Sunday, February 15, 2026

ad

Homeകവര്‍സ്റ്റോറിഗുജറാത്ത് മാതൃകയോ കേരള മാതൃകയോ?

ഗുജറാത്ത് മാതൃകയോ കേരള മാതൃകയോ?

ഡോ. ടി എം തോമസ് ഐസക്

വികസിത കേരളത്തിനുള്ള രൂപരേഖ പ്രഖ്യാപിക്കാനാണ് പ്രധാനമന്ത്രിയുടെ തിരുവനന്തപുരം സന്ദർശനം എന്നാണ് കേട്ടിരുന്നത്. അതീവ കൗതുകത്തോടെയാണ് ഈയൊരു രൂപരേഖയ്ക്കുവേണ്ടി കാത്തിരുന്നത്. എങ്ങനെയാണാവോ കേരളത്തെ വികസിപ്പിക്കാൻ ബിജെപി ഉദ്ദേശിക്കുന്നത്? മോദി തന്നെ മുഖ്യമന്ത്രി ആയിരുന്ന ഗുജറാത്ത് പോലെ ആണോ? അതോ ബീഹാർ, മദ്ധ്യപ്രദേശ്, രാജസ്താൻ, ഉത്തർപ്രദേശ് തുടങ്ങിയ ബിജെപി ഭരിക്കുന്ന സംസ്ഥാനങ്ങളെപ്പോലെയാണോ?

എന്താണ് ഗുജറാത്ത് ഒഴികെയുള്ള ഈ സംസ്ഥാനങ്ങളുടെ അവസ്ഥ? പടവലങ്ങപോലെയാണ് അവയുടെ വളർച്ച. കഴിഞ്ഞ 40 വർഷക്കാലത്തിനിടയിൽ സംഭവിച്ചത് നോക്കൂ. ഈ സംസ്ഥാനങ്ങളെല്ലാം പിന്നാക്ക സംസ്ഥാനങ്ങളാണെന്നത് പ്രസിദ്ധമാണല്ലോ. പക്ഷേ, പ്രശ്നം അതല്ല. അവ കൂടുതൽ കൂടുതൽ പിന്നാക്കം പൊയ്ക്കൊണ്ടിരിക്കുകയാണ്. നോക്കൂ: 1981-ൽ ബീഹാറിന്റെ പ്രതിശീർഷ വരുമാനം ദേശീയ ശരാശരിയേക്കാൾ 29 ശതമാനം താഴ്ന്നതായിരുന്നു. 2021-ൽ അത് 56 ശതമാനം പുറകിലായി. യുപി ഇതേ കാലയളവിൽ 42 ശതമാനത്തിൽ നിന്ന് 78 ശതമാനം താഴെയായി. മദ്ധ്യപ്രദേശ് 71 ശതമാനത്തിൽ നിന്ന് 83 ശതമാനത്തിലേക്ക്. ഒഡീഷ 71 ശതമാനത്തിൽ നിന്ന് 81 ശതമാനത്തിലേക്ക്. രാജസ്താൻ കുറച്ച് മെച്ചപ്പെട്ടു. പക്ഷേ, ഇപ്പോഴും ദേശീയ ശരാശരിയേക്കാൾ 79 ശതമാനം പുറകിലാണ്.

എന്നാൽ കേരളമോ? 1981-ൽ ദേശീയ പ്രതിശീർഷ വരുമാനത്തിന്റെ 93 ശതമാനം ആയിരുന്നത് 2021-ൽ 133 ശതമാനമായി ഉയർന്നു. ഇതുതന്നെയാണ് ബിജെപി സ്വാധീനം കുറവുള്ള എല്ലാ ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളിലും നടന്നത്.

ഗുജറാത്ത് മാതൃക
അല്ലാ, ഗുജറാത്താണ് കേരളത്തിന്റെ മാതൃകയെന്നായിരിക്കും പറയുക. ഗുജറാത്തിനെ മാതൃകയാക്കി മാറ്റിയത് ബിജെപിയാണത്രേ. 2002-ൽ മോദി അധികാരത്തിൽ വരുന്നതിനു മുമ്പു തന്നെ ഗുജറാത്ത് ഇന്ത്യയിലെ പ്രധാന വ്യവസായ സംസ്ഥാനങ്ങളിൽ ഒന്നായിരുന്നുവെന്നതാണ് യാഥാർത്ഥ്യം. മോദി പ്രധാനമന്ത്രി ആയപ്പോഴും ഗുജറാത്ത് ബിജെപിയുടെ കീഴിൽ തുടർന്നു. ഇരട്ട എഞ്ചിൻ ഉണ്ടായിട്ടും ഒരു നാടകീയ മാറ്റവും സൃഷ്ടിക്കാനായിട്ടില്ല. 1981-ൽ ഗുജറാത്തിന്റെ പ്രതിശീഷ വരുമാനം ദേശീയ ശരാശരിയുടെ 119 ശതമാനം ആയിരുന്നത് 2021-ൽ 142 ശതമാനമായി ഉയർന്നു. കേരളത്തിന്റെ വളർച്ച അത്രയും വരില്ല. പക്ഷേ, എന്തുകാര്യം? സാമ്പത്തിക വളർച്ചയുടെ ഗുണഫലത്തിൽ ജനങ്ങൾക്ക് എന്തുകിട്ടി എന്നതല്ലേ കാതലായ കാര്യം.

രണ്ട് സംസ്ഥാനങ്ങളെയും സാങ്കല്പികമായി ആഗോള റാങ്കിങ്ങിൽ രേഖപ്പെടുത്തിയാൽ ഏതാണ്ട് ഒട്ടുമിക്ക വികസന സൂചികകളിലും സൊമാലിയ തുടങ്ങിയ രാജ്യങ്ങൾക്കൊപ്പം 120-–130 റാങ്കുകൾക്കിടയിൽ ആയിരിക്കും ഗുജറാത്ത്. കേരളമാകട്ടെ 30-–40 റാങ്കുകൾക്കിടയിലുമായിരിക്കും.

മോദിജി തന്നെ പറഞ്ഞാട്ടെ, ഏത് സംസ്ഥാനമാണ് കൂടുതൽ വികസിതം? അപ്പോഴാണ് എൻഡിഎയിലെ പുതിയ ഘടകകക്ഷി ട്വന്റി ട്വന്റി-യുടെ സാബു ജേക്കബ്ബിന്റെ കഴിഞ്ഞ ദിവസത്തെ പ്രഖ്യാപനം പ്രസക്തമാകുന്നത്. “പഴയ കേരളത്തെ വീണ്ടെടുക്കുവാൻ പോവുകയാണ് ഞങ്ങൾ”. അതിന് എന്തായാലും കേരളം നിന്നുതരാൻ പോകുന്നില്ല.

ഗുജറാത്തും കേരളവും തമ്മിലുള്ള തർക്കം
കഴിഞ്ഞ തിരഞ്ഞെടുപ്പു കാലത്ത് പ്രൊഫ. അമർത്യാ സെൻ ഒരുവശത്തും മറുവശത്ത് ജഗദീഷ് ഭഗവതിയും അദ്ദേഹത്തിന്റെ ശിഷ്യൻ അരവിന്ദ് പനഗരിയയെ പോലുള്ള ബിജെപി പണ്ഡിതരും തമ്മിൽ നടന്ന സംവാദം പ്രസിദ്ധമാണല്ലോ. മാനവവിഭവശേഷി വികസിപ്പിക്കുന്ന നിക്ഷേപത്തിൽ ഊന്നണമെന്നും അതുവഴി ദ്രുതഗതിയിലുള്ള സാമ്പത്തിക വളർച്ച കൈവരിക്കാമെന്നുമാണല്ലോ കേരളത്തെ ഉദാഹരിച്ചുകൊണ്ട് അമർത്യാ സെൻ വാദിച്ചത്. ഇതിനു വിരുദ്ധമായി സാമ്പത്തിക വളർച്ചയിലാണ് ഊന്നേണ്ടതെന്നും അത് ക്രമേണ മാനവവിഭവശേഷി ഉയർത്തിക്കൊള്ളും എന്നുമാണ് ജഗദീഷ് ഭഗവതിയും കൂട്ടരും വാദിച്ചത്. ഈ നിയോലിബറൽ നിലപാടിന്റെ വിജയത്തിന് ഉദാഹരണമായി അദ്ദേഹം ചൂണ്ടിക്കാണിച്ചത് ഗുജറാത്തിനെയാണ്. അങ്ങനെയാണ് കേരള മോഡലാണോ ഗുജറാത്ത് മോഡലാണോ അഭികാമ്യം എന്ന തർക്കം ആരംഭിച്ചത്.

പ്രതിശീർഷ സാമ്പത്തിക വരുമാനത്തിന്റെ കാര്യത്തിൽ രണ്ടു സംസ്ഥാനങ്ങളും ഏതാണ്ട് ഒരേ നിലയിലാണ്. കൃത്യമായി പറഞ്ഞാൽ കോവിഡിനു മുമ്പ് 2019-–20-ൽ 2,21,904 രൂപ പ്രതിശീർഷ വരുമാനം ഉണ്ടായിരുന്ന കേരളം 8-–ാം സ്ഥാനത്തും, 213936 രൂപ വരുമാനം ഉണ്ടായിരുന്ന ഗുജറാത്ത് 11-–ാം സ്ഥാനത്തുമായിരുന്നു. ഇപ്പോൾ ഗുജറാത്താണ് മുന്നിൽ. അതിങ്ങനെ കയറിയിറങ്ങിക്കൊണ്ടിരിക്കും.

1988-–2018 കാലത്ത് കേരളം 6.71 ശതമാനം വീതം പ്രതിവർഷം വളർന്നു. ഗുജറാത്ത് 8 ശതമാനം വീതവും. ഗുജറാത്തിന്റെ സാമ്പത്തിക വളർച്ച കേരളത്തേക്കാൾ കുറച്ച് ഉയർന്നതാണെങ്കിലും ജനസംഖ്യാ വളർച്ച കേരളത്തിൽ വളരെ താഴ്ന്നതായതുകൊണ്ട് നമ്മുടെ പ്രതിശീർഷ വരുമാനമാണ് കൂടുതൽ വേഗതയിൽ ഉയർന്നിട്ടുള്ളത്. 2000-–01-ൽ പ്രതിശീർഷ വരുമാനത്തിന്റെ കാര്യത്തിൽ ഗുജറാത്ത് 12-–ാം സ്ഥാനത്തായിരുന്നു. കേരളം 11-–ാം സ്ഥാനത്തും. ഇപ്പോൾ ഗുജറാത്തിന്റെ സ്ഥാനം 9 -– 10 റാങ്കാണ്. കേരളം 10 -–11 റാങ്കിലും.

പ്രവാസി പണമോ?
ഈ കണക്കുകൾ പറയുമ്പോൾ പലരും ഉന്നയിക്കാറുള്ള ചോദ്യം കേരളത്തിന്റെ പ്രതിശീർഷ വരുമാനം ഗൾഫിൽ നിന്നുള്ള പണവരുമാനവുംകൂടി ഉൾപ്പെട്ടതല്ലേ? അത് ഇല്ലെങ്കിൽ കേരളത്തിന്റെ നില എന്താകും?

മുകളിൽ ഉദ്ധരിച്ച പ്രതിശീർഷ വരുമാനത്തിൽ പ്രവാസി പണം ഉൾപ്പെടില്ലായെന്നു ആദ്യംതന്നെ വ്യക്തമാക്കട്ടെ. നമ്മുടെ നാട്ടിലെ തൊഴിൽ മേഖലകളിൽ സൃഷ്ടിക്കപ്പെടുന്ന വരുമാനത്തിന്റെ കണക്കാണത്. പ്രവാസി പണം ഉപയോഗിച്ച് ഇവിടെ ഏതെങ്കിലും വരുമാനമാർഗം സൃഷ്ടിക്കപ്പെടുന്നുണ്ടെങ്കിൽ അത് ഈ കണക്കിൽ ഉണ്ടാവും. എന്നാൽ ഗൾഫിൽ നിന്നും വരുന്ന പണത്തിന്റെ ആദ്യ റൗണ്ട് ജിഡിപിയിൽ ഉൾപ്പെടില്ല. ജിഡിപിയുടെ ഫുൾഫോം തന്നെ മൊത്തം ആഭ്യന്തര ഉൽപ്പാദനം എന്നാണ്.

ഗുജറാത്തിന്റെ കണക്കും ഇങ്ങനെതന്നെ. ഗുജറാത്തിൽ നിന്നും വലിയ തോതിൽ വിദേശത്തേക്കു കുടിയേറുന്നുണ്ട്. എന്നാൽ കേരളത്തിൽ നിന്നു വ്യത്യസ്തമായി അവരിൽ നല്ലപങ്കും കച്ചവടക്കാരോ സംരംഭകരോ ആണ്. അതുകൊണ്ട് കുടിയേറ്റം കേരളത്തിന്റെ മാത്രം എന്തോ പ്രത്യേകതയാണെന്നുള്ള ധാരണ ശരിയല്ല.

മോദിയുടെ പ്രൊപ്പഗണ്ട
കാര്യങ്ങൾ ഇങ്ങനെയാണെങ്കിൽ ഗുജറാത്തിലെ സാമ്പത്തിക വളർച്ചയ്ക്ക് ഇത്രയേറെ പെരുമ കിട്ടിയതെന്തുകൊണ്ട്?

ബിജെപിയുടെ പ്രചാരണതന്ത്രംകൊണ്ടുതന്നെ. 2002-ലാണല്ലോ മോദി ഗുജറാത്ത് മുഖ്യമന്ത്രിയായത്. ഗുജറാത്ത് എന്തോ ഭയങ്കര കുതിച്ചുചാട്ടം നടത്തിയിരിക്കുന്നുവെന്നാണ് പ്രചാരണം. ഇങ്ങനെ പെരുപ്പിച്ചുകാട്ടിയ ഗുജറാത്ത് വികസന മോഡൽ മുന്നോട്ടുവെച്ചാണ് മോദി രാജ്യഭരണം പിടിച്ചത്.

എങ്കിലും ഒരു വസ്തുത നാം അറിഞ്ഞിരിക്കണം. നമ്മുടെ വളർച്ച സേവനമേഖലയെ ഊന്നിക്കൊണ്ടുള്ളതാണ്. 1998-നും 2018-നും ഇടയ്ക്ക് 7.9 ശതമാനം വീതമാണ് സേവനമേഖല പ്രതിവർഷം വളർന്നത്. അതേസമയം കാർഷികമേഖല 1.3 ശതമാനം വീതമേ വളർന്നുള്ളൂ. ഗുജറാത്തിലെ കാർഷിക മേഖല 6.2 ശതമാനം വീതമാണ് വളർന്നത്. ആസിയാൻ കരാർ കേരളത്തിന്റെ നടുവൊടിച്ചു. അതിനുമുമ്പ് 1988-–96- കാലത്ത് കേരളത്തിലെ കാർഷിക മേഖല 5.4 ശതമാനം വീതം പ്രതിവർഷം വളർന്നുകൊണ്ടിരുന്നതാണ്. അതുപോലെതന്നെ ഗുജറാത്തിലെ വ്യവസായമേഖലയും കേരളത്തിനേക്കാൾ മെച്ചപ്പെട്ട നിലയിൽ വളരുന്നുണ്ട്.

മേൽപ്പറഞ്ഞ പരിമിതികൾ കേരളത്തിന്റെ സാമ്പത്തിക വളർച്ചയ്ക്കുണ്ടെങ്കിലും ആത്യന്തികമായി സാമ്പത്തിക വളർച്ചയുടെ സൂചിക ദേശീയ വരുമാന വളർച്ചാനിരക്കും പ്രതിശീർഷ വരുമാനവുമാണ്. ഇക്കാര്യത്തിൽ കേരളവും ഗുജറാത്തും തമ്മിൽ വലിയ വ്യത്യാസമില്ല. കാതലായ പ്രശ്നം ഈ വരുമാനത്തിൽ സാധാരണക്കാർക്ക് എന്ത് ലഭിക്കുന്നൂവെന്നുള്ളതാണ്.

കേരളത്തിലെ ഉയർന്ന കൂലി
ദേശീയ വരുമാനത്തിൽ സാധാരണക്കാരുടെ വിഹിതം സ്വാധീനിക്കുന്ന ഘടകങ്ങളെ മൂന്നായി തിരിക്കാം. ഒന്ന്, ജനങ്ങളുടെ കൂലിയും മറ്റു വരുമാനങ്ങളും. രണ്ട്, സമ്പത്തിന്റെ വിതരണം. കാർഷിക പ്രധാന പ്രദേശങ്ങളിൽ കൃഷിഭൂമി തന്നെ മുഖ്യം. മൂന്ന്, സർക്കാർ മുൻകൈയെടുത്തു നൽകുന്ന സൗജന്യങ്ങളും സേവനങ്ങളും.

ഏറ്റവും വലിയ ഘടകം കൂലി നിരക്കാണ്. നിർമ്മാണ തൊഴിലാളിക്ക് കേരളത്തിൽ 838 രൂപ ലഭിക്കുമ്പോൾ ഗുജറാത്തിലെ തൊഴിലാളിക്ക് 296 രൂപയാണ് കൂലി. കർഷകത്തൊഴിലാളികൾക്ക് കേരളത്തിൽ 727 രൂപ കൂലി ലഭിക്കുമ്പോൾ ഗുജറാത്തിൽ 220 രൂപയാണ് കൂലി. കാർഷികേതര തൊഴിലാളികൾക്ക് കേരളത്തിൽ 681 രൂപ കൂലി ലഭിക്കുമ്പോൾ ഗുജറാത്തിൽ അത് 253 രൂപയാണ്. നാട്ടിലുണ്ടാകുന്ന വരുമാനത്തിൽ സാധാരണക്കാർക്ക് കൂടുതൽ ഉയർന്ന വിഹിതം കേരളത്തിൽ ലഭിക്കുന്നു.

ചിത്രം 1 – കേരളത്തിലെയും ഗുജറാത്തിലെയും ശരാശരി ദിവസക്കൂലി

തികച്ചും പിന്തിരിപ്പനായ ഒരു വാദം ഇവിടെ ഉയർന്നുവരുന്നുണ്ട്. അതായത്, അവിദഗ്ദ്ധ തൊഴിലാളികൾക്ക് കൂലി കൂടുന്നത് അത്ര നല്ല കാര്യമല്ല. മാത്രമല്ല അത് കൊണ്ടുപോകുന്നത് അന്യസംസ്ഥാന തൊഴിലാളികളാണുതാനും. നാട്ടിൽ ചെറുകിട വ്യവസായികൾ, കൃഷിക്കാർ എന്നിവർക്ക് ഈ കൂലി താങ്ങാൻ പറ്റില്ല . അതുകൊണ്ട് ഫലത്തിൽ എല്ലാ സാധനങ്ങളും അന്യായ വില കൊടുത്ത് മറ്റു സംസ്ഥാനങ്ങളിൽ നിന്ന് ഇറക്കുമതി ചെയ്യേണ്ട അവസ്ഥയാണ്. കൂലിയും കൂടുതൽ കൊടുക്കണം കാർഷിക ഉത്പന്നങ്ങൾക്കും ഇരട്ടി വില. ആദ്യം ചെയ്യേണ്ടത് അവിദഗ്-ധ തൊഴിലാളികളുടെ കൂലി കുറയ്-ക്കുക എന്നതാണ്. അല്ലെങ്കിൽ അതിന്റെ ഫലം എല്ലാവരും അനുഭവിക്കേണ്ടി വരും.

ഇതാണ് പിന്തിരിപ്പൻ സമീപനം. എത്രയോ പതിറ്റാണ്ടുകളുടെ ത്യാഗപൂർണമായ സമരങ്ങളിലൂടെയാണ് കേരളത്തിലെ തൊഴിലാളികൾ അടിമക്കൂലിയിൽ നിന്നു കരകയറിയത്. ഇന്ന് അതിന്റെ വില നാം അറിയുന്നില്ല. പഴയ മിനിമം വേജസ് റിപ്പോർട്ടുകൾ വായിച്ചാൽ എത്രമാത്രം വലിയ വ്യത്യാസമാണ് നാട്ടിൽ സംഭവിച്ചതെന്നു തിരിച്ചറിയാനാകും. പിന്നെ നമ്മൾ മറ്റു സംസ്ഥാനങ്ങളിലും വിദേശത്തും പോയി പണിയെടുക്കുന്നതുപോലെ മറ്റു സംസ്ഥാനങ്ങളിലെ പാവപ്പെട്ടവർ നമ്മുടെ നാട്ടിൽ പണിയെടുക്കാൻ വരുന്നു. അവർക്കും നല്ല കൂലി കിട്ടട്ടേ.

കൂലി കൂടുമ്പോൾ ചില പ്രശ്നങ്ങൾ ഉണ്ടാകും. നമ്മുടെ കൃഷിക്കും വ്യവസായത്തിനും മറ്റു സംസ്ഥാനങ്ങളോടു മത്സരിക്കാനുള്ള ശേഷി കുറയുന്നു. അനാദായകരമാകാം. എന്താണ് ഇതിനു പ്രതിവിധി? നമ്മുടെ കൃഷിയേയും പരമ്പരാഗത വ്യവസായങ്ങളേയും സാങ്കേതികമായി നവീകരിച്ച് ഉൽപ്പാദനക്ഷമത ഉയർത്തണം. അതാണ് പുരോഗതിയുടെ മാർഗം; അല്ലാതെ കൂലി കുറയ്ക്കൽ അല്ല. ഇതാണ് നവകേരള നിർമ്മിതിയിലെ ഒരു പ്രധാന ഘടകം.

മറ്റു പുനർവിതരണ നയങ്ങൾ
ഉയർന്ന കൂലിക്കൊപ്പം പരിഗണിക്കേണ്ടുന്ന മറ്റൊരു വിഷയമാണ് കേരളത്തിലെ ഭൂപരിഷ്കരണം. ഫ്യൂഡൽ ജന്മിത്വം ഇല്ലായ്മ ചെയ്തു. 5 ശതമാനം ജന്മിമാർ കുത്തകയാക്കിയിരുന്ന കേരളത്തിൽ 70 ശതമാനത്തോളം വരുന്ന ഭൂമി 60 ശതമാനത്തോളം കുടുംബങ്ങൾക്ക് വിതരണം ചെയ്തു. ഇതിനു പുറമേ സർക്കാർ മുൻകൈയെടുത്ത് എല്ലാവർക്കും വിദ്യാഭ്യാസ–ആരോഗ്യ സൗകര്യങ്ങൾ ഏർപ്പെടുത്തി. ഇതിന്റെയെല്ലാം ഫലമായി കേരളത്തിലെ ജനങ്ങൾക്ക് ഗുജറാത്തിനെ അപേക്ഷിച്ച് കൂടുതൽ മെച്ചപ്പെട്ട ജീവിതം ഉറപ്പാക്കപ്പെട്ടിട്ടുണ്ട്. ഇത് ഏത് സാമൂഹ്യക്ഷേമ സൂചികയെടുത്താലും നമുക്കു കാണാൻ കഴിയും.

വരുമാനം കഴിഞ്ഞാൽ ജനങ്ങളുടെ ജീവിതനിലവാരത്തെ ബാധിക്കുന്നത് സർക്കാരിൽ നിന്നു ലഭിക്കുന്ന സേവനങ്ങളും സഹായങ്ങളുമാണ്. ഇവയുടെയും മറ്റു ഘടകങ്ങളുടെയും ആകെ തുക വിവിധ വികസനക്ഷേമ സൂചികകളിൽ കാണാം. 30 സംസ്ഥാന/കേന്ദ്ര ഭരണ പ്രദേശങ്ങളിൽ ഗുജറാത്തിന്റെ റാങ്ക് നോക്കൂ.

ഗുജറാത്ത് എവിടെ? കേരളം എവിടെ?
ഇങ്ങനെ പോകുന്നു ഗുജറാത്തിന്റെ റാങ്ക്. സ്കൂളിൽ പോയിട്ടുള്ള സ്ത്രീകൾ (19-–ാം റാങ്ക്), 18 വയസിനു മുമ്പ് വിവാഹം ചെയ്യുന്ന സ്ത്രീകൾ (20–-ാം റാങ്ക്), ശിശുമരണ നിരക്ക് (19-–ാം റാങ്ക്), വളർച്ച മുരടിപ്പ് അതായത് പ്രായത്തിനനുസരിച്ച് ഉയരമില്ലാത്ത കുട്ടികൾ (26-–ാം റാങ്ക്), ഉയരത്തിന് അനുസരിച്ചുള്ള തൂക്കമില്ലാത്ത കുട്ടികൾ (29–-ാം റാങ്ക്), പ്രായത്തിനനുസരിച്ച് തൂക്കമില്ലാത്ത കുട്ടികൾ (29–-ാം റാങ്ക്), ശുചിത്വ സൗകര്യമുള്ള വീടുകൾ (18-–ാം റാങ്ക്), മാനവവികസന സൂചിക (16-–ാം റാങ്ക്), സ്കൂളിൽ ചേരുന്ന കുട്ടികൾ (21–-ാം റാങ്ക്), സ്കൂളിലെ കൊഴിഞ്ഞുപോക്ക് (24-–ാം റാങ്ക്), ഹയർ സെക്കൻഡറി പ്രവേശനം (24-–ാം റാങ്ക്).

ചിത്രം 2 – എല്ലാ സൂചകങ്ങളിലും കേരളത്തിന് ഒന്നാം റാങ്ക് ; ഗുജറാത്തിന്റെ റാങ്കോ?

ഇവ ഓരോന്നിലും കേരളത്തിന്ഒന്നാം റാങ്കാണ്. ആരും സംശയിക്കേണ്ട, മുഴുവൻ കണക്കുകളും നിതി ആയോഗിന്റേതാണ്. ഇതാണ് കേരള വികസന മാതൃകയും ഗുജറാത്ത് മാതൃകയും തമ്മിലുള്ള വ്യത്യാസം. (ചിത്രം 2 കാണുക).

വിദ്യാഭ്യാസം
സമ്പന്ന സംസ്ഥാനമാണെങ്കിലും സ്കൂൾ വിദ്യാഭ്യാസം ഉറപ്പുവരുത്തുന്നതിൽ ഗുജറാത്ത് പരാജയപ്പെട്ടു. സ്കൂൾ കുട്ടികളുടെ പ്രായപരിധിയിൽപ്പെട്ടവർ ജനസംഖ്യയുടെ എത്ര ശതമാനം വരുമെന്നതിനെയാണ് എൻറോൾമെന്റ് തോത് എന്നു വിളിക്കുന്നത്. ഗുജറാത്തിന്റെ ഗ്രോസ് എൻറോൾമെന്റ് തോത് പ്രൈമറി ഘട്ടത്തിൽ 96 ശതമാനമാണ്. കേരളത്തിൽ 100 ശതമാനവും. രണ്ടും തമ്മിൽ വലിയ അന്തരമില്ല. ഇന്ത്യയിൽ ഇപ്പോൾ അത് 103 ശതമാനമാണെന്നാണ് കണക്ക്. എന്നാൽ സെക്കൻഡറി ഘട്ടമാകുമ്പോൾ (9-–10 ക്ലാസുകൾ) എൻറോൾമെന്റ് തോത് ഗുജറാത്തിൽ 77 ആയിട്ട് താഴുന്നു. കേരളത്തിൽ അത് 97 ആയി തുടരുന്നു.

ഹയർ സെക്കൻഡറി ഘട്ടത്തിൽ (11-–12 ക്ലാസുകൾ) ഗുജറാത്തിലെ എൻറോൾമെന്റ് 43 ശതമാനമായി താഴുമ്പോൾ കേരളത്തിലാവട്ടെ എൻറോൾമെന്റ് തോത് 83 ശതമാനമാണ്. ദേശീയ ശരാശരി 51 ശതമാനവും. സ്കൂളിൽ ചേരുന്ന കുട്ടികളുടെ എണ്ണത്തിൽ ഔപചാരികമായി ഇന്ത്യയിൽ സംസ്ഥാനങ്ങൾ തമ്മിൽ വലിയ വ്യത്യാസമില്ലെങ്കിലും ഗുജറാത്തു പോലുള്ള സംസ്ഥാനങ്ങളിൽ വളരെ ഉയർന്ന കൊഴിഞ്ഞുപോക്കുണ്ടെന്നാണ് ഈ കണക്കുകൾ തെളിയിക്കുന്നത്.

ആരോഗ്യനില
ജനങ്ങളുടെ ആരോഗ്യ സ്ഥിതിയിൽ കേരളത്തെ അപേക്ഷിച്ച് ഗുജറാത്ത് എത്രയോ പിന്നിലാണെന്ന് ഇതിനകം സൂചിപ്പിച്ചു കഴിഞ്ഞു. 6–-23 മാസം പ്രായമുള്ള കുട്ടികളിൽ 6 ശതമാനത്തിനു മാത്രമാണ് ഗുജറാത്തിൽ ആവശ്യമായ പോഷകാഹാരം ലഭിക്കുന്നത്. കേരളത്തിൽ ഇത് 24 ശതമാനമാണ്. അമ്മയുടെ മുലപ്പാലിനു പുറമേ കൃത്യമായ സമയത്ത് പോഷക സമൃദ്ധമായ ഭക്ഷണം ലഭിക്കുന്നതിനെയാണ് മതിയായ ഡയറ്റ് എന്നു നിർവ്വചിക്കുന്നത്. ഇതിന്റെ ഫലമായി പോഷകാഹാര നില അളക്കാൻ ഉപയോഗിക്കുന്ന മൂന്നു സൂചകങ്ങളിലും, അതായത് പ്രായത്തിനനുസരിച്ചുള്ള ഉയരമില്ലായ്മ (stunting), ഉയരത്തിനനുസരിച്ചുള്ള തൂക്കമില്ലായ്മ (wasted), പ്രായത്തിനനുസരിച്ചുള്ള തൂക്കമില്ലായ്മ (under weight) ഇവ മൂന്നിലും കേരളത്തിനേക്കാൾ വളരെ പുറകിലാണ് ഗുജറാത്ത് എന്നു നാം കണ്ടുകഴിഞ്ഞല്ലോ.

6 മാസത്തിനും 59 മാസത്തിനും ഇടയ്ക്കു പ്രായമുള്ള കുട്ടികളിൽ ഗുജറാത്തിൽ 79.7 ശതമാനം പേർക്കും വിളർച്ച (anemia) ഉണ്ട്. ദേശീയ ശരാശരി 67.1 ശതമാനമാണ്. കേരളത്തിന്റെ തോത് 39.4 ശതമാനമോത്രമാണ്.

സ്‌ത്രീകളുടെ അവസ്ഥ
കേരളത്തിൽ 99.4 ശതമാനം സ്ത്രീകൾ സാക്ഷരരായിരിക്കുമ്പോൾ ഗുജറാത്തിലെ നിരക്ക് 73.5 ശതമാനം മാത്രമാണ്. അതിലുപരി ഗുജറാത്തിലെ സ്ത്രീകളിൽ 34 ശതമാനത്തിനു മാത്രമേ 10–ാം ക്ലാസ്സോ അതിൽ കൂടുതലോ വിദ്യാഭ്യാസ യോഗ്യതയുള്ളൂ. കേരളത്തിലെ ഈ തോത് 77 ശതമാനമാണ്. അഖിലേന്ത്യാ ശരാശരി 41 ശതമാനമാണ്.

ഗുജറാത്തിലെ 20-–24 വയസ് പ്രായമുള്ള സ്ത്രീകളിൽ 22 ശതമാനവും 18 വയസിനു മുമ്പ് വിവാഹിതരായവരാണ്. അഖിലേന്ത്യാതലത്തിലും ഏതാണ്ട് ഇതു തന്നെയാണ് സ്ഥിതി–23.3 ശതമാനം. കേരളത്തിൽ ഈ തോത് 6.3 ശതമാനം മാത്രമാണ്.

ഒരുലക്ഷം പ്രസവത്തിൽ എത്ര അമ്മമാർ മരിക്കുന്നൂവെന്നുള്ളതാണ് മാതൃമരണ നിരക്ക്. ഗുജറാത്തിൽ ഇത് 70 ആണ്. കേരളത്തിൽ 30-ഉം. അഖിലേന്ത്യാ ശരാശരി 103 ആണ്. 15-–49 വയസ് പ്രായത്തിനിടയിലുള്ള 63 ശതമാനം ഗർഭിണികളും ഗുജറാത്തിൽ വിളർച്ച ബാധിച്ചിട്ടുള്ളവരാണ്. കേരളത്തിൽ ഇതിന്റെ തോത് 36 ശതമാനം മാത്രമാണ്. അഖിലേന്ത്യാ ശരാശരി 57 ശതമാനവും. ഗുജറാത്തിലെ 43 ശതമാനം വരുന്ന ഗർഭിണികളേ അയൺ/ഫോളിക് ആസിഡ് ഗുളികകൾ കഴിക്കുന്നുള്ളൂ. കേരളത്തിൽ ഈ തോത് 67 ശതമാനമാണ്. ദേശീയ ശരാശരി 26 ശതമാനവും.

ഗുജറാത്തിൽ 14 ശതമാനം സ്ത്രീകൾ ഗാർഹിക പീഡനം നേരിടുന്നു. കേരളത്തിൽ അത് 9.9 ശതമാനമാണ്. ദേശീയ ശരാശരി 29 ശതമാനവും. കേരളത്തിൽ 99 ശതമാനം സ്ത്രീകൾക്കും വീട്ടിൽ ശുചിമുറികൾ ഉള്ളപ്പോൾ ഗുജറാത്തിൽ ഇതിന്റെ തോത് 74 ശതമാനം മാത്രമാണ്. ദേശീയ ശരാശരി 70-ഉം.

നിതി ആയോഗിന്റെ കണക്കുപ്രകാരം കേരളത്തിലെ അതിദാരിദ്ര്യ നിരക്ക് കേവലം 0.71 ശതമാനമാണ്. ഗുജറാത്തിലേത് 8.06 ശതമാനമാണ്. അതിദാരിദ്ര്യമുക്തിയിൽ കേരളം 1-–ാം സ്ഥാനത്തും ഗുജറാത്ത് 23-–ാം സ്ഥാനത്തുമാണ്. മാനവവികസന സൂചിക എടുത്താൽ 0.782 പോയിന്റോടുകൂടി കേരളം 1–-ാം സ്ഥാനത്തും 0.672 പോയിന്റോടുകൂടി ഗുജറാത്ത് 21-–ാം സ്ഥാനത്തുമാണ്.

ഏത് മാതൃകയാണ് അഭികാമ്യം?
ഇതിൽ ജനങ്ങൾക്കു കൂടുതൽ നല്ലത് ഏത്? ഇതു സമ്മതിച്ചു തരാൻ സംഘികൾ തയ്യാറല്ല. ഇത് ഇവരുടെ സഹജസ്വഭാവമായിട്ടുണ്ട്. ആധുനിക കേരളം കെട്ടിപ്പടുക്കാൻ ഒരുപങ്കും വഹിച്ചിട്ടില്ലാത്ത ഇക്കൂട്ടർ നമ്മുടെ സംസ്ഥാനം ഏതെങ്കിലും കാര്യത്തിൽ മികവു കാണിക്കുന്നത് സഹിക്കില്ല.

എന്നാൽ കേരള സമ്പദ്ഘടനയും ഗുജറാത്ത് സമ്പദ്ഘടനയും തമ്മിൽ അടിസ്ഥാനപരമായ ഒരു വ്യത്യാസമുണ്ട്. ഗുജറാത്ത് വ്യവസായവൽകൃത സംസ്ഥാനമാണ്. കേരളത്തിൽ കൂടുതൽ പ്രാധാന്യം സേവനമേഖലയ്ക്കാണ്. ഇതിൽ ഒരു മാറ്റം വരുത്തേണ്ടതുണ്ട്. ഗുജറാത്തിലേതുപോലെ ഘനവ്യവസായങ്ങൾക്കും മറ്റും ആയിരിക്കില്ല കേരളത്തിൽ സ്ഥാനം. കൂടുതൽ വിജ്ഞാനാധിഷ്ഠിതമായ വ്യവസായങ്ങൾക്കായിരിക്കും പ്രാമുഖ്യം.

അഭ്യസ്തവിദ്യരായ നമ്മുടെ പൗരർക്ക് അനുയോജ്യമായ നല്ല ഉദ്യോഗങ്ങൾ കേരളത്തിൽ സൃഷ്ടിക്കുന്നതിനുള്ള തീവ്രയജ്ഞ പരിപാടിയാണ് നവകേരള വികസന പദ്ധതി. ആ ലക്ഷ്യം നേടാനാകും. അനുയോജ്യമായ വ്യവസായതുറകളിൽ ഊന്നണം. അവയ്ക്ക് ആവശ്യമായ പശ്ചാത്തലസൗകര്യങ്ങൾ സൃഷ്ടിക്കണം. ഇതിനായുള്ള പ്രവർത്തനങ്ങൾ നടന്നുവരുന്നു. ഇതു വിജയിച്ചാൽ അത് കേരളവികസന മാതൃകയുടെ പുതിയ പതിപ്പായിരിക്കും. അതോടെ ഈ വിമർശകരുടെ വായടയും. പിന്നെ ഗുജറാത്ത് മാതൃകയെ തിരിഞ്ഞുനോക്കാൻപോലും ആരും ഉണ്ടാവില്ല. l

ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

4 × 5 =

Most Popular