Thursday, January 29, 2026

ad

Homeകവര്‍സ്റ്റോറിമാറ്റങ്ങളും മറുകാഴ്ചകളും മലയാള സിനിമ 2025

മാറ്റങ്ങളും മറുകാഴ്ചകളും മലയാള സിനിമ 2025

ജി പി രാമചന്ദ്രൻ, ജിതിൻ കെ സി

ഴിഞ്ഞ പത്തുവർഷമായി, മലയാള സിനിമയെക്കുറിച്ച് പറയുമ്പോള്‍ ഏറ്റവും കൂടുതല്‍ ആവർത്തിക്കപ്പെട്ട വാക്കാണ്‌ മാറ്റം എന്നത്‌. കോവിഡാനന്തര കാലഘട്ടത്തിൽ, ഒ ടി ടി സ്ട്രീമിങ്ങിന്റെയും മള്‍ട്ടിപ്ലെക്‌സ് റിലീസിങ്ങിന്റെയും മാര്‍ഗങ്ങളിലൂടെ മലയാള സിനിമയ്ക്ക് ഇന്ത്യയിലെമ്പാടും വലിയ സ്വീകാര്യത ഉണ്ടായി. 2024, മലയാള സിനിമയെ സംബന്ധിച്ച് വാണിജ്യപരമായും ഇന്ത്യയൊട്ടാകെയുള്ള സ്വീകാര്യതയിലും വലിയ ഉണർവുണ്ടായ വർഷമാണ്. മഞ്ഞുമ്മൽ ബോയ്സ്, ഭ്രമയുഗം, ആവേശം, പ്രേമലു തുടങ്ങിയ ചിത്രങ്ങൾ ഇന്ത്യൻ ബോക്സ് ഓഫീസിൽ തന്നെ വലിയ ചലനം സൃഷ്ടിച്ചു. ഒപ്പം തന്നെ സംഘർഷഘടന, വിക്ടോറിയ, കിസ് വാഗൺ തുടങ്ങിയ മികച്ച പരീക്ഷണാത്മക സിനിമകളും 2024 ൽ ഉണ്ടായി.

2025 എന്ന വർഷം പക്ഷേ മലയാളത്തിലെ മുഖ്യധാരാ സിനിമയ്ക്ക് വലിയ ആശ്വാസം നൽകുന്ന ഒന്നല്ല. മുൻപത്തേതുപോലെ ഏതു സിനിമയും ബോക്സ് ഓഫീസിലും ജനങ്ങളിലും സ്വീകാര്യത സൃഷ്ടിക്കും എന്ന ചിന്തയിൻമേൽ ശരാശരി സിനിമകൾ മാത്രമാണ് ഈ വർഷം മലയാളത്തിൽ ബോക്സ് ഓഫീസ് വിജയങ്ങൾ നേടിയത്. തുടരും, ഹൃദയപൂർവം, എല്‍-2 എമ്പുരാൻ തുടങ്ങിയ ചിത്രങ്ങൾ ആഖ്യാനത്തിലും പ്രമേയത്തിലും ശരാശരിയോ ശരാശരിക്കു താഴെയോ നിൽക്കുന്നവ മാത്രമാണ്. തെലുങ്ക്, കന്നട ഭാഷകളില്‍ ഇപ്പോൾ ഇറങ്ങുന്ന പാൻ ഇന്ത്യൻ സിനിമകളുടെ ഫോർമാറ്റിനെ മലയാളത്തിലേക്ക് പറിച്ചുനടുവാനുള്ള ശ്രമം ഈ സിനിമകളിലെല്ലാം നമുക്ക് കാണാനാവും. എല്‍-2 എമ്പുരാന്‍(പൃഥ്വിരാജ്) എന്ന സിനിമ മലയാള സിനിമയുടെ മാധ്യമ ചരിത്രത്തിലും സാംസ്കാരിക ചരിത്രത്തിലും രാഷ്ട്രീയ ചരിത്രത്തിലും ചലച്ചിത്ര ചരിത്രത്തിലും അതിന്റെ അവതരണംകൊണ്ടും പ്രമേയംകൊണ്ടുമെല്ലാം സ്ഥാനംപിടിക്കേണ്ട ഒരു നിര്‍ണായക സിനിമയല്ല. പക്ഷേ, ഇന്ന് രാജ്യത്ത് സംഘപരിവാര്‍ വരുത്തിത്തീര്‍ക്കുന്ന സാഹചര്യം, അതില്‍ത്തന്നെ കേരളത്തിലെ പ്രത്യേക സാഹചര്യം ഈ സിനിമയെ വ്യത്യസ്തമാക്കി മാറ്റി. ഈ സിനിമ കേരളത്തിന് നല്‍കുന്ന സൂചനകള്‍ വളരെ പ്രധാനമാണ്. കാരണം ഈയൊരു കാലഘട്ടത്തില്‍ രാജ്യത്ത് നിലനില്‍ക്കുന്ന സാഹചര്യത്തെ വളരെ വിശാലമായ അര്‍ത്ഥത്തില്‍ ഈ സിനിമ മനസ്സിലാക്കുന്നു. ഒപ്പംതന്നെ മതനിരപേക്ഷതയുടെയും സാമൂഹിക പുരോഗതിയുടെയും ഇടതുപക്ഷബോധത്തിന്റെയും പുരോഗമന വീക്ഷണത്തിന്റെയുമെല്ലാം കേരള മാതൃകകള്‍ എന്താണെന്ന് കൃത്യമായി മനസ്സിലാക്കിയുള്ള ഇടപെടല്‍ ഫാസിസത്തെ പ്രതിരോധിക്കുന്ന ജനാധിപത്യസമൂഹം ഈ അവസരത്തില്‍ നടത്തേണ്ടതുണ്ട് എന്നതാണ് സാമാന്യമായി എല്‍ -2 എമ്പുരാന്‍ നല്‍കുന്ന ഒരു സൂചന.

ഈ വർഷം ആഖ്യാനത്തിലോ പ്രമേയത്തിലോ ഏതെങ്കിലും നിലയ്ക്ക് പരീക്ഷണങ്ങൾക്ക് ശ്രമിച്ചത്‌ മലയാളത്തിലെ മുഖ്യധാരാ സിനിമകളല്ല മറിച്ച് തിയറ്റർ, ഒ ടി ടി, യൂട്യൂബ് തുടങ്ങിയ മാധ്യമങ്ങളിലൊന്നും റിലീസ് ആവാത്ത സ്വതന്ത്ര സിനിമകളാണ്. മുപ്പതാമത്‌ കേരള രാജ്യാന്തര ചലച്ചിത്രമേളയുടെ ‘മലയാളം സിനിമ ഇന്ന്’ എന്ന വിഭാഗത്തിൽ ഇടംനേടിയ ചിത്രങ്ങളെല്ലാം കേരളത്തിലെ ആദ്യത്തെ പ്രദർശനങ്ങളായിരിക്കും.

ബുസാൻ ചലച്ചിത്രമേളയിൽ പുരസ്കാരം നേടിയ സഞ്ജു സുരേന്ദ്രൻ സംവിധാനം ചെയ്ത ഖിഡ്കി ഗാവ് എന്ന ചിത്രം ഏറെ ശ്രദ്ധേയമാണ്. ഡൽഹി പോലൊരു നഗരത്തിൽ മധ്യവർഗക്കാരായ വിവാഹിതരല്ലാത്ത പുരുഷനും സ്ത്രീയും ഒന്നിച്ചുജീവിക്കുമ്പോൾ ഒരു ഘട്ടത്തിൽ വച്ച് അവർക്ക് അഭയം നഷ്ടമാവുന്നു. അഭയാർത്ഥികളെപ്പോലെ ഡൽഹിയിലെ വഴികളിലേക്ക് വലിച്ചെറിയപ്പെടുന്ന അവരുടെ സംഘർഷങ്ങളും പ്രണയം അവരുടെ ഉൾജീവിതത്തിൽ നിറയ്ക്കുന്ന സന്ദിഗ്ദ്ധതകളും ഏറെ കയ്യടക്കത്തോടെ ഈ ചിത്രം അവതരിപ്പിക്കുന്നു.അത്രയും ആഴത്തിലുള്ള സ്ത്രീ–പുരുഷ ബന്ധത്തിനകത്ത് സ്ത്രീ അനുഭവിക്കുന്ന സുരക്ഷയെ സംബന്ധിച്ചുള്ള പിരിമുറുക്കത്തെയും പുരുഷൻ എല്ലായ്-പ്പോഴും സ്വീകരിക്കുന്ന സ്വാഭാവികമായ അലസതയെയും ആ തരത്തിൽ സുഗമമായ ഒരു ബന്ധത്തിനകത്തുതന്നെയുള്ള പുരുഷന്റെ പാട്രിയാർക്കിക്കലായ ഉത്തരവാദിത്തമില്ലായ്മയെയും അടക്കം സൂക്ഷ്മമായ സന്ദർഭങ്ങളെ ഈ ചിത്രം ഉൾക്കൊള്ളുന്നു. സാമൂഹിക പ്രവർത്തകയും എഴുത്തുകാരിയുമായ രേഖാ രാജാണ് ഈ ചിത്രത്തിന്റെ തിരക്കഥ നിർവഹിച്ചിരിക്കുന്നത്.

ഉടലാഴം എന്ന ചിത്രത്തിനു ശേഷം ഉണ്ണികൃഷ്ണൻ ആവള സംവിധാനം ചെയ്ത തന്തപ്പേര്(Life of phallus) എന്ന ചിത്രം ചോലനായ്ക്കർ സമുദായത്തിന്റെ അസ്തിത്വദുഃഖങ്ങളെ രാഷ്ട്രീയമായും സാമൂഹികമായും നോക്കിക്കാണുന്ന ചിത്രമാണ്. വളരെയധികം മുൻവിധികളുള്ള പാരിസ്ഥിതികമായ പ്രശ്നങ്ങളിലോ ആദിവാസി പുനരധിവാസം സംബന്ധിച്ച പൊതുബോധ നിർമിതികളിലോ മാത്രം ഉഴലുന്ന ഒട്ടും സത്യസന്ധമല്ലാത്ത ആവിഷ്കാരങ്ങൾക്കിടയില്‍ ഉടലാഴം ഏറെ വേറിട്ടു നില്ക്കുന്നു. ലോകത്തിലെ എല്ലാ ഗോത്ര സമൂഹങ്ങൾക്കിടയിലും എല്ലാ മനുഷ്യരുടെ ഇടയിലും സംഘർഷങ്ങൾ സംഭവിക്കുന്നുണ്ട്. ആദിവാസി വിഭാഗങ്ങളെക്കുറിച്ചുള്ള സിനിമകളിൽ അവർ അനുഭവിക്കുന്ന കഷ്ടതകളെ കുറിച്ചു മാത്രം പ്രതിപാദിക്കുകയും അവരെ ഒരു സമൂഹം എന്ന നിലയ്ക്ക് അന്യവൽക്കരിച്ച് അവതരിപ്പിക്കുകയും ചെയ്യുന്ന പ്രവണതയുണ്ട്. ഒരു ഗോത്രത്തിനകത്തെ പുരുഷാധിപത്യത്തിലേക്കടക്കം അതിസൂക്ഷ്മമായി ഇറങ്ങിച്ചെന്നുകൊണ്ട്, ചോലനായ്ക്കരുടെ ജീവിതത്തിലേക്കും അവരുടെ ജീവിത സംഘർഷങ്ങളുടെ അടിവേരിലേക്കും ആഴ്ന്നിറങ്ങി ഇടപെടുന്ന സിനിമയാണ് ലൈഫ് ഓഫ് ഫാലസ്. അടിയന്തരാവസ്ഥയുടെ ഭീതിദമായ ഫാസിസ്റ്റ് പ്രൊജക്ടുകളെ സൂക്ഷ്മമായി അടയാളപ്പെടുത്തുന്ന ചിത്രം കൂടിയാണ് ഇത്. അഭിനേതാക്കളിൽ ഭൂരിഭാഗവും ആദിവാസി സമൂഹത്തിൽ നിന്നുതന്നെ ആകുന്നത് ഈ ചിത്രത്തിന് ഒരു നവഭാവുകത്വം നൽകുന്നുണ്ട്.

2023ൽ മികച്ച നടിക്കും മികച്ച നവാഗത ചിത്രത്തിനുമുള്ള പുരസ്കാരം ലഭിച്ച തടവ് എന്ന ചിത്രത്തിന്റെ സംവിധായകൻ ഫാസിൽ റസാക്കിന്റെ രണ്ടാമത്തെ ചിത്രം മോഹം ശ്രദ്ധേയമായ ചലച്ചിത്രാവതരണമാണ്. ഏറ്റവും നിസ്സഹായരായി ജീവിക്കുന്ന, ചുറ്റുമുള്ളവരുടെ ശ്രദ്ധകളിൽ നിന്ന് മനഃപൂർവ്വമോ അല്ലാതെയോ അപ്രത്യക്ഷരാവുന്ന മനുഷ്യരാണ് ഈ ചിത്രത്തിലെയും കഥാപാത്രങ്ങൾ. വിവാഹവും തുടർന്നുണ്ടാകുന്ന ഗർഭധാരണവും സ്ത്രീകളിൽ നിർമിക്കുന്ന പോസ്റ്റ്പാർട്ടം വിഷാദാവസ്ഥയെ, ആ വിഷാദാവസ്ഥയിൽനിന്ന് ശിഷ്ടജീവിതം തള്ളിനീക്കേണ്ടിവരുന്ന പെൺജീവിതങ്ങളെ അതിസൂക്ഷ്മമായി ലളിതമായ ഒരു കഥയുടെ പശ്ചാത്തലത്തിൽ മോഹം അവതരിപ്പിക്കുന്നു. അസ്വാഭാവികമായി ജീവിക്കുന്ന പല ആളുകളുടെയും മാനസികാവസ്ഥയുടെ അടിവേരു തേടിപ്പോയാൽ നിശ്ചയമായും ബന്ധങ്ങൾ അവർക്ക് നൽകിയ ട്രോമയുടെ ആഴം കാണാനാവും. ദീർഘകാലം ഒരു പുരുഷൻ ഒരു പെൺകുട്ടിയെ വെളിച്ചമില്ലാത്ത മുറിയിൽ അടച്ചിടുന്നു. പിന്നീടവൾക്ക് ഇരുട്ടിനോട് വലിയ പേടി ഉടലെടുക്കുന്നു. ഇരുട്ടിനെ പേടിക്കുന്നത് എന്തിനാണ് എന്ന ലളിതമായ ചോദ്യത്തോളം ലളിതമല്ല അതിനുള്ള ഉത്തരം. മോഹം എന്ന ഈ ചിത്രം ലളിതമായ ഇത്തരം സ്വാഭാവിക ചോദ്യങ്ങളിലെ ലളിതമല്ലാത്ത അസ്വാഭാവികതകളെ തുറക്കാൻ ശ്രമിക്കുന്നു.

നടൻ എന്ന നിലയില്‍ നമുക്ക് ഏറെ പരിചയമുള്ള രാജേഷ് മാധവൻ സംവിധാനം ചെയ്ത പെണ്ണും പൊറാട്ടും അവതരണം കൊണ്ടും ആഖ്യാനത്തിലെ പുതുമ കൊണ്ടും ഏറെ ശ്രദ്ധേയമാണ്. പൊറാട്ട് എന്ന ഫോക്ക് ലോറിനെ ആഖ്യാനത്തിലേക്ക് ഉൾക്കൊണ്ടുകൊണ്ട് വളരെ ഗ്രാമീണമായ ഒരു കഥയിലൂടെ അഭയാർത്ഥിത്വം പോലെ ലോകത്തെ മുഴുവൻ വേട്ടയാടുന്ന ഒരു വിഷയത്തെ അതിസൂക്ഷ്മമായി ഈ ചിത്രം അവതരിപ്പിച്ചിരിക്കുന്നു. നാടക സംവിധായകരായ അലിയാർ, അരുൺ ലാൽ തുടങ്ങിയവരുടെ നാടകങ്ങളിലൂടെ ശ്രദ്ധേയരായ, എന്നാൽ സിനിമയിൽ പുതുമുഖങ്ങളായ അഭിനേതാക്കളാണ് ഈ ചിത്രത്തെ കൂടുതൽ മിഴിവുറ്റതാക്കുന്നത്. മറ്റൊരാളുടെ ജീവിതത്തിലേക്കുള്ള മനുഷ്യരുടെ നോട്ടത്തിലൂടെ ഒരു കൂട്ടം ആളുകൾ നിർമിക്കുന്ന ഹിംസയുടെ വേലിയേറ്റങ്ങളെ ഈ ചിത്രം സൂക്ഷ്മമായി അവതരിപ്പിക്കുന്നു.

മാനുഷികവും ലൈംഗികവുമായ ഉട്ടോപ്യകളാണ് ശരണ്‍ വേണുഗോപാല്‍ സംവിധാനം ചെയ്ത നാരായണീന്റെ മൂന്നാണ്‍മക്കളിലുള്ളത്. ആതിരയും നിഖിലും തമ്മിലുടലെടുക്കുന്ന സ്‌നേഹബന്ധം, സദാചാരവിരുദ്ധമോ ആചാരവിരുദ്ധമോ ഇനി അതൊന്നുമല്ലെങ്കില്‍ ബയോളജിക്കല്‍ പ്രശ്‌നങ്ങളുണ്ടാക്കുന്നതോ ആണെന്ന തരത്തില്‍ കാണികള്‍ക്കിടയിലും അസ്വസ്ഥത രൂപപ്പെട്ടു. ഈ അസ്വസ്ഥത, നാരായണീന്റെ മൂന്നാണ്‍മക്കള്‍ എന്ന സിനിമയുടെ പ്രമേയം ഉദ്ദേശിച്ച ഫലം കണ്ടു എന്നതിന്റെ തെളിവാണ്. നൂതനവും സങ്കീര്‍ണവും സംഘര്‍ഷഭരിതവുമായ പ്രമേയങ്ങളെ പാകതയോടെയും അതിവൈകാരികതയില്ലാതെയും സമീപിക്കാനാവുന്നു എന്നതാണ് നാരായണീന്റെ മൂന്നാണ്മക്കളുടെ സവിശേഷത. ലോകത്താകെ മനുഷ്യബന്ധങ്ങള്‍ക്കകത്തും തമ്മിലും നിലനില്ക്കുന്നതും രൂപപ്പെടുന്നതുമായ, വിചിത്രങ്ങളും വിഭിന്നങ്ങളുമായ വിള്ളലുകളും വേറിടലുകളും ഒന്നിയ്ക്കലുകളും ലോക സിനിമ പലപ്പോഴും ആവിഷ്‌കരിച്ചിട്ടുണ്ട്. അത്തരത്തില്‍, സവിശേഷമായ ഒരു പ്രമേയം, തികച്ചും പ്രാദേശികമായ, കൊയിലാണ്ടി സ്ലാങ്ങിന്റെ വ്യതിരിക്തതയാല്‍ അടയാളപ്പെടുത്തുന്ന സ്ഥല-കാലത്തിലേയ്ക്ക് നിക്ഷേപിക്കുകയാണ് ശരണ്‍ വേണുഗോപാല്‍ ചെയ്യുന്നത്. പ്രാദേശികമായിരിക്കെ തന്നെ സാര്‍വദേശീയമായി മാറാന്‍ കഴിയുന്ന ഈ ആഖ്യാനമികവ് മലയാള സിനിമയുടെ സമകാലികമായ ഉയര്‍ച്ചയെ പ്രതിനിധീകരിക്കുന്നു.

ജാതിവെറിയുടെ ചരിത്ര, വർത്തമാന രേഖകൾകൊണ്ട് ഇന്ത്യയെയും കേരളത്തെയും നിർവചിക്കുകയാണ് വി എസ് സനോജ് അരിക് എന്ന സിനിമയിലൂടെ. കണ്ടങ്കോരൻ പറയുന്നതുപോലെ, പഴയ കാലത്ത് നേരിട്ട് തിരിച്ചറിയാമായിരുന്ന ജാതിവെറി, ഇപ്പോൾ ഒളിപ്പിച്ചുവെക്കാനും പുരോഗമനവാദികളായി മുഖംമൂടിയണിഞ്ഞ് സകലരെയും കബളിപ്പിക്കാനും മർദകർക്ക് സാധിക്കുന്നുണ്ട്. സ്ഥലങ്ങളും കാലങ്ങളും കടന്നുള്ള ഒരാഖ്യാനത്തിലൂടെ, സ്വതന്ത്ര ഇന്ത്യയിലെ ഐക്യകേരളം എന്ന സാമൂഹിക സമൂഹത്തെയാണ് സനോജ് അടയാളപ്പെടുത്തുന്നത്. സംവരണത്തിന്റെയും ഭൂപരിഷ്കരണത്തിന്റെയും യാഥാർത്ഥ്യങ്ങളും പൊതു(ദുർ)വ്യാഖ്യാനങ്ങളും നിർഭയത്വത്തോടെ എന്നാൽ ചരിത്രപരമായ കൃത്യതയോടെ സംവിധായകൻ വിമർശനവിധേയമാക്കുന്നു. കേരള സർക്കാരിന്റെ സിനിമാ ധനസഹായ പദ്ധതി രാഷ്ട്രീയ നിശ്ചയദാർഢ്യത്തിന്റെ പ്രകടനമാണ് എന്നതിന്റെ തെളിവാണ് അരിക്.

സവര്‍ണ പ്രത്യയശാസ്ത്രം പ്രതി-മനുഷ്യവത്കരിച്ചിരുന്ന ആദിവാസികളെ അനുരാജ് മനോഹര്‍ സംവിധാനം ചെയ്ത നരിവേട്ട പുനര്‍ മനുഷ്യവത്കരിക്കുന്നു. അനുതാപവും ഭയവും രോഷവുമുള്ള സാധാരണ മനുഷ്യര്‍ തന്നെയാണ് ആദിവാസികള്‍ എന്ന് സ്ഥാപിക്കുകയാണ് നരിവേട്ട പോലുള്ള സിനിമകള്‍. മുഖ്യധാരാ സിനിമയുടെ രൂപഭാവങ്ങളില്‍ സങ്കല്പിക്കപ്പെടുകയും നിര്‍വഹിക്കപ്പെടുകയും ചെയ്തിട്ടുള്ള ഇത്തരം സിനിമകള്‍ അതുകൊണ്ടുതന്നെ തങ്ങള്‍ക്ക് സ്വീകാര്യമല്ല എന്ന നിലപാട് ഏതാനും കലാ/പരീക്ഷണ സിനിമാ പ്രവര്‍ത്തകര്‍ മുന്നോട്ടുവെച്ചേക്കാം. ദളിത്, ആദിവാസി നിലപാടിനെ മുഖ്യധാരയുടെ കേന്ദ്രസ്ഥാനത്ത് പ്രതിഷ്ഠിക്കുകയും ലാഭമുണ്ടാക്കുന്നതിനായി വാണിജ്യമായി പരിവര്‍ത്തനം ചെയ്യുകയും ചെയ്യുന്ന പ്രവൃത്തിയാണ് വാസ്തവത്തില്‍ അനുരാജ് മനോഹര്‍ അടക്കമുള്ളവര്‍ നിര്‍വഹിക്കുന്നത്. ശുദ്ധലാവണ്യബോധത്തിന്റെ പരിഗണനകളില്‍ തഴയപ്പെടുകയോ എതിര്‍ക്കപ്പെടുകയോ ചെയ്യുന്ന ഇത്തരം വാണിജ്യ വിജയങ്ങള്‍ പക്ഷേ, ദളിത്, ആദിവാസി മുന്നേറ്റത്തിന് അത്യന്താപേക്ഷിതമാണെന്നതാണ് വാസ്തവം.

മലയാള സിനിമാ പ്രേക്ഷകർ സിനിമ കാണുന്നത് മലയാള സിനിമയുടെതന്നെ ഓര്‍മചരിത്രത്തിന്റെ രേഖകള്‍കൊണ്ടും അനുബന്ധങ്ങള്‍കൊണ്ടും അനുകരണങ്ങള്‍കൊണ്ടും പാരഡികള്‍കൊണ്ടും വിരുദ്ധോക്തികള്‍കൊണ്ടും പരിഹാസങ്ങള്‍കൊണ്ടും പുനരവതാരങ്ങള്‍കൊണ്ടും മറ്റും മറ്റുമാണ്. പ്രശാന്ത് വിജയ് സംവിധാനം ചെയ്ത ഇത്തിരി നേരവും തെളിഞ്ഞു വരുന്നത് മറ്റൊരു രീതിയിലല്ല. ഉറഞ്ഞും തറച്ചും പോയതാണെന്ന് സ്ഥാപിക്കപ്പെടുന്നുണ്ടെങ്കിലും ഉടയാനുള്ളതാണ് പഴയ കാലങ്ങള്‍ എന്ന് വെളിപ്പെടുന്നു എന്നതാണ് പ്രധാനം.

ഒരു പ്രത്യേക യൂണിവേഴ്‌സായി ആലോചിക്കപ്പെട്ടിട്ടുള്ള സൂപ്പര്‍ ഹീറോ/ഹീറോയിന്‍ സിനിമകളിലാദ്യത്തേതാണ് ഡോമിനിക് അരുണ്‍ സംവിധാനം ചെയ്ത ‘ലോക: ചാപ്റ്റര്‍ ഒന്ന് ചന്ദ്ര’ എന്നു കരുതാം. മലയാളത്തിലെ നാടോടി കഥാപാരമ്പര്യത്തില്‍ നിന്നാണ് ഇത്തരം സൂപ്പര്‍ ഹീറോ/ഹീറോയിന്മാരെ കണ്ടെടുത്തിരിക്കുന്നത്. കള്ളിയങ്കാട്ട് നീലി എന്ന തെക്കന്‍ പാട്ടിലെ കഥാപാത്രം പിന്നീട് സി വി രാമന്‍പിള്ളയുടെ മാര്‍ത്താണ്ഡവര്‍മയിലും കടമറ്റത്ത് കത്തനാരുടെ കഥയിലും പടര്‍ന്നതിനുശേഷമാണ് ലോകയിലെ ചന്ദ്രയാവുന്നത്. പോസ്റ്റ് മോഡേണ്‍ സാഹചര്യത്തിലും പോസ്റ്റ് ഹ്യൂമൻ സാഹചര്യത്തിലും ഇത്തരം അഭൗമ ശക്തികള്‍ ആലോചിക്കപ്പെടുന്നതെങ്ങനെ എന്നതിന്റെ പ്രത്യക്ഷമാണ് ലോക. നവഫാസിസത്തിന്റെ കാലത്ത് പരിശുദ്ധ രക്തമുള്ളവര്‍ എന്ന് കരുതുന്നവര്‍ അല്ലെങ്കില്‍ വിശേഷിപ്പിക്കപ്പെടുന്നവര്‍ അധികാരം സമാഹരിക്കുന്നതെങ്ങനെ എന്ന കാര്യം ലോകയെ രാഷ്ട്രീയനിര്‍ഭരമാക്കുന്നു. l

ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

four + eighteen =

Most Popular