അഫ്ഗാനിസ്ഥാനില്‍ 2021 ല്‍ വീണ്ടും അധികാരത്തില്‍ വന്ന താലിബാന്‍ ഭരണകൂടം രാജ്യത്തെ നിയമവ്യവസ്ഥയെ ആകെ അഴിച്ചു പണിതു. ചാതുര്‍വര്‍ണ്യവും അടിമത്തവും നിയമവിധേയമാക്കിയിരിക്കുകയാണ്. മനുസ്മൃതിയുടെ അടിസ്ഥാനത്തില്‍ ഇന്ത്യയില്‍ നിലനിന്നിരുന്ന ചാതുര്‍വര്‍ണ്യ വ്യവസ്ഥയ്ക്ക് സമാനമായ പ്രാകൃത വ്യവസ്ഥകള്‍ ഉള്‍പ്പെടുന്ന പുതിയ ക്രിമിനല്‍ നടപടിക്രമം നടപ്പാക്കിയിരിക്കുന്നു. താലിബാന്റെ പരമോന്നത നേതാവ് ഹിബത്തുള്ള അഖുന്‍ സാദ ഒപ്പിട്ടു നടപ്പാക്കിയ പുതിയ നിയമസംഹിത കഴിഞ്ഞ ജനുവരി 4 നാണ് നിയമമാക്കിയത്. മനുഷ്യവംശത്തിനു തന്നെ അപമാനകരമായ ഈ നിയമവ്യവസ്ഥ പുറംലോകത്തെ അറിയിച്ചത് അഫ്ഗാനിസ്ഥാനിലെ മനുഷ്യാവകാശ സംഘടനയായ റവാദാരിയാണ്. 10 അദ്ധ്യായങ്ങളും 119 അനുഛേദങ്ങളുമുള്ള ക്രിമിനല്‍ നടപടിക്രമത്തില്‍ അടിമത്തം നിയമവിധേയമാക്കിയിരിക്കുകയാണ്.
ഇന്ത്യയില്‍ നിലനിന്നിരുന്ന ചാതുര്‍വര്‍ണ്യ വ്യവസ്ഥയില്‍ ബ്രാഹ്മണര്‍, ക്ഷത്രിയര്‍, വൈശ്യര്‍, ശൂദ്രര്‍ എന്നിങ്ങനെ നാലായിട്ടാണ് വര്‍ഗ വിഭജനം നടന്നിരുന്നതെങ്കില്‍, താലിബാന്‍ നിയമവ്യവസ്ഥയില്‍ മതപണ്ഡിതര്‍ (ഉലമ അല്ലെങ്കില്‍ മുല്ല) വരേണ്യവര്‍ഗം (ഗോത്രതലവന്മാരും കമാന്‍ഡര്‍മാരും) മദ്ധ്യവര്‍ഗം, താഴ്ന്ന വര്‍ഗം എന്ന് നാലായി ഏതാണ്ട് മനുസ്മൃതിയ്ക്കു സമാനമായിട്ടാണ് വിഭജനം നടത്തിയിരിക്കുന്നത്. ശിക്ഷ നിശ്ചയി ച്ചിരിക്കുന്നത് ചെയ്യുന്ന കുറ്റത്തിന്റെ അടിസ്ഥാനത്തിലല്ല. പ്രതിയുടെ സാമൂഹ്യ പദവിയുടെ അടിസ്ഥാനത്തിലാണ് ഇതിനായി പൗരരെ സ്വതന്ത്രരെന്നും, അടിമകളെന്നും കോഡ് ഉപയോഗിച്ച് വേര്‍തിരിക്കും. ഇസ്ലാമിക പണ്ഡിതര്‍ കുറ്റം ചെയ്താല്‍ ശിക്ഷ ഉപദേശങ്ങളില്‍ ഒതുക്കും. വരേണ്യ വര്‍ഗത്തില്‍പ്പെടുന്ന ആളാണെങ്കില്‍ കോടതിയില്‍ വിളിച്ച് ഉപദേശിക്കും. മദ്ധ്യവര്‍ഗക്കാര്‍ക്ക് തടവുശിക്ഷയാണ്. ഏറ്റവും താഴ്ന്ന വിഭാഗക്കാര്‍ക്ക് തടവും ചാട്ടവാറടി തൊട്ട് ശിരച്ഛേദം വരെയാണ് ശിക്ഷ. സ്ത്രീകള്‍ക്കും മതന്യൂനപക്ഷങ്ങള്‍ക്കും മനുഷ്യരെന്ന പരിഗണനപോലുമില്ല. കുറ്റം ആരോപിക്കപ്പെടുന്നവര്‍ക്ക് അഭിഭാഷകനെ വെയ്ക്കുവാന്‍ അനുവാദമില്ല. തെളിവുകളെക്കാള്‍ കുറ്റസമ്മത മൊഴികള്‍ക്കും സാക്ഷി മൊഴികള്‍ക്കുമാണ് കോടതി പ്രാധാന്യം നല്‍കുന്നത്. ഇസ്ലാംമതം ഉപേക്ഷിക്കുന്നവര്‍ പിന്നെ പുറംലോകം കാണില്ല. ആജീവനാന്ത തടവുശിക്ഷയും കൂടാതെ 3 ദിവസത്തില്‍ ഒരിക്കലുള്ള പരസ്യമായ ചാട്ടവാറടിയുമാണ് അവര്‍ക്കുള്ള ശിക്ഷ. സര്‍വ്വ രാജ്യങ്ങളിലുമുള്ള മനുഷ്യാവകാശ പ്രവര്‍ത്തകര്‍ക്കും മതനിരപേക്ഷവാദികള്‍ക്കും ഞെട്ടലുണ്ടാക്കുന്നതാണ് അഫ്ഗാനിസ്ഥാനിലെ പുതിയ നിയമസംഹിത.
ലോകത്തെവിടെയും മതതീവ്രവാദത്തെ പ്രോത്സാഹിപ്പിക്കുന്നവര്‍ക്കുള്ള പാഠപുസ്തകമാണ് താലിബാന്‍. മുസ്ലീം ഭൂരിപക്ഷ രാഷ്ട്രമായ അഫ്ഗാനിസ്ഥാനില്‍ 1978 ല്‍ അധികാരത്തില്‍ വന്ന കമ്യൂണിസ്റ്റ് ഗവണ്‍മെന്റിനെ അംഗീകരിക്കുവാന്‍ അമേരിക്കക്കു കഴിഞ്ഞില്ല. 1992 ഏപ്രില്‍ 25 ന് ഡോക്ടര്‍ നജീബുള്ളയുടെ ഗവണ്‍മെന്റിനെ മുജാഹിദുകളെ ഉപയോഗപ്പെടുത്തി പാക്കിസ്താന്റെ പിന്തുണയോടെ അമേരിക്ക അട്ടിമറിച്ചു. അമേരിക്കന്‍ പിന്തുണയോടെ മുജാഹിദുകള്‍ അധികാരത്തിലെത്തി. മുജാഹിദുകളില്‍ മുഹമ്മദ് ഒമറിന്റെ നേതൃത്വത്തില്‍ രൂപപ്പെട്ട തീവ്രവാദ ഗ്രൂപ്പാണ് പിന്നീട് താലിബാനായി മാറിയത്. 1996 ല്‍ അവര്‍ അഫ്ഗാന്‍ ഭരണം പിടിച്ചെടുത്തു. ലോകത്ത് ആകമാനം മുസ്ലീം തീവ്രവാദം ഇളക്കിവിട്ടാണ് അഫ്ഗാന്‍ ഗവണ്‍മെന്റിനെ അമേരിക്ക അട്ടിമറിച്ചത്. അതിനായി സൗദി ഗവണ്‍മെന്റ് ഭീകരപ്രവര്‍ത്തനത്തിന്റെ പേരില്‍ പുറത്താക്കിയ അല്‍ഖ്വയ്ദ തലവന്‍ ഒസാമ ബിന്‍ലാദനെ അഫ്ഗാനിസ്ഥാനില്‍ എത്തിച്ച് ഭീകര പ്രവര്‍ത്തനങ്ങള്‍ക്ക് താവളമൊരുക്കി കൊടുത്തതും അമേരിക്ക തന്നെയാണ്. ഇയാളുടെ അല്‍ഖ്വയ്ദയാണ് ന്യൂയോര്‍ക്കിലെ ലോകവ്യാപാരകേന്ദ്രം 2001 സെപ്റ്റംബര്‍ 11 ന് തകര്‍ത്തത്.
മതമൗലിക വാദത്തിന്റെ തദ്ദേശിയ ഭീകരതയില്‍നിന്നും ജന്മമെടുത്തതാണ് താലിബാന്‍. ഒസാമ ബിന്‍ലാദന്റെ അല്‍ഖ്വയ്ദയ്ക്ക് ആഗോളതലത്തില്‍ വളരുവാനുള്ള എല്ലാ പ്രോത്സാഹനങ്ങളും അവര്‍ നല്‍കി. അല്‍ഖ്വയ്ദയില്‍ നിന്നും ഉദയംകൊണ്ട ഇസ്ലാമിക സ്റ്റേറ്റ് (ഐ.എസ്) കൊടുംഭീകരതയുടെ ആഗോള ഉല്പന്നമായി മാറി. സ്വന്തം താല്പര്യങ്ങള്‍ക്കായി ഇവയെയെല്ലാം തരംപോലെ അമേരിക്ക ഉപയോഗപ്പെടുത്തി. അഫ്ഗാനിസ്ഥാനില്‍ മതഭീകരത വളര്‍ത്തിയതിന്റെ ഉത്തരവാദിത്വത്തില്‍ നിന്നും ഒഴിഞ്ഞുമാറുവാന്‍ അമേരിക്കയ്ക്ക് ആവുകയില്ല. ഇസ്ലാമിക മൗലികവാദം ലോകത്ത് ആകെ വളരുവാന്‍ വഴിയൊരുക്കിയതും അമേരിക്കയാണ്. അതിന്റെ ദുരന്തഫലം അവര്‍ അനുഭവിക്കുകയും ചെയ്തു.
2001ല്‍ അല്‍ഖ്വയ്ദ ഭീകരന്‍ ബിന്‍ലാദനെ പിടികൂടുവാനെന്ന പേരില്‍ അമേരിക്കയുടെ നേതൃത്വത്തിലുള്ള നാറ്റോ സഖ്യസേന അഫ്ഗാനിസ്താനിലിറങ്ങി. അവര്‍ താലിബാന്‍ സര്‍ക്കാരിനെ പുറത്താക്കി. അമേരിക്കയുടെ നിയന്ത്രണത്തിലുള്ള ഒരു പാവസര്‍ക്കാരിനെ പ്രതിഷ്ഠിച്ചു. അമേരിക്കന്‍ പ്രസിഡന്റ് ജോര്‍ജ് ബുഷ് അന്നു ലോകത്തോട് പ്രഖ്യാപിച്ചത് ഇതോടെ താലിബാന്റെ അന്ത്യമായി എന്നാണ്. എന്നാല്‍ 20 വര്‍ഷങ്ങള്‍ക്കു ശേഷം മത മൗലിക വാദികളുമായി സന്ധിചെയ്ത് അമേരിക്ക താലിബാനുതന്നെ അഫ്ഗാന്‍ ഭരണം ഏല്‍പ്പിച്ചു കൊടുത്തു. അനവസരത്തിലുള്ള അമേരിക്കയുടെ പിന്‍മാറ്റത്തോടെ 2021 ആഗസ്റ്റ് 15 ന് ജമായത്തുകാരുടെ ഭാഷയില്‍ പറഞ്ഞാല്‍ വിസ്മയം പോലെ താലിബാന്‍ വീണ്ടും അഫ്ഗാന്‍ ഭരണം പിടിച്ചെടുത്തു. അമേരിക്കയുടെ അഫ്ഗാന്‍ അധിനിവേശം ജനാധിപത്യത്തിനോ മതനിരപേക്ഷതയ്ക്കോ സ്ത്രീ സുരക്ഷയ്ക്കു വേണ്ടിയോ ആയിരുന്നില്ല, അമേരിക്കയുടെ സാമ്രാജത്വ താല്പര്യ സംരക്ഷണത്തിനു വേണ്ടി മാത്രമായിരുന്നു.
1978ല്‍ നടന്ന അഫ്ഗാന്‍ വിപ്ലവത്തിലൂടെ അധികാരത്തില്‍ വന്ന കമ്യൂണിസ്റ്റ് ഗവണ്‍മെന്റ് മതനിരപേക്ഷതയ്ക്ക് അടിത്തറയിട്ടു. നിരപേക്ഷത തുടച്ചുമാറ്റുവാനുള്ള പദ്ധതികള്‍ രൂപീകരിച്ചു. ഭൂപരിഷ്കരണം നടപ്പാക്കി, സര്‍വ്വവിധ ഫ്യൂഡല്‍ അനുഷ്ഠാനങ്ങളും അവസാനിപ്പിച്ചു. വിവാഹപ്രായം ഉയര്‍ത്തി, നിര്‍ബന്ധിത വിവാഹം അവസാനിപ്പിച്ചു. ശരിയത്ത് നിയമങ്ങള്‍ അവസാനിപ്പിച്ചു. അഫ്ഗാനിസ്ഥാനില്‍ സ്ത്രീകളും പെണ്‍കുട്ടികളും അനുഭവിച്ച സ്വാതന്ത്ര്യം മറ്റൊരു കാലത്തും ഉണ്ടായിട്ടില്ല. എന്നാല്‍ 1992 ല്‍ അമേരിക്കയുടെ പിന്തുണയോടെ മുജാഹിദീനുകള്‍ അധികാരത്തിലെത്തിയതോടെ അതെല്ലാം കവര്‍ന്നെടുക്കപ്പെട്ടു. 1996ൽ താലിബാന്‍ ഭരണം പിടിച്ചെടുത്ത ശേഷം പ്രാകൃത മതനിയമങ്ങള്‍ തോക്കു ചൂണ്ടി നടപ്പാക്കുന്ന രാജ്യമായി അഫ്ഗാന്‍ മാറി. സ്ത്രീ സ്വാതന്ത്ര്യം താലിബാൻ സർക്കാർ നിഷേധിച്ചു. സ്ത്രീകളെ ലൈംഗിക അടിമകളാക്കി. പെണ്‍കുട്ടികള്‍ക്ക് വിദ്യാഭ്യാസം നിഷേധിച്ചു. അവര്‍ പഠിച്ചിരുന്ന സ്കൂളുകള്‍ ബോംബ് വെച്ച് തകര്‍ത്തു; പാര്‍ക്കുകളും ഉദ്യാനങ്ങളും കത്തിക്കുകയും ക്രിക്കറ്റ് നിരോധിക്കുകയും ചെയ്തു. സംഗീതം, നൃത്തം, നാടകം, സിനിമ എന്നീ കലാരൂപങ്ങളെ വിലക്കുന്നു. ബുര്‍ക്ക ധരിക്കാത്ത സ്ത്രീകളെ വെടിവെച്ചു കൊല്ലുന്നു. മനുഷ്യ ജീവിതങ്ങളുടെ ദുരന്ത ഭൂമിയായി അഫ്ഗാനിസ്ഥാന്‍ മാറി.
കഴിഞ്ഞ ജനുവരി 4 ന് താലിബാന്‍ തലവന്‍ പുറത്തിറക്കിയിരിക്കുന്ന ചാതുര്‍വര്‍ണ്യവും അടിമത്തവും അടിസ്ഥാനമാക്കിയ പുതിയ ക്രിമിനല്‍ നടപടിക്രമം അഫ്ഗാനിസ്ഥാനിനെ 7–ാം നൂറ്റാണ്ടിലെ ഇരുണ്ട യുഗത്തിലേക്ക് തിരികെ കൊണ്ടുപോകലായിരിക്കും. അഫ്ഗാനിസ്ഥാനില്‍ ചാതുര്‍വര്‍ണ്യവും അടിമത്തവും നിയമ വിധേയമാവുമ്പോള്‍ പല പ്രസ്ഥാനങ്ങളുടേയും നിലപാടുകള്‍ പൊതുസമൂഹത്തില്‍ വീണ്ടും ചര്‍ച്ചയാകുകയാണ്. പ്രത്യേകിച്ചും ജമാഅത്തെ ഇസ്ലാമിയുടേത്. അതിന്റെ മുഖപത്രമായ മാധ്യമത്തില്‍ 1996 സെപ്തംബര്‍ 28 ലെ ലക്കത്തില്‍ “വിസ്മയം പോലെ താലിബാന്‍പട” എന്ന തലക്കെട്ടില്‍ ലീഡ് വാര്‍ത്ത കൊടുത്തിരുന്നത് വലിയ ആവേശത്തോടെയായിരുന്നു. താലിബാനെ ന്യായീകരിച്ചും പ്രശംസിച്ചും ജമാത്തെ ഇസ്ലാമി അഖിലേന്ത്യാ അമീര്‍ പലവട്ടം സംസാരിച്ചിട്ടുള്ളതാണ്.
ഇസ്ലാമിക് സ്റ്റേറ്റും, മുസ്ലീം ബ്രദര്‍ഹുഡും താലിബാനും ലോകമെങ്ങും നടപ്പാക്കാനുദ്ദേശിക്കുന്ന ഇസ്ലാമിക് രാഷ്ട്രത്തെ ജമാത്തെ ഇസ്ലാമി തള്ളിപ്പറഞ്ഞിട്ടില്ല. ഇസ്ലാമില്‍ വിശ്വസിക്കുന്ന ആര്‍ക്കും ഇസ്ലാമിക്ക് റിപ്പബ്ലിക്കിനെ തള്ളിപറയാനാവുകയില്ലെന്ന് ജമാഅത്തെ ഇസ്ലാമി സംസ്ഥാന ജനറല്‍ സെക്രട്ടറി ഏതാനും ദിവസങ്ങള്‍ക്കു മുന്‍പ് പറഞ്ഞതും ഈ അവസരത്തില്‍ ചര്‍ച്ചയാകുകയാണ്. ജമാഅത്തെ ഇസ്ലാമി മതരാഷ്ട്രവാദികളല്ലെന്നും നിയമസഭാ തിരഞ്ഞെടുപ്പില്‍ അവരുടെ പിന്തുണ സ്വീകരിക്കുമെന്നും പ്രതിപക്ഷ നേതാവ് പറഞ്ഞത് മതനിരപേക്ഷവാദികള്‍ ഗൗരവത്തോടെയാണ് കാണുന്നത്. l



