പ്രസിഡന്റ് നിക്കോളസ് മദുറോയെയും ജീവിത പങ്കാളിയായ സീലിയ ഫ്ലോറസിനെയും തട്ടിക്കൊണ്ടുപോയതിലൂടെ വെനസേ-്വലയ്‌ക്കുനേരെ മുൻപൊരിക്കലുമുണ്ടായിട്ടില്ലാത്തത്രയും അഭൂതപൂർവമായ ആക്രമണമാണ് അമേരിക്ക നടത്തിയിരിക്കുന്നത്. ‘മയക്കുമരുന്ന് കടത്ത്’ എന്ന പച്ചക്കള്ളം ചുമത്തി ഇരുവരെയും ന്യൂയോർക്കിലെ കോടതിയിൽ ഹാജരാക്കി. വെനസ്വേലയിൽ നടത്തിയ ബോംബാക്രമണത്തിനും മദുറോയെ തട്ടിക്കൊണ്ടുപോയതിനും പിന്നിലെ യഥാർത്ഥ കാരണങ്ങൾ യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് തന്നെ സ്വയം തുറന്നുകാട്ടിയിട്ടുണ്ട്– – എണ്ണയും രാജ്യത്തിന്റെ പ്രകൃതിവിഭവങ്ങൾ പിടിച്ചെടുക്കലും മാത്രമാണ് അവ. കഴിഞ്ഞ ഡിസംബർ ആദ്യം അമേരിക്ക പ്രഖ്യാപിച്ച അവരുടെ ‘ദേശീയ സുരക്ഷാനയം 2025’ ഇൗ സാമ്രാജ്യത്വ അഭിലാഷങ്ങളുടെ വ്യക്തമായ പ്രതിഫലനം കൂടിയാണ്.
1998-ൽ വെനസ്വേലൻ പ്രസിഡന്റ് പദവിയിലേയ്‌ക്ക് ഹ്യൂഗോ ഷാവേസ് തിരഞ്ഞെടുക്കപ്പെട്ടതും രാജ്യത്തെ ബൊളിവേറിയൻ സോഷ്യലിസത്തിന്റെ പാതയിലൂടെ നയിക്കുമെന്ന അദ്ദേഹത്തിന്റെ പ്രഖ്യാപനവും അമേരിക്കയ്‌ക്ക് കടുത്ത ആശങ്കയാണ് സമ്മാനിച്ചത്. നവലിബറലിസം, സാമ്രാജ്യത്വ ഇടപെടലുകൾ എന്നീ പ്രബല തത്വങ്ങൾക്ക് നേർവിപരീതമായ പാതയിലൂടെയാണ് ഷാവേസ് വെനസേ-്വലയെ കൈപിടിച്ചുനടത്തിയത്. ദാരിദ്ര്യം, നിരക്ഷരത, തൊഴിലില്ലായ്മ തുടങ്ങിയവ തുടച്ചു നീക്കുന്ന നിരവധി സാമൂഹിക മിഷനുകൾ ഉൾപ്പെടുന്നതും, വിഭവങ്ങളുടെ വിതരണത്തിന്റെ അടിസ്ഥാന ഘടനയെ പൊളിച്ചെഴുതുന്നതുമായ ഒരു സമൂലമായ പരിവർത്തന ദർശനമാണ് ഷാവേസ് മുന്നോട്ടുവെച്ചത്. സ്വകാര്യ വ്യക്തികൾ കാലാകാലങ്ങളായി കൊള്ളയടിച്ചുപോന്ന രാജ്യത്തിന്റെ വിശാലമായ ധാതുസമ്പത്ത്, സമൂഹത്തിന്റെ സർവതോമുഖമായ വികസനത്തിനും പ്രയോജനത്തിനുമായി അദ്ദേഹം വിനിയോഗിച്ചു.
ഈ നയങ്ങൾ പല കാരണങ്ങളാൽ അമേരിക്കയെ ചൊടിപ്പിച്ചു. ഒന്ന്, ദരിദ്രരുടെ ഉന്നമനത്തിനായി ഷാവേസ് രാജ്യത്തിന്റെ സമ്പത്ത് ഉപയോഗിച്ചു. രണ്ട്, അദ്ദേഹത്തിന്റെ വിപ്ലവകരമായ അജൻഡ വെനസ്വേലയിലെ ജനതയുടെ ഹൃദയം മാത്രമല്ല, ലാറ്റിനമേരിക്കയിലുടനീളമുള്ള മനുഷ്യരുടെ ഹൃദയം കീഴടക്കാൻ തുടങ്ങി. ഇടതുപക്ഷ ചായ്‌വുള്ള, പുരോഗമന സർക്കാരുകൾ ലാറ്റിനമേരിക്കയിൽ അധികാരത്തിലെത്തുകയും പരസ്പരം കൈകോർത്ത് അമേരിക്കൻ ആശ്രിതത്വം അവസാനിപ്പിക്കുകയും ചെയ്‌തു. മൂന്ന്, ഷാവേസിലൂടെ, ലാറ്റിനമേരിക്കൻ രാഷ്ട്രീയം ഒരു വലിയ വഴിത്തിരിവിലേക്ക് നീങ്ങി. പല രാജ്യങ്ങളിലെയും തിരഞ്ഞെടുപ്പ് പോരാട്ടങ്ങൾക്ക് ഒരു പൊതുസവിശേഷത ഉടലെടുത്തു. ഇടതുപക്ഷ ചായ്‌വുള്ള എതിരാളികൾ ഷാവേസിന്റെയും ഫിദൽ കാസ്ട്രോയുടെയും സഖ്യകക്ഷികളാണെന്നും അവർ തങ്ങളുടെ രാഷ്‌ട്രങ്ങളെ മറ്റൊരു ക്യൂബയോ വെനസ്വേലയോ ആക്കുമെന്നും വലതുപക്ഷം പ്രചരിപ്പിച്ചുകൊണ്ടേയിരുന്നു. എന്നാലിത്തരം പ്രചാരണങ്ങൾക്കിടയിലും ഇടതുപക്ഷം വിജയം കൊയ്‌തുകൊണ്ടേയിരുന്നു.
ഷാവേസിന്റെ നയങ്ങളും രാഷ്ട്രീയവും ലാറ്റിനമേരിക്കൻ രാഷ്‌ട്രങ്ങളിൽ ചെലുത്തിയ സ്വാധീനത്തിന്റെ മൂർത്തമായ തെളിവാണിത്. സന്പത്തിന്റെയും അധികാരത്തിന്റെയും പുനർവിതരണം സംബന്ധിച്ച വിപ്ലവാത്മക ആശയങ്ങളുടെ വ്യാപനത്തിൽ തീവ്ര ഉൽക്കണ്ഠാകുലരായ അമേരിക്ക, ആ ആശയങ്ങളെ എന്തുവിലകൊടുത്തും ചെറുക്കാൻ ശ്രമിച്ചു. സോഷ്യലിസ്‌റ്റ് ക്യൂബയോടും ക്യൂബൻ വിപ്ലവത്തോടുമുള്ള ഷാവേസിന്റെ വികാരതീവ്രവും അചഞ്ചലവുമായ പിന്തുണയും എടുത്തുപറയേണ്ടതുണ്ട്. കാരണം, തീക്ഷ്ണമായ സാമ്രാജ്യത്വവിരുദ്ധ പ്രഭാഷണങ്ങളിലും തുടർച്ചയായ രാഷ്ട്രീയ പ്രചാരണങ്ങളിലും അത് നിറഞ്ഞു നിന്നിരുന്നു.
മുൻകാല ഭരണകൂടങ്ങൾ ചെയ്‌തതുപോലെ അധികാരം ജനങ്ങൾക്കെതിരായല്ല, മറിച്ച് സാധാരണജനങ്ങൾക്കുവേണ്ടി പ്രയോഗിക്കുന്നതായിരുന്നു ഷാവേസിന്റെ രീതിശാസ്‌ത്രം. ഷാവേസ് ഒറ്റയ്ക്കായിരുന്നില്ല പ്രവർത്തിച്ചത്, ജനങ്ങൾ എല്ലാ കാലത്തും അദ്ദേഹത്തിനൊപ്പമുണ്ടായിരുന്നു. ഷാവേസിന് കീഴിൽ വെനസ്വേലൻ സർക്കാർ രൂപീകരിച്ച കമ്മ്യൂണിറ്റി കൗൺസിലുകൾ പ്രാദേശിക വിഷയങ്ങളിൽ തീരുമാനങ്ങളെടുക്കുന്നതിന് ജനങ്ങളെ ഒന്നിച്ചുചേർത്തു. ഇൗ കൗൺസിലുകൾ ജനകീയാധികാരത്തിന്റെ യഥാർഥ പ്രതിഫലനമായി മാറി, ജനങ്ങളുടെ താൽപര്യങ്ങൾ നിറവേറ്റുന്നതിനായി പ്രവർത്തിക്കാൻ സർക്കാരിനെ നിരന്തരം കമ്മ്യൂണിറ്റി കൗൺസിലുകൾ പ്രേരിപ്പിച്ചു . ഇന്നും വെനസ്വേലൻ പ്രതിരോധ പ്രസ്ഥാനത്തിന്റെ നട്ടെല്ലായി വർത്തിക്കുന്നതും കീഴ്പ്പെടുത്താൻ ലക്ഷ്യമിട്ട് അമേരിക്ക ആവർത്തിച്ചുനടത്തുന്ന ശ്രമങ്ങളെ ചെറുക്കുന്നതും ഈ ശക്തമായ ജനകീയ പങ്കാളിത്തമാണ്.
2000-ൽ സായുധ അട്ടിമറിയിലൂടെ ഷാവേസിനെ പുറത്താക്കാനുള്ള അമേരിക്കൻ ശ്രമങ്ങൾ വമ്പിച്ച ജനകീയ പ്രതിരോധത്തെ തുടർന്ന് പരാജയപ്പെട്ടിരുന്നു. ഷാവേസിനെ അജ്ഞാത കേന്ദ്രത്തിലേയ്‌ക്ക് തട്ടിക്കൊണ്ടുപോയെങ്കിലും ജനകീയ പ്രക്ഷോഭം പൊട്ടിപ്പുറപ്പെട്ടതോടെ അദ്ദേഹത്തെ തിരിച്ചുകൊണ്ടുവന്ന് പ്രസിഡന്റ് പദവിയിൽ പുനഃസ്ഥാപിക്കാൻ അട്ടിമറിക്കാർ നിർബന്ധിതരായി. എന്നാലിതൊന്നും ഷാവേസ് സർക്കാരിനെ അസ്ഥിരപ്പെടുത്താനുള്ള തുടർശ്രമങ്ങളിൽ നിന്ന് അമേരിക്കയെ പിന്തിരിപ്പിച്ചില്ല.
2015-ൽ, അന്നത്തെ അമേരിക്കൻ പ്രസിഡന്റ് ബരാക് ഒബാമ , വെനസ്വേല അമേരിക്കയുടെ ദേശീയ സുരക്ഷയ്‌ക്ക് ഭീഷണിയാണെന്ന് പ്രഖ്യാപിക്കുകയും ഉപരോധങ്ങൾ അടിച്ചേൽപ്പിക്കുകയും ചെയ്‌തു. വെനസ്വേലയുടെ പടിഞ്ഞാറുഭാഗത്തുള്ള കൊളംബിയൻ അതിർത്തികളിലും കിഴക്കുഭാഗത്തുള്ള ഡച്ച് കൊളോണിയൽ ദ്വീപുകളിലും ആ രാജ്യത്തെ ഭീഷണിപ്പെടുത്തുന്നതിനായി അമേരിക്ക നിരന്തരം സൈനികാഭ്യാസങ്ങൾ നടത്തി. വെനസ്വേലയുടെ കരീബിയൻ തീരപ്രദേശങ്ങളിൽ അമേരിക്കയുടെ നാലാം കപ്പൽപ്പട സ്ഥിരമായി റോന്തുചുറ്റി.
നാഷണൽ എമർജൻസീസ് ആക്ട് പ്രയോജനപ്പെടുത്തി വെനസ്വേലയ്‌ക്കെതിരായ ഉപരോധങ്ങൾ ഒബാമ ഓരോ വർഷവും പുതുക്കുകയും പൂർവാധികം ശക്തിപ്പെടുത്തുകയും ചെയ്‌തുപോന്നു.
പ്രസിഡന്റായ ആദ്യകാലയളവില്‍ തന്നെ, ഡൊണാള്‍ഡ് ട്രംപ് , വെനസ്വേലയിലെ ജനാധിപത്യ സര്‍ക്കാരിനെ അട്ടിമറിക്കാനുള്ള “സൈനിക മാർഗം “പരസ്യമായി ഉയര്‍ത്തിക്കാട്ടിയിരുന്നു. പ്രഥമ ‘സ്‌റ്റേറ്റ് ഓഫ് യൂണിയൻ’ പ്രസംഗത്തിൽ,ലാറ്റിനമേരിക്കയിലെ എല്ലാ ഇടതുപക്ഷ സർക്കാരുകളെയും അട്ടിമറിക്കാൻ ആഹ്വാനം നൽകിയതിനുപുറമേ ക്യൂബയിലെയും വെനസേ-്വലയിലെയും ‘കമ്യൂണിസ്റ്റ്, സോഷ്യലിസ്റ്റ് സ്വേച്ഛാധിപത്യങ്ങള്‍ക്കു’ മേൽ കടുത്ത ഉപരോധങ്ങൾ ചുമത്തിയെന്നും ആത്മപ്രശംസ നടത്തി. ഡെമോക്രാറ്റുകളും റിപ്പബ്ലിക്കന്മാരും ഹർഷാരവത്തോടെയാണ് പിന്തുണ പ്രകടിപ്പിച്ചത്. റിച്ചാർഡ് നിക്‌സന്റെ അഭിപ്രായത്തിൽ, “സമ്പദ്‌വ്യവസ്ഥയെ വരിഞ്ഞുമുറുക്കി അലറിവിളിപ്പിക്കാൻ’ ഉദ്ദേശിച്ചുള്ള ഈ ഉപരോധങ്ങൾ, ജനാധിപത്യപരമായി തിരഞ്ഞെടുക്കപ്പെട്ട സർക്കാരിനെ ഉപേക്ഷിച്ച് അമേരിക്ക അംഗീകരിച്ചവർക്ക് അനുകൂലമായി വെനസ്വേലൻ ജനങ്ങളെ മാറ്റാൻ ഉദ്ദേശിച്ചുള്ളതും അവർക്കുള്ള ശിക്ഷയുമാണ്.
ട്രംപിന്റെ അന്നത്തെ ഉപദേഷ്‌ടാവും വെസ്റ്റേൺ ഹെമിസ്ഫിയർ അഫയേഴ്സിന്റെ സീനിയർ ഡയറക്ടറുമായ ഹുവാൻ ക്രൂസ് പറഞ്ഞതിങ്ങനെയാണ് – ‘‘ വെനസ്വേലയുടെ ചരിത്രം പരിശോധിച്ചാൽ, സൈന്യത്തിന്റെ പങ്കാളിത്തമില്ലാതെ അവരുടെ ചരിത്രത്തിലോ രാഷ്ട്രീയത്തിലോ ഒരു മൗലികമുന്നേറ്റവും ഉണ്ടായിട്ടില്ലെന്ന് കാണാനാകും. അതിനാൽ വെനസ്വേലയിലെ പ്രശ്നപരിഹാരത്തിൽ സൈന്യത്തിന്റെ ശക്തമായ സമ്മതം, കുറഞ്ഞപക്ഷം ചെവിയിൽ ഒരു മന്ത്രിക്കൽ, ഒരു പ്രലോഭനം അതുമല്ലെങ്കിൽ ഒരു തള്ളോ അതിലും ശക്തമായ എന്തെങ്കിലുമോ ഉൾപ്പെടുന്നില്ലെന്ന് കരുതുന്നത് ഞങ്ങളെ സംബന്ധിച്ചിടത്തോളം മണ്ടത്തരമായിരിക്കും”.

‘വെനസ്വേലൻ സ്വേച്ഛാധിപത്യത്തെ അട്ടിമറിക്കാനുള്ള പദ്ധതി – – മാസ്റ്റർസ്ട്രോക്ക്’ (ഫെബ്രുവരി 2018) എന്ന തലക്കെട്ടിലുള്ള ഒരു രേഖ (സ്ഥിരീകരിക്കപ്പെട്ടിട്ടില്ലെങ്കിലും) വെനസ്വേലയെക്കുറിച്ചുള്ള യുഎസ് പദ്ധതികൾ കൂടുതൽ തുറന്നുകാട്ടുന്നതായിരുന്നു. റിപ്പോർട്ടുകൾപ്രകാരം, “യുഎസ് സതേൺ കമാൻഡിന്റെ തലവൻ ഒപ്പിട്ട ഇൗ രേഖ, അസ്ഥിരപ്പെടുത്തുന്നതിനുവേണ്ടി തുടർച്ചയായി നടത്തുന്ന നീക്കങ്ങളിലൂടെ ഒന്നുകിൽ സ്വയം ഒഴിയാനോ, സന്ധി ചെയ്യാനോ, അതുമല്ലെങ്കിൽ പലായനം ചെയ്യാനോ മദുറോ ഗവൺമെന്റിനെ നിർബന്ധിതമാക്കാൻ ആവശ്യപ്പെടുന്നു. വളരെ ചുരുങ്ങിയ സമയത്തിനുള്ളിൽ, വെനസ്വേലയിലെ “സ്വേച്ഛാധിപത്യം” അവസാനിപ്പിക്കാനാണ് പദ്ധതി ഉദ്ദേശിച്ചത്. രാജ്യത്ത് അപമൂലധനവത്കരണം ശക്തിപ്പെടുത്തിയും, വിദേശ നിക്ഷേപങ്ങൾ പിൻവലിച്ചും, നിലവിലുള്ള ഇടിവിനെ ത്വരിതപ്പെടുത്തുന്ന പുതിയ പണപ്പെരുപ്പ നടപടികളിലൂടെ ദേശീയ കറൻസിയുടെ തകർച്ച രൂക്ഷമാക്കിയും ഇത് യഥാർഥ്യമാക്കാമെന്നാണ് രേഖയിൽ പറയുന്നത്. ഇങ്ങനെ സൃഷ്‌ടിക്കുന്ന പ്രതിസന്ധിയിലൂടെ ‘‘സേ-്വച്ഛാധിപത്യം തകരുകയോ’’ സ്വേച്ഛാധിപതി (മദുറോ) സ്ഥാനമൊഴിയുന്നില്ലെങ്കിൽ , 2018 അവസാനിക്കുന്നതിനുമുമ്പ് അട്ടിമറി സാധ്യമാക്കാൻ വെനസ്വേലൻ സായുധ സേനയ്ക്കുള്ളിലെ സാഹചര്യങ്ങൾ കൂടുതൽ കുഴപ്പം പിടിച്ചതാക്കണമെന്നും ‘മാസ്റ്റർസ്ട്രോക്ക്’ ആവശ്യപ്പെട്ടു.
ഷാവേസിന്റെയും ഇപ്പോൾ മദുറോയുടെയും നേതൃത്വത്തിലുള്ള സർക്കാരുകളെ അട്ടിമറിക്കാൻ അമേരിക്ക മുൻപും നിരവധി തന്ത്രങ്ങൾ പ്രയോഗിച്ചിട്ടുണ്ട്. പ്രതിപക്ഷ പാർട്ടികൾക്കും ഗ്രൂപ്പുകൾക്കും പണം നൽകുക, അക്രമം അഴിച്ചുവിടാൻ അർദ്ധസൈനിക സേനകളിൽ നുഴഞ്ഞുകയറുക, സാമ്പത്തിക ഉപരോധങ്ങൾ ഏർപ്പെടുത്തുക, സാമ്പത്തിക യുദ്ധം നടത്തുക, അട്ടിമറി നടത്താൻ സൈന്യത്തെ പ്രോത്സാഹിപ്പിക്കുക, സൈനിക ഇടപെടൽ ഭീഷണി മുഴക്കി കൂടുതൽ സാമ്പത്തിക ഉപരോധങ്ങളിലൂടെ വീണ്ടും ശ്വാസം മുട്ടിക്കുക എന്നിവ ഇതിൽ ചിലതാണ്. വെനസ്വേലയുടെ ദേശീയ എണ്ണക്കന്പനിയായ പിഡിവിഎസ്എയുടെ 7 ബില്യൺ ഡോളറിന്റെ ആസ്തികൾ അമേരിക്ക മരവിപ്പിച്ചു. ബാങ്ക് ഓഫ് ഇംഗ്ലണ്ടിൽ നിക്ഷേപിച്ച 1.2 ബില്യൺ ഡോളറിന്റെ സ്വർണ്ണം പിൻവലിക്കുന്നതിൽനിന്ന് മദുറോ സർക്കാരിനെ ബ്രിട്ടൻ തടഞ്ഞു. വെനസ്വേലൻ സായുധ സേനയ്ക്കുള്ളിൽ നിന്ന് കലാപം ഇളക്കിവിടാനുള്ള ശ്രമങ്ങളെല്ലാം പരാജയപ്പെട്ടു. ഈ ശ്രമങ്ങൾക്കൊന്നും ജനപിന്തുണയൊട്ടു ലഭിച്ചതുമില്ല. 2019-ൽ, വെനസ്വേലയിലെ രണ്ടിലൊരാൾവീതം രാജ്യത്തിന്റെ ആഭ്യന്തര കാര്യങ്ങളിൽ അമേരിക്കയുടെ സാമ്രാജ്യത്വ ഇടപെടൽ അവസാനിപ്പിക്കാൻ ആവശ്യപ്പെടുന്ന “ട്രംപ്, ഇനി വേണ്ട’ എന്ന് പ്രസ്താവിക്കുന്ന നിവേദനത്തിൽ ഒപ്പുവച്ചു, ഈ നിവേദനം ഐക്യരാഷ്ട്രസഭയുടെ പൊതുസഭയിലും സമർപ്പിച്ചു.
ഈ പ്രതികൂല സാഹചര്യങ്ങൾക്കിടയിലും, ബൊളിവേറിയൻ സർക്കാർ അതിന്റെ ജനക്ഷേമ നടപടികൾ തുടരാൻ ശ്രമിച്ചിട്ടുണ്ട്. വിദ്യാഭ്യാസവും ആരോഗ്യ സംരക്ഷണവും സൗജന്യമായി നൽകുന്നത് തുടരുന്നു. അന്താരാഷ്ട്രതലത്തിൽ മനുഷ്യാവകാശമായി അംഗീകരിക്കപ്പെട്ട പാർപ്പിടവും ഉറപ്പാക്കുന്നു. ഏകദേശം 50,00,000 വീടുകൾ നിർമ്മിച്ച് തൊഴിലാളി കുടുംബങ്ങൾക്ക് കൈമാറി. വെനസ്വേലയുടെ ആഭ്യന്തര കാര്യങ്ങളിൽ അമേരിക്ക തലയിടുന്നതിന്റെ പ്രധാന കാരണം , തീർച്ചയായും എണ്ണ, സ്വർണ്ണം, വജ്രങ്ങൾ, രാജ്യത്തിന്റെ വിശാലമായ പ്രകൃതിവിഭവങ്ങൾ എന്നിവയുമായി ബന്ധപ്പെട്ടിരിക്കുന്നു. എന്നാൽ എല്ലാത്തിനുമുപരി, അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് 2019 ൽ അമേരിക്കൻ ജനതയെ അഭിസംബോധന ചെയ്ത ‘സ്റ്റേറ്റ് ഓഫ് ദി യൂണിയൻ’ പ്രസംഗത്തിൽ പ്രസ്താവിച്ചതുപോലെ: “മദുറോ ഭരണകൂടത്തിന്റെ ക്രൂരതയെ ഞങ്ങൾ അപലപിക്കുന്നു, അവരുടെ സോഷ്യലിസ്റ്റ് നയങ്ങൾ ആ രാജ്യത്തെ തെക്കേ അമേരിക്കയിലെ ഏറ്റവും സമ്പന്നമായ അവസ്ഥയിൽ നിന്ന് കടുത്ത ദാരിദ്ര്യത്തിന്റെയും നിരാശയുടെയും അവസ്ഥയിലേക്ക് എത്തിച്ചു’ (ഊന്നൽ കൂട്ടിച്ചേർത്തത്).
ട്രംപ് പറഞ്ഞതുപോലെ, വെനസ്വേല അമേരിക്കൻ പാതയ്ക്ക് വിരുദ്ധമായ ഒരു പാതയിലൂടെ, – ബൊളിവേറിയൻ സോഷ്യലിസത്തിന്റെ പാതയിലൂടെ, – സഞ്ചരിക്കുന്നു എന്നതിനാലാണ് ആ രാഷ്ട്രം ആക്രമിക്കപ്പെടുന്നത്. ഷാവേസിന്റെ ദാരുണമായ മരണശേഷം വെനസ്വേല “വീഴുമെന്ന്’ പലരും പ്രതീക്ഷിച്ചിരുന്നു, പക്ഷേ അത് സംഭവിച്ചില്ല. പ്രതിപക്ഷ ഗ്രൂപ്പുകൾ ആഭ്യന്തരമായും ആഗോള സാമ്പത്തിക പ്രതിസന്ധി ബാഹ്യമായും ഉയർത്തിവിട്ട വെല്ലുവിളികൾക്കിടയിലൂടെ മദുറോ രാജ്യത്തെ നയിച്ചു. വെനസ്വേലയിലെ ജനങ്ങൾ തങ്ങളുടെ പ്രവർത്തനപദ്ധതിയുടെ ഭാവിയെക്കുറിച്ച് കൂടുതൽ ആശങ്കാകുലരായിത്തീർന്നിരിക്കുന്നു, കാരണം അവർ ഇനിമേൽ വിധേയരായ ജനതയല്ല (manso pueblo) മറിച്ച് തീഷ്ണ സ്വഭാവമുള്ള ജനതയാണ് (Montaraz pueblo) ബോധമുള്ളവരും ജാഗരൂകരുമാണ്.
ഷാവേസ് ജനങ്ങളിൽ വളർത്തിയെടുക്കാൻ ശ്രമിച്ച സാമ്രാജ്യത്വവിരുദ്ധ ബോധം, അമേരിക്കൻ ഭീഷണികളെ തിരിച്ചറിയാനും അവയ്‌ക്കെതിരെ ഐക്യപ്പെടാനും അവരെ സഹായിച്ചു. വെനസ്വേലൻ സർക്കാർ ജനങ്ങളെ വിശ്വാസത്തിലെടുക്കുകയും അമേരിക്കൻ ഇടപെടലിന്റെ നയങ്ങൾ തുറന്നുകാണിച്ചുകൊണ്ട് അവരെ അണിനിരത്തുകയും ചെയ്യുന്നിടത്തോളം, അവർക്ക് ഏത് സാമ്രാജ്യത്വ ആക്രമണത്തെയും ചെറുക്കാൻ സാധിക്കും.
വെനസ്വേലയിലെ സ്ഥിതി അമേരിക്കൻ പിന്തുണയുള്ള പാശ്ചാത്യ മാധ്യമങ്ങൾ ചിത്രീകരിക്കുന്നതുപോലെ ഏകപക്ഷീയമല്ല. രാജ്യത്ത് ഷാവിസ്റ്റകൾക്ക് സുശക്തമായ അടിത്തറയുണ്ട് -; അതിൽ ഒരു വിഭാഗം മദുറോയെ വിമർശിക്കുന്നുണ്ടെങ്കിലും അവർ അമേരിക്കൻവിരുദ്ധ പോരാട്ടത്തിൽ ഒറ്റമനസ്സോടെ നിലകൊള്ളുന്നു. മദുറോയെയും വെനസ്വേലൻ പരമാധികാരത്തെയും സംരക്ഷിക്കാനും യുഎസ് ഇടപെടലിനെതിരെ വീണ്ടും അണിനിരക്കാനും സാധിക്കുന്നത് ഷാവിസ്റ്റകളുടെ ഈ ഉറച്ച അടിത്തറയും യോജിപ്പും കൊണ്ടാണ്. അവർ തുടർന്നും ഉറച്ചുനിന്നാൽ, അമേരിക്കയുടെ ഗെയിം പ്ലാൻ വീണ്ടും പരാജയപ്പെടുകയും, അവർ ശിരസ്സുകുനിച്ച് മാപ്പിരക്കേണ്ടതായും വരും. ഷാവേസ് പറഞ്ഞതുപോലെ, അവർ നടത്തുന്ന പോരാട്ടം ഇപ്പോഴത്തേക്ക് മാത്രമായുള്ളതല്ല പോർ അഹോറ(porahora)യല്ല, മറിച്ച് എന്നേക്കുമുള്ളതാണ് (siempre). l
പരിഭാഷ: റിതിൻ പൗലോസ്



