മുതലാളിത്ത വികസനത്തിന്റെ ഒരുൽപന്നമാണ് ആധുനിക ഇന്ത്യൻ തൊഴിലാളി വർഗം. 19–ാം നൂറ്റാണ്ടിൽ ഇന്ത്യ ബ്രിട്ടീഷ് കൊളോണിയൽ ഭരണത്തിൻ കീഴിലായിരുന്നപ്പോഴാണ് മുതലാളിത്തത്തിന്റെ ആദ്യ അംശങ്ങൾ ഇന്ത്യയിൽ പ്രത്യക്ഷപ്പെട്ടത്. അത് ആധുനിക ഇന്ത്യൻ തൊഴിലാളിവർഗത്തിന്റെ ആവിർഭാവത്തിനു വഴിയൊരുക്കി. ഇന്ത്യയിൽ തൊഴിലാളിവർഗത്തിന്റെ നിയമപരമായ അവകാശങ്ങൾ സംബന്ധിച്ച സങ്കൽപ്പനമുണ്ടാകുന്നത് പിന്നെയും ഏറെക്കഴിഞ്ഞാണ്.
ബ്രിട്ടീഷ് മുതലാളിമാരുടെയും ഇന്ത്യൻ മുതലാളിമാരുടെയും ആക്രമണാത്മകമായ ലാഭാർത്തി, ഇന്ത്യയിലെ തൊഴിലാളിവർഗത്തെ കടുത്ത ചൂഷണത്തിനു വിധേയമാക്കി. അക്കാലത്ത് തൊഴിലാളികളെ സംഘടിപ്പിക്കുന്നതിനും ട്രേഡ് യൂണിയനുകൾ രൂപീകരിക്കുന്നതിനും യാതൊരുവിധ സംഘടിത ശ്രമവുമില്ലാതിരുന്നിട്ടും തൊഴിലാളികൾ തങ്ങളുടെ ദുരിതപൂർണമായ തൊഴിൽ സാഹചര്യങ്ങൾക്കെതിരെ സ്വമേധയാ ശക്തമായ പ്രക്ഷോഭങ്ങൾ നടത്തിയതിന്റെ നിരവധി ഉദാഹരണങ്ങളുണ്ട്. അത് ചില തൊഴിൽ നിയമങ്ങൾ കൊണ്ടുവരുന്നതിന് ബ്രിട്ടീഷ് കൊളോണിയൽ ഗവൺമെന്റിനെ നിർബന്ധിതമാക്കി. എന്നാൽ ആ നിയമങ്ങളുടെ ഉദ്ദേശ്യം തൊഴിലാളികൾക്ക് ആശ്വാസം നൽകുന്നതിനായിരുന്നില്ല. മറിച്ച്, മുതലാളി വർഗത്തിന്- ഉത്പാദനവും ലാഭവും നിർവിഘ്നം ഉറപ്പാക്കുന്നതിനായി വ്യാവസായിക തൊഴിലാളികളെ യാതൊരു തടസ്സവും കൂടാതെ എത്തിക്കുന്നതിനുവേണ്ടി കൂലി വേലക്കാരെ മെരുക്കിയെടുക്കുന്നതിനും നിയന്ത്രിക്കുന്നതിനുമായിരുന്നു.
അതനുസരിച്ച്, ആസാം പ്ലാന്റേഷൻ ലേബർ ഇമിഗ്രേഷൻ ആക്ട്, മദ്രാസ് പ്ലാന്റേഴ്സ് ലേബർ ആക്ട്, ദി മാസ്റ്റേഴ്സ് ആൻഡ് സർവന്റ്സ് ആക്ട്, ദി വർക്ക്മെൻസ് ബ്രീച്ച് ഓഫ് കോൺട്രാക്ട് ആക്ട്, ഇക്കാലത്തെ മറ്റു ചില നിയമങ്ങൾ എന്നിവ തൊഴിലാളികളെ റിക്രൂട്ട് ചെയ്യുന്നതിനും ചൂഷണം ചെയ്യുന്നതിനും അവരെ തൊഴിലിടങ്ങളിൽ ബല പ്രയോഗത്തിലൂടെ പിടിച്ചുനിർത്തുന്നതിനും തൊഴിലുടമയെ സഹായിക്കുന്നതിനായി രൂപകൽപ്പന ചെയ്തവയായിരുന്നു. അസഹനീയമായ കഠിനാധ്വാനത്തിൽ നിന്നും തൊഴിലാളികൾ രക്ഷപ്പെട്ടോടുന്ന സാഹചര്യത്തിൽ, അവരെ ശിക്ഷിക്കാൻ ഈ നിയമങ്ങൾ തൊഴിലുടമകൾക്ക് ആയുധമേകി. 1860ൽ പാസാക്കിയ എംപ്ലോയേഴ്സ് ആൻഡ് വർക്കേഴ്സ് (ഡിസ്പ്യൂട്ട്) ആക്ട്, അനുസരണയില്ലായ്മ എന്ന കുറ്റം ചുമത്തി തൊഴിലാളികൾക്കുമേൽ പിഴ ചുമത്തുന്നതിനോ അവരെ തുറുങ്കിലടയ്ക്കുന്നതിനോ തൊഴിലുടമകൾക്ക് അധികാരം നൽകി.
കൂടുതൽ മിച്ചമൂല്യം ഊറ്റിയെടുത്ത് തങ്ങളുടെ ലാഭം വർദ്ധിപ്പിക്കുന്നതിന് തൊഴിലാളികളെ ചൂഷണം ചെയ്യുന്നതിൽ, പ്രത്യേകിച്ച് ടെക്-സ്റ്റെെൽ വ്യവസായ മേഖലയിൽ, ബ്രിട്ടീഷ് മുതലാളിമാരും ഇന്ത്യൻ മുതലാളിമാരും പരസ്പരം മത്സരിച്ചു. ഇത്തരം മത്സരങ്ങൾക്ക് തടയിടുന്നതിനാണ് ബ്രിട്ടീഷ് മില്ലുടമകൾ ‘അമിത ചൂഷണ’ത്തിന്റെ വിഷയം ഉയർത്തിക്കൊണ്ടുവന്നതും ഇന്ത്യയിലെ ഇത്തരം ‘മനുഷ്യവിരുദ്ധമായ രീതികൾ’ അവസാനിപ്പിക്കുന്നതിന് തൊഴിൽ നിയമനിർമാണം ആവശ്യപ്പെട്ട് മുറവിളി കൂട്ടിയതും. ഇതോടൊപ്പം, തങ്ങളുടെ ദുരിതപൂർണ്ണമായ തൊഴിൽ സാഹചര്യങ്ങൾക്കെതിരെ തൊഴിലാളികൾ നടത്തിയ ചെറുത്തുനിൽപ്പും തൊഴിലാളികൾ നേരിടുന്ന മനുഷ്യത്വരഹിതമായ സാഹചര്യങ്ങൾക്കെതിരായി ബ്രിട്ടനിലും ഇന്ത്യയിലും ലിബറൽ ശബ്ദങ്ങൾ ഉയർന്നതും 1881ൽ ആദ്യത്തെ ഇന്ത്യൻ ഫാക്ടറി നിയമം നടപ്പാക്കുന്നതിനിടയാക്കി.
തൊഴിലാളിവർഗ സർവാധിപത്യം വിളംബരം ചെയ്ത, 1917ലെ മഹത്തായ റഷ്യൻ വിപ്ലവം ഇന്ത്യയിലെ തൊഴിലാളികളെയുൾപ്പെടെ ലോകത്താകമാനമുള്ള തൊഴിലാളികളെയാകെ പ്രചോദിപ്പിക്കുകയും അവർക്ക് ആശയപരമായ പുതിയൊരു ദിശാബോധം നൽകുകയും ചെയ്തു. ഒന്നാം ലോകയുദ്ധത്തിന്റെ അന്തരാളഘട്ടത്തിലുണ്ടായ തുടർച്ചയായ പണിമുടക്കുകളും ട്രേഡ് യൂണിയനുകളുടെ പെട്ടെന്നുണ്ടായ ഉയർന്നുവരവും ഇന്ത്യൻ ട്രേഡ് യൂണിയൻ പ്രസ്ഥാനത്തിന് ശക്തമായ അടിത്തറപാകി.
ഒന്നാം ലോകയുദ്ധാനന്തരം ഉയർന്നുവന്നുകൊണ്ടിരുന്ന വിപ്ലവ മുന്നേറ്റങ്ങളുടെ വേലിയേറ്റത്തെ തടയുന്നതിന് ഐക്യരാഷ്ട്രസഭയുടെ ആദ്യരൂപമായ ലീഗ് ഓഫ് നേഷൻസ് 1919ൽ ഇന്റർനാഷണൽ ലേബർ ഓർഗനെെസേഷന് (ILO) രൂപം നൽകി. ലോക തൊഴിലാളിവർഗവും മുതലാളിവർഗവും തമ്മിലുള്ള വെെരുദ്ധ്യത്തെ താൽക്കാലികമായി നിർവീര്യമാക്കുന്നതിനുവേണ്ടിയായിരുന്നു ഇത്. ഒന്നാംലോക യുദ്ധാനന്തരകാലത്ത് കൂടുതൽ ഉൽപ്പാദനം ആവശ്യമായി വന്നത്, നിയമനിർമാണങ്ങളിലൂടെ തൊഴിലാളികൾക്ക് ചില സുപ്രധാന ഇളവുകൾ നൽകുന്നതിന് ഭരണവർഗത്തെ നിർബന്ധിതമാക്കി. ‘‘വ്യാവസായിക തൊഴിലാളികളുടെ ശാരീരികവും ധാർമികവും ബൗദ്ധികവുമായ ക്ഷേമം ഉന്നതമായ അന്താരാഷ്ട്ര പ്രാധാന്യമുള്ളതാണെ’’ന്ന് ഐഎൽഒ പ്രസ്താവിച്ചു.
ആദ്യത്തെ അഖിലേന്ത്യാ ട്രേഡ് യൂണിയനായ AITUC 1920ൽ രൂപീകരിക്കപ്പെട്ടു. 20–ാം നൂറ്റാണ്ടിന്റെ ഇരുപതുകളിലും മുപ്പതുകളിലും തൊഴിലാളിവർഗം ഉശിരൻ പോരാട്ടങ്ങൾ സംഘടിപ്പിച്ചു. അത് വർക്ക്മെൻസ് കോമ്പൻസേഷൻ ആക്ട് 1928, ട്രേഡ് യൂണിയൻ ആക്ട് 1926, ബോംബെ മെറ്റേണിറ്റി ആക്ട്, 1930 എന്നിവ പാസാക്കുന്നതിന് ബ്രിട്ടീഷ് ഗവൺമെന്റിനെ നിർബന്ധിതമാക്കി.
തൊഴിൽ സാഹചര്യങ്ങളെപ്പറ്റി അന്വേഷിച്ച് നിർദ്ദേശങ്ങൾ സമർപ്പിക്കുന്നതിന് 1929ൽ റോയൽ കമ്മീഷൻ ഓൺ ലേബർ രൂപീകരിച്ചു. 1934ലെ ഫാക്ടറി നിയമവും 1936ലെ പേയ്മെന്റ് ഓഫ് വേജസ് ആക്ടും ഇതിന്റെ ഫലമായിട്ടുണ്ടായതാണ്. രണ്ടാം ലോക യുദ്ധകാലത്ത് വിലക്കയറ്റത്തിനെതിരെ തൊഴിലാളിവർഗസമരങ്ങൾ അലയടിച്ചതിനെത്തുടർന്ന് 1942ൽ ബ്രിട്ടീഷ് ഗവൺമെന്റ് ഒരു ത്രികക്ഷി ലേബർ കോൺഫറൻസ് വിളിച്ചുചേർക്കാൻ നിർബന്ധിതമായി. ഇതു പിന്നീട് ഇന്ത്യൻ ലേബർ കോൺഫറൻസ് എന്ന പേരിലറിയപ്പെട്ടു. വെെസ്രോയിയുടെ എക്സിക്യൂട്ടീവ് കൗൺസിലിലെ ഒരു അംഗമെന്ന നിലയിൽ ഡോ. ബി ആർ അംബേദ്കർ തൊഴിലാളികളുടെ സാഹചര്യങ്ങൾ മെച്ചപ്പെടുത്തണമെന്നാവശ്യപ്പെട്ടത് ഇക്കാര്യത്തിൽ സുപ്രധാന പങ്കുവഹിച്ചു. 1947ലെ എഐടിയുസിയുടെ കൽക്കട്ട സമ്മേളനം 1947 മാർച്ച് 18ന് ‘‘അടിസ്ഥാനാവകാശ ദിന’’മായി ആചരിക്കാൻ ആഹ്വാനം ചെയ്തു.
ഇന്ത്യൻ തൊഴിലാളിവർഗത്തെ ഇന്ത്യൻ മുതലാളിമാരും ബ്രിട്ടീഷ് മുതലാളിമാരും ഒരുപോലെ ചൂഷണം ചെയ്തു. എങ്കിലും ഇന്ത്യയിലെ തൊഴിലാളികൾ തങ്ങളുടെ സാഹചര്യങ്ങൾ മെച്ചപ്പെടുത്തുന്നതിനുള്ള പോരാട്ടങ്ങൾ മുന്നോട്ടു കൊണ്ടു പോകുന്നതിനുള്ള പ്രധാന തടസ്സം ബ്രിട്ടീഷ് കൊളോണിയൽ ഭരണവും അതിന്റെ അടിച്ചമർത്തലുമാണെന്നു കണ്ടു. അതിനാൽ തൊഴിലാളികൾ തങ്ങളുടെ അടിയന്തരാവശ്യങ്ങൾക്കായി പോരാടുന്നതിനൊപ്പം സ്വാതന്ത്ര്യ സമരത്തിലും വലിയ തോതിൽ പങ്കെടുത്തു. 1908ൽ തിലകന്റെ അറസ്റ്റിനെത്തുടർന്ന് ബോംബെയിൽ നടന്ന തൊഴിലാളികളുടെ പണിമുടക്ക്, 1946ലെ നാവിക കലാപത്തെ പിന്തുണച്ചുകൊണ്ട് പല മേഖലകളിലും തൊഴിലാളികൾ നടത്തിയ വ്യാപകമായ പണിമുടക്കുകൾ എന്നിവ ചില ഉദാഹരണങ്ങൾ മാത്രമാണ്.
ഇന്ത്യ സ്വാതന്ത്ര്യം നേടിയതിനുശേഷം, സ്വാതന്ത്ര്യസമരത്തിൽ സജീവമായി പങ്കുകൊണ്ടിരുന്ന തൊഴിലാളിവർഗത്തിന് വലിയ പ്രതീക്ഷകളുണ്ടായിരുന്നു. ഭരണഘടനാ നിർമാണസഭയിലെ ചർച്ചയിൽ തൊഴിലാളിവർഗത്തിന്റെ ആശങ്കകൾ പ്രകടമാക്കപ്പെട്ടെങ്കിലും അവ മിക്കവാറും നമ്മുടെ ഭരണഘടനയുടെ നിർബന്ധമായും നടപ്പിലാക്കേണ്ടതിന്റെ നിർദ്ദേശക തത്ത്വങ്ങളിലൊതുങ്ങി. സ്വതന്ത്ര ഇന്ത്യയിൽ തൊഴിൽ നിയമങ്ങൾ നടപ്പാക്കിയത്, തടസ്സം കൂടാതെയുള്ള ഉൽപ്പാദന പ്രക്രിയയും മിച്ചവും സമ്പത്തുൽപാദിപ്പിക്കലും ഉറപ്പാക്കുന്നതിന് തദ്ദേശീയ മുതലാളിമാരുടെ നിയന്ത്രണത്തിലായിരുന്ന പുതിയ രാഷ്ട്രീയ സംവിധാനത്തിന്റെ ആവശ്യമനുസരിച്ചായിരുന്നു. അതേസമയം തന്നെ, സ്വാതന്ത്ര്യപൂർവഘട്ടവുമായി താരതമ്യപ്പെടുത്തുമ്പോൾ, അപ്പോഴത്തെ രാഷ്ട്രീയ സാഹചര്യവും തൊഴിലാളികളുടെ അഭിലാഷങ്ങളും കണക്കിലെടുത്തുകൊണ്ട് തൊഴിലാളികളുടെ വിലപേശൽ ശേഷിയെ ഒരു പരിധിവരെ ശക്തിപ്പെടുത്തിയ ഏതാനും തൊഴിലാളി ക്ഷേമ നിയമങ്ങളും നടപ്പിലാക്കപ്പെട്ടു.
ഇന്ത്യ സ്വാതന്ത്ര്യം കൈവരിച്ച് രണ്ടു ദശകത്തിനുള്ളിൽത്തന്നെ തൊഴിൽ നിയമങ്ങളിൽ വെള്ളം ചേർക്കാനുള്ള, ഭരണവർഗത്തിന്റെ ആദ്യത്തെ വ്യവസ്ഥാപരമായ ശ്രമം ആരംഭിച്ചു. 1966ൽ സാമ്രാജ്യത്വശക്തികൾ അടിച്ചേൽപ്പിച്ച, രൂപയുടെ മൂല്യത്തകർച്ചമൂലം ഗുരുതരമായ സാമ്പത്തിക പ്രതിസന്ധി നേരിട്ടപ്പോൾ തൊഴിൽ നിയമങ്ങൾ പുനഃപരിശോധിക്കുന്നതിനും അതിൽ വരുത്തേണ്ട മാറ്റങ്ങൾ നിർദ്ദേശിക്കുന്നതിനുമായി ജസ്റ്റിസ് ഗജേന്ദ്ര ഗഡ്കറുടെ നേതൃത്വത്തിൽ ആദ്യത്തെ നാഷണൽ ലേബർ കമ്മീഷനെ ഗവൺമെന്റ് നിയമിച്ചു. ഈ ഒന്നാം നാഷണൽ ലേബർ കമ്മീഷൻ 1957ലെ പതിനഞ്ചാമത് ഇന്ത്യൻ ലേബർ കോൺഫറൻസ് അംഗീകരിച്ച മിനിമം വേതനം നിശ്ചയിക്കുന്നതിനുള്ള ചട്ടക്കൂടിനെ നിരാകരിച്ചുകൊണ്ട്, മിനിമം വേതനം നിശ്ചയിക്കവേ, വേതനം നൽകുന്നതിന് വ്യവസായത്തിനുള്ള ശേഷി പരിഗണിക്കേണ്ടതുണ്ടെന്ന് ഊന്നിപ്പറഞ്ഞു.
1990ല്‍ രാജ്യം നേരിട്ട അടവുശിഷ്ട പ്രതിസന്ധി പരിഹരിക്കുന്നതിന്റെ മറവിൽ, 1991ൽ നവലിബറൽ നയങ്ങൾ ഔദ്യോഗികമായി നിലവിൽ വരുത്തിയതോടെ ഭരണവർഗങ്ങൾ തൊഴിലാളികളുടെ നിയമപരമായ അവകാശങ്ങൾക്കുനേരെ ആക്രമണമഴിച്ചുവിട്ടു. പി വി നരസിംഹറാവുവിന്റെ നേതൃത്വത്തിലുള്ള കോൺഗ്രസ് ഗവൺമെന്റ്, തൊഴിലുടമകൾക്ക് തോന്നുംപോലെ ബിസിനസ് വേണ്ടെന്നുവെയ്ക്കാനും യാതൊരു പ്രതിബന്ധവുമില്ലാതെ തൊഴിലാളികളെ പുറത്താക്കാനുമുള്ള സ്വാതന്ത്ര്യം നൽകുന്ന ‘എക്സിറ്റ് പോളിസി’ നിയമങ്ങൾ കൊണ്ടുവരുമെന്ന് വാഗ്ദാനം നൽകി. അതിനുശേഷമിങ്ങോട്ട് മുതലാളിമാർ ഇപ്പറയുന്ന ‘തൊഴിൽ നിയമപരിഷ്കാരങ്ങൾ’ നടപ്പാക്കണമെന്ന് തുടർന്നുവന്ന സർക്കാരുകൾക്കുമേൽ ശക്തമായ സമ്മർദ്ദം ചെലുത്തിവരികയായിരുന്നു. വാജ്പേയിയുടെ നേതൃത്വത്തിലുള്ള എൻഡിഎ സർക്കാർ നിയമിച്ച തൊഴിൽ സംബന്ധിച്ച രണ്ടാം ദേശീയ കമ്മീഷനോട് തൊഴിൽ നിയമങ്ങളിൽ മാറ്റം വരുത്താൻ നിർദ്ദേശങ്ങൾ ആവശ്യപ്പെട്ടത്, തൊഴിലാളികളെ സംരക്ഷിക്കാനല്ല, മറിച്ച് അവരെ ആഗോളവൽക്കരണ പ്രക്രിയയ്ക്ക് അനുകൂലമാക്കാനാണ്. ഈ കമ്മീഷന്റെ നിർദ്ദേശങ്ങളാണ് മോദിയുടെ നേതൃത്വത്തിലുള്ള നിലവിലെ ബിജെപി സർക്കാർ കൊണ്ടുവന്ന ലേബർ കോഡിന്റെ അടിസ്ഥാനം.
ആഗോള മുതലാളിത്ത വ്യവസ്ഥ ദീർഘകാലമായി പ്രതിസന്ധിയിലകപ്പെട്ടിരിക്കവെ, തൊഴിലാളികൾ നേടിയെടുത്ത അവകാശങ്ങളും ആനുകൂല്യങ്ങളും ഇന്ന് തീവ്രമായ കടന്നാക്രമണങ്ങൾക്ക് വിധേയമാക്കപ്പെട്ടുകൊണ്ടിരിക്കുകയാണ്. അത് നമ്മുടെ രാജ്യത്തും പ്രതിഫലിക്കുന്നു. കോവിഡ് മഹാമാരിക്കുമുമ്പ് നിലനിന്ന പ്രതിസന്ധി കോവിഡ് കാലമായതോടെ മൂർച്ചിച്ചു. കോവിഡിനു മുമ്പുണ്ടായിരുന്ന നിലയിലേക്ക് ആഗോള സമ്പദ്-വ്യവസ്ഥ ഇപ്പോഴും കരകയറിയിട്ടില്ല. തൊഴിൽ പരിഷ്കാരങ്ങൾ അവിഭാജ്യ ഘടകമായിട്ടുള്ള നവ ലിബറൽ നയങ്ങൾ മോദി ഗവൺമെന്റ് ആക്രമണാത്മകമാംവിധം നടപ്പിലാക്കുകയാണ്. ‘ബിസിനസ് ചെയ്യുന്നത് എളുപ്പമാക്കുന്നതിന്റെ (Ease of Doing Buisness) പേരിൽ അവർ തൊഴിൽ നിയമങ്ങളുടെ ക്രോഡീകരണം നടത്തുകയാണ്. 29 കോഡുകളെ നാലു കോഡുകളാക്കി – വേതനം സംബന്ധിച്ച കോഡ്, വ്യാവസായിക ബന്ധങ്ങൾ സംബന്ധിച്ച കോഡ്, സാമൂഹ്യ സുരക്ഷാ കോഡ്, തൊഴിൽ സുരക്ഷയും ആരോഗ്യവും തൊഴിൽ സാഹചര്യങ്ങളും സംബന്ധിച്ച കോഡ്. വേതനം സംബന്ധിച്ച കോഡ് 2019ലും 2020ൽ കോവിഡ് മഹാമാരിക്കിടെ മറ്റു മൂന്നു കോഡുകളും പാസാക്കി.
കേന്ദ്രസർക്കാർ 2025 നവംബർ 21 മുതൽ ലേബർ കോഡുകൾ നടപ്പാക്കുന്നതിന് വിജ്ഞാപനം പുറപ്പെടുവിച്ചിരിക്കുകയാണ്. ഈ കോഡുകൾ തൊഴിലാളികളുടെ താൽപര്യങ്ങളെ ഹനിക്കുന്നതാണ്. ഇവ പരിരക്ഷയും ആനുകൂല്യങ്ങളും വിപുലമാക്കുമെന്ന് ഗവൺമെന്റ് അവകാശപ്പെടുമ്പോൾ, നിലവിലെ നിയമപരമായ അവകാശങ്ങളിൽനിന്നും ആനുകൂല്യങ്ങളിൽനിന്നും കൂടുതൽ തൊഴിലാളികൾ ഒഴിവാക്കപ്പെടുമെന്നതാണ് യാഥാർത്ഥ്യം.
കോഡുവൽക്കരണത്തിന്റെ ലക്ഷ്യങ്ങളിലൊന്ന്, ‘‘നിർവചനങ്ങളുടെ ബഹുത്വം’’ ഒഴിവാക്കുകയെന്നതാണ് എന്ന് യൂണിയൻ ഗവൺമെന്റ് അവകാശപ്പെടുന്നു. എന്നാൽ കോഡുകളിൽ ‘തൊഴിലാളി’കളെയും ‘ജീവനക്കാരെ’യും നിർവചിച്ചിരിക്കുന്ന ഏതാണ്ട് സമാനമായ രീതി തൊഴിലെടുക്കുന്ന ജനങ്ങളെ തെറ്റായി വ്യാഖ്യാനിക്കാൻ തൊഴിലുടമകൾക്ക് അവസരമൊരുക്കും; ചില വിഭാഗങ്ങളെത്തന്നെ കോഡിന്റെ പരിധിയിൽനിന്നും മാറ്റിനിർത്തുകയും ചെയ്യും. തൊഴിലാളികൾ എന്ന സംജ്ഞയ്ക്കു കീഴിൽവരുന്ന, ചില വ്യവസായങ്ങളിൽ പണിയെടുക്കുന്ന അപ്രന്റീസുകളും ട്രെയിനികളും ഇപ്പോൾ ഈ പരിധിയിൽ നിന്നും ഒഴിവാക്കപ്പെട്ടിരിക്കുകയാണ്. കരാർ തൊഴിലാളികളെയും തൊഴിലാളികൾ എന്ന നിർവചനത്തിൽ നിന്നും ഒഴിവാക്കിയിരിക്കുകയാണ്. ഇത് നിലവിലുണ്ടായിരുന്ന നിയമങ്ങളിൽ നിന്നുമുള്ള വ്യതിചലിക്കലാണ്.
സൂപ്പർവൈസർമാർ അല്ലെങ്കിൽ മാനേജർമാർ എന്നെല്ലാം പേരിട്ട് വലിയൊരു വിഭാഗം ജീവനക്കാരെയും തൊഴിലാളികൾ എന്ന നിർവചനത്തിന്റെ പരിധിയിൽനിന്നും പുറന്തള്ളുകയാണ്. 18,000 രൂപയിൽ കൂടുതൽ വേതനം വാങ്ങുന്ന, ‘സൂപ്പർവൈസറി തസ്തിക’യിൽ തൊഴിൽ ചെയ്യുന്നവരും തൊഴിലാളി എന്ന നിർവചനത്തിൽ നിന്നും ഒഴിവാക്കപ്പെട്ടിരിക്കുന്നു. ഈ വേതന പരിധി ഒരു വിജ്ഞാപനത്തിലൂടെ കാലാകാലങ്ങളിൽ പുതുക്കപ്പെടാം. മിക്ക സ്ഥാപനങ്ങളിലും തൊഴിലാളികളുടെ ട്രേഡ് യൂണിയൻ അവകാശങ്ങൾ കവർന്നെടുക്കുന്നതിനു അവരെ ‘‘യൂണിയൻ വൽക്കരിക്കപ്പെടാത്ത’ വിഭാഗമായി കണക്കാക്കുന്നതിനുംവേണ്ടി ‘സൂപ്പർവൈസർമാർ /മാനേജർമാർ /ഓഫീസർമാർ /എക്സിക്യൂട്ടീവുകൾ എന്നിങ്ങനെ മുദ്രകുത്തുന്ന രീതി ഇതിനകംതന്നെ വ്യാപകമാണ്. ഇത് വ്യാവസായിക ബന്ധങ്ങൾ സംബന്ധിച്ച കോഡിലൂടെ നിയമവിധേയമാക്കിയിട്ടുണ്ട്. മാത്രമല്ല, ഏഴാം ശമ്പള കമ്മീഷന്റെ ശുപാർശപ്രകാരം ഗവൺമെന്റ് ജീവനക്കാരുടെ പ്രതിമാസ മിനിമം വേതനം 18,000 രൂപ എന്ന് ഗവൺമെന്റ് അംഗീകരിച്ചിരിക്കെ സൂപ്പർവൈസറി ജീവനക്കാർക്ക് 18,000 രൂപ എന്ന് പ്രതിമാസ വേതനപരിധി നിശ്ചയിച്ചിരിക്കുന്നത് പരിഹാസ്യമാണ്.
കോഡുകൾ പ്രയോഗിക്കുന്നതിനുള്ള പരിധി വർധിപ്പിച്ച് തൊഴിലാളികളെ നിയമത്തിന്റെ പരിരക്ഷയിൽനിന്ന് ഒഴിവാക്കുന്നതാണ് ഞെട്ടിക്കുന്ന മറ്റൊരു നടപടി. വൈദ്യുതി ഉപയോഗിച്ച് ഉത്പാദനം നടത്തുന്ന 20 തൊഴിലാളികളുള്ള ഫാക്ടറികൾക്കും വൈദ്യുതിയില്ലാതെ ഉത്പാദനം നടത്തുന്ന 40 തൊഴിലാളികളുള്ള ഫാക്ടറികൾക്കും ഒ എസ് എച്ച് കോഡ് (തൊഴിൽ സുരക്ഷ, ആരോഗ്യം, തൊഴിൽ സാഹചര്യങ്ങൾ എന്നിവ സംബന്ധിച്ച കോഡ്) ബാധകമാക്കിയിരിക്കുന്നു. ഫാക്ടറീസ് ആക്ടിൽ, ഇത് യഥാക്രമം പത്തും ഇരുപതും തൊഴിലാളികളുമാണ്. അതുപോലെ 20 തൊഴിലാളികളിൽ കൂടുതലുള്ള ഫാക്ടറികളിൽ കരാർ തൊഴിൽ (നിയന്ത്രണവും നിരോധനവും) നിയമം ബാധകമായിരുന്നു. ലേബർകോഡ്, ഇത് 50 തൊഴിലാളികളാക്കി പരിധി ഉയർത്തിയിരിക്കുന്നു.
ആറാമത് സാമ്പത്തിക സെൻസസിലെ കണ്ടെത്തലുകൾ വെളിപ്പെടുത്തുന്നത്, നമ്മുടെ രാജ്യത്തെ 94.6% കാർഷികേതര സ്ഥാപനങ്ങളും അഞ്ചോ അതിൽ താഴെയോ തൊഴിലാളികളെയാണ് നിയമിക്കുന്നതെന്നാണ്. തൊഴിലാളികളിൽ 90 ശതമാനവും നിലവിലെ തൊഴിൽ നിയമവ്യവസ്ഥയ്ക്കു പുറത്താണെന്നും സെൻസസ് വെളിപ്പെടുത്തുന്നു. ഇത്തരമൊരു സാഹചര്യത്തിൽ ഈ പരിധി വർധിപ്പിക്കുക എന്നതിന്റെ അർഥം, ഏതാണ്ട് എല്ലാ തൊഴിലാളികളെയും സാമൂഹ്യ സുരക്ഷാ ആനുകൂല്യങ്ങളുൾപ്പെടെയുള്ള എല്ലാ തൊഴിലവകാശങ്ങളുടെയും പരിധിയിൽനിന്നും പുറന്തള്ളുകയാണ്.
ഒഎസ്എച്ച്ഡബ്ല്യുസി കോഡിനുകീഴിലെ പുതിയ കരാർ തൊഴിൽ വ്യവസ്ഥയുടെ അപകടം, കരാർ തൊഴിൽ (നിയന്ത്രണവും നിർത്തലാക്കലും) നിയമപ്രകാരം കഴിയുന്നത്ര നിർത്തലാക്കാൻ ശ്രമിച്ച ഒരു തൊഴിൽ സമ്പ്രദായത്തെ അത് വെള്ളപൂശാൻ ശ്രമിക്കുന്നു എന്നതാണ്. ഒരു നിശ്ചിത കാലത്തേക്കു മാത്രമുള്ള തൊഴിൽ എന്ന അങ്ങേയറ്റം അരക്ഷിതമായ തൊഴിൽ നിയമിക്കൽ രീതിയെയും ഈ നിയമം വെള്ളപൂശുന്നു. തൊഴിൽ സുരക്ഷ, ആരോഗ്യം, തൊഴിൽ സാഹചര്യങ്ങൾ എന്നിവ സംബന്ധിച്ച നിയമം (OSHWC) 2020ൽ പാസ്സാക്കിയപ്പോൾ, 1979ലെ അന്തർസംസ്ഥാന കുടിയേറ്റത്തൊഴിലാളി (തൊഴിൽ നിയന്ത്രണവും സേവന വ്യവസ്ഥകളും) നിയമം (ഐഎസ്എംഡബ്ല്യു ആക്ട്) റദ്ദാക്കപ്പെട്ടു. കുടിയേറ്റത്തൊഴിലാളികൾക്കുള്ള എല്ലാ സംരക്ഷണ വ്യവസ്ഥകളും അവകാശങ്ങളും എടുത്തു കളയുന്ന വിധത്തിലാണ് ഒഎസ്എച്ച്ഡബ്ല്യുസി ചട്ടത്തിലെ അന്തർസംസ്ഥാന കുടിയേറ്റത്തൊഴിലാളികളെ സംബന്ധിച്ച അധ്യായം രൂപപ്പെടുത്തിയിരിക്കുന്നത്. ഒഎസ്എച്ച്ഡബ്ല്യുസി ചട്ടം കുടിയേറ്റത്തൊഴിലാളികളെയും കരാർ തൊഴിലാളികളെയും തുല്യരായാണ് പരിഗണിക്കുന്നത്. ആരെങ്കിലും അഞ്ച് കുടിയേറ്റത്തൊഴിലാളികളെ നിയമിച്ചാൽ അവനെ/അവളെ ഒരു സ്ഥാപനമായി കണക്കാക്കി അന്തർസംസ്ഥാന കുടിയേറ്റത്തൊഴിലാളി നിയമം ബാധകമാക്കിയിരുന്നു. എന്നാൽ, ഇപ്പോൾ മോദി സർക്കാർ ആ പരിധി 50 ആയി ഉയർത്തിരിക്കുകയാണ്. ഈ എണ്ണത്തിൽ താഴെ കുടിയേറ്റത്തൊഴിലാളികളെ ജോലിയ്ക്കെടുക്കുന്ന എല്ലാവരും നിയമത്തിന്റെ പരിധിയ്ക്കു പുറത്താകും. 1979ലെ അന്തർസംസ്ഥാന കുടിയേറ്റത്തൊഴിലാളി നിയമത്തിലെ, കുടിയേറ്റത്തൊഴിലാളികളുമായി ബന്ധപ്പെട്ട തൊഴിലുടമകളുടെയും കരാറുകാരുടെയും അനുബന്ധ സർക്കാരുകളുടെയും നിയമപരമായ കടമകൾ സംബന്ധിച്ച മിക്കവാറും എല്ലാ വ്യവസ്ഥകളും ഒഎസ്എച്ച്ഡബ്ല്യുസി കോഡ് ഒഴിവാക്കിയിരിക്കുന്നു.
സുരക്ഷ, ആരോഗ്യം, ക്ഷേമനടപടികൾ എന്നിവ സംബന്ധിച്ച കോഡിലെ പരിധി നിശ്ചയിച്ചിരിക്കുന്നത് തൊഴിലുടമകൾക്ക് ഈ നിയമപ്രകാരമുള്ള ചെറിയ ബാധ്യതകളിൽനിന്നുപോലും എളുപ്പത്തിൽ ഒഴിഞ്ഞുമാറാൻ കഴിയുന്ന തരത്തിലാണ്. ഉദാഹരണത്തിന്, 500ൽ താഴെ തൊഴിലാളികൾ പണിയെടുക്കുന്ന ഫാക്ടറികൾക്കോ കെട്ടിടനിർമാണപ്രവൃത്തികൾക്കോ ഒരു സുരക്ഷാ ഓഫീസറുടെ സേവനം ആവശ്യമില്ല; തൊഴിലാളികളുടെ എണ്ണം 100ൽ താഴെയാണെങ്കിൽ കാന്റീൻ പ്രവർത്തിപ്പിക്കേണ്ടതില്ല; സ്ത്രീതൊഴിലാളികളുടെ എണ്ണം 50ന് മുകളിലാണെങ്കിൽ മാത്രം ക്രഷെ സൗകര്യം ഒരുക്കിയാൽ മതി. തൊഴിലാളികളുടെ എണ്ണം 500ന് മുകളിലാണെങ്കിൽമാത്രം ആംബുലൻസ് സൗകര്യം നൽകിയാൽ മതി. സാർവത്രികതയാണെന്ന അവകാശവാദത്തിന്റെ പൊള്ളത്തരത്തെയാണ് ഇത് കാണിക്കുന്നത്.
സാമൂഹ്യ സുരക്ഷ സംബന്ധിച്ച കോഡ് വലിയൊരു വിഭാഗം തൊഴിലാളികളുടെ, പ്രധാനമായും അസംഘടിതത്തൊഴിലാളികളുടെ, നിലവിലുള്ള സാമൂഹ്യസുരക്ഷയെ അനിശ്ചിതത്വത്തിലേക്ക് തള്ളിവിടുന്നു. നിലവിലെ നിയമങ്ങളുടെ പരിധിയിൽ വരുന്ന ബീഡി, ഇരുമ്പയിര് ഖനികൾ, മെെക്ക ഖനികൾ, ചുണ്ണാമ്പുകല്ല്, ഡോളമെെറ്റ് ഖനികൾ തുടങ്ങിയ പ്രത്യേക മേഖലകളെ സാമൂഹ്യസുരക്ഷ സംബന്ധിച്ച കോഡിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. എന്നാൽ, ഈ നിയമങ്ങളിലെ സെസ് പിരിക്കലുമായി ബന്ധപ്പെട്ട വ്യവസ്ഥകളെ ഗവൺമെന്റ് എടുത്തുകളയുന്നു. ഒരു സാമൂഹ്യസുരക്ഷാ ആനുകൂല്യത്തെക്കുറിച്ചും കോഡ് വ്യക്തമാക്കുന്നില്ല. അങ്ങനെ ഫണ്ടുകൾ നൽകുന്നതിലും സാമൂഹ്യസുരക്ഷാ ആനുകൂല്യങ്ങൾ വ്യവസ്ഥ ചെയ്യുന്നതിലും മോദി സർക്കാരിന് യാതൊരു പ്രതിബദ്ധതയും ഇല്ലാത്തതിനാൽ ലക്ഷക്കണക്കിനുവരുന്ന ഈ തൊഴിലാളികളാകെ പ്രതിസന്ധിയിലായിരിക്കുകയാണ്.
കൂടാതെ, ദുരിതപൂർണമായ ജീവിതം നയിക്കുന്ന അസംഘടിതമേഖലയിലെ തൊഴിലാളികൾ, ഗിഗ്, പ്ലാറ്റ്ഫോം തൊഴിലാളികൾ എന്നീ വിഭാഗങ്ങളെ ഉൾക്കൊള്ളിക്കുന്നതിന്റെ ഭാഗമായി, സാമൂഹിക സുരക്ഷാവലയം വിപുലീകരിക്കാൻ പോകുകയാണെന്നവകാശപ്പെട്ടുകൊണ്ട് കേന്ദ്ര സർക്കാർ ജനങ്ങളെ കബളിപ്പിക്കുകയാണ്. ഈ ഉൾക്കൊള്ളിക്കൽ കഥ വെറും തട്ടിപ്പാണ്. ഇപ്പറയുന്ന തൊഴിലുടമ നിർബന്ധിതമായും നൽകേണ്ടിയിരുന്ന 1–2% അഗ്രിഗേറ്റർ വിഹിതം (തൊഴിലാളികൾക്കു നൽകുന്ന ശമ്പളത്തിന്റെ 5% ആയി പരിമിതപ്പെടുത്തിയിരിക്കുന്നു.) സമഗ്രമായ പെൻഷൻ, പിഎഫ് അല്ലെങ്കിൽ തൊഴിലാളികളുടെ പേരിലുള്ള ആരോഗ്യസുരക്ഷാ ആനുകൂല്യങ്ങൾ എന്നിവ നൽകുന്നതിന് തീർത്തും അപര്യാപ്തമാണ്. പിഎഫ് ലഭിക്കുന്നതിന് നിലവിലുള്ള 15,000 രൂപയും ഇഎസ്ഐ കവറേജിനുള്ള 21,000 രൂപയും പോലെയുള്ള നിയമപരമായ ഉയർന്ന വേതന പരിധികളും. സ്ഥാപനത്തിൽ, ഇപിഎഫ്/ഇഎസ്ഐ എന്നിവ ലഭിക്കുന്നതിന് തൊഴിലാളികളുടെ എണ്ണത്തിന്റെ പരിധിയും (20/10 ജീവനക്കാർ) നീക്കം ചെയ്തിട്ടില്ല. ഇത് ബഹുഭൂരിപക്ഷം ചെറുകിട സ്ഥാപനങ്ങളെയും അസംഘടിത തൊഴിലാളികളെയും ഈ പരിരക്ഷകളിൽ നിന്നെല്ലാം പുറന്തള്ളുകയാണ് ചെയ്യുന്നത്. മാത്രമല്ല, ബിസിനസ് ചെയ്യുന്നത്. എളുപ്പമാക്കുന്നതിന്റെ (Ease of Doing Business) പേരിൽ, പിഎഫ്/ഇഎസ്ഐ എന്നിവയ്ക്കായുള്ള വിഹിതം കുറയ്ക്കാനും സാമൂഹ്യസുരക്ഷാ കോഡ് ആലോചിക്കുന്നു–ഈ സാമൂഹ്യസുരക്ഷാ പദ്ധതികളിലേക്കുള്ള ഏകവരുമാന സ്രോതസ്സാണത്.
ട്രേഡ് യൂണിയൻ രൂപീകരിക്കാനുള്ള അവകാശം, പണിമുടക്കുകളുൾപ്പെടെയുള്ള പ്രക്ഷോഭ പരിപാടികൾ എന്നിവ തൊഴിലാളിവർഗത്തിന്റെ അനിഷേധ്യവും ഇന്ന് സ്ഥാപിക്കപ്പെട്ടിട്ടുള്ളതുമായ അവകാശങ്ങളാണ്. ഐആർ (Industrial Relations) കോഡ് തൊഴിലാളികളുടെ ഈ അവകാശങ്ങളെ ഇനിപറയുന്ന വിധത്തിൽ ഇല്ലാതാക്കുകയാണ്.
ട്രേഡ് യൂണിയനുകളുടെ രജിസ്ട്രേഷൻ: 1926ലെ ട്രേഡ് യൂണിയൻ നിയമത്തെ ഉൾക്കൊള്ളിച്ചിട്ടുള്ള ഐആർ കോഡിന്റെ 6(2), 6(4) എന്നീ സെക്ഷനുകളിൽ പറഞ്ഞിരിക്കുന്ന നിബന്ധനകൾ ട്രേഡ് യൂണിയൻ രജിസ്റ്റർ ചെയ്യുന്നതും അതിന്റെ രജിസ്ട്രേഷൻ നിലനിർത്തുന്നതും കൂടുതൽ ബുദ്ധിമുട്ടുള്ളതും ഫ–ലത്തിൽ അസാധ്യവുമാക്കിത്തീർക്കുന്നു. ‘വ്യവസായ സ്ഥാപനത്തിൽ തൊഴിലെടുക്കുന്നതോ വ്യവസായത്തിലേർപ്പെട്ടിരിക്കുന്നതോ ആയ, കുറഞ്ഞത് 10 ശതമാനം അല്ലെങ്കിൽ 100 തൊഴിലാളികൾ, (ഇതിൽ ഏതാണ് കുറവ് അത്) അംഗങ്ങളായിട്ടില്ലെങ്കിൽ ആ ട്രേഡ് യൂണിയൻ രജിസ്റ്റർ ചെയ്യാനാവില്ലെന്ന് സെക്ഷൻ 6 (2) വ്യവസ്ഥ ചെയ്യുന്നു. സെക്ഷൻ 6(4) പ്രകാരം ട്രേഡ് യൂണിയനിൽ എല്ലായ്-പ്പോഴും കുറഞ്ഞത് 10 ശതമാനം അല്ലെങ്കിൽ 100 തൊഴിലാളികൾ അംഗങ്ങളായിരിക്കണം. ട്രേഡ് യൂണിയൻ രജിസ്റ്റർ ചെയ്യുന്നതിന് അനുമതി നൽകാനോ നൽകാതിരിക്കാനോ ഉള്ള സേ-്വച്ഛാധിപത്യപരമായ അധികാരത്തോടുകൂടി ചുമതല രജിസ്ട്രാർക്കും ബന്ധപ്പെട്ട ഗവൺമെന്റുകൾക്കും നൽകുന്നു. അതോടൊപ്പം ട്രേഡ് യൂണിയനുകളുടെ രജിസ്ട്രേഷൻ റദ്ദാക്കാനും അവർക്ക് അധികാരം നൽകുന്നു.
തൊഴിലാളികളുടെ ജനാധിപത്യപരമായ അവകാശങ്ങൾ: 1926ലെ ട്രേഡ് യൂണിയൻ നിയമത്തിന്റെ കാലഹരണപ്പെട്ട വ്യവസ്ഥകളെ നിരാകരിക്കുന്ന വിധത്തിൽ തൊഴിലാളികൾക്ക് തങ്ങളുടെ യൂണിയനുകളിൽ തങ്ങൾക്കിഷ്ടമുള്ള നേതൃത്വത്തെ തിരഞ്ഞെടുക്കാനുള്ള ജനാധിപത്യാവകാശങ്ങളിന്മേൽ ഐആർ കോഡ് കടുത്ത നിയന്ത്രണമേർപ്പെടുത്തുന്നു.
സംഘടിതമേഖലയിൽ ഒരു സ്ഥാപനത്തിൽ/മേഖലയിൽ/തൊഴിലിൽ യഥാർഥത്തിൽ ജോലി ചെയ്യുന്നവരൊഴികെ, പുറത്തുനിന്നവരുടെ എണ്ണം മൊത്തം ഭാരവാഹികളുടെ മൂന്നിലൊന്നോ അഞ്ചോ – ഇതിലേതാണോ കുറവ് അതായി പരിമിതപ്പെടുത്തിയിരിക്കുന്നു.
ട്രേഡ് യൂണിയനുകൾ കെട്ടിപ്പടുക്കുന്നതിൽ മുഴുവൻ സമയ ട്രേഡ് യൂണിയൻ സംഘാടകർ ചരിത്രപരവും നിർണായകവുമായ പങ്കുവഹിച്ചിട്ടുണ്ട്. ഒരു സ്ഥാപനത്തിലെ തൊഴിലാളികളെ അവരുടെ ട്രേഡ് യൂണിയൻ പ്രവർത്തനങ്ങളുടെ പേരിൽ ഭീഷണിപ്പെടുത്താൻ കഴിയുന്നതുപോലെ പുറത്തുനിന്നുള്ള സംഘാടകരെയോ മുഴുവൻ സമയ സംഘാടകരെയോ ഭീഷണിപ്പെടുത്താനോ വിരട്ടാനോ കഴിയില്ല. അതുകൊണ്ടാണ് ഭാരവാഹികളായി പുറത്തുനിന്നുള്ളവരുടെ എണ്ണത്തെ ഗവൺമെന്റ് നിയന്ത്രിക്കുന്നത്.
നിലവിലെ ട്രേഡ് യൂണിയനുകൾക്കുപോലും അവരുടെ ഭാരവാഹികൾ ഈ കോഡുപ്രകാരമാണ് പ്രവർത്തിക്കുന്നത് എന്ന് രജിസ്ട്രാർക്ക് പ്രസ്താവന നൽകേണ്ടതായി വരും; അല്ലെങ്കിൽ ഇപ്പറയുന്ന യൂണിയന്റെ രജിസ്ട്രേഷൻ റദ്ദാക്കാൻ രജിസ്ട്രാർക്ക് അധികാരമുണ്ടായിരിക്കും.
കൂട്ടായ പ്രവർത്തനങ്ങൾ: ഐആർ കോഡ് ഫലത്തിൽ തൊഴിലാളിവർഗത്തിന്റെ അടിസ്ഥാനാവകാശമായ പണിമുടക്കാനുള്ള അവകാശമുൾപ്പെടെ കൂട്ടായ പ്രവർത്തനത്തിനുള്ള അവകാശത്തെ നിഷേധിക്കുകയാണ്.
l പണിമുടക്കിന് മുൻകൂർ നോട്ടീസ് നൽകണമെന്നത് എല്ലാ സ്ഥാപനങ്ങൾക്കും ഐ ആർ കോഡ് നിർബന്ധിതമാക്കുന്നു. നിലവിലെ തൊഴിൽ തർക്കപരിഹാര നിയമപ്രകാരം, അവശ്യസേവന സ്ഥാപനങ്ങൾ പണിമുടക്കിന് 14 ദിവസം മുമ്പുമാത്രമേ നോട്ടീസ് നൽകേണ്ട ആവശ്യമുള്ളൂ.
l നോട്ടീസ് നൽകുന്നതിനുള്ള കാലയളവ് സംബന്ധിച്ച കോഡ് മനഃപൂർവം ആശയക്കുഴപ്പം സൃഷ്ടിക്കുന്നു. സെക്ഷൻ 62(1) (a) പറയുന്നത്, തൊഴിലുടമയ്ക്ക് പണിമുടക്കു നോട്ടീസ് നൽകേണ്ട കാലയളവ് ‘‘പണിമുടക്കിനു 60 ദിവസംമുൻപ് ആണെന്നും അതേ സമയം 62(1) (b) പ്രകാരം ‘‘ 14 ദിവസത്തിനുള്ളിൽ’’ എന്നും പറയുന്നു. ഈ അവ്യക്തത, തീർച്ചയായും തൊഴിലുടമകൾക്കും അവരുടെ അടിമകളായ സർക്കാർ സംവിധാനങ്ങൾക്കും അവരുടെ സൗകര്യത്തിനനുസരിച്ച് തെറ്റായി വ്യാഖ്യാനിക്കാനും തൊഴിലാളികൾക്കെതിരായ പ്രതികാരനടപടികൾ കെെക്കൊള്ളുന്നതിനും സഹായകമാകും.
l എല്ലാ സ്ഥാപനങ്ങളിലും ഒത്തുതീർപ്പ് നടപടികൾ തുടരുന്ന സമയത്തും ഒത്തുതീർപ്പ് ചർച്ച അവസാനിച്ച് ഏഴ് ദിവസത്തിനുശേഷവും ഐആർ കോഡ് പണിമുടക്കിന് നിരോധനമുണ്ട്.
l ട്രിബ്യൂണൽ നടപടികളുടെ കാര്യത്തിൽ ട്രിബ്യൂണലിൽ കേസ് തീർപ്പാകാതെ കിടക്കുമ്പോഴും അതവസാനിച്ചശേഷം അറുപത് ദിവസത്തേക്കും പണിമുടക്കിന് നിരോധനമുണ്ട്.
l പിൻവലിച്ച തൊഴിൽ തർക്ക പരിഹാര നിയമത്തിൽ, അവശ്യസേവനങ്ങളുടെ കാര്യത്തിൽ മാത്രമേ ഒത്തുതീർപ്പ് അല്ലെങ്കിൽ ട്രിബ്യൂണൽ നടപടികൾ തീർപ്പാക്കാത്ത സമയത്ത് പണിമുടക്ക് നിരോധിച്ചിട്ടുള്ളൂ.
l ഐആർ കോഡ്, പണിമുടക്കുകൾ തടയുന്നതിനായി ഒത്തുതീർപ്പ് പ്രക്രിയ മനഃപൂർവം നീട്ടിക്കൊണ്ടുപോകാൻ സർക്കാരുകൾക്ക് / തൊഴിൽ വകുപ്പുകൾക്ക് വിപുലമായ സാധ്യത നൽകുന്നു.
l ഇതിനൊപ്പം, ഇപ്പറയുന്ന ‘നിയമവിരുദ്ധ പണിമുടക്കുകളു’മായി മുന്നോട്ടുപോകുന്ന തൊഴിലാളികൾക്കും അവരെ അതിനു ‘‘പ്രേരിപ്പിക്കുക’’യും പിന്തുണയ്ക്കുകയും ചെയ്യുന്നവർക്കും വൻപിഴ ചുമത്തുകയും ജയിൽവാസമുൾപ്പെടെ കടുത്ത ശിക്ഷ നൽകുകയും ചെയ്യുന്നു. മാത്രമല്ല ഇനി മുതൽ കാഷ്വൽ ലീവ് നിയമവിരുദ്ധ പണിമുടക്കായി കണക്കാക്കുകയും ചെയ്യും.
അതേസമയം, ഐആർ കോഡ് എല്ലാ വ്യവസായങ്ങളിലെയും തൊഴിലുടമകൾക്ക് തങ്ങളുടെ സ്ഥാപനത്തിന്റെ അടച്ചുപൂട്ടൽ പ്രഖ്യാപനം എളുപ്പമുള്ളതാക്കിത്തീർക്കുന്നു. തൊഴിലാളികൾ പണിമുടക്കുന്ന സ്ഥാപനങ്ങളിൽ അടച്ചുപൂട്ടുന്നതിന് മുൻകൂർ നോട്ടീസ് നൽകേണ്ട ആവശ്യമേയില്ല. അടച്ചുപൂട്ടൽ സംബന്ധിച്ച അറിയിപ്പ് ബന്ധപ്പെട്ട അധികാരിക്ക് അയച്ചാൽ മാത്രം മതിയാകും.
മതിയായ ഇൻസ്-പെക്ഷനും നിർവഹണ സംവിധാനവും ഉപയോഗിച്ച് ഫലപ്രദമായി നടപ്പിലാക്കുമ്പോൾ മാത്രമേ ഏതു നിയമവും അർഥവത്താകൂ. തൊഴിൽ രംഗത്ത് ഇൻസ്-പെക്ഷൻ സംവിധാനത്തിന് ലേബർ കോഡിൽ ഒരു വെർച്വൽ അനുമതി നൽകുന്നു. ‘ഇൻസ്പെക്ടർമാർ’ എന്നതിൽനിന്ന് ‘ഇൻസ്പെക്ടർ കം ഫെസിലിറ്റേറ്റർ’ എന്നുമാറ്റി നാമകരണം ചെയ്തിരിക്കുന്നു. അവർ ബന്ധപ്പെട്ട സർക്കാരുകൾ നിർദേശിക്കുന്ന തരത്തിൽ വെബ് അധിഷ്ഠിത ഇൻസ്പെക്ഷൻ ഉൾപ്പെടെയുള്ള പരിശോധനകൾ നടത്തും. ഇത് അടിസ്ഥാനപരമായും ഐഎൽഒയുടെ ലേബർ ഇൻസ്പെക്ഷൻ കൺവെൻഷനെതിരാണ്.
തൊഴിലാളികളുടെ അവകാശങ്ങൾ എന്ന സങ്കൽപ്പനം പോലും അംഗീകരിക്കപ്പെട്ടത് തൊഴിലാളികളുടെ പോരാട്ടങ്ങളിലൂടെയാണ്. പ്രാരംഭഘട്ടത്തിൽ സ്വമേധയാ ആയും പിൽക്കാലത്ത് ട്രേഡ് യൂണിയനുകളായി അവർതന്നെ സംഘടിച്ചതിലൂടെയുമാണ് ഈ അവകാശങ്ങളെല്ലാം നേടിയെടുത്തത്. തൊഴിലാളി വർഗത്തിന്റെ പോരാട്ടങ്ങൾ സാമൂഹ്യസുരക്ഷാ ആനുകൂല്യങ്ങളും ചില പ്രത്യേകാവകാശങ്ങളും തൊഴിലാളികൾക്ക് കിട്ടുന്നതിനുള്ള നിയമനിർമാണം കൊണ്ടുവരുന്നതിന് ഭരണവർഗങ്ങളെ നിർബന്ധിതമാക്കി. നമ്മുടെ രാജ്യത്തുൾപ്പെടെ ലോകത്താകമാനം നവലിബറൽ നയങ്ങൾ പിന്തുടരുന്ന ഗവൺമെന്റുകൾ കോർപ്പറേറ്റുകൾക്ക് ലാഭം പരമാവധിയാക്കുന്നതിന് തൊഴിലാളികളെ ചൂഷണം ചെയ്യുന്നത് തീവ്രമാക്കുകയാണ്; അതിനായി അവർ നേടിയെടുത്ത ഈ അവകാശങ്ങളെയെല്ലാം കടന്നാക്രമിക്കുകയാണ്. മുതലാളിത്തത്തിന്റെ ആഴമേറിയ, വ്യവസ്ഥാപരമായ പ്രതിസന്ധിയിൽ ഈ ആക്രമണം കൂടുതൽ തീവ്രമാക്കപ്പെടുകയാണ്.
നമ്മുടെ രാജ്യത്തെ തൊഴിലാളിവർഗത്തെപ്പോലെ, ലോകമെമ്പാടുമുള്ള തൊഴിലാളിവർഗം തങ്ങളുടെ ജീവിതത്തിനും തൊഴിൽ സാഹചര്യങ്ങൾക്കും നേരെയുള്ള ഇത്തരം കടന്നാക്രമണങ്ങൾക്കെതിരെ പൊരുതുകയാണ്. നമ്മുടെ രാജ്യത്തെ സംയുക്ത ട്രേഡ് യൂണിയൻ പ്രസ്ഥാനം പൊതുപണിമുടക്കുകളും മേഖലാതല പണിമുടക്കുകളും ഉൾപ്പെടെ, നിരവധി വമ്പിച്ച സമരപോരാട്ടങ്ങളും സംഘടിപ്പിച്ചുവരികയാണ്.
2019–2020ൽ ലേബർ കോഡുകൾ പാസാക്കിയതു മുതൽ ഇന്ത്യയിലെ തൊഴിലാളിവർഗം ഇത്തരം കൂട്ടായ ചെറുത്തുനിൽപ്പുകൾ നടത്തിയിട്ടും നവഫാസിസ്റ്റ് മോദിവാഴ്ച അത് പ്രയോഗത്തിൽ കൊണ്ടുവരാൻ തയ്യാറായിരിക്കുകയാണ്. തൊഴിലാളിവർഗം പൊരുതി നേടിയെടുത്ത അവകാശങ്ങൾ സംരക്ഷിക്കാൻ ആഹ്വാനം ചെയ്യുകയും ചെറുത്തുനിൽപ്പുകൾ നടത്തുകയും മാത്രമല്ല, തങ്ങളുടെ അവകാശങ്ങൾക്കു നേരെയുള്ള കടന്നാക്രമണങ്ങളും തൊഴിലുടമ വർഗത്തിന്റെ താൽപ്പര്യങ്ങൾക്കുവേണ്ടി മോദി സർക്കാർ പ്രോത്സാഹനമേകുന്ന നവലിബറൽ നയങ്ങളും തമ്മിലുള്ള ബന്ധം തൊഴിലാളിവർഗത്തെ ബോധ്യപ്പെടുത്തുകയും വേണം. ഇന്നത്തെ മുതലാളിത്ത വ്യവസ്ഥയിൽ അന്തർലീനമായിട്ടുള്ള ചൂഷണാത്മക സ്വഭാവത്തെക്കുറിച്ച് തൊഴിലാളിവർഗത്തെ ബോധവത്കരിക്കുകയും ചൂഷിതരും അടിച്ചമർത്തപ്പെട്ടവരുമായ എല്ലാ വിഭാഗങ്ങളെയും അതിൽ മാറ്റം വരുത്തുന്നതിനായി ഒന്നിച്ചുകൊണ്ടുവരുകയും വേണം. l



