത്തിൽ അമേരിക്കൻ എണ്ണക്കമ്പനിയുമായി നിലവിലുള്ള കരാറിന്റെ ഭാഗമായി അസംസ്കൃത എണ്ണ നൽകുന്നതിനുള്ള സന്നദ്ധത വ്യക്തമാക്കിയിരുന്നു.

ആക്ടിങ് പ്രസിഡന്റ് ഡെൽസി റോഡ്രിഗസ് അമേരിക്കയുമായി ഒത്തുപോകുമെന്ന തരത്തിൽ പ്രചാരണം സംഘടിപ്പിക്കാനും സാമ്രാജ്യത്വ അനുകൂല കേന്ദ്രങ്ങളും മാധ്യമങ്ങളും ശ്രമിക്കുന്നുണ്ട്. ഇത് സാധ്യതയുള്ള കാര്യമല്ല എന്നുവേണം ഡെൽസിയുടെ രാഷ്ട്രീയ പാരമ്പര്യം നോക്കിയാൽ മനസ്സിലാക്കാൻ കഴിയുക. ഹോർഗെ അന്റോണിയോ റോഡ്രിഗസ് എന്ന ധീരരക്തസാക്ഷിയുടെ മക്കളാണ് വെനസേ-്വലൻ രാഷ്ട്രീയത്തിൽ സുപ്രധാന ചുമതല ഏറ്റെടുത്തിരിക്കുന്ന ഡെൽസിയും, ദേശീയ അസംബ്ലിയുടെ അധ്യക്ഷനായ ഹോർഗെയും. നേരത്തെ വെനസേ-്വല ഭരിച്ചിരുന്ന പുണ്ടോ ഫിജി (Punto Fiji) വാഴ്ചക്കാലത്ത് 1976ൽ പീഡിപ്പിച്ച് കൊലപ്പെടുത്തപ്പെട്ട ഹോർഗെ അന്തോണിയോ റൊഡ്രീഗോസ് സോഷ്യലിസ്റ്റ് ലീഗെന്ന പേരിൽ പ്രവർത്തിച്ച മാർക്സിസ്റ്റ് –ലെനിനിസ്റ്റ് സംഘടനയുടെ നേതാവായിരുന്നു.

വെനസ്വേലയിലെ ഭരണം ഏറ്റെടുക്കുകയാണെന്ന സ്വരത്തിലുള്ള ഡൊണാൾഡ് ട്രംപിന്റെ പ്രഥമ പ്രഖ്യാപനങ്ങൾ ഇപ്പോൾ പിൻവലിക്കപ്പെട്ടിരിക്കുകയാണ്. കാരണം വെനസ്വേലയിൽ ആക്ടിങ് പ്രസിഡന്റ് ഡെൽസി റൊഡ്രിഗസ്, ആഭ്യന്തര മന്ത്രി ഡിയോസ് ഡാഡോ കാബല്ലോ (Diosdado Cabello) പ്രതിരോധമന്ത്രി വ്ളാദിമിർ പെദ്രിനോ (Vladimir Pedrino) എന്നിവരടങ്ങിയ കൂട്ടായ ഭരണനേതൃത്വം സെെന്യത്തെയും ഭരണസംവിധാനത്തെയും കൂട്ടിയോജിപ്പിച്ചും ജനങ്ങളെ ഏകോപിപ്പിച്ചും അടിയന്തരാവസ്ഥയിലും ഉറച്ചുമുന്നോട്ടുപോകുവാൻ ശ്രമിക്കുകയാണ്.

ഇതിന്റെ ആത്മവിശ്വാസത്തിൽ മദുറോയ്-ക്കും സോഷ്യലിസ്റ്റ് ഭരണസംവിധാനത്തിന് അനുകൂലമായ ബഹുജന പ്രകടനങ്ങൾ വലിയ തോതിൽ കാരക്കാസിലും മറ്റു നഗരങ്ങളിലും നടന്നുകൊണ്ടിരിക്കുന്നു. ചുരുക്കത്തിൽ, ഇപ്പോഴും പ്രതീക്ഷ പകരുന്ന വാർത്തകളാണ് വെനസ്വേലയിൽനിന്നും വരുന്നത്.

വളരെ സങ്കീർണമാണ് വെനസേ-്വലയിലെ ഇപ്പോഴത്തെ സ്ഥിതിഗതികൾ എന്നിരിക്കിലും ആഭ്യന്തരമായി രാഷ്ട്രീയ നേതൃത്വത്തിലെ കൂട്ടായ്മയും ജനങ്ങളുടെ ഐക്യദാർഢ്യവും പ്രത്യാശാജനകമായ രണ്ടു ഘടകങ്ങളാണ്. ഈ രണ്ടു ഘടകങ്ങൾക്കു പുറമേ മൂന്നാമതൊരു സുപ്രധാന ഘടകംകൂടി പ്രതീക്ഷയ്ക്ക് വക തരുന്നുണ്ട്. വെനസ്വേലയുടെ ഔപചാരിക സെെന്യം ഇതുവരെ ഒരുമിച്ചുനിൽക്കുന്നതിനുപുറമെ പുതുതായി സംഘടിപ്പിക്കപ്പെടുകയും സായുധമായി പരിശീലിപ്പിക്കപ്പെടുകയും ചെയ്തിട്ടുള്ള 80 ലക്ഷം വോളന്റിയർമാർ ഉൾക്കൊള്ളുന്ന സേനയും പ്രതിരോധ സജ്ജരായി നിൽപ്പുണ്ട് എന്നത് വളരെ പ്രധാനമാണ്. ചുരുക്കത്തിൽ, സാമ്രാജ്യത്വ കടന്നാക്രമണം എപ്പോൾ വേണമെങ്കിലും ഉണ്ടാവാം എന്ന കണക്കുകൂട്ടലിൽ സാധ്യമായ മുൻകരുതലുകൾ വെനസ്വേലൻ നേതൃത്വം ഇതിനകം കെെക്കൊണ്ടിട്ടുണ്ട്.

ഇതോടു ചേർത്തുവായിക്കേണ്ടതാണ് അമേരിക്കൻ നഗരങ്ങളിലും യൂറോപ്പിലും ഏഷ്യയിലും ആഫ്രിക്കയിലും ലാറ്റിനമേരിക്കയിലും ട്രംപിന്റെ കാടത്തത്തിനെതിരെ വ്യാപകമായി ഉയരുന്ന പ്രതിഷേധ പ്രകടനങ്ങളും വെനസ്വേലൻ ജനതയ്ക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ചുകൊണ്ടുള്ള ജനവികാരവും.

അന്താരാഷ്ട്ര നിയമങ്ങളും യുഎൻ ചാർട്ടറും അമേരിക്കൻ ഭരണഘടനയിലെ യുദ്ധ പ്രഖ്യാപനം സംബന്ധിച്ച വ്യവസ്ഥകളും കാറ്റിൽ പറത്തിക്കൊണ്ടുള്ള രണ്ട് അന്താരാഷ്ട്ര കുറ്റകൃത്യങ്ങളാണ് അമേരിക്കൻ പ്രസിഡന്റ് ട്രംപ് ചെയ്തിരിക്കുന്നത്.

1. തന്നിഷ്ടപ്രകാരം ഒരു രാജ്യത്തിനുമേൽ സായുധ കടന്നാക്രമണം നടത്തുക.

2. മറ്റൊരു രാഷ്ട്രത്തലവനെ വ്യാജ ആരോപണങ്ങൾ ഉയർത്തി. തട്ടിക്കൊണ്ടുവന്ന് തന്റെ രാജ്യത്ത് വിചാരണാപ്രഹസനം നടത്തുക.

ട്രംപിന് തന്റെ അന്താരാഷ്ട്ര കുറ്റകൃത്യത്തെ ന്യായീകരിക്കാൻ ഒരേയൊരു വാദഗതി മാത്രമേയുള്ളൂ, ‘മുമ്പ് തന്റെ പല മുൻഗാമികളും ഇതേ കുറ്റങ്ങൾ ചെയ്തിട്ടുണ്ട്.’’ ശരിയാണ് മുമ്പും അമേരിക്ക ഇത്തരം കുറ്റകൃത്യങ്ങൾ ചെയ്തിട്ടുണ്ട് എന്നതിനാൽ അത് ആവർത്തിക്കുന്നത് എങ്ങനെ ന്യായീകരിക്കാനാവും?

എന്താണ് നഗ്നമായ ഈ കുറ്റകൃത്യങ്ങൾ ചെയ്യുവാൻ ട്രംപിനെ പ്രേരിപ്പിച്ച ഘടകങ്ങൾ എന്നുനോക്കാം:

അമേരിക്ക അന്യദേശങ്ങളിൽ പോയി യുദ്ധംചെയ്ത് അമേരിക്കൻ സമ്പത്ത് ധൂർത്തടിക്കാനോ അമേരിക്കൻ സെെനികർ മരണമടയുന്നതിന് ഇടവരുത്താനോ തന്റെ ഭരണകാലത്ത് മുതിരുകയില്ല എന്നതായിരുന്നല്ലോ ട്രംപിന്റെ പ്രധാന പ്രചരണവാദങ്ങളിൽ ഒന്ന്. ഇത്തവണത്തെ തിരഞ്ഞെടുപ്പ് പ്രചരണ സമയത്ത് പറഞ്ഞത് താൻ പ്രസിഡന്റായാൽ മണിക്കൂറുകൾക്കകം ഉക്രൈൻ യുദ്ധം അവസാനിപ്പിക്കുമെന്നും പലസ്തീൻ പ്രശ്നം പരിഹരിക്കുമെന്നും മറ്റുമായിരുന്നു. അതൊന്നും നടന്നില്ല. പലസ്തീനിൽ അത്യന്തം ക്രൂരവും ദാരുണവുമായ മനുഷ്യാവകാശ ലംഘനങ്ങളിലൂടെയും ഒരു ജനതയുടെ വംശഹത്യയിലൂടെയും സയണിസ്റ്റുകൾക്ക് സമ്പൂർണ ആധിപത്യത്തിന് സാഹചര്യവും സഹായവുമൊരുക്കുകയാണ് ട്രംപ് ചെയ്തത്.

ലോകത്തിനുമുന്നിൽ കേമനായ വിജയി എന്ന് അവകാശപ്പെടാനാവുന്ന വിജയം വെനസേ-്വലയിൽ കെെവരിക്കാമെന്ന കണക്കുകൂട്ടലും ലോകത്തെ ഒന്നാമത്തെ എണ്ണ നിക്ഷേപമുള്ള രാജ്യം പിടിച്ചെടുത്തു എന്ന് അവകാശപ്പെടാനുള്ള വ്യഗ്രതയുമാണ് ഈ അക്രമങ്ങൾക്ക് ട്രംപിനെ പ്രേരിപ്പിച്ചത്. അതിനു പുറമെ ഡോളറിന് കൃത്രിമമായി ഉണ്ടാക്കിയെടുത്തിട്ടുള്ള നാണയ ലോകത്തെ മേധാവിത്വത്തിന് വെനസേ-്വലയുടെ എണ്ണക്കച്ചവട നയം ഉയർത്തുന്ന തലവേദന അവസാനിപ്പിക്കാനുള്ള പദ്ധതിയും ഈ ആക്രമണത്തിനുപിന്നിലുണ്ട്. വെനസേ-്വല, റഷ്യയെപ്പോലെ ഡോളർ ഇതര കറൻസിയിൽ എണ്ണ വ്യാപാരം നടത്തുന്നത് ക്രമേണ ഡോളറിന്റെ പ്രാമാണികതയ്ക്ക് വെല്ലുവിളി ആകുന്നുണ്ട്. ഇതു തടയുന്നതിനാണ് ഇറാഖിലും ലിബിയയിലും യുദ്ധവും അട്ടിമറിയും നടത്തിയത് എന്നതും ഓർക്കേണ്ടതാണ്.

വെനസ്വേല ഉൾപ്പെടെ ലാറ്റിനമേരിക്കയിൽ ചെെനയെപ്പോലുള്ള രാജ്യങ്ങൾ വിവിധ മേഖലകളിൽസഹകരിക്കുകയും ബെൽറ്റ് ആൻഡ് റോഡ് പദ്ധതിയിലും മറ്റും സഹകരിക്കുകയും ചെയ്യുന്നതും അമേരിക്ക വെറുക്കുന്നു. ദേശീയ സുരക്ഷാതന്ത്രം (National Security Strategy) എന്ന അമേരിക്കൻ രേഖ (2025 ഡിസംബറിൽ) അംഗീകരിച്ചതിന്റെ ഉള്ളടക്കം വ്യക്തമാണ്: അമേരിക്കയുടെ ലോകാധിപത്യ പദ്ധതിക്കു കീഴിൽ മാത്രമേ മറ്റു രാജ്യങ്ങൾക്കു നിലനിൽപ്പുള്ളൂ. പശ്ചിമാർദ്ധഗോളം അമേരിക്കക്കു മാത്രം ഇടപെടാനും ആധിപത്യം വഹിക്കാനുമുള്ള പിന്നാമ്പുറമാണ്. അവിടെ മറ്റാരും ബന്ധപ്പെടാൻ ശ്രമിക്കരുത്.

അമേരിക്കയുടെ സാമ്രാജ്യത്വപരമായ ഈ കരുനീക്കങ്ങൾ കാണാതെ പോകുന്നവർക്കുള്ള ഒരു മുന്നറിയിപ്പായും ജനുവരി 3ന്റെ കിരാതാക്രമണം പ്രയോജനപ്പെടാം. ഒരു രാജ്യത്തിനും ഒരു രാഷ്ട്രത്തലവനും അമേരിക്കൻ സാമ്രാജ്യത്വത്തിന്റെ കടന്നാക്രമണപ്പട്ടികയിൽനിന്ന് വിടുതിയില്ല, അമേരിക്കയ്ക്കു കീഴ്പെട്ടു കഴിയുന്നവർക്കു മാത്രം കഷ്ടിച്ച് കഴിഞ്ഞുകൂടാം എന്ന സന്ദേശമാണ് ട്രംപ് നൽകുന്നത്.

യൂറോപ്യൻ യൂണിയൻ അംഗമായ ഡെന്മാർക്കിന്റെ സ്വയംഭരണ ഭാഗമായ ഗ്രീൻലാൻഡ് അടുത്തതായി അമേരിക്കയോട് കൂട്ടിച്ചേർക്കുമെന്നാണ് ട്രംപ് പ്രഖ്യാപിക്കുന്നത്. കാനഡയ്ക്കുമേലും പനാമ കനാലിനുമേലും ട്രംപ് കണ്ണുവച്ചിട്ടുണ്ട്. ക്യൂബ വെെകാതെ വീണുകിട്ടും എന്നും ട്രംപ് പ്രഖ്യാപിക്കുന്നു.

അയൽരാജ്യങ്ങളെ കടന്നാക്രമിച്ചു കീഴ്പ്പെടുത്തിക്കൊണ്ട് രണ്ടാം ലോകയുദ്ധത്തിലേക്കും ചോരക്കുരുതിയുടെ പരമ്പരകളിലേക്കും മനുഷ്യരാശിയെ നയിച്ച ഹിറ്റ്ലറുടെ പ്രേതം ബാധിച്ച പോലാണ് ട്രംപിന്റെ പ്രതികരണങ്ങൾ. ലോകരാഷ്ട്രങ്ങളും മനുഷ്യരാശിയും ഒരമിച്ചുനിന്ന് എതിർത്തു തോൽപ്പിക്കേണ്ടതാണ് ഈ മഹാദുരന്ത ഭീഷണി.

ചേരിചേരാ പ്രസ്ഥാനം ദുർബലമാണെങ്കിലും അത് ചരമമടഞ്ഞിട്ടില്ല. അതിനെ പുനരുജ്ജീവിപ്പിച്ച് ശക്തിപ്പെടുത്തി നവസ്വതന്ത്ര രാഷ്ട്രങ്ങളുടെ കരുത്തായി സാമ്രാജ്യത്വ അധിനിവേശങ്ങളെ ചെറുക്കുന്നതിൽ കൂട്ടുനേതൃത്വപരമായ പങ്ക് നിർവഹിക്കേണ്ട ഇന്ത്യ, പക്ഷേ, ആധുനിക ഹിറ്റ്ലറായ ട്രംപിന്റെ കാര്യസ്ഥന്റെ മനോഭാവത്തോടെ ഒഴിഞ്ഞുമാറുകയാണ്. ഇന്ത്യൻ വിദേശനയ ചരിത്രത്തിലെ ഏറ്റവും അപമാനകരമായ മുഹൂർത്തം. ഈ നിലപാടിനെ തിരുത്തിക്കുവാനും ഇന്ത്യൻ ജനത ഒറ്റക്കെട്ടായി മുന്നോട്ടുവരണം. വെനസേ-്വലയ്ക്കും ക്യൂബയ്ക്കും പലസ്തീനും ഐക്യദാർഢ്യം പ്രകടിപ്പിച്ചുകൊണ്ട് ലോക സമാധാനത്തിലും മാനവപുരോഗതിയിലും ആത്മാർഥമായ പ്രതിബദ്ധതയുള്ള സർവ്വരും സജീവമായി രംഗത്തിറങ്ങണമെന്ന് അഭ്യർഥിക്കുന്നു. l

ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

10 + eight =

Most Popular