സംഘപരിവാറിന്റെ ഓപ്പറേഷൻ കേരളയുടെ അജൻഡ അമിത് ഷാ അനാവരണം ചെയ്തത് എത്രപേർ സൂക്ഷ്മമായി ശ്രദ്ധിച്ചു എന്നറിയില്ല. സംഘപരിവാരത്തിന്റെ കേരള അജൻഡ മൂന്നു കാലുകളുള്ള പരിപാടിയാണത്രെ! പശ്ചാത്തലസൗകര്യം, ശാസ്ത്ര സാങ്കേതിക ഗവേഷണവും വികസനവും , വിദ്യാഭ്യാസം, വ്യവസായ വികസനം, വ്യക്തിഗത വരുമാന വർദ്ധനവ് എന്നിവയിൽ ഊന്നുന്ന ‘വികസിത് കേരള’മാണ് ഒന്നാം കാൽ. സുരക്ഷിത കേരളം എന്നതാണ് രണ്ടാമത്തെ ഊന്നൽ. എല്ലാ പൗരരും സുരക്ഷിതരായിരിക്കുന്ന സ്ഥിതി എന്നതാണ് ഈ ഘടകത്തിന്റെ വിശദീകരണം എന്നതു പ്രത്യേകംതന്നെ കാണണം. ‘എല്ലാ മത വിഭാഗങ്ങളുടെയും വിശ്വാസത്തെയും ആരാധനാവകാശങ്ങളെയും മാനിക്കുന്ന കേരളം’ എന്നതാണ് സംഘപരിവാറിന്റെ ഓപ്പറേഷൻ കേരളയുടെ മൂന്നാം തൂണ് എന്നാണ് അമിത്ഷാ പ്രഖ്യാപിച്ചത്. എൽഡിഎഫ്, യുഡിഎഫ് മുന്നണികൾ മാറി മാറി ഭരിച്ച് കേരള രാഷ്ട്രീയം ഒരുതരം സ്തംഭനാവസ്ഥയിലെത്തി എന്നാണ് അമിത് ഷായുടെ അവകാശവാദം. ഇത് മാറുകയാണത്രെ. എന്താണ് തെളിവ്? 2014 ലെ ലോക്-സഭാ തിരഞ്ഞെടുപ്പിൽ ബിജെപിയുടെ വോട്ടുവിഹിതം 11 ശതമാനമായിരുന്നത് 2024ലെ ലോക്- സഭാ തിരഞ്ഞെടുപ്പിൽ 20 ശതമാനമായി ഉയർന്നല്ലോ . 2025 ലെ തദ്ദേശ ഭരണ സ്ഥാപന തിരഞ്ഞെടുപ്പിൽ തലസ്ഥാന നഗരത്തിലെ കോർപ്പറേഷൻ ഭരണം കയ്യടക്കിയത് എടുത്തുപറഞ്ഞ് ആ 20 ശതമാനം ഇരട്ടിക്കാൻ ഇനി താമസമില്ല എന്നു സ്ഥാപിക്കാൻ നോക്കുകയാണ് ബിജെപിക്കാർ. അസമിലും ത്രിപുരയിലും മണിപ്പൂരിലും മറ്റും ശൂന്യതയിൽനിന്നും അധികാരത്തിലെത്തിയ കഥ പറഞ്ഞ് അമിത്ഷാ സംഘപരിവാറുകാരുടെ അജൻഡ വ്യക്തമാക്കി. ഓരോ സംസ്ഥാനവും അവയുടെ സാധ്യതയുടെ പരമാവധി നേടുക വഴി മാത്രമേ വികസിത് ഭാരത് യാഥാർഥ്യമാകൂ പോലും. ഇന്ത്യൻ ഫെഡറൽ ഘടനയെ ഇമ്മാതിരി താലോലിയ്ക്കുന്ന മറ്റൊരു രാഷ്ട്രീയ പ്രസ്ഥാനം മറ്റേതുണ്ട്. എന്നു നാം അറിയാതെ ആശ്ചര്യപ്പെട്ടുപോകും! കേരളത്തോട് ധനപരമായ വിവേചനം എന്ന ആക്ഷേപം ഖണ്ഡിക്കാൻ 2004–-2014 കാലത്തെയും 2014–-2024 കാലത്തെയും യൂണിയൻ കൈമാറ്റ കണക്കുകളിലെ തുകക്കണക്കും അവതരിപ്പിക്കുന്നുണ്ട് അമിത്ഷാ. രാജ്യം കണ്ട ഏറ്റവും ഭീതിദമായ ഉരുൾപൊട്ടലുണ്ടായപ്പോൾപോലും രാഷ്ട്രീയ വിദ്വേഷത്താൽ വിവേചനം കാണിച്ച മോദിയും അമിത് ഷായും ആർഎസ്എസും പറയുന്ന വികസിത് കേരള അജൻഡ തികഞ്ഞ നുണയും പൊള്ളയുമാണ്.
സംസ്ഥാനങ്ങളെ അസ്ഥിരമാക്കുന്ന
ആർഎസ്എസ്
എല്ലാ സംസ്ഥാനങ്ങളും അവയുടെ സാധ്യതയുടെ പരമാവധി ഉയരുമ്പോഴാണത്രെ വികസിത് ഭാരത് സ്വായത്തമാകുക. വികസിത് കേരളം എന്നതിലൂടെയല്ലാതെ വികസിത് ഭാരത് അസാധ്യമാണ് എന്നും ഈ അജൻഡ പറയുന്നുണ്ട്. എത്ര മനോഹരമായ വാക്കുകൾ! കേരളത്തോട് യൂണിയൻ സർക്കാർ പുലർത്തുന്ന ശത്രുതാപരമായ സമീപനം അവിടെ നിൽക്കട്ടെ. ബിജെപി നയിക്കുന്ന യൂണിയൻ സർക്കാർ സംസ്ഥാനങ്ങളെ കൈകാര്യം ചെയ്യുന്നത് അവയെ സാധ്യതയുടെ പരമാവധി നേട്ടം കൈവരിക്കാൻ സഹായിക്കുംവിധമാണോ ? അല്ല എന്നതിന് തെളിവുകൾ നിരത്തേണ്ട ആവശ്യംപോലുമില്ല.
സവിശേഷമായ ഒന്നാണ് ഇന്ത്യൻ ഫെഡറൽ ഘടന. സ്വതന്ത്രമായ ഫെഡറൽ യൂണിറ്റുകളുടെ യൂണിയനല്ല ഇന്ത്യ. വിഭജനത്തിന്റെ വ്യഥകൾ പേറുന്ന ഘട്ടത്തിൽ രൂപപ്പെട്ട ഭരണഘടന ശക്തമായ ദേശീയ സർക്കാർ എന്ന ആവശ്യത്തിന് വഴങ്ങുകയായിരുന്നു എന്നു കരുതണം. അതേസമയം ഭരണഘടനാ നിർമ്മാതാക്കളുടെ വീക്ഷണം ഭരണഘടനാ അസംബ്ലി ചർച്ചകളിൽ വ്യക്തമാണ്. അതിവിശാലമായ രാജ്യത്തിന്റെ എണ്ണിയാലൊടുങ്ങാത്ത വൈജാത്യങ്ങളെ ചേർത്തുപിടിക്കുന്ന സവിശേഷ പരിഗണനകളുടെയും സ്റ്റാറ്റസുകളുടെയും ഒരു ഏകോപനമാണ് ഇന്ത്യൻ ഫെഡറൽ ഘടന എന്നതാണ് ഇതിന്റെ കാതൽ. പല സംസ്ഥാനങ്ങൾക്കുമുള്ള പ്രത്യേക പദവികൾ,വിവിധ ഭാഷകൾക്കും വിശ്വാസങ്ങൾക്കും എല്ലാമുള്ള അംഗീകാരം എന്നിവയൊക്കെ ഇന്ത്യൻ ഫെഡറൽ ഘടനയുടെ സവിശേഷതകളാണ്. ചുരുക്കത്തിൽ, വൈജാത്യങ്ങളെ ചേർത്തുനിർത്തുന്ന ഒരു ഘടനയാണ് ഭരണഘടന വിഭാവനം ചെയ്യുന്നത്.
ഇന്ത്യ ക്വാസി ഫെഡറൽ ഘടനയാണ്, ഇന്ത്യയുടേത് കോഓപ്പറേറ്റീവ് ഫെഡറലിസമാണ് എന്നൊക്കെ പറയാറുണ്ടല്ലോ? കരുണാനിധി കേസിലും എസ് ആർ ബൊമ്മെെ കേസിലും തുടങ്ങി സുപ്രീം കോടതി പലവട്ടം ഇന്ത്യൻ ഫെഡറൽ ഘടനയെ വ്യാഖ്യാനിച്ചിട്ടുണ്ട്. ഫെഡറലിസം ഇന്ത്യൻ ഭരണഘടനയുടെ അടിസ്ഥാന ഘടനയാണ് എന്നതാണ് പരമോന്നത കോടതിയുടെ തീർപ്പ്. സമീപകാലത്ത് ഒരു ജിഎസ്ടി കേസിൽ സുപ്രീം കോടതി നടത്തിയ നിഗമനം ഇന്നത്തെ സാഹചര്യത്തിൽ ഏറെ പ്രസക്തമാണ്. കോ-ഓപ്പറേറ്റീവ് ഫെഡറലിസം പോലെ അൺകോഓപ്പറേറ്റീവ് ഫെഡറലിസം എന്നതും പ്രസക്തമാണ് എന്നതായിരുന്നു ആ നിരീക്ഷണം . “.. Indian Federalism is a dialogue between cooperative and uncooperative federalism where the federating units are at liberty to use different means of persuasion from collaboration to contestation.” (Union of India & Anr Vs M/s Mohit minerals Pvt Ltd 2022). വിയോജിക്കാനും വ്യത്യസ്ത നിലപാടെടുക്കാനും അതിന്റെ അടിസ്ഥാനത്തിൽ യൂണിയൻ സർക്കാരിന്റെ നിലപാടുകളെ ചോദ്യം ചെയ്യാനുമുള്ള സംസ്ഥാനങ്ങളുടെ അവകാശത്തെ ഉയർത്തിപ്പിടിക്കുകയാണ് സുപ്രീം കോടതി ചെയ്യുന്നത്. അതേസമയം ഇതിനെ മറികടക്കുന്നതിന് എല്ലാ വഴികളും തന്ത്രവും സ്വീകരിക്കുകയാണ് യൂണിയൻ സർക്കാർ. വൈജാത്യങ്ങളുടെ ഏകോപനം എന്ന തത്ത്വം അവർ അംഗീകരിക്കുന്നേയില്ല. വൈജാത്യങ്ങൾ നിലനിർത്തിക്കൊണ്ടുള്ള ഒരു രാജ്യം എന്നത് മോദി സർക്കാരിന് പഥ്യവുമല്ല.
സാംസ്കാരിക വൈവിധ്യത്തെയും വൈജാത്യങ്ങളെയും മാത്രമല്ല, വികസന വൈജാത്യങ്ങളെയും അവഗണിച്ചും തിരസ്കരിച്ചും രാജ്യത്തെ ഒറ്റ രാഷ്ട്രീയാധികാരത്തിനു കീഴ്പ്പെടുത്തുക എന്നതാണ് യൂണിയൻ സർക്കാരിന്റെ അജൻഡ. അതിനായി ധനകേന്ദ്രീകരണം,ഏകപക്ഷീയമായ ഭരണ നടപടികൾ,രാഷ്ട്രീയ കേന്ദ്രീകരണത്തിനുള്ള കുതന്ത്രങ്ങൾ എല്ലാം സ്വീകരിക്കുകയാണ് യൂണിയൻ സർക്കാർ.
ചെന്നൈയിൽ തമിഴ്നാട് മുഖ്യമന്ത്രി എം. കെ സ്റ്റാലിൻ വിളിച്ചുചേർത്ത യോഗത്തിൽ കേരളമുഖ്യമന്ത്രി പിണറായി വിജയൻ നടത്തിയ പ്രസംഗം ഇവിടെ ഏറെ പ്രസക്തമാണ്, “ധന നയങ്ങൾ, ഭാഷാ നയങ്ങൾ, സാംസ്കാരിക നയങ്ങൾ, ഇപ്പോൾ പ്രാതിനിധ്യം നിശ്ചയിക്കൽ വരെയുള്ള കേന്ദ്ര സർക്കാരിന്റെ നടപടികൾ ഇന്ത്യയുടെ ഫെഡറൽ സംവിധാനത്തെയും ജനാധിപത്യ ചട്ടക്കൂടിനെയും അസ്ഥിരപ്പെടുത്തുകയാണ്. നിങ്ങളുടെ ജനസംഖ്യ കുറഞ്ഞിരിക്കുന്നു, അതുകൊണ്ട് നിങ്ങൾ കുറച്ചു ഫണ്ടുകളും കുറഞ്ഞ പ്രാതിനിധ്യവുമേ അർഹിക്കുന്നുള്ളു എന്ന സ്ഥിതി പരിതാപകരമാണ്”. എങ്ങനെയാണ് മോദിയുടെയും അമിത് ഷായുടെയും നേതൃത്വത്തിലുളള യൂണിയൻ സർക്കാർ ഇന്ത്യൻ സംസ്ഥാനങ്ങളെ അസ്ഥിരമാക്കുന്നത് എന്നു കാണുന്നവർ ഇപ്പോൾ ഇക്കൂട്ടർ നടത്തുന്ന വികസിത് കേരള വാചകക്കസർത്ത് കണ്ട് അത്ഭുതപ്പെട്ടുപോകും.
തങ്ങളുടെ രാഷ്ട്രീയ അധികാര കേന്ദ്രീകരണ അജൻഡ ഏതു വിധേനയും നടപ്പിലാക്കുക എന്നതാണ് യൂണിയൻ സർക്കാരിന്റെ സമീപനം. അതിനായി സ്വീകരിക്കുന്ന വഴികൾ പലതാണ്. തങ്ങളുടെ രാഷ്ട്രീയ പ്രത്യയശാസ്ത്ര അജൻഡയ്-ക്ക് സംസ്ഥാനങ്ങളെ വിധേയമാക്കാൻ പല കേന്ദ്ര പദ്ധതികളെയും ദുരുപയോഗം ചെയ്യുന്നതിന്റെ നിരവധി ഉദാഹരണങ്ങളാണ് നമ്മുടെ മുന്നിലുള്ളത്. കേരളത്തിന്റെ പുകൾപെറ്റ പ്രാഥമിക സംവിധാനങ്ങളെ യൂണിയൻ സർക്കാർ നിശ്ചയിക്കുന്ന പേരും നിറവും ബോർഡും രീതികളും സ്വീകരിച്ച് ബ്രാൻഡ് ചെയ്യണം എന്നു നിഷ്കർഷിക്കുന്നത് എന്തിനാണ്? പ്രാഥമിക ആരോഗ്യ രക്ഷാ സംവിധാനത്തിന്റെ കാര്യത്തിൽ കേരളത്തെ കണ്ടു പഠിക്കൂ എന്നാണ് പതിനഞ്ചാം ധനക്കമ്മീഷൻ നിർദ്ദേശിച്ചത്. എന്നാൽ യൂണിയൻ സർക്കാർ ചെയ്യുന്നതോ? അവർ അടിച്ചേൽപ്പിക്കുന്ന, സംസ്ഥാനത്തിന് ചേരാത്ത നിബന്ധനകൾ വെച്ച് കേരളത്തിനു പിഴയിടുന്നു. എത്രയോ കാലംകൊണ്ട് കേരളം ആർജ്ജിച്ച നേട്ടമാണ് സുസജ്ജമായ ആരോഗ്യ സുരക്ഷാ ശൃംഖല. കേരളത്തിന്റെ വാർഷിക ഹെൽത്ത് ബജറ്റിന്റെ ഏഴു ശതമാനം പോലുമില്ലാത്ത യൂണിയൻ വിഹിതത്തിന്റെ പേരിൽ അവർ പറയുന്ന പേരും നിറവും ചാർത്തണം എന്നൊക്കെയുള്ള നിലപാടാണ് മോദി സർക്കാർ സ്വീകരിക്കുന്നത്.
വിദ്യാഭ്യാസ മേഖലയിലെ ഫണ്ട് നിഷേധവും ഇതേ മാതൃകയിലാണ് യൂണിയൻ സർക്കാർ നടപ്പിലാക്കുന്നത്. സ്കൂൾ വിദ്യാഭ്യാസ മേഖലയിലെ സംസ്ഥാനത്തിന്റെ നേട്ടങ്ങളെ നിഷേധിക്കാൻ ഇപ്പോൾ അമിത്ഷാ പുറത്തുവിട്ട കേരള അജൻഡയയ്ക്കുപോലും സാധിക്കുന്നില്ല എന്നു കാണണം. പിന്നെ എന്തുകൊണ്ടാണ് മോദി സർക്കാർ, കഷ്ടപ്പെട്ടു കണ്ടെത്തുന്ന സാങ്കേതികതയുടെ പേരിൽ കേരള സ്കൂൾ വിദ്യാഭ്യാസ മേഖലയുടെ ആയിരത്തിലധികം കോടി രൂപയുടെ യൂണിയൻ വിഹിതം നിഷേധിക്കുന്നത്? പി. എം. ശ്രീ പദ്ധതി വേണ്ട എന്നു വെയ്ക്കാൻ ഒരു സംസ്ഥാനത്തിന് അവകാശമില്ലേ? വേണ്ടെന്നു പറഞ്ഞാൽ ആ പദ്ധതിക്കുള്ള യൂണിയൻ വിഹിതം നഷ്ടമാകും എന്നു പറയുന്നതു മനസ്സിലാക്കാം. എന്നാൽ അതിന്റെ പേരിൽ സ്കൂൾ വിദ്യാഭ്യാസ മേഖലയുടെ യൂണിയൻ വിഹിതം അപ്പാടെ തടഞ്ഞു പിഴയിടുന്നതോ? ഇവരാണോ സംസ്ഥാനങ്ങളെ അവയുടെ സാധ്യതയുടെ പരമാവധിയിൽ വളർത്തി വികസിത് ഭാരത് സൃഷ്ടിക്കാൻ നടക്കുന്നത്?
കേരളത്തിന്റെ ലൈഫ് ഭവന പദ്ധതി ദേശീയ തലത്തിൽ മാതൃകയായ ഒന്നാണ് എന്നു പറയുന്നതു മോദിയുടെ തിങ്ക് ടാങ്ക് ആയ നിതി ആയോഗാണ് . ഇപ്പോൾ എന്താണ് സംഭവിക്കുന്നത്. പ്രധാന മന്ത്രി ആവാസ് യോജനയുടെ നാമമാത്രമായ സഹായം ബ്രാൻഡിങ്ങിന്റെ പേരിൽ കേരളത്തിനു നിഷേധിക്കുകയാണ് മോദിസർക്കാർ. മനുഷ്യരുടെ വീടിനു മുന്നിൽ മോദിയുടെ പടവും പേരും വെയ്ക്കണം പോലും. ലൈഫ് ഭവന പദ്ധതിയിലെ വീടുകൾ അവരുടെ അവകാശമാണ്, ആരുടെയും, ഒരു സർക്കാരിന്റെയും ഔദാര്യമല്ല എന്ന് നിലപാടാണ് കേരളം സ്വീകരിക്കുന്നത്. കേരള സംസ്ഥാനത്തെ ഇങ്ങനെ പിഴയടിച്ചു കൈകാര്യം ചെയ്യുന്ന മോദിയും അമിത്ഷായും സംസ്ഥാനങ്ങളെ സാധ്യതയുടെ പരമാവധി കൈവരിക്കാൻ സഹായിക്കും എന്നാണ് രാജീവ് ചന്ദ്രശേഖരൻ ഘോരഘോരം പ്രസംഗിക്കുന്നത്.
മഹാത്മാഗാന്ധി ദേശീയ തൊഴിലുറപ്പ് പദ്ധതിയുടെ സ്ഥിതി നോക്കൂ. വിബി–ജിആർഎഎം (ജി)നിയമം എന്താണ് ചെയ്യുന്നത്. യൂണിയൻ സർക്കാരിനെ തൊഴിലുറപ്പ് ഉത്തരവാദിത്തത്തിൽനിന്നും വിടുതൽ ചെയ്തു. സംസ്ഥാനങ്ങളുടെ തലയിൽ അതു കെട്ടിവച്ചു. ഏതൊരു കേന്ദ്രാവിഷ്കൃത പദ്ധതിയിലെയും പോലെ സംസ്ഥാനങ്ങളുടെ വിഹിതം ഈ പദ്ധതിയിലും ഗണ്യമായി ഉയർത്തി. കേരളം അതിന്റെ ചടുലമായ തദ്ദേശ ഭരണ സംവിധാനത്തിന്റെ പശ്ചാത്തലത്തിൽ നന്നായി നടത്തിയ ഈ പദ്ധതി പുതിയ നിയമപ്രകാരം കേരളത്തിനു ബാധ്യതയാക്കുകയാണ് മോദി സർക്കാർ.
തങ്ങളുടെ പ്രത്യയശാസ്ത്ര ശാഠ്യങ്ങൾക്ക് കൂട്ടുനിന്നില്ലെങ്കിൽ ഫെയർ ഷെയർ തന്നെ നിഷേധിക്കും എന്ന ഏകാധിപത്യ സമീപനമാണ് ഇതിലൊക്കെ കാണുന്നത്. യൂണിയൻ സർക്കാരിന്റെ നിലപാടുകൾ അടിച്ചേൽപ്പിക്കാൻ കേന്ദ്രാവിഷ്കൃത പദ്ധതികളെയും പദ്ധതി വിഹിതത്തിന്റെ റിലീസിനേയുമെല്ലാം ദുരുപയോഗം ചെയ്യുകയാണ് മോദി സർക്കാർ ചെയ്യുന്നത്.
ചോദ്യംചെയ്യാൻ പോയിട്ട് ഡയലോഗിനുള്ള സാധ്യതകൾപോലും നിരാകരിക്കുന്നവിധമുള്ള കേന്ദ്രീകരണ പ്രവണതയാണ് മോദി സർക്കാരിന്റെ മുഖമുദ്ര. സംസ്ഥാനങ്ങളെ അവയുടെ സാധ്യതയുടെ പരമാവധി നേട്ടം കൈവരിക്കാൻ സഹായിക്കുന്നില്ല എന്നു മാത്രമല്ല, തങ്ങളുടെ രാഷ്ട്രീയ പ്രത്യയശാസ്ത്ര പദ്ധതി പിന്തുടരാത്ത സംസ്ഥാനങ്ങളെ പിഴയട്ടും ശിക്ഷ വിധിച്ചും മെരുക്കാനാണ് നോക്കുന്നത്. ഇത്തരക്കാരുടെ വികസിത് കേരള വാചകമടി തുറന്നുകാട്ടപ്പെടുക തന്നെ ചെയ്യും.
നിയമസഭകളെ അസ്ഥിരമാക്കുന്ന
ആർഎസ്എസ് യൂണിയൻ സർക്കാർ
നിയമസഭ പാസാക്കിയ ബില്ലുകളിൽ ഒപ്പിടാത്ത ഗവർണർമാരാണ് ഇന്നത്തെ ഇന്ത്യൻ ഫെഡറൽ ഘടനയുടെ മറ്റൊരു സ്വഭാവം. ഭരണഘടന സംസ്ഥാന നിയമസഭകൾക്ക് കൊടുത്തിരിക്കുന്ന നിയമ നിർമ്മാണ അധികാരം ഗവർണർമാരെ ഉപയോഗിച്ചു തടയുന്ന എൻഡിഎ നേതൃത്വത്തിലുള്ള യൂണിയൻ സർക്കാർ സംസ്ഥാനങ്ങളുടെ പരമാവധി വളർച്ചയെ സഹായിക്കും എന്നു പറയുന്നതിലെ അസംബന്ധം ആലോചിച്ചു നോക്കൂ. അസംബ്ലിയുടെ നിയമനിർമ്മാണ അധികാരത്തെ അനന്തമായി തടഞ്ഞുവെയ്ക്കാൻ ഗവർണർക്ക് ഭരണഘടന അധികാരം നൽകുന്നുണ്ടോ? തിരഞ്ഞെടുക്കപ്പെട്ട സംസ്ഥാന നിയമസഭകൾക്കും സർക്കാരിനും മേൽ യൂണിയൻ ഗവൺമെന്റിന്റെ ഇംഗിതപ്രകാരം ഇല്ലാത്ത വീറ്റോ അധികാരം ഉപയോഗിക്കുകയാണ് ഗവർണർമാർ ചെയ്യുന്നത്. സംസ്ഥാനങ്ങളിൽ തിരഞ്ഞെടുക്കപ്പെടുന്ന സർക്കാരിന്റെ ഉപദേശം അനുസരിച്ച് ഗവർണർ ചുമതല നിർവഹിക്കണം. നിയമനിർമ്മാണ അധികാരങ്ങൾക്കും എക്സിക്യൂട്ടീവ് അധികാരങ്ങൾക്കും ഇത് ബാധകമാണ്. ഹിന്ദു കോഡ് ബില്ലിൽ ഒപ്പിടുന്നതുമായി ബന്ധപ്പെട്ട് പ്രസിഡന്റ് ഡോ.രാജേന്ദ്ര പ്രസാദ് ആദ്യ അറ്റോർണി ജനറൽ എം.സി.സെതൽവാദിനോട് നിയമോപദേശം തേടി. സഭയിലെ പ്രസംഗവും ബില്ലുകൾ ഒപ്പിടുന്നതും മടക്കുന്നതും അടക്കം എല്ലാ അധികാരങ്ങളും മന്ത്രിസഭയുടെ ഉപദേശ പ്രകാരമാണ് നിർവ്വഹിക്കേണ്ടത് എന്നാണ് അറ്റോർണി ജനറൽ നിയമോപദേശം നൽകിയത്. Shamsher Singh v. State of Punjab കേസിലെ വിധിയിൽ സുപ്രീം കോടതി ഇത് ഉദ്ധരിച്ചിട്ടുണ്ട്. നിയമ വ്യവസ്ഥ ഇതായിരിക്കെയാണ് കേരളത്തിലും തമിഴ്നാട്ടിലും പഞ്ചാബിലുമെല്ലാം ഗവർണർമാരെ ഉപയോഗിച്ച് നിയമസഭകളെയും സംസ്ഥാന സർക്കാരിനെയും അസ്ഥിരപ്പെടുത്താൻ യൂണിയൻ സർക്കാർ നോക്കുന്നത്. ഒടുക്കം പഞ്ചാബ് കേസിൽ സുപ്രീം കോടതി, ബില്ലുകൾ അനന്തമായി പിടിച്ചുവെയ്ക്കാൻ ഗവർണർമാർക്ക് അധികാരമില്ല എന്നു വിധിച്ചപ്പോൾ ചെയ്തത് എന്താണ്? പിടിച്ചുവെച്ച ബില്ലുകൾ ഒരു കാരണവും കാണിക്കാതെ രാഷ്ട്രപതിക്ക് റിസർവ് ചെയ്തു. ഇതും സുപ്രീം കോടതിയുടെ പരിശോധനയ്ക്ക് വിധേയമായി. അങ്ങനെ തമിഴ്നാട് കേസിൽ ഒരു തീർപ്പുവന്നു. ഗവർണർമാർക്കും പ്രസിഡണ്ടിനും നിയമ സഭകൾ പാസാക്കുന്ന ബില്ലുകൾ അനന്തമായി തടയുന്നതിന് അധികാരമില്ല. എന്നാൽ ഈ വിധിയോട് മോദി സർക്കാർ സ്വീകരിച്ച സമീപനം എന്തായിരുന്നു? തമിഴ്നാട് വിധിയെ പുനഃപരിശോധനാ ഹർജിയിലൂടെയോ അപ്പീലൂടെയോ ചോദ്യം ചെയ്യുകയല്ല യൂണിയൻ സർക്കാർ ചെയ്തത്. പകരം പ്രസിഡെൻഷ്യൽ റഫറൻസ് വഴി ആ വിധിയെത്തന്നെ മരവിപ്പിക്കുന്ന നീക്കമാണ് നടത്തിയത്. പ്രസിഡൻഷ്യൽ റഫറൻസിലെ റൂളിങ്ങിന് ഉപദേശ സ്വഭാവമാണുള്ളത് എന്നത് നമുക്കറിയാം. എന്നാൽ റഫറൻസിലെ നിഗമനങ്ങൾക്കു ദൂരവ്യാപകമായ സ്വാധീനം സ്വാഭാവികമാണല്ലോ . ഇപ്പോൾ എന്താണ് സ്ഥിതി? നിയമസഭകൾ പാസാക്കുന്ന ബില്ലുകൾ നിയമമാകുമോ എന്നതിൽ ഒരു നിശ്ചയവുമില്ലാത്ത സ്ഥിതിയാണ് സംജാതമായത്. സംസ്ഥാന നിയമസഭകൾ ഓരോ സംസ്ഥാനത്തിലെയും ജനഹിതത്തിന്റെ ഉൽപ്പന്നങ്ങളാണ്. ഭരണഘടന ഏഴാം പട്ടികവഴി നിയമസഭകൾക്ക് നൽകുന്ന നിയമനിർമ്മാണ അധികാരത്തെയും ഭരണ അധികാരത്തെയും ഗവർണർമാരെ ദുരുപയോഗപ്പെടുത്തി മരവിപ്പിക്കുന്ന മോദി സർക്കാരും ഭരണകക്ഷിയും സംസ്ഥാനങ്ങളെ അവയുടെ പരമാവധി നേട്ടം കൈവരിക്കാൻ സഹായിക്കും എന്നുപറയുന്നതിൽപരം അസംബന്ധം വേറെയുണ്ടോ?
വികസിത് കേരളം
കേരളത്തെ ബിജെപി വികസിപ്പിക്കാൻ ഉദ്ദേശിക്കുന്ന വഴി പറയുന്നത് കൗതുകകരമാണ്. പശ്ചാത്തലസൗകര്യ സൃഷ്ടിയാണ് ഒരു പ്രധാന വഴി. കേരളത്തിന്റെ പ്രധാനപ്പെട്ട ഒരു വികസന വെല്ലുവിളി സംസ്ഥാനത്തിന്റെ പശ്ചാത്തലസൗകര്യ പരിമിതിയായിരുന്നു എന്നത് അംഗീകരിക്കപ്പെട്ട വസ്തുതയാണ്. പക്ഷെ ഇടതുപക്ഷ തരണത്തിന്റെ ഈ പത്തുവർഷംകൊണ്ട് അത് മാറിയിരിക്കുന്നു എന്നത് മറ്റൊരു വസ്തുതയാണ്. പൊതുവിദ്യാഭ്യാസത്തിലും പൊതുജനാരോഗ്യത്തിലും പൊതുവിതരണത്തിലും എല്ലാമുള്ള പൊതു മുതൽമുടക്കിനാണ് ഐക്യ കേരള രൂപീകരണം മുതൽ ഊന്നൽ നൽകിപ്പോരുന്നത്. കേരളത്തിന്റെ ഉന്നത നിലവാരത്തിലുള്ള മനുഷ്യ വിഭവ ശേഷിയുടെ സൃഷ്ടിയുടെ അടിസ്ഥാനം ഈ പൊതു മുതൽമുടക്കാണ് എന്നതും അംഗീകരിക്കപ്പെട്ട വസ്തുതയാണ്. പൊതു മുതൽമുടക്കിനു നൽകുന്ന ഈ ഊന്നൽമൂലം പശ്ചാത്തലസൗകര്യ നിർമ്മിതിയിൽ യഥാസമയം വേണ്ടത്ര നിക്ഷേപം നടത്താൻ കഴിയാത്ത സ്ഥിതിയുണ്ടാക്കിയിരുന്നു. എന്നാൽ മാനവ വിഭവ വികസനത്തിനുള്ള മുതൽമുടക്ക് ഇല്ലാതാക്കി ഇതിനു പരിഹാരം ഉണ്ടാക്കുകയെന്നത് അസ്വീകാര്യമായിരുന്നു. ആരോഗ്യവും ആയുസുമുള്ള വിദ്യാഭ്യാസം നേടിയ മനുഷ്യരാണ് ഇന്നു നാം കാണുന്ന കേരളത്തിന്റെ വേറിട്ട രീതിയ്ക്ക് ആധാരം എന്നത് കാണണം.എന്നാൽ വിദ്യാഭ്യാസം നേടിയ പുതിയ തലമുറയ്ക്ക് അനുയോജ്യമായ ഒരു കേരളം നിർമ്മിക്കാൻ പശ്ചാത്തലസൗകര്യ സൃഷ്ടിയിലെ ദ്രുതഗതിയിലുള്ള മുതൽമുടക്ക് അനിവാര്യമാണ് എന്നു വന്നു. ഈ പ്രശ്നത്തെ ഇടതുപക്ഷം അഭിസംബോധന ചെയ്ത വഴിയാണ് കിഫ്ബി മാതൃക. സംസ്ഥാന സർക്കാരിന്റെ ഭാവി വരുമാനം ഈടാക്കി, ഇപ്പോൾ വൻതോതിൽ പശ്ചാത്തലസൗകര്യ നിർമ്മിതിയിൽ മുതൽമുടക്കുക എന്ന തന്ത്രമാണ് കിഫ്ബി വഴി യാഥാർഥ്യമാക്കുന്നത്. ഒരുലക്ഷം കോടി രൂപയുടെ മുതൽമുടക്കാണ് യാഥാർഥ്യമാകുന്നത്. അതുമാത്രമല്ല, വലിയ നിക്ഷേപങ്ങൾക്കു വഴിയൊരുക്കാൻ കിഫ്ബിയുടെ വിഹിതത്തിന് സാധിക്കുമെന്നതും വർത്തമാന കേരളത്തിലെ യാഥാർഥ്യമാണ്.
ദേശീയ പാതാ വികസനത്തിനുള്ള ഭൂമി ഏറ്റെടുക്കലിന് കിഫ്ബി വഴി കേരളം മുടക്കിയ 7000 കോടി രൂപ, ഗതാഗത മേഖലയിൽ 60,000-–70,000 കോടി രൂപയുടെ നിക്ഷേപത്തിനു വഴിവെച്ചു എന്നത് അനിഷേധ്യമാണല്ലോ. ഭാവികേരളത്തിന്റെ വികസന വഴിയിൽ നിർണ്ണായകമായ വിഴിഞ്ഞം തുറമുഖത്തിന്റെ സംസ്ഥാന വിഹിതത്തിലും ഈ പാറ്റേൺ കാണാം. ആശുപത്രികൾ,വിദ്യാഭ്യാസ സ്ഥാപനങ്ങൾ, തുടങ്ങി സാമൂഹ്യ മൂലധന നിക്ഷേപത്തിലും കിഫ്ബി നിർണ്ണായകമായി മാറി. ഊർജ്ജം, വിവര വിനിമയം, കുടിവെള്ളം തുടങ്ങി ജീവൽ പ്രധാനങ്ങളായ സരണികളിലെല്ലാം കിഫ്ബി മുതൽമുടക്ക് വിസ്മയിപ്പിക്കുന്ന മാറ്റമാണ് കൊണ്ടുവരുന്നത്. ഇങ്ങനെ പശ്ചാത്തലസൗകര്യ സൃഷ്ടിയിലെ അനന്യമായ ഈ കിഫ്ബി മാതൃകയെ തകർക്കാൻ എല്ലാ കുതന്ത്രങ്ങളും മെനയുകയാണ് ബിജെപിയുടെ യൂണിയൻ സർക്കാർ. ഭാവിയിൽ കിഫ്ബിയ്ക്കു നൽകുന്ന നികുതി വിഹിതം ഈടാക്കി വിപണിയിൽ നിന്നും ധനകാര്യ സ്ഥാപനങ്ങളിൽ നിന്നും വായ്പയെടുത്താണല്ലോ സർക്കാർ ഈ പശ്ചാത്തല സൗകര്യ നിർമ്മിതി നടത്തുന്നത്. ഇന്ത്യാ സർക്കാർ ദേശീയ പാതാ നിർമ്മാണത്തിനും മറ്റും സ്വീകരിക്കുന്ന അതേ വഴിയാണ് കിഫ്ബിയും സ്വീകരിച്ചത്. എന്നാൽ ഇവിടെ കിഫ്ബി എടുക്കുന്ന, തിരിച്ചടവ് ഉറപ്പായ വായ്പ സംസ്ഥാനത്തിന്റെ കടമെടുപ്പ് പരിധിയിൽ പെടുത്തി സംസ്ഥാനത്തെ വരിഞ്ഞുമുറുക്കാനും കിഫ്ബിയെ തകർക്കാനുമാണ് മോദി സർക്കാർ കുതന്ത്രം മെനഞ്ഞത്. ഈ കുതന്ത്രത്തെ സർവ്വാത്മനാ പിന്തുണയ്ക്കുകയായിരുന്നല്ലോ കേരളത്തിലെ ബിജെപി ചെയ്തത്.
എന്തെങ്കിലും ഒരു ബദൽ മുന്നോട്ടുവെച്ചു കൊണ്ടല്ല ഇപ്പോൾ ബിജെപി ഈ വികസന വായ്ത്താരി മുഴക്കുന്നത് എന്നു നാം മനസ്സിലാക്കണം. എല്ലാ സംസ്ഥാനങ്ങൾക്കും തുറമുഖ നിർമ്മാണത്തിന് കൊടുത്ത വയബിലിറ്റി ഗ്യാപ്പ് ഗ്രാന്റ് വിഴിഞ്ഞത്തിന് നിഷേധിച്ച യൂണിയൻ സർക്കാരും അവർക്ക് എല്ലാ ഒത്താശയും ചെയ്ത കേരള ബിജെപിയും ഇപ്പോൾ കേരളത്തിന്റെ പശ്ചാത്തലസൗകര്യ നിർമ്മിതിയെക്കുറിച്ച് പറയുന്നതിലെ പൊള്ളത്തരം ആലോചിക്കണം. ദേശീയ പാതാ നിർമ്മാണം യൂണിയൻ സർക്കാരിന്റെ ഉത്തരവാദിത്തമാണ്. ദേശീയ പാതയ്ക്ക് ഭൂമി ഏറ്റെടുക്കാനുള്ള പണം ഒരു സംസ്ഥാനത്തുനിന്നും കേന്ദ്രം വാങ്ങുന്നില്ല. എന്നാൽ ദേശീയ പാത 66 ന്റെ വികസനത്തിനായി ഭൂമി ഏറ്റെടുക്കലിനുള്ള പണത്തിന്റെ 25 ശതമാനം കേരളം കൊടുക്കേണ്ടി വന്നു. ആ പണം കിഫ്ബിവായ്പ എടുത്താണ് കൊടുത്തത്. അങ്ങനെ 7000 കോടി രൂപ കൊടുക്കേണ്ടി വന്നു എന്നു മാത്രമല്ല, അതിന്റെ പേരിൽ സംസ്ഥാനത്തിന്റെ കടമെടുപ്പ് പരിധിയിൽ നിന്നും യൂണിയൻ സർക്കാർ ഇത് കിഴിക്കുകയും ചെയ്തു. ഫലത്തിൽ 14,000 കോടി രൂപ സംസ്ഥാനത്തിന് വഹിക്കേണ്ടി വന്നു. ഇതാണ് യൂണിയൻ സർക്കാർ കേരളത്തിന്റെ പശ്ചാത്തലസൗകര്യ നിർമ്മിതിയോട് സ്വീകരിക്കുന്ന സമീപനം. മൂലധനമുതലമുടക്കിനുള്ള പ്രത്യേക ധനസഹായത്തിലും വായ്പയിലും എല്ലാം ഈ വിവേചനമാണ് കേരളത്തിന്റെ അനുഭവം.
കേരളത്തിന്റെ വിദ്യാഭ്യാസ വികസനത്തിനും ശാസ്ത്ര സാങ്കേതിക ഗവേഷണ മേന്മയ്ക്കും ബിജെപി വലിയ നടപടികൾ സ്വീകരിക്കുംപോലും. വിദ്യാഭ്യാസ മേഖലയോട് യൂണിയൻ സർക്കാർ പുലർത്തുന്ന കൊടിയ വിവേചനം നേരത്തെ സൂചിപ്പിച്ചല്ലോ. വിദ്യാഭ്യാസത്തെ കാവിവൽക്കരിക്കുകയെന്നത് ദേശ വ്യാപകമായി ബിജെപി അനുവർത്തിക്കുന്ന സമീപനമാണ്. ചരിത്രത്തെയും ശാസ്ത്രത്തെയും മിത്തുകളും കാപട്യവുംകൊണ്ട് മറയ്ക്കാനും വിദ്യാഭ്യാസത്തെ വിദ്വേഷ പ്രചാരണത്തിനുള്ള മാറ്റാനുമാണ് ആർഎസ്എസിന്റെ ഹിന്ദുത്വ പ്രോജക്ട് ശ്രമിക്കുന്നത്. ഇന്ത്യയുടെ ചരിത്രത്തിലെ സുവർണകാല ഘട്ടമായിരുന്ന മുഗൾ ഭരണകാലത്തെക്കുറിച്ച് വിദ്യാർഥികൾ പഠിക്കരുത് എന്ന് ആർഎസ്എസ് ശാഠ്യം പിടിക്കുന്നത് എന്തുകൊണ്ടാണ്? വിദ്വേഷമാണ് ഇവരുടെ മതം. ഉന്നത വിദ്യാഭ്യാസ മേഖലയെ ആർഎസ്എസും ബിജെപിയും എങ്ങനെയാണ് വികൃതമാക്കുന്നത് എന്നതിന് വിവിധ കേന്ദ്ര സർവ്വകലാശാലകൾ സാക്ഷ്യപ്പെടുത്തുന്നു. കേരളത്തിലെ ഉന്നത വിദ്യാഭ്യാസ മേഖലയെ ചാൻസ്-ലർ ആയ ഗവർണറെ ഉപയോഗിച്ചു കാവിവൽക്കാരിക്കാൻ രാജീവ് ചന്ദ്രശേഖരന്റെ പാർട്ടി നടത്തുന്ന ജനാധിപത്യവിരുദ്ധവും ഭരണ ഘടനാവിരുദ്ധവുമായ നീക്കങ്ങളെ വർഷങ്ങളായി കേരളം ചെറുത്തുനിൽക്കുകയാണ്. ഐഐടികളെ പോലും ചാണക ഗവേഷണത്തിനും അശാസ്ത്രീയതകൾക്കും എറിഞ്ഞുകൊടുത്തുകൊണ്ട് ഹിന്ദുത്വ പ്രോജക്ട് നടപ്പിലാക്കുന്ന സംഘപരിവാർ കേരളത്തിന്റെ വിദ്യാഭ്യാസ മികവിന് പദ്ധതി കൊണ്ടു വരും പോലും! രാജ്യത്തെ ആദ്യത്തെ ഡിജിറ്റൽ സർവ്വകലാശാലയും അഡ്വാൻസ്ഡ് ബയോളജിക്കൽ പാർക്കും എല്ലാമായി ഉന്നത വിദ്യാഭ്യാസ, ഗവേഷണ മേഖലകളിൽ പുതുവഴി വെട്ടിത്തുറക്കുന്ന കേരളത്തിന് മോദി സർക്കാർ ഗണ്യമായ ഒരു പിന്തുണയും നൽകുന്നില്ല എന്നു മാത്രമല്ല നിക്ഷിപ്ത രാഷ്ട്രീയ ഉന്നങ്ങളോടെ ഉന്നത വിദ്യാഭ്യാസ മേഖലയിൽ അനിശ്ചിതത്വം ഉണ്ടാക്കുകയുമാണ് ചെയ്യുന്നത് എന്നു നാം കാണണം.
ഇന്നു കേരളം വ്യവസായ സൗഹൃദ അന്തരീക്ഷത്തിൽ രാജ്യത്ത് മുന്നിലാണ് എന്നു പറയുന്നത് മോദിയുടെ തിങ്ക് ടാങ്ക് ആയ നിതി ആയോഗാണ്. പ്രധാനമന്ത്രി മോദി അന്തർദേശീയ വേദികളിൽ ഏറ്റവും വാചാലനാകുന്നത് രാജ്യത്തുണ്ടാകുന്ന സ്റ്റാർട്ടപ്പ് വളർച്ചയിലാണല്ലോ. ഈ രംഗത്ത് രാജ്യത്ത് ഏറ്റവും മികവാർന്ന പ്രകടനമാണ് ഇടതുപക്ഷ കേരളം കാഴ്ച വെയ്ക്കുന്നത് എന്നത് നിഷേധിക്കാൻ ആർക്ക് കഴിയും? നിക്ഷേപവും വ്യവസായവും എല്ലാം സമൂഹത്തിന്റെ സമാധാന അന്തരീക്ഷവുമായി നേരിട്ടു ബന്ധപ്പെട്ടാണ് നിൽക്കുക. കേരളം സമീപകാലത്ത് ഈ മേഖലയിൽ കൈവരിക്കുന്ന നേട്ടങ്ങൾക്ക് ആധാരമായ രണ്ട് അടിസ്ഥാന വസ്തുതകളുണ്ട്. ഒന്ന് പശ്ചാത്തലസൗകര്യ മേഖലയിലെ നാടകീയമായ മുന്നേറ്റമാണ്.അടിയുറച്ച മതേനിരപേക്ഷതയിൽ അധിഷ്ഠിതമായ സമാധാന അന്തരീക്ഷമാണ് മറ്റൊന്ന്. ഇത് രണ്ടിലും അപകടകരമായ ജനവിരുദ്ധത രാജ്യത്ത് പൊതുവിലും കേരളത്തിൽ പ്രത്യേകമായും പുലർത്തുന്ന രാഷ്ട്രീയമാണ് ബി ജെ പിയുടേത്. വാചകക്കസർത്ത് വികസിത കേരളം സൃഷ്ടിക്കില്ല. വെറുപ്പും വിദ്വേഷവും വിതയ്ക്കുന്നവർക്ക് വികസനം സാധ്യമാക്കാൻ കഴിയുന്നതെങ്ങനെ?
‘സുരക്ഷിത കേരളം’ എന്ന വാവായ്‌ത്താരി
അപരവിദ്വേഷം ആയുധമാക്കിയ രാഷ്ട്രീയ പാർട്ടിയാണ് ബിജെപി. അവരാണോ സുരക്ഷയും സമാധാനവും പ്രദാനം ചെയ്യുന്നത്? പൗരത്വ ഭേദഗതി നിയമവും ഇപ്പോൾ നടക്കുന്ന എസ്ഐആറും എല്ലാം ഉന്നംവെയ്ക്കുന്നത് മതാടിസ്ഥാനത്തിലുള്ള വിവേചനവും വെറുപ്പിന്റെ ഉൽപ്പാദനവുമാണല്ലോ? ഈ നിക്ഷിപ്ത ലക്ഷ്യങ്ങൾക്ക് കീഴ്പ്പെടുന്നില്ല എന്നതുകൊണ്ട് കേരളത്തെക്കുറിച്ച് സംഘപരിവാർ രാജ്യവ്യാപകമായി പ്രചരിപ്പിക്കുന്ന അസംബന്ധ ആഖ്യാനങ്ങൾ എത്രയാണ്? രാജ്യത്ത് താരതമ്യേന ഏറ്റവും മെച്ചമായ സമത്വവും തുല്യതയും പുലരുന്ന കേരളം സകല മൂല്യച്യുതികളുടെയും വിളനിലമാണ് എന്ന ആഖ്യാനം പ്രചരിപ്പിക്കുന്ന പണിയാണ് കേരള സ്റ്റോറികളിലൂടെ സംഘപരിവാരം നിർവ്വഹിക്കുന്നത്. ബിജെപി യുടെ സ്വാധീനമേഖലകളിൽ മതത്തിന്റെയും ജാതിയുടെയും വർണ്ണവെറിയുടെയും പേരിൽ അരങ്ങേറുന്ന വിദ്വേഷവും അതുണ്ടാക്കുന്ന അരക്ഷിതാവാസ്ഥയും മറച്ചുവെച്ച് കേരളത്തിന് എന്തോ സുരക്ഷ തങ്ങൾ പ്രദാനം ചെയ്യും എന്നവർ പറഞ്ഞാൽ അതു കേരളം സ്വീകരിക്കും എന്നാണോ? മണിപ്പൂരിലും ഡൽഹിയിലും എല്ലാം അരങ്ങേറുന്ന അപരവിദ്വേഷ കലാപങ്ങളും അസമാധാനവും കുടിയിറക്കലും കേരളത്തിലും ആകാം എന്നാണോ? ആർഎസ്എസും ബി ജെ പിയും സമാധാനം കൊണ്ടുവരും എന്ന വായ്ത്താരി ഇവിടെ ചെലവാകും എന്നു കരുതുന്ന രാജീവ് ചന്ദ്രശേഖറിനും കൂട്ടർക്കും കേരളം മറുപടി കൊടുക്കുകതന്നെ ചെയ്യും.
മോദിയുടെ മഗ്നാനിമിറ്റി
മോദിക്കാലത്ത് കേരളത്തിന് വാരിക്കോരിത്തന്നു എന്നതാണ് മറ്റൊരു അവകാശവാദം. ഇതിനായി 2004-2014 കാലത്തെ യൂണിയൻ ധനക്കൈമാറ്റത്തിന്റെ തുകയെയും 2014-2024 കാലത്തെ തുകയെയും താരതമ്യപ്പെടുത്തുകയാണ് ഇവർ ചെയ്യുന്നത്.ഒന്നാമത്, യൂണിയൻ ധനക്കൈമാറ്റം എന്നത് യൂണിയൻ സർക്കാരിന്റെയോ യൂണിയൻ ഭരണകക്ഷിയുടെയോ ഔദാര്യമല്ല. നമ്മുടെ ഭരണഘടനാദത്തമായ അവകാശമാണത്. ഇതിൽ തന്നെ കേരളം പലവിധ കാരണങ്ങളാൽ കൊടിയ വിവേചനമാണ് നേരിടുന്നത് എന്നതാണ് യാഥാർഥ്യം. കഴിഞ്ഞ അഞ്ച്- ധനകാര്യ കമ്മീഷൻ അവാർഡ് കാലത്ത് യൂണിയൻ നികുതി വിഹിതത്തിൽ കേരളം നേരിട്ട വിവേചനത്തിന്റെ കണക്ക് നാം ആവർത്തിച്ചു പറയുന്നതാണ്. പത്താം ധനക്കമ്മീഷൻ കാലത്തെ കേരളത്തിന്റെ വിഹിതം (inter se devolution) 3.8 ശതമാനമായിരുന്നത് പതിനഞ്ചാം ധനക്കമ്മീഷൻ കാലത്ത് 1.925 ശതമാനമായി കുത്തനെ ഇടിഞ്ഞു. നികുതി വിഹിതത്തിൽ,മാത്രമല്ല കേന്ദ്രാവിഷ്കൃത പദ്ധതി ഗ്രാന്റുകളിൽ പോലും കടുത്ത വിവേചനമാണ് കേരളം നേരിടുന്നത്.
നടപ്പു സാമ്പത്തിക വർഷം സംസ്ഥാനങ്ങൾക്ക് കൈമാറുന്ന ആകെ പണത്തിന്റെ 22 ശതമാനം കേന്ദ്രാവിഷ്കൃത പദ്ധതികളുടെ വിഹിതമാണ്. 2025-2026 ലെ ആകെ കേന്ദ്രാവിഷ്കൃത പദ്ധതിക്കൈമാറ്റം 5,41,850 കോടി രൂപയാണ്. ഇതിൽ കേരളം ലഭിക്കമെന്ന് പറയപ്പെടുന്നത് 9,106 കോടി രൂപയാണ്. കേവലം 1.68 ശതമാനം. ഇതു തന്നെ കിട്ടുന്നില്ല എന്നതാണ് കഴിഞ്ഞ കൊല്ലങ്ങളിലെ അനുഭവം. 2023-2024 ൽ യഥാർത്ഥത്തിൽ കിട്ടിയത് 3,919 കോടി രൂപയായിരുന്നു. കേവലം 0.88 ശതമാനം. 2024-–2025 ൽ ബജറ്റിൽ പ്രതീക്ഷിച്ച 8,470 കോടി രൂപ 4,368 കോടി രൂപയായി കുത്തനെ കുറഞ്ഞു. ചുരുക്കത്തിൽ യൂണിയൻ സർക്കാർ കേന്ദ്രാവിഷ്കൃത പദ്ധതികൾക്കായി ആകെ കൈമാറുന്ന പണത്തിന്റെ ഒരു ശതമാനംപോലും കേരളത്തിനു കിട്ടുന്നില്ല എന്നു കാണണം.
ഇതു തന്നെയാണ് ദീർഘകാല പ്രവണത എന്നാണ് സിഎജിയുടെ ദശാബ്ദ അവലോകന റിപ്പോർട്ടും കാണിക്കുന്നത്. 2022-–2023 ലെ ആകെ യൂണിയൻ കൈമാറ്റത്തിന്റെ 73 ശതമാനം പത്തു സംസ്ഥാനങ്ങൾക്കാണ് ലഭിച്ചത് എന്ന് ഈ റിപ്പോർട്ട് പറയുന്നു. ഉത്തർ പ്രദേശ് (17.89%),ബീഹാർ(10.07%), മദ്ധ്യ പ്രദേശ് (7.86%), പശ്ചിമബംഗാൾ (7.53%),മഹാരാഷ്ട്ര (6.33%), രാജസ്ഥാൻ(6.03%), ഒഡീഷ (4.53%), തമിഴ്നാട്(4.08%), ആന്ധ്രപ്രദേശ് (4.02%) കർണാടക (3.65%). എന്നിവയാണ് ഈ സംസ്ഥാനങ്ങൾ. 2013 മുതൽ 2023 വരെയുള്ള കണക്കുകൾ നോക്കിയാൽ ഈ സംസ്ഥാനങ്ങൾക്ക് ആകെ യൂണിയൻ കൈമാറ്റത്തിന്റെ 73 ശതമാനം ലഭിച്ചു എന്നാണ് റിപ്പോർട്ട് പറയുന്നത്. അതേ സമയം കേരളത്തിന് ഇക്കാലയളവിൽ ലഭിച്ചത് ആകെ യൂണിയൻ കൈമാറ്റത്തിന്റെ 1.93 ശതമാനമാണ്. ഒരു ദശാബ്ദക്കാലത്തെ കണക്കാണിത് എന്നു മനസ്സിലാക്കണം. നമുക്ക് ഇപ്പോഴത്തേതിനേക്കാൾ ഉയർന്ന നികുതി വിഹിതം ഉണ്ടായിരുന്നപ്പോഴും ആകെ യൂണിയൻ കൈമാറ്റത്തിൽ കേരളം നേരിട്ട വിവേചനത്തിന്റെ ചിത്രം വ്യക്തമാക്കുന്നതാണ് ഈ കണക്കുകൾ. ഇപ്പോഴാകട്ടെ, യൂണിയൻ കൈമാറ്റത്തിൽ നമ്മുടെ വിഹിതം വീണ്ടും ഇടിഞ്ഞിരിക്കുകയാണ്.
ദുരിതാശ്വാസത്തിലെ കടുത്ത വിവേചനം ആവർത്തിക്കുന്നില്ല. കേരളത്തോട് എന്തെങ്കിലും തരത്തിൽ കരുതലുള്ള ആർക്കെങ്കിലും മുണ്ടക്കൈ-, ചൂരൽമല പുനർനിർമ്മാണത്തിന് സഹായം നിഷേധിക്കുവാൻ സാധിക്കുമോ? പക്ഷേ മോദിക്കും കൂട്ടർക്കും അതിനു യാതൊരു മടിയുമില്ല. ഇതിനു കാരണം അവർ ഇടതുപക്ഷ കേരളത്തെയാണ് അവരുടെ ഏറ്റവും വലിയ പ്രത്യയശാസ്ത്ര ശത്രുവായി കാണുന്നത്. എന്നാൽ കേരളം ഇതും അതിജീവിക്കും എന്നതാണ് ചരിത്രം പഠിപ്പിക്കുന്നത്. l



