മോദിയും അമിത് ഷായും മാനത്തുകാണുന്നത് മടിയിൽ നിന്നെടുത്തു കൊടുക്കണം. അതാണ് രാജീവ് ചന്ദ്രശേഖറിന്റെ കേരള നിയോഗം. കെ സുരേന്ദ്രനെപ്പോലുള്ളവരെ പരീക്ഷിച്ചു പരാജയപ്പെട്ടപ്പോഴാണ് നിയോഗം രാജീവ് ചന്ദ്രശേഖർ എന്ന ടെക്നോക്രാറ്റിന്റെ തലയിൽ വീണത്. അങ്ങനെ ഏഷ്യാനെറ്റ് മുതലാളി ബിജെപി പ്രസിഡന്റായി കേരളത്തിലെത്തി.
വരവ് അറിയിക്കണമല്ലോ. കേന്ദ്രമന്ത്രിയായിരിക്കെത്തന്നെ താനൊരു വ്യത്യസ്തയിനം വിഷമാണ് എന്നദ്ദേഹം തെളിയിച്ചിരുന്നു. കളമശ്ശേരി സംറ ഇന്റര്‍നാഷണല്‍ സെന്ററിലെ യഹോവ സാക്ഷികളുടെ പ്രാര്‍ത്ഥനാ സമ്മേളനത്തിൽ നടന്ന ബോംബ് സ്‌ഫോടനത്തെത്തുടർന്ന് രാജീവ് ചന്ദ്രശേഖർ നടത്തിയ അഭിപ്രായപ്രകടനം വ്യാപകമായ വിമർശനം ക്ഷണിച്ചുവരുത്തിയിരുന്നു. “ഹമാസിന്റെ ജിഹാദിന് വേണ്ടിയുള്ള തുറന്ന ആഹ്വാനങ്ങള്‍” പ്രകാരമാണ് “ക്രിസ്ത്യാനികള്‍ക്ക്” നേരെ ആക്രമണങ്ങളും ബോംബ് സ്‌ഫോടനങ്ങളും നടക്കുന്നത് എന്നായിരുന്നു അദ്ദേഹത്തിന്റെ പ്രസ്താവനയുടെ കാതൽ. അക്രമിയെക്കുറിച്ചോ ആക്രമണോദ്ദേശ്യത്തെക്കുറിച്ചോ ഒരുവിവരവും പുറത്തുവരാത്ത സാഹചര്യത്തിലായിരുന്നു രാജീവ് ചന്ദ്രശേഖറിന്റെ പ്രകോപനപരമായ പ്രസ്താവന.
രാജീവ് ചന്ദ്രശേഖറിൽ നിന്ന് വമിക്കുന്നത് വെറും വിഷമല്ല, കൊടുംവിഷമാണ് എന്നാണ് മുഖ്യമന്ത്രി പിണറായി വിജയൻ നടത്തിയ പ്രതികരണം. അദ്ദേഹത്തെ കൃത്യമായി അടയാളപ്പെടുത്തുകയായിരുന്നു പിണറായി. അപരവിദ്വേഷത്തിന്റെ വെടിമരുന്നുപുരയാണ് രാജീവ് ചന്ദ്രശേഖറിന്റെ തലയോട്ടി എന്ന് കേരളം ഭയത്തോടെ മനസ്സിലാക്കിയ സന്ദർഭമായിരുന്നു അത്. ഒരു ബിജെപി നേതാവിന് എത്രത്തോളം തരംതാഴാം എന്ന് കേരളം പേടിയോടെ കണ്ടു.
അദ്ദേഹമാണ് ഇപ്പോൾ വികസനത്തെക്കുറിച്ചും സുരക്ഷിത കേരളത്തെക്കുറിച്ചും സംസാരിക്കുന്നത്. കേരളത്തിൽ ബിജെപി വിജയിക്കാൻ പോകുന്നു എന്ന തരത്തിലുള്ള മത്സരം കാഴ്ചവെക്കുന്ന ആദ്യ തിരഞ്ഞെടുപ്പാണിതെന്നും അതോടെ തിരഞ്ഞെടുപ്പ് അജൻഡ മാറുമെന്നുമൊക്കെയാണ് അദ്ദേഹത്തിന്റെ ദിവാസ്വപ്നം. അതുപക്ഷേ, അദ്ദേഹത്തിന്റെ മുൻഗാമികൾക്കുള്ള കുത്താണ്. കെ സുരേന്ദ്രനും പി എസ് ശ്രീധരൻ പിള്ളയ്ക്കും കഴിയാത്തത് തനിക്കു സാധ്യമാകും എന്ന് രാജീവ് ചന്ദ്രശേഖർ വിശ്വസിക്കുന്നതിൽ തെറ്റൊന്നുമില്ല.
കഴിഞ്ഞ തവണ 35 സീറ്റു തങ്ങൾക്കു കിട്ടുമെന്നായിരുന്നു കെ സുരേന്ദ്രന്റെ അവകാശവാദം. അദ്ദേഹം തന്നെ രണ്ടു സീറ്റിൽ മത്സരിച്ചു. ഹെലിക്കോപ്റ്ററിലായിരുന്നു തിരഞ്ഞെടുപ്പു പ്രചരണം. പകിട്ടിലും പത്രാസിലും എൽഡിഎഫ്, യുഡിഎഫ് നേതാക്കളെക്കാൾ കാതങ്ങൾ മുമ്പിലാണ് താൻ എന്നദ്ദേഹം തെളിയിച്ചു. ഫലം വന്നപ്പോഴോ, ശബരിമല ഉൾപ്പെട്ട മണ്ഡലത്തിൽപ്പോലും തൊട്ടുമുമ്പു നടന്ന ഉപതിരഞ്ഞെടുപ്പിലെ വോട്ടു നിലനിർത്താൻ കെ സുരേന്ദ്രനു കഴിഞ്ഞില്ല. കേരളത്തിൽ ബിജെപി വിജയിക്കാൻ പോകുന്ന തിരഞ്ഞെടുപ്പ് എന്നൊക്കെ “തള്ളിമറിക്കുമ്പോൾ” ഈ ചരിത്രം രാജീവ് ചന്ദ്രശേഖറിന് ഓർമ്മയുണ്ടാകുന്നത് നന്ന്.
പിന്നെ വികസനത്തിന്റെ കാര്യം. ആറ്റുനോറ്റിരുന്ന് കിട്ടിയ തിരുനന്തപുരം കോർപ്പറേഷന്റെ വികസന മാസ്റ്റർ പ്ലാൻ പ്രധാനമന്ത്രിയ്ക്കു കൊടുക്കുമെന്നൊക്കെ കൊട്ടിഘോഷിച്ച് നാണംകെട്ട കഥയൊക്കെ നാട്ടുകാർക്കറിയാം. തലയോട്ടി മുഴുവൻ വർഗീയതയും അപരമതദ്വേഷവും കൊണ്ടുനടക്കുന്നവർക്ക് എന്ത് വികസനകാഴ്ചപ്പാട്? രാജീവ് ചന്ദ്രശേഖരന്റെ കാര്യം തന്നെയെടുക്കാം. 2021 മുതൽ 2024 വരെ കേന്ദ്രത്തിൽ അദ്ദേഹം സഹമന്ത്രിയായിരുന്നു. ഭരിക്കാൻ കിട്ടിയത് ഇലക്ട്രോണിക്സ്, ഐടി, നൈപുണ്യ വികസനം, സംരംഭകത്വ വകുപ്പുകൾ. ഈ വകുപ്പുകളിൽ എന്താണ് രാജീവ് ചന്ദ്രശേഖറിന്റെ സംഭാവന. സ്വയം ടെക്നോക്രാറ്റ് എന്നവകാശപ്പെടുന്ന അദ്ദേഹത്തിന് കാബിനറ്റ് പദവി നൽകാൻ ബിജെപി തയ്യാറായില്ലെന്നും ഓർക്കണം.
ഐടിയും ഇലക്ട്രോണിക്സും സംരംഭകത്വവുമൊക്കെ അദ്ദേഹത്തിന് നേരിട്ട് ഇടപെടാൻ കഴിയുന്ന മേഖലകളാണെന്നാണല്ലോ വെപ്പ്. പക്ഷേ, വ്യക്തിയെന്ന നിലയിൽ ഈ വകുപ്പുകളിൽ എന്താണ് രാജീവ് ചന്ദ്രശേഖറിന്റെ സംഭാവന? തന്റെ തലയിൽ വിരിഞ്ഞ ആശയം എന്ന് ചൂണ്ടിക്കാണിക്കാൻ ഇതിലേതെങ്കിലുമൊരു വകുപ്പിൽ ഒരു രൂപയുടെ പദ്ധതി നടപ്പാക്കാൻ അദ്ദേഹത്തിനു കഴിഞ്ഞിട്ടുണ്ടോ. ഇല്ല. അദ്ദേഹമാണ് കേരള വികസനത്തെക്കുറിച്ചും കേരളത്തിന്റെ ഭാവിയെക്കുറിച്ചും ആളോഹരി വരുമാനത്തെക്കുറിച്ചുമൊക്കെ വലിയവായിൽ വർത്തമാനം പറയുന്നത്.
തങ്ങളെന്തൊക്കെയോ ആണെന്നു ജനങ്ങളെ ബോധ്യപ്പെടുത്താൻ പുത്തൻകൂറ്റ് ബിജെപി നേതാക്കൾ കിണഞ്ഞു പരിശ്രമിക്കുന്നുണ്ട്, വകുപ്പിനെക്കുറിച്ചോ ഭരണസംവിധാനത്തിന്റെ പ്രവർത്തനത്തെക്കുറിച്ചോ ഒരു ചുക്കും അറിയില്ലെങ്കിലും. സുരേഷ് ഗോപിയുടെ ഭാവം ഉദാഹരണം. സകലവകുപ്പുകളെക്കുറിച്ചുമുള്ള വികസനകാഴ്ചപ്പാടുമായിട്ടാണ് താൻ നടക്കുന്നത് എന്നാണ് അദ്ദേഹത്തിന്റെ ഭാവം. പക്ഷേ, വാ തുറന്നാലോ, പമ്പരവിഡ്ഢിത്തങ്ങളും അസംബന്ധങ്ങളും.
സത്യത്തിൽ രാജീവ് ചന്ദ്രശേഖർ മത്സരിക്കുന്നത് സുരേഷ് ഗോപിയോടാണ്. രണ്ടിലാരാണ് ഏറ്റവും മികച്ച മണ്ടത്തരം പറയുന്നത് എന്ന് തീർച്ചപ്പെടുത്തുക അസാധ്യം. സുരേഷ് ഗോപി ഒരു മണ്ടത്തരം പറയുമ്പോൾ, അതാണ് ഒരു മനുഷ്യന് പറയാൻ കഴിയുന്ന അങ്ങേയറ്റത്തെ മണ്ടത്തരം എന്ന് നമുക്കു തോന്നും. പക്ഷേ, രാജീവ് ചന്ദ്രശേഖറിന്റെ അടുത്ത പത്രസമ്മേളനം കഴിയുമ്പോൾ അങ്ങനെയല്ല എന്ന് നമുക്കു മനസ്സിലാകും.
ആ സൈക്കിൾ അങ്ങനെ കറങ്ങുകയാണ്, കേരളത്തിനൊരു നേരമ്പോക്കായി. l



