Sunday, February 15, 2026

ad

Homeകവര്‍സ്റ്റോറിമുച്ചൂടും മുടിയുന്ന ഹരിയാന

മുച്ചൂടും മുടിയുന്ന ഹരിയാന

എം അഖിൽ

ബിജെപിയും സംഘപരിവാറും ഭരണം നടത്തിയാൽ ഒരു സംസ്ഥാനം എത്രത്തോളം അധഃപതിക്കുമെന്നതിന്റെ ഉത്തമ ഉദാഹരണമാണ്‌ ഹരിയാനയുടെ വർത്തമാനസാഹചര്യങ്ങൾ. രാജ്യത്ത് ഭക്ഷ്യസുരക്ഷ ഉറപ്പാക്കുന്നതിൽ നിർണായക പങ്കു വഹിച്ചിരുന്ന, എല്ലാവിഭാഗം ജനങ്ങളും ഒത്തൊരുമിച്ച്‌ കഴിഞ്ഞിരുന്ന, വ്യവസായവൽക്കരണത്തിന്റെയും സാങ്കേതികവിദ്യയുടെയും പുരോഗതിയിൽ മുന്നോട്ടുകുതിച്ചിരുന്ന ഇ‍ൗ സംസ്ഥാനം പത്തു വർഷത്തിലധികമായി തുടരുന്ന ബിജെപിയുടെ ഭരണത്തിൽ സാന്പത്തികമായും സാമൂഹികമായും സാംസ്‌കാരികമായും അതിവേഗം അധഃപതിക്കുകയാണ്‌.

തകരുന്ന 
കാർഷിക മേഖല
ഹരിയാനയിൽ 10 വർഷത്തിലേറെയായി തുടരുന്ന ബിജെപി ഭരണം സമസ്ത മേഖലകളിലും വലിയ ദുരന്തമാണ് സൃഷ്ടിച്ചിട്ടുള്ളത്. സംസ്ഥാനത്തിന്റെ ജീവനാഡിയെന്ന് വിശേഷിപ്പിക്കാവുന്ന കാർഷിക മേഖല മുച്ചൂടും മുടിഞ്ഞു. കേന്ദ്ര സർക്കാർ പാർലമെന്റിൽ അവതരിപ്പിച്ച കണക്കുപ്രകാരം ഹരിയാനയിലെ ഒരു കാർഷിക കുടുംബത്തിന്റെ ശരാശരി മാസവരുമാനം 22,000 രൂപ മാത്രമാണ്. കാർഷിക, കാർഷികേതര മാർഗങ്ങളിലൂടെയുള്ള മൊത്തം ആദായമാണിത്. ഒാരോ ദിവസവും കൃഷിയിൽ നിന്നുള്ള വരുമാനം ഇടിയുകയാണ്.

സംസ്ഥാനത്തെ കൃഷിഭൂമി മറ്റ് ആവശ്യങ്ങൾക്കായി മാറ്റിയെടുക്കുന്നത് വ്യാപകമായിട്ടുണ്ട്. ഇതുവരെ മൊത്തം 2,40,000 ഹെക്ടർ കൃഷിഭൂമി മറ്റ് ആവശ്യങ്ങൾക്കുവേണ്ടി മാറ്റിയെടുത്തെന്നാണ് റിപ്പോർട്ട്. രാജ്യത്ത് കാർഷികേതര കാര്യങ്ങൾക്കായി മാറ്റിയെടുത്ത കൃഷിഭൂമിയുടെ 25 ശതമാനവും ഹരിയാനയിലാണെന്ന് കേന്ദ്രസർക്കാർ പാർലമെന്റിനെ അറിയിച്ചിട്ടുണ്ട്‌. മാറ്റിയെടുത്ത കൃഷിഭൂമിയിൽ സിംഹഭാഗവും കോർപ്പറേറ്റുകളാണ്‌ കയ്യടക്കുന്നത്‌. ശേഷിച്ച ഭ‍ൂമി സംസ്ഥാനത്തിലൂടെ കടന്നുപോകുന്ന ദേശീയപാതകളുടെ ഭാഗമായി മാറുന്നു.

കർഷകർക്ക്‌ മിനിമം താങ്ങുവില നൽകി വിള ഏറ്റെടുക്കാൻ സർക്കാർ തയ്യാറാകുന്നില്ല. ബിഹാർ, ഉത്തർ പ്രദേശ് തുടങ്ങിയ സംസ്ഥാനങ്ങളിൽ നിന്നും ചുളുവിലയ്ക്ക് നെല്ല് വാങ്ങി അത് വൻതോതിൽ ഹരിയാനയിലേക്ക് കടത്തും. നെല്ല് സംഭരണത്തിനുള്ള ഇ – പോർട്ടലുകളിൽ കൃത്രിമം കാണിച്ച് വ്യാജ ഗെയ്റ്റ് പാസുകളും വൺ ടൈം പാസ്-വേഡുകളും (ഒടിപി ) മറ്റും ഉണ്ടാക്കിയാണ് പുറത്തുനിന്നും നെല്ല് ഹരിയാനയിലേക്ക് കടത്തുന്നത്. ഇങ്ങനെ കടത്തിയ നെല്ല് മുഴുവൻ; ക്വിന്റലിന്‌ 2369 രൂപ മിനിമംതാങ്ങുവില നൽകി ഹരിയാനയിലെ കർഷകരിൽ നിന്നും സംഭരിച്ചതാണെന്ന് വ്യാജ രേഖയുണ്ടാക്കും.

അതിനുശേഷം, ആ നെല്ല് മുഴുവൻ വൻ വിലയ്ക്ക് വിറ്റഴിച്ച് കൊള്ളലാഭമുണ്ടാക്കും. ഹരിയാനയിലെ കർഷകർക്ക് നെല്ല് ക്വിന്റലിന്‌ 1200–1400 രൂപ മാത്രമാണ് ലഭിക്കുന്നതെന്ന വസ്തുത കൂടി മനസ്സിലാക്കിയാൽ മാത്രമേ ഈ കുംഭകോണത്തിന്റെ ആഴവും പരപ്പും വ്യക്തമാകുകയുള്ളൂ. ഹരിയാന, ഉത്തർപ്രദേശ്, ബിഹാർ സംസ്ഥാനങ്ങളിലെ ബിജെപി സർക്കാരുകളിലുള്ള ഉന്നതരും ഇടനിലക്കാരും സർക്കാർ ഉദ്യോഗസ്ഥരും മില്ലുടമകളും കണ്ണികളായ വൻ റാക്കറ്റുകളാണ് ‘സംഭരണ കുംഭകോണ’ത്തിനു പിന്നിലെന്ന് കർഷക സംഘടനകൾ ചൂണ്ടിക്കാണിച്ചു. നിർണായക രേഖകൾ സഹിതം തട്ടിപ്പ് തുറന്നുകാണിച്ചിട്ടും ഹരിയാന സർക്കാർ നിസ്സംഗത തുടരുകയാണ്.

ഇ‍ൗ കാലവർഷത്തിൽ അപ്രതീക്ഷിത പ്രളയത്തിൽ 31 ലക്ഷം ഏക്കറിലെ വിളകൾ നശിച്ചു. എന്നാൽ,‍ 1.20 ലക്ഷം ഏക്കറിലെ കൃഷി മാത്രമാണ്‌ നശിച്ചതെന്നാണ്‌ ബിജെപി സർക്കാരിന്റെ അവകാശവാദം. വിളനാശം കാരണം വലിയ പ്രതിസന്ധിയിലായ കർഷകർക്ക്‌ അർഹതപ്പെട്ട നഷ്ടപരിഹാരം അനുവദിക്കാൻപോലും ബിജെപി സർക്കാർ തയ്യാറായിട്ടില്ല.

സർക്കാർ സ്കൂളുകൾ 
അടച്ചുപൂട്ടുന്നു
ബിജെപി സർക്കാരിന്റെ ആസൂത്രിത നീക്കങ്ങൾ ഹരിയാനയിലെ വിദ്യാഭ്യാസമേഖലയെയും തകർത്തു. സർക്കാർ സ്‌കൂളുകൾ കൂട്ടത്തോടെ അടച്ചുപൂട്ടുന്നത്‌ പതിവായിട്ടുണ്ട്‌. ഉള്ള സ്‌കൂളുകളിൽ അധ്യാപകരെ നിയമിക്കാനും സർക്കാർ നടപടികൾ എടുക്കുന്നില്ല. 50,000 ത്തോളം അധ്യാപകരുടെ തസ്‌തികകൾ ഒഴിഞ്ഞുകിടക്കുകയാണ്‌.സാന്പത്തികമായി പിന്നാക്കം നിൽക്കുന്ന വിദ്യാർഥികളെ സർക്കാർ സഹായത്തോടെ സ്വകാര്യസ്‌കൂളുകളിൽ പഠിപ്പിക്കാൻ വേണ്ടി തുടങ്ങിയ ‘ചീരാഗ്‌ പദ്ധതി’യുടെ പേരിൽ വലിയ അഴിമതികളാണ്‌ നടക്കുന്നത്‌. 1.8 ലക്ഷം വരെ വാർഷികവരുമാനമുള്ള കുടുംബങ്ങളിലെ സർക്കാർ സ്‌കൂളുകളിൽ പഠിക്കുന്ന കുട്ടികൾക്ക്‌ രണ്ടാം ക്ലാസ്‌ മുതൽ പ്ലസ്‌ടു വരെ സ്വകാര്യസ്‌കൂളുകളിൽ പഠിക്കാൻ സഹായം നൽകുന്ന ചീരാഗ്‌ പദ്ധതിയുടെ പ്രധാന ലക്ഷ്യം പരമാവധി സർക്കാർ സ്‌കൂളുകൾ അടച്ചുപൂട്ടുകയാണ്‌. സർക്കാർ സ്‌കൂൾ ടീച്ചർമാരുടെ സംഘടനകൾ ഈ പദ്ധതിക്കെതിരെ പ്രതിഷേധ സമരങ്ങൾ തുടങ്ങിയിട്ടുണ്ട്‌.

ചീരാഗ്‌ പദ്ധതി നടപ്പാക്കിയാൽ സർക്കാർ സ്‌കൂളുകളിലെ 90 ശതമാനം കുട്ടികളും സ്വകാര്യസ്‌കൂളുകളിലേക്ക്‌ ഒഴുകുന്ന അവസ്ഥയുണ്ടാകും. സ്വകാര്യസ്‌കൂളുകളിലെ ഫീസ്‌ നൽകാൻ സർക്കാർ സഹായമുണ്ടെങ്കിലും മറ്റു പല സ‍ൗകര്യങ്ങളും ലഭിക്കണമെങ്കിൽ ഫീസിനേക്കാൾ ഇരട്ടിത്തുക മാതാപിതാക്കൾ സ്വന്തം കയ്യിൽ നിന്നും ചെലവിടേണ്ട അവസ്ഥയാണുള്ളത്‌.

ബിജെപി ഭരണത്തിൻകീഴിൽ സംസ്ഥാനത്തെ ഉന്നതവിദ്യാഭ്യാസ സ്ഥാപനങ്ങൾ ‘കാവിവൽക്കരിക്കാനുള്ള’ നീക്കങ്ങളും തകൃതിയായി പുരോഗമിക്കുന്നുണ്ട്‌. പല സർവ്വകലാശാലകളെയും കോളേജുകളെയും ആർഎസ്‌എസ്‌ കേഡർമാരെ വാർത്തെടുക്കാനുള്ള വേദികളായാണ്‌ ഉപയോഗിക്കുന്നത്‌. മിക്ക സ്ഥാപനങ്ങളിലും വിദ്യാർഥി സംഘടനകൾക്ക്‌ വിലക്കേർപ്പെടുത്തിയിട്ടുണ്ട്‌. യൂണിയൻ തിരഞ്ഞെടുപ്പുകൾ നടത്തിയിട്ട്‌ പതിറ്റാണ്ടുകളായി. സംസ്ഥാനത്ത്‌ കുതിച്ചുയരുന്ന തൊഴിലില്ലായ്‌മാ നിരക്ക്‌ ചെറുപ്പക്കാരെ മദ്യത്തിലേക്കും ലഹരിയിലേക്കും കുറ്റകൃത്യങ്ങളിലേക്കും തള്ളിയിടുന്നു. ക്രമസമാധാനപരിപാലനം പൂർണമായും പരാജയപ്പെട്ട ഹരിയാനയിൽ പട്ടാപ്പകൽ പോലും മാഫിയ, ഗ്യാങ്‌ ഏറ്റുമുട്ടലുകൾ തുടർക്കഥയാണ്‌. വർഗീയസംഘർഷങ്ങളും ഗോസംരക്ഷണത്തിന്റെ പേരിലുള്ള കൊലപാതകങ്ങളും കാരണം ന്യൂനപക്ഷ, ദളിത്‌ വിഭാഗങ്ങൾ വലിയ അരക്ഷിതാവസ്ഥയിലാണ്‌.

ആസൂത്രിത 
വേട്ടയാടലുകൾ
ഹരിയാനയിൽ ബിജെപി ഭരണത്തിൽ ന്യൂനപക്ഷങ്ങളെ ലക്ഷ്യമിട്ടുള്ള വർഗീയസംഘർഷങ്ങളും ഗോരക്ഷയുടെ പേരിലുള്ള കടന്നാക്രമണങ്ങളും ഗുരുതരമായ ക്രമസമാധാനപ്രശ്‌നങ്ങളും പതിവാണ്‌. 2023 ജൂലൈ 31ന്‌ മേവാത്തിലെ നൂഹ്‌ ജില്ലയിലുണ്ടായ വൻസംഘർഷങ്ങളിൽ ആറ്‌ പേർ കൊല്ലപ്പെട്ടു. നിരവധിപേർക്ക്‌ പരിക്കേറ്റു. വിശ്വഹിന്ദുപരിഷത്തിന്റെ റാലിയെത്തുടർന്നുണ്ടായ സംഘർഷങ്ങളിൽ നിരവധി മസ്‌ജിദുകൾ തകർക്കപ്പെട്ടു. ഗുരുഗ്രാം സെക്ടർ 57ലെ അഞ്‌ജുമാൻ ജുമാമസ്‌ജിദിന് തീകൊളുത്തി 26കാരനായ ഇമാമിനെ കൊലപ്പെടുത്തി.

ബിജെപി അധികാരമേറ്റതിനു തൊട്ടുപിന്നാലെ 2014 നവംബറിൽ വിവാദ ആൾദൈവം റാംപാലിന്റെ ആശ്രമത്തിലുണ്ടായ ഏറ്റുമുട്ടലിൽ ആറ്‌ പേർ കൊല്ലപ്പെട്ടിരുന്നു. കോടതിയലക്ഷ്യക്കേസിൽ റാംപാലിനെ അറസ്‌റ്റുചെയ്യാനെത്തിയ പൊലീസിനുനേരെ വലിയ ആക്രമണങ്ങളുണ്ടായി. സ്‌ത്രീകളും കുട്ടികളും ഉൾപ്പടെ നൂറുകണക്കിന്‌ അനുയായികളെ അണിനിരത്തി മനുഷ്യമതിലുണ്ടാക്കി റാംപാൽ പൊലീസിനെ പ്രതിരോധിച്ചു. റാംപാലിന്റെ ഗുണ്ടകളുടെ ആക്രണങ്ങളിൽ നിരവധി പൊലീസുകാർക്കും മാധ്യമപ്രവർത്തകർക്കും പരിക്കേറ്റു. ദിവസങ്ങൾക്കുശേഷം ആശ്രമത്തിനുള്ളിൽ കയറിയ പൊലീസ്‌ അഞ്ച്‌ സ്‌ത്രീകളുടെയും 18 മാസം പ്രായമുള്ള കുട്ടിയുടെയും മൃതദേഹങ്ങൾ കണ്ടെടുത്തു.

സംസ്ഥാനത്തിന്റെ പലഭാഗങ്ങളിലും സ്വയംപ്രഖ്യാപിത ഗോസംരക്ഷകരുടെ ആക്രമണങ്ങളും തുടർക്കഥയായി. 2015 ഡിസംബറിൽ കർണാലിൽ ഉത്തർപ്രദേശിലെ സഹാരൻപൂർ സ്വദേശിയായ കുടിയേറ്റത്തൊഴിലാളി ഖുഷ്‌നൂറിനെ (25) ഗോരക്ഷാസംഘം വെടിവെച്ച്‌ കൊന്നു. 2016 മാർച്ചിൽ സഹാരൻപൂർ സ്വദേശി മുസ്‌തൈൻ അബ്ബാസിനെ (27) ഗോരക്ഷാസംഘം തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്തി. കുരുക്ഷേത്രത്തിനടുത്തുള്ള അരുവിയിൽ നിന്നാണ്‌ മുസ്‌തൈന്റെ മൃതദേഹം കണ്ടെത്തിയത്‌. 2016 ജ‍ൂണിൽ കർണാലിൽ സഹാരൻപൂരിൽ തന്നെയുള്ള ഇർഫാനെ ഗോരക്ഷാസംഘം വകവരുത്തി. 2017 ജൂണിൽ ബല്ലഭ്‌ഗഢ്‌ സ്വദേശിയായ ജുനൈദ്‌ഖാനെ (16) നാല്‌ പേർ ചേർന്ന്‌ ട്രെയിനിലിട്ട് കുത്തിക്കൊന്ന സംഭവം രാജ്യത്തെ നടുക്കിയിരുന്നു. ബാഗിൽ ബീഫുണ്ടെന്ന്‌ ആരോപിച്ചാണ്‌ അക്രമികൾ ജുനൈദിനെയും സഹോദരൻമാരെയും ആക്രമിച്ചത്‌. ഇ‍ൗദ്‌ ആഘോഷങ്ങളുടെ ഭാഗമായി ഡൽഹിയിൽ നിന്നും സാധനങ്ങൾ വാങ്ങി ഇരുവരും വീട്ടിലേക്ക്‌ മടങ്ങവേയാണ്‌ നിഷ്‌ഠുരമായ ആക്രമണമുണ്ടായത്‌.

2016 ഫെബ്രുവരിയിൽ ഒബിസി ക്വാട്ടയിൽ സംവരണം ആവശ്യപ്പെട്ട്‌ ജാട്ട്‌ വിഭാഗക്കാർ നടത്തിയ പ്രതിഷേധത്തിനുനേരെയുള്ള പൊലീസ്‌ വെടിവെപ്പിൽ 30 പേർ കൊല്ലപ്പെട്ടു.

2017ൽ ‘ദേരാ സച്ചാ സൗദാ ‘ സംഘടനയുടെ തലവനായ ഗുർമീത് റാം റഹീം സിങ്ങിനെ ബലാത്സംഗക്കേസിൽ അറസ്റ്റുചെയ്യുന്നത് തടയാൻ കോടതി വളപ്പിൽ വലിയ സംഘർഷങ്ങളുണ്ടാക്കി. 30 ലേറെ പേർ കൊല്ലപ്പെട്ടു. പൊതുമുതൽ വ്യാപകമായി നശിപ്പിക്കപ്പെട്ടു. ജയിലിലായ റാം റഹീം സിങ്ങിന് വർഷത്തിൽ പലവട്ടം പരോളുകൾ അനുവദിച്ചത് വലിയ വിവാദമായിരുന്നു. സ്വയം പ്രഖ്യാപിത ആൾദൈവങ്ങളുടെ വോട്ട് നിർണായകമായതുകൊണ്ടാണ് റാം റഹീം സിങ്ങിനെ പോലെയുള്ളവർക്ക് ഇഷ്ടംപോലെ പരോളുകൾ കിട്ടുന്നത്. സംസ്ഥാനത്തിന്റെ പല ഭാഗങ്ങളിലും കുടിയേറ്റ തൊഴിലാളികൾക്കും കാശ്മീരികൾക്കും എതിരായ ആക്രമണങ്ങൾ സമീപകാലത്ത് വർദ്ധിച്ചിട്ടുണ്ട്.

അഴിമതിയുടെ 
കൂത്തരങ്ങ്
തന്റെ പാർട്ടി ഭരിക്കുമ്പോൾ അഴിമതിയുടെ ചെറിയ കണികപോലും എവിടെയും കാണാനാകില്ലെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി അവകാശപ്പെട്ടിരുന്നു. ‘തിന്നുകയുമില്ല, തീറ്റിക്കുകയുമില്ല’ – എന്നായിരുന്നു മോദിയുടെ പ്രശസ്തമായ ആ അവകാശവാദം. എന്നാൽ, ബിജെപിയുടെ 11 വർഷം നീണ്ട ഭരണത്തിൽ ഹരിയാന അഴിമതിയുടെ കൂത്തരങ്ങായി മാറിയെന്നതാണ് യാഥാർഥ്യം. മനോഹർ ലാൽ ഖട്ടർ മുഖ്യമന്ത്രിയായിരുന്ന കാലത്തും നായബ് സിങ് സെയ്നി മുഖ്യമന്ത്രിയായിരിക്കുന്ന കാലത്തും മാറ്റമില്ലാതെ തുടരുന്ന ഒരു കാര്യം,- ഭരണ സംവിധാനത്തിലെ വലിയ അഴിമതികളാണ്.

മദ്യ കുംഭകോണം, രജിസ്ട്രി കുംഭകോണം, നിയമന കുംഭകോണം, ചോദ്യപേപ്പർ ചോർത്തി നൽകൽ, സംഭരണ കുംഭകോണം, തൊഴിൽ രസീത് കുംഭകോണം തുടങ്ങിയവ ഉദാഹരണങ്ങൾ. ഹരിയാന കെട്ടിട നിർമാണ ക്ഷേമനിധി ബോർഡിൽ അഞ്ചു ലക്ഷത്തിലധികം വ്യാജ തൊഴിൽ രസീതുകളുണ്ടാക്കി ചുരുങ്ങിയത് 1500 കോടി രൂപ തട്ടിച്ചതായാണ് കണ്ടെത്തിയത്. പ്രധാന നിയമന പരീക്ഷകളുടെ ചോദ്യപേപ്പറുകൾ ചോർത്തിനൽകുന്ന റാക്കറ്റുകളും പരീക്ഷകളിൽ ആൾമാറാട്ടം നടത്തുന്ന റാക്കറ്റുകളും ഹരിയാനയിൽ വളരെ സജീവമാണ്. ജില്ലാ ടൗൺ പ്ലാനിങ് ഓഫീസറുടെ എൻഒസി ഇല്ലാതെ വിൽപ്പന, പാട്ട ഉടമ്പടികൾ രജിസ്റ്റർ ചെയ്ത നൂറിലേറെ റവന്യൂ ഉദ്യോഗസ്ഥർക്കെതിരെ കഴിഞ്ഞ ദിവസമാണ് കുറ്റപത്രം സമർപ്പിച്ചത്. 2017 മുതൽ 2021 വരെ രജിസ്റ്റർ ചെയ്ത 65,000 ത്തോളം ഉടമ്പടികളിൽ ക്രമക്കേട് നടന്നതായി സർക്കാർ തന്നെ തുറന്നു സമ്മതിച്ചിട്ടുണ്ട്.തഹസീൽദാർ, നായിബ് തഹസീൽദാർ, സബ് രജിസ്ട്രാർ, ജോയിന്റ് സബ് രജിസ്ട്രാർ തുടങ്ങിയ ഉദ്യോഗസ്ഥർക്കെല്ലാം രജിസ്ട്രേഷൻ കുംഭകോണത്തിൽ പങ്കുണ്ടായിരുന്നു. നെല്ല് സംഭരണത്തിന്റെ പേരിൽ നടക്കുന്ന വലിയ തട്ടിപ്പുകളിൽ വിശ്വാസ്യതയുള്ള അന്വേഷണം നടത്തണമെന്ന ആവശ്യം ബിജെപി സർക്കാർ ഇനിയും ചെവിക്കൊണ്ടിട്ടില്ല. തൊഴിലില്ലായ്മ വർദ്ധിച്ചതോടെ ഹരിയാനയിലെ നൂഹ് ജില്ല സൈബർ തട്ടിപ്പ് സംഘങ്ങളുടെ വിഹാരകേന്ദ്രമായി മാറി. കഴിഞ്ഞ വർഷം 3000 കോടി രൂപയുടെ സൈബർ തട്ടിപ്പ് അന്വേഷിച്ച മധ്യപ്രദേശ് പൊലീസ്, തട്ടിപ്പിന്റെ പ്രഭവ കേന്ദ്രം നൂഹ് ആണെന്ന് കണ്ടെത്തിയിരുന്നു. ബിജെപി ഭരണത്തിൻ കീഴിൽ സംസ്ഥാനത്തെ ആരോഗ്യമേഖലയും ഐസിയുവിലാണ്. ജിന്ദിലെ നർവാനാ സിവിൽ ആശുപത്രിയിൽ മൃതദേഹത്തിൽ എലികൾ കടിച്ച സംഭവം വലിയ വാർത്തയായിരുന്നു. ആവശ്യത്തിന് ഫണ്ടുകൾ അനുവദിക്കാത്തതിനെ തുടർന്ന് മിക്ക സർക്കാർ ആശുപത്രികളിലെയും സാഹചര്യങ്ങൾ പരമദയനീയമാണ്. ഒരിടത്തും ആവശ്യത്തിന് ഡോക്ടർമാരില്ല.

കോൺഗ്രസ് 
പരാജയം
ഹരിയാനയിലെ ഒരു പതിറ്റാണ്ട് നീണ്ട ബിജെപി ഭരണം അവസാനിപ്പിക്കാനുള്ള സുവർണാവസരമാണ് കോൺഗ്രസ് കഴിഞ്ഞ വർഷം നഷ്ടപ്പെടുത്തിയത്. ശക്തമായ ഭരണവിരുദ്ധ വികാരവും ലോക്-സഭാ തിരഞ്ഞെടുപ്പിലെ മെച്ചപ്പെട്ട പ്രകടനവും കോൺഗ്രസിന് പ്രതീക്ഷ നൽകിയിരുന്നു. അമിത ആത്മവിശ്വാസവും പാർട്ടിക്കുള്ളിലെ പടലപ്പിണക്കങ്ങളും ജാട്ട് ഇതര വോട്ടുകളുടെ കേന്ദ്രീകരണവും ദളിത് വോട്ട് ബാങ്കിലെ പിളർപ്പും കോൺഗ്രസിന് തിരിച്ചടിയായി. ഭൂപീന്ദർ സിങ് ഹൂഡയുടെ നേതൃത്വത്തിൽ പ്രതിപക്ഷമെന്ന നിലയിലും കോൺഗ്രസ് പരാജയമാണ്. കർഷകരുടെയും തൊഴിലാളികളുടെയും സമരങ്ങളാണ് പലപ്പോഴും ബിജെപി സർക്കാരിനെ വിറപ്പിക്കുന്നത്. l

ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

11 − 4 =

Most Popular