കേന്ദ്ര ബിജെപി സർക്കാരിന്റെ ശുചിത്വ സർവ്വേ പ്രകാരം ഇന്ത്യയിലെ ഏറ്റവും വൃത്തിയുള്ള നഗരം മധ്യപ്രദേശിലെ ഇൻഡോറാണ്. കഴിഞ്ഞ എട്ടുവർഷമായി ഇൗ പദവി ഇൻഡോർ നിലനിർത്തുന്നു. ഇൻഡോർ ഉൾപ്പെടെ മധ്യപ്രദേശിലെ ആറ് നഗരങ്ങൾ ശുചിത്വ പട്ടികയിലെ ആദ്യ ഇരുപതിനുള്ളിലുണ്ട്. എന്നാൽ ഇൻഡോറിൽ നിന്ന് സമീപകാലത്ത് പുറത്തുവരുന്ന വാർത്തകൾ കേന്ദ്രസർക്കാരിന്റെ ശുചിത്വ പട്ടികയിലെ നേട്ടവുമായി ചേർന്നുപോകുന്നതല്ല. കക്കൂസ് മാലിന്യം കുടിവെള്ള പൈപ്പുകളിൽ കലർന്നതിനെ തുടർന്ന് മലിനജലം ഉള്ളിലെത്തി നഗരത്തിൽ മരിച്ചത് 32 പേരാണ്. നഗരത്തിലെ ഭഗീരഥ്‌പുരയിലുള്ള ചേരിപ്രദേശത്ത് കഴിഞ്ഞ ഡിസംബർ 27 നാണ് ഇത്തരത്തിൽ മരണങ്ങൾ റിപ്പോർട്ടുചെയ്യപ്പെട്ടത്. രണ്ടുമാസത്തിനിപ്പുറവും മലിനജല പ്രശ്‌നം പൂർണമായി പരിഹരിക്കാൻ അധികൃതർക്കായിട്ടില്ല. ഫെബ്രുവരി രണ്ടിനും നഗരത്തിൽ മലിനജലം ഉള്ളിൽ ചെന്നുള്ള മരണമുണ്ടായി. ‘ട്രിപ്പിൾ എഞ്ചിൻ’ സർക്കാർ നയിക്കുന്ന രാജ്യത്തെ ‘ശുചിത്വ’ നഗരമായ ഇൻഡോറിന്റെ ദയനീയസ്ഥിതിയാണ് മലിനജല മരണങ്ങളിലൂടെ വെളിപ്പെട്ടത്.
കാൽ നൂറ്റാണ്ടായി മധ്യപ്രദേശ് ഭരിക്കുന്നത് ബിജെപിയാണ്. 2018 ഡിസംബർ മുതൽ 2020 മാർച്ച് വരെയുള്ള കാലയളവിൽ കോൺഗ്രസിന്റെ കമൽനാഥ് മുഖ്യമന്ത്രിയായതൊഴിച്ചാൽ ബിജെപിയുടെ മുഖ്യമന്ത്രിമാരായിരുന്നു മാറിമാറി ഭരണത്തിൽ. 2003 ഡിസംബറിൽ ഉമാ ഭാരതിയാണ് തുടർച്ചയായുള്ള ബിജെപി ഭരണത്തിന് തുടക്കമിട്ടത്. 259 ദിവസം മാത്രമാണ് ഉമാ ഭാരതി അധികാരത്തിലുണ്ടായത്. തുടർന്ന് ഒരു വർഷം ബാബുലാൽ ഗൗർ മുഖ്യമന്ത്രിയായി. പിന്നീട് ശിവ്‌രാജ് സിങ് ചൗഹാൻ 17 വർഷത്തോളം ഭരിച്ചു. 2023 ഡിസംബർ മുതൽ ബിജെപിയുടെ മോഹൻ യാദവാണ് മുഖ്യമന്ത്രി. ബിജെപി നേതാക്കളുടെ ഭാഷയിൽ കഴിഞ്ഞ 17 വർഷമായി ‘ഡബിൾ എഞ്ചിൻ’ സർക്കാരാണ് മധ്യപ്രദേശ് ഭരിക്കുന്നത്. ഭൂരിഭാഗം തദ്ദേശസ്ഥാപനങ്ങളും ബിജെപിയുടെ നിയന്ത്രണത്തിലായതിനാൽ ‘ട്രിപ്പിൾ എഞ്ചിൻ’ ഭരണമെന്നും വിശേഷിപ്പിക്കാം. ബിജെപിയുടെ ഡബിൾ–ട്രിപ്പിൾ എഞ്ചിൻ സർക്കാരുകളൊക്കെ വന്നിട്ടും രാജ്യത്തെ ഏറ്റവും പിന്നാക്ക സംസ്ഥാനങ്ങളിലൊന്നായിത്തന്നെ മധ്യപ്രദേശ് തുടരുകയാണ്. വികസന സൂചികയിലും വിദ്യാഭ്യാസ– ആരോഗ്യ സൂചികകളിലും മറ്റ് സാമൂഹ്യക്ഷേമ സൂചികകളിലുമെല്ലാം തന്നെ മധ്യപ്രദേശ് അങ്ങേയറ്റം പിന്നാക്കാവസ്ഥയിലാണ്.
കാർഷിക മേഖലയിലെ
തകർച്ചയുടെ കാരണങ്ങൾ
മധ്യപ്രദേശിലെ 75 ശതമാനം ജനങ്ങളും കാർഷിക മേഖലയെ ആശ്രയിച്ചാണ് കഴിയുന്നത്. എന്നാൽ ചുരുക്കം വൻകിട ഭൂവുടമകളെ മാറ്റിനിർത്തിയാൽ ചെറുകിട കർഷകരും കർഷകത്തൊഴിലാളികളുമെല്ലാം കടുത്ത ദാരിദ്ര്യത്തെ അഭിമുഖീകരിക്കുകയാണ്. ഭൂവുടമകളുടെ ചൂഷണവും ഉൽപ്പന്നങ്ങൾക്ക് ന്യായവില കിട്ടാത്തതും കൃഷിച്ചെലവിലുണ്ടായ ക്രമാതീതമായ വർധനയും അടിസ്ഥാനസൗകര്യങ്ങളുടെ അഭാവവും വളം– വൈദ്യുതി ക്ഷാമവും വായ്‌പാമേഖലയിൽ സ്വകാര്യ പണമിടപാടുകാരുടെ ആധിപത്യവും ചൂഷണവും സർക്കാരിന്റെ പിന്തുണയില്ലായ്‌മയുമെല്ലാം സംസ്ഥാനത്തെ കാർഷിക മേഖലയുടെ തകർച്ചയ്‌ക്ക് കാരണങ്ങളാണ്.
രാജ്യത്ത് ഏറ്റവും കൂടുതൽ കർഷക ആത്‌മഹത്യകൾ റിപ്പോർട്ടുചെയ്യപ്പെടുന്ന സംസ്ഥാനം കൂടിയാണ് മധ്യപ്രദേശ്. 2004 മുതലുള്ള ബിജെപി ഭരണത്തിൽ ഇരുപതിനായിരത്തോളം കർഷകരാണ് മധ്യപ്രദേശിൽ ജീവിതം മുന്നോട്ടു കൊണ്ടുപോകാനാകാതെ ആത്‌മഹത്യയുടെ വഴിതേടിയത്. സർക്കാരിന്റെ ഒൗദ്യോഗിക കണക്കിൽ ഉൾപ്പെടാത്ത മരണങ്ങൾ കൂടി ചേർത്താൽ കർഷക ആത്‌മഹത്യകളുടെ എണ്ണം വീണ്ടുമുയരും. കൃഷിയ്‌ക്കാവശ്യമായ പണം കണ്ടെത്താൻ വട്ടിപ്പലിശക്കാരെ ആശ്രയിച്ച് കടക്കെണിയിൽ കുടുങ്ങിയാണ് കൂടുതൽ ആത്‌മഹത്യകളും. ഗ്രാമങ്ങളിൽ നിലനിൽക്കുന്ന ബാങ്കിങ് സേവനങ്ങളുടെ കടുത്ത അഭാവത്തെ മറികടക്കാൻ തുടർച്ചയായുള്ള ബിജെപി ഭരണത്തിനായിട്ടില്ല.
രൂക്ഷമായ രാസവള ക്ഷാമമാണ് സമീപകാലത്ത് കർഷകർ അനുഭവിക്കുന്ന മറ്റൊരു പ്രതിസന്ധി. ഇക്കഴിഞ്ഞ ഖാരിഫ്– റാബി സീസണുകളിലും വളംവിൽക്കുന്നുകടകൾക്കു മുന്നിൽ കർഷകർക്ക് മണിക്കൂറുകൾ കാത്തുനിൽക്കേണ്ട സ്ഥിതിയുണ്ടായി. കാത്തിരിപ്പ് മടുത്തുള്ള കർഷകപ്രതിഷേധങ്ങളെ പലയിടത്തും പൊലീസ് ബലപ്രയോഗത്തിലൂടെ അടിച്ചമർത്തി. സമയത്ത് കൃഷിയിറക്കൽ സാധ്യമാകില്ലെന്ന ആശങ്കയിൽ പലരും വളത്തിനായി കരിഞ്ചന്തയെ ആശ്രയിച്ചു. രാസവളത്തിന്റെ ഉയർന്ന വിലയടക്കം കുതിച്ചുയരുന്ന കൃഷിച്ചെലവും കർഷകർക്ക് തിരിച്ചടിയാവുകയാണ്. താങ്ങുവിലയ്‌ക്കുള്ള സംഭരണവും മിക്കപ്പോഴും സംസ്ഥാനത്ത് സംഭവിക്കുന്നില്ല. കാർഷികോൽപ്പന്നങ്ങളുടെ സംഭരണം മുൻനിർത്തി സ്ഥാപിച്ചിട്ടുള്ള മണ്ഡികൾ പല സ്ഥലങ്ങളിലും പ്രവർത്തനക്ഷമമല്ല. സ്വകാര്യ ഇടപാടുകാർക്ക് തുച്‌ഛമായ വിലയ്‌ക്ക് ഉൽപ്പന്നങ്ങൾ വിൽക്കേണ്ട ഗതികേടിലാണ് കർഷകർ. മന്ദ്സോറിൽ അടുത്തയിടെ വിലയിടിവ് കാരണം കർഷകർ തങ്ങളുടെ സോയാബീൻ വിള പരസ്യമായി നശിപ്പിച്ചുകളയുന്ന സ്ഥിതിവരെയുണ്ടായി. ഇതേ മന്ദ്സോറിലാണ് 2017 ൽ കർഷകപ്രതിഷേധത്തിനുനേരെ പൊലീസ് വെടിവെയ്‌പ് നടത്തി അഞ്ചുപേരെ കൊലപ്പെടുത്തിയത്. സംസ്ഥാനത്തെ 75 ശതമാനം ജനങ്ങളും ആശ്രയിക്കുന്ന മേഖലയായിട്ടും കാർഷികമേഖലയോടുള്ള ബിജെപി സർക്കാരുകളുടെ അവഗണന തുടരുകയാണ്.
ആരോഗ്യ– വിദ്യാഭ്യാസ സൂചികകളിൽ
എന്തുകൊണ്ട് പിന്നാക്കം
കഴിഞ്ഞ 23 വർഷമായി ബിജെപി ഭരിച്ചിട്ടും ആരോഗ്യ– വിദ്യാഭ്യാസ മേഖലകളിൽ രാജ്യത്തെ ഏറ്റവും പിന്നാക്ക സംസ്ഥാനമായി ഇപ്പോഴും മധ്യപ്രദേശ് തുടരുന്നു. സംസ്ഥാന ആഭ്യന്തര ഉൽപ്പാദനത്തിന്റെ (ജിഎസ്‌ഡിപി) 1.2 ശതമാനം മാത്രമാണ് ഇപ്പോഴും ആരോഗ്യ മേഖലയ്‌ക്കായി നീക്കിവെയ്‌ക്കുന്നത്. ദേശീയ ശരാശരിയേക്കാൾ 0.4 ശതമാനം കുറവാണിത്. ആശുപത്രി കിടക്കകളുടെ എണ്ണം ആയിരം പേർക്ക് അര കിടക്ക എന്ന തോതിലാണ്. ഗ്രാമീണ മേഖലയിൽ ചികിത്സാസൗകര്യമെന്നത് ഇപ്പോഴും സ്വപ്‌നമായി തുടരുന്നു. അടിസ്ഥാനസൗകര്യങ്ങളോടെയുള്ള പ്രാഥമിക ആരോഗ്യകേന്ദ്രങ്ങളോ കമ്യൂണിറ്റി ആരോഗ്യകേന്ദ്രങ്ങളോ ഒരിടത്തുമില്ല. എംബിബിഎസ് കോഴ്‌സിന്റെ സമീപത്ത് കൂടി പോലും പോകാത്ത വ്യാജൻമാരാണ് ഗ്രാമങ്ങളിലെ ഭിഷഗ്വരർ. ഡോക്ടർമാരുടെയും നഴ്‌സുമാരുടെയും മറ്റു വിദഗ്‌ധരുടെയും അഭാവവും സംസ്ഥാനത്തെ ആരോഗ്യമേഖലയെ തളർത്തുന്ന ഘടകങ്ങളാണ്. ചുരുങ്ങിയത് ആയിരം പേർക്ക് ഒരു ഡോക്ടർ എന്ന അനുപാതം ലോകാരോഗ്യസംഘടന നിഷ്‌കർഷിക്കുമ്പോൾ മധ്യപ്രദേശിലിത് രണ്ടായിരം പേർക്ക് ഒരു ഡോക്ടർ എന്ന തോതിലാണ്. നഗരങ്ങളിലെ ആശുപത്രികളിൽ പോലും വെന്റിലേറ്ററുകളുടെയും ഐസിയു കിടക്കകളുടെയും ഡയഗ്‌നോസ്‌റ്റിക് ലാബുകളുടെയും അഭാവം പ്രകടമാണ്.
ശിശുമരണ നിരക്കിലും മാതൃമരണ നിരക്കിലും ദേശീയ ശരാശരിയേക്കാൾ ഏറെ പിന്നിലാണ് സംസ്ഥാനം. കേരളത്തിൽ ആയിരത്തിൽ അഞ്ചിലും താഴെ ശിശുമരണ നിരക്ക് എത്തിയപ്പോൾ മധ്യപ്രദേശിൽ ആയിരത്തിൽ 37 എന്ന തോതിലാണ് മരണനിരക്ക്. മാതൃമരണ നിരക്ക് ദേശീയശരാശരി ഒരു ലക്ഷത്തിൽ 88 ആണെങ്കിൽ മധ്യപ്രദേശിൽ 159 ആണ്. ദേശീയശരാശരിയുടെ ഇരട്ടിയാണ് സംസ്ഥാനത്തെ മാതൃമരണം.
വിദ്യാഭ്യാസരംഗത്തും പിന്നാക്കം
കുട്ടികൾക്ക് അടിസ്ഥാന വിദ്യാഭ്യാസ സൗകര്യങ്ങൾ ഒരുക്കുന്നതിലും മധ്യപ്രദേശ് തീർത്തും പിന്നാക്കമാണ്. ദേശീയ സാക്ഷരതാ നിരക്ക് 81 ശതമാനമാണെങ്കിൽ മധ്യപ്രദേശിൽ 70 ശതമാനം മാത്രം സാക്ഷരതയെന്ന കുറഞ്ഞ നിരക്ക് ഇപ്പോഴും നിലനിൽക്കുന്നു. ഗ്രാമങ്ങളിലെ സാക്ഷരതാനിരക്ക് 63 ശതമാനമാണ്. 66 ലക്ഷം കുട്ടികൾ ഒന്നാം ക്ലാസ് പ്രവേശനം നേടുമ്പോൾ പ്ലസ്‌വൺ ക്ലാസിലേക്ക് എത്തുന്നത് 13.61 ലക്ഷം മാത്രമാണ്. എൺപത് ശതമാനത്തോളമാണ് കൊഴിഞ്ഞുപോക്ക്. ഇൗവിധം പിന്നാക്കമായിട്ടും ഗ്രാമങ്ങളിലെ ശേഷിക്കുന്ന സർക്കാർ സ്‌കൂളുകൾ കൂടി അടച്ചുപൂട്ടാനുള്ള തിടുക്കത്തിലാണ് സംസ്ഥാന ബിജെപി സർക്കാർ. 2019–25 കാലയളവിലായി മാത്രം ഏഴായിരത്തിലേറെ സ്‌കൂളുകൾ പൂട്ടി. കഴിഞ്ഞ 10 വർഷകാലയളവിൽ പൂട്ടിയത് 22,000 സ്‌കൂളുകളാണ്. വിദ്യാലയങ്ങൾ അടച്ചുപൂട്ടുന്നതിൽ രാജ്യത്ത് ബിജെപി തന്നെ ഭരിക്കുന്ന യുപിക്ക് പിന്നിൽ രണ്ടാമതാണ് മധ്യപ്രദേശ്. കുട്ടികളുടെയും അധ്യാപകരുടെയും കുറവ്, പശ്‌ചാത്തലസൗകര്യങ്ങളുടെ അഭാവം, സ്‌കൂൾ നടത്തിപ്പിലെ പ്രശ്‌നങ്ങൾ, ഭരണപരമായ സൗകര്യമൊരുക്കൽ തുടങ്ങിയ കാരണങ്ങളുടെ പേരിലാണ് കൂട്ടഅടച്ചുപൂട്ടൽ.
സംസ്ഥാനത്തെ ആറായിരം സ്‌കൂളുകൾ ഇപ്പോഴും ഏകാധ്യാപക വിദ്യാലയങ്ങളായി തുടരുകയാണ്. ഒരേ അധ്യാപകൻ, അധ്യാപിക തന്നെ പല വിഷയങ്ങൾ പഠിപ്പിക്കുന്നു. പ്രധാനഅധ്യാപകരില്ലാതെയാണ് ഭൂരിഭാഗം സ്‌കൂളുകളുടെയും പ്രവർത്തനം. ശുചിമുറി, കുടിവെള്ളം, വൈദ്യുതി, അടച്ചുറപ്പുള്ള കെട്ടിടം തുടങ്ങിയ പശ്ചാത്തലസൗകര്യങ്ങളുടെ അഭാവവും രൂക്ഷമാണ്. പതിനായിരത്തോളം സ്‌കൂളുകൾ വൈദ്യുതിയില്ലാതെ പ്രവർത്തിക്കുന്നു. ഡിജിറ്റൽ ലൈബ്രറി സംവിധാനം 0.9 ശതമാനം സ്‌കൂളുകളിൽ മാത്രമേയുള്ളൂ. ഇക്കാര്യത്തിൽ ദേശീയ ശരാശരി 6.1 ശതമാനമാണ്.
വിദ്യാഭ്യാസ മേഖലയുടെ കാവിവത്‌കരണം
ചാണകം കൊണ്ട് എങ്ങനെ ക്യാൻസറിനെ ഭേദപ്പെടുത്താം. മധ്യപ്രദേശിലെ ജബൽപ്പുരിലുള്ള നാനാജി ദേശ്‌മുഖ് വെറ്ററിനറി സർവ്വകലാശാല 2011 ൽ ഏറ്റെടുത്ത ഗവേഷണ പദ്ധതിയാണിത്. പദ്ധതിയ്‌ക്കായി എട്ടുകോടി രൂപ സർവ്വകലാശാല അധികൃതർ സർക്കാരിനോടാവശ്യപ്പെട്ടു. ആദ്യ ഗഡുവെന്ന നിലയിൽ മൂന്നരക്കോടി രൂപ ബിജെപി സർക്കാർ നൽകി. എന്നാൽ 15 വർഷം കഴിഞ്ഞിട്ടും ഗവേഷണം എവിടെയുമെത്തിയില്ല. പഠനത്തിനായി വാങ്ങിക്കൂട്ടിയ ചാണകവും മറ്റും ഇപ്പോഴും സർവ്വകലാശാല വളപ്പിൽ കെട്ടിക്കിടക്കുകയാണ്. പദ്ധതിപ്പണം വ്യാപകമായി ദുരുപയോഗം ചെയ്യപ്പെട്ടുവെന്ന പരാതിയിൽ ഇപ്പോൾ അന്വേഷണം പുരോഗമിക്കുകയുമാണ്.
മധ്യപ്രദേശിലെ അടിസ്ഥാന പഠനസൗകര്യങ്ങൾ മെച്ചപ്പെടുത്താൻ അൽപ്പംപോലും മെനക്കെടാത്ത ബിജെപി സർക്കാർ പാഠ്യപദ്ധതിയും മറ്റും കാവിവത്‌കരിക്കാനുള്ള വ്യഗ്രതയിലാണ്. ആർഎസ്‌എസ് സംഘടനയായ വിദ്യാഭാരതിയുമായി ബന്ധപ്പെട്ട വർഗീയ എഴുത്തുകാരുടെ 88 പുസ്‌തകങ്ങൾ എല്ലാ സർക്കാർ– സ്വകാര്യ കോളേജുകളിലും ലൈബ്രറികളിൽ നിർബന്ധമാക്കി. ‘ഭാരതീയ ജ്‌ഞാനപരമ്പര’ കുട്ടികളിലേക്ക് എത്തിക്കുകയാണ് ലക്ഷ്യം. എൻസിഇആർടിയുടെ ചുവടുപിടിച്ച് സ്‌കൂൾ പാഠ്യപദ്ധതിയിലും വലിയ അഴിച്ചുപണി നടത്തിക്കഴിഞ്ഞു. മുഗൾ ഭരണകാലത്തെ തമസ്‌കരിക്കൽ, ചരിത്രമെന്ന മട്ടിൽ പുരാണങ്ങളുടെയും മറ്റും അവതരണം തുടങ്ങി കേന്ദ്ര ബിജെപി സർക്കാരിന്റെ അതേ ശൈലിയാണ് സംസ്ഥാന ബിജെപി സർക്കാരും പിന്തുടരുന്നത്.
ഭരണതലത്തിൽ ആഴത്തിൽ
വേരുപിടിക്കുന്ന അഴിമതി
ശിവ്‌രാജ് സിങ് മുഖ്യമന്ത്രിയായിരിക്കെയാണ് രാജ്യത്തെയാകെ ഞെട്ടിച്ച വ്യാപം അഴിമതി പുറത്തുവന്നത്. പ്രൊഫഷണൽ കോളേജിലേക്കുള്ള പ്രവേശനപരീക്ഷയും സർക്കാർ തസ്‌തികകളിലേക്കുള്ള റിക്രൂട്ട്‌മെന്റ് പരീക്ഷയും നടത്തിയിരുന്ന വ്യാപം എന്ന പേരിലുള്ള പരീക്ഷാബോർഡിലെ തട്ടിപ്പുകൾ 2009 മുതൽ ഒന്നൊന്നായി പുറത്തുവന്നു. വിദ്യാർത്ഥികളിൽ നിന്നും ഉദ്യോഗാർത്ഥികളിൽ നിന്നും പണം വാങ്ങി പ്രവേശനവും നിയമനവും വ്യാപകമായി നടത്തി. മുഖ്യമന്ത്രിയുടെ ഓഫീസിലെ ഉന്നതരും രാഷ്ട്രീയ നേതാക്കളും മറ്റുപല പ്രമുഖവ്യക്തികളുമെല്ലാം ഉൾപ്പെട്ടതായിരുന്നു വർഷങ്ങളായി നടന്നുവന്ന തട്ടിപ്പ്. മെഡിക്കൽ പ്രവേശനം, കോൺസ്‌റ്റബിൾ റിക്രൂട്ട്‌മെന്റ്, ഫുഡ് ഇൻസ്‌പെക്ടർ പരീക്ഷ, ഫോറസ്‌റ്റ് ഗാർഡ് നിയമനം തുടങ്ങിയ പരീക്ഷകളിലെല്ലാം വ്യാപക ക്രമക്കേടുകളുണ്ടായി.
അഴിമതിയുടെ ആഴത്തേക്കാൾ ചർച്ചയായത് കേസുമായി ബന്ധപ്പെട്ട ദുരൂഹമരണങ്ങളാണ്. പ്രതികൾ, സാക്ഷികൾ, അഴിമതി പുറത്തുകൊണ്ടുവന്നവർ തുടങ്ങി കേസുമായി ബന്ധപ്പെട്ട 34 പേരാണ് 2007–2015 കാലയളവിലായി ദുരൂഹമായി മരണപ്പെട്ടത്. അഞ്ചുപേർ ആത്‌മഹത്യ ചെയ്‌ത നിലയിൽ കാണപ്പെട്ടപ്പോൾ രണ്ടുപേർ ദുരൂഹസാഹചര്യത്തിൽ മുങ്ങിമരിച്ചു. 11 പേർ വാഹനാപകടങ്ങളിൽ കൊല്ലപ്പെട്ടു. ജയിലിലും ആശുപത്രിയിലും മറ്റുമായി 15 പേർ മരിച്ചു. മധ്യപ്രദേശ് ഗവർണറായിരുന്ന രാംനരേഷ് യാദവിന്റെ മകനും കേസിലെ പ്രതിയുമായ ശൈലേഷ് യാദവ് അടക്കമുള്ളവർ ദുരൂഹമരണ പട്ടികയിൽ ഉൾപ്പെടുന്നുണ്ട്. മറ്റൊരു പ്രതി നരേന്ദ്ര സിങ് തോമർ ജയിലിൽ മരിച്ചു. നമ്രത ദാമോർ എന്ന മെഡിക്കൽ വിദ്യാർത്ഥിയെ റെയിൽപാളത്തിൽ മരിച്ച നിലയിൽ കാണുകയായിരുന്നു. കേസിലെ സാക്ഷിയായ അനാമിക കുശ്‌വാഹയെ കുളത്തിൽ മരിച്ച നിലയിൽ കണ്ടെത്തി.
സുപ്രീംകോടതി ഇടപെടലിനെ തുടർന്ന് സിബിഐ കേസ് ഏറ്റെടുത്തെങ്കിലും 2014 ൽ കേന്ദ്രത്തിലുണ്ടായ ഭരണമാറ്റത്തെ തുടർന്ന് അന്വേഷണം അട്ടിമറിക്കപ്പെട്ടു. വിവിധ കേസുകളിലായി രണ്ടായിരത്തോളം പേരെ അറസ്‌റ്റുചെയ്‌തെങ്കിലും 62 പേർ മാത്രമാണ് ശിക്ഷിക്കപ്പെട്ടത്. ചെറിയ ശിക്ഷാകാലയളവ് പൂർത്തീകരിച്ചും പിഴയടച്ചും കുറ്റക്കാരെല്ലാം പുറത്തിറങ്ങി. മുഖ്യമന്ത്രിയുടെ ഓഫീസിലേയ്‌ക്കോ മറ്റ് ഉന്നതരിലേക്കോ അന്വേഷണം എത്തിയതേയില്ല. ദശലക്ഷക്കണക്കിന് വിദ്യാർത്ഥികളുടെയും ഉദ്യോഗാർത്ഥികളുടെയും ഭാവി ഇല്ലാതാക്കിയ വ്യാപം എന്ന വൻഅഴിമതിയിൽ കുറ്റക്കാർക്കെതിരായ അന്വേഷണം കേന്ദ്ര– സംസ്ഥാന ബിജെപി സർക്കാരുകൾ കൈകോർത്ത് അട്ടിമറിച്ചു.
ഭരണതലത്തിലെ അഴിമതി ബിജെപി ഭരണത്തിൽ വ്യാപകമായതായാണ് റിപ്പോർട്ടുകൾ. വിവിധ സർക്കാർ സേവനങ്ങൾക്കായി കോഴ കൊടുക്കേണ്ടി വന്നിട്ടുണ്ടെന്ന് സംസ്ഥാന ജനസംഖ്യയിലെ 55 ശതമാനം പേരും അഭിപ്രായപ്പെട്ടിരുന്നു. 600 കോടി രൂപയുടെ ആംബുലൻസ് കുംഭകോണം സമീപകാലത്ത് സംസ്ഥാന രാഷ്ട്രീയത്തെ ഉലച്ചിരുന്നു. ബിജെപി എംഎൽഎ ഉൾപ്പെട്ട 30 കോടി രൂപയുടെ ബാങ്ക് വെട്ടിപ്പ് പുറത്തുവന്നെങ്കിലും വ്യാപത്തിന് സമാനമായി അട്ടിമറി സാഹചര്യമാണ് ഒരുങ്ങുന്നത്.
വർധിക്കുന്ന ന്യൂനപക്ഷ വേട്ട
മുസ്ലീം ന്യൂനപക്ഷങ്ങളും ക്രിസ്‌ത്യൻ ന്യൂനപക്ഷങ്ങളും സംഘ‍്പരിവാർ സംഘടനകളാൽ ഒരേപോലെ വേട്ടയാടപ്പെടുന്ന സംസ്ഥാനമാണ് മധ്യപ്രദേശ്. 2025 ഏപ്രിലിൽ ജബൽപ്പൂരിൽ രണ്ട് കത്തോലിക്കാ പുരോഹിതരെ മതപരിവർത്തനം ആരോപിച്ച് സംഘ്-പരിവാർ അക്രമികൾ കയ്യേറ്റം ചെയ്‌തിരുന്നു. കഴിഞ്ഞ വർഷം ജൂണിൽ ബർഹ്ൻപൂരിൽ ദളിത് ക്രൈസ്‌തവരെ സംഘപരിവാറുകാർ മർദ്ദിക്കുകയും അർദ്ധനഗ്‌നരായി നടത്തുകയും ചെയ്‌തിരുന്നു. ഇവിടെയും മതപരിവർത്തനം ആരോപിച്ചായിരുന്നു മർദ്ദനം. പശുക്കടത്ത് ആരോപിച്ചാണ് മുസ്ലീം ന്യൂനപക്ഷങ്ങളെ വേട്ടയാടുന്നത്. ന്യൂനപക്ഷങ്ങൾക്കെതിരായ ആക്രമണവുമായി ബന്ധപ്പെട്ട് കഴിഞ്ഞ 10 വർഷ ക്കാലയളവിൽ എണ്ണൂറോളം പരാതികൾ ദേശീയ ന്യൂനപക്ഷ കമ്മീഷന് ലഭിച്ചിരുന്നു. എന്നാൽ ഒരു കേസിൽ പോലും അന്വേഷണമുണ്ടായില്ല. വർഗീയ ആക്രമണ കേസുകളും കേന്ദ്ര– സംസ്ഥാന ബിജെപി സർക്കാരുകൾ യോജിച്ച് അട്ടിമറിക്കുകയാണ്. പലപ്പോഴും പരാതിക്കാരെ കുറ്റക്കാരാക്കുന്ന സാഹചര്യവുമുണ്ട്.
2021ൽ കൊണ്ടുവന്ന മതപരിവർത്തന നിരോധന നിയമമാണ് ന്യൂനപക്ഷ വേട്ടയ്‌ക്കായി ദുരുപയോഗിക്കുന്നത്. പ്രലോഭനം, സ്വാധീനം, ഭീഷണി, വ്യാജമാർഗങ്ങൾ, വിവാഹവാഗ്‌ദാനം, തെറ്റിദ്ധരിപ്പിക്കൽ തുടങ്ങിയ മാർഗങ്ങളിലൂടെയുള്ള പരിവർത്തനങ്ങളെ കുറ്റകരമാക്കുന്നതാണ് നിയമം. അഞ്ചുവർഷം തടവും കാൽ ലക്ഷം രൂപ പിഴയുമാണ് മതപരിവർത്തനത്തിനുള്ള ശിക്ഷ. സ്‌ത്രീകൾ, കുട്ടികൾ, എസ്‌സി–എസ്‌ടി വിഭാഗക്കാർ എന്നിവരെ മതംമാറ്റിയാൽ 10 വർഷം ശിക്ഷയും അമ്പതിനായിരം രൂപ പിഴയുമുണ്ട്. കൂട്ട മതപരിവർത്തനമാണെങ്കിൽ കുറഞ്ഞത് അഞ്ചു മുതൽ 10 വർഷം വരെ തടവുണ്ടാകും. ഒപ്പം ഒരു ലക്ഷമോ അതിൽ കൂടുതലോ പിഴയുമുണ്ടാകും. ആർക്കെങ്കിലും സ്വന്തം നിലയ്‌ക്ക് മതംമാറണമെങ്കിൽ 60 ദിവസം മുമ്പായി നോട്ടീസ് നൽകണമെന്ന വ്യവസ്ഥയും നിയമത്തിലുണ്ടായിരുന്നു. ഇത് പിന്നീട് സുപ്രീംകോടതി റദ്ദാക്കി.
എസ്‌സി–എസ്‌ടി വിഭാഗക്കാർക്കെതിരായ ആക്രമണവും പെരുകുകയാണ്. എസ്‌സി വിഭാഗക്കാർക്കെതിരായി 2014 ൽ 3,294 കുറ്റങ്ങളാണ് റിപ്പോർട്ടുചെയ്യപ്പെട്ടതെങ്കിൽ 2022 ൽ ഇത് എണ്ണായിരമായി വർധിച്ചു. എസ്‌ടി വിഭാഗക്കാർക്കെതിരായ ആക്രമണങ്ങൾ 2018 ൽ 1,868 മാത്രമായിരുന്നത് 2023 ൽ മൂവായിരമായി ഉയർന്നു. കടുത്ത ജാതിവിവേചനവും തൊട്ടുകൂടായ്‌മയുമെല്ലാം മധ്യപ്രദേശിലെ ഗ്രാമങ്ങളിൽ ഇപ്പോഴും ശക്തമായി നിലനിൽക്കുന്നുണ്ട്.
ദുഷ്‌ഭരണം തുടരുമ്പോഴും
തുടർവിജയങ്ങൾ എങ്ങനെ?
പ്രധാന പ്രതിപക്ഷമായ കോൺഗ്രസിന് സംഭവിച്ച തകർച്ചയാണ് മധ്യപ്രദേശിൽ ബിജെപിയുടെ തുടർവിജയങ്ങൾക്ക് കാരണമാകുന്നത്. അടിയന്തരാവസ്ഥയ്‌ക്ക് ശേഷമുള്ള ചെറിയ കാലയളവൊഴിച്ചാൽ മധ്യപ്രദേശ് തുടർച്ചയായി ഭരിച്ചിരുന്നത് കോൺഗ്രസാണ്. ശങ്കർദയാൽ ശർമ്മ, എസ് സി ശുക്ല, അർജുൻ സിങ്, മോട്ടിലാൽ വോറ, മാധവറാവു സിന്ധ്യ തുടങ്ങിയ തലയെടുപ്പുള്ള നേതാക്കളാണ് ഒരു ഘട്ടത്തിൽ മധ്യപ്രദേശിൽ കോൺഗ്രസിനെ നയിച്ചിരുന്നത്. 1990 വരെ എതിരില്ലാതെ കോൺഗ്രസ് നിലകൊണ്ടു. അയോധ്യാ വിഷയമുയർത്തിയുള്ള സംഘപരിവാർ പ്രചാരണമാണ് ബിജെപിക്ക് സംഘടനാശേഷി നൽകിയത്. 1990 ലെ തിരഞ്ഞെടുപ്പിൽ ബിജെപി ആദ്യമായി അധികാരം പിടിച്ചു. പിന്നീട് 2003 മുതലിങ്ങോട്ട് തുടർച്ചയായ ഭരണം. ബിജെപി ഭരണം മടുത്ത് 2018 ൽ ജനങ്ങൾ വീണ്ടും കോൺഗ്രസിന് അവസരം നൽകിയിരുന്നു. കമൽനാഥ് മുഖ്യമന്ത്രിയായെങ്കിലും നേതാക്കളുടെ തമ്മിലടി തിരിച്ചടിയായി. മാധവറാവു സിന്ധ്യയുടെ മകൻ ജ്യോതിരാദിത്യ സിന്ധ്യയുടെ നേതൃത്വത്തിൽ 22 കോൺഗ്രസ് എംഎൽഎമാർ ബിജെപിയിൽ ചേർന്നു. ഇതോടെ സർക്കാർ നിലംപൊത്തി. പിന്നീട് കോൺഗ്രസിന് അവസരമുണ്ടായില്ല.
ജനസമ്മതിയുള്ള നേതാക്കളില്ലാത്തതാണ് കോൺഗ്രസ് നേരിടുന്ന പ്രതിസന്ധി. സംഘടനാപരമായും ദുർബലപ്പെട്ടു. മുഖ്യമന്ത്രിയായ ഘട്ടത്തിലും അതിന് ശേഷവും കമൽനാഥ് അടക്കമുള്ള നേതാക്കളുടെ മൃദുഹിന്ദുത്വ നിലപാടുകളും തിരിച്ചടിയായി. അയോധ്യയിൽ രാമക്ഷേത്ര നിർമ്മാണത്തിനായി കമൽനാഥ് 11 വെള്ളി ഇഷ്ടികകൾ നൽകി. 2020 ൽ ക്ഷേത്രത്തിന് തറക്കല്ലിട്ടപ്പോൾ ഭോപ്പാലിലെ വസതിയിൽ കമൽനാഥ് പ്രത്യേക പൂജകൾ നടത്തി. കമൽനാഥിന്റെ മകൻ ഗോകുൽനാഥ് ശ്രീറാം എന്നെഴുതിയ നാലുകോടി കത്തുകൾ ശേഖരിച്ച് അയച്ചു. രാമക്ഷേത്ര നിർമ്മാണത്തെ എല്ലാ ഇന്ത്യാക്കാരും പിന്തുണയ്‌ക്കുന്നുവെന്ന് പ്രസ്‌താവിക്കാനും കമൽനാഥിന് മടിയുണ്ടായില്ല. മുഖ്യമന്ത്രിയായ ഘട്ടത്തിൽ ഗോസംരക്ഷണം, രാമായണ തീർത്ഥാടന പദ്ധതി തുടങ്ങിയ വർഗീയ നടപടികൾക്കും കമൽനാഥ് മുതിർന്നു. എന്നാൽ സംഘപരിവാറിന്റെ ‘ഒറിജിനൽ’ വർഗീയതയ്‌ക്കുമുന്നിൽ കമൽനാഥിന്റെയും കോൺഗ്രസിന്റെയും ‘ഡ്യൂപ്ലിക്കേറ്റ്’ വർഗീയതയ്‌ക്ക് സ്വീകാര്യതയുണ്ടായില്ല. l



