Thursday, January 29, 2026

ad

Homeകവര്‍സ്റ്റോറിഇന്ത്യയുടെ ജിഡിപി 
ആഘോഷങ്ങൾക്കപ്പുറം 
കാണാതെപോകുന്ന 
യാഥാർഥ്യങ്ങൾ

ഇന്ത്യയുടെ ജിഡിപി 
ആഘോഷങ്ങൾക്കപ്പുറം 
കാണാതെപോകുന്ന 
യാഥാർഥ്യങ്ങൾ

ആർ രാംകുമാർ

ന്ത്യയുടെ സമ്പദ്‌വ്യവസ്ഥയെക്കുറിച്ച് അടുത്തിടെ വരുന്ന വാർത്തകൾ വായിച്ചാൽ ഒരു കാര്യം വ്യക്തമാണ്: ഇന്ത്യ ഒരു വലിയ സാമ്പത്തിക വളർച്ചയുടെ കാലഘട്ടത്തിലൂടെയാണ് കടന്നുപോകുന്നതെന്ന് പലരും വിശ്വസിക്കുന്നു. “ഇന്ത്യ ലോകത്തിലെ നാലാമത്തെ വലിയ സമ്പദ്‌വ്യവസ്ഥ”, “ജപ്പാനെ മറികടന്നു”, “മൂന്നാം സ്ഥാനത്തേക്ക് കുതിക്കുന്നു” എന്നിങ്ങനെ തലക്കെട്ടുകൾ മാധ്യമങ്ങളിൽ നിറയുകയാണ്. ഈ ആവേശത്തിനുപിന്നിൽ അന്താരാഷ്ട്ര നാണയനിധി (IMF) കുറച്ചു മാസങ്ങൾക്കു മുൻപ് പുറത്തുവിട്ട ജിഡിപി കണക്കുകളാണ്. IMFന്റെ പ്രവചനപ്രകാരം 2025ൽ ഇന്ത്യയുടെ ജിഡിപി, ജപ്പാന്റെ ജിഡിപിയെ നേരിയ വ്യത്യാസത്തിൽ മറികടക്കും. അങ്ങനെ അമേരിക്ക, ചൈന, ജർമനി എന്നിവയ്ക്കു പിന്നിലായി ഇന്ത്യ നാലാം സ്ഥാനത്തെത്തും.

ഇത്തരം കണക്കുകളും വാർത്തകളും രാഷ്ട്രീയ രംഗത്തും വലിയ പ്രാധാന്യം നേടി. മോദി സർക്കാർ ഇതിനെ തങ്ങളുടെ ശക്തമായ നേതൃത്വത്തിന്റെയും “ദീർഘദൃഷ്ടിയുടെയും” നേട്ടമായാണ് അവതരിപ്പിക്കുന്നത്. 2028ൽ ഇന്ത്യ ലോകത്തിലെ മൂന്നാമത്തെ വലിയ സമ്പദ്‌വ്യവസ്ഥയാകുമെന്നും, 2047ൽ “വികസിത ഭാരതം” എന്ന സ്വപ്നം യാഥാർഥ്യമാകുമെന്നുമുള്ള വാഗ്ദാനങ്ങൾ നൽകുന്നു.

കണക്കുകളുടെ ഭാഷയിൽ പറഞ്ഞാൽ ഇതെല്ലാം വലിയ നേട്ടങ്ങളായി തോന്നാം. എന്നാൽ ഈ കണക്കുകൾ യഥാർത്ഥത്തിൽ എന്താണ് നമ്മോടു പറയുന്നത്?

അതിലുപരി, ജിഡിപിയുടെ വലുപ്പം വർധിക്കുന്നത് ഇന്ത്യയിലെ ജനങ്ങളുടെ ജീവിതത്തിൽ എന്തു മാറ്റമാണ് ഉണ്ടാക്കുന്നത്?

ജിഡിപി: വലുപ്പത്തിന്റെ കണക്കുമാത്രം
ജിഡിപി എന്നത് ഒരു രാജ്യത്തിന്റെ സമ്പദ്‌വ്യവസ്ഥയുടെ വലുപ്പം അളക്കുന്ന ഒരു സംഖ്യ മാത്രമാണ്. ഒരു വർഷം രാജ്യത്ത് ഉത്പാദിപ്പിക്കുന്ന എല്ലാ അന്തിമ ചരക്കുകളുടെയും സേവനങ്ങളുടെയും മൊത്തമൂല്യമാണ് അത്. കൃഷി, വ്യവസായം, സേവനമേഖല—എന്നിവയെല്ലാം പണമായി കണക്കാക്കി കൂട്ടിച്ചേർക്കുന്ന ഒരു രീതിശാസ്ത്രം. ഇതിലൂടെ സമ്പദ്‌വ്യവസ്ഥയുടെ വലിപ്പം മനസ്സിലാക്കാം.

പക്ഷേ, ജിഡിപി ആ രാജ്യത്ത് ജീവിക്കുന്ന ജനങ്ങളുടെ ജീവിത നിലവാരത്തിന്റെ ഒരു അളവുകോൽ അല്ല. ഒരു രാജ്യത്തെ ജനങ്ങൾ എങ്ങനെ ജീവിക്കുന്നു, എത്രമാത്രം സുരക്ഷിതരാണ്, അവർക്കു ലഭിക്കുന്ന വിദ്യാഭ്യാസവും ആരോഗ്യസേവനങ്ങളും എത്രത്തോളം ഗുണമേന്മയുള്ളതാണ്—ഇതൊന്നും ജിഡിപി കണക്കുകൾ നമ്മോട് പറയുന്നില്ല. അതിനാൽ തന്നെ ജിഡിപി ഉയരുമ്പോഴും ദാരിദ്ര്യവും തൊഴിലില്ലായ്മയും സാമൂഹിക അസമത്വങ്ങളും തുടരാം.

സമ്പദ്‌വ്യവസ്ഥയുടെ ഒരു വലിയ ഭാഗം ജിഡിപിയിൽ അദൃശ്യമായി തുടരുന്നു എന്നതാണ് ഏറ്റവും വലിയ പരിമിതി. പ്രത്യേകിച്ച് സ്ത്രീകൾ ചെയ്യുന്ന കൂലിയില്ലാ വീട്ടുജോലികളും പരിചരണപ്രവർത്തനങ്ങളും—കുട്ടികളെ വളർത്തൽ, വയോധികരെ നോക്കൽ, വീടിന്റെ ദൈനംദിന ചുമതലകൾ— സമൂഹത്തിന്റെ നിലനിൽപ്പിന് അനിവാര്യമായിട്ടും ജിഡിപിയിൽ ഉൾപ്പെടുന്നില്ല. ഇതുപോലെതന്നെ അസംഘടിത മേഖലയിലെ കോടിക്കണക്കിന് തൊഴിലാളികളുടെ കുറഞ്ഞ വേതനവും തൊഴിൽ- സുരക്ഷയില്ലായ്മയും ഈ കണക്കുകളിൽ പ്രതിഫലിക്കാറില്ല. ഇത്തരം പ്രശ്നങ്ങൾ നിലനിൽക്കവേയാണ് ഒരു സമ്പദ്ഘടനയുടെ വലിപ്പത്തിന്റെ വസ്തുനിഷ്ഠമായ ഒരു കണക്കായി പലപ്പോഴും ജിഡിപി അവതരിപ്പിക്കപ്പെടുന്നത്.

ജിഡിപി റാങ്കുകൾ എങ്ങനെ രൂപപ്പെടുന്നു?
ഇന്ത്യയുടെ ജിഡിപി റാങ്കിനെക്കുറിച്ചുള്ള ചർച്ചകൾ പലപ്പോഴും ആശയക്കുഴപ്പം സൃഷ്ടിക്കാറുണ്ട്. കാരണം ജിഡിപി കണക്കാക്കാനും താരതമ്യം ചെയ്യാനും വ്യത്യസ്ത രീതികളുണ്ട്.

സാധാരണയായി, ഓരോ രാജ്യവും സ്വന്തം നാണയത്തിലാണ് ജിഡിപി കണക്കാക്കുന്നത്. ഇന്ത്യയിൽ രൂപയിലും, അമേരിക്കയിൽ ഡോളറിലും. അപ്പോൾ വിവിധ രാജ്യങ്ങൾ തമ്മിൽ ഇത്തരം കണക്കുകൾ താരതമ്യം ചെയ്യാൻ ഒരു പൊതുനാണയം വേണം. അതിനാണ് ഡോളർ ഉപയോഗിക്കുന്നത്.

ഇവിടെ ഏറ്റവും കൂടുതൽ പ്രചാരമുള്ള രീതി മാർക്കറ്റ് എക്സ്ചേഞ്ച് റേറ്റ് ഉപയോഗിച്ചുള്ളതാണ്. ഇന്ന് ഒരു ഡോളറിന് ഏകദേശം 85 രൂപയിലധികമാണ്. ഈ നിരക്കുപയോഗിച്ച് ഇന്ത്യയുടെ രൂപയിലെ ജിഡിപിയെ ഡോളറിലേക്കു മാറ്റുമ്പോഴാണ് “ഇന്ത്യ ലോകത്തിലെ നാലാമത്തെ വലിയ സമ്പദ്‌വ്യവസ്ഥ” എന്ന കണക്കുകൾ രൂപപ്പെടുന്നത്. IMFന്റെ പ്രവചനങ്ങളും മാധ്യമങ്ങൾ ഏറ്റെടുക്കുന്ന റാങ്കുകളും ഈ രീതിയിലാണ്.

ഈ രീതി ഉപയോഗിച്ചാൽ ഇന്ത്യ 2021 മുതൽ അഞ്ചാം സ്ഥാനത്താണ്. 2025ൽ നാലാം സ്ഥാനത്തേക്കും 2028ൽ മൂന്നാം സ്ഥാനത്തേക്കും എത്തുമെന്നാണ് കണക്കുകൾ പറയുന്നത്. മോദി സർക്കാരിന് രാഷ്ട്രീയമായി ആഘോഷിക്കാൻ ഏറ്റവും അനുയോജ്യമായ കണക്കുകളാണ് ഇവ.

PPP: ആഘോഷങ്ങൾക്ക് പുറത്തുള്ള 
മറ്റൊരു ചിത്രം
പക്ഷേ, മാർക്കറ്റ് എക്സ്ചേഞ്ച് റേറ്റ് രീതി വലിയ പരിമിതികളുള്ളതാണ്. വിദേശനാണയ വിപണികളിലെ മാറ്റങ്ങൾക്കനുസരിച്ച് ഈ നിരക്കുകൾ കുത്തനെ മാറാം. അതിലുപരി, ഇന്ത്യയിലും വികസിത രാജ്യങ്ങളിലും ഒരേ തുകയ്ക്ക് ഒരേ സാധനങ്ങൾ വാങ്ങാനാകില്ല എന്ന യാഥാർഥ്യം ഈ രീതി പൂർണമായും അവഗണിക്കുന്നു.

ഇവിടെയാണ് പർച്ചേസിങ് പവർ പാരിറ്റി (PPP) എന്ന രീതി പ്രസക്തമാകുന്നത്. ഇന്ത്യയിൽ ചരക്കുകൾക്കും സേവനങ്ങൾക്കും താരതമ്യേന വിലകുറവാണ്, കാരണം ഇവിടെ വേതനവും ജീവിതച്ചെലവും കുറവാണ്. ഈ വില വ്യത്യാസങ്ങൾ താരതമ്യം ചെയ്യാവുന്ന വിധത്തിൽ മാറ്റിയെടുത്തിട്ടാണ് PPP രീതിയിൽ ജിഡിപി താരതമ്യം ചെയ്യുന്നത്.

ഇങ്ങനെ ചെയ്യുമ്പോഴാണ് മോദി സർക്കാരിന് രാഷ്ട്രീയമായി ഇഷ്ടപ്പെടാത്ത ഒരു വിശകലനം പുറത്തുവരുന്നത്. PPP കണക്കുകൾ പ്രകാരം ഇന്ത്യ 2009 മുതൽ തന്നെ ലോകത്തിലെ മൂന്നാമത്തെ വലിയ സമ്പദ്‌വ്യവസ്ഥയാണ്—അമേരിക്കയ്ക്കും ചൈനയ്ക്കും പിന്നിൽ. അതിനുശേഷം ഈ സ്ഥാനത്തിന് ഒരു മാറ്റവും വന്നിട്ടില്ല. അടുത്ത കുറേ ദശകങ്ങൾ കഴിഞ്ഞാലും, ഇരുപത്തിരണ്ടാം നൂറ്റാണ്ടിലും, ഇന്ത്യക്ക് ഈ റാങ്കിൽ നിന്ന് മുകളിലേക്ക് കയറാനുള്ള സാധ്യതയും വളരെ കുറവാണ്.

ശ്രദ്ധേയമായ കാര്യം ഇതാണ്: മാർക്കറ്റ് എക്സ്ചേഞ്ച് റേറ്റ് അടിസ്ഥാനത്തിലുള്ള റാങ്കുകൾ വലിയ ആഘോഷമായി മാറുമ്പോൾ, PPP അടിസ്ഥാനത്തിലുള്ള റാങ്കിനെക്കുറിച്ച് മോദി ഭരണകൂടവും അതിന്റെ വക്താക്കളും വലിയ നിശ്ശബ്ദത പാലിക്കുന്നു. തന്റെ സർക്കാർ വരുന്നതിനുമുൻപുതന്നെ ഇന്ത്യ ലോകത്തെ മൂന്നാമത്തെ സാമ്പത്തിക വലിപ്പമുള്ള രാജ്യമായി മാറി എന്നത് മോദിക്ക് സമ്മതിക്കാൻ കഴിയില്ലല്ലോ!

“വലിയ സമ്പദ്‌വ്യവസ്ഥ” എന്ന തെറ്റായ ആഖ്യാനം
താരതമ്യങ്ങൾക്കിടയിലെ ഈ വിഷയങ്ങൾ നിലനിൽക്കുമ്പോഴാണ് ഇടതുപക്ഷ സാമ്പത്തിക ശാസ്ത്രജ്ഞർ ഈ രണ്ട് രീതിശാസ്ത്രങ്ങളുടെയും പ്രശ്നങ്ങൾ മുന്നോട്ടു വച്ചുകൊണ്ട് പുതിയൊരു ചിന്ത തന്നെ രൂപപ്പെടണം എന്ന് അഭിപ്രായപ്പെടുന്നത്.

പർച്ചേസിങ് പവർ പാരിറ്റി (PPP) അടിസ്ഥാനത്തിൽ ജിഡിപി കണക്കാക്കുന്നതിനെക്കുറിച്ച് വിമർശനാത്മകമായി ചിന്തിക്കുമ്പോൾ ഒരു പ്രധാന പ്രശ്നം നമുക്കു മുന്നിലെത്തുന്നു. PPP രീതി പലപ്പോഴും അവികസിതവും വികസ്വരവുമായ രാജ്യങ്ങളുടെ സമ്പദ്‌വ്യവസ്ഥയുടെ വലിപ്പത്തെ യാഥാർഥ്യത്തേക്കാൾ അനാവശ്യമായി വലുതാക്കിക്കാണിക്കുന്നു. ഇന്ത്യ പോലുള്ള രാജ്യങ്ങളിൽ വിലയും തൊഴിലാളികളുടെ കൂലിയും കുറവാണ് എന്ന വസ്തുതയെ അടിസ്ഥാനമാക്കി, ഇവിടുത്തെ ഉത്പാദനത്തെയും വരുമാനത്തെയും വികസിത രാജ്യങ്ങളിലെ ഉപഭോഗ നിലവാരവുമായി “സമീകരിക്കുകയാണ്” PPP ചെയ്യുന്നത്. ഇതിലൂടെ സമ്പദ്‌വ്യവസ്ഥയുടെ യഥാർത്ഥ ശക്തി അല്ല, മറിച്ച് കുറഞ്ഞ കൂലിയും കുറഞ്ഞ ജീവിതച്ചെലവും ചേർന്ന് സൃഷ്ടിക്കുന്ന ഒരു കൃത്രിമ വലിപ്പമാണ് പുറത്തുവരുന്നത്. PPP കണക്കുകൾ ഇന്ത്യ പോലുള്ള രാജ്യങ്ങൾക്ക് ഉയർന്ന റാങ്കുകൾ നൽകുമ്പോഴും, അത് അവിടുത്തെ തൊഴിലാളികളുടെ കുറഞ്ഞ വരുമാനവും ജീവിതസുരക്ഷിതത്വവും മറച്ചുവയ്ക്കുന്നു. അങ്ങനെ, “മൂന്നാമത്തെ വലിയ സമ്പദ്‌വ്യവസ്ഥ” എന്ന പദവി ലഭിക്കുമ്പോഴും, ആ വലിപ്പം ജനങ്ങളുടെ യഥാർത്ഥ സാമ്പത്തിക ശേഷിയായി മാറുന്നില്ല.

ഇതിലും ഗൗരവമുള്ള മറ്റൊരു പ്രശ്നം PPP രീതി പാശ്ചാത്യ രാജ്യങ്ങളിലെ ഉപഭോഗ ബാസ്കറ്റുകളെ അവികസിത രാജ്യങ്ങളിലെ ഉപഭോഗ രീതികളുമായി അശാസ്ത്രീയമായി ബന്ധിപ്പിക്കുന്നു എന്നതാണ്. വികസിത രാജ്യങ്ങളിൽ ഉപഭോഗത്തിന്റെ വലിയൊരു ഭാഗം ഉയർന്ന മൂല്യമുള്ള സേവനങ്ങൾ, സ്വകാര്യ ആരോഗ്യസംരക്ഷണം, ഇൻഷുറൻസ്, വിനോദം തുടങ്ങിയവയിലാണ്. ഇന്ത്യ പോലുള്ള രാജ്യങ്ങളിൽ വലിയൊരു വിഭാഗം ജനങ്ങൾ അടിസ്ഥാന ആവശ്യങ്ങൾക്കാണ് —ഭക്ഷണം, താമസം, ഗതാഗതം— വരുമാനത്തിന്റെ ഭൂരിഭാഗവും ചെലവഴിക്കുന്നത്. ഈ രണ്ട് ഉപഭോഗ ലോകങ്ങളെ ഒരേ “ചരക്ക്–സേവന ബാസ്കറ്റിൽ” കുത്തിനിറച്ച് വിലസമത്വം കണ്ടെത്താനുള്ള ശ്രമം പലപ്പോഴും യാഥാർഥ്യത്തിനുവിരുദ്ധമാണ്. ഇതുമൂലം, ദാരിദ്ര്യവും അസമത്വവും കുറഞ്ഞ ഉത്പാദനക്ഷമതയുമുള്ള സമ്പദ്‌വ്യവസ്ഥകൾപോലും കണക്കുകളുടെ ലോകത്ത് വലുതും ശക്തവുമായി തോന്നുന്നു. അതിനാൽ PPP അടിസ്ഥാനത്തിലുള്ള ജിഡിപി റാങ്കുകൾ യഥാർത്ഥ വികസനത്തിന്റെ സൂചികയായി കാണുന്നത് ഗൗരവമായ തെറ്റിദ്ധാരണകളിലേക്ക് നയിക്കും.

ഇത് ഏറ്റവും വ്യക്തമായി കാണുന്നത് പ്രതിശീർഷ ജിഡിപി (Per Capita GDP) നോക്കുമ്പോഴാണ്. ഇന്ത്യയുടെ പ്രതിശീർഷ ജിഡിപി ലോകത്തെ എത്രയോ രാജ്യങ്ങളേക്കാൾ വളരെ പിന്നിലാണ്—മാർക്കറ്റ് എക്സ്ചേഞ്ച് റേറ്റ് കണക്കിൽ ഇന്ത്യയുടെ പ്രതിശീർഷ ജിഡിപിയുടെ റാങ്ക് 140-നു താഴെയും PPP കണക്കിൽ പോലും 120-നു താഴെയും ആണ്. വിയറ്റ്നാം, ശ്രീലങ്ക, ഭൂട്ടാൻ എന്നിവ പോലുള്ള ചെറുരാജ്യങ്ങളേക്കാളും പിന്നിലാണ് ഇന്ത്യ. “വലിയ സമ്പദ്‌വ്യവസ്ഥ” എന്ന ആശയം പോലും ഇന്ത്യയെ സംബന്ധിച്ച് എത്രത്തോളം പൊള്ളയാണെന്ന് ഇത് വ്യക്തമാക്കുന്നു.

ഒരു രാജ്യത്തിന്റെ സമ്പദ്‌വ്യവസ്ഥ വലുതാകാം. പക്ഷേ, ആ വലുപ്പത്തിന്റെ ഗുണം ജനങ്ങളുടെ ജീവിതത്തിലേക്ക് എത്തണമെന്നില്ല. ഇതാണ് ഇന്ത്യയുടെ ജിഡിപി ചർച്ചകൾ നമ്മെ ഓർമിപ്പിക്കുന്ന ഏറ്റവും പ്രധാനപ്പെട്ട പാഠം.

വികസനം കണക്കുകളിൽ മാത്രംപോരാ
“വികസിത് ഭാരത്” എന്ന ആശയം ഇന്ന് ഇന്ത്യയിലെ പൊതുചർച്ചകളിൽ ശക്തമായി മുന്നോട്ടുവയ്ക്കപ്പെടുകയാണ്. ലോകത്തിലെ വലിയ സമ്പദ്‌വ്യവസ്ഥകളിലൊന്നെന്നു പറയപ്പെടുന്ന ഇന്ത്യ, ഉയർന്ന ജിഡിപി റാങ്കുകളിലൂടെ, വികസിത രാജ്യങ്ങളുടെ കൂട്ടത്തിലേക്ക് കടക്കുന്നു എന്നതാണ് ഈ വാദത്തിന്റെ കേന്ദ്രബിന്ദു. ഇതിനെ പൂർണമായി നിരസിക്കേണ്ടതില്ല. ഒരു രാജ്യത്തിന് കൂടുതൽ ഉത്പാദനശേഷിയുണ്ടാകുന്നത്, ആഗോള സമ്പദ്‌വ്യവസ്ഥയിൽ സ്വാധീനം വർധിക്കുന്നത്—ഇതെല്ലാം സ്വാഭാവികമായും പ്രസക്തമാണ്. പക്ഷേ, ഇടതുപക്ഷ കാഴ്ചപ്പാടിൽ നിന്ന് ചോദിക്കേണ്ടത് മറ്റൊരു ചോദ്യമാണ്: ഏത് അർഥത്തിലാണ് ഈ “വികസനം”? ആരുടെ ജീവിതത്തെയാണ് ഈ വികസനം മാറ്റുന്നത്?

ജിഡിപി ഉയരുന്നതിനെ വികസനത്തിന്റെ ഏക തെളിവായി സ്വീകരിക്കുന്നിടത്താണ് “വികസിത് ഭാരത്” എന്ന ആശയം ദുർബലമാകുന്നത്. ഒരു രാജ്യത്തിന്റെ ഉത്പാദനശേഷി വർധിക്കുന്നതുകൊണ്ട് മാത്രമല്ല, ആ ഉത്പാദനത്തിന്റെ നേട്ടങ്ങൾ സമൂഹത്തിലെ ഏറ്റവും ദുർബലരിലേക്കും അരികുവൽക്കരിക്കപ്പെട്ടവരിലേക്കും എത്തുന്നുണ്ടോ എന്നതിലൂടെയാണ് യഥാർത്ഥ വികസനം അളക്കപ്പെടേണ്ടത്. വിദ്യാഭ്യാസവും ആരോഗ്യവും വിപണി സാധനങ്ങളായി മാറാതെ പൊതുഅവകാശങ്ങളായി നിലനിൽക്കുന്നുണ്ടോ, തൊഴിൽ കൂടുതൽ സ്ഥിരതയുള്ളതും മാന്യവുമായിട്ടുണ്ടോ, സ്ത്രീകളുടെ കൂലിയില്ലാവേല സമൂഹം അംഗീകരിക്കുന്നുണ്ടോ, ദാരിദ്ര്യവും അസമത്വവും കുറയുന്നുണ്ടോ—ഇവയാണ് “വികസിതം” എന്ന വാക്കിന് ഇടതുപക്ഷം നൽകുന്ന അർഥം. മനുഷ്യവികസന സൂചികയും സാക്ഷരതയും ശിശുമരണനിരക്കും പോഷകാഹാരനിലയും പോലുള്ള സൂചികകൾ ഈ അർഥത്തെ കണക്കുകളുടെ ഭാഷയിൽ പ്രതിഫലിപ്പിക്കുന്നു.

അതിനാൽ, ഇടതുപക്ഷത്തിന്റെ സംവാദം “വികസിത് ഭാരത്” എന്ന ആശയത്തോടുള്ള എതിര്‍പ്പല്ല, മറിച്ച് അതിനെ കൂടുതൽ ആഴത്തിലേക്കും നീതിയിലേക്കും നയിക്കാനുള്ള ശ്രമമാണ്. ഇന്ത്യ ലോകവേദിയിൽ ഉയരണമെങ്കിൽ, അത് പട്ടികകളിലും റാങ്കുകളിലും മാത്രം അല്ല, ജനങ്ങളുടെ ജീവിതത്തിൽ ദൃശ്യമാകണം. ജിഡിപി ഉയരുന്ന ഓരോ വർഷവും മനുഷ്യവികസനവും സാമൂഹിക നീതിയും അതിനൊപ്പം ഉയരുന്നുണ്ടോ എന്ന ചോദ്യമാണ് ഇവിടെ ഉയരുന്നത്. ആ ചോദ്യത്തിന് മറുപടി നൽകാൻ കഴിയുന്നുവെങ്കിൽ മാത്രമേ “വികസിത് ഭാരത്” എന്ന വാക്കിന് യഥാർത്ഥ ഉള്ളടക്കവും ചരിത്രപരമായ അർഥവും ഉണ്ടാകൂ; അല്ലാത്തപക്ഷം, അത് കണക്കുകളുടെ തിളക്കമുള്ള ഒരു മുദ്രാവാക്യമായി മാത്രമേ ശേഷിക്കൂ.

ഇവിടെ കേരളത്തിന്റെ അനുഭവം നമുക്കു മുന്നിൽ വെക്കുന്ന ഒരു പ്രധാന പാഠമുണ്ട്. ദേശീയ തലത്തിൽ ജിഡിപി റാങ്കുകളിലും “വലിപ്പ” ചർച്ചകളിലും ഇന്ത്യ മുന്നേറുമ്പോൾ, കേരളം വളരെ നേരത്തേതന്നെ വികസനത്തെ മറ്റൊരു രീതിയിൽ അളക്കാൻ ശ്രമിച്ച ഒരു സാമൂഹിക പരീക്ഷണമാണ്. ഉയർന്ന സാക്ഷരത, കുറഞ്ഞ ശിശുമരണനിരക്ക്, പൊതുആരോഗ്യ സംവിധാനങ്ങളുടെ വ്യാപ്തി, ഭക്ഷ്യസുരക്ഷ, സ്ത്രീകളുടെ വിദ്യാഭ്യാസവും സാമൂഹിക സാന്നിധ്യവും—ഇതെല്ലാം കേരളം നേടിയതും നിലനിർത്തിയതും വെറും ജിഡിപി വളർച്ചയിലൂടെയല്ല, മറിച്ച് ശക്തമായ പൊതുനിക്ഷേപങ്ങളിലൂടെയും സാമൂഹിക പുനർവിതരണത്തിലൂടെയുമാണ്. അതായത്, ഉത്പാദനത്തിന്റെ വലിപ്പം വർധിപ്പിക്കുന്നതിനു മുൻപ് മനുഷ്യരുടെ ജീവിതം സുരക്ഷിതമാക്കുക എന്ന വികസനബോധമാണ് കേരളം മുന്നോട്ടുവച്ചത് എന്നർത്ഥം. “വികസിത് ഭാരത്” എന്ന ആശയം യഥാർത്ഥ ഉള്ളടക്കം നേടണമെങ്കിൽ, അത് കേരളത്തിന്റെ ഈ അനുഭവത്തിൽ നിന്ന് പഠിക്കണം—വികസനം എന്നത് കണക്കുകളുടെ മത്സരമല്ല, മറിച്ച് മനുഷ്യരുടെ ജീവിതത്തിൽ നീതിയും മാന്യതയും ഉറപ്പാക്കുന്ന ഒരു സാമൂഹിക കരാറാണ്. ജിഡിപി ഉയരുന്നുണ്ടോ എന്നതിനെക്കാൾ, ജനങ്ങൾ കൂടുതൽ ആരോഗ്യവാന്മാരാകുന്നുണ്ടോ, കൂടുതൽ വിദ്യാഭ്യാസം നേടുന്നുണ്ടോ, കൂടുതൽ സുരക്ഷിതമായി ജീവിക്കുന്നുണ്ടോ എന്ന ചോദ്യങ്ങൾക്കുള്ള ഉത്തരം പോസിറ്റീവാകുമ്പോഴാണ് ഒരു രാജ്യം യഥാർത്ഥത്തിൽ “വികസിതം” ആകുന്നത്. l

ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

eight + 16 =

Most Popular