Sunday, February 15, 2026

ad

Homeകവര്‍സ്റ്റോറികേരളത്തിന് ആമ മുട്ട

കേരളത്തിന് ആമ മുട്ട

ജി വിജയകുമാർ

ലയാളത്തിൽ ആന മുട്ട എന്ന പദത്തിന് സാധാരണയായി വ്യവഹാര ഭാഷയിൽ അർഥം വട്ടപ്പൂജ്യം എന്നാണ്. അതായത് ഒന്നുമില്ല! ഇപ്പോൾ ഇതാ നമ്മുടെ യൂണിയൻ ധനമന്ത്രി ആനയ്ക്ക് അവധി കൊടുത്ത് അവിടേയ്ക്ക് ആമയെ പ്രതിഷ്ഠിച്ചിരിക്കുന്നു. അങ്ങനെ 2026–27 ലെ യൂണിയൻ ബജറ്റിലൂടെ മലയാള ഭാഷയ്ക്ക് ലഭിച്ച സംഭാവനയാണ് ആമ മുട്ട!

കേരളത്തിൽ കുറേക്കാലമായി ബിജെപിയുമായും മോദി സർക്കാരുമായും ബന്ധപ്പെട്ട് വലതുപക്ഷ മാധ്യമങ്ങൾ കൊട്ടിഘോഷിച്ചുകൊണ്ടിരുന്നത് തിരുവനന്തപുരത്തേക്ക് മോദി വരുന്നു; വികസനത്തിന്റെ നിറകൊട്ടയുമായി! കേരളത്തിന് മൊത്തത്തിലില്ലെങ്കിലും തലസ്ഥാന നഗരമായ തിരുവനന്തപുരത്തിനെങ്കിലും ഒരുവണ്ടി പ്രഖ്യാപനം ഉറപ്പ് ! കാര്യം നടന്നില്ലെങ്കിലെന്താ പ്രഖ്യാപനമെങ്കിലും വരുമല്ലോയെന്നാശ്വാസിച്ചു, ബിജെപിയെ നഗരഭരണമേൽപ്പിച്ച തലസ്ഥാനനഗര നിവാസികൾ! മലയാള മനോരമയുടെ ഓൺലെെനിൽ ജനുവരി 13 ന് ‘‘തിരുവനന്തപുരം കോർപ്പറേഷന്റെ നഗരവികസന രേഖ പ്രഖ്യാപിക്കാൻ 23ന് പ്രധാനമന്ത്രി എത്തിയേക്കും’’ എന്ന വാർത്തയിലൂടെ ഈ പ്രചാരണത്തിന്റെ കേളികൊട്ടിന് തുടക്കമായി. മാതൃഭൂമി ഉൾപ്പെടെ വലതുപക്ഷത്തിന്റെ പെട്ടിപ്പാട്ടു സംഘങ്ങളും പിന്നാലെ കൂടി. തിരഞ്ഞെടുപ്പ് പ്രചരണത്തിനായുള്ള ബിജെപിയുടെ ‘വിഷൻ 2026’ മോദിജി അവതരിപ്പിക്കുമെന്നും ഇതിൽ കൂട്ടിച്ചേർക്കുന്നു.

ഒടുവിൽ പ്രധാനമന്ത്രിയെത്തി, ജനുവരി 23ന് തന്നെ! പക്ഷേ, ജ്യോതിയുമില്ല, തീയുമില്ല എന്നതായി അവസ്ഥ. കോർപ്പറേഷന്റെ നഗരവികസന രേഖയുമില്ല, മിഷൻ 2026 മില്ല! പ്രോട്ടോക്കാൾ പ്രകാരം വിമാനത്താവളത്തിൽ പ്രധാനമന്ത്രിയെ സ്വീകരിക്കേണ്ട മേയർജിയെ അതിന്റെ ഏഴയലത്ത് അടുപ്പിച്ചതുപോലുമില്ല. പിന്നല്ലേ രേഖ! മോദിജിയുടെ അടുത്തേക്ക് തള്ളിക്കയറാൻ നോക്കിയ മേയർജിയെ കൊണ്ടുപോടേ നിന്റെ പീറക്കടലാസുകൾ എന്നു പറഞ്ഞ് കരിമ്പൂച്ചകൾ ആട്ടിയോടിച്ചത്രേ! ഇതൊരു സാമ്പിൾ വെടിക്കെട്ടായിരുന്നു.

ഫെബ്രുവരി ഒന്നിന് യൂണിയൻ ബജറ്റുമായി നിർമലാജി വരുമല്ലോ, അപ്പോൾ കാണാം നിർമലാജിയുടെ കൊട്ടയിൽ നിറയെ കേരളത്തിനുള്ള സമ്മാനപ്പൊതികൾ എന്നായി സുരേഷ്ഗോപിയും രാജീവ് ചന്ദ്രശേഖരനും. എന്നാൽ കിട്ടിയതോ? കൊട്ട നിറയെ ആമ മുട്ട! അങ്ങനെ മലയാളപദ സമ്പത്തിലേക്ക് നിർമലാജി വഹ ഒരു സംഭാവനയായി. എന്താ പോരെ! സുരേഷ്ഗോപി ജി കലുങ്കുകളിൽ ഇരുന്നും കെടന്നും പറഞ്ഞുകൊണ്ടിരുന്ന കേരളത്തിലെ എയിംസ് ശരിക്കും ഗോപിയായി! എന്തിന്, ആരോഗ്യമേഖലയ്ക്കാകെയുള്ള വകയിരുത്തൽ തന്നെ ബജറ്റിൽ വെട്ടിക്കുറച്ചു നിർമലാജി. ആരോഗ്യമേഖലയിലേക്കുള്ള മൂലധനച്ചെലവ് 2025–26ലെ ബജറ്റിൽ 3,624.44 കോടിയായിരുന്നത് പുതിയ ബജറ്റിൽ 2,928.30 കോടി രൂപയായി വെട്ടിക്കുറച്ചു. മോദിയുടെ വികസിത് ഭാരത് എന്നാൽ വികസിത് കോർപ്പറേറ്റുകൾ എന്നർഥം! അതിൽ ആരോഗ്യത്തിന് എന്തിന് ഇടം? എന്നാലും ഒരെയിംസെങ്കിലും തരുമെന്ന് പ്രതീക്ഷിച്ചവർക്ക് ആമമുട്ടയിൽ ആശ്വസിക്കാം. പണ്ടു മുതലേയുള്ള കേരളത്തിന്റെ ആവശ്യമാണിതെങ്കിലും 2014ൽ മോദി അധികാരത്തിൽ വന്നശേഷമുള്ള ആദ്യ ബജറ്റിൽതന്നെ അന്നത്തെ ധനമന്ത്രി കേരളത്തിന് എയിംസ് പ്രഖ്യാപിച്ചതാണ്. അതോടെ അത് യാഥാർഥ്യമാകുമെന്ന വിശ്വാസമുറച്ചു! ഇപ്പോൾ വർഷം 12 പിന്നിട്ടിട്ടും എയിംസില്ലെന്നു മാത്രമല്ല, ഈ ബജറ്റിൽ കേരളത്തിലെ എയിംസിനെക്കുറിച്ച് പരാമർശം പോലുമില്ല. ഇതിനിടയിൽ കോഴിക്കോട് ജില്ലയിലെ കിനാലൂരിൽ 2016ൽ അധികാരത്തിൽ വന്ന എൽഡിഎഫ് സർക്കാർ എയിംസിനുവേണ്ടി ഭൂമി ഏറ്റെടുക്കുകയും ചെയ്തു. ഭൂമി ഏറ്റെടുത്ത് ആരോഗ്യവകുപ്പിന് കെെമാറിയിട്ട് വർഷം പലതു കഴിഞ്ഞു.

വികസിത് ഭാരതത്തിൽ ആരോഗ്യ വികസനമില്ലെന്നതുപോലെ വികസിത് കേരളവുമില്ല! പിന്നെങ്ങനെ കേരളത്തിൽ എയിംസ് വരും. മാത്രമല്ല, കേരളത്തിൽ എൽഡിഎഫ് സർക്കാർ ജില്ലതോറും മെഡിക്കൽ കോളേജുകളും അതിനു സമാനമായ ജില്ലാ ആശുപത്രികളും ഇന്ത്യയിൽ എവിടെയും കാണാനാവാത്തത്ര ആരോഗ്യ കേന്ദ്രങ്ങളുടെ ശൃംഖലയും കൊണ്ടുവരുന്നതുതന്നെ അനാവശ്യമെന്നു കരുതുന്ന മോദി സർക്കാർ പിന്നെ എയിംസ് നൽകുമെന്ന് നമ്മൾ ചിന്തിക്കാൻ പാടുണ്ടോ? അതിമോഹമല്ലേ അത്!

ഇനി വികസിത് ഭാരതത്തിന്റെ ചട്ടക്കൂടിൽ വികസിത് കേരളമുണ്ടോ? അതില്ലെന്നാണ് മോദിജിയും നിർമലാജിയും ബജറ്റിലൂടെ ആവർത്തിച്ച് വ്യക്തമാക്കുന്നത്. കേരളം ആവശ്യപ്പെട്ടതു വല്ലതും കിട്ടിയോ? ആഴക്കടലിൽനിന്ന് ലോഹ മണൽഖനനം നടത്തുന്ന ഒരു പദ്ധതിയുണ്ട്. കേരള ബജറ്റിൽ അത് പറയുന്നത്, കേരള തീരത്തെ അപൂർവ ലോഹങ്ങളടങ്ങിയ മണൽ പൊതുമേഖലയിൽ ഖനനം ചെയ്ത് ഇവിടെത്തന്നെ വേർതിരിച്ച് വിവിധ ഉൽപന്നങ്ങൾ ഉണ്ടാക്കുന്ന ഒരു പദ്ധതിയെന്ന നിലയ്ക്കാണ്. നിർമലാജിയുടെ ബജറ്റിൽ പൊതുമേഖലയ്ക്കിടമില്ല. എന്തിന് പൊതുമേഖല? അദാനിമാരും അംബാനിമാരും കച്ചകെട്ടി നിൽക്കുമ്പോൾ അതവർക്കങ്ങ് കൊടുത്താൽ പോരേയെന്നാണ് മോദിജിയും നിർമലാജിയും കോറസിൽ പറയുന്നത്. മാത്രമല്ല, കേരളതീരം മുതൽ ഒഡിഷ തീരംവരെയുള്ള അപൂർവ ലോഹങ്ങളടങ്ങിയ മണൽ ശേഖരിച്ച് കച്ചോടം ചെയ്യാൻ കോർപ്പറേറ്റുകൾക്ക് വിട്ടുകൊടുക്കുന്നതാണ് നിർമലാജിയുടെ പദ്ധതി. നിർമലാജിയുടെ ഈ പദ്ധതികൊണ്ട് കേരളത്തിന്റെ വികസനത്തിന് എന്തെങ്കിലും നേട്ടമുണ്ടാകുമോ? ഇല്ലേയില്ല! നമ്മുടെ തീരത്തെ ലോഹമണൽ കോർപ്പറേറ്റുകൾക്ക് കൊള്ളയടിച്ചു കൊണ്ടുപോയി ലാഭമുണ്ടാക്കാം. അതാണ് ബിജെപിയുടെ വികസിത് ഭാരതവും വികസിത് കേരളവും. ഇന്ത്യയെയാകെ ഞങ്ങൾ കോർപ്പറേറ്റുകൾക്ക് കച്ചോടമടിക്കുമ്പോൾ കേരളം എന്തിന് അതിൽനിന്ന് വിട്ടുനിൽക്കണമെന്നാണ് രാജീവ് ചന്ദ്രശേഖരനെന്ന മൊയ്ലാളിയുടെ ചോദ്യം.

നമ്മൾ 21,000 കോടി രൂപയുടെ സാമ്പത്തിക പാക്കേജ് ചോദിച്ചു. കിട്ടിയോ? ഇല്ല. പാക്കേജ് ചോദിച്ചതെന്തിനാ? ജിഎസ്ടി നടപ്പാക്കിയതും ജിഎസ്ടി നഷ്ടപരിഹാരം നിർത്തലാക്കിയതും ഉൾപ്പെടെയുള്ള കാര്യങ്ങൾ കേരളത്തിനുണ്ടാക്കിയ നഷ്ടം നികത്താൻ. നിങ്ങളങ്ങനെയങ്ങ് വളരണ്ടായെന്നാണ് മോദി പറയുന്നത്. അപ്പോൾ വികസിത് ഭാരതിന്റെ ഭൂപടത്തിൽ കേരളം ഇല്ലെന്നു സാരം.

എൽഡിഎഫ് സർക്കാർ പൂർത്തിയാക്കിയ നമ്മുടെ കേരളത്തിന്റെ മാത്രമല്ല, ഇന്ത്യയുടെ തന്നെ ഫ്ളാഗ്ഷിപ്പ് പരിപാടിയാണല്ലോ വിഴിഞ്ഞം തുറമുഖം. വിഴിഞ്ഞം തുറമുഖത്തിന് വയബിലിറ്റി ഗ്യാപ്പ് ഫണ്ട് (VGF) ഇനത്തിൽ യൂണിയൻ ഗവൺമെന്റ് നൽകേണ്ട 817.80 കോടി രൂപ മറ്റു സംസ്ഥാനങ്ങൾക്ക് നൽകുന്നതുപോലെ ഗ്രാന്റായി നൽകണമെന്ന സംസ്ഥാനത്തിന്റെ അഭ്യർഥന പരിഗണിക്കാതെ ആ തുക പലിശസഹിതം 2034 മുതൽ തിരിച്ചടയ്ക്കേണ്ട വായ്പയായിട്ടാണ് നൽകിയത്. കേരളത്തിന്റെ കാര്യത്തിൽ കേന്ദ്രത്തിന് എന്തേ ഈ ചിറ്റമ്മ നയം? ഇതാണോ വികസിത കേരളവുമായി ബന്ധപ്പെട്ട ബിജെപി സമീപനം? മാത്രമല്ല, ഇപ്പോഴത്തെ ബജറ്റിൽ വിഴിഞ്ഞം പദ്ധതിയുടെ രണ്ടാം ഘട്ട വികസനത്തിനുവേണ്ടി സംസ്ഥാനം ആവശ്യപ്പെട്ട സഹായം യൂണിയൻ സർക്കാർ നൽകിയില്ലെന്നതും രാജീവ് ചന്ദ്രശേഖർജിയെ ഉത്കണ്ഠപ്പെടുത്തുന്നില്ല. ബിജെപിക്കതൊന്നും വിഷയമേയല്ല. വികസിത് കേരളമെന്നാൽ അധികാരം കയ്യടക്കാനുള്ള ചെപ്പടി വിദ്യക്കപ്പുറം ഒന്നുമല്ല – വോട്ടർമാരുടെ കണ്ണിൽ പൊടിയിടൽ; വെറും പൊടിയല്ല, മുളകുപൊടി!

ശബരി റെയിലും തിരുവനന്തപുരം– കാസർകോട് അതിവേഗ / അർധ അതിവേഗ റെയിലും കേരളം ആവശ്യപ്പെട്ടതാണ്. 2021ൽ യൂണിയൻ ഗവൺമെന്റ് തത്ത്വത്തിൽ അംഗീകരിച്ചതാണ് കേന്ദ്ര സംസ്ഥാന സംയുക്ത പദ്ധതിയായ അർധ അതിവേഗ റെയിൽ – സിൽവർ ലെെൻ പദ്ധതി. സംസ്ഥാനം അതിനുള്ള പ്രാഥമിക നടപടികൾ തുടങ്ങിയതുമാണ്. കേന്ദ്രം അതിൽനിന്ന് പിന്മാറിയപ്പോൾ സംസ്ഥാനം സ്വന്തം പദ്ധതിയായി നടപ്പാക്കാൻ സന്നദ്ധത അറിയിച്ചതുമാണ്. അനുമതിക്കായി ഡിപിആർ തയ്യാറാക്കി കേന്ദ്ര റെയിൽവെ വകുപ്പിന് നൽകിയെങ്കിലും ആ അനുമതിയും നിഷേധിച്ചു. കേരളത്തിന്റെ ഭാവി വികസനത്തിന് അതിവേഗ റെയിൽ അനിവാര്യമാണെന്നത് അവിതർക്കിതമാണ്. ആർക്കാണിത്ര സ്പീഡ് വേണ്ടതെന്ന് കേരളത്തിലെ സംഘികളും കൊങ്ങികളും ചെലച്ചപ്പോൾ യൂണിയൻ ഗവൺമെന്റും അതിനൊപ്പം നീങ്ങി. അങ്ങനെയാണല്ലോ ആ പദ്ധതി നിഷേധിക്കപ്പെട്ടത്. അല്ലാതെ കേരളത്തിന്റെ പ്രോജക്ടിൽ പിശകുണ്ടെന്നാണെങ്കിൽ അത് തിരുത്താൻ ആവശ്യപ്പെടാമായിരുന്നു. അതൊന്നുമുണ്ടായില്ല. ചുരുക്കിപ്പറഞ്ഞാൽ, സിൽവർ ലെെനിനുമേൽ അടയിരിക്കുകയായിരുന്നു മോദിയും അശ്വനി വെെഷ്ണവും റെയിൽ വകുപ്പും. വികസനത്തിലേക്ക് ഒരിഞ്ചു മുന്നോട്ടുപോകാൻ കേരളത്തെ അനുവദിക്കില്ലെന്ന ദുശാഠ്യമാണ്. ചത്താലും കൊന്നാലും അനുമതി നൽകമാട്ടേൻ!

ജനുവരി 23ന് മോദി ജി തിരുവനന്തപുരത്തെത്തുമ്പോൾ അതിവേഗ റെയിൽ പ്രഖ്യാപനമുണ്ടാകുമെന്ന് മുഖ്യധാരാ മാധ്യമങ്ങളൊന്നാകെ ആഘോഷിച്ചതാണ്. സംസ്ഥാനത്തെ ബിജെപിയും കോൺഗ്രസും ആ അതിവേഗത്തെ ഇരുകയ്യും നീട്ടി സ്വാഗതം ചെയ്തതു നാം കണ്ടു. ഈ വാർത്തയ്ക്കു പിന്നാലെ 2021ലെ ബിജെപിയുടെ അഭിനവ അതിവേഗതയുടെ ‘കേരള മുഖ്യമന്ത്രി’ ഇ ശ്രീധരൻ വക അതിവേഗം! മോദിജിയിൽനിന്ന് അതിന്റെ പ്രഖ്യാപനമുണ്ടാകുമെന്ന് കരുതി ‘പാലക്കാട്ടേ മുഖ്യമന്ത്രി’ കടലാസുകെട്ടുകളുമായിറങ്ങിയെങ്കിലും അതിവേഗം പോയിട്ട് ഒച്ചിന്റെ വേഗംപോലും ഉണ്ടായില്ല. പകരം മോദിയിൽനിന്ന് കേട്ടത് വർഗീയ വിഷംചീറ്റൽ മാത്രം!

ബജറ്റിലുണ്ടാകും അതിവേഗം എന്നായി പ്രചാരണം. ഡൽഹി മെട്രോ റെയിൽ കോർപറേഷൻ നടപ്പാക്കിയ ഡൽഹി–മീററ്റ് മോഡലിൽ ആർആർടിഎസ് അർധ അതിവേഗ പദ്ധതി തയ്യാറാക്കി സംസ്ഥാന സർക്കാർ നൽകുകയും ചെയ്തിരുന്നു. എന്നാൽ, നിർമലാജിയുടെ ബജറ്റിൽ കേരളവുമില്ല, റെയിലുമില്ല– പിന്നല്ലേ അതിവേഗം. എന്നിട്ടും പിന്മാറാതെ മെട്രോമാൻജി പൊന്നാനിയിൽപോയി കെട്ടേ-്യാളെക്കൊണ്ട് ആപ്പീസും തുറപ്പിച്ച് കാത്തിരിപ്പാണ്, അശ്വനി വെെഷ്ണവിന്റെ പ്രഖ്യാപനം നോക്കി! സംഘികളുടെ പതിവ് നുണകളും തള്ളുകളുമല്ലാതെ വെെഷ്ണവിൽനിന്ന് ഒരുചുക്കും ഉണ്ടായില്ല. എന്നിട്ടും 2021ൽ പാലക്കാട്ടുതുറന്ന മുഖ്യമന്ത്രി ആപ്പീസിനെപോലെ ശ്രീധരൻജി പൊന്നാനിയിൽ അതിവേഗ ആപ്പീസുമായി കുത്തിയിരിപ്പാണ്!

1997 മുതലുള്ള കേരളത്തിന്റെ ആവശ്യമാണ് ശബരി റെയിൽ. അന്ന് കേരളത്തിലെ എൽഡിഎഫ് സർക്കാരിന്റെ ആവശ്യം കേന്ദ്രത്തിലെ ഇടതുപക്ഷ പിന്തുണയുള്ള ഐക്യമുന്നണി സർക്കാർ അംഗീകരിച്ച് നടപടികൾ ആരംഭിച്ചതുമാണ്. പിന്നീടതിൽ നടപടിയുണ്ടായത് കേന്ദ്രത്തിൽ ഇടതുപക്ഷ പിന്തുണയുള്ള ഒന്നാം യുപിഎ സർക്കാരും സംസ്ഥാനത്ത് 2006ൽ വി എസ് സർക്കാരും വന്ന ശേഷമാണ്. ഇതിനിടയിൽ, 1999ൽ വന്ന ബിജെപി മുന്നണി സർക്കാർ ശബരിപാതയ്ക്കു നേരെ കണ്ണടയ്ക്കുകയാണുണ്ടായത്. 2001നു ശേഷം അധികാരമേറ്റ യുഡിഎഫും ഒരു നടപടിയും കാര്യമായി കെെക്കൊണ്ടില്ല. 2006നു ശേഷമാണ് ശബരിപാതയ്ക്ക് പിന്നെയും ജീവൻ വച്ചത്. പദ്ധതിയുടെ ഒന്നാം ഘട്ടമായ 8 കിലോമീറ്റർ പാതയ്ക്കുള്ള സ്ഥലമേറ്റെടുക്കുകയും നിർമാണ പ്രവർത്തനങ്ങൾ 90 ശതമാനത്തോളം പൂർത്തിയാക്കുകയും ചെയ്തിട്ടും മുന്നോട്ടുപോകാതിരുന്നത് 2014നു ശേഷം മോദി സർക്കാർ ബജറ്റിൽ ഉൾപ്പെടുത്തുകയോ തുടർ അനുമതി നൽകുകയോ ചെയ്യാത്തതുകൊണ്ടാണ്. സംസ്ഥാനം നിരന്തരം ആവശ്യപ്പെടുന്ന പദ്ധതികളിലൊന്നാണിത്. സംസ്ഥാനം ഭൂമി ഏറ്റെടുക്കാത്തതാണ് പ്രശ്നമെന്ന നുണ പറഞ്ഞ് റെയിൽ മന്ത്രി ലോക്-സഭയിൽ തടി തപ്പിയപ്പോൾ സംസ്ഥാന സർക്കാർ ഇപ്പോൾ ഭൂമി ഏറ്റെടുക്കാനുള്ള തുക മാത്രമല്ല, മൊത്തം എസ്റ്റിമേറ്റിന്റെ പകുതി, 1900 കോടി രൂപ കിഫ്ബിയിൽനിന്ന് നൽകാമെന്ന് തീരുമാനിക്കുകയും ചെയ്തു. ഇനിയെങ്കിലും കേരള വികസനത്തിലെ പ്രധാന പദ്ധതികളിലൊന്നായ ശബരി റെയിലിനുനേരെ കേന്ദ്രം കണ്ണുതുറക്കുമോയെന്നാണ് ബിജെപി പറയേണ്ടത്.

നെല്ല് സംഭരണത്തിന് അധികതുക, റബറിന് വില സ്ഥിരതാഫണ്ട് തുടങ്ങിയ കാർഷികമേഖലയുമായി ബന്ധപ്പെട്ട് കേരളം ആവശ്യപ്പെട്ട ഏതെങ്കിലുമൊരു പദ്ധതിക്ക് യൂണിയൻ ബജറ്റിൽ തുക നീക്കിവച്ചിട്ടുണ്ടോ ! ഒന്നുമില്ല. കലുങ്ക് ഗോപി ഉൾപ്പെടെ കേരളത്തിലെ ബിജെപിക്കാർ അടിയൻ ലച്ചിപ്പോമെന്ന വായ്-ത്താരിയോടെ കോൺഗ്രസും എസ്-യുസിഐയും ചേർന്ന് നയിച്ച ആശാ സമരത്തിൽ അണിനിരന്നതാണ്. വ്യാജ പ്രചരണങ്ങളും മുതലക്കണ്ണീരുമായി എൽഡിഎഫ് സർക്കാരിനെതിരെയുള്ള ആയുധമായി ആശമാരെ കണ്ട ഇവർ ആശമാർക്കുവേണ്ടി യൂണിയൻ ബജറ്റിൽ ചില്ലിക്കാശ് നീക്കിവച്ചില്ലെന്നതും അവരെ തൊഴിലാളികളായി അംഗീകരിക്കാൻപോലും തയ്യാറായില്ലെന്നതും കാണുന്നില്ല. അതിനായി ഒരു വാക്ക് പറയാനും നാവനങ്ങില്ല. ആശമാരുടെ അഭിനവ രക്ഷിതാക്കളായി വേഷം കെട്ടിയാടിയ എസ്‌യുസിഐ–യുഡിഎഫ് സംഘങ്ങളും ചില സാംസ്കാരിക നായകരും തലയിൽ മുണ്ടിട്ട് മണ്ടിയിരിക്കുകയാണ്.

അപ്പോൾ കേരളം ആവശ്യപ്പെട്ടു എന്തു പദ്ധതിയാണ് കേന്ദ്ര ബജറ്റിലൂടെ നമുക്ക് കിട്ടിയത്? വെറും ആമമുട്ട. കടലാമ മുട്ടയിടുന്ന പ്രജനന കേന്ദ്രങ്ങൾക്ക് സംരക്ഷണം നൽകുന്ന പദ്ധതിയാണിത്. നമ്മുടെ തീരത്തെ കടലാമകൾ, വംശനാശം സംഭവിക്കാതിരിക്കേണ്ടത് നമ്മുടെ സമുദ്രാതിർത്തിയിലൂടെ കടന്നുപോകുന്ന വാണിജ്യക്കപ്പലുകളുടെ സംരക്ഷണത്തിന് അനിവാര്യമാണ്. സമുദ്രത്തിൽ അടിഞ്ഞുകൂടുന്ന കടൽപ്പായലും ചണ്ടികളുമെല്ലാം തിന്നുതീർക്കുന്നത് കടലാമകളാണ്. അതിനുവേണ്ട കടലാമകൾ ഇല്ലെങ്കിൽ പായലും ചണ്ടികളുമെല്ലാം കുമിഞ്ഞുകൂടി കപ്പലുകളെ അപകടകത്തിൽപെടുത്തും. അതുകൊണ്ട് കഴിഞ്ഞ ഒരു ദശകമായി അമേരിക്ക ഇന്ത്യാ സർക്കാരിനോട് ആവശ്യപ്പെട്ടുകൊണ്ടിരിക്കുന്നതാണ് കടലാമ സംരക്ഷണ പദ്ധതി നടപ്പാക്കണമെന്ന്. ഇപ്പോൾ ട്രംപ് മോദിക്കുമേൽ സമ്മർദം ചെലുത്തിയപ്പോൾ കർണാടകത്തിനും ഒഡീഷയ്ക്കുമൊപ്പം കേരളത്തിനും കിട്ടി ഒരാമ മുട്ട. ഇല്ലെങ്കിൽ ആനമുട്ടയാകുമായിരുന്നു കേരളത്തിന്!

അപ്പോൾ സംഘികളുടെ വികസന പരിപ്രേക്ഷ്യത്തിൽ കേരളമെന്ന ഭൂപ്രദേശമില്ല. അതിൽപ്പെടണമെന്നാണെങ്കിൽ കാവി ഭരണത്തിന് കേരള ജനത പച്ചക്കൊടി കാണിക്കണം. അതിനു മനസ്സില്ലെന്നാണ് സംഘികളോട് കേരളം പറയുന്നത്. ഈ സംഘി ഭരണം വന്നാലത്തെ സ്ഥിതിയെന്തെന്ന് തിരുവനന്തപുരത്തുകാർക്ക് മനസ്സിലായി. കഴിഞ്ഞ 5 വർഷവും നഗരത്തിലൂടെ ദുർഗന്ധമില്ലാതെ, മൂക്കുപൊത്താതെ നടക്കാമായിരുന്നു. ഇന്ന്, ചുരുങ്ങിയ നാളുകൾക്കൊണ്ട് നഗരവീഥികളിലൂടെ മൂക്കുപൊത്താതെ നടക്കാനാവാത്ത അവസ്ഥയിലേക്ക് മാറുകയാണ്. നഗരസഭയുടെ അധികാര പരിധിയിലുള്ള ശാന്തികവാടം എന്ന ശമ്ശാനത്തിന്റെ പ്രവർത്തനവും അവതാളത്തിലായി. ശവശരീരങ്ങളോടുപോലും അനാദരവ്. അതാണ് ബിജെപിയുടെ വികസനം! l

ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

thirteen − 1 =

Most Popular