2001ൽ അധികാരത്തിൽ വന്ന എ കെ ആന്റണിയുടെ നേതൃത്വത്തിലുള്ള യുഡിഎഫ് മന്ത്രിസഭ മുന്നോട്ടുവച്ച ഭരണ നവീകരണ പദ്ധതിയിൽ കേരളത്തിൽ ആ സമയത്ത് രൂക്ഷമായിക്കൊണ്ടിരുന്ന മാലിന്യപ്രശ്നം പരിഹരിക്കുന്നതിന് വലിയ ചെലവില്ലാത്തത് എന്ന പേരിൽ ഒരു പരിഹാരം നിർദേശിച്ചിരുന്നു. നമ്മുടെ വീടുകൾക്കു ചുറ്റും മാത്രമല്ല പൊതുഇടങ്ങളിലും നാം വലിച്ചെറിയുന്ന പാഴ-്-വസ്തുക്കൾ പെറുക്കി വിറ്റ് ഉപജീവനം കഴിക്കുന്ന മനുഷ്യരുടെ സേവനം അതിനായി ഉപയോഗിക്കുക എന്നതായിരുന്നു ആ കുറുക്കുവഴി. ആക്രി പെറുക്കികൾ എന്നായിരുന്നു അന്ന് ഈ ആളുകളെ വിശേഷിപ്പിച്ചിരുന്ന പദം. ഇന്ന് ഹരിതകർമസേനാ പ്രവർത്തകരെ വിശേഷിപ്പിക്കാൻ നാട്ടിലെ വലതുപക്ഷ ‘മാന്യന്മാർ’ പറയുന്ന പദവുമായി ഇതിന് സാമ്യമുണ്ടെന്ന് കാണാം–ചവറുപെറുക്കികൾ.
1990കളുടെ ഒടുവിൽതന്നെ കുടുംബശ്രീയുടെ നേതൃത്വത്തിൽ കേരളത്തിൽ ശുചീകരണ പ്രവർത്തനങ്ങൾ ചെറിയ തോതിൽ ആരംഭിച്ചിരുന്നു. പിന്നീട് 2006നുശേഷം കുടുംബശ്രീ മിഷൻ ക്ലീൻവെൽ യൂണിറ്റുകൾ രൂപീകരിച്ചുകൊണ്ട് ശുചീകരണ പ്രവർത്തനത്തിൽ വലിയൊരു ചുവടുവയ്പാണ് നടത്തിയത്. ഈ യൂണിറ്റുകൾ നടത്തിയ മികച്ച ശുചീകരണ പ്രവർത്തനങ്ങളാണ് 2017ൽ ഹരിതകർമസേനയുടെ രൂപീകരണത്തിനു വഴിതെളിച്ചത്.
കേരളത്തിന്റെ വികസനചരിത്രത്തിൽ സാക്ഷരതാപ്രസ്ഥാനത്തിനും ജനകീയാസൂത്രണ പ്രസ്ഥാനത്തിനും കുടുംബശ്രീക്കും ശേഷം വികേന്ദ്രീകരണാസൂത്രണ രംഗത്തുണ്ടായ വലിയൊരു ജനകീയ മുന്നേറ്റമാണ് ഹരിതകർമസേന. ഈ സംവിധാനം നിലവിൽവന്നത്, വീടുകളിലും സ്ഥാപനങ്ങളിലും കുന്നുകൂടിയിരുന്ന അജെെവ മാലിന്യങ്ങൾ, പ്രത്യേകിച്ച് പ്ലാസ്റ്റിക്കുകൾ ശാസ്ത്രീയമായി തരംതിരിച്ച് ശേഖരിക്കാനും അവയെ സംസ്കരിക്കാനും തദ്ദേശസ്വയം ഭരണസ്ഥാപനങ്ങളെ പ്രാപ്തമാക്കുന്നു. ഇന്ന് കേവലം നമുക്കു ചുറ്റുമുള്ള മാലിന്യങ്ങൾ ശേഖരിക്കുന്നവർ എന്നതിലുപരി ഹരിതകർമസേന കേരള സമൂഹത്തിന്റെയാകെ കാവലാളായി മാറിയിരിക്കുകയാണ്. അതിനുമപ്പുറം ഈ ഹരിതസെെന്യം നമ്മുടെ പരിസ്ഥിതി സംരക്ഷണത്തിലും വലിയ പങ്കുവഹിക്കുന്നുണ്ട്.
സമൂഹത്തിൽ ഇവർക്കു ലഭിക്കുന്ന ആദരവിന്റെ ദൃഷ്ടാന്തമാണ് വിവിധ തദ്ദേശ സ്വയം ഭരണസ്ഥാപനങ്ങളിലായി 250ഓളം ഹരിതകർമസേനാംഗങ്ങൾ ജനപ്രതിനിധികളായി തിരഞ്ഞെടുക്കപ്പെട്ടിട്ടുണ്ടെന്നുള്ളത്. അവരെ ചവറുപെറുക്കികളായി അവഗണിക്കുന്ന വലതുപക്ഷ രാഷ്ട്രീയത്തിനേറ്റ തിരിച്ചടിയാണ് ബ്ലോക്ക്–ഗ്രാമപഞ്ചായത്തുകളിലെ ഭാരവാഹികളായിട്ടുൾപ്പെടെ നിരവധി ഗ്രാമ–നഗര തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്ക് അവർ തിരഞ്ഞെടുക്കപ്പെട്ടത്. ഇത് അവർ നടത്തുന്ന ജനസേവനത്തിനുള്ള അംഗീകാരമാണ്.
സങ്കുചിതമായ കക്ഷിരാഷ്ട്രീയത്തിന്റെ പുകക്കണ്ണടയിലൂടെ മാത്രം പ്രശ്നങ്ങളെ നിരീക്ഷിക്കുന്നവർക്ക് ഇവർ നടത്തുന്ന മഹത്തായ സേവനത്തെ, അതിന്റെ പ്രാധാന്യത്തെ കാണാനാവില്ല. ബിജെപിയുടെ ഭരണനിയന്ത്രണത്തിലായ തിരുവനന്തപുരം നഗരസഭ ശുചീകരണ കാര്യത്തിൽ പ്രകടിപ്പിക്കുന്ന കുറ്റകരമായ അനാസ്ഥയുടെ മറുപുറം സേവന സന്നദ്ധരായ ഹരിതകർമസേനയെത്തന്നെ നിർജീവമാക്കാനോ പാടേ തകർക്കാനോ ഉള്ള നീക്കം കൂടിയായാണ് കാണേണ്ടത്. ഇത്തരം ദുരുപദിഷ്ട നീക്കങ്ങളുണ്ടാകുന്നത് തടയപ്പെടണമെന്നാണ് ഞങ്ങൾക്കു പറയാനുള്ളത്.
ശുചിത്വ കേരളത്തിലേക്ക് വഴിതുറക്കുന്ന ഈ ഹരിതസെെന്യത്തെക്കുറിച്ചാണ് ഈ ലക്കം കവർ സ്റ്റോറി. എൻ ജഗജീവൻ, എം അനിൽകുമാർ, ഏബിൾ ആന്റണി, ഇ കെ സോമശേഖരൻ, ആര്യ സി വി, കെ ആർ മായ എന്നിവരാണ് ലേഖകർ. l



