1956ല്‍ കേരള സംസ്ഥാനം രൂപീകരിക്കുമ്പോള്‍ കേരളത്തിൽ ജന്മിത്വം കൊടികുത്തി വാഴുകയായിരുന്നു. 2025 ആകുമ്പോഴേക്കും നവകേരളസൃഷ്ടിയിലേക്ക് നാം നീങ്ങുകയാണ്. ഇത്തരമൊരു മുന്നേറ്റം കേരളത്തില്‍ രൂപപ്പെടുത്തിയത് ഇടതുപക്ഷ പ്രസ്ഥാനങ്ങള്‍ നടത്തിയ സമരപോരാട്ടങ്ങളും ഭരണത്തിലെത്തുമ്പോള്‍ നടപ്പിലാക്കിയ പരിഷ്കാരങ്ങളുമാണ്. ഈ മുന്നേറ്റങ്ങളെ ഇല്ലാതാക്കാനുള്ള ശ്രമങ്ങള്‍ എല്ലാ കാലത്തും വലതുപക്ഷ ശക്തികള്‍ സ്വീകരിച്ചിരുന്നു. ആ ശ്രമങ്ങൾ പുതിയ രൂപത്തില്‍ പ്രത്യക്ഷപ്പെടുകയാണ് 2025 ലും എന്നുകാണാം.
2025 ല്‍ കേരളം കൈവരിച്ച ഏറ്റവും സുപ്രധാനമായ നേട്ടം അതിദാരിദ്ര്യം പരിഹരിക്കാനായി എന്നതാണ്. മുതലാളിത്ത സമൂഹത്തിനകത്ത് നിലനില്‍ക്കുന്ന ഒരു സംസ്ഥാന ഭരണം ഉപയോഗപ്പെടുത്തിയാണ് ഇത് കൈവരിച്ചത് എന്നുള്ളതും ലോകത്തിന്, പ്രത്യേകിച്ച് ഇടതുപക്ഷ പ്രസ്ഥാനങ്ങള്‍ക്ക് ഒരു മാര്‍ഗ്ഗ നിര്‍ദ്ദേശകം തന്നെയായി മാറിയെന്നതും ഇതിന്റെ സാര്‍വ്വദേശീയമായ പ്രാധാന്യം വ്യക്തമാക്കുന്നു. ചൈനീസ് കമ്യൂണിസ്റ്റ് പാര്‍ട്ടിയുടെ പ്രതിനിധി സംഘം കേരളത്തില്‍ വന്നപ്പോള്‍ ഇക്കാര്യം എടുത്തു പറഞ്ഞിട്ടുള്ളതുമാണ്. അന്തര്‍ദേശീയ – ദേശീയ മാധ്യമങ്ങള്‍ക്ക് വലിയ വാര്‍ത്തയായി ഇത് മാറുകയും ചെയ്തു.
ആരോഗ്യ രംഗത്ത് കേരളം കൈവരിച്ച നേട്ടവും ഈ വര്‍ഷം ലോകം ചര്‍ച്ച ചെയ്തിട്ടുള്ള മറ്റൊരു കാര്യമാണ്. ലോകത്തുള്ള സമ്പത്താകെ ഊറ്റിയെടുത്ത് ശാസ്ത്ര സാങ്കേതിക മേഖല ഉള്‍പ്പെടെ വികസിപ്പിച്ച് മുന്നോട്ടു കൊണ്ടുപോകുന്ന രാജ്യമാണ് അമേരിക്ക. അമേരിക്കയിലെ മാതൃ – ശിശു മരണ നിരക്കിനെക്കാള്‍ കുറവാണ് കേരളത്തിന്റെ മാതൃ–ശിശു മരണനിരക്ക് എന്നത് എടുത്തുപറയേണ്ട പ്രധാനപ്പെട്ട മറ്റൊരു നേട്ടമാണ്. അമേരിക്കയില്‍ മാതൃ–ശിശുമരണനിരക്ക് 5.6 ആയിരിക്കുമ്പോള്‍ കേരളത്തില്‍ അത് 5 ആണെന്നത് കേരളത്തിന്റെ ജനകീയ ആരോഗ്യ സംവിധാനം എത്രത്തോളം ഫലപ്രദമാണ് എന്നതിന്റെ നേര്‍ചിത്രമാണ്. സ്റ്റാര്‍ട്ടപ്പിന്റെ രംഗത്തുള്‍പ്പെടെ കേരളം കൈവരിച്ച നേട്ടം ഇത്തരത്തില്‍ ശ്രദ്ധേയമായ ഒന്നായി ലോകത്ത് ചര്‍ച്ച ചെയ്യപ്പെട്ടു.
ദേശീയ തലത്തില്‍ ആർഎസ്എസും അതിന്റെ രാഷ്ട്രീയ ഉപകരണമായ ബിജെപിയും നടത്തുന്ന വര്‍ഗീയമായ ധ്രുവീകരണവും അതിന്റെ ഭാഗമായി ന്യൂനപക്ഷങ്ങള്‍ക്കും ജനാധിപത്യവാദികള്‍ക്കും എതിരായി നടത്തുന്ന ആക്രമണങ്ങളും ലോകശ്രദ്ധ നേടും. വിധം തീവ്രമായി. പത്രസ്വാതന്ത്ര്യത്തിന്റെ കാര്യത്തില്‍ ഏറ്റവും വലിയ ജനാധിപത്യ രാഷ്ട്രമെന്ന് അഭിമാനിക്കുന്ന ഇന്ത്യ 167 –ാം സ്ഥാനത്ത് എത്തുന്ന സ്ഥിതിയാണ് ഉണ്ടായിരിക്കുന്നത്. പട്ടിണിയുടെ കാര്യത്തില്‍ 107 –ാം സ്ഥാനത്തുംനില്‍ക്കുന്ന സ്ഥിതിയാണുള്ളത്. കേരളമാവട്ടെ, ഇതില്‍ നിന്നും വ്യത്യസ്തമായ ഒരു ചിത്രമാണ് നല്‍കുന്നത്. കഴിഞ്ഞ പത്തു വര്‍ഷമായി വര്‍ഗീയമായ സംഘര്‍ഷങ്ങളില്ലാത്ത സംസ്ഥാനമായി കേരളം മാറി. പത്രസ്വാതന്ത്ര്യത്തിനും ജനാധിപത്യപരമായ സംവാദത്തിനും തടസ്സമില്ലാത്ത നാടായി കേരളം ഉയര്‍ന്നുനിൽക്കുന്നു. ഹിന്ദുത്വ – കോര്‍പ്പറേറ്റ് – അമിതാധികാര പ്രവണതയോടെ മുന്നോട്ടു പോകുന്ന മോദി സര്‍ക്കാരിന്റെ നയങ്ങളില്‍ നിന്നു വിഭിന്നമായി ജനകീയ ബദലിന്റെ മാതൃക ഉയര്‍ത്തിപ്പിടിച്ച് മുന്നോട്ടുപോകാനായതും കേരളത്തിന്റെ സവിശേഷതയാണ്.
കേരളത്തിന്റെ ജനജീവിതത്തില്‍ സുപ്രധാന കാല്‍വയ്പായ വൈജ്ഞാനിക സമ്പദ്ഘടന കെട്ടിപ്പടുക്കുന്ന പ്രവര്‍ത്തനവും മുന്നോട്ടുകൊണ്ടുപോകാന്‍ കഴിഞ്ഞു എന്നതും ഈ കാലത്തെ മറ്റൊരു സവിശേഷതയാണ്. ഇന്ത്യയിലെ മികച്ച യൂണിവേഴ്സിറ്റികളെടുത്താല്‍ ആദ്യത്തെ പത്തില്‍ രണ്ടും കേരളത്തിലായിരിക്കും. മികച്ച ഇരുനൂറ് കോളേജുകളെടുത്താല്‍ അതിൽ അന്‍പതെണ്ണം കേരളത്തിലാണ് എന്ന നിലയിലേക്ക് വളര്‍ന്നു. ഉന്നത വിദ്യാഭ്യാസ മേഖലയിലെ വളര്‍ച്ച കേരളം നേടിയിട്ടുള്ള മറ്റൊരു പ്രധാനപ്പെട്ട നേട്ടമാണ്. പശ്ചാത്തലസൗകര്യ വികസനത്തിന്റെ കാര്യത്തിലും വീടില്ലാത്തവർക്ക് വീട് നിര്‍മിച്ചുനൽകുന്നതിലും പട്ടയ വിതരണത്തിലും കേരളം മാതൃകാപരമായ പ്രവര്‍ത്തനങ്ങള്‍ സംഘടിപ്പിച്ചു.
നവകേരള വികസനത്തിന്റെ പാതയിലൂടെ കേരളം മുന്നേറുന്നതിന്റെ ചിത്രമാണ് 2025 ലെ ഏറ്റവും വലിയ പ്രതീക്ഷയായും വെളിച്ചമായും മുമ്പില്‍ നില്‍ക്കുന്നത്. എന്നാല്‍ ഇത്തരത്തില്‍ കേരളം കൈവരിച്ച നേട്ടങ്ങളെ തകര്‍ക്കുന്നവിധം പ്രചാരവേല നടത്തുന്നതിൽ വലതുപക്ഷ ശക്തികള്‍ ഒന്നിക്കുന്നതാണ് കണ്ടത്. അതിന് വലതുപക്ഷ മാധ്യമങ്ങള്‍ അകമഴിഞ്ഞ പിന്തുണ നല്‍കുന്നതും കേരളം കണ്ടു.
കേരളത്തിലെ ഇടതുപക്ഷ ജനാധിപത്യ മുന്നണിയുടെ നേതൃത്വത്തിലുള്ള സർക്കാർ നവകേരളത്തിന്റെ വഴികളിലൂടെ നീങ്ങുകയും ആഗോളവല്‍ക്കരണ നയങ്ങളുടെ ഭാഗമായി പിന്തള്ളപ്പെടുന്ന 30 ശതമാനം ജനങ്ങളെ കൈപിടിച്ചുയര്‍ത്തുകയുമാണ്. ഈയൊരു സാഹചര്യത്തില്‍ ഭരണ നേട്ടങ്ങളെ എതിര്‍ത്തുകൊണ്ട് തങ്ങളുടെ രാഷ്ട്രീയത്തിന് പിന്തുണ ലഭിക്കില്ലെന്ന് വലതുപക്ഷം തിരിച്ചറിയുന്നു. അതിനാല്‍ തന്നെ അത്തരം നേട്ടങ്ങളില്‍ പലതിന്റേയും അവകാശികള്‍ തങ്ങളാണെന്ന കള്ളകഥകള്‍ പ്രചരിപ്പിക്കാന്‍ ശ്രമിക്കുകയാണ്. അതോടൊപ്പംതന്നെ ജാതി – വര്‍ഗീയ വികാരങ്ങള്‍ കുത്തിപ്പൊക്കി സര്‍ക്കാരിന്റെ ജനപിന്തുണ ഇല്ലാതാക്കാനാകുമോയെന്ന പരിശ്രമവും സജീവമായി നടപ്പിലാക്കുകയാണ്. ഇക്കഴിഞ്ഞ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള തിരഞ്ഞെടുപ്പുകളില്‍ വലതുപക്ഷ ശക്തികള്‍ നടത്തിയ പ്രചരണങ്ങള്‍ ശ്രദ്ധിച്ചുനോക്കിയാല്‍ ഇക്കാര്യം വ്യക്തമാകും.
തിരഞ്ഞെടുപ്പ് പ്രചരണങ്ങള്‍ ആരംഭിക്കുന്ന ഘട്ടത്തില്‍ തന്നെ ബിജെപി ശബരിമലയുമായി ബന്ധപ്പെട്ട് കള്ളക്കഥകള്‍ മെനഞ്ഞെടുത്ത ഒരു ലഘുലേഖ വിതരണം ചെയ്യുകയുണ്ടായി. വിശ്വാസത്തേയും മതപരമായ കാര്യങ്ങളേയും തിരഞ്ഞെടുപ്പ് രംഗത്ത് ഉപയോഗിക്കാന്‍ പാടില്ലെന്ന പെരുമാറ്റച്ചട്ടം നിലനില്‍ക്കുന്ന നാട്ടിലാണ് ഇവ പ്രചരിപ്പിച്ചത്. തിരഞ്ഞെടുപ്പ് കമ്മീഷന്‍ ഇത്തരം ലഘുലേഖ അനുവദിക്കാന്‍ പാടില്ലെന്ന നിലപാട് സ്വീകരിച്ചു. കളക്ടര്‍മാരോട് അവ കണ്ടുകെട്ടുന്നതിന്- നിര്‍ദ്ദേശം നല്‍കുകയുമുണ്ടായി. എന്നാല്‍, അതെല്ലാം അവഗണിച്ചുകൊണ്ട് സർക്കാരിനെതിരെ അത്തരം പ്രചരണങ്ങള്‍ ഒളിഞ്ഞും തെളിഞ്ഞും അവര്‍ സംഘടിപ്പിച്ചു. സമൂഹ മാധ്യമങ്ങളെ ഇതിന് ഉപയോഗപ്പെടുത്തി. യുഡിഎഫും ഇതിന്റെ ചുവടുപിടിച്ചുകൊണ്ടുള്ള പ്രചാരവേലകളാണ് സംഘടിപ്പിച്ചത്. സംസ്ഥാനത്തെമ്പാടും ഇത്തരത്തിലുള്ള ലഘുലേഖകളും മറ്റും വിതരണം ചെയ്തു. സമൂഹ മാധ്യമങ്ങളെ ഉപയോഗപ്പെടുത്തിയുമാണ് ഇക്കൂട്ടർ മുന്നോട്ടുപോയത്. മതത്തേയും വിശ്വാസത്തേയും രാഷ്ട്രീയ ആവശ്യത്തിനുവേണ്ടി ഉപയോഗിക്കുകയെന്ന മതനിരപേക്ഷതയെ തകര്‍ക്കുന്ന പ്രചാരണങ്ങളാണ് ബിജെപിയും യുഡിഎഫും നടത്തിയത്. ഇത്തരത്തിലുള്ള പ്രചാരണം കേരളത്തിന്റെ മതനിരപേക്ഷ പാരമ്പര്യത്തെ ദുര്‍ബ്ബലമാക്കുന്നവിധം അവതരിപ്പിക്കപ്പെട്ടു എന്നത് ഏറെ ആശങ്കയുയർത്തുന്നതാണ്.
സംഘപരിവാറിന്റെ വര്‍ഗീയ പ്രചാരണങ്ങള്‍ ന്യൂനപക്ഷ ജനവിഭാഗങ്ങള്‍ക്കിടയില്‍ അരക്ഷിതാവസ്ഥ സൃഷ്ടിച്ചിട്ടുണ്ട്. അതുപയോഗപ്പെടുത്തി ന്യൂനപക്ഷ വിഭാഗങ്ങളില്‍ വര്‍ഗീയമായ പ്രചാരവേലകള്‍ സംഘടിപ്പിക്കുന്നതിനും അതുവഴി തങ്ങളുടെ ആധിപത്യമുറപ്പിക്കുന്നതിനുമാണ് വെല്‍ഫെയര്‍ പാര്‍ട്ടിയും അവരുടെ ആശയങ്ങള്‍ പിന്‍പറ്റി മുസ്ലീംലീഗും ശ്രമിക്കുന്നത്. അധികാരമാണ് എല്ലാത്തിനേക്കാളും വലുതെന്ന് കാണുന്ന കോണ്‍ഗ്രസ്സാകട്ടെ നാട് വര്‍ഗീയമായി ധ്രുവീകരിച്ചാലും തങ്ങള്‍ക്ക് അധികാരം കിട്ടണമെന്ന താല്‍പര്യത്തോടെ ഇതിനെ പിന്തുണയ്ക്കുകയുമാണ്. ഇത്തരത്തിലുള്ള അവിശുദ്ധ കൂട്ടുകെട്ടുകള്‍ക്കുള്ള ശ്രമങ്ങള്‍ ഭൂരിപക്ഷ വര്‍ഗീയതയെ ശക്തിപ്പെടുത്താന്‍ മാത്രമേ ഇടയാക്കുകയുള്ളൂ. ഭൂരിപക്ഷ വര്‍ഗീയതയെ ചൂണ്ടിക്കാണിച്ച് ന്യൂനപക്ഷ വര്‍ഗീയതയും ന്യൂനപക്ഷ വര്‍ഗീയതയെ ചൂണ്ടിക്കാണിച്ച് ഭൂരിപക്ഷ വര്‍ഗ്ഗീയതയും സ്വയം ശക്തിപ്പെടാനാണ് ശ്രമിക്കുന്നത്. ഭൂരിപക്ഷ വര്‍ഗ്ഗീയതയാണ് ഇന്ത്യന്‍ സാഹചര്യത്തില്‍ ഫാസിസമായി മാറുന്നത് എന്നതില്‍ തര്‍ക്കമില്ല. അതുകൊണ്ട് ഏറ്റവും അപകടകരം അതാണ്. എന്നാല്‍ ന്യൂനപക്ഷ വര്‍ഗീയതയുടെ വളര്‍ച്ച ഭൂരിപക്ഷ വര്‍ഗീയതയെ ശക്തിപ്പെടുത്തുകയും സമൂഹത്തിന്റെ ജനാധിപത്യപരമായ സമീപനങ്ങളേയും മതനിരപേക്ഷതയേയും ദുര്‍ബലപ്പെടുത്തുകയും ചെയ്യും. അതുകൊണ്ട് എല്ലാ വര്‍ഗീയശക്തികളെയും ചെറുത്തുകൊണ്ടുമാത്രമേ നാടിന്റെ മതനിരപേക്ഷ സംസ്കാരത്തെ സംരക്ഷിക്കാനും ശക്തിപ്പെടുത്താനും കഴിയൂ.
പത്തു വര്‍ഷമായി സംസ്ഥാനത്തിന്റെ ഭരണത്തില്‍ നിന്ന് പുറത്തുനില്‍ക്കുകയാണ് യുഡിഎഫ്. അതുകൊണ്ട് എങ്ങനെയും ഭരണത്തിലെത്തുകയെന്ന സമീപനമാണ് അവര്‍ ക്കുള്ളത്. കേരളീയ സമൂഹത്തെ മതനിരപേക്ഷമായി നിര്‍ത്തുന്നതില്‍ ഏറ്റവും വലിയ പങ്കുവഹിക്കുന്ന വിഭാഗമാണ് ന്യൂനപക്ഷങ്ങള്‍. നേരത്തെ ലീഗ് മതസംഘടനകളെ ചേര്‍ത്തുപിടിച്ചുകൊണ്ടും കൂട്ടുപിടിച്ചുകൊണ്ടുമാണ് മുന്നോട്ടുപോയിരുന്നത്. ഇപ്പോഴാകട്ടെ മതരാഷ്ട്രവാദികളായ വെല്‍ഫെയര്‍ പാര്‍ട്ടി പോലുള്ളവയുമായി സഖ്യമുണ്ടാക്കി മുന്നോട്ടുപോകാനാണ് ശ്രമിക്കുന്നത്. മതരാഷ്ട്രവാദം മുന്നോട്ടുവെക്കുന്ന വെല്‍ഫെയര്‍ പാര്‍ട്ടിയുമായി സഖ്യമുണ്ടാക്കാൻ പാടില്ലെന്ന് മത സംഘടനകള്‍ പറഞ്ഞിട്ടും അത് കണക്കിലെടുക്കാതെ മുന്നോട്ടുപോകുകയാണ് യുഡിഎഫ്. അതിന് നേതൃത്വപരമായ പങ്കാണ് മുസ്ലീം ലീഗ് സ്വീകരിക്കുന്നതെന്ന് തിരിച്ചറിയേണ്ടതുണ്ട്. ഇത്തരം രാഷ്ട്രീയത്തെ പ്രോത്സാഹിപ്പിക്കുകയാണ് കോണ്‍ഗ്രസ് ചെയ്യുന്നത്. ഈ നിലപാട് ആത്യന്തികമായി കേരളത്തിന്റെ മതനിരപേക്ഷ ചട്ടക്കൂടിനെയാണ് ദുര്‍ബലപ്പെടുത്താന്‍ പോകുന്നത് എന്ന് തിരിച്ചറിയേണ്ടതുണ്ട്. കേരളത്തെ വര്‍ഗീയമായി ധ്രുവീകരിക്കുന്നതിന് സ്വത്വരാഷ്ട്രീയ കാഴ്ചപ്പാടുകളും സജീവമായി മുന്നോട്ടുവെക്കുന്നതിനുള്ള ഇടപെടലുകൾ വലതുപക്ഷ മാധ്യമങ്ങളും അവരുടെ പ്രചാരണ സംവിധാനങ്ങളും നടത്തുന്നതുമം നാം കണ്ടുകൊണ്ടിരിക്കുകയാണ്.
യുഡിഎഫും ബിജെപിയും പരസ്പരം യോജിച്ച് മുന്നോട്ടുപോകുന്ന രീതി കൂടുതല്‍ ശക്തിപ്പെട്ടിരിക്കുകയാണ്. യുഡിഎഫും എല്‍ഡിഎഫും തമ്മില്‍ മത്സരം നടക്കുന്നിടത്ത് ബിജെപി വോട്ടുകള്‍ യു.ഡി.എഫിന് ലഭിക്കുകയാണ്. ബിജെപിയും എല്‍.ഡി.എഫും തമ്മില്‍ മത്സരം നടക്കുന്നിടത്ത് യു.ഡി.എഫ് വോട്ടുകള്‍ ബിജെപിക്കും പോകുന്ന സ്ഥിതിവിശേഷമാണ് തദ്ദേശ സ്വയംഭരണ തിരഞ്ഞെടുപ്പില്‍ നാം കണ്ടത്. മതനിരപേക്ഷതയ്ക്കുവേണ്ടി ശക്തമായി നിലകൊള്ളുന്ന ഇടതുപക്ഷത്തിനെ ദുര്‍ബലപ്പെടുത്തി തങ്ങളുടെ മതരാഷ്ട്രവാദങ്ങള്‍ക്ക് കരുത്തുപകരുന്നതിനു വേണ്ടിയുള്ള ശ്രമങ്ങളും ശക്തമായി നടത്തുന്നുഎന്നതും ആശങ്കാജനകമാണ്.
യൂണിയൻ ഗവൺമെന്റിന്റെ തെറ്റായ നയങ്ങളെ പ്രതിരോധിച്ച് മുന്നോട്ടുപോകുന്നതിന് സംസ്ഥാനത്തിന് കഴിഞ്ഞത് ഫെഡറല്‍ സംവിധാനത്തിന്റെ സാധ്യതകളുപയോഗപ്പെടുത്തിയാണ്. എന്നാല്‍ അത്തരത്തിലുള്ള സാധ്യതകളെത്തന്നെ തകര്‍ക്കുന്നവിധത്തിലാണ് മോദി സര്‍ക്കാര്‍ ഇടപെട്ടുകൊണ്ടിരിക്കുന്നത്. സംസ്ഥാനത്തിന് ലഭിക്കേണ്ട ഫണ്ടുകള്‍ കേന്ദ്രസർക്കാർ തടഞ്ഞുവെയ്ക്കുകയാണ്. ഇത്തരംഘട്ടങ്ങളില്‍ സംസ്ഥാനത്തിനുവേണ്ടി ശബ്ദിക്കേണ്ടവരാണ് കേരളത്തിലെ എം.പിമാര്‍. എന്നാല്‍ യുഡിഎഫ് എം.പിമാര്‍ കേന്ദ്ര നയങ്ങളെ പിന്തുണച്ച് സംസ്ഥാനത്തിന്റെ വികസനത്തെ ദുര്‍ബലപ്പെടുത്തുന്ന സ്ഥിതിയാണ് നിലനില്‍ക്കുന്നത്. സാമ്പത്തിക ഉപരോധം ഏര്‍പ്പെടുത്തി സംസ്ഥാനത്തെ ശ്വാസംമുട്ടിക്കുന്നതിനുള്ള തീവ്രമായ ശ്രമങ്ങളും നടന്ന വര്‍ഷംകൂടിയാണിത്.
ഇടതുപക്ഷത്തെ ദുര്‍ബലപ്പെടുത്താനുള്ള ഏതുശ്രമത്തെയും പിന്തുണയ്ക്കുകയെന്നതാണ് വലതുപക്ഷ മാധ്യമങ്ങള്‍ ചെയ്തുകൊണ്ടിരിക്കുന്നത്. സിപിഐ എം നേതാക്കളായ പിണറായി വിജയനും കെ.കെ. ശൈലജ ടീച്ചര്‍ക്കും എം. സ്വരാജിനും ഹിന്ദുത്വ വര്‍ഗീയ പട്ടം ചാനലുകളും യുഡിഎഫുകാരും ചാര്‍ത്തികൊടുക്കാനുള്ള ശ്രമത്തെയും ഇതിന്റെ ഭാഗമായി കാണേണ്ടത്. രക്തസാക്ഷികളാക്കപ്പെട്ടു. സിപിഐ എമ്മിന്റെ 250 ലേറെപേർ ബിജെപി –ആർഎസ്എസ് ആക്രമണത്തിന്റെ ഫലമായി കേരളത്തിൽ ജീവന്‍കൊടുത്തും സംഘപരിവാറിനെതിരെ പൊരുതിയ സിപിഐ എമ്മിന് വര്‍ഗീയവാദപട്ടം ചാര്‍ത്തിക്കൊടുത്തപ്പോഴും വലതുപക്ഷ മാധ്യമങ്ങളും യുഡിഎഫും അത്തരം പ്രചാരണവുമായി മുന്നോട്ടുപോവുകയായിരുന്നു. ഇത്തരക്കാരുടെ ഇരട്ടത്താപ്പിനേയും ഇവര്‍ മുന്നോട്ടുവെക്കുന്ന രാഷ്ട്രീയത്തേയും തിരിച്ചറിയേണ്ടതുണ്ട്. ഈ വര്‍ഷം കടന്നുപോകുമ്പോള്‍ ഇത്തരമൊരു സാഹചര്യം ആശങ്കാജനകമായി നമ്മുടെ മുമ്പില്‍ ഉയര്‍ന്നുവരുന്നുണ്ട്.
നവകേരളത്തിന്റെ വഴികളിലൂടെ കേരളം മുന്നോട്ടുപോകുന്നുയെന്നതാണ് 2025 ലെ ആഹ്ലാദകരമായ ഒന്നായി നമ്മുടെ മുമ്പില്‍ നില്‍ക്കുന്നത്. എന്നാല്‍ കേരളം നേടിയ നേട്ടങ്ങളെ തകര്‍ക്കാനും വര്‍ഗീയമായി സമൂഹത്തെ പിളര്‍ത്തി രാഷ്ട്രീയ നേട്ടം കൊയ്യാനുമുള്ള വലതുപക്ഷത്തിന്റെ ശ്രമങ്ങള്‍ മതനിരപേക്ഷ കേരളത്തെ ദുര്‍ബലപ്പെടുത്തുമോയെന്ന ആശങ്കയും ഉയര്‍ന്നുവരുന്നുണ്ട്. അതിനാൽ തന്നെ നവകേരളത്തെ മുന്നോട്ടുനയിക്കാനും മതനിരപേക്ഷതയും ഫെഡറലിസവും സംരക്ഷിക്കാനുമുള്ള പോരാട്ടം മുന്നോട്ടുകൊണ്ടുപോകേണ്ടതിന്റെ അടിയന്തരപ്രാധാന്യവും 2025 ഓര്‍മപ്പെടുത്തുന്നു. l



