Saturday, February 14, 2026

ad

Homeകവര്‍സ്റ്റോറി2025: പ്രതീക്ഷയും പ്രത്യാശയും നൽകുന്ന പുസ്തകങ്ങളിൽ ചിലത്

2025: പ്രതീക്ഷയും പ്രത്യാശയും നൽകുന്ന പുസ്തകങ്ങളിൽ ചിലത്

അശോകൻ ചരുവിൽ

പുസ്തകപ്രസാധനത്തിലും വായനയിലും വലിയ കുതിപ്പുണ്ടായ ഒരു വർഷമാണ് കടന്നുപോയത്. ടെക്നോളജിയിലുണ്ടായ മാറ്റം സർഗ്ഗാത്മക പ്രവർത്തനത്തെ അതിന്റെ ഭാവത്തിലും രൂപത്തിലും പ്രചോദിപ്പിക്കാൻ തുടങ്ങിയിട്ട് കുറച്ചുകാലമായി. പുസ്തകവും വായനയും ഇന്ന് പഴയ അവസ്ഥയിലല്ല നമ്മുടെ മുന്നിലുള്ളത്. പുസ്തകം അതിന്റെ കുത്തിക്കെട്ടിയ രൂപത്തിൽ നിലനിൽക്കുമ്പോൾ തന്നെ ഡിജിറ്റൽ രൂപങ്ങൾ സജീവമായി വന്നു. ഓഡിയോ ബുക്കുകളും രംഗം കീഴടക്കിക്കഴിഞ്ഞു.

പഴയ രൂപത്തിലും പുതിയ രൂപത്തിലുമായി ആയിരക്കണക്കിന് പുസ്തകങ്ങൾ നിത്യവും ഇറങ്ങിക്കൊണ്ടിരിക്കുന്നു. നമ്മുടെ മലയാളത്തിലും സ്ഥിതി വ്യത്യസ്തമല്ല. പണ്ട് തന്റെ ഭാഷയിലെ സാഹിത്യത്തെ ഒരു ശരാശരി വായനക്കാരനു പോലും ഏതാണ്ട് സമഗ്രമായി തിരിച്ചറിയാമായിരുന്നു. പൊതുവായി അവലോകനം ചെയ്യാൻ കഴിയുമായിരുന്നു. ഇന്നത് സാധ്യമല്ല. നിരവധി പ്രസാധകർ. പ്രസാധകരുടെ സഹായമില്ലാതെയും എഴുത്തുകാർ പുസ്തകം പുറത്തിറക്കുന്നുണ്ട്. അച്ചടിരൂപത്തിലും ഇ-–ബുക്കുകളായും അവ പുറത്തുവന്നുകൊണ്ടിരിക്കുന്നു. സോഷ്യൽ മീഡിയയിലൂടെ വരുന്ന രചനകൾ വേറെ. പ്രസാധകരുടെ ബ്രാൻഡ് നെയിം നോക്കി ഇന്ന് പുസ്തകങ്ങളെ പരിഗണിക്കാനാവില്ല.

ആയിരക്കണക്കിന് പുസ്തകങ്ങൾ എത്തുമ്പോൾ സ്വാഭാവികമായും വിപണിമത്സരം ഉണ്ടാകും. മുൻപ് സാഹിത്യവിമർശനം എന്ന മഹത്തായ ഒരു സംഗതിയായിരുന്നു വായനക്കാരന് വഴികാട്ടിയായിരുന്നതെങ്കിൽ ഇന്ന് പ്രൊഫഷണലുകൾ നടത്തുന്ന പ്രമോഷൻ പരിപാടിയാണ്. സോഷ്യൽ മീഡിയയെ ഉപയോഗപ്പെടുത്തി അത് അരങ്ങുതകർത്തു മുന്നേറുന്നു. ആ വഴിയിൽ സഞ്ചരിച്ച് എഴുത്തും വായനയും ഒരുപോലെ ചതിക്കുഴിയിൽ വീഴുന്നുമുണ്ട്.

ഏറ്റവും ദുഃഖകരമായ സംഗതി വിപണനതതന്ത്രമായി പ്രസാധകനൊപ്പം നിൽക്കാൻ എഴുത്തുകാരനും ബാധ്യസ്ഥനാവുന്നു എന്നതാണ്. എഴുത്തിലെ പ്രതിഭാവിലാസത്തേക്കാൾ വിപണിയിലെ ചെട്ടിമിടുക്കുള്ള എഴുത്തുകാരോടാണ് പ്രസാധകർക്ക് താൽപ്പര്യം എന്നുവന്നിരിക്കുന്നു. ഈ പ്രവണത എഴുത്തിനെ ബാധിക്കുന്നുണ്ട് എന്നതാണ് 2025 വർഷം സാക്ഷ്യപ്പെടുത്തുന്നത്. എഴുത്തുകാരന്റെ/എഴുത്തുകാരിയുടെ അസ്വസ്ഥതയും ഉൽക്കണ്ഠയും എന്തിനെക്കുറിച്ചാവണം? ലോകത്തെക്കുറിച്ചും മനുഷ്യന്റെ ജീവിതപ്രതിസന്ധിയെക്കുറിച്ചും ധർമ്മസങ്കടങ്ങളെപ്പറ്റിയും ആവണമെന്ന് വായനക്കാരായ നാം ആഗ്രഹിക്കുന്നു. ഹതാശമായ നിലവിളികൾ കേൾക്കാൻ കഴിയുന്ന കാതുകളുള്ളവരാണ് അയാൾ എന്നാണ് ധാരണ. സമകാലവും ലോകവുമാകട്ടെ വിദ്വേഷങ്ങൾകൊണ്ടും സംഘർഷങ്ങൾകൊണ്ടും അത്യന്തം ആപത്‌കരമായിരിക്കുന്നു. ആയിരക്കണക്കിന് വർഷത്തെ സംവാദാത്മകമായ മതേതര ജനാധിപത്യ സംസ്കാരം പുലർത്തിയ ഒരു രാജ്യം ഇന്ന് മതഭീകരരുടെ നേതൃത്വത്തിലേക്ക് എത്തിയിരിക്കുന്നു. ഈ സമയത്ത് അതൊന്നുമല്ല തന്റെ ഉൽക്കണ്ഠ; തന്റെ പുസ്തകത്തിന്റെ വിപണിയും വിൽപ്പനയുമാണ് എന്നുവരുന്നത് അപമാനകരമാണ്.

അങ്ങേയറ്റം സങ്കീർണമാംവിധം ധ്രുവീകരിക്കപ്പെട്ടിരിക്കുന്ന വിപണിയിൽനിന്ന് ഇഷ്ടപ്പെട്ട പത്തുപുസ്തകങ്ങൾ തെരഞ്ഞെടുക്കുക എന്നത് ബുദ്ധിമുട്ടേറിയതും ഒരു നിലയ്ക്ക് ബാലിശം എന്നു പറയാവുന്നതുമായ ഒരു സംഗതിയാണ്. ഒന്നാമത്തെ കാര്യം ഒരു വർഷം ഇറങ്ങുന്ന പുസ്തകങ്ങളെല്ലാം പരിശോധിക്കാൻ ഒരാൾക്കും കഴിയില്ല എന്നതാണ്. രണ്ട്, അഭിരുചികളുടേയും താൽപ്പര്യങ്ങളുടേയും പ്രശ്നം. പരിശോധനയ്ക്ക് കൃത്യമായ മാനദണ്ഡങ്ങളില്ലാത്ത മേഖലയാണല്ലോ സർഗാത്മകസാഹിത്യത്തിന്റേത്. ഇവിടെ എന്റെ ശ്രദ്ധയിൽപെട്ടതും ജീവിതത്തിലെ പരിമിതമായ സമയംകൊണ്ട് വായിക്കാൻ കഴിഞ്ഞതുമായ ചില പുസ്തകങ്ങളെക്കുറിച്ചാണ് സൂചിപ്പിക്കുന്നത്. ഇതൊരിക്കലും എന്റെപോലും അവസാനത്തെ നിഗമനമല്ല. നാളെയാണ് തെരഞ്ഞെടുക്കുന്നതെങ്കിൽ ഈ പട്ടികയിൽ മാറ്റമുണ്ടാകും.

പട്ടുനൂൽപ്പുഴു: എസ് ഹരീഷ്
എസ് ഹരീഷിന്റെ “പട്ടുനൂൽപ്പുഴു’ എന്ന നോവൽ വായിച്ചയുടനെ ഒരു ചെറുകുറിപ്പ് സമൂഹമാധ്യമത്തിൽ ഞാൻ എഴുതിയിരുന്നു. ഏകാന്തത എന്ന അനുഭവമാണ് ഈ നോവൽ വായനക്കാരുമായി പങ്കുവെക്കുന്നത്. പ്രകൃതിയുടെ സംഗീതം കേൾക്കാനാവുന്നത്ര നിശ്ശബ്ദമാണ് നോവലിലെ അന്തരീക്ഷം. കഥാപാത്രങ്ങൾ കുറവായതുകൊണ്ട്, ഉള്ളവരുമായി ആത്മബന്ധം സ്ഥാപിക്കാൻ വായനക്കാരന് കഴിയുന്നു. മീശ എന്ന കൃതിയിലൂടെ മലയാള നോവൽസാഹിത്യത്തിന് നവോന്മേഷമുണ്ടാക്കിയ ഹരീഷ് പുതിയ നോവലിലൂടെ വീണ്ടും വായനക്കാർക്ക് പ്രിയങ്കരനാവുന്നു. (ഡി.സി.ബുക്സ് പ്രസാധനം)

പുതിയ നോവലിന്റെ സഞ്ചാരദിശകൾ
 വി വിജയകുമാർ
നോവൽ എന്ന സാഹിത്യരൂപം ഏറ്റവും ശക്തമായിരിക്കുന്ന ഇക്കാലത്ത് അതിനെ പിന്തുടരുന്ന സാഹിത്യപഠനവും വിമർശനവും ഉണ്ടാകുന്നുണ്ടോ എന്ന ചോദ്യമുണ്ട്. അതിനുള്ള നല്ല ഉത്തരമാവുന്നു ഈ പുസ്തകം. സമീപകാലത്തെ കഥയേയും നോവലിനേയും ഏറ്റവും സൂക്ഷ്മതലത്തിൽ നിരീക്ഷിക്കുന്നയാളാണ് വി.വിജയകുമാർ. ശ്രദ്ധിക്കപ്പെട്ട പുതിയ പതിമൂന്ന് നോവലുകളെക്കുറിച്ചുള്ള പഠനമാണ് “പുതിയ നോവലിന്റെ സഞ്ചാരദിശകൾ’. കാലത്തെ മുൻനിർത്തിയുള്ള അപഗ്രഥനങ്ങളാണ് ഇതിലെ ഓരോ ലേഖനവും. (ഡിസി ബുക്സ്)

വെള്ളിവെളിച്ചവും വെയിൽനാളങ്ങളും 
സജിത മഠത്തിൽ
നടിയും നാടക, സാംസ്കാരികപ്രവർത്തകയുമായ സജിത മഠത്തിലിന്റെ ഓർമക്കുറിപ്പുകളാണ് ഈ പുസ്തകം. കോഴിക്കോട് നഗരപ്രാന്തത്തിലെ ഒരു സാധാരണ കുടുംബാന്തരീക്ഷത്തിൽ ജനിച്ചു വളർന്ന് കേരളത്തിലെ ജനകീയ കലാപ്രസ്ഥാനങ്ങളിലൂടെ ലോകത്തിനു മുന്നിലെത്തിയ ഒരെഴുത്തുകാരിയെ പഠിക്കാൻ ഇത് നമുക്ക് അവസരമുണ്ടാക്കുന്നു. സജിത വരയ്ക്കുന്ന പെൺകുട്ടിക്കാലത്തിന്റെ ചിത്രങ്ങൾ ഏറെ ഹൃദ്യമാണ്. (ഡിസി ബുക്സ്)

രാഷ്ട്രതന്ത്രം: അരിസ്റ്റോട്ടിൽ
 വിവ. ഡോ ഡി രാജേന്ദ്രൻ
ഗ്രീക്ക് ചിന്തകനായ അരിസ്റ്റോട്ടിലിന്റെ രാഷ്‌ട്രതന്ത്രത്തെക്കുറിച്ചുള്ള വിചാരങ്ങൾ സമകാലികലോകത്തിനും മലയാളത്തിനും ഇന്നും പ്രസക്തമാണ്. പ്രത്യേകിച്ചും ജനാധിപത്യവും മതനിരപേക്ഷതയും അവയെ മുൻനിർത്തിയുള്ള ഭരണഘടനയും ചോദ്യം ചെയ്യപ്പെടുമ്പോൾ. രാഷ്ട്രതന്ത്രം എന്ന ഈ പുസ്തകം വിവർത്തനം ചെയ്തിരിക്കുന്നത് ഡോ.ഡി.രാജേന്ദ്രനാണ്. (കേരള സാഹിത്യ അക്കാദമി)

സോഷ്യലിസമാണ് ബദൽ
 കെ എ വേണുഗോപാലൻ
നവലിബറൽ കാലത്തെ ആശയസമരത്തിന്റെ കൈപ്പുസ്തകമാണ് കെ.എ.വേണുഗോപാലന്റെ ‘സോഷ്യലിസമാണ് ബദൽ’. സോവിയറ്റ് യൂണിയന്റെ തകർച്ചക്കുശേഷം മുതലാളിത്തമാണ് ഒരേയൊരു വഴി എന്നൊരാശയം ശക്തമായി അവതരിപ്പിക്കപ്പെട്ടിരുന്നുവല്ലോ. പ്രതിസന്ധിയിൽ നിന്ന് പ്രതിസന്ധിയിലേക്ക് കടന്ന് അതിന്റെ ദുരന്തമെല്ലാം കനത്ത ചൂഷണത്തിലൂടെ സാമാന്യജനതയുടെ മേൽ വെച്ചുകെട്ടുന്ന മുതലാളിത്തവാഴ്ചകളെ ഈ പുസ്തകത്തിലൂടെ വേണുഗോപാലൻ തുറന്നുകാണിക്കുന്നു. ഗ്രന്ഥകാരന്റെ ലളിതമായ ഭാഷാശൈലി സാധാരണ വായനക്കാരന്റെ മനസ്സിലേക്കു കൂടി ആശയങ്ങളെ സംപ്രേക്ഷിക്കാൻ പര്യാപ്തമാണ്. (ചിന്ത പബ്ലിഷേഴ്സ്)

ദൈവത്തിനൊപ്പം ഒരു പിക്നിക്
 പി എ നാസിമുദ്ദിൻ
മലയാള കവിത പല കൈവഴികളിൽ നിറഞ്ഞൊഴുകുന്ന കാലമാണ്. ഹൃദയത്തിൽ നിന്ന് നേരിട്ടൊഴുകി വരുന്ന വാക്കുകളും ബിംബങ്ങളുമാണ് പി എ നാസിമുദ്ദിന്റെ കവിതകളിലുള്ളത്. അലങ്കരിക്കപ്പെടാത്ത ദർശനങ്ങൾ സാമാന്യ മനുഷ്യജീവിതത്തെ അവലംബമാക്കി നൂതനമായ ഒരു സൗന്ദര്യസങ്കൽപ്പപാത വെട്ടിത്തെളിച്ച് കടന്നുവരുന്നു. (ഡി.സി.ബുക്സ്.)

 

അമർഷത്തിന്റെ ആവിഷ്കാരങ്ങൾ
 എഡി. എം എ ബേബി
എന്റെ തലമുറയുടെ ജീവിതാവബോധത്തെ നിർണ്ണയിച്ചത് 1975-–77ലെ അടിയന്തരാവസ്ഥക്കാലമാണ്. നാവടക്കി പണിയെടുക്കാൻ കല്പിക്കപ്പെട്ട ആ ഭീകരകാലം എഴുത്തിനേയും കലാപ്രവർത്തനങ്ങളേയും കുറ്റകരമായി കണ്ടു. പക്ഷേ പ്രതിരോധിച്ചുകൊണ്ട് ധാരാളം സാഹിത്യസൃഷ്ടികൾ അക്കാലത്തു തന്നെ ഉണ്ടായി. അതെഴുതിയ പലരും തടവിലാക്കപ്പെട്ടു. പ്രതിരോധരചനകളുടെ സമാഹാരമാണ് അടിയന്തരാവസ്ഥയുടെ അമ്പതാം വർഷം പ്രമാണിച്ച് അമർഷത്തിന്റെ ആവിഷ്കാരങ്ങൾ എന്ന പേരിൽ പ്രസിദ്ധീകരിച്ചിരിക്കുന്നത്. ഇത് സമാഹരിച്ച് എഡിറ്റു ചെയ്തിരിക്കുന്നത് അടിയന്തരാവസ്ഥയുടെ മുറിവുകൾ ശരീരത്തിലും, പോരാട്ടത്തിന്റെ അനുഭവങ്ങൾ മനസ്സിലും ഏറ്റു വളർന്ന് ഇടതുപക്ഷത്തിന്റെ ദേശീയ രാഷ്ട്രീയനേതൃത്വമായി മാറിയ എം.എ.ബേബിയും. (ചിന്ത പബ്ലിഷേഴ്സ്)

ഇതാണെന്റെ ജീവിതം
 ഇ പി ജയരാജൻ
കേരളത്തിലെ മുതിർന്ന കമ്യൂണിസ്റ്റ് നേതാവ് ഇ.പി.ജയരാജന്റെ ആത്മകഥയാണ് ഇതാണെന്റെ ജീവിതം. പുരോഗമന വിദ്യാർത്ഥി യുവജനപ്രസ്ഥാനങ്ങളിലൂടെ ഒരു സാധാരണ പ്രവർത്തകനായി കടന്നുവന്ന് കേരളീയ ജീവിതത്തിന്റെ മുൻനിരയിലെത്തിയ നേതാവാണ് ജയരാജൻ. ഡി.വൈ.എഫ്. ഐ. എന്ന യുവജനസംഘടനയുടെ അഖിലേന്ത്യാ ജനറൽ സെക്രട്ടറി എന്ന നിലയിൽ അസാമാന്യമായ സംഘടനാവൈഭവമാണ് അദ്ദേഹം കാഴ്ചവെച്ചത്. ജനശത്രുക്കളുടെ ഗൂഢാലോചനക്കും ക്രൂരമായ ആക്രമണത്തിനും അദ്ദേഹം വിധേയനായി. അതിന്റെ മുറിവുകൾ പേറുമ്പോഴും ഇന്നും പൊതുപ്രവർത്തനത്തിൽ അദ്ദേഹം സജീവമായി നിലകൊള്ളുന്നു. കേരളപ്പിറവിക്കു ശേഷമുള്ള കേരളത്തിലെ ജനകീയ പൊതുപ്രവർത്തനത്തിന്റെ ആത്മരേഖകൾ നമുക്ക് വേണ്ടത്രയില്ല. ജയരാജന്റെ ആഖ്യാനം ലളിതവും വസ്തുനിഷ്ഠവുമാണ്. (മാതൃഭൂമി ബുക്സ്)

കൊളം കര കൊളം
 പുണ്യ സി ആർ
പുതിയ തലമുറയിലെ ശ്രദ്ധേയയായ കഥയെഴുത്തുകാരിയാണ് പുണ്യ സി ആർ. സങ്കീർണമായ ജീവിതലോകത്തെ സങ്കീർണമല്ലാത്ത ഭാഷകൊണ്ട് ആഖ്യാനം ചെയ്യാൻ ഈ കഥാകാരിക്ക് കഴിയുന്നു. എഴുത്തുഭാഷക്ക് വായനക്കാരനെ കൂടെ നിർത്താനുള്ള കഴിവുണ്ട്. (ഡി.സി.ബുക്സ്)

ബ്ലഡ് റവലൂഷൻ 
ഡി പി അഭിജിത്
2021ൽ സമ്മാനം നേടി മാതൃഭൂമി വിഷുപ്പതിപ്പിൽ പ്രസിദ്ധീകരിച്ചപ്പോൾ തന്നെ ശ്രദ്ധിച്ച കഥയാണ് ഡി.പി.അഭിജിത്തിന്റെ ബ്ലെഡ് റവലൂഷൻ. ഇപ്പോൾ ഇതര കഥകളോട് ചേർത്ത് ഇത് പുസ്തകമായി എത്തിയിരിക്കുന്നു. നവകാലത്തിന്റെ രോഷവും സങ്കടങ്ങളും ഈ കഥകളിലുണ്ട്. ഒപ്പം ലോകത്തെക്കുറിച്ച് ഉത്ക്കണ്ഠകളും പ്രതീക്ഷകളും അവ പങ്കുവെക്കുന്നു. (ഡി.സി.ബുക്സ്) l

ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

11 + three =

Most Popular