‘‘ഐക്യം, ജനാധിപത്യം, അച്ചടക്കം, പ്രതിബന്ധങ്ങളെ തകർത്തുള്ള മുന്നേറ്റം, വികസനം’’ എന്ന മുദ്രാവാക്യം ഉയർത്തിപ്പിടിച്ച് കമ്യൂണിസ്റ്റ് പാർട്ടി ഓഫ് വിയത്-നാമിന്റെ 14–ാം കോൺഗ്രസ് ജനുവരി 25ന് സമാപിച്ചു. ശക്തമായ ജനകീയ പിന്തുണ ഈ പാർട്ടി കോൺഗ്രസിലും പാർട്ടിക്കു ലഭിച്ചു.
14–ാം ദേശീയ സമ്മേളനത്തിന് സവിശേഷമായ ചരിത്രപ്രാധാന്യമുണ്ട്. മുൻ പാർട്ടി കോൺഗ്രസ്സുകളിൽനിന്നു വ്യത്യസ്തമായി ഈ കോൺഗ്രസിൽ തുടർന്നുള്ള നാലു വർഷത്തെ കാര്യങ്ങളിൽ മാത്രം പരിമിതപ്പെടുത്തിയല്ല ചർച്ചകളും തീരുമാനങ്ങളുമുണ്ടായത്. പകരം, പാർട്ടിയും 3,31,690 ചതുരശ്ര കിലോമീറ്റർ വിസ്തീർണമുള്ള രാജ്യത്തുടനീളമുള്ള 58 ലക്ഷം അംഗങ്ങളും ഈ കോൺഗ്രസിനെ സമീപിച്ചത് തന്ത്രപരമായ ദീർഘകാല കാഴ്ചപ്പാടോടുകൂടിയാണ് – അടുത്ത രണ്ടു പതിറ്റാണ്ടിനിടയിൽ നടപ്പാക്കേണ്ട രണ്ട് പ്രമുഖ നാഴികക്കല്ലുകളിൽ കേന്ദ്രീകരിച്ചുള്ളതാണ് ഈ കാഴ്ചപ്പാട്.
വിയത്-നാം കമ്യൂണിസ്റ്റു പാർട്ടിയുടെ 100–ാം വാർഷികം ആഘോഷിക്കുന്ന 2035ഓടെയും വിയത്-നാം സോഷ്യലിസ്റ്റ് റിപ്പബ്ലിക്കിന്റെ 100–ാം വാർഷികം ആഘോഷിക്കുന്ന 2045ഓടെയും രാജ്യത്തിന്റെ പരിപ്രേക്ഷ്യം നിർണയിക്കുക എന്നതായിരുന്നു ഈ പാർട്ടി കോൺഗ്രസിന്റെ പ്രാഥമിക ലക്ഷ്യം. അതിനാൽ, 13–ാം നാഷണൽ കോൺഗ്രസിനെത്തുടർന്ന് നടപ്പാക്കപ്പെട്ട പ്രമേയങ്ങളെ അവലോകനം ചെയ്യുന്നതിൽ മാത്രം ഒതുങ്ങുന്നതായിരുന്നില്ല ഈ പാർട്ടി കോൺഗ്രസ്. അതിലുപരി, ഈ കോൺഗ്രസ് തന്ത്രപ്രാധാന്യമുള്ള മൂന്നു മുഖ്യവിഷയങ്ങൾ കണ്ടെത്തുകയും ചർച്ചകളുടെ കേന്ദ്രബിന്ദുവാക്കി അവയെ മാറ്റുകയും ഭാവിയിലെ നയപരമായ ദിശാ രൂപീകരണത്തിനുവേണ്ട ചട്ടക്കൂട് എന്ന നിലയിൽ അവയെ ഉപയോഗിക്കുകയുമുണ്ടായി.
ഇവയിൽ സർവപ്രധാനമായ കാര്യം 1986ൽ ആരംഭിച്ച ദോയ് – മോയ് (നവീകരണം) എന്ന സാമ്പത്തിക നവീകരണ പരിപാടിയുടെ സമഗ്രമായ പുനഃപരിശോധനയാണ്. നാലു പതിറ്റാണ്ടിനുശേഷമാണ് പാർട്ടി കോൺഗ്രസ് അതിന്റെ സെെദ്ധാന്തിക അടിത്തറയെക്കുറിച്ചും പ്രായോഗിക ഫലങ്ങളെക്കുറിച്ചും പുനഃപരിശോധന നടത്തുന്നത്. കേന്ദ്രീകൃതമായ ആസൂത്രിത സമ്പദ്ഘടനയിൽനിന്നും സോഷ്യലിസ്റ്റ് ദിശയോടുകൂടിയ വിപണി സമ്പദ്ഘടനയിലേക്കുള്ള വിയത്-നാമിന്റെ പരിവർത്തനത്തെ വിമർശനപരമായി വിലയിരുത്തുകയും ചെയ്തു. കഴിഞ്ഞകാല നേട്ടങ്ങളെക്കുറിച്ച് വിലയിരുത്തുക മാത്രമല്ല, മറിച്ച് മാറിക്കൊണ്ടിരിക്കുന്ന ദേശീയ ആഗോള സാഹചര്യങ്ങളിൽനിന്നുകൊണ്ട് ഭരണകൂടത്തിന്റെയും കമ്പോളത്തിന്റെയും സോഷ്യലിസ്റ്റ് ദിശാബോധത്തിന്റെയും ഉരുത്തിരിഞ്ഞുവരുന്ന പങ്കുകളെക്കുറിച്ച് വ്യക്തത വരുത്തുകയും കൂടിയായിരുന്നു ഈ പുനർവിലയിരുത്തലിന്റെ ലക്ഷ്യം.
40 വർഷം മുൻപ് പരിഷ്കരണം നടപ്പാക്കിയത് തികച്ചും ശരിയായ നടപടി തന്നെയാണെന്ന നിഗമനത്തിലാണ് കോൺഗ്രസ് എത്തിച്ചേർന്നത്. 1986ൽ ലോകത്തിലെ ഏറ്റവുമധികം ദരിദ്രമായ രാജ്യമായിരുന്ന വിയത്-നാം ഇന്ന് ഉയർന്ന ഇടത്തരം വരുമാനമുള്ള രാജ്യം എന്ന സ്ഥിതിയിലേക്ക് മാറിയെന്നതു തന്നെയാണ് ഇതിന്റെ വ്യക്തമായ ദൃഷ്ടാന്തം. 1986ൽ വിയത്-നാമിന്റെ ജിഡിപി ഏകദേശം 800 കോടി ഡോളറായിരുന്നു പ്രതിശീർഷ വരുമാനം 70 ഡോളറിനും 100 ഡോളറിനും ഇടയ്ക്കായിരുന്നു; എന്നാൽ 2024–25 ഓടുകൂടി വിയത്-നാം സമ്പദ്ഘടന 100 മടങ്ങ് വികസിച്ച് ജിഡിപി 47,000 കോടി ഡോളറിനും 48,000 കോടി ഡോളറിനും ഇടയ്ക്കെത്തുകയും പ്രതിശീർഷ വരുമാനം 4,700 ഒാളം ഡോളറായി ഉയരുകയും ചെയ്തു.
എന്നാൽ വിയത്നാമിന്റെ മുന്നേറ്റത്തെ ഈ ജിഡിപി വളർച്ച, പ്രതീക്ഷിത ആയുർദെെർഘ്യം 60ൽനിന്ന് 74 ആയി ഉയർന്നത്, സാക്ഷരതാ നിരക്ക് 97 ശതമാനമായത് എന്നിങ്ങനെയുള്ള സ്ഥൂല സാമ്പത്തിക സൂചകങ്ങളിലൂടെ മാത്രം വിശദീകരിക്കാൻ കഴിയില്ല. 1980കളിൽ മൊത്തം ജനങ്ങളിൽ പകുതിയിലേറെപ്പേരും അതിദാരിദ്ര്യത്തിലായിരുന്നു കഴിഞ്ഞിരുന്നത്; ഇന്ന് അത് മൂന്ന് ശതമാനത്തോളം ആയി കുറഞ്ഞിരിക്കുന്നു. ഒരുകാലത്ത് പട്ടിണിയിൽ കഴിഞ്ഞിരുന്ന, ഭക്ഷ്യ സബ്സിഡി സ്റ്റാമ്പുകളിൽ ആശ്രയം കണ്ടിരുന്ന, ഇന്ത്യ ഉൾപ്പെടെയുള്ള രാജ്യങ്ങളിൽനിന്നുള്ള ഭക്ഷ്യ സഹായം കൊണ്ടു മാത്രം അതിജീവിച്ചിരുന്ന ഒരു ജനതയുടെ കഥയാണിത്; ഇന്ന് അതേ ജനതയാണ് ലോകത്തിൽ ഏറ്റവും അരി കയറ്റുമതി ചെയ്യുന്ന രാജ്യങ്ങളിലൊന്നായി മാറിയത്. ഈ കാലഘട്ടത്തിനിടയ്ക്ക് വിയത്നാം കെെവരിച്ചത് അതിജീവനം മാത്രമല്ല, ശരിക്കുമൊരു മുന്നേറ്റം തന്നെയാണ്.
ഈ കാരണങ്ങളാൽ തന്നെയാണ് ദോയ് – മോയ് അടഞ്ഞ അധ്യായമല്ലെന്ന നിഗമനത്തിൽ പാർട്ടി കോൺഗ്രസ് എത്തിച്ചേർന്നത്; അതൊരു തുടർപ്രക്രിയയാണെന്ന നിഗമനത്തിലുമെത്തിയത്. പാർട്ടി കോൺഗ്രസ് കൂടുതൽ ലക്ഷ്യങ്ങൾ മുന്നോട്ടുവെച്ചു – വരും വർഷങ്ങളിൽ ഇരട്ട അക്കത്തിലുള്ള ജിഡിപി വളർച്ച കെെവരിക്കലും ദേശീയ സ്വയംപര്യാപ്തത ശക്തിപ്പെടുത്തലും ഉൾപ്പെടെയുള്ളവയാണ് ഈ പുതിയ ലക്ഷ്യങ്ങൾ. ദോയ് – മോയിയെക്കുറിച്ചുള്ള 40 വർഷത്തെ ആദ്യത്തെ സമഗ്രമായ അവലോകനം നടത്തിയത് ശ്രദ്ധാപൂർണവും ശാസ്ത്രീയവുമായ ചർച്ചകളെ തുടർന്നാണ്; ഈ പ്രക്രിയ മുന്നോട്ടുകൊണ്ടുപോകേണ്ടതിന്റെ ആവശ്യകതയെക്കുറിച്ച്, പാർട്ടി കോൺഗ്രസ് ഏകകണ്ഠമായി തീരുമാനിച്ചു.
പാർട്ടി ചാർട്ടർ നടപ്പാക്കിയതിനെ തുടർന്നുള്ള 15 വർഷത്തെ സംബന്ധിച്ച വിലയിരുത്തലാണ് അവലോകനം ചെയ്ത രണ്ടാമത്തെ പ്രധാന രേഖ. നിർണായക മേഖലകളും ഭൂഉടമസ്ഥതയും സർക്കാർ നിയന്ത്രണത്തിൽ തന്നെ തുടരുകയാണെങ്കിലും വളർച്ചയുടെ പ്രധാനപ്പെട്ട ചാലകശക്തികളിലൊന്നായി സ്വകാര്യ സമ്പദ്ഘടന ഉയർന്നുവന്നതായി പാർട്ടിയും അംഗീകരിക്കുന്നു. മുൻപ് പാർട്ടി സംഘടനകൾ അധികവും കേന്ദ്രീകരിച്ചിരുന്നത് സർക്കാർ ഏജൻസികൾക്കകത്തും ഭരണകൂട ഉടമസ്ഥതയിലുള്ള സംരംഭങ്ങൾക്കകത്തുമാണ്. സ്വകാര്യ സമ്പദ്ഘടനയുടെ വ്യാപനം, സാമ്പത്തിക നയത്തെ മാത്രമല്ല, പ്രത്യയശാസ്ത്രത്തെയും സംസ്കാരത്തെയും വരെ സ്വാധീനിക്കാൻ ശേഷിയുള്ള ഒരു ബൂർഷ്വാ വർഗം ഉയർന്നുവരുമോയെന്ന ആശങ്ക ഉയർത്തി.
ഈ ആശങ്കയ്ക്കുള്ള പ്രതിവിധിയെന്ന നിലയിൽ, ഫാക്ടറികളും വ്യവസായ മേഖലകളും ബഹുരാഷ്ട്ര കമ്പനികളുമടക്കമുള്ള സ്വകാര്യ നിക്ഷേപമുള്ളതും വിദേശ നിക്ഷേപമുള്ളതുമായ സംരംഭങ്ങൾക്കകത്ത് പാർട്ടി സെല്ലുകളും പാർട്ടി കമ്മിറ്റികളും സ്ഥാപിക്കുന്നത് പാർട്ടി വ്യാപിപ്പിച്ചു. ഈ സംഘടനകൾ ബിസിനസ്സുകൾ നേരിട്ട് നടത്തുവാൻ ഉദ്ദേശിച്ചുള്ളതല്ല; മറിച്ച് അവ രാഷ്ട്രീയമായ മാർഗനിർദേശം നൽകുന്നതിനും തൊഴിലാളികളുടെ അവകാശങ്ങൾ സംരക്ഷിക്കുന്നതിനും നിയമം നടപ്പാക്കപ്പെടുന്നുവെന്ന് ഉറപ്പാക്കുന്നതിനും വിശാലമായ സാമൂഹിക ഉത്തരവാദിത്തം ഉയർത്തിപ്പിടിക്കുന്നതിനും പാർട്ടിയുടെ ചട്ടക്കൂടിനുള്ളിൽ തൊഴിലാളികളെയും ബിസിനസ് ഉടമകളെയും സംഘടിപ്പിക്കുന്നതിനും ഉദ്ദേശിച്ചുള്ളതാണ്.
പാർട്ടി ചാർട്ടർ അപൂർണ്ണമല്ലെന്നും മൊത്തത്തിലുള്ളൊരു പൊളിച്ചെഴുത്തിന്റെ ആവശ്യമില്ലെന്നും കോൺഗ്രസ് അന്തിമതീരുമാനത്തിലെത്തി. അതെന്തായാലും ഇപ്പോൾതന്നെ ചാർട്ടറിന്റെ നടപ്പാക്കൽ ഒന്നോ രണ്ടോ അടി മുന്നോട്ടുപോയിയെന്നും കോൺഗ്രസ് നിരീക്ഷിച്ചു. സ്വകാര്യ–വിദേശ നിക്ഷേപ മേഖലകളിലുൾപ്പെടെയുള്ള ഇൻസ്പെക്ഷനിലും മേൽനോട്ടത്തിലും അഴിമതിവിരുദ്ധ പെരുമാറ്റ ചട്ടത്തിലുമാണത് നടപ്പാക്കിയിട്ടുള്ളതെന്നും കോൺഗ്രസ് നിരീക്ഷിച്ചു. ഈ അവലോകനത്തിന്റെ നിർണായകഫലം, അഴിമതി തടയുന്നതിനുള്ള പ്രവർത്തനവും അച്ചടക്കപ്രവർത്തനവും സ്ഥാപനവത്കരിക്കുവാനുള്ള തീരുമാനമായിരുന്നു. ഏതെങ്കിലും പ്രതേ-്യക ക്യാമ്പയ്നുകളിലോ രാഷ്ട്രീയ സന്ദർഭങ്ങളിലോ മാത്രമായി അവലംബിക്കുന്നതിനുപകരം അച്ചടക്കമെന്നത് സ്ഥിരവും ദെെനംദിനവുമായ ഒരു സമ്പ്രദായമായി വർത്തിക്കണമെന്ന് കോൺഗ്രസ് ഊന്നിപ്പറയുന്നു. അതനുസരിച്ച്, മന്ത്രാലയങ്ങളിലോ കമ്യൂൺ ഓഫീസുകളിലോ അതുമല്ലെങ്കിൽ സ്വകാര്യ സംരംഭങ്ങളിലോ എവിടെയോ ആയിക്കൊള്ളട്ടെ, റാങ്കോ തൊഴിലിടമോ കണക്കാക്കാതെ എല്ലാ പാർട്ടി അംഗങ്ങളും ഒരേ ഇൻസ്പെക്ഷനും അച്ചടക്കപരമായ ചട്ടങ്ങൾക്കും വിധേയമാണ്.
കൂടാതെ, കോൺഗ്രസിനു മുന്നോടിയായി, പൊളിറ്റ് ബ്യൂറോ പ്രമേയം നമ്പർ 79–NQ/TW പുറപ്പെടുവിച്ചിരുന്നു; അത് കോൺഗ്രസ് ഏകകണ്ഠമായി പാസാക്കുകയും ചെയ്തു. ഈ പ്രമേയം ഭരണകൂട ഉടമസ്ഥതയിലുള്ള സമ്പദ്ഘടനയെ ശക്തിപ്പെടുത്തുന്നതിനും പുനർനിർവചിക്കുന്നതിനുമായുള്ള തന്ത്രപരമായ ദീർഘകാല ലക്ഷ്യങ്ങൾ മുന്നോട്ടുവയ്ക്കുകയുണ്ടായി. ഭരണകൂട ഉടമസ്ഥതയിലുള്ള സമ്പദ്ഘടന മുൻനിര ശക്തിയാകണമെന്ന്- – സ്ഥൂല സമ്പദ്ഘടനയ്ക്ക് മേൽനോട്ടം നൽകുകയും അതിനെ നിയന്ത്രിക്കുകയും സ്ഥായിയാക്കുകയും ചെയ്യുന്ന, തന്ത്രപരമായ സ്വയംഭരണാധികാരവും സ്വയംപര്യാപ്തതയും ദേശീയ തലത്തിലുള്ള മത്സരക്ഷമതയും ഉറപ്പാക്കുന്നമുൻനിരശക്തി – കോൺഗ്രസ് ചൂണ്ടിക്കാണിച്ചു. അതേസമയം തന്നെ, തുടർച്ചയായുള്ള ദൗർബല്യങ്ങളെ കോൺഗ്രസ് തുറന്ന് സമ്മതിക്കുന്നുമുണ്ട്; കാലഹരണപ്പെട്ട നിയമചട്ടക്കൂടുകൾ, സർക്കാർ ആസ്തികളുടെ ഫലപ്രദമല്ലാത്ത കെെകാര്യം ചെയ്യൽ, ദുരുപയോഗവും നഷ്ടവും, സർക്കാർ ഉടമസ്ഥതയിലുള്ള നിരവധി സംരംഭങ്ങളുടെ മോശം പ്രകടനം (Under Performance) എന്നിവയെല്ലാം അതിൽ ഉൾപ്പെടുന്നു; അന്താരാഷ്ട്ര തലത്തിലുള്ള മത്സരക്ഷമതയെയും, നവീകരണത്തിലും തന്ത്രപ്രധാനമായ മേഖലകളിലുമുള്ള നായകസ്ഥാനത്തെയും ഇല്ലാതാക്കുന്നതാണ് ഈ ദൗർബല്യങ്ങൾ.
ഈ കുറവുകൾ പരിഹരിക്കുന്നതിന്, സർക്കാർ ഉടമസ്ഥതയിലുള്ള സമ്പദ്ഘടനയുടെ നിർണായകവും കാലികവുമായ പുനഃക്രമീകരണത്തിന് പ്രമേയം ആഹ്വാനം ചെയ്തു. 2030 ഒാടുകൂടി, തെക്കുകിഴക്കൻ ഏഷ്യയുടെ ഏറ്റവും ഉയർന്ന നിലയിലുള്ള 500 സ്ഥാപനങ്ങളുടെ കൂട്ടത്തിൽ വിയത്-നാമിലെ ഭരണകൂട ഉടമസ്ഥതയിലുള്ള 50 സംരംഭങ്ങളെ എത്തിക്കുവാൻ അവർ ലക്ഷ്യമിടുന്നു; ഇതിൽ മൂന്നെണ്ണത്തെ ലോകത്തിലെ തന്നെ ഏറ്റവും വലിയ 500 എണ്ണത്തിന്റെ കൂട്ടത്തിലെത്തിക്കുവാനും അവർ ലക്ഷ്യമിടുന്നു. ആഭ്യന്തര കമ്പനികളെ ആഗോള ഉത്പാദനത്തിലേക്കും വിതരണശൃംഖലയിലേക്കും ഉയർത്താൻ ശേഷിയുള്ള, പ്രത്യേകിച്ചും തന്ത്രപരമായ മേഖലകളിൽ, ഭീമവും സാങ്കേതികവിദ്യാപരമായി മുന്നിട്ടുനിൽക്കുന്നതുമായ, ഭരണകൂട– ഉടമസ്ഥതയിലുള്ള സാമ്പത്തികഗ്രൂപ്പുകളുടെ രൂപീകരണവും വിയത്-നാം വിഭാവനം ചെയ്യുന്നുണ്ട്. ബാങ്കിങ് രംഗത്തെ ടാർജറ്റ്, ആസ്തിയുടെ കാര്യത്തിൽ കുറഞ്ഞത് മൂന്ന് സർക്കാർ ഉടമസ്ഥതയിലുള്ള വാണിജ്യബാങ്കുകളെയെങ്കിലും ഏഷ്യയിലെ ഏറ്റവും വലിയ 100 ബാങ്കുകളുടെ കൂട്ടത്തിൽ ഉൾപ്പെടുത്തണമെന്നതാണ്. അതേസമയം, അവശ്യംവേണ്ട രാഷ്ട്രീയ– മാനേജ്മെന്റ് – അടിസ്ഥാന സേവന പ്രവർത്തനങ്ങളെ മാത്രം നിലനിർത്തിക്കൊണ്ട് പൊതുസേവന യൂണിറ്റുകളെ ചിട്ടപ്പെടുത്തണം.
അവലോകനം ചെയ്യപ്പെട്ട മൂന്നാമത്തേതും അന്തിമവുമായ രേഖ 13–ാമത് പാർട്ടി കേന്ദ്ര കമ്മിറ്റി റിപ്പോർട്ടാണ്; അത് പ്രത്യേകിച്ചും ഭരണപരമായ പരിഷ്കാരങ്ങളും ഭരണനിർവഹണപരമായ പരിവർത്തനങ്ങളും സംബന്ധിച്ചുള്ളതാണ്. മുൻപ്, വിയത്-നാമിൽ പ്രവിശ്യ, ജില്ല, കമ്യൂൺ തലങ്ങളടങ്ങിയ ഒരു ത്രിതല തദ്ദേശ ഭരണസംവിധാനമാണ് ഉണ്ടായിരുന്നത്; അവയ്ക്കോരോന്നിലും അവയുടേതായ പീപ്പിൾസ് കൗൺസിലുകളും പീപ്പിൾസ് കമ്മിറ്റികളും ഉണ്ടായിരുന്നു. ഇത് ഇപ്പോൾ ദ്വിതല ഭരണസംവിധാനമാക്കി മാറ്റിയിരിക്കുകയാണ്. പുതിയ സംവിധാനത്തിനുകീഴിൽ, ജില്ലാതല സംവിധാനം ഇനിമേൽ ഒരു സമ്പൂർണ ഗവൺമെന്റ് തലമായി പ്രവർത്തിക്കില്ല; മറിച്ച് അത് ഇനിയങ്ങോട്ട് പ്രവിശ്യാ അധികാരിക്കു കീഴിലുള്ള ഭരണപരമായൊരു ഘടകമായി മാത്രം പ്രവർത്തിക്കും; ഒപ്പം തന്നെ, കമ്യൂൺതല ഭരണസംവിധാനത്തിന് കൂടുതൽ അധികാരവും ബജറ്റു സംബന്ധമായ നിയന്ത്രണവും ഉത്തരവാദിത്തങ്ങളും നൽകിയിരിക്കുന്നു; ഇങ്ങനെയാക്കുന്നതുവഴി, അത് കാര്യക്ഷമത മെച്ചപ്പെടുത്തുകയും വികേന്ദ്രീകരണത്തെ കൂടുതൽ ശക്തിപ്പെടുത്തുകയും പൊതുഭരണത്തെ ആധുനികവത്കരിക്കുകയും ചെയ്യും.
അതിനാൽതന്നെ, കോൺഗ്രസിൽ നടന്ന പ്രധാന ചർച്ചകളും പ്രമേയങ്ങളും വിശാലമായ നാല് മേഖലകൾ സംബന്ധിച്ചുള്ളതായിരുന്നു. ഒന്നാമത്തേത് സാമ്പത്തികതന്ത്രം സംബന്ധിച്ചുള്ളതാണ്; ഭരണകൂട ഉടമസ്ഥതയിലുള്ള സംരംഭങ്ങൾ എന്നതിനപ്പുറം രാഷ്ട്രത്തിന്റെ സമ്പദ്ഘടനയെ പുനർനിർവചിക്കുക, തന്ത്രപരമായ സ്വയംഭരണാധികാരത്തെ ശക്തിപ്പെടുത്തുക, പാർട്ടി നേതൃത്വത്തിൻകീഴിൽ സ്വകാര്യ –വിദേശ നിക്ഷേപ മേഖലകളുടെ പങ്ക് സംബന്ധിച്ച് വ്യക്തത വരുത്തുക എന്നിവയാണ് അതിൽ ഉൾപ്പെട്ടിരുന്നത്. രണ്ടാമത്തേത് ഇൻസ്പെക്ഷൻ, മേൽനോട്ടം വഹിക്കൽ, അഴിമതിയെ ചെറുക്കുന്നതിനുള്ള സംവിധാനങ്ങൾ എന്നിവയെ സ്ഥാപനവത്കരിക്കുന്നതിൽ ശക്തമായി ഊന്നിക്കൊണ്ട് പാർട്ടി കെട്ടിപ്പടുക്കുക എന്നതായിരുന്നു. മൂന്നാമത്തേത് രാജ്യത്തിന്റെ ഭരണനിർവഹണമായിരുന്നു (Governance); അതായത് ഭരണപരമായ പുനഃക്രമീകരണത്തിലും ഡിജിറ്റൽ പരിവർത്തനത്തിലും നിയമാധിഷ്ഠിതമായ ഭരണനിർവഹണത്തിലും കേന്ദ്രീകരിച്ചുകൊണ്ട് ആ ഉദ്യമം നിറവേറ്റുന്നത് സംബന്ധിച്ചുള്ളതായിരുന്നു. നാലാമത്തേത്, 2030 ഓടെ ഉയർന്ന ഇടത്തരം വരുമാനമുള്ള രാജ്യമായും 2045 ഓടെ വികസിത സോഷ്യലിസ്റ്റ് രാജ്യമായും വിയത്നാമിനെ മാറ്റുന്നതിനുള്ള ടാർജറ്റുകൾ ചിട്ടപ്പെടുത്തുക എന്ന ദീർഘകാല പദ്ധതിയായിരുന്നു.
ഈ ചർച്ചകളെ അടിസ്ഥാനപ്പെടുത്തി, പുതിയ വികസനഘട്ടത്തിനുള്ള പ്രധാനപ്പെട്ട ഏഴു മുൻഗണനകൾ കോൺഗ്രസ് പട്ടികപ്പെടുത്തി. അതിൽ ആദ്യത്തേത്, ‘‘പ്രതിബന്ധങ്ങളെ നീക്കംചെയ്തുകൊണ്ടുള്ള മുന്നേറ്റങ്ങളുടെ മുന്നേറ്റം’’ എന്നുള്ളതായിരുന്നു; ഇന്ന് വിയത്-നാമിന്റെ പ്രാഥമികമായ തടസ്സം മൂലധനമോ അധ്വാനമോ ആശയങ്ങളോ ഒന്നുമല്ല. മറിച്ച് സ്ഥാപനങ്ങളുടെയും ഭരണനിർവഹണത്തിന്റെയും ഗുണമേന്മയാണ് എന്ന് അംഗീകരിച്ചുകൊണ്ടാണ് ഇങ്ങനെയൊരു പ്രയോഗം കോൺഗ്രസ് നടത്തുന്നത്. വ്യക്തവും അനുയോജ്യവും കൃത്യമായി നടപ്പാക്കപ്പെടുന്നതുമായ നിയമങ്ങളില്ലാതെ മികച്ച പശ്ചാത്തലസൗകര്യ സംവിധാനങ്ങൾക്കും സാങ്കേതികവിദ്യയ്ക്കും ഫലപ്രദമായി പ്രവർത്തിക്കാനാവില്ല എന്ന് പാർട്ടി ഉൗന്നിപ്പറയുന്നു. അതിനാൽ സോഷ്യലിസ്റ്റ് ക്രമീകരണവും പാർട്ടി നേതൃത്വവും മുറുകെപ്പിടിക്കുമ്പോൾ തന്നെ നിയമത്തെ മെച്ചപ്പെടുത്തുക എന്നത് സ്ഥായിയായ, സുതാര്യമായ, പ്രവചനാത്മകമായ ഒരു പരിതഃസ്ഥിതിക്ക് അത്യന്താപേക്ഷിതമാണ് എന്ന് കോൺഗ്രസ് കാണുന്നു.
വ്യവസായവത്കരണത്തെയും ആധുനികവത്കരണത്തെയും ത്വരിതപ്പെടുത്തുക, സമ്പദ്ഘടനയെ പുനഃക്രമീകരിക്കുക, ശാസ്ത്രത്തിലൂടെയും സാങ്കേതികവിദ്യയിലൂടെയും വളർച്ചാമാതൃകയെ പുതുക്കിപ്പണിയുക എന്നിവയാണ് രണ്ടാമത്തെ മുൻഗണനയായി കാണുന്നത്. കാർഷിക പരിവർത്തനത്തിൽനിന്ന്, ക്ഷാമത്തിൽനിന്നും മിച്ചത്തിലേക്കും കയറ്റുമതി ചെയ്യാനുള്ള ശേഷിയിലേക്കുമുള്ള മാറ്റത്തിൽനിന്ന്, പാഠങ്ങൾ ഉൾക്കൊണ്ടുകൊണ്ട് ഭാവിയിലെ മുന്നേറ്റങ്ങൾ സാങ്കേതികവിദ്യാപരമായ പുരോഗതിയിൽനിന്നും പുതുക്കിപ്പണിയലിൽനിന്നുമാണ് ഉണ്ടാകുകയെന്ന് കോൺഗ്രസ് അടയാളപ്പെടുത്തി.
മൂന്നാമത്തെ മുൻഗണന ശ്രദ്ധകേന്ദ്രീകരിക്കുന്നത് ആധുനികവും തന്ത്രപരവുമായ പശ്ചാത്തലസൗകര്യ സംവിധാനം വികസിപ്പിക്കുന്നതിലാണ്. എക്സ്പ്രസ് വേകൾ, റെയിൽവേകൾ, ഡീപ്–സീ പോർട്ടുകൾ, ലോജിസ്റ്റിക്സ് ഹബ്ബുകൾ, ഡിജിറ്റൽ ഇൻഫ്രാസ്ട്രക്ചർ എന്നിവിടങ്ങളിലെ നിക്ഷേപം ചെലവുകുറയ്ക്കുന്നതിനും കാര്യക്ഷമത മെച്ചപ്പെടുത്തുന്നതിനും വിയത്-നാമീസ് കയറ്റുമതികളുടെ മത്സരക്ഷമത ഉയർത്തുന്നതിനും വേണ്ടിയിട്ടുള്ളതാണ്. പൊതു–സ്വകാര്യ പങ്കാളിത്തത്തിലൂടെ, വിശാലമായ സാമൂഹിക വിഭവങ്ങളെ ഏകോപിപ്പിക്കുന്നതിനും നിക്ഷേപത്തിന്റെ കാര്യക്ഷമത മെച്ചപ്പെടുത്തുന്നതിനും പുതിയ വികസന തുറകൾ ആരംഭിക്കുന്നതിനും ആഗോള വിതരണ ശൃംഖലയിലേക്ക് വിയത്-നാമിനെ കൂടുതൽ ആഴത്തിൽ സമന്വയിപ്പിക്കുന്നതിനും രാഷ്ട്രം ലക്ഷ്യമിടുന്നു.
ജിഡിപി വളർച്ച മാത്രംവെച്ച് വികസനത്തെ അളക്കുവാൻ കഴിയില്ലായെന്ന് അംഗീകരിച്ചുകൊണ്ട്, നാലാമത്തെ മുൻഗണന കോൺഗ്രസ് നൽകുന്നത് ആരോഗ്യ സുരക്ഷയ്ക്കും വിദ്യാഭ്യാസത്തിനും പാർപ്പിടത്തിനും സാമൂഹ്യ സുരക്ഷയ്ക്കും സാംസ്കാരിക ജീവിതത്തിനും പാരിസ്ഥിതികമായ സുസ്ഥിരതയ്ക്കുമാണ്; അതായത്, ഒരാളും പിന്തള്ളപ്പെടുന്നില്ല എന്നുറപ്പാക്കുന്നു.
ദേശീയ ഭരണനിർവഹണത്തിന്റെ ആധുനികവത്ക്കരണത്തെയാണ് അഞ്ചാമത്തെ മുൻഗണനയായി കോൺഗ്രസ് കണക്കാക്കുന്നത്; ഇവിടെ മുഖ്യ അളവുകോലായി കാണുന്നത് പൊതുജനങ്ങളുടെ സംതൃപ്തിയെയാണ്. ദ്വിതല തദ്ദേശ ഭരണ സംവിധാനം രാജ്യത്തുടനീളം കർശനമായി നടപ്പാക്കുക എന്നതാണ് ഈ മുൻഗണനയിൽ വരുന്നത്; തൃണമൂലതലത്തിൽ അധികാരവും കാര്യക്ഷമതയും ശക്തിപ്പെടുത്തുന്നതിനുവേണ്ടി ഉയർന്ന തോതിൽ വികേന്ദ്രീകരണം നടപ്പാക്കുന്നതിനായാണിത്.
ആഗോളതലത്തിലുള്ള തന്ത്രപരമായ മത്സരം തീവ്രമായിക്കൊണ്ടിരിക്കുന്ന പശ്ചാത്തലത്തിൽ, ദേശീയ പ്രതിരോധത്തിന്റെ ആധുനികവത്കരണത്തെയാണ് കോൺഗ്രസ് ആറാമത്തെ മുൻഗണനയായി കാണുന്നത്. പ്രതിരോധ മന്ത്രാലയത്തിന്റെ കണക്കനുസരിച്ച്, 5000ത്തിലധികം സെെനിക യൂണിറ്റുകളാണ് കാര്യക്ഷമത മെച്ചപ്പെടുത്തുന്നതിനുവേണ്ടി പുനഃക്രമീകരിക്കപ്പെട്ടിട്ടുള്ളത്. ദേശീയ പ്രതിരോധവും സുരക്ഷയും ശക്തിപ്പെടുത്തുന്നു എന്നതിന് വൻതോതിൽ സെെനികവത്കരണം നടപ്പാക്കുന്നു എന്നർത്ഥമില്ല; മറിച്ച് കാര്യക്ഷമതയും ശേഷിയുമുള്ള, ആധുനികമായ ഒരു സെെന്യത്തെയും ഉയർന്ന റിസർവ് സേനകളെയും ശക്തമായ പ്രതിരോധ വ്യവസായശേഷിയെയും വികസിപ്പിക്കുകയും, പ്രതിരോധ സന്നദ്ധതയെ സാമ്പത്തിക – – സാമൂഹിക വികസനത്തോട് ശക്തമായി സമന്വയിപ്പിക്കുകയും ചെയ്യലാണത്. സാങ്കേതികവിദ്യാ, പരിശീലനം, സെെബർ പ്രതിരോധം, മാരിടെെം സുരക്ഷ, ദുരന്ത പ്രതികരണം എന്നിവയിലാണ് ഉൗന്നൽ നൽകുന്നത്.
അന്തിമമായി, ഒന്നുകൂടി പറഞ്ഞാൽ അടിസ്ഥാനപരമായി, കൂടുതൽ സങ്കീർണവും പ്രവചനാതീതവുമായ ആഗോള സാഹചര്യങ്ങൾക്കിടയിൽ ആശ്രിതത്വം ഒഴിവാക്കിക്കൊണ്ട് ശക്തമായ സാർവദേശീയ ഏകോപനത്തിനുള്ള അടിത്തറയെന്ന നിലയിൽ സ്വയംഭരണാധികാരത്തിലും സ്വയംപര്യാപ്തതയിലും കോൺഗ്രസ് ഊന്നുന്നു.
ഈ ദിശാനിർണയങ്ങളെയാകെ ഏകകണ്ഠമായി അംഗീകരിച്ചുകൊണ്ട്, 180 പൂർണ അംഗങ്ങളും 20 ആൾട്ടർനേറ്റ് അംഗങ്ങളുമടങ്ങിയ 200 അംഗ കേന്ദ്ര കമ്മിറ്റിയെ കോൺഗ്രസ് തിരഞ്ഞെടുത്തു. ഇതിൽ 21 പേർ സ്ത്രീകളാണ്; അതിൽ ഏറ്റവും പ്രായം കുറഞ്ഞയാൾ 44 വയസ്സുള്ള ബൊയ് തീ ക്യുയിൻ വാൻ (Bui Thi Quynh Van) ആണ്.
2045 ഓടുകൂടി ഒരു വികസിത സോഷ്യലിസ്റ്റ് രാജ്യമായി മാറുകയെന്ന ലക്ഷ്യത്തിലേക്ക് വിയത്നാമിനെ നയിക്കാനുള്ള കടമ ഈ കേന്ദ്ര കമ്മിറ്റിയംഗങ്ങൾ നെഞ്ചേറ്റുമ്പോൾ, വികസനത്തിന്റെ കേന്ദ്രവും ആഖ്യാനവും ലക്ഷ്യവും ചാലകശക്തിയും ജനങ്ങളാണ് എന്ന് കോൺഗ്രസ് ഊന്നിപ്പറയുന്നു. l



