Sunday, February 15, 2026

ad

Homeകവര്‍സ്റ്റോറികാവിക്കൂട്ടിലെ 
കന്നുകാലി ജീവിതങ്ങൾ

കാവിക്കൂട്ടിലെ 
കന്നുകാലി ജീവിതങ്ങൾ

റിതിൻ പൗലോസ്

തുടർച്ചയായ പത്തുവർഷം ബിജെപി ഭരണം ഉത്തർപ്രദേശിനെ ഇരുപതു കൊല്ലം പിന്നോട്ടുനടത്തിയെന്ന്‌ പറഞ്ഞാൽ അതിശയോക്തിയാകില്ല. ഇരട്ട എഞ്ചിൻ മുദ്രാവാക്യമുയർത്തി സമാജ്‌വാദി പാർട്ടിയിൽ നിന്ന്‌ ഇന്ത്യയിലെ ഏറ്റവും ജനസംഖ്യയുള്ള സംസ്ഥാനത്തിന്റെ ഭരണം ബിജെപി 2017ലാണ്‌ ആദ്യം പിടിച്ചെടുത്തത്‌. 403 അംഗ നിയമസഭയിലെ 312 സീറ്റുകളും നേടിയായിരുന്നു ബിജെപി ജയിച്ചത്‌. ഭരണത്തിന്റെ അമരത്ത്‌ തീവ്രഹിന്ദുത്വവാദിയും കടുത്ത ന്യൂനപക്ഷ വിരുദ്ധനുമായ ആദിത്യനാഥിനെ പ്രതിഷ്‌ഠിച്ച്‌ രാഷ്‌ട്രീയ സന്ദേശവും നൽകി. ഹിന്ദുരാഷ്‌ട്രവാദത്തിലൂന്നിയ ഹിംസാത്മക കാവി ദേശീയവാദം അടുത്ത അഞ്ചുവർഷം പരീക്ഷിച്ച ബിജെപിക്ക്‌ 2022ൽ വൻതോതിൽ സീറ്റ്‌ കുറഞ്ഞു. സമാജ്‌വാദി പാർട്ടി നടത്തിയ മികച്ച ചെറുത്തുനിൽപ്പ്‌ ബിജെപിയുടെ സീറ്റുനില 253 ലേയ്‌ക്ക്‌ ഇടിച്ചുതാഴ്ത്തി. വരുന്ന വർഷം അടുത്ത നിയമസഭാ തിരഞ്ഞെടുപ്പിലേയ്‌ക്ക്‌ നീങ്ങുന്ന ഉത്തർപ്രദേശിൽ സമാജ്‌വാദി പാർട്ടി നേതൃത്വം നൽകുന്ന പ്രതിപക്ഷ മുന്നണി പലകാരണങ്ങളാൽ സന്തുഷ്‌ടരാണ്‌. ലോക്‌സഭ തിരഞ്ഞെടുപ്പിൽ എൺപതിൽ 43 സീറ്റുകളും നേടിയത്‌ പ്രതിപക്ഷമാണ്‌. ബിജെപി 62ൽ നിന്ന്‌ 33ലേയ്‌ക്ക്‌ കൂപ്പുകുത്തി. കാവിവൽക്കരണത്തിന്റെ കുത്തഴിഞ്ഞ പരീക്ഷണശാലയായ ഉത്തർപ്രദേശ്‌ എല്ലാ വികസന സൂചികകളിലും പിന്നോട്ടാണ്‌. ആരോഗ്യം, വിദ്യാഭ്യാസം, ന്യൂനപക്ഷവിരുദ്ധ വർഗീയ അക്രമങ്ങൾ, ക്രമസമാധാന തകർച്ച, പ്രതിശീർഷ വരുമാനത്തിലെ ഇടിവ്‌ തുടങ്ങിയവയിൽ ബിജെപി ഭരണം യുപിയെ പത്തുകൊല്ലക്കാലംകൊണ്ട്‌ പിന്നോട്ടുനടത്തി.

ഗ്രാമങ്ങളിൽ കൊടികുത്തിവാഴുന്ന ഫ്യൂഡലിസം കൂടുതൽ ശക്തിപ്പെടുകയും കർഷകരടങ്ങുന്ന ഗ്രാമീണ ജനതയെ കൂടുതൽ ദരിദ്രരാക്കുകയും ചെയ്‌തുവെന്ന്‌ കണക്കുകൾ വിളിച്ചുപറയുന്നു. ഭൂമി ,ആടുമാടുകൾ, തുടങ്ങിയ ഉൽപ്പാദനോപാധികളുടെ ഉടമസ്ഥാവകാശം ജന്മികളിൽ തുടരുന്നത്‌ ഗ്രാമീണ ജനതയെ ദാരിദ്ര്യത്തിലേയ്‌ക്ക്‌ തള്ളിവിട്ടു. നോയിഡ പോലുള്ള പ്രദേശങ്ങളിലെ കൂറ്റൻ സ‍ൗധങ്ങളും പ്രതിശീർഷ വരുമാനവും യുപിയുടെ വളർച്ചയാണെന്ന പ്രതീതി സൃഷ്‌ടിക്കുന്ന ബിജെപി സർക്കാരും അവരുടെ കുഴലൂത്തുകാരായ മാധ്യമങ്ങളും അക്ഷരാർഥത്തിൽ ജനങ്ങളുടെ അടിസ്ഥാന യാഥാർഥ്യത്തെ തിരസ്‌കരിക്കുകയാണ്‌.

ജനങ്ങൾ സാന്പത്തികമായി 
മെച്ചപ്പെടുന്നുണ്ടോ?
ഉത്തർപ്രദേശ് സംസ്ഥാനത്തിന്റെ ചരിത്രത്തിലാദ്യമായി സാന്പത്തിക സർവേ നടത്തി റിപ്പോർട്ട്‌ പുറത്തുവിടുന്നത്‌ 2026ലാണ്‌. അതിലാകട്ടെ, വലിയ അവകാശവാദങ്ങൾ യുപി സർക്കാർ ഉന്നയിക്കുന്നു. ഒരു ട്രില്യൺ ഡോളർ സമ്പദ്‌വ്യവസ്ഥയായി യുപിയെ മാറ്റി ‘വികസിത ഉത്തർപ്രദേശ് 2047’ സ്ഥാപിക്കുമെന്നാണ്‌ ഫെബ്രുവരി പത്തിന്‌ പുറത്തുവിട്ട സർവേയിൽ പറയുന്നത്‌. ഒരു ട്രില്യൺ (ഒരു ലക്ഷം കോടി) സന്പദ്‌വ്യവസ്ഥയെന്ന്‌ ആദ്യം പ്രഖ്യാപിച്ചത്‌ മുഖ്യമന്ത്രി ആദിത്യനാഥാണ്‌. എന്നാൽ എങ്ങനെ സാധിക്കുമെന്നുമാത്രം അദ്ദേഹം പറയുന്നില്ല. യുപിയുടെ സമ്പദ്‌വ്യവസ്ഥ തുടർച്ചയായി അഞ്ച് വർഷത്തേക്ക് പ്രതിവർഷം ഏകദേശം 30 ശതമാനമെന്ന നിലയിൽ അഭൂതവും അസാധാരണവുമായി വളർന്നാൽ മാത്രമേ ഇതിന്‌ സാധ്യതയുള്ളൂവെന്ന്‌ സാന്പത്തിക വിദഗ്‌ധർ പറയുന്പോൾ മുഖ്യമന്ത്രിയുടേത്‌ രാഷ്‌ട്രീയ നേട്ടത്തിനുവേണ്ടിയുള്ള പ്രഖ്യാപനം മാത്രമെന്ന്‌ വ്യക്തം.

2024-25ൽ പ്രതിശീർഷ വരുമാനം 1,09,844 രൂപ വർധിച്ചുവെന്നും 2025-–26ൽ ഇത് 1,20,000 രൂപയിലെത്തിക്കുമെന്നുമാണ്‌ സർവേ പറയുന്നത്‌. എന്നാൽ യാഥാർഥ്യം എന്താണ്‌? വൻ കന്പനികൾ സ്ഥിതി ചെയ്യുന്ന നോയിഡ പോലുള്ള ചില പ്രദേശങ്ങളിലെ ഉയർന്ന വരുമാനക്കാരെ സാധാരണ ജനങ്ങളുടെ പ്രതിശീർഷ വരുമാനമാക്കി ചിത്രീകരിക്കുന്നൂവെന്നാണ്‌ സാന്പത്തിക വിദഗ്‌ധർ നൽകുന്ന മറുപുറം.

യഥാർഥത്തിൽ ഗ്രാമീണ ജനതയുടെ പ്രതിഷീർശ വരുമാനം കണക്കിലെടുത്താൽ യുപി പാകിസ്താനും ചില ദരിദ്ര സബ്‌സഹാറൻ ആഫ്രിക്കൻ രാജ്യങ്ങൾക്കും പിന്നിലാണെന്ന്‌ ഈ സാമ്പത്തിക വിദഗ്ധർ അടിവരയിടുന്നു. യുപിയിലെ ഒരു ദരിദ്രകർഷകനോ സാധാരണക്കാരനോ 1,09,844 രൂപ പ്രതിശീർഷ വരുമാനം എങ്ങനെ നേടുമെന്നാണ്‌ അവരുടെ ചോദ്യം. സംസ്ഥാനത്തിന്റെ മൊത്തം വരുമാനത്തിന്റെയും സംസ്ഥാനത്തെ മൊത്തം ജനസംഖ്യയുടെയും അനുപാതം കണക്കാക്കി നിശ്ചയിക്കുന്നതാണ്‌ പ്രതിശീർഷ വരുമാനം.

റിസർവ്‌ ബാങ്ക്‌ കണക്കനുസരിച്ച്‌ യുപിയിലെ ഒരു ഗ്രാമീണ കർഷകത്തൊഴിലാളിക്ക്‌ ലഭിക്കുന്ന പ്രതിദിന വേതനം 316 രൂപ മാത്രമാണ്‌. ഇത്‌ ദേശീയ ശരാശരിയായ 372.7 രൂപയിലും വളരെ താഴെയാണ്‌. പട്ടികയിൽ പതിനാറാം സ്ഥാനത്ത്‌ മാത്രമുള്ള യുപിയുടെ അവകാശവാദങ്ങൾ യാഥാർഥ്യത്തിൽ നിന്നു നൂറുകാതം അകലെയാണ്‌. അതേസമയം പട്ടികയിൽ ഒന്നാം സ്ഥാനത്തുള്ള കേരളത്തിൽ പ്രതിദിന വരുമാനം 807.2 രൂപയാണ്‌. പ്രതിശീർഷ വരുമാനമാകട്ടെ മൂന്നുലക്ഷം രൂപയ്‌ക്ക്‌ മുകളിലും. യുപി ജനസംഖ്യയുടെ 17.40 ശതമാനവും ദാരിദ്ര്യത്തിൽ കഴിയുന്നവരാണ്‌.

വ്യാവസായിക സ്‌തംഭനാവസ്ഥയോ?
വ്യാവസായികമേഖലയിലും യുപിയിൽ സ്‌തംഭനാവസ്ഥയാണ്‌. ഫാക്‌ടറികളുടെ എണ്ണത്തിൽ വർധനയുണ്ടായതായി സർക്കാർ അവകാശപ്പെടുന്നുവെങ്കിലും അവയൊന്നും വ്യാവസായിക വളർച്ചയിൽ പ്രതിഫലിക്കുന്നില്ലെന്നതാണ്‌ വസ്‌തുത. അമേരിക്ക അടിച്ചേൽപ്പിച്ച പ്രതികാര തീരുവയും യുപിയിലെ വ്യവസായങ്ങൾക്ക്‌ വൻതിരിച്ചടിയാണ്‌ നൽകിയത്‌. കാൺപൂർ, മൊറാദാബാദ്, ഭാദോഹി, ഫിറോസാബാദ് വ്യവസായിക കേന്ദ്രങ്ങളിൽനിന്ന്‌ കയറ്റുമതി കുത്തനെ ഇടിഞ്ഞു. ആഭ്യന്തര നയങ്ങളും കൂടിയായപ്പോൾ 25 ശതമാനം തൊഴിൽനഷ്‌ടമുണ്ടായതായി കയറ്റുമതി അസോസിയേഷനുകളും ഫാക്ടറി ഉടമകളും സാക്ഷ്യപ്പെടുത്തുന്നു. പരവതാനി ക്ലസ്റ്ററുകളായ ഭദോഹി, മിർസാപൂർ എന്നിവിടങ്ങളിൽ മുപ്പത്‌ ശതമാനം കയറ്റുമതി ഇടിഞ്ഞു. വ്യാവസായിക ഉൽ‌പാദനത്തിന്റെ 60 ശതമാനവും സംഭാവന ചെയ്യുന്ന ചെറുകിട നിർമാണരംഗം ചരിത്രത്തിലെ ഏറ്റവും വലിയ പ്രതിസന്ധിയെ നേരിടുകയാണ്‌.

സ്‌ത്രീസുരക്ഷയെന്ന മരീചിക
ഉത്തർപ്രദേശിൽ സുരക്ഷയെന്നത്‌ സ്‌ത്രീകൾക്ക്‌ മരീചിക മാത്രമാണ്‌. തലസ്ഥാനമായ ലഖ്‌ന‍ൗവിൽ പോലും സ്‌ത്രീകൾക്ക്‌ സുരക്ഷയുറപ്പാക്കാൻ ബിജെപി സർക്കാരിന്‌ കഴിയുന്നില്ല. ബിജെപിക്കാർ പ്രതികളാകുന്ന ബലാത്സംഗം അടക്കമുള്ള കേസുകളിൽ പ്രതികൾക്ക് രാഷ്‌ട്രീയ സംരക്ഷണം നൽകാനും സർക്കാർ നിർലജ്ജം തയ്യാറാകുന്നു. തട്ടിക്കൊണ്ടുപോകൽ, സെക്‌സ്‌ മാഫിയ തുടങ്ങിയവയെല്ലാം യുപിയുടെ മുഖത്തെ കൂടുതൽ വികൃതമാക്കി. ബിജെപി സർക്കാർ അധികാരത്തിലെത്തിയതിന്‌ തൊട്ടുപിന്നാലെ ബിജെപി എംഎൽഎ കുൽദീപ്‌ സിങ്‌ സെൻഗർ പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ കൂട്ടബലാത്സംഗത്തിരയാക്കിയതും പിതാവിനെ പൊലീസ്‌ കസ്‌റ്റഡിയിൽ തല്ലിക്കൊന്നതും രാജ്യത്തെ നടുക്കി. സെൻഗറിന്‌ രാഷ്‌ട്രീയ സംരക്ഷണം നൽകിയാണ്‌ ബിജെപി പ്രതികരിച്ചത്‌. 2020ലെ ഹത്രാസ്‌, ബൽറാംപൂർ കൂട്ടബലാത്സംഗക്കൊല, വാരണാസി കൂട്ടബാലത്സംഗം എന്നിവ കുപ്രസിദ്ധമായ മറ്റു കുറ്റകൃത്യങ്ങളായി.

ദേശീയ ക്രൈംറെക്കോർഡ്‌സ്‌ ബ്യൂറോയുടെ ഒടുവിലത്തെ കണക്കുപ്രകാരം 66,381 കുറ്റകൃത്യങ്ങളാണ്‌ യുപിയിൽ സ്‌ത്രീകൾക്കെതിരെ 2023ൽ നടന്നത്‌. ഇത്‌ രാജ്യത്തെ ഏറ്റവും ഉയർന്ന കണക്കാണ്‌. രാജ്യത്തെ മൊത്തം അക്രമങ്ങളുടെ ഏകദേശം 16 ശതമാനവും യുപിയിലാണ്‌. പ്രായപൂർത്തിയാകാത്ത പെൺകുട്ടികളും ദളിത്‌ വനിതകളുമടക്കം ദുർബലർ ഏറ്റവും കൂടുതൽ ദുരിതമനുഭവിക്കുന്നതും യുപിയിൽ തന്നെ. 2018ൽ 11,924 അതിക്രമങ്ങൾ ദളിത്‌ വനിതകൾക്കു നേരെ നടന്നപ്പോൾ 2023 ൽ അത് 49,613 ആയി കുതിച്ചുയർന്നു. പലഅക്രമങ്ങളിലും പൊലീസ്‌ കേസെടുക്കാൻ തയ്യാറാകാത്ത വാർത്തകളും ബിജെപിയുടെ നാരീശക്തിയെന്ന മുദ്രാവാക്യത്തിന്റെ മുനയൊടിച്ചു. ഒടുവിൽ സുപ്രീംകോടതി ഇടപെട്ടതോടെ മാത്രമാണ്‌ കേസ്‌ രജിസ്‌റ്റർ ചെയ്തത്‌.

കലാപം, ന്യൂനപക്ഷങ്ങളുടെ തുറന്ന ജയിൽ
ന്യൂനപക്ഷവിഭാഗങ്ങളുടെ തുറന്ന ജയിലായി ബിജെപിക്കു കീഴിൽ ഉത്തർപ്രദേശ്‌ മാറിക്കഴിഞ്ഞു. അടിക്കടിയുള്ള വർഗീയ കലാപങ്ങളും പൊലീസിന്റെ ഏകപക്ഷീയ നടപടികളും അവരെ കൂടുതൽ അരക്ഷിതരാക്കി. ന്യൂനപക്ഷ വിഭാഗങ്ങളുടെ ഉപജീവനവും വീടും തകർക്കാൻ ലക്ഷ്യമിട്ട്‌ ബിജെപി ആവിഷ്‌കരിച്ച ‘ബുൾഡോസർ രാജിന്‌’ സുപ്രീംകോടതി ഇടപെട്ടാണ്‌ മൂക്കുകയറിട്ടത്‌. എന്നിട്ടും വിലക്ക്‌ ലംഘിച്ച്‌ ഇപ്പോഴും തുടരുന്നു. ഒ‍ൗദ്യോഗിക പ്രസ്‌താവനകളിൽ ന്യൂനപക്ഷങ്ങളെ വർഗീയ കലാപങ്ങളുടെ മുസ്ലീം ‘സൂത്രധാരന്മാർ’ അല്ലെങ്കിൽ ‘പ്രധാനികൾ’ എന്നീ പദങ്ങൾകൊണ്ട്‌ വിശേഷിപ്പിക്കുന്ന പുതിയ രീതികളും തുടങ്ങി. ഗോസംരക്ഷണം‍, ലൗ ജിഹാദ്‌, നുഴഞ്ഞുകയറ്റം, രാജ്യദ്രോഹികൾ തുടങ്ങിയ പദങ്ങൾ ബിജെപിക്കാർ തുടർച്ചയായി ഉപയോഗിക്കുന്നു. മതപരമായ ഘോഷയാത്രകൾ കലാപങ്ങളുടെ പ്രഭവകേന്ദ്രങ്ങളായി മാറുന്നതാണ്‌ സ്ഥിതി. 2015-ൽ പശുമാംസത്തിന്റെ പേരിൽ ദാദ്രിയിൽ മുഹമ്മദ് അഖ്‌ലാഖിനെ തല്ലിക്കൊന്ന സംഘപരിവാറുകാർക്കെതിരായ കേസ്‌ പിൻവലിക്കാനും സർക്കാർ ശ്രമിച്ചു. എന്നാൽ ജില്ലാക്കോടതി ഇത്‌ തടയുകയായിരുന്നു.

2025 മാർച്ച് 16 ന് ഉത്തർപ്രദേശിലെ ഹത്രാസ് ജില്ലയിലെ മുസ്ലീം പള്ളി സംഘപരിവാറുകാർ തകർത്തു. കഴിഞ്ഞവർഷം മാത്രം രണ്ട്‌ വർഗീയ കലാപങ്ങൾ യുപിയിൽ ഉണ്ടായി. കലാപങ്ങളുടെ എണ്ണം കുറഞ്ഞപ്പോൾ ആൾക്കൂട്ട കൊലപാതകങ്ങളുടെയും വിദ്വേഷ കുറ്റകൃത്യങ്ങളുടെയും എണ്ണം കൂടുന്ന പുതിയ പ്രതിഭാസം ഉടലെടുത്തു. മുസ്ലീങ്ങളെയും ക്രിസ്ത്യാനികളെയും ഒരുപോലെ ലക്ഷ്യമിട്ടാണ്‌ ആൾക്കൂട്ട അക്രമങ്ങൾ. കഴിഞ്ഞ വർഷം നാലുപേരെ ആൾക്കൂട്ടം യുപിയിൽ തല്ലിക്കൊന്നു. സുപ്രീം കോടതി മാർഗനിർദ്ദേശങ്ങൾമൂലം ആൾക്കൂട്ട ആക്രമണങ്ങൾ കുറഞ്ഞുവെന്നതാണ്‌ യാഥാർഥ്യം. 2017ൽ 195 കലാപങ്ങളാണ്‌ വലുതും ചെറുതുമായി യുപിയിൽ നടന്നത്‌. 2025ൽ കലാപത്തിനുപകരം ആൾക്കൂട്ട ആക്രമണം എന്ന നവീന രീതിയാണ്‌ സംഘപരിവാറുകാർ സ്വീകരിച്ചത്‌.

ഏറ്റുമുട്ടൽ കൊലകൾ, 
നിയമവാഴ്‌ച
2017 മുതൽ ഏകദേശം പതിനാറായിരം ഏറ്റുമുട്ടലുകളാണ്‌ യുപി പൊലീസ്‌ നടത്തിയത്‌. 16,284 ഏറ്റുമുട്ടലുകളിൽ 266 പേരെ വധിച്ചതായി പൊലീസ്‌ പറയുന്നു. 2025ലാണ്‌ ഏറ്റവുമധികം ഏറ്റുമുട്ടൽ കൊലകൾ നടന്നത്‌–48. അതേസമയം ഭൂരിഭാഗവും വ്യാജഏറ്റുമുട്ടൽ കൊലകളാണെന്നും നിരപരാധികൾ വധിക്കപ്പെട്ടുവെന്നും വിമർശനമുയർന്നു. ‘എക്‌സ്‌ട്രാ ജുഡീഷ്യൽ കൊലപാതകങ്ങൾക്ക്‌’ പേരുകേട്ട യുപിയിൽ നിയമവാഴ്‌ചയുടെ സന്പൂർണ പതനമാണ് നടക്കുന്നത് എന്നതിന്റെ തെളിവാണിത്.

മരുന്നിനു പോലുമില്ലാത്ത ആരോഗ്യം
രാജ്യത്തെ ഏറ്റവും ജനസംഖ്യയുള്ള സംസ്ഥാനമായിരുന്നിട്ടുകൂടി പൊതുജനാരോഗ്യ സംവിധാനങ്ങളിൽ കാലേകൂട്ടിയുള്ള നിക്ഷേപങ്ങൾ യുപിയിൽ നടന്നിട്ടില്ല. ദുർബലമായ ആരോഗ്യ സംവിധാനങ്ങൾ കോവിഡ് മഹാമാരിക്കാലത്താണ്- പൂർണ തോതിൽ വെളിപ്പെട്ടത്. ഗ്രാമങ്ങളിലെ സ്ഥിതിയായിരുന്നു പരമ ദയനീയം. ആശുപത്രികൾ പോയിട്ട് അടിസ്ഥാന സൗകര്യങ്ങൾപോലും യുപിയിലെ ഗ്രാമീണ മേഖലകളിൽ ഇപ്പോഴുമില്ല. അനുവദിക്കപ്പെട്ട പണത്തിന്റെ 38% മാത്രമാണ് 2016 മുതൽ 2022 വരെയുള്ള കാലയളവിൽ സർക്കാർ ചെലവഴിച്ചതെന്ന് സിഎജി റിപ്പോർട്ട് വെളിപ്പെടുത്തി. അടിസ്ഥാനസൗകര്യങ്ങൾ ഒരുക്കുന്നതിൽ കാട്ടിയ ഈ ഉപേക്ഷ പതിനായിരങ്ങളുടെ ജീവനാണ് യുപിയിൽ എടുത്തത്.

ജനസംഖ്യ-–ഡോക്ടർ അനുപാതത്തിലെ വൻതോതിലുള്ള വിടവ്, ഗ്രാമീണ ആരോഗ്യ സംരക്ഷണ അടിസ്ഥാനസൗകര്യങ്ങളിലെ ഗുരുതരമായ ക്ഷാമം, സർക്കാർ ആശുപത്രികളിലെ സ്ഥിരം ജീവനക്കാരുടെ കുറവ് എന്നിവയാൽ ഉത്തർപ്രദേശ് ഒരു പ്രധാന പൊതുജനാരോഗ്യ പ്രതിസന്ധി നേരിടുന്നു.

പ്രാദേശിക മെഡിക്കൽ ഹെൽത്ത് സർവീസസ് കേഡറിൽ കുറഞ്ഞത് 8,000 ഡോക്ടർമാരുടെ കുറവുണ്ട്. -ജനസംഖ്യ – ഡോക്ടർ അനുപാതം 1,000 പേർക്ക് 0.37 മാത്രമാണ്, WHO ശുപാർശ ചെയ്യുന്ന 1,000-ന് 1 എന്നതിനേക്കാൾ വളരെ താഴെ. ഡോക്ടർമാരുടെ വിരമിക്കൽ പ്രായം 65 വയസ്സായി വർദ്ധിപ്പിച്ചും, ശമ്പളത്തിനായി “ലേല സംവിധാനം’ നടപ്പിലാക്കിയുമാണ് സർക്കാരിന്റെ ദുർബല പ്രതികരണം.

ലഖ്‌നൗ, കാൺപൂർ തുടങ്ങിയ നഗരകേന്ദ്രങ്ങളിൽ പ്രധാന സ്ഥാപനങ്ങൾ ഉണ്ടെങ്കിലും, ഗ്രാമപ്രദേശങ്ങളിൽ കമ്യൂണിറ്റി ഹെൽത്ത് സെന്ററുകളുടെ കുറവ് 50 ശതമാനവും, 51 ശതമാനവും ആണ്. 71 ശതമാനം ഗ്രാമീണ പ്രദേശത്തും അടിസ്ഥാനസൗകര്യങ്ങൾ പേരിനുപോലുമില്ല. തകർന്നുവീഴാറായ ആശുപത്രി കെട്ടിടങ്ങളും മണിക്കൂറുകൾ നീളുന്ന വരികളും തിങ്ങിനിറഞ്ഞ വാർഡുകളും ആണ് ഉത്തർപ്രദേശിന്റെ പരിച്ഛേദം. മതിയായ ബെഡ്ഡുകൾ പോലും ആശുപത്രികളിലില്ല.

ആരോഗ്യ കേന്ദ്രങ്ങളിൽ 53 ശതമാനത്തിനും വൃത്തിഹീനമായ ടോയ്‌ലറ്റുകളാണ്.ഓങ്കോളജി, കാർഡിയോളജി സ്പെഷ്യലിസ്റ്റുകൾ നന്നേ കുറവ്. ജില്ലാ ആശുപത്രികളിൽപ്പോലും എംആർഐ സൗകര്യങ്ങളില്ല. ആയുഷ്മാൻ ഭാരത് പദ്ധതി സംസ്ഥാനത്ത് ഫലം കാണുന്നില്ല. ഡോക്ടർമാരുടെയും ജീവനക്കാരുടെയും ക്ഷാമം, ഗുണമേന്മയുള്ള സേവനം തുടങ്ങിയവ യുപിയിൽ കിട്ടാക്കനിയാണ്.

വിദ്യാഭ്യാസം?
കാവിവൽക്കരണം ലക്ഷ്യമിട്ട്‌ 2020ൽ നടപ്പാക്കിയ പുതിയ വിദ്യാഭ്യാസ നയം യുപിയിലെ വിദ്യാഭ്യാസ സംവിധാനത്തിന്റെ ആണിക്കല്ലാണ്‌. എന്നാൽ സ്‌കൂളിൽ എത്തുന്ന കുട്ടികൾ തുടർ വിദ്യാഭ്യാസം നേടുന്നത്‌ ഉറപ്പാക്കുന്നതിൽ യുപി സന്പൂർണ പരാജയമാണ്‌ എന്നതാണ്‌ വസ്‌തുത. 2025–26 അധ്യയന വർഷത്തിൽമാത്രം ഒരു ലക്ഷത്തോളം കുട്ടികളാണ്‌ സ്‌കൂൾ വിട്ടിറങ്ങിയത്‌. ഇതിൽ 56,462 പേരും പെൺകുട്ടികളാണെന്ന്‌ വനിത -ശിശുവികസന സഹമന്ത്രി സാവിത്രി താക്കൂർ പാർലമെന്റിനെ അറിയിച്ചു. കുട്ടികൾ എത്താതായതോടെ അയ്യായിരത്തോളം സർക്കാർ സ്‌കൂളുകൾ അടച്ചുപൂട്ടാൻ ഒരുങ്ങുകയാണ്‌ യുപി സർക്കാർ. അടുത്തുള്ള മറ്റ്‌ സ്‌കൂളുകളുമായി ലയിപ്പിക്കാനെന്ന പേരിൽ സ്‌കൂളുകൾ അടച്ചുപൂട്ടുന്നത്‌ ലക്ഷക്കണക്കിന്‌ കുട്ടികൾക്ക്‌ ഒ‍ൗപചാരിക വിദ്യാഭ്യാസം നഷ്‌ടപ്പെടുത്തും. സ്വകാര്യ സ്‌കൂളുകളിൽ പോകാൻ ആവതില്ലാത്ത പാവപ്പെട്ടവന്റെ കുട്ടികൾ കുലത്തൊഴിലുകളിലോ മറ്റ്‌ ചെറുകിട തൊഴിലുകളിലോ ഭാവിയിലും ഏർപ്പെടും. ആറുമുതൽ പതിനാല്‌ വയസുവരെയുള്ള കുട്ടികൾക്ക്‌ സാർവത്രികവും സ‍ൗജന്യവുമായ വിദ്യാഭ്യാസം നൽകണമെന്ന്‌ വ്യവസ്ഥ ചെയ്യുന്ന 2010ലെ വിദ്യാഭ്യാസ അവകാശ നിയമത്തിന്റെ ആത്മാവാണ്‌ യുപിയിൽ ചവിട്ടിമെതിക്കപ്പെടുന്നത്‌.

സ്‌മാർട്ട്‌ ക്ലാസ്‌ മുറികളുടെ എണ്ണത്തിലും യുപി വൈകിയോടുന്ന തീവണ്ടിയാണ്‌. 2,700 സ്‌മാർട്ട്‌ ക്ലാസ്‌ മുറികൾക്ക്‌ സർക്കാർ അനുമതി നൽകിയത്‌ 2025ൽ മാത്രമാണ്. 2020ൽ രാജ്യത്തെ ആദ്യ ഹൈടെക്‌ സ്‌മാർട്ട്‌ ക്ലാസ്‌ മുറികൾ സ്ഥാപിച്ച സംസ്ഥാനമാണ് കേരളം. 4,752 സർക്കാർ സ്‌കൂളുകളിലായി കേരളത്തിൽ അരലക്ഷത്തോളം ഹൈടെക്‌ ക്ലാസ്‌ മുറികളുണ്ട്‌. ഇതിനൊപ്പം എഐ സാങ്കേതികവിദ്യ ഉൾച്ചേർത്ത പുതിയ ഘട്ടത്തിലേയ്‌ക്ക്‌ കേരളം പ്രവേശിക്കുകയാണ്‌. ഈ കേരളത്തോട് യുപിയെ താരതമ്യംചെയ്യാൻപോലും കഴിയില്ല.

കൊഴിഞ്ഞത്‌ 90 ലക്ഷം കുട്ടികൾ, 
കഴിക്കാൻ ഉച്ചഭക്ഷണവുമില്ല
ലക്ഷക്കണക്കിന്‌ പുതിയ കുട്ടികൾ കേരളത്തിലെ സർക്കാർ സ്‌കൂളുകളിൽ ഒന്നാം ക്ലാസിലേയ്‌ക്ക്‌ എത്തുന്പോൾ യുപിയിൽ 28.69 ലക്ഷം കുട്ടികൾ കുറഞ്ഞു. രാജ്യത്തെ ഏറ്റവും മോശം കണക്കുകൂടിയാണിത്‌. 2023-–24അധ്യയന വർഷത്തെ കണക്ക്‌ മാത്രമാണിത്‌. 2024–25 വർഷം 20 ലക്ഷം കുട്ടികൾ വീണ്ടും കുറഞ്ഞു. കോവിഡ്‌ മഹാമാരി ഉടലെടുത്തതുമുതൽ ഇതുവരെ 90 ലക്ഷം കുട്ടികൾ സർക്കാർ സ്‌കൂളുകളിൽ കുറഞ്ഞുവെന്ന്‌ യുപി പ്രാഥമിക വിദ്യാഭ്യാസ വകുപ്പുതന്നെ സാക്ഷ്യപ്പെടുത്തുന്നു.

കേരളത്തിലെ കുട്ടികൾക്ക്‌ ബിരിയാണിയടക്കമുള്ള സുഭിക്ഷമായ ഉച്ചഭക്ഷണ പദ്ധതി സർക്കാർ നടപ്പാക്കുമ്പോൾ യുപിയിലെ കുട്ടികൾക്ക്‌ പേരിന്‌ മാത്രം ലഭിക്കുന്ന ഉച്ചഭക്ഷണം പോലും മാസങ്ങളോളം ലഭിച്ചില്ല. ഇത്‌ ദരിദ്രകുടുംബങ്ങളിലെ കുട്ടികളെ സ്‌കൂളുകളിൽനിന്ന്‌ അകറ്റി. പിഎം പോഷൻ പദ്ധതിയിൽ നിന്ന്‌ ഏറ്റവും സ്‌കൂളുകൾ പുറത്തായത്‌ പ്രധാനമന്ത്രി പ്രതിനിധാനം ചെയ്യുന്ന യുപിയിലാണ്‌. 2020-–21 ൽ 1.67 ലക്ഷത്തിൽ നിന്ന് 2024–-25ൽ 1.41 ലക്ഷമായി കുറഞ്ഞു. 25,361 സർക്കാർ–എയ്‌ഡഡ്‌ സ്‌കൂളുകളിലെ കുട്ടികൾക്ക്‌ ഉച്ചഭക്ഷണം നിലച്ചുവെന്ന്‌ പാർലമെന്റിനെ അറിയിച്ചത്‌ കേന്ദ്ര വിദ്യാഭ്യാസ മന്ത്രാലയമാണ്‌.

ഇതാണ് ബിജെപി കൊട്ടിഘോഷിക്കുന്ന വികസനത്തിന്റെ യഥാർഥ ചിത്രം. യുപിയായാലും ഗുജറാത്തായാലും ബിജെപിയുടെ ഭരണത്തിനുകീഴിൽ സാധാരണ ജനങ്ങൾ ദുരിതക്കയത്തിലാണ്. വർഗീയകലാപങ്ങളും അക്രമങ്ങളും ആൾക്കൂട്ടക്കൊലകളും പീഡനങ്ങളും വേറെ. സാധാരണ ജനങ്ങൾക്ക് സമാധാനത്തോടെയും സുരക്ഷിതത്വത്തോടെയും ജീവിക്കാൻ കഴിയാത്ത ഇടമായി ഇവിടങ്ങളെല്ലാം മാറി. അതാണ് ബിജെപി ഭരണത്തിന്റെ യാഥാർത്ഥ്യം. l

ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

3 × 4 =

Most Popular