2025 അവസാനിക്കുമ്പോൾ ഉയർന്നുവന്ന ഏറ്റവും പ്രധാനപ്പെട്ട സാമ്പത്തിക ചോദ്യം ഇതാണ്:
ട്രംപിന്റെ തീരുവ നയം സാമ്പത്തിക മാന്ദ്യത്തിലേക്കു നയിക്കും എന്ന പ്രവചനം എന്തുകൊണ്ട് പാളിപ്പോയി?
ഐഎംഎഫിന്റെ ഇപ്പോഴത്തെ മതിപ്പു കണക്കുപ്രകാരം 2025-ൽ ആഗോള സമ്പദ്ഘടന 3.2 ശതമാനം വളർച്ച നേടും. ജൂൺ മാസത്തിൽ ലോകബാങ്ക് വിലയിരുത്തിയത് ആഗോള വളർച്ച 2.3 ശതമാനം മാത്രമായിരിക്കുമെന്നാണ്.
ട്രംപും തീരുവകളും
ട്രംപിന്റെ തീരുവ വർദ്ധന വ്യാപാരയുദ്ധത്തിലേക്ക് നയിക്കുമെന്നും ലോകവ്യാപാരം തകർച്ച നേരിടുമെന്നുമായിരുന്നു അടിസ്ഥാന അനുമാനം. പക്ഷേ, അതുണ്ടായില്ല. ഏപ്രിൽ 2-ന് വരുത്തിയ പകരം ചുങ്ക വർദ്ധന, ഷെയറിന്റെയും ബോണ്ടിന്റെയും കമ്പോളങ്ങളിലെ ഭൂമികുലുക്കത്തെ തുടർന്ന് ട്രംപ് തന്നെ 90 ദിവസത്തേക്ക് മരവിപ്പിച്ചു. തുടർന്ന് ഉഭയകക്ഷി ചർച്ചകളിലൂടെ അമേരിക്കയ്ക്ക് അനുകൂലമായ ഒത്തുതീർപ്പു കരാറുകൾ ഒപ്പുവയ്ക്കുന്നതിനുള്ള നിലപാട് ട്രംപ് സ്വീകരിച്ചു. ഇതിൽ വലിയ പരിധിവരെ വിജയിക്കുകയും ചെയ്തു.
എല്ലാ ചരക്കുകൾക്കും ഉയർന്ന തീരുവ നിലനിർത്തിയാൽ സെൽഫ് ഗോൾ ആകുമെന്ന് ട്രംപിന്റെ ഉപദേശകർക്കും ബോധ്യപ്പെട്ടു. അങ്ങനെ ഇപ്പോൾ 45-–50 ശതമാനം വ്യാപാരത്തിനുമേൽ മാത്രമേ തീരുവയുള്ളൂ. അമേരിക്കയിലെ വ്യവസായങ്ങൾക്ക് അത്യന്താപേക്ഷിതമായ ഇലക്ട്രോണിക്, ചെമ്പ് തുടങ്ങിയ ധാതുക്കൾക്കും മരുന്ന് തുടങ്ങിയ ഉപഭോക്തൃ ഉല്പന്നങ്ങൾക്കും തീരുവയില്ല. ലോകവ്യാപാരം പുതിയ വ്യവസ്ഥയ്ക്ക് അനുസൃതമായി ഒഴുകിത്തുടങ്ങി. ഇപ്പോഴത്തെ മതിപ്പു കണക്കുപ്രകാരം ലോകവ്യാപാരത്തിൽ 6 ശതമാനത്തിന്റെ വർദ്ധനയുണ്ടാകും.
ചൈന പിടിച്ചുനിന്നു
ചൈനയുടെ കയറ്റുമതി നോക്കൂ, ഈ വർഷവും 2024-ലേതുപോലെ 6-8 ശതമാനം വളരുമെന്നാണ് മതിപ്പുകണക്ക്. ചൈനയാണല്ലോ അമേരിക്കയുടെ ഏറ്റവും വലിയ ശത്രു. എന്നിട്ടും കയറ്റുമതി വളർച്ച നിലനിർത്താൻ ചെെനയ്ക്ക് കഴിഞ്ഞത് എങ്ങനെ? ചൈനയുടെ അടവ് ഇതായിരുന്നു: ഒന്ന്, മറ്റു രാജ്യങ്ങളിലേക്കുള്ള കയറ്റുമതി വർദ്ധിപ്പിച്ചു. രണ്ട്, ആ രാജ്യങ്ങളിൽവച്ച് ഉല്പന്നങ്ങൾക്ക് ചില മാറ്റങ്ങൾ വരുത്തി അവ അമേരിക്കയിലേക്കു കയറ്റുമതി ചെയ്തു. മൂന്ന്, ചൈനീസ് നാണയത്തിന്റെ (യെൻ) മൂല്യം ഇടിയാൻ അനുവദിച്ചു. വീരവാദമെല്ലാം മുഴക്കുമെങ്കിലും അമേരിക്കയ്ക്കും ചൈനയുടെ ഉല്പന്നങ്ങൾ കൂടിയേതീരൂ.
എന്നാലും തീരുവ വർദ്ധന പ്രതികൂല പ്രത്യാഘാതം ഉണ്ടാക്കുമല്ലോ? അതിനെ മറികടക്കാൻ എന്താണ് സഹായിച്ചത്? ഇവിടെയാണ് എഐ അഥവാ നിർമിതബുദ്ധിയുടെ രംഗപ്രവേശത്തിന്റെ പ്രാധാന്യം. 2025 എഐയുടെ വർഷം കൂടിയാണ്.
എ.ഐ യുടെ കടന്നുവരവ്
വൻകിട ടെക് കമ്പനികളായ മൈക്രോസോഫ്ട്, ആമസോൺ, മെറ്റ, ഗൂഗിൾ, ഒറാക്കിൾ തുടങ്ങിയവ ഡാറ്റാ സെന്ററുകളിലും മറ്റ് എഐ പശ്ചാത്തലസൗകര്യങ്ങളിലും ഏതാണ്ട് 50,000 കോടി ഡോളറാണ് നിക്ഷേപം നടത്തിയത്. മറ്റു സ്വകാര്യ കമ്പനികൾ മറ്റൊരു 20,000 കോടി ഡോളറും. അമേരിക്കയിലുണ്ടായ ദേശീയ വരുമാന വളർച്ചയുടെ 90 ശതമാനവും എഐ നിക്ഷേപത്തിന്റെ ഫലമായിട്ട് ഉണ്ടായതാണെന്നാണ് കണക്ക്. ഇത്തരമൊരു സംഭവവികാസം 2025 ആരംഭത്തിൽ പ്രതീക്ഷിച്ചിരുന്നില്ല. നിക്ഷേപ കുതിപ്പിന്റെ കാഞ്ചിവലിച്ചത് ചൈനയുടെ കണ്ടുപിടുത്തമാണ്. തികച്ചും അപ്രതീക്ഷിതമായി പാശ്ചാത്യരാജ്യങ്ങളിലെ എഐയുടെ പലമടങ്ങ് ശേഷിയും താരതമ്യേന ചെലവ് കുറഞ്ഞതുമായ ഡീപ് സീക്ക് എന്ന ചൈനീസ് എഐ പൊടുന്നനെയാണ് ചക്രവാളത്തിൽ പ്രത്യക്ഷപ്പെട്ടത്. ചൈനയുടെ വെല്ലുവിളി നേരിടാൻ വലിയതോതിൽ നിക്ഷേപം അനിവാര്യമായിത്തീർന്നു.
ഇതോടൊപ്പം അമേരിക്കയും മറ്റു വ്യവസായ രാജ്യങ്ങളും പലിശ നിരക്ക് ഗണ്യമായി കുറച്ചത് വളർച്ചയെ സഹായിച്ചു. 2025-ൽ അമേരിക്കൻ ഫെഡറൽ റിസർവ്വ് മൂന്നു തവണയായി പലിശനിരക്ക് 4.25 – – 4.50 ശതമാനത്തിൽ നിന്ന് 3.50 -– 3.75 ശതമാനമായി കുറച്ചു. എന്നു മാത്രമല്ല, 2026-ൽ പലിശനിരക്ക് കുറയ്ക്കുമെന്നും വ്യക്തമാക്കി.
ഇന്ത്യയുടെയും ചൈനയുടെയും
സംഭാവന
ലോകസാമ്പത്തിക വളർച്ച വർഷാരംഭത്തിൽ കരുതിയതിനേക്കാൾ 1 ശതമാനം, വർഷാവസാനമായപ്പോൾ വർദ്ധിച്ചതിൽ ഏറ്റവും വലിയ സംഭാവന ചൈനയുടേതാണ്. ചൈനയുടെ സാമ്പത്തികവളർച്ച 4 ആകുമെന്നത് 5 ആകുമെന്നാണ് ഇപ്പോൾ കണക്കാക്കപ്പെടുന്നത്. ആഗോള ജിഡിപി വർദ്ധനയുടെ 18 ശതമാനം ചൈനയുടെ സംഭാവനയാണ്.
എന്തുകൊണ്ടാണ് ആഗോളവളർച്ചയുടെ കാര്യം വിശകലനം ചെയ്യുമ്പോൾ ഇന്ത്യയുടെ പേരു പറയാത്തത് എന്ന് ചിലർക്കെങ്കിലും സംശയം ഉണ്ടായേക്കാം. കാരണം മറ്റൊന്നുമല്ല. ഇന്ത്യയാണ് ഏറ്റവും വേഗതയിൽ സാമ്പത്തിക വളർച്ച ഉണ്ടായ രാജ്യം എന്നതിൽ തർക്കമില്ല. ഏതാണ്ട് ഇത്രതന്നെ സാമ്പത്തിക വളർച്ച ഇന്ത്യയിൽ ഉണ്ടാവുമെന്ന് തുടക്കത്തിൽതന്നെ പ്രവചിച്ചിരുന്നതുമാണ്. നമ്മൾ ചർച്ച ചെയ്യുന്നത് ആഗോള ജിഡിപിയിൽ പ്രതീക്ഷിച്ചതിനേക്കാൾ കൂടുതൽ വളർച്ചയ്ക്ക് കാരണമെന്തെന്നാണല്ലോ? അങ്ങനെ നോക്കുമ്പോഴാണ് ചൈനയുടെ സംഭാവന എടുത്തുപറയേണ്ടി വരുന്നത്. മാത്രമല്ല, ഇന്ത്യയേക്കാൾ താഴ്ന്ന വേഗതയിലാണ് ചൈന വളർന്നതെങ്കിലും ചൈനയുടെ സമ്പദ്ഘടനയ്ക്ക് ഇന്ത്യയുടെ സമ്പദ്ഘടനയേക്കാൾ ഏതാണ്ട് 5 മടങ്ങ് വലിപ്പമുണ്ട്. അതുകൊണ്ട് ചൈനയുടെ മൊത്തം സാമ്പത്തിക സംഭാവന ഇന്ത്യയേക്കാൾ ഉയർന്നിരിക്കും.
ആഗോള അസമത്വം
ഈ ഘട്ടത്തിൽ ഉത്തരം പറയേണ്ട മറ്റൊരു ചോദ്യമുണ്ട്. എഐ നിക്ഷേപം വരും വർഷങ്ങളിലും ഉയരാൻ പോവുകയല്ലേ? അതുകൊണ്ട് മുതലാളിത്ത വളർച്ചയുടെ വേഗത ഉയരുമോ? ആഗോള വളർച്ച 2025-ൽ 3.2 ശതമാനമാണെങ്കിലും അത് കോവിഡിനു മുമ്പുണ്ടായിരുന്ന ദീർഘകാല വളർച്ചയായ 3.7 ശതമാനത്തിനേക്കാൾ താഴെയാണ്. ഈ വളർച്ച തന്നെ ഇംഗ്ലീഷ് അക്ഷരമാലയിലെ K അക്ഷരം പോലെയാണ്. വളർച്ചയുടെ നേട്ടങ്ങൾ ചെറിയൊരു ശതമാനത്തിന്റെ കൈയിലൊതുങ്ങുന്നു. മഹാഭൂരിപക്ഷത്തിന് അതിൽനിന്നും നേട്ടമൊന്നും കൈവരിക്കാൻ കഴിയുന്നില്ല.
ആഗോള അസമത്വം കൂടുതൽ ഉയർന്ന വിതാനത്തിലേക്ക് എത്തിയ വർഷമായിരുന്നു 2025. ലോകത്തെ ഏറ്റവും പണക്കാരായ 60,000 ശതകോടീശ്വരർക്ക് ഏറ്റവും പാവപ്പെട്ട 50 ശതമാനം മനുഷ്യരുടേതിനേക്കാൾ മൂന്നു മടങ്ങ് സ്വത്ത് കൈവശമുണ്ട്. ഇത് യാദൃച്ഛികമായി സംഭവിക്കുന്നതല്ല. ധനാഢ്യരുടെ നികുതികൾ വെട്ടിക്കുറയ്ക്കപ്പെടുന്നു. അവരുടെ ആസ്തികൾ ഊഹക്കച്ചവടത്തിൽ ഉയരുന്നു. AI യുടെയും മറ്റും നേട്ടം മുഴുവനായി അവരുടെ കൈകളിൽ മാത്രം ഒതുങ്ങുന്നു. ഇത്തരത്തിൽ വരുമാനവും സ്വത്തും ചെറുന്യൂനപക്ഷത്തിന്റെ കൈയിൽ ഒതുങ്ങുമ്പോൾ ഉൽപ്പാദനം വർദ്ധിച്ചാലും വിറ്റഴിക്കാൻ കഴിയാതാകും. അതുകൊണ്ട് സാങ്കേതികവിദ്യയുടെ സാധ്യതയനുസരിച്ച് സാമ്പത്തിക വളർച്ചയുണ്ടാകുമെന്ന് പ്രതീക്ഷിക്കുന്നത് തികച്ചും അസ്ഥാനത്താണ്.
തൊഴിലവസര വർദ്ധനവ് കുറഞ്ഞു. പാർട്ട്ടൈം ജോലികളും, അപര്യാപ്ത തൊഴിലുകളും വർദ്ധിച്ചു. പൂർണസമയ തൊഴിലുകൾ ഇടിഞ്ഞു. ഇതെല്ലാം തൊഴിൽ അസ്വസ്ഥത വ്യാപകമാക്കി. 2025 ഓർമിക്കപ്പെടുക ഗിഗ് തൊഴിലാളികളുടെ പേരിലായിരിക്കും. 30 രാജ്യങ്ങളിൽ ഒരേസമയം ആമസോൺ തൊഴിലാളികൾ സമരം ചെയ്തു. എങ്കിലും മേൽക്കൈ തൊഴിലുടമകൾക്ക് തന്നെയായിരുന്നു.
കാലാവസ്ഥാവ്യതിയാനം
2025 കാലാവസ്ഥാവ്യതിയാന പ്രതിസന്ധിയുടെ കെടുതികൾ കൂടുതൽ രൂക്ഷമായ വർഷമായിരുന്നു. കാലിഫോർണിയയിലെ തീപിടുത്തം, ഹുരികൈൻ മെലീസ, ടെക്‌സാസിലെയും ശ്രീലങ്കയിലെയും ഇന്തോനേഷ്യയിലെയും വെള്ളപ്പൊക്കങ്ങൾ. യൂറോപ്പിലെയും അമേരിക്കയിലെയും ഉഷ്ണക്കാറ്റുകൾ ഇവയൊക്കെയായിരുന്നു ഏറ്റവും കുപ്രസിദ്ധമായ പ്രകൃതി ദുരന്തങ്ങൾ. ലോകമെമ്പാടുമുള്ള കണക്കെടുത്താൽ 10,000 കോടി ഡോളറിന്റെ നഷ്ടം ഇത്തരം കെടുതികൾമൂലം 2025 ന്റെ ആദ്യപകുതിയിൽ മാത്രം ഉണ്ടായി.
ഏറ്റവും സമ്പന്നരായ 10% ധനികരാണ് 2025 ലെ ഹരിതഗൃഹവാതകത്തിൽ മൂന്നിൽ രണ്ടും സൃഷ്ടിച്ചത്. പക്ഷേ പ്രകൃതി ദുരന്തങ്ങളുടെ കെടുതികൾ മുഴുവൻ സഹിക്കേണ്ടിവന്നത് പാവപ്പെട്ടവരാണ്. കാലാവസ്ഥാവ്യതിയാനം വർഗസമരത്തിന്റെ സ്വഭാവം കൈവരിക്കുന്നത് ഇങ്ങനെയാണ്. കാലാവസ്ഥാവ്യതിയാനം സംബന്ധിച്ച് ഒരു യോജിപ്പിലെത്താൻ ലോകരാഷ്ട്രങ്ങൾക്കിനിയും ആയില്ല.
‘COP-30’ നവംബർ മാസത്തിൽ ബ്രസീലിലാണ് നടന്നത്. പറയത്തക്ക നേട്ടങ്ങളൊന്നും ഈ ചർച്ചകൊണ്ട് ഉണ്ടായില്ല. ഫോസിൽ ഇന്ധനങ്ങളിൽ നിന്ന് മാറുന്നതിനു റോഡ് മാപ്പ് ഉണ്ടാക്കി. പക്ഷേ പെട്രോൾ ഉൽപ്പാദക രാഷ്ട്രങ്ങളുടെ എതിർപ്പുമൂലം ഇത് സന്നദ്ധാടിസ്ഥാനത്തിൽ പാലിച്ചാൽ മതി എന്ന് അവസാനം തീരുമാനിക്കേണ്ടിവന്നു. കാലാവസ്ഥാ വ്യതിയാന ഫണ്ടിങ്ങിന്റെ കാര്യവും ഇങ്ങനെ തന്നെ. അമേരിക്കയുടെ താല്പര്യക്കുറവാണ് ഇതിനൊക്കെ പ്രധാന കാരണം.
ആഗോള സമ്പദ്ഘടന കൂടുതൽ
അവ്യവസ്ഥിതമാവുന്നു
ട്രംപിന്റെ വിജയം ലോകമെമ്പാടുമുള്ള തീവ്രവലതുപക്ഷ കക്ഷികളെ ശക്തിപ്പെടുത്തിയിരിക്കുകയാണ്. ഇത് ആഗോളസമ്പദ്ഘടനയെ കൂടുതൽ അനിയന്ത്രിതമാക്കിയിരിക്കുകയാണ്. പരസ്പരധാരണകളുടെ അടിസ്ഥാനത്തിൽ എത്തിച്ചേർന്ന പല ഉടമ്പടികളിൽ നിന്നും സംഘടനകളിൽനിന്നും അമേരിക്ക ഏകപക്ഷീയമായി പിന്മാറുകയാണ്. അമേരിക്ക ലോകാരോഗ്യ സംഘടനയിൽനിന്നും കാലാവസ്ഥാ വ്യതിയാനം സംബന്ധിച്ച പാരീസ് ഉടമ്പടിയിൽ നിന്നും പിന്മാറി. മാത്രമല്ല, അമേരിക്കയുടെ ഫെഡറൽ റിസർവിനുമേലെ നേരിട്ട് നിയന്ത്രണം കൊണ്ടുവരുവാനുള്ള പരിശ്രമത്തിലാണ് ട്രംപ്. പലിശനിരക്ക് ഇനിയും ഗണ്യമായി വെട്ടിക്കുറയ്ക്കണം എന്നതാണ് ട്രംപിന്റെ ആവശ്യം. എന്നാൽ ട്രംപ് ആഗ്രഹിക്കുന്ന അത്രയും കുറയ്ക്കാൻ ഫെഡറൽ റിസർവിന്റെ മേധാവി പവ്വൽ തയാറല്ല. ഇത് ആഗോള ധനകാര്യമേഖലയിൽ പുതിയ അനിശ്ചിതാവസ്ഥകൾ സൃഷ്ടിക്കുന്നുണ്ട്.
ചുരുക്കത്തിൽ 2025 ലെ സാമ്പത്തിക പ്രവണതകൾ ഇവയാണ്. ചുങ്ക സംരക്ഷണവാദങ്ങളുടെ മുന്നേറ്റവും ആഗോളവൽക്കരണത്തിന്റെ പിന്നോട്ടടിയും. ഇത്തരമൊരു സന്ദർഭത്തിലും ആഗോള സമ്പദ്ഘടനയ്ക്ക് പിടിച്ചുനിൽക്കാനായത് AI യുടെ കടന്നുവരവു മൂലമാണ്. ചൈനയെയും മറ്റു ബ്രിക്സ് രാജ്യങ്ങളെയും മെരുക്കുക എന്ന അമേരിക്കൻ നീക്കം ഫലം കണ്ടില്ല. ഡോളർ മേധാവിത്വം സംബന്ധിച്ച അനിശ്ചിതാവസ്ഥകൾ തുടരുകയാണ്. ആഗോളസമ്പദ്ഘടന കൂടുതൽ അവ്യവസ്ഥിതമായിത്തീർന്നിരിക്കുന്നു. l



