Sunday, February 15, 2026

ad

Homeപ്രതികരണംസ്ത്രീപക്ഷ നവകേരളത്തിലേക്കുള്ള 
ചുവടുവയ്‌പ്പ്‌

സ്ത്രീപക്ഷ നവകേരളത്തിലേക്കുള്ള 
ചുവടുവയ്‌പ്പ്‌

പിണറായി വിജയൻ

കേരളത്തിലെ സ്ത്രീസമൂഹത്തിന്റെ സുരക്ഷിതത്വവും സ്വാശ്രയത്വവും ഉറപ്പുവരുത്തുന്നതിനായി എൽ ഡി എഫ് സർക്കാർ ആവിഷ്‌കരിച്ച സ്ത്രീസുരക്ഷാ പെൻഷൻ പദ്ധതിക്ക് തുടക്കമായി. ലിംഗനീതിയിൽ അധിഷ്ഠിതമായ ഒരു നവകേരളത്തിലേക്കുള്ള യാത്രയിലെ സുപ്രധാനമായ ഒരു നാഴികക്കല്ലാണിത്.

ഒരു സമൂഹം എത്രത്തോളം പുരോഗതി പ്രാപിച്ചുവെന്ന് അളക്കുന്നത് ആ സമൂഹത്തിലെ സ്ത്രീകൾ എത്രത്തോളം സുരക്ഷിതരും സ്വതന്ത്രരുമാണ് എന്നത് നോക്കിയാണ്. സ്ത്രീകൾക്ക് ഭയരഹിതരായി ജീവിക്കാനും അവരുടെ സ്വപ്നങ്ങൾ യാഥാർത്ഥ്യമാക്കാനും കഴിയുന്ന സമൂഹത്തെയാണ് വികസിത സമൂഹം എന്നു വിളിക്കുക. അത്തരമൊരു ലക്ഷ്യത്തിലേക്കാണ് ഇടതുപക്ഷ ജനാധിപത്യ മുന്നണി സർക്കാർ ഓരോ ചുവടും വെക്കുന്നത്.

നമ്മുടെ സമൂഹത്തിന്റെ നട്ടെല്ലായി വർത്തിക്കുന്നവരാണ് സ്ത്രീകൾ. കുടുംബത്തിനായും നാടിനായും തങ്ങളുടെ ജീവിതം ഉഴിഞ്ഞുവെക്കുന്ന ലക്ഷക്കണക്കിന് സഹോദരിമാരുടെ കഠിനാധ്വാനമാണ് കേരളത്തിന്റെ വികസനത്തിന് ആധാരം. എന്നാൽ, പലവിധ കാരണങ്ങളാൽ അവർ അനുഭവിക്കുന്ന നിസ്സഹായാവസ്ഥകളുണ്ട്. അവ വേണ്ടുംവണ്ണം ആരും പരിഗണിച്ചിരുന്നില്ല. ഇവിടെയാണ് എൽഡിഎഫ് സർക്കാർ വ്യത്യസ്തമാകുന്നത്. സാമ്പത്തികമായി പിന്നാക്കം നിൽക്കുന്നവരും, ജീവിതത്തിന്റെ ഒരു ഘട്ടത്തിൽ പെട്ടെന്ന് താങ്ങും തണലും നഷ്ടമായിപ്പോയവരുമായ നമ്മുടെ സഹോദരിമാർക്ക് മാന്യമായ ജീവിതസാഹചര്യം ഉറപ്പാക്കുക എന്ന ലക്ഷ്യത്തോടെയാണ് സർക്കാർ ഈ പദ്ധതി ആവിഷ്‌കരിച്ചത്.

സാമ്പത്തികമായി പിന്നാക്കം നിൽക്കുന്ന, മറ്റു സാമൂഹ്യ ക്ഷേമ പദ്ധതികളിൽ ഒന്നിലും അംഗമല്ലാത്ത 35 നും 60 നും ഇടയിൽ പ്രായമുള്ള എല്ലാ സ്ത്രീകൾക്കും പ്രതിമാസം 1,000 രൂപ നൽകുന്ന പദ്ധതിയാണിത്. സ്ത്രീകൾ മാത്രമല്ല, ട്രാൻസ് വുമൺ എന്ന വിഭാഗത്തിനും ഈ ആനുകൂല്യം ലഭിക്കും. ഇതുവരെ 10,18,390 പേർ ഈ പദ്ധതിയിൽ രജിസ്റ്റർ ചെയ്തിട്ടുണ്ട്. അവർക്കെല്ലാം ഇപ്പോൾ മുതൽ പെൻഷൻ കിട്ടിത്തുടങ്ങും. മറ്റ് ചിലരുടെ അപേക്ഷകൾ പരിശോധനയിലാണ്. അത് പൂർത്തിയാക്കിയാലുടൻ അവരെയും ഈ പദ്ധതിയിൽ അംഗങ്ങളാക്കും.

സാമ്പത്തികമായ പരാശ്രിതത്വം പലപ്പോഴും സ്ത്രീകളെ വീടകങ്ങളിൽ പോലും നിശബ്ദരാക്കുന്നുണ്ട്. ആ നിശബ്ദതയ്ക്ക് വിരാമമിടാനും, ‘ഈ നാട് നിങ്ങളോടൊപ്പമുണ്ട്’ എന്ന വലിയൊരു രാഷ്ട്രീയവും സാമൂഹികവുമായ ഉറപ്പ് നൽകാനുമാണ് ഈ സർക്കാർ ശ്രമിക്കുന്നത്. ആരോടും കൈനീട്ടാതെ, സ്വന്തം മരുന്നിനോ ഭക്ഷണത്തിനോ വേണ്ടി മറ്റുള്ളവരെ ആശ്രയിക്കാതെ, തലയുയർത്തി ജീവിക്കാൻ നമ്മുടെ സ്ത്രീകൾക്ക് സാധിക്കണം എന്ന ഉറച്ച ബോധ്യമാണ് ഇതിനു പിന്നിലുള്ളത്.

സ്ത്രീകളുടെ ആത്മവിശ്വാസം വർദ്ധിപ്പിക്കുമ്പോൾ കുടുംബത്തിന്റെയും അതിലൂടെ സമൂഹത്തിന്റെയാകെയും ആത്മവിശ്വാസമാണ് വർദ്ധിക്കുന്നത്. ഈ കാഴ്ചപ്പാടുതന്നെയാണ് കഴിഞ്ഞ പത്തുവർഷക്കാലമായി നമ്മുടെ നാട്ടിൽ എൽഡിഎഫ് സർക്കാർ തുടർന്നുപോരുന്നതും. സ്ത്രീകളുടെ ഉന്നമനത്തിനായി കേരളത്തിൽ നടപ്പിലാക്കിയ പദ്ധതികൾ ലോകത്തിനുതന്നെ മാതൃകയാണ്.

ഇന്ത്യയിൽ തന്നെ ആദ്യമായി ജെൻഡർ ബജറ്റിങ് നടപ്പിലാക്കിയ സംസ്ഥാനമാണ് കേരളം. ഓരോ വകുപ്പിന്റെയും പദ്ധതിവിഹിതത്തിൽ സ്ത്രീകളുടെ ഉന്നമനത്തിനായി പ്രത്യേക തുക മാറ്റിവെക്കുന്ന രീതിയാണത്. ഇന്ന് കേരളത്തിലെ ബജറ്റിന്റെ ഗണ്യമായ ഒരു ഭാഗം സ്ത്രീപക്ഷ പദ്ധതികൾക്കായാണ് നീക്കിവെക്കുന്നത്.

ലോകത്തിലെ തന്നെ ഏറ്റവും വലിയ സ്ത്രീകൂട്ടായ്മയായ കുടുംബശ്രീയെ നാം പുതിയ ഉയരങ്ങളിലെത്തിച്ചു. ഇന്ന് അയൽക്കൂട്ടങ്ങൾ കേവലം സമ്പാദ്യ ഗ്രൂപ്പുകളല്ല, മറിച്ച് സ്ത്രീകളുടെ രാഷ്ട്രീയവും സാമൂഹികവുമായ ബോധവൽക്കരണത്തിന്റെ പ്രഭവകേന്ദ്രങ്ങൾ കൂടിയാണ്. മൈക്രോ ഫിനാൻസിങ്ങിലൂടെ ലക്ഷക്കണക്കിന് സ്ത്രീകളെ സംരംഭകരാക്കി മാറ്റാനും സർക്കാരിനു സാധിച്ചു. സ്ത്രീസുരക്ഷ എന്നത് പ്രകടനപത്രികയിലെ വാഗ്ദാനം മാത്രമായിരുന്നില്ല. മറിച്ച്, സർക്കാരിന്റെ വിട്ടുവീഴ്ചയില്ലാത്ത നയം കൂടിയായിരുന്നു.

സ്ത്രീകളുടെ സുരക്ഷ ഉറപ്പാക്കാൻ പ്രത്യേകമായി പിങ്ക് പൊലീസ് സംവിധാനം ഏർപ്പെടുത്തി. പൊതു ഇടങ്ങളിൽ സ്ത്രീകൾക്ക് ഭയമില്ലാതെ സ്വതന്ത്രമായി സഞ്ചരിക്കാനുള്ള സാഹചര്യം ഇതിലൂടെ സാധ്യമായി. രാത്രികാല യാത്രകൾ നടത്തുന്ന സ്ത്രീകൾക്കായി ‘ഷീ ലോഡ്ജുകളും’ പൊതുസ്ഥലങ്ങളിൽ സുരക്ഷിതമായ വിശ്രമകേന്ദ്രങ്ങളും വ്യാപകമാക്കി. കേരളത്തിലെ പൊലീസ് സ്റ്റേഷനുകൾ സ്ത്രീസൗഹൃദമാക്കി. മാത്രമല്ല, സേനയിൽ സ്ത്രീകളുടെ പങ്കാളിത്തവും വർദ്ധിപ്പിച്ചു.

തൊഴിലിടങ്ങളിലെ സർക്കാർ ഇടപെടലുകൾ എടുത്തുപറയേണ്ടവയാണ്. ഐടി മേഖലയിലായാലും തോട്ടം മേഖലയിലായാലും സ്ത്രീകൾക്ക് തുല്യവേതനവും സുരക്ഷിതമായ തൊഴിൽ സാഹചര്യവും ഉറപ്പാക്കാൻ നിയമനിർമ്മാണം നടത്തി. സ്ത്രീകൾക്ക് രാത്രികാല ഷിഫ്റ്റുകളിൽ ജോലിചെയ്യാൻ ആവശ്യമായ സുരക്ഷാ മാനദണ്ഡങ്ങൾ കൃത്യമായി നിശ്ചയിച്ചു. സ്വകാര്യ സ്ഥാപനങ്ങളിലടക്കം സ്ത്രീകൾക്കിരുന്ന് ജോലി ചെയ്യാനുള്ള അവകാശവും ഉറപ്പുവരുത്തി.

കേരളത്തിന്റെ ചരിത്രം പരിശോധിച്ചാൽ, സ്ത്രീകൾ ഇന്ന് അനുഭവിക്കുന്ന ഓരോ അവകാശത്തിനു പിന്നിലും കമ്യൂണിസ്റ്റ് പ്രസ്ഥാനത്തിന്റെയും ഇടതുപക്ഷ സർക്കാരുകളുടെയും വലിയ ഇടപെടൽ ഉണ്ടായിട്ടുണ്ടെന്നു കാണാം. ഇത് ചരിത്രപരമായ വസ്തുതയാണ്. 1957 ലെ ആദ്യ ഇ എം എസ് സർക്കാർ കൊണ്ടുവന്ന ഭൂപരിഷ്‌കരണം സ്ത്രീകളുടെ ജീവിതത്തിൽ വലിയ മാറ്റമുണ്ടാക്കി. കേരളത്തിലെ പെൺകുട്ടികൾക്ക് വിദ്യാലയങ്ങളിൽ പോകാൻ സാഹചര്യം ഒരുക്കിയതും ഉന്നത വിദ്യാഭ്യാസത്തിന് സ്‌കോളർഷിപ്പുകൾ ഏർപ്പെടുത്തിയതും ഇടതുപക്ഷ സർക്കാരുകളാണ്. ആ വിദ്യാഭ്യാസ വിപ്ലവമാണ് മലയാളിയായ സ്ത്രീകളെ ആഗോളതലത്തിൽ ശ്രദ്ധിക്കപ്പെടുന്ന നിലയിലേക്ക് വളർത്തിയത്.

തദ്ദേശഭരണ സമിതികളിൽ സ്ത്രീകൾക്ക് 50 ശതമാനം സംവരണം ഏർപ്പെടുത്തിയതുവഴി ഭരണനിർവഹണത്തിന്റെ മുഖ്യധാരയിലേക്ക് അവരെ കൊണ്ടുവന്നു. ഇന്ന് കേരളത്തിലെ ഭൂരിഭാഗം തദ്ദേശ ഭരണ സ്ഥാപനങ്ങളും നയിക്കുന്നത് നമ്മുടെ കരുത്തുറ്റ വനിതകളാണ്. സ്ത്രീകളുടെ രാഷ്ട്രീയ പങ്കാളിത്തം വലിയൊരു സാമൂഹിക മാറ്റത്തിനാണ് കേരളത്തിൽ വഴിതെളിച്ചത്.

സ്ത്രീകൾക്ക് തുല്യനീതി ഉറപ്പാക്കാതെ ഒരു പുരോഗതിയും സാധ്യമാകില്ല. വീടിനുള്ളിലായാലും പുറത്തായാലും അവരെ തുല്യരായി കാണുന്ന മാനസികാവസ്ഥ നമ്മുടെ സമൂഹത്തിൽ വളർന്നുവരണം. അതിനായി സ്ത്രീധനം പോലെയുള്ള അനാചാരങ്ങൾക്കും ലിംഗവിവേചനത്തിനും എതിരെ സർക്കാർ ശക്തമായ ക്യാമ്പയിനുകൾ നടത്തിവരികയാണ്.

അടുക്കള ജോലികൾ സ്ത്രീകളുടെ മാത്രം ബാധ്യതയല്ലെന്നും, അത് പങ്കുവെക്കേണ്ടതാണ് എന്നുമുള്ള ബോധം പുതിയ തലമുറയിൽ സൃഷ്ടിക്കാൻ സർക്കാർ ശ്രമിക്കുകയാണ്. ലിംഗവിവേചനത്തിന്റെ പഴയ മതിലുകൾ തകർത്ത്, എല്ലാവർക്കും തുല്യ അവസരങ്ങൾ ലഭിക്കുന്ന ഒരു ‘സ്ത്രീപക്ഷ നവകേരളം’ ആണ് സർക്കാരിന്റെ ലക്ഷ്യം.

സ്ത്രീകളുടെ ആത്മാഭിമാനം ഉയർത്തുന്ന കാര്യത്തിൽ ഈ സർക്കാർ പ്രതിജ്ഞാബദ്ധമാണ്. സ്ത്രീകളെ പിന്നോട്ടുവലിക്കുന്ന സകല വേലിക്കെട്ടുകളെയും തകർക്കാൻ ഈ നാട് സജ്ജവുമാണ്. വരുംതലമുറയ്ക്കുകൂടി പര്യാപ്തമായ ഒരു സ്ത്രീപക്ഷ നവകേരള സൃഷ്ടിക്കായി നമുക്ക് ഒരുമിച്ചു മുന്നേറാം. l

ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

four + twenty =

Most Popular