2025 കലണ്ടർ വർഷം അവസാനമാകുന്നതോടെ പലസ്തീൻകാർക്കെതിരായ വംശഹത്യ ആയിരത്തോളം ദിവസം പിന്നിടുകയാണ്. ഇപ്പോഴത്തെ വെടിനിർത്തൽവേളയിൽപോലും ഇസ്രയേലുകാർ ഗാസയിൽ ബോംബാക്രമണം തുടരുകയാണ്; സാധാരണ പൗരരെ കൊന്നൊടുക്കുന്നതിനൊപ്പം ഗാസയിലെ ജനങ്ങൾക്ക് സഹായമെത്തിക്കുന്നതിന് – ഭക്ഷണസാധനങ്ങളും ഔഷധങ്ങളും എത്തിക്കുന്നതിന് – പ്രതിദിനം 600 ട്രക്കുകൾ ഗാസയിലേക്ക് കടക്കുന്നതിന് അനുവദിച്ചിരുന്നതുപോലും തടഞ്ഞുകൊണ്ടിരിക്കുന്നു. പലസ്തീൻകാരെ ബോംബിട്ടും പട്ടിണിക്കിട്ടും കൊന്നൊടുക്കിക്കൊണ്ടേയിരിക്കുന്നു; അന്താരാഷ്ട്ര നീതിന്യായ കോടതി ആവശ്യപ്പെട്ടതുപോലെ, ഇസ്രയേൽ വംശഹത്യ നടത്തുന്നത് അവസാനിപ്പിച്ചിട്ടില്ലായെന്നത് സുവ്യക്തമാണ്. ‘പുറമെ കാണുന്ന തരത്തിലുള്ള വംശഹത്യ’ (Plausible Genocide) പോലും അവസാനിപ്പിക്കുന്നില്ല. എന്തും ചെയ്യാൻ ഇസ്രയേലിനെ അനുവദിക്കുവാനുള്ള തീരുമാനത്തിൽ മാറ്റമില്ലാതെ പാശ്ചാത്യ കൂട്ടായ്മ ഇപ്പോഴും ഇസ്രയേലിനൊപ്പം നിൽക്കുന്നു.
അതേസമയം, ഉക്രെയ്നിലെ യുദ്ധത്തിന് അന്ത്യമുണ്ടാകുന്നതിന്റെ അടയാളങ്ങളൊന്നും തന്നെ കാണുന്നുമില്ല. അതിർത്തി കെെമാറ്റങ്ങൾ, സുരക്ഷ, വെടിനിർത്തൽ എന്നിവ സംബന്ധിച്ച് ചില ക്രമീകരണങ്ങൾ വരുത്താൻ റഷ്യയും അമേരിക്കയും തയ്യാറായി നിൽക്കുമ്പോൾ, ഉക്രെയ്നിൽ പൊലിഞ്ഞുപോകുന്ന എണ്ണമറ്റ മനുഷ്യ ജീവിതങ്ങളെ കണക്കിലെടുക്കാതെ, റഷ്യയെ ഒരു പാഠം പഠിപ്പിക്കുന്നതിനായി യുദ്ധം തുടർന്നുകൊണ്ടുപോകാനാണ് യൂറോപ്യൻ രാഷ്ട്രങ്ങളുടെ തീരുമാനം, ഇത് തികച്ചും അനുചിതമാണ്. റഷ്യയെ ഉക്രെയ്നിൽ പിടിച്ചുനിർത്തിയില്ലെങ്കിൽ, തങ്ങളുടെ തന്നെ രാജ്യങ്ങൾ ഭീഷണിയിലാകും എന്നാണ് യൂറോപ്യൻ നേതാക്കൾ വാദിക്കുന്നത്. യൂറോപ്പിനെ അപായപ്പെടുത്തുവാനുള്ള യാതൊരു ഉദ്ദേശ്യവും തങ്ങളുടെ ഗവൺമെന്റിനില്ല എന്ന് രേഖാമൂലം ഒപ്പിട്ടു നൽകാൻ താൻ തയ്യാറാണെന്ന് റഷ്യൻ പ്രസിഡന്റ് വ്ളാദിമിർ പുടിൻ പറഞ്ഞിട്ടുണ്ട്; എന്നിട്ടും, യുദ്ധത്തിന് പിന്തുണ നൽകുന്നതിനുള്ള ഒരു കാരണമായി ഈ ഭയം യൂറോപ്യൻ നേതാക്കൾ ആവർത്തിച്ചുകൊണ്ടേയിരിക്കുന്നു. തങ്ങളുടെ സെെനിക ചെലവഴിക്കലുകൾ വർദ്ധിപ്പിക്കാൻ അവർ സന്നദ്ധമായിക്കൊണ്ടേയിരിക്കുകയാണ്; അത് തങ്ങളുടെ കാർബൺ ബഹിർഗമന പരിധിയെ ബ്രിട്ടന്റെ വാർഷിക കാർബൺ ബഹിർഗമനത്തിന് തത്തുല്യമായ നിലയിലേക്ക് ഉയർത്തുമെന്നതും അവർക്ക് പ്രശ്നമല്ല. പാരിസ്ഥിതികവുമായ സാമൂഹിക ക്ഷേമവുമായും ബന്ധപ്പെട്ട എല്ലാ അജൻഡകളും ഈ അജൻഡയ്ക്കുമുന്നിൽ തകരുകയാണ്. യുദ്ധം, യുദ്ധം എന്ന വാക്കിൽ ബ്രസൽസ് രോമാഞ്ചംകൊള്ളുകയാണ്.
അതിനിടയ്ക്ക് അമേരിക്ക അതിന്റെ ദേശീയ സുരക്ഷാ തന്ത്രം (National Security Strategy) പുറത്തുവിടുകയുണ്ടായി; ലോകകാര്യങ്ങളിലും അതു സംബന്ധിച്ചുള്ള നമ്മുടെ ധാരണയിലും വലിയ തോതിൽ അരക്ഷിതാവസ്ഥ നിലനിൽക്കുന്ന സമയത്താണ് അമേരിക്ക ദേശീയ സുരക്ഷാതന്ത്രം പ്രഖ്യാപിക്കുന്നത്. ട്രംപ് നയിക്കുന്ന താരിഫ് യുദ്ധവും പസഫിക് സമുദ്രത്തിലും ഇന്ത്യൻ മഹാസമുദ്രത്തിലും നാറ്റോ സഖ്യത്തെ പടുത്തുയർത്തുന്നതും, ചെെനയ്ക്കെതിരായി പാശ്ചാത്യ കൂട്ടായ്മ കരുനീക്കുന്ന വലിയ ഭീഷണിയെയാണ് സൂചിപ്പിക്കുന്നത്; അതുകൊണ്ടുതന്നെ, ഈ മേഖല തീക്ഷ്ണമായ സംഘർഷത്തിലേക്ക് നീങ്ങുന്നതിനുള്ള പ്രവണതയാണ് ഇത് ദൃശ്യമാക്കുന്നത്. എന്നാൽ ദേശീയ സുരക്ഷാ തന്ത്രം സംബന്ധിച്ച പുതിയ രേഖയിൽ, ചെെനയുടെ സാമ്പത്തിക കുതിപ്പിനെ ചെറുക്കുന്നതിനുള്ള കഴിവില്ലായ്മയുമായി അമേരിക്ക സമ്മതിക്കുന്നുവെന്നും അതിനാൽ തൽക്കാലം തങ്ങളുടെ മേഖലയിലേക്ക് പിൻവലിയാനാണ് താൽപര്യപ്പെടുന്നതെന്നും പറയുന്നു. പശ്ചിമാർദ്ധഗോളത്തിലേക്ക് അമേരിക്ക ശ്രദ്ധ കേന്ദ്രീകരിക്കുന്നതിന് നിർണ്ണായക പ്രാധാന്യമുണ്ടാകുന്നത് ഈ പശ്ചാത്തലത്തിലാണ്; എന്നുവെച്ചാൽ, പശ്ചിമാർദ്ധ ഗോളമാകെ അമേരിക്കയുടെ സ്വത്താണെന്ന് പ്രസ്താവിക്കുന്ന 1823ലെ മൺറോ സിദ്ധാന്തം മുൻപെന്നത്തേക്കാളും കൂടുതൽ പുതുക്കി ശക്തിപ്പെടുത്താൻ അമേരിക്ക ആഗ്രഹിക്കുന്നു;മേഖലയിൽ ആധിപത്യം സ്ഥാപിക്കുന്നതിന് ഏതു ഘട്ടത്തിലും അമേരിക്കയ്ക്ക് ആക്രമണോത്സുകമായി ഇടപെടാമെന്ന ട്രംപിന്റെ ഉപസിദ്ധാന്തത്തോടുകൂടിയാണ് മൺറോ സിദ്ധാന്തത്തെ വീണ്ടും ശക്തമായി നടപ്പാക്കുന്നത്. പക്ഷേ, പശ്ചിമാർദ്ധ ഗോളത്തിലും അമേരിക്ക ഒരു പ്രശ്നം നേരിടുന്നു: അമേരിക്കൻ വൻകരയിലെ 35 രാജ്യങ്ങളിൽ മിക്കതിലും ഒന്നുകിൽ പ്രധാന വ്യാപാര പങ്കാളി അല്ലെങ്കിൽ രണ്ടാമത്തെ പ്രധാന വ്യാപാര പങ്കാളി ചെെനയാണ് (എന്തിന്, അമേരിക്കയുടെ പോലും പ്രധാന വ്യാപാര പങ്കാളി ചെെനയാണ്). അതായത്, ചെെനയുടെ സാമ്പത്തിക സാന്നിധ്യം അനിവാര്യവും ആഴത്തിൽ അനുഭവേദ്യവുമായ അമേരിക്കൻ ഉപഭൂഖണ്ഡത്തിൽനിന്നും (ഉദാഹരണത്തിന്, അർജന്റീന, ബ്രസീൽ, ചിലി, പനാമ, പരാഗേ-്വ, പെറു എന്നീ രാജ്യങ്ങളുടെയെല്ലാം ഏറ്റവും വലിയ വ്യാപാര പങ്കാളി ചെെനയാണ് – ഇവയിൽ മിക്ക രാജ്യങ്ങളും അമേരിക്കയുടെ അടുത്ത രാഷ്ട്രീയ സഖ്യകക്ഷികളാണ്; എങ്കിൽപോലും ചെെനീസ് വാണിജ്യരംഗത്തിന് ഒരു ബദൽ കണ്ടെത്താൻ അവയ്ക്ക് കഴിയില്ല) ചെെനയുടെ സ്വാധീനം ‘നീക്കം ചെയ്യുക’ യെന്നത് യഥാർത്ഥത്തിൽ അസാധ്യമായ ഒന്നാണ്. പശ്ചിമാർദ്ധഗോളം ‘അമേരിക്കയുടെ സ്വത്താണെന്നും’ ഏത് ‘എതിരാളി’യെയും പ്രദേശത്തുനിന്ന് നീക്കം ചെയ്യുമെന്നുമുള്ള അമേരിക്കയുടെ തന്ത്രം ഫലത്തിൽ സാധ്യമാകുന്നതല്ല എന്നാണിത് കാണിക്കുന്നത്. ചുരുക്കത്തിൽ, അമേരിക്ക അതിന്റെ വൻതോതിൽ നിഷ്ക്രിയമായ വ്യാവസായിക ശേഷിയെ പുനരുജ്ജീവിപ്പിക്കുകയും സാമ്പത്തിക മിച്ചം ഉണ്ടാക്കുകയും ചെയ്യാതെ, ഈ രാജ്യങ്ങളിലുള്ള അസംസ്കൃത വസ്തുക്കൾ വാങ്ങുന്നതിനുള്ള അവസാന ആശ്രയമായ ചെെനയെ അവിടെനിന്നും നീക്കുവാൻ അതിന് കഴിയില്ല.
നിലവിൽ, അമേരിക്കയുടെ കടത്തിന്റെ 8.5 ലക്ഷം കോടി ഡോളറിലധികം വിദേശികളിൽ നിന്നാണ് (മൊത്തം കടബാധ്യത 38 ലക്ഷം കോടി ഡോളറാണ്); ആഗോള സമ്പദ്ഘടനയുടെ മൊത്തം വലിപ്പത്തിന്റെ മൂന്നിലൊന്നാണ് അമേരിക്കയുടെ മൊത്തം കടബാധ്യത. അമേരിക്കൻ സമ്പദ്ഘടനയുടെ ഈ ഭാരവും സർവകലാശാലകൾ, പശ്ചാത്തല സൗകര്യം, വ്യാവസായിക ശേഷി എന്നിവയിലേക്കുള്ള അതിന്റെ മൊത്തം നിക്ഷേപത്തിന്റെ അഭാവവും സൂചിപ്പിക്കുന്നത്, പുതിയ കാലഘട്ടത്തിനുതകുംവിധം അമേരിക്കയ്ക്ക് അതിന്റെ മാനുഫാക്ചറിങ് മേഖലയെയോ സാങ്കേതികവിദ്യാമികവിനെയോ പുനരുജ്ജീവിപ്പിക്കാൻ കഴിയില്ല എന്നാണ്. അതേസമയം, തങ്ങളുടെ തന്നെ സാങ്കേതികവിദ്യാപരമായ പ്രക്രിയകളിൽ ചെെന സൃഷ്ടിച്ച മുന്നേറ്റം – അതുകൊണ്ട് ഇപ്പോൾ ചെെനയ്ക്ക് ഉന്നതതല സാങ്കേതികവിദ്യ ഇറക്കുമതി ചെയ്യാതെ തന്നെ ഉന്നതതല ചരക്കുകൾ ഉൽപാദിപ്പിക്കാൻ കഴിയുന്നു – യൂറോപ്യൻ, വടക്കേ അമേരിക്കൻ സാങ്കേതികവിദ്യാ കമ്പനികളെ ആശ്രയിക്കുന്നത് കുറയ്ക്കുകയും സ്വന്തമായ മൂലേ-്യാൽപാദക ശക്തികളെ ഉയർത്തിക്കൊണ്ടുവരുകയും ചെയ്തിരിക്കുന്നു. അമേരിക്കയും യൂറോപ്പും ഇനിമേൽ വരാനിരിക്കുന്ന കാലഘട്ടത്തിനുതകത്തക്കവിധമുള്ള ഏറ്റവും വലിയ സമ്പദ്ഘടനകളായിരിക്കില്ലായെന്നും ഈ ചലനാത്മകത ഇപ്പോൾ ഏഷ്യയിലേക്കു നീങ്ങിയിരിക്കുന്നു എന്നും ആഗോള തെക്കൻ മേഖല അംഗീകരിച്ചിരിക്കുന്നു; ഇത് ‘പുതിയൊരു സ്ഥിതിവിശേഷം’ സൃഷ്ടിച്ചിരിക്കുകയാണ്. അതായത് ആഫ്രിക്കയിലും ഏഷ്യയിലും ലാറ്റിനമേരിക്കയിലും കരീബിയയിലുമുള്ള രാജ്യങ്ങൾക്ക് അമേരിക്കയെയും യൂറോപ്പിനെയും പൂർണമായും ആശ്രയിക്കണമെന്ന ചിന്ത ഇപ്പോഴില്ല. ഉദാഹരണത്തിന്, അമേരിക്ക താരിഫുകൾ ചുമത്തുന്ന സ്ഥിതിയുണ്ടായിട്ടും ഇന്ത്യ റഷ്യൻ എണ്ണ വാങ്ങുന്നത് നിർത്തലാക്കാത്തത്, ലോക സമ്പദ്ഘടനയിൽ പ്രതേ-്യകിച്ചും ഏഷ്യയിൽ ചെെനയുടെയും റഷ്യയുടെയും പ്രാധാന്യം ഇന്ത്യ– തീവ്രവലതുപക്ഷത്തിന്റെ ഭരണത്തിലാണെങ്കിലും –അംഗീകരിക്കുന്നു എന്നതിന്റെ അടയാളമാണ് (അതുകൊണ്ടാണ് ഷാങ്ഹായ് കോ ഓപ്പറേഷൻ ഓർഗനെെസേഷൻ ഇന്ത്യയുടെ താൽപര്യങ്ങൾക്ക് അത്രമേൽ നിർണായകമായതും ഇന്ത്യൻ പ്രധാനമന്ത്രി ടിയാൻജിനിൽ നടന്ന അതിന്റെ 2025ലെ ഉച്ചകോടിയിൽ പങ്കെടുത്തതും).
പത്തു വർഷത്തിനുമുൻപുണ്ടായിരുന്ന ലോകമല്ല ഇന്നത്തെ ലോകം. ഒരു ദശകത്തിനുമുൻപ്, അമേരിക്കയ്ക്കും അതിന്റെ യൂറോപ്യൻ സഖ്യകക്ഷികൾക്കും ലോകം തങ്ങൾക്കുമുൻപിൽ തലകുമ്പിട്ടു നിൽക്കുകയാണെന്നും കുറഞ്ഞത് ഇനിയുമൊരു നൂറ്റാണ്ടുകാലം കൂടി ലോകകാര്യങ്ങളിൽ തങ്ങൾക്ക് ആധിപത്യം വഹിക്കാനാകുമെന്നുമുള്ള തോന്നലുണ്ടായിരുന്നു. രണ്ടാം അമേരിക്കൻ നൂറ്റാണ്ടിനെക്കുറിച്ചുള്ള സംസാരം ഒന്നാമത്തേത് പൂർത്തിയാകുന്നതിനു മുമ്പേ തന്നെ തുടങ്ങിയിരുന്നു. പക്ഷേ ഇപ്പോൾ അത്തരം വർത്തമാനങ്ങൾക്ക് പ്രസക്തിയില്ലാതായിരിക്കുന്നു. അമേരിക്കയിലെ ഇപ്പോഴത്തെ അധീശവർഗത്തന്റെ വാഴ്ചയ്ക്കകീഴിൽ രണ്ടാം അമേരിക്കൻ നൂറ്റാണ്ട് ഉണ്ടാകില്ല, അമേരിക്കയെ വീണ്ടും മഹത്തരമാക്കാനുള്ള (MAGA) സാധ്യതയും ഉണ്ടാകില്ല. നിലവിലുള്ളതിൽനിന്ന് വ്യത്യസ്തമായൊരു അമേരിക്കൻ ഭരണപക്ഷത്തിന് സമ്പന്നർക്കുമേൽ നല്ല നിലയിൽ നികുതി ഏർപ്പെടുത്താനും അതുപോലെതന്നെ സെെനിക ചെലവഴിക്കലുകൾ വെട്ടിച്ചുരുക്കുവാനും കഴിയും; എന്നിട്ട് ആ പണത്തിൽ കുറച്ചെടുത്ത് ജനങ്ങളുടെ ജീവിത സാഹചര്യത്തെ വീണ്ടെടുക്കാൻ കഴിയും; ആ പണത്തിന്റെ ഭൂരിഭാഗവുമെടുത്ത് പശ്ചാത്തലസൗകര്യവും സർവകലാശാലകളും വ്യാവസായികശേഷിയും പുനർനിർമിക്കാൻ കഴിയും; അങ്ങനെ അമേരിക്കയുടെ ഭാഗധേയത്തെ പുനരുജ്ജീവിപ്പിക്കാൻ കഴിയും. പക്ഷേ ആ ദിശയിലേക്ക് നീങ്ങുന്നതിന്, ലളിതമായി പറഞ്ഞാൽ ഇന്ന് നിലവിലുള്ളതിൽനിന്ന് വ്യത്യസ്തമായ മറ്റൊരു അമേരിക്ക ആവശ്യമാണ്. അപ്പോൾ, ട്രംപിന്റെ ഉപസിദ്ധാന്തവും പുത്തൻ ശീതസമരവും താരിഫും വർധിച്ചുവരുന്ന സെെനിക ചെലവഴിക്കലുകളും ഉക്രെയ്നിലെ യുദ്ധവും ഗാസയിലെ വംശഹത്യയുമാണ് ഇൗ പുതുവർഷത്തിലേക്ക് കടക്കുമ്പോൾ നമുക്ക് മുന്നിലുള്ളത്. യാഥാർഥ്യം സാധ്യതകളേക്കാൾ മോശമാണ്. l



