എല്ലാ വർഷത്തെയുംപോലെ 2025 ഉം നമുക്ക് അവിസ്മരണീയമായ ചില പാഠങ്ങൾ നൽകി; അസ്വസ്ഥതയുണ്ടാക്കുന്ന ചില ചോദ്യങ്ങൾ ഉയർത്തി; എക്കാലവും ഓർമിക്കാനും പരിലാളിക്കാനും നമുക്ക് ചില ഓർമകളും നൽകി. യുദ്ധങ്ങളുടെയും യുദ്ധങ്ങൾക്കറുതി വരുത്താനുള്ള പ്രതിഷേധങ്ങളുടെയും കാലത്തിലൂടെയാണ് നാം കടന്നുപോയത്; പൊരുതി നേടിയ അവകാശങ്ങൾ കവർന്നെടുക്കാനുള്ള നീക്കങ്ങൾക്കും അത്തരം നീക്കങ്ങൾക്കെതിരായ ചെറുത്തുനിൽപ്പുകൾക്കും നാം സാക്ഷ്യംവഹിച്ചു. നമ്മെ ഇരുത്തി ചിന്തിപ്പിക്കുന്ന, വിശകലനം ചെയ്യാനും പാഠങ്ങൾ ഉൾക്കൊള്ളാനും നമ്മെ പ്രേരിപ്പിക്കുന്ന, തിരഞ്ഞെടുക്കലുകളാണ് ജനങ്ങൾ നടത്തിയത്. സർവോപരി ചരിത്രത്തിൽ ഇടംപിടിച്ച, നല്ലൊരു നാളെ കെട്ടിപ്പടുക്കാൻ നമ്മെ പ്രേരിപ്പിക്കുന്ന മറ്റൊരു വർഷം കൂടിയാണ് ഇപ്പോൾ പിന്നിട്ടിരിക്കുന്നത്.
സമീപകാലത്തെ കുഴപ്പങ്ങളാകെ പരിഹരിക്കപ്പെട്ടിരിക്കുന്നൂവെന്നും സമ്പദ്ഘടന സ്ഥിരത കൈവരിച്ചിരിക്കുന്നൂവെന്നും ജനാധിപത്യം കരുത്തുറ്റതായി തന്നെ നിലനിൽക്കുന്നുവെന്നും നമ്മെ വിശ്വസിപ്പിക്കാൻ ഭരണവർഗങ്ങൾ കിണഞ്ഞു പരിശ്രമിച്ചുകൊണ്ടിരിക്കുകയാണ്. എന്നാൽ, കോടാനുകോടി ജനങ്ങളെ സംബന്ധിച്ചിടത്തോളം ഈ അവകാശവാദങ്ങളെല്ലാം വെറും പൊള്ളയാണ്; നിത്യോപയോഗസാധനങ്ങളുടെ വില കുറയുന്നതേയില്ല; തൊഴിൽ സുരക്ഷയുമില്ല. അപ്പോൾ യഥാർഥത്തിൽ എന്താണ് സംഭവിച്ചത്? സർക്കാരിന്റെ അവകാശവാദങ്ങളും ജനങ്ങളുടെ നിത്യജീവിതാനുഭവങ്ങളും തമ്മിലുള്ള അകലം വർധിച്ചുവരികയാണ്.
2025ലെ ആഗോള സാഹചര്യം നിലവിലുള്ള വ്യവസ്ഥിതിയുടെ പരിമിതികൾ വെളിപ്പെടുത്തുന്നുവെങ്കിൽ ഇന്ത്യയിലെ സംഭവവികാസങ്ങൾ നമ്മുടെ സ്വസ്ഥത കെടുത്തുന്ന കാര്യങ്ങളാണ് വ്യക്തമാക്കുന്നത്; അതായത് സേ-്വച്ഛാധിപത്യത്തിലേക്ക് രാജ്യത്തെ തള്ളിനീക്കിക്കൊണ്ടിരിക്കുകയാണ് എന്നതാണ് യാഥാർഥ്യം.
മെല്ലെ മെല്ലെ ദുർബലമാക്കപ്പെടുന്ന ജനാധിപത്യം
വിവിധ സംസ്ഥാനങ്ങളിൽ നടപ്പാക്കിക്കൊണ്ടിരിക്കുന്ന വോട്ടർ പട്ടികയുടെ പ്രത്യേക തീവ്ര പരിഷ്കരണം (Special Intensive Revision – SIR) വലിയൊരു വിഭാഗം യഥാർഥ വോട്ടർമാരുടെ വോട്ടവകാശം ഇല്ലാതാക്കുന്നതിനുള്ള നഗ്നമായ നീക്കമാണ്; കാലഹരണപ്പെട്ടുകഴിഞ്ഞ രേഖകൾ ഹാജരാക്കാനും ഗണ്യമായൊരു വിഭാഗം ജനങ്ങളുടെയും കൈവശമില്ലാത്ത അടിസ്ഥാന രേഖകളും പ്രമാണങ്ങളും വേണമെന്നാവശ്യപ്പെട്ടുമാണ് യഥാർഥ വോട്ടർമാരുടെ വോട്ടവകാശം നിഷേധിക്കുന്നത്. തെളിവ് ഹാജരാക്കാനുള്ള ബാധ്യത പൗരരുടെ മേൽ ചുമത്തുന്ന അഭ്യാസമാണിത്. അതിഥി തൊഴിലാളികൾക്കും നഗരങ്ങളിലെ ദരിദ്രർക്കും ദളിതർക്കും ആദിവാസികൾക്കും ന്യൂനപക്ഷങ്ങൾക്കുമെല്ലാമാണ് ഇതിന്റെ ദുരനുഭവം ആദ്യം നേരിടേണ്ടതായി വരുന്നത്. തങ്ങളുടെ ഉത്തരവാദിത്വത്തിൽനിന്ന് തിരഞ്ഞെടുപ്പ് കമ്മീഷൻ ഒഴിഞ്ഞുമാറുകയാണ്; വോട്ടർമാരായി പേര് ചേർക്കപ്പെടാൻ തങ്ങൾ അർഹരാണെന്ന് തെളിയിക്കേണ്ടത് ഇപ്പോൾ പൗരരുടെ ഉത്തരവാദിത്തമായി മാറിയിരിക്കുന്നു. യഥാർഥത്തിൽ പിൻവാതിലിലൂടെ എൻആർസി നടപ്പാക്കാനുള്ള നീക്കങ്ങളാണ് നടന്നുകൊണ്ടിരിക്കുന്നത്. ഭരണഘടനപ്രകാരം അനുവദിക്കപ്പെട്ടിട്ടില്ലാത്ത അധികാരങ്ങൾ തിരഞ്ഞെടുപ്പ് കമ്മീഷൻ സ്വയം ഏറ്റെടുത്ത് പ്രയോഗിക്കുകയാണിപ്പോൾ; അതാണ് പൗരത്വം തെളിയിക്കണമെന്ന് പൗരരോട് ആവശ്യപ്പെടുന്നതിൽ കാണാനാവുന്നത്.
2026 മുതൽ സെൻസസ് പ്രവർത്തനം ആരംഭിക്കുമെന്ന പ്രഖ്യാപനം, അടുത്ത പൊതു തിരഞ്ഞെടുപ്പ് (2029 ലെ) കാലത്ത് നിയോജകമണ്ഡല പുനർനിർണയത്തിനുവേണ്ടി ഡാറ്റ ശേഖരണത്തിനായുള്ള കണക്കെടുപ്പ് പ്രക്രിയയിലേക്ക് നീങ്ങുന്നതിന്റെ തുടക്കത്തെയാണ് സൂചിപ്പിക്കുന്നത്. ശരിയായ വിധത്തിലുള്ള കൂടിയാലോചനകളോ ജനകീയ ഇടപെടലോ കൂടാതെയുള്ള ഇത്തരമൊരു നീക്കം രാജ്യത്തെ സംബന്ധിച്ചിടത്തോളം വിനാശകരമാണ്.
2025 ലുടനീളം ഫെഡറലിസത്തിനും കനത്ത ആഘാതമേറ്റിരിക്കുകയാണ്. ധനപരമായ സമ്മർദവും ഉപാധികളോടെയുള്ള പദ്ധതികളും തിരഞ്ഞെടുക്കപ്പെട്ട സംസ്ഥാന സർക്കാരുകളെ സ്ഥിരമായി സൈഡ്ലൈൻ ചെയ്യുന്നതും സ്ഥിരം പരിപാടിയായിരിക്കുന്നു. ഭരണഘടനാപരമായ സന്തുലിതാവസ്ഥ പുനഃസ്ഥാപിക്കുന്നതുമായി, ഗവർണർമാരുടെ പങ്കിനെ സംബന്ധിച്ച പ്രസിഡൻഷ്യൽ റഫറൻസിന് കാര്യമായ ബന്ധമൊന്നുമില്ല. നമ്മുടെ സമൂഹത്തിന്റെയും രാഷ്ട്രീയ സംവിധാനത്തിന്റെയും ഫെഡറൽ തത്വങ്ങൾക്കും ഫെഡറൽ ഘടനയ്ക്കും മേലുള്ള ആക്രമണത്തിന് പച്ചക്കൊടി കാണിക്കുക മാത്രമാണ് അത് ചെയ്യുന്നത്. ക്രമാനുഗതമായി പരിമിതപ്പെടുത്തിക്കൊണ്ടുവരുന്ന ജനാധിപത്യത്തെ പിന്നെയും കഴുത്തു ഞെരിച്ചു കൊല്ലുകയാണ്.
മൂലധനത്തിനായി പൊളിച്ചെഴുതപ്പെടുന്ന
സമ്പദ്ഘടന
ഈ സംഭവവികാസങ്ങൾക്കൊപ്പംതന്നെ ചില സാമ്പത്തിക അജൻഡകളും കൊണ്ടുവന്നു. രാജ്യമാസകലമുള്ള ട്രേഡ് യൂണിയനുകൾ എതിർത്തുകൊണ്ടിരിക്കുന്ന ലേബർ കോഡുകൾ ഇപ്പോൾ വിജ്ഞാപനം ചെയ്യപ്പെട്ടിരിക്കുകയാണ്. കൂട്ടായ വിലപേശലിനുള്ള അവകാശംതന്നെ ഇല്ലാതാക്കപ്പെടുകയാണ്. കരാർ തൊഴിൽ സംവിധാനത്തെ പ്രോത്സാഹിപ്പിക്കുകയും തൊഴിലാളികൾക്ക് ലഭിക്കേണ്ട സംരക്ഷണങ്ങളിൽ വെള്ളംചേർക്കുകയുമാണ്. ഇത്തരം നടപടികളിലൂടെ ഗവൺമെന്റ് തൊഴിൽ രംഗത്തെയാകെ തൊഴിലുടമകൾക്കനുകൂലമായി മാറ്റിമറിക്കുകയാണ്. കോടാനുകോടി തൊഴിലാളികളെ സംബന്ധിച്ചിടത്തോളം ഇതെല്ലാം അവരുടെ തൊഴിൽ സുരക്ഷയെയും കൂലിയെയും ആത്മാഭിമാനത്തെയും സംബന്ധിക്കുന്ന കാര്യങ്ങളാണ്.
മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് നിയമത്തെ കൈവെടിഞ്ഞതും തൽസ്ഥാനത്ത് യാതൊരുപയോഗവുമില്ലാത്ത (toothless) വിബി – ജി ആർഎഎം(ജി) കൊണ്ടുവന്നതും ഇൗ കാര്യം കൂടുതൽ വ്യക്തമാക്കുന്ന, പോയ വർഷത്തെ നടപടികളിലൊന്നാണ്. ആ പദ്ധതിയുടെ സ്വഭാവത്തെ തന്നെ പാടെ മാറ്റിമറിച്ചിരിക്കുകയാണ്. ഇനിമേൽ അത് ഡിമാൻഡ് അധിഷ്ഠിതമായ ഒരു പദ്ധതിയേയല്ല. മുൻപ് ഗ്രാമീണ കുടുംബങ്ങൾക്ക് തൊഴിലുറപ്പാക്കിയിരുന്ന ഈ പദ്ധതിയെ കൂലി നൽകുന്നത് വൈകിപ്പിച്ചും ബജറ്റിൽ വേണ്ടത്ര വകയിരുത്തൽ നൽകാതെയും ഭരണപരമായ തടസ്സങ്ങളുണ്ടാക്കിയും ക്രമേണ കഴുത്തു ഞെരിച്ച് കൊല്ലുകയായിരുന്നു. തൊഴിലിനുള്ള അവകാശം നിയമത്തിൽ മാത്രമായി ഏട്ടിലെ പശുവായി ഒതുക്കപ്പെട്ടിരിക്കുകയാണ്; ക്രമാനുഗതമായി അതിന്റെ സത്ത ചോർത്തപ്പെടുകയാണുണ്ടായത്. വിലകൾ കുതിച്ചുയരുകയും തൊഴിലവസരങ്ങൾ അനിശ്ചിതമായിരിക്കുകയും ചെയ്യുന്ന ഈ കാലത്ത് ഈ പിന്മടക്കം ഗുരുതരമായ അനന്തരഫലങ്ങൾക്കിടയാക്കുന്നു. മാത്രമല്ല, സ്വന്തം ഉത്തരവാദിത്വത്തിൽനിന്ന് ഒഴിഞ്ഞുമാറാനും ഇപ്പോൾതന്നെ വിഭവ ദാരിദ്ര്യം നേരിടുന്ന സംസ്ഥാനങ്ങളുടെമേൽ ബാധ്യതയുടെ 40% അടിച്ചേൽപ്പിക്കാനുമാണ് യൂണിയൻ സർക്കാർ ശ്രമിക്കുന്നത്.
വൈദ്യുതി നിയമത്തിലെ നിർദിഷ്ട മാറ്റങ്ങളും സമാനമായ യുക്തിയാണ് പ്രകടിപ്പിക്കുന്നത്. സ്വകാര്യവൽക്കരണവും ക്രോസ് സബ്സിഡി ഇല്ലാതാക്കലും നിയന്ത്രണത്തിന്റെ കേന്ദ്രീകരണവും കർഷകരെയും സാധാരണക്കാരായ ഉപഭോക്താക്കളെയും സംബന്ധിച്ചിടത്തോളം വൈദ്യുതി, താങ്ങാനാവാത്തത്ര ചെലവേറിയതാക്കുന്നു; അതേസമയം കൂടുതൽ ലാഭമുണ്ടാക്കാൻ കഴിയുന്ന മേഖലകളെയാകെ സ്വകാര്യ സംരംഭകർക്ക് കൈമാറുകയുമാണ്. ഈ മാറ്റങ്ങളെല്ലാംതന്നെ സംസ്ഥാനങ്ങളുടെ അവകാശങ്ങൾ കവർന്നെടുക്കുന്നവയാണെന്നത് യാദൃച്ഛികമല്ല. കേന്ദ്രീകരണവും കോർപ്പറേറ്റ്-വൽക്കരണവും ഒരേ തൂവൽപക്ഷികളാണ്.
ശാന്തി (SHANTI) ബിൽ എന്ന് പേരിട്ട് വിളിക്കുന്ന ബില്ലിലൂടെ ആണവ ബാധ്യതാ നിയമവ്യവസ്ഥകളിൽ വെള്ളംചേർക്കാനുള്ള നീക്കവും ഈ ചിത്രത്തിലെ മറ്റൊരു തലമാണ്. ഇവിടെയും സന്ദേശം വ്യക്തമാണ് : പൊതുജനങ്ങൾക്കും പൊതുസംവിധാനത്തിനുമുണ്ടാകുന്ന അപകടസാധ്യതയും നഷ്ടവും അവർ സഹിക്കേണ്ടതാണ്; എന്നാൽ സ്വകാര്യമേഖലയ്ക്കുള്ള ലാഭത്തിൽ ഒരു കുറവും അനുവദിക്കാനാവില്ല. സുരക്ഷയും ഉത്തരവാദിത്വവും പൊതുതാൽപര്യവുമെല്ലാം കർത്തവ്യമായിട്ടല്ല പ്രതിബന്ധങ്ങളായാണ് കരുതപ്പെടുന്നത്.
പിന്നാലെ വരുന്നു, ഇൻഷുറൻസ് മേഖലയിൽ 100% എഫ്ഡിഐ അനുവദിക്കാനുള്ള ബില്ല്. ഇനിയൊരിക്കലും നമുക്ക് സാമൂഹ്യ ഉത്തരവാദിത്വങ്ങൾ പങ്കുവയ്ക്കാൻ പൊതുമേഖലാ ഇൻഷുറൻസ് കമ്പനികളിലേക്ക് നോക്കാനാവില്ല; കാരണം അവയെ മെല്ലെയുള്ള മരണത്തിനു (Slow death) വിട്ടുകൊടുത്തിരിക്കുകയാണ്. പുതുതായി കടന്നുവരുന്ന സ്വകാര്യ കമ്പനികളും വിദേശ കമ്പനികളും ഒരു സാമൂഹ്യ ഉത്തരവാദിത്വവും ഇനി ഏറ്റെടുക്കില്ല. സർവോപരി അവയൊന്നുംതന്നെ ഇൻഷുറൻസ് ബാധ്യതകൾ നിറവേറ്റുമെന്നതിലും യാതൊരുറപ്പുമില്ല.
ഇവയെയെല്ലാം ഒരുമിച്ച് പരിഗണിച്ചാൽ പൊതുവായി ചേർച്ചയുള്ള ഒരു ആസൂത്രിത പദ്ധതിയുടെ ഭാഗമാണ് ഈ നടപടികളെന്ന് കാണാം. സാമ്പത്തിക മുൻഗണനകളെ വളരെ ബോധപൂർവം പുനഃക്രമീകരിക്കുന്നതായാണ് ഇത് കാണിക്കുന്നത്.
സർവെയ്‌ലൻസ്
പൊതു നിയമമാക്കപ്പെടുന്നു
സർവെയ്ലൻസിനെ കൂടുതൽ സർവസാധാരണമാക്കുന്നതിനും 2025 സാക്ഷ്യംവഹിച്ചു. സഞ്ചാർ സാഥി പോലെയുള്ള സർവെയ്ലൻസ് അപ്പുകളെ സംരക്ഷണത്തിനായുള്ള നടപടിയെന്ന നിലയിൽ അടിച്ചേൽപ്പിക്കുകയാണ് മോദി സർക്കാർ. പ്രയോഗത്തിൽ ഈ നടപടികളെല്ലാം തന്നെ, വ്യക്തികൾ തമ്മിലുള്ള ആശയവിനിമയത്തെ തെല്ലും സുതാര്യമായല്ലാതെയും കാര്യമായ നോട്ടപ്പിശക് കൂടാതെയും നിരീക്ഷിക്കാനുള്ള ഭരണകൂടത്തിന്റെ ശേഷി വർധിപ്പിക്കുക മാത്രമാണ് ചെയ്യുന്നത്.
2025ൽ വിജ്ഞാപനം ചെയ്യപ്പെട്ട ഡിജിറ്റൽ പേഴ്സണൽ ഡാറ്റ സംരക്ഷണ ചട്ടങ്ങൾ ഈ ആശങ്കകളുടെ ഗൗരവം വർധിപ്പിച്ചിരിക്കുകയാണ്. സമ്മതിയുടെയും സംരക്ഷണത്തിന്റെയും ഭാഷ ആവർത്തിക്കപ്പെടുമ്പോൾതന്നെ, ഭരണകൂടത്തെ ഇതിന്റെ പരിധിയിൽനിന്ന് ഒഴിവാക്കുന്നതിനായി ആവശ്യംപോലെ പഴുതുകൾ ഇട്ടിട്ടുമുണ്ട്. ദീർഘകാലമായുള്ള സുതാര്യതാ സംവിധാനങ്ങളെയാകെ, പ്രത്യേകിച്ചും വിവരാവകാശ നിയമത്തെ, ദുർബലമാക്കുകയുണ്ടായി. അസമമായ സമൂഹത്തിൽ, നിർബന്ധിതമായ സാഹചര്യത്തിൽ സമ്മതി നൽകുന്നതിനെ സമ്മതമായി കണക്കാക്കാനാവില്ല.
ഇതിനെ കേവലം ഡാറ്റയുമായി ബന്ധപ്പെട്ട കാര്യമായി മാത്രം കാണാനാവില്ല. ഇത് അധികാരത്തിന്റെ പ്രശ്നം കൂടിയാണ്. ഡാറ്റയ്ക്കുമേൽ നിയന്ത്രണമുള്ളവർ അധികാരമെടുത്ത് ചുഴറ്റുന്നു. സർവെയ്ലൻസ് കേന്ദ്രിതമായ ഭരണകൂടം ഭിന്നാഭിപ്രായങ്ങളെ നിരുത്സാഹപ്പെടുത്തുന്നു; സംഘടനകളെ ശിഥിലമാക്കുന്നു ;സ്വയം സെൻസർഷിപ്പിന്റേതായ ഒരന്തരീക്ഷം സൃഷ്ടിക്കുന്നു. ഡിജിറ്റൽ ഇൻഫ്രാസ്ട്രക്ചറിനുമേൽ കോർപ്പറേറ്റ് നിയന്ത്രണം കൂടിയാകുമ്പോൾ പൗരരെയാകെ സൂക്ഷ്മനിരീക്ഷണത്തിന് വിധേയരാക്കുന്ന ഒരു സംവിധാനമാണ് അവിടെ ഉരുവംകൊള്ളുന്നത്.
സംസ്കാരം, സ്മരണ, നിയന്ത്രണം
ജനാധിപത്യപരമായ ഇടങ്ങൾ ചുരുങ്ങിവരുന്നതാണ് നമുക്ക് എവിടെയും കാണാൻ കഴിയുന്നത്. സാംസ്കാരിക സ്ഥാപനങ്ങൾ വലതുപക്ഷ ആശയങ്ങളുടെ ഒളിച്ചുകടത്തൽ കേന്ദ്രങ്ങളായി മാറുന്നു. ചലച്ചിത്രോത്സവങ്ങളെയും സാഹിത്യവേദികളെയും പൊതു അനുസ്മരണങ്ങളെയും ചുറ്റിപ്പറ്റി ഉയർന്നുവരുന്ന വിവാദങ്ങൾ ചില വ്യക്തികളുടെ പ്രവർത്തനവുമായി മാത്രം ബന്ധപ്പെട്ടതല്ല. വിമർശനങ്ങളോടുള്ള അസഹിഷ്ണുതയുടെയും ചരിത്രസ്മരണകളെ തങ്ങൾക്കനുകൂലമാക്കുന്നതിനെക്കുറിച്ചുള്ള ആകാംക്ഷയുടെയും പ്രതിഫലനമാണത്.
ചെറുത്തുനിൽപ്പുകളെ ഓർമപ്പെടുത്തുന്ന ചലച്ചിത്രങ്ങളും പുസ്തകങ്ങളും ചർച്ചകളും സൃഷ്ടിക്കുന്ന അസ്വസ്ഥതതന്നെ വെളിപ്പെടുത്തുന്ന ചിലകാര്യങ്ങളുണ്ട്. സമൂഹത്തിന്റെ സ്വന്തം ഓർമകൾക്ക് സംസ്കാരമാണ് രൂപംനൽകുന്നത്. അതിനെ വരുതിയിലാക്കാൻ നടത്തുന്ന നീക്കങ്ങൾ യഥാർഥത്തിൽ ഭൂതകാല സ്മരണകളെ പൊളിച്ചെഴുതാനുള്ള നീക്കങ്ങളാണ്. ഇടതുപക്ഷത്തെ സംബന്ധിച്ചിടത്തോളം, സാംസ്കാരിക സ്വാതന്ത്ര്യം സംരക്ഷിക്കുന്നത് എപ്പോഴായാലും ജനാധിപത്യ സംരക്ഷണത്തിന്റെ അവിഭാജ്യ ഭാഗമാണ്. സ്വന്തം കലാകാരരെയും എഴുത്തുകാരെയും ഭയപ്പെടുത്താൻ ശീലിക്കുന്ന ഒരു സമൂഹം രാഷ്ട്രീയമായ ഏകതാനത ശിരസാവഹിക്കാൻ ശീലിച്ചുകൊണ്ടിരിക്കുന്ന ഒന്നാണ്.
ഹിന്ദുത്വത്തിനുകീഴിൽ അക്രമങ്ങൾ സാർവ്വത്രികമാക്കപ്പെടുന്നു
ഈ സംഭവവികാസങ്ങൾക്കു പിന്നിലുള്ളത് ഭരണകൂട പ്രത്യയശാസ്ത്രമായി ഹിന്ദുത്വത്തെ അടിച്ചേൽപ്പിക്കാൻ നടത്തുന്ന നിരന്തര പരിശ്രമമാണ്. പ്രധാനമന്ത്രി ആര്‍എസ്എസിനെ പൊതുവേദികളിൽ ആവർത്തിച്ച് വാഴ്ത്തുന്നത്, ഹിന്ദുത്വം എന്ന മതാടിസ്ഥാനത്തിൽ പൗരത്വത്തെയും ദേശീയതയെയും പുനർനിർവചിക്കാൻ ശ്രമിക്കുന്ന ഒരു രാഷ്ട്രീയ പ്രോജക്ടിനെ ശക്തിപ്പെടുത്തുന്നതിന്റെ സൂചനയാണത്.
ന്യൂനപക്ഷങ്ങൾക്കും ദളിതർക്കും ആദിവാസികൾക്കും സ്ത്രീകൾക്കുമെതിരായ ആക്രമണങ്ങൾ നിത്യേനയെന്നോണം വർദ്ധിക്കുന്നത് അസ്വസ്ഥതയുണ്ടാക്കുന്നതാണ്. ഈ ജനവിഭാഗങ്ങളെ ഒഴിവാക്കുന്നതിനെ ന്യായീകരിക്കുന്ന ഒരു രാഷ്ട്രീയാന്തരീക്ഷമാണ് ഇന്ന് രാജ്യത്ത് നിലനിൽക്കുന്നത്. ഹിന്ദുത്വശക്തികൾ നിയമസംവിധാനങ്ങളെ കൈവശപ്പെടുത്തിയിരിക്കുന്നതിനാൽ ആക്രമിക്കപ്പെടുന്നവർക്ക് സംരക്ഷണം നൽകുന്നതിൽ പാടെ പരാജയപ്പെടുന്നു.
ക്ഷമയോടുകൂടിയതും ബോധപൂർവവുമായ പരിശ്രമത്തിലൂടെ മാത്രമേ ഇതിനെ ചെറുത്തുതോൽപ്പിക്കാനാവൂ. മതനിരപേക്ഷതയെയും തുല്യതയെയും നമ്മുടെ ജനാധിപത്യ റിപ്പബ്ലിക്കിനെ ശക്തിപ്പെടുത്തുന്നതിനുള്ള ഭരണഘടനാമൂല്യങ്ങളെയും സംരക്ഷിക്കുന്നതിന് നിരന്തരം ശക്തമായ രാഷ്ട്രീയ പ്രവർത്തനം നടത്തേണ്ടതുണ്ട്.
2025ൽ സിപിഐ എം
ഈ പശ്ചാത്തലത്തിൽ, സിപിഐ എമ്മിന്റെ 24–ാം പാർട്ടി കോൺഗ്രസിന് സവിശേഷമായ പ്രാധാന്യം കൈവരുന്നു. പാർട്ടിയുടെ തനതായ പങ്കിനെ ശക്തിപ്പെടുത്തേണ്ടതിന്റെയും ബഹുജന സമരങ്ങൾ കൂടുതൽ വ്യാപകവും ശക്തവുമാക്കേണ്ടതിന്റെയും നവലിബറലിസത്തിനെതിരായ പോരാട്ടത്തെ വർഗീയതയ്ക്കും സേ-്വച്ഛാധിപത്യത്തിനുമെതിരായ പോരാട്ടവുമായി സംയോജിപ്പിക്കേണ്ടതിന്റെയും ആവശ്യകതയെക്കുറിച്ച് പാർട്ടി കോൺഗ്രസ് ആവർത്തിച്ച് വ്യക്തമാക്കി.
അതേസമയംതന്നെ, നമ്മുടെ സ്വന്തം പരിമിതികളെ മറികടക്കേണ്ടതിന്റെ ആവശ്യകതയും പാർട്ടി കോൺഗ്രസ് നമ്മെ ഓർമിപ്പിച്ചു – രാജ്യത്തുടനീളം പാർട്ടിയുടെ പ്രവർത്തനം വ്യാപിപ്പിക്കുക; സംഘടനാപരമായ നമ്മുടെ ദൗർബല്യങ്ങൾക്ക് പരിഹാരം കാണുക; പുത്തൻ ഊർജത്തോടെ, ഉശിരോടെ പ്രവർത്തിക്കുന്ന ഒരു പാർട്ടിക്കായി പ്രയത്നിക്കുക.
നമുക്ക് മുന്നിലുള്ള വെല്ലുവിളികൾ ഗൗരവസ്വഭാവത്തിലുള്ളതാണ്. തൊഴിലാളികൾക്കും കർഷകർക്കും യുവജനങ്ങൾക്കും വിദ്യാർഥികൾക്കും സ്ത്രീകൾക്കും ദളിതർക്കും ആദിവാസികൾക്കും അരികുവൽക്കരിക്കപ്പെട്ട മറ്റു ജനവിഭാഗങ്ങൾക്കുമിടയിൽ ക്ഷമാപൂർവം പ്രവർത്തിക്കേണ്ടതിന്റെ പ്രാധാന്യമാണ് അത് നമ്മെ ഓർമിപ്പിക്കുന്നത്. ഇതിനായി തൃണമൂലതലത്തിലുള്ള നമ്മുടെ പ്രവർത്തനം ശക്തിപ്പെടുത്തുകയും ബഹുജന ലൈനോടുകൂടിയ വിപ്ലവ പാർട്ടി കെട്ടിപ്പടുക്കുകയും ചെയ്യേണ്ടത് അനിവാര്യമായിരിക്കുന്നു.
മുന്നോട്ടുപോകുന്നതിനുള്ള തയ്യാറെടുപ്പ്
2025 നമ്മെ ഓർമിപ്പിക്കുന്നത്, തങ്ങൾക്കുനേരെ നടക്കുന്ന ആക്രമണങ്ങൾകൊണ്ടൊന്നും ജനങ്ങൾ ഭയന്ന് പിന്മാറുന്നില്ലായെന്നും ചെറുത്തുനിൽപ്പിന്റെ കരുത്ത് ചോർന്നുപോകുന്നില്ലയെന്നുമാണ്. ആ ചെറുത്തുനിൽപ്പുകൾ ഉയർന്നുവരുന്നത് ഒരേപോലെയല്ലാതാകാം, ഒരുപക്ഷേ ചിലപ്പോഴെല്ലാം അതുണ്ടാകുന്നത് മനസ്സില്ലാമനസ്സോടെയുമായിരിക്കാം; എങ്കിലും ഇപ്പോഴും തൊഴിലിടങ്ങളിലും തെരുവുകളിലും സാംസ്കാരിക ഇടങ്ങളിലുമെല്ലാം ഇത്തരം ചെറുത്തുനിൽപ്പുകൾ ഉയർന്നുവരുന്നുണ്ട്; പ്രതിഷേധ സ്വരങ്ങളെ നിശബ്ദമാക്കാനുള്ള നീക്കങ്ങൾക്കുമുന്നിൽ അവർ തലകുനിക്കുന്നുമില്ല.
ഒട്ടേറെ പ്രതീക്ഷകളോടെയും തികഞ്ഞ ആത്മവിശ്വാസത്തോടെയുമാണ് നാം 2026ലേക്ക് ചുവടുവയ്‌ക്കുന്നത്. നമുക്കുമുന്നിലുള്ള കടമകൾ അതീവ നിഷ്കർഷയോടെ നിറവേറ്റണമെന്നാണ് കാലം നമ്മോടാവശ്യപ്പെടുന്നത്. സദാ ആ ജാഗ്രത നമുക്കുണ്ടായിരിക്കണം. അതീവ ശ്രദ്ധാപൂർവവും ഒരിക്കലും പിന്നോട്ടില്ലെന്ന ദൃഢനിശ്ചയത്തോടെയും നാമത് നിറവേറ്റുക തന്നെ ചെയ്യും.
ജനങ്ങൾക്കിടയിലെ നമ്മുടെ പ്രവർത്തനം കൂടുതൽ ശക്തവും ആഴത്തിലുള്ളതാക്കിയും വർഗസമരങ്ങളും ബഹുജനസമരങ്ങളും ശക്തിപ്പെടുത്തിയും സമൂഹത്തിൽനിന്ന് ഛിദ്രശക്തികളെയാകെ തുടച്ചുനീക്കുന്നതുവരെ നമുക്ക് വിശ്രമമില്ലെന്ന ദൃഢനിശ്ചയത്തോടെ നാമത് നിറവേറ്റുകതന്നെ ചെയ്യും. l



