Friday, April 4, 2025

ad

HomeUncategorisedജാതി ഉന്മൂലനവും ഇടതുപക്ഷ ബദലും: 
തമിഴ് ജാതിവ്യവസ്ഥയെ 
മുൻനിർത്തി ഒരു പഠനം

ജാതി ഉന്മൂലനവും ഇടതുപക്ഷ ബദലും: 
തമിഴ് ജാതിവ്യവസ്ഥയെ 
മുൻനിർത്തി ഒരു പഠനം

നവീൻ കെ ഫ്രാൻസിസ് (ഗവേഷക വിദ്യാർത്ഥി, സ്കൂൾ ഓഫ് ഗാന്ധിയൻ തോട്ട് & 
ഡെവലപ്മെന്റ് സ്റ്റഡീസ്, മഹാത്മാ ഗാന്ധി യൂണിവേഴ്സിറ്റി, കോട്ടയം)

ന്ത്യൻ സമൂഹത്തിന്റെ അടിസ്ഥാനപരമായ സവിശേഷതയാണ് ജാതി. ശ്രേണീപരമായി സംഘടിപ്പിക്കപ്പെട്ട ഒരു സാമൂഹിക സംവിധാനം കൂടിയാണ് ജാതി. തൊഴിലിനെ അടിസ്ഥാനപ്പെടുത്തിയിട്ടുള്ള വിഭജനമെന്ന നിലയിലായിരുന്നു ആദ്യ കാലത്തു ജാതി വ്യവസ്ഥ നിലനിന്നുരുന്നതെങ്കിൽ കാലക്രമേണ കർമ്മത്തിനു പകരം ജന്മം എന്ന നിലയിലേക്ക് അത് മാറി. ഇത്തരത്തിൽ ഒരു സാമൂഹിക വിഭജന സമ്പ്രദായം നിലവിൽ വന്നതും ഇന്നും നിലനിൽക്കുന്നതുമായ ലോകത്തിലെ ഏക രാജ്യം ഇന്ത്യയാണ്. ജാതി എന്ന സാമൂഹിക വ്യവസ്ഥ ഹിന്ദുമതത്തിന്റെയും അതിന്റെ സംസകാരത്തിന്റെയും ഉല്പന്നമായിട്ടു വേണം മനസ്സിലാക്കാൻ. കൂടാതെ ഇന്ത്യയിലേക്ക് കടന്നു വന്ന സെമിറ്റിക് മതങ്ങളും, ഇന്ത്യൻ ഉപ ഭൂഖണ്ഡത്തിൽ നിന്ന് ഉരുവായിട്ടുള്ള ബുദ്ധ, ജൈന മതങ്ങളും ജാതി വ്യവസ്ഥയിൽ നിന്ന് മുക്തമല്ല എന്നുള്ളത് ജാതി എത്ര മാത്രം ഇന്ത്യൻ സമൂഹത്തിൽ പിടിമുറുക്കിയിട്ടുണ്ട് എന്നതിന് തെളിവാണ്.

വേദങ്ങളും, ഉപനിഷത്തുകളും, ഇതിഹാസങ്ങളും ആണ് ജാതി വ്യവസ്ഥയെ വിശുദ്ധീകരിക്കുകയും മതത്തിന്റെ ഒപ്പം കൂട്ടിക്കെട്ടിയതുമെങ്കിൽ കുപ്രസിദ്ധ ഗ്രന്ഥമായ മനുസ്മൃതിയാണ് ജാതീയതുടെ പ്രായോഗികത സമൂഹത്തിൽ കൂടുതൽ എത്തിച്ചത്. കൂടാതെ അന്നത്തെ നിലവിലുള്ള സാമൂഹിക മാനദണ്ഡങ്ങൾ ക്രോഡീകരിക്കുകയും ശുദ്രരേയും, അതിശുദ്രരേയും, സ്ത്രീകളേയും തികച്ചും അസമവും ദയനീയവുമായ അസ്തിത്വത്തിലേക്കു മാറ്റുകയും ചെയ്തത്.

ഓരോ ജാതിയും ഇതര ജാതികളിൽനിന്നും വ്യത്യസ്തമാണ്. ഓരോ ജാതിയിലെയും അംഗത്വം പാരമ്പര്യവും സ്ഥിരവുമാണ്. ഒരു ജാതിയിൽ ജനിക്കുന്ന വ്യക്തികൾക്കു മറ്റൊരു ജാതിയിലേക്കു മാറുവാൻ കഴിയില്ലയെന്ന് മാത്രമല്ല ഏതു ജാതിക്കാരായി ജനിക്കുന്നുവോ ആ ജാതിക്കാരായി ജീവിക്കുകയും മരിക്കുകയും ചെയ്യേണ്ടിവരും. ഇന്ത്യൻ ജാതി വ്യവസ്ഥയുടെ തിക്ത ഫലങ്ങൾ ഏറ്റവും കൂടതൽ അനുഭവിച്ചത് ദളിത്, ആദിവാസി വിഭാഗങ്ങൾ ആണ്. തൊട്ടുകൂടായ്മയോടൊപ്പം തന്നെ ഭൂമിയിൽ ഉള്ള അവകാശമില്ലായ്മ, വൃത്തി ഹീനമായ തൊഴിൽ എടുക്കാൻ നിർബന്ധിക്കൽ, പൊതു സ്ഥലങ്ങളിൽ നിന്നുള്ള അകറ്റി നിറുത്തൽ തുടങ്ങി ഉയർന്ന ജാതി സമൂഹത്തിനു സേവ ചെയ്യുവാനുള്ള വിഭാഗമായി മാത്രം അവർ മാറ്റപ്പെട്ടു. അങ്ങനെ നൂറ്റാണ്ടുകളായി ദളിതരെയും ആദിവാസികളെയും സാമൂഹിക ഒഴിവാക്കലിനും സാമ്പത്തിക വിവേചനത്തിനും വിധേയരാക്കി. ഒരു തരത്തിൽ അല്ലെങ്കിൽ മറ്റൊരുതരത്തിൽ ഉള്ള അസമത്വങ്ങളും, അസ്പൃശ്യതയും അതിന്റെ ചുവടു പിടിച്ചുകൊണ്ടുള്ള ജാതീയ ആക്രമണങ്ങളും അരികുവൽക്കരിക്കപ്പെട്ട സമൂഹങ്ങൾക്കുനേരെ രാജ്യത്തിന്റെ മിക്ക ഭാഗങ്ങളിലും ഇന്നും തുടരുന്നു.

ഹിന്ദുത്വ ശക്തികൾ അതിന്റെ രാഷ്ട്രീയ അധികാരം കയ്യാളുന്ന ഈ കാലഘട്ടത്തിൽ ആണ് ഇടതുപക്ഷം ജാതി ഉന്മൂലന പോരാട്ടം നടത്തിക്കൊണ്ടിരിക്കുന്നത്. ഹിന്ദുത്വ രാഷ്ട്രീയത്തിന്റെ വക്താക്കളായ ആർഎസ്എസിന്റെ നേതൃത്വത്തിൽ ഉള്ള സംഘപരിവാർ എല്ലാക്കാലത്തും ജാതി വിഷയത്തിൽ ഇരട്ടത്താപ്പു നിലപാടാണ് സ്വീകരിച്ചിട്ടുള്ളത്. ഒരു വശത്തു ജാതി വ്യവസ്ഥയെ മഹത്വവൽക്കരിക്കുന്ന സനാതന ധർമ്മത്തിന്റെ വക്താക്കളായി നിലനിൽക്കുന്നതിനോടൊപ്പം തന്നെ ഹിന്ദു സമൂഹത്തിന്റെ ഐക്യത്തിനുവേണ്ടി വാദിക്കുകയും ചെയ്യുന്നു.

ദളിതരുടെയും, ആദിവാസികളുടെയും അവകാശങ്ങളെ ഇല്ലാതാക്കുകയും, ‘മനു’ നിയമങ്ങൾ അംഗീകരിക്കാത്ത അരികുവൽക്കരിക്കപ്പെട്ട സമൂഹത്തിലുള്ളവരെ കൊലപ്പെടുത്തിയും രാജ്യത്തെമ്പാടും തേർവാഴ്ച നടത്തുന്ന സംഘ ശക്തികൾ, തങ്ങളുടെ ആഭ്യന്തര ശത്രുക്കൾ എന്നു കരുതുന്ന ന്യൂനപക്ഷ സമൂഹങ്ങൾക്കെതിരായി ദളിതരെയും ആദിവാസികളെയും ഉപയോഗിക്കുന്നു. ഈ ഇരട്ടത്താപ്പിന്റെ പരിണിത ഫലമായിരുന്നു ഗുജറാത്ത് കലാപം. കലാപ കാലത്തു ദളിതരെയും, ആദിവാസികളെയും ന്യൂനപക്ഷമായ മുസ്ലിങ്ങൾക്ക് എതിരാക്കിത്തീർക്കുവാൻ സംഘ പരിവാർ കേന്ദ്രങ്ങൾക്ക് കഴിഞ്ഞു. ഹിന്ദു ഐക്യം വാദിക്കുന്ന സാഹചര്യത്തിൽ തന്നെ സനാതന ആചാരങ്ങൾ ഖണ്ഡിച്ചുകൊണ്ട് ആദിവാസി, ദളിത്, പിന്നാക്ക സമൂഹങ്ങളുടെ വിശ്വാസ സംബന്ധമായ അവകാശങ്ങൾക്കു പോലും ശബ്ദം ഉയർത്താൻ സംഘപരിവാർ കേന്ദ്രങ്ങൾക്ക് കഴിയുന്നില്ല എന്നിടത്താണ് സംഘ പരിവാർ കേന്ദ്രങ്ങളുടെ പൊയ്-മുഖം അഴിഞ്ഞു വീഴുന്നത്.

ജാതീയ സമരങ്ങളെ വർഗ സമരങ്ങളുമായി ബന്ധപ്പെടുത്തി സംസാരിച്ച ചിന്തകനാണ് കാറൽ മാർക്സ്. തൊഴിലിന്റെ അടിസ്ഥാനത്തിൽ ഉള്ള പരമ്പരാഗതമായ വിഭജനമായിട്ടാണ് ഇന്ത്യൻ ജാതീയതയെ മാർക്സ് നോക്കിക്കണ്ടത്. ഇന്ത്യയുടെ സാമ്പത്തിക, സാമൂഹിക മുന്നേറ്റങ്ങളെ പിന്നോട്ടടിടിപ്പിക്കുന്ന ഘടകമായി അദ്ദേഹം ജാതീയതയെ വിലയിരുത്തുന്നു. ജാതിയിൽ അധിഷ്ഠിതമായ തൊഴിൽ വിഭജനം നിലനിൽക്കുന്ന ഇന്ത്യൻ ഗ്രാമങ്ങളിൽ ബ്രിട്ടീഷ് ഭരണത്തിൽ ഉണ്ടാകുന്ന സാങ്കേതിക വിദ്യകളുടെ വികസനം മൂലം മാറ്റങ്ങൾ ഉണ്ടാകുമെന്ന് മാർക്സ് ഉറച്ചു വിശ്വസിച്ചിരുന്നെങ്കിലും വർഗസമരങ്ങൾ മൂലമുണ്ടാവുന്ന സാമൂഹിക മാറ്റങ്ങൾ പോലെ പെട്ടെന്നുള്ള മാറ്റങ്ങൾക്കു വിധേയമല്ലാത്ത ഒന്നാണ് ജാതീയ സമരങ്ങൾ എന്ന് അദ്ദേഹം തിരിച്ചറിയുകയും ചെയ്തു.

കേരളത്തിൽ ഉണ്ടായിട്ടുള്ള നവോത്ഥന മുന്നേറ്റങ്ങളുടെയും കമ്യൂണിസ്റ്റ് പാർട്ടിയുടെ ക്രിയാത്മക ഇടപെടലുകളുടെയും ഫലമായി “കേരളം ഒരു ഭ്രാന്താലയം’ എന്ന കുപ്രസിദ്ധിയിൽ നിന്ന് “ദൈവത്തിന്റെ സ്വന്തം നാട്’ എന്ന പ്രശസ്തിയിലേക്ക് നാം എത്തിച്ചേർന്നു. എന്നാൽ നമ്മുടെ തൊട്ടയൽസംസ്ഥാനമായ തമിഴ് നാട്ടിലെ സ്ഥിതി മറിച്ചാണ്. കാരണം കേരളത്തിൽ ഉണ്ടായിട്ടുള്ളപോലെയുള്ള നവോത്ഥാന പ്രസ്ഥാനങ്ങളുടെയും, കമ്യൂണിസ്റ്റ് പ്രസ്ഥാനങ്ങളുടെയും അഭാവം ഇന്നും തമിഴ് മണ്ണിൽ അയിത്തവും ജാതീയതയും തീവ്രതയോടെ നിലനിൽക്കുന്നതിന്റെ കാരണമായി ചൂണ്ടിക്കാണിക്കപ്പെടുന്നു.

തമിഴ് ജാതി വ്യവസ്ഥ ഇന്ത്യയിലെ മറ്റു പ്രദേശങ്ങളിൽ നിന്നും വിഭിന്നമായിട്ടാണ് നിലകൊള്ളുന്നത്. ഇന്ത്യൻ ജാതി വ്യവസ്ഥയുടെ വേരുകൾ വേദകാലത്തിലാണ് എത്തിനിൽക്കുന്നതെങ്കിൽ തമിഴ് ജാതി വ്യവസ്ഥയുടെ അടിസ്ഥാനം ‘സംഘ’ കാലത്തെ തിണകളുമായി ബന്ധപ്പെട്ടാണ് നിലനിൽക്കുന്നത്. ജാതി വ്യവസ്ഥയുടെ പ്രയോക്താക്കളും, പ്രചാരകരും ബ്രാഹ്മണരാണ്. അത് ഇന്ത്യയിലെ മറ്റു പി സംസ്ഥാനങ്ങളിലെയുംപോലെ തമിഴ് നാട്ടിലും വിഭിന്നമല്ല. എന്നാൽ പോലും മറ്റു ഇന്ത്യൻ പ്രദേശങ്ങളിലെ പോലെ ബ്രാഹ്മണർക്കു തമിഴ് മണ്ണിൽ വലിയ സ്വാധീനം ലഭിക്കാതെ പോയെങ്കിൽ പോലും ബ്രാഹ്മണിക്കൽ ജാതീയതയിൽ പാലിച്ചിരുന്ന അയിത്താചാരങ്ങൾ അതേപടി അനുകരിക്കുവാൻ ശൂദ്ര ജാതികൾ തയ്യാറായി എന്നുള്ളത് ശ്രദ്ധേയമാണ്. ഇ.വി രാമസ്വാമി നായ്ക്കറുടെയും (പെരിയാർ) അദ്ദേഹത്തിന്റെ ആശയ പ്രചാരണ വേദിയായ ദ്രാവിഡ പ്രസ്ഥാനവും ബ്രാഹ്മണിക്കൽ ജാതി വ്യവസ്ഥയെ എതിർക്കുന്നതിനായി തമിഴ് നാട്ടിലെ ശൂദ്ര ജാതി സമൂഹങ്ങളെ ഉപയോഗിക്കുകയും അതിന്റെ ഫലമായി ഈ ശൂദ്ര ജാതി സമൂഹത്തിനു പ്രത്യേകിച്ചു നായ്ക്കർ, നായിഡു, റെഡ്‌ഡി വിഭാഗങ്ങൾക്ക് ദ്രാവിഡ പാർട്ടികളിലും അതിലൂടെ തമിഴ് നാടിന്റെ രാഷ്ട്രീയ, സാമ്പത്തിക, സാമൂഹിക മണ്ഡലങ്ങളിലും വലിയ തോതിൽ ഉള്ള സ്വാധീനം ഉണ്ടായി. ഇതു കൂടാതെ സ്വാതന്ത്ര്യലബ്ദിക്കുശേഷം കോൺഗ്രസ്, ഫോർവേഡ് ബ്ലോക്ക് കക്ഷികളിലൂടെ നാടാർ സമൂഹവും, തേവർ സമൂഹവും തങ്ങളുടേതായ രാഷ്ട്രീയ, സാമ്പത്തിക, സാമൂഹിക സ്വാധീനങ്ങൾ വർധിപ്പിച്ചതോടു കൂടി ശൂദ്ര ജാതി സമൂഹങ്ങൾക്ക് തമിഴ് മണ്ണിൽ നിർണായക സ്വാധീനം ലഭിച്ചു. ഇതോടു കൂടി തമിഴ് നാട്ടിലെ ദളിത്, ആദിവാസി ജന വിഭാഗങ്ങൾക്കുമേൽ ആധിപത്യം പുലർത്തിയ ശൂദ്ര സമൂഹങ്ങൾ കൊടിയ ജാതീയ അതിക്രമങ്ങൾ ആണ് ഇവർക്കെതിരെ നടത്തിയതും നടത്തിക്കൊണ്ടിരിക്കുന്നതും.

അരികുവൽക്കരിക്കപ്പെട്ട ദളിത്, ആദിവാസി വിഭാഗങ്ങളെ തമിഴ് നവോത്ഥാനം പാടെ അവഗണിച്ചതിന്റെ ഫലമാണ് ഇന്നും അവർ അനുഭവിക്കുന്ന ജാതീയ അടിച്ചമർത്തലുകൾ എന്നുവേണം കരുതാൻ ഗാന്ധിജി അഭിപ്രായപ്പെട്ടതുപോലെ ഇന്ത്യയുടെ ആത്മാവ് ഗ്രാമങ്ങളിൽ ആണെന്നതുപോലെ തന്നെ യാഥാർത്ഥ്യമാണ് ഇന്ത്യൻ ജാതി വ്യവസ്ഥയുടെ ആത്മാവു നിലനിൽക്കുന്നത് ഗ്രാമങ്ങളിൽ ആണ് എന്നതും. തമിഴ് ഗ്രാമങ്ങളിൽ പ്രധാനമായും രണ്ടു തരത്തിൽ 232 വാസവ്യവസ്ഥകളാണ് കണ്ടുവരുന്നത്. ഒന്ന് പ്രബല ജാതി ഹിന്ദുക്കൾ അധിവസിക്കുന്ന ഗ്രാമങ്ങളും രണ്ട് അധഃസ്ഥിതരായ ദളിത്-ആദിവാസി സമൂഹങ്ങൾ താമസിക്കുന്ന ചേരി പ്രദേശവും. ഇത്തരത്തിലുള്ള ചേരികളിൽ അധിവസിക്കുന്ന അരികുവൽക്കരിക്കപ്പെട്ട സമൂഹങ്ങൾക്ക് മറ്റു ജാതി ഹിന്ദുക്കൾ വസിക്കുന്ന പ്രദേശത്തെ പൊതു റോഡുകളോ, ആരാധനാലയങ്ങളോ, ബാർബർഷോപ്പുകളോ, പൊതുശ്മശാനങ്ങളോ ചായക്കടകളോ ഉപയോഗിക്കാനുള്ള അവകാശം പലപ്പോഴും ലഭിക്കാറില്ല. ഇന്ത്യൻ ജനാധിപത്യത്തിന്റെ അടിസ്ഥാനമായ തദ്ദേശ സ്വയംഭരണ തിരഞ്ഞെടുപ്പുകളിൽ ഏറ്റവും ഗൗരവമായ പ്രശ്നങ്ങൾ കാണപ്പെടുന്നു. ദളിത് വിഭാഗങ്ങൾക്കു സംവരണം ചെയ്ത പഞ്ചായത്തു വാർഡുകളിൽ പോലും പലപ്പോഴും അവർക്ക് മത്സരിക്കാൻ കഴിയാത്ത സാഹചര്യം നിലനിൽക്കുന്നു. ഒരുവേള അവർ തിരഞ്ഞെടുക്കപ്പെടുകയാണെങ്കിലും, പഞ്ചായത്തു കമ്മിറ്റികളുടെ പ്രവർത്തനത്തിൽ അവരുടെ സ്ഥാനം പിന്നാക്കം തള്ളപ്പെടുന്നതാണ്. ദളിത്, ആദിവാസി വിഭാഗങ്ങൾക്ക് സംവരണം ചെയ്ത പഞ്ചായത്തു പ്രസിഡന്റ് സ്ഥാനത്തുപോലും അവരെ ഉൾക്കൊള്ളാനുള്ള മനോവികാസം ജാതി ഹിന്ദുക്കൾക്കിടയിൽ ഉണ്ടായിട്ടില്ല എന്നതിന്റെ ഉദാഹരണമാണ് 1997-ലെ മേലവളാവ് കൂട്ടക്കൊലപാതകത്തിൽ നിന്ന് വ്യക്തമാകുന്നത്. മധുര ജില്ലയിലെ മേലവളാവ് ജാതി ഹിന്ദുക്കൾക്ക് ഭൂരിപക്ഷമുള്ള പ്രദേശമാണ്. എന്നാൽ മേലവളാവ് പഞ്ചായത്തു പ്രസിഡന്റ് സ്ഥാനം ദളിത് സംവരണമായി മാറുകയും ദളിത് വിഭാഗക്കാരനായ മുരുകേശൻ പഞ്ചായത്തു പ്രസിഡന്റ് ആകുകയും ചെയ്തു. ഇതിൽ പ്രകോപിതരായ ജാതി ഹിന്ദുക്കൾ മുരുകേശനെയും ഒപ്പം ഉണ്ടായിരുന്ന 6 പേരെയും കൊലപ്പെടുത്തി. ഇത്തരത്തിൽ ദളിതരുടെ ഇടയിൽ ഭീതി വിതച്ചുകൊണ്ടു രാഷ്ട്രീയ അധികാരത്തിൽ നിന്ന് അടിച്ചമർത്തപ്പെട്ട സമൂഹത്തിനെ അകറ്റി നിർത്തുക എന്ന നയമാണ് ജാതി ഹിന്ദുക്കൾ സ്വീകരിച്ചട്ടുള്ളത്. ജാതീയതയും അതിനെ പിൻപറ്റിയുള്ള സാമൂഹിക വിവേചനവും തലവിരിച്ചാടുന്ന തമിഴ് മണ്ണിൽ സിപിഐ എം നയിക്കുന്ന ഇടതുപക്ഷ പ്രസ്ഥാനങ്ങൾ എത്രത്തോളം പ്രസക്തമാണെന്ന് വിലയിരുത്താൻ കഴിയുന്നത്.

സിപിഐ എം പതിനേഴാം പാർട്ടി കോൺഗ്രസ് പാസ്സാക്കിയ രാഷ്ട്രീയ പ്രമേയം അനുസരിച്ച് ഇന്ത്യയൊട്ടാകെ ഇടതുപക്ഷ സ്വാധീനം വർധിപ്പിക്കുന്നതിനുവേണ്ടി വർഗീയതയ്ക്കെതിരായും, ജാതീയതയ്ക്കെതിരായും, സ്ത്രീകൾക്കുനേരെയുള്ള അതിക്രമങ്ങൾക്കെതിരായും ശക്തമായ ബഹുജനപ്രക്ഷോഭങ്ങൾ സംഘടിപ്പിക്കുവാൻ തീരുമാനിക്കുകയുണ്ടായി. ഇതിന്റെ ചുവടു പിടിച്ചുകൊണ്ട് സിപിഐ എമ്മിന്റെ തമിഴ്‌നാട് ഘടകം ജാതീയ അസമത്വങ്ങളെയും അതിന്റെ ബാക്കിപത്രമായ ജാതീയ അക്രമങ്ങളെയും തമിഴ് സമൂഹത്തിൽ നിന്ന് തുടച്ചു നീക്കുക എന്ന ലക്ഷ്യത്തോടുകൂടി 2007-ൽ T NU E F ( Tamil Nadu Untouchability Eradication Front) രൂപീകരിക്കുന്നത്. ഇന്ന് തമിഴ്‌നാട്ടിലെ 39 ജില്ലകളിലും അയിത്തോച്ചാടനത്തിനും, ജാതി ഉന്മൂലനത്തിനും വേണ്ടി പ്രവർത്തിക്കുന്ന ഏറ്റവും വലിയ സംഘടനകളിൽ ഒന്നായി വളർന്നിരിക്കുന്ന TNUEF – ന്റെ ആദ്യ പ്രസിഡന്റ് ആയി സിപിഐ എം കേന്ദ്രകമ്മറ്റി അംഗമായ പി സമ്പത്തും ജനറൽ സെക്രട്ടറിയായി സാമുവേൽ രാജവും തിരഞ്ഞെടുക്കപ്പെട്ടു. സി.ഐ.ടി.യു. എഐകെസ്(AIKS), എഐഡിഡബ്യുഎ (AIDWA), ഡിവൈഎഫ്ഐ, എസ്എഫ്ഐ തുടങ്ങിയ വർഗ ബഹുജന സംഘടനകളും ഏകദേശം പതിനെട്ടോളം ദളിത് സംഘടനകളും TNUEF -പ്രവർത്തനങ്ങളെ മുന്നോട്ടു കൊണ്ടുപോകുന്നതിൽ നിർണായക പങ്കു വഹിക്കുന്നുണ്ട്.

അയിത്തം, ജാതീയത, ദുരഭിമാനക്കൊല, ജാതി സംഘർഷങ്ങൾ, എന്നീ സാമൂഹിക തിന്മകളെ തമിഴ് മണ്ണിൽ നിന്നു പുറത്താക്കുക എന്നതാണ് TNUEF -ന്റെ പരമപ്രധാനമായ ലക്‌ഷ്യം. ഇതുകൂടാതെ സമൂഹത്തിലെ അരികുവൽക്കരിക്കപ്പെട്ട ദളിത് – ആദിവാസി വിഭാഗങ്ങളുടെ ഉന്നമനത്തിനു വേണ്ടി പോരാടുകയും അവരുടെ അവകാശങ്ങൾ നേടിയെടുക്കുകയും, നേടിയെടുത്തവ സംരക്ഷിക്കുകയും ചെയ്യുക എന്നുള്ളത് TNUEF -ന്റെ സമാനതകളില്ലാത്ത പ്രവർത്തന ങ്ങളുടെ പ്രത്യേകതയാണ്.

അരികുവൽക്കരിക്കപ്പെട്ട സമുദായങ്ങളുടെ അവകാശങ്ങൾക്ക് വേണ്ടിയും ജാതീയ വിവേചനങ്ങൾക്കും, അയിത്തത്തിനെതിരായുള്ള പ്രക്ഷോഭങ്ങളിൽ ദളിത്, ആദിവാസി ഇതര സമൂഹങ്ങളിൽ ഉൾപ്പെട്ടിട്ടുള്ള ജനവിഭാഗങ്ങൾ കടന്നുവരികയും ഒരു ജാതീയ സമരമെന്ന കാഴ്ചപ്പാടിൽ നിന്ന് പൊതുസമൂഹത്തിന്റെ ആകെയുള്ള സമരമെന്ന രീതിയിലേക്ക് അത് മാറുകയും ചെയ്തു.

TNUEF-ന്റെ ജാതീയ അയിത്തോച്ചാടന ചരിത്രത്തിലെ ഏറ്റവും വലിയ നാഴികക്കല്ലായാണ് ജാതീയ മതിലുകൾക്കെതിരായുള്ള സമരം. ഏകദേശം ഇരുപതു വർഷങ്ങൾക്കു മുൻപ് ദളിത് വിഭാഗങ്ങൾ തങ്ങളുടെ അധിവാസ മേഖലകളിൽ കടക്കുന്നത് തടയിടുന്നതിനു വേണ്ടി മധുര ജില്ലയിലെ ഉത്തപുരത്തും, കോയമ്പത്തൂർ ജില്ലയിലെ പെരിയാർ നഗറിലും ജാതി ഹിന്ദുക്കൾ നിർമ്മിച്ചവയാണ് ജാതീയ മതിലുകൾ. ഈ ജാതീയ മതിലുകളുടെ ഉള്ളിലേക്ക് പ്രവേശിക്കുവാൻ ദളിത് വിഭാഗങ്ങൾക്ക് അനുവാദമുണ്ടയിരുന്നില്ല. ഈ സാഹചര്യത്തിൽ TNUEF ഈ വിഷയം പൊതുസമൂഹത്തിനു മുന്നിലേക്ക് കൊണ്ടുവരികയും അതിനെതിരെ ശക്തമായ പ്രക്ഷോഭങ്ങൾ ആരംഭിക്കുകയും ചെയ്തു. TNUEF-ന്റെ രൂപീകരണത്തിനു ശേഷമുള്ള തൊട്ടടുത്ത വർഷം 2008 – ൽ എണ്ണായിരത്തോളം വരുന്ന പ്രവർത്തകർ ജാതീയ മതിലുകൾക്കെതിരായി ഉത്തപുരത്തേക്കു പ്രകടനം നടത്തുകയും ജാതി മതിൽ തകർക്കുകയും ചെയ്തു. ഇതു കൂടാതെ ആ കാലയളവ് വരെ ദളിതർക്കു പ്രവേശനം നിരോധിച്ചിരുന്ന മുത്തലമ്മൻ ക്ഷേത്രത്തിലേക്ക് നിർബന്ധപൂർവം ദളിതരെ പ്രവേശിപ്പിക്കുകയും ചെയ്തു.

TNUEF-ന്റെ ഈ പ്രക്ഷോഭത്തിന് നേതൃത്വം കൊടുത്തത് അന്നത്തെ സിപിഐ എം തമിഴ്‌നാട് സംസ്ഥാന സെക്രട്ടറി ജി രാമകൃഷ്ണൻ ആയിരുന്നു. അതിനെ തുടർന്ന് സിപിഐ എം ജനറൽ സെക്രട്ടറി പ്രകാശ് കാരാട്ട് ഉത്തപുരം സന്ദർശിക്കുകയും ജാതി മതിലുകൾക്കെതിരായ പ്രക്ഷോഭത്തിന് ഐക്യധാർഢ്യം പ്രഖ്യാപിക്കുകയും ചെയ്തു. എങ്കിലും ഉത്തപുരത്തെ ദളിത് സമൂഹത്തിനു ജാതി ഹിന്ദുക്കൾ വസിക്കുന്ന പ്രദേശത്തെ പൊതു ഇടങ്ങൾ ഉപയോഗിക്കാൻ അനുവദിക്കപ്പെടാതിരിക്കുകയും അതിനെത്തുടർന്നു സംഘർഷങ്ങൾ ഉണ്ടാവുകയും ദളിതർക്കു ക്രൂരമായ മർദ്ദനമുണ്ടാകുന്ന സ്ഥിതി ഉണ്ടാവുകയും ചെയ്തു. കൂടാതെ ഉയർന്ന ജാതിയിൽപെട്ടവരുടെ വീടുകൾ ആക്രമിക്കപ്പെട്ടു എന്ന വ്യാജപരാതിയിൽ ദലിതർക്കെതിരെ പൊലീസ് കേസ് എടുക്കുകയും സ്ത്രീകളെയും, കുട്ടികളെയും, പ്രായമായവരെയും പൊലീസ് അതിക്രൂരമായ മർദ്ദനത്തിനിരയാക്കുകയും ചെയ്തു. ഈ പൊലീസ് പീഡനത്തെനെക്കുറിച്ചു ജുഡീഷ്യൽ അന്വേഷണം വേണമെന്ന ആവശ്യം ഉന്നയിച്ചുകൊണ്ട് TNUEF ശക്തമായ പ്രതിഷേധമാണ് തമിഴ്നാട്ടിലെങ്ങും നടത്തിയത്. എന്നാൽ തമിഴ്നാട് ഗവണ്മെന്റ് TNUEF-ന്റെ ആവശ്യം നിരാകരിച്ചതോടുകൂടി അഖിലേന്ത്യ ജനാധിപത്യ മഹിളാ അസോസിയേഷന്റെ തമിഴ്നാട് ഘടകം മദ്രാസ് ഹൈക്കോടതിയെ സമീപിക്കുകയും ഹൈക്കോടതി പൊലീസ് തേർവാഴ്ചയെക്കുറിച്ച് അന്വേഷിക്കുവാൻ ഒരു കമ്മീഷനെ നിയമിക്കുകയും, അതിക്രമത്തിൽ ഇരയായവർക്കു പതിനഞ്ചു ലക്ഷം രൂപ നൽകുവാൻ തമിഴ്നാട് സർക്കാരിന് നിർദ്ദേശം നൽകുകയും ചെയ്തു. ഉത്തപുരത്തെ ഈ ജാതി മതിലിന്റെ തകർച്ച മധുര ജില്ലയിൽ മാത്രം ഒതുങ്ങി നിൽക്കാതെ തമിഴ്‌നാട് മുഴുവൻ ജാതി മതിലുകൾ തകർക്കുന്നതിലേക്കു നയിച്ചു. ഈ സംഭവങ്ങൾ TNUEF-ന്റെ യും അതിനു നേതൃത്വം കൊടുക്കുന്ന സിപിഐ എമ്മിന്റെയും വലിയ വിജയമായി കണക്കാക്കപ്പെടുന്നു.

TNUEF – ഉം സിപിഐ എമ്മും ഏറ്റെടുത്തു നടത്തിയ മറ്റൊരു വലിയ പ്രക്ഷോഭങ്ങളിൽ ഒന്നായിരുന്നു പട്ടിക ജാതി സംവരണത്തിനുള്ളിൽ അരുന്ധതിയാർക്കു മൂന്നു ശതമാനം സംവരണം ഏർപ്പെടുത്തണം എന്ന ആവശ്യം. അരുന്ധതിയാർ സമൂഹം തമിഴ്‌നാട്ടിലെ ദളിത് വിഭാഗത്തിൽ ഉൾപ്പെട്ടവർ ആയിരുന്നു. അതിൽ തന്നെ ദളിത് വിഭാഗത്തിലെ പിരമെഡിക്കൽ ഹൈറാർകിക്കൽ സമ്പ്രദായത്തിലെ ഏറ്റവും താഴ്ത്തപ്പെട്ട സമൂഹമായാണ് ഇവരെ കണക്കാക്കുന്നത്. നായിക്കുമാരുടെ തമിഴ് പടയോട്ട സമയത്തു നായകരുടെ ശുദ്ധീകരണ തൊഴിലാളികൾ ആയാണ് അരുന്ധതിയാർ സമൂഹം തമിഴ് നാട്ടിലേക്ക് എത്തിച്ചേരുന്നത്. നൂറ്റാണ്ടുകൾ കഴിഞ്ഞിട്ടും അവരെ അഴുക്കുചാൽ ശുദ്ധീകരണ തൊഴിലാളികൾ ആയാണ് പൊതു സമൂഹം കാണുന്നത്. ഉയർന്ന വിദ്യാഭ്യാസം നേടിയവരെപ്പോലും ഇത്തരത്തിൽ 232 തൊഴിലിടങ്ങളിൽ നിയമിക്കുവാനാണ് ദ്രാവിഡ സർക്കാരുകൾ പോലും ശ്രമിച്ചത്. തമിഴ്നാട്ടിലെ ഇതര ദളിത് സമൂഹങ്ങളുമായി താരതമ്യപ്പെടുത്തുമ്പോൾ അരുന്ധതിയാർ വിഭാഗം വളരെ പരിതാപകരമായ അവസ്ഥയിലൂടെയാണ് കടന്നു പോകുന്നത്. അരികു വൽക്കരിക്കപ്പെടുന്ന ഈ ജനവിഭാഗത്തിന്റെ ഉന്നമനത്തിനു വേണ്ടി സിപിഐ എം മുൻപോട്ടു വരികയും പട്ടികജാതി സംവരണത്തിനുള്ളിൽ അരുന്ധതിയാർക്കു പ്രേത്യേക സംവരണം വേണം എന്ന ആവശ്യം ഉയർത്തിക്കാട്ടിക്കൊണ്ടു തമിഴ്‌നാട് മുഴുവൻ TNUEF -ന്റെ നേതൃത്വത്തിൽ നടത്തിയ പ്രക്ഷോഭങ്ങൾക്ക് ശക്തമായ പിന്തുണ നൽകുകയും ചെയ്തു. ഈ പ്രക്ഷോഭങ്ങളുടെ ഫലമായി തമിഴ്‌നാട് ഗവണ്മെന്റ് മുൻ മദ്രാസ് ഹൈക്കോടതി ജഡ്-ജി ജസ്റ്റിസ് എം എസ് ജനാർദ്ദനന്റെ നേതൃത്വത്തിൽ ഒരു കമ്മീഷനെ നിയോഗിച്ചു. ആ കമ്മീഷൻ റിപ്പോർട്ടിന്റെ ശുപാർശയുടെ അടിസ്ഥാനത്തിൽ 18 ശതമാനം വരുന്ന പട്ടികജാതി സംവരണത്തിനുള്ളിൽ അരുന്ധതിയാർക്കു 3 ശതമാനം സംവരണം ഏർപ്പെടുത്താൻ ജയലളിതയുടെ സർക്കാർ തീരുമാനിച്ചു. അരുന്ധതിയാരുടെ മൂന്നു ശതമാനം സംവരണം TUNEF -ന്റെ പോരാട്ട ചരിത്രത്തിലെ നാഴികക്കല്ലാണ്.

അയോദ്ധ്യയിലെ രാമക്ഷേത്ര നിർമ്മാണത്തിന്റെ ഭാഗമായി അടിസ്ഥാന ശില നിർവഹിക്കുവാൻ അധഃസ്ഥിത വിഭാഗങ്ങളെ ഉപയോഗിക്കുന്ന സംഘ പരിവാർ ശക്തികളുടെ അധികാരം നിലനിൽക്കുന്ന ഈ രാജ്യത്താണ് കാലങ്ങളായി ദളിതർക്കും, ആദിവാസികൾക്കും പ്രവേശനം നിഷിദ്ധമായിട്ടുള്ള ആരാധനാലയങ്ങൾ നിലനിൽക്കുന്നത്. പെരിയാറിന്റെ മണ്ണ് എന്ന് വിശേഷിക്കപ്പെടുന്ന തമിഴ്നാടും ഈ കാര്യത്തിൽ ഒട്ടും വിഭിന്നമല്ല. ഈ സാഹചര്യത്തിലാണ് TNUEF ന്റെ നേതൃത്വത്തിൽ തമിഴ്നാട്ടിലെങ്ങും ദളിത്, ആദിവാസി വിഭാഗങ്ങളുടെ ക്ഷേത്ര പ്രവേശന അവകാശങ്ങൾക്കുവേണ്ടി പ്രക്ഷോഭങ്ങൾ ആരംഭിച്ചത്. ഈ പോരാട്ടങ്ങൾ ഉയർന്ന ജാതിയിൽപെട്ടവരെ പ്രകോപിപ്പിക്കുകയും പ്രക്ഷോഭകർക്കു നേരെ അവർ കായികമായ ആക്രമണം അഴിച്ചുവിടുകയും ചെയ്തു. ക്ഷേത്ര സമരങ്ങളെ ചോരയിൽ മുക്കുവാനാണ്ഉയർന്ന ജാതിയിൽ പെട്ടവരും അവരുടെ പിണിയാളുകൾ ആയി പ്രവർത്തിക്കുന്ന പൊലീസ് സംവിധാനവും പലയിടങ്ങളിലും ശ്രമിച്ചത്. ഇതിന്റെ ഭാഗമെന്നൊണം ഈ പ്രക്ഷോഭങ്ങൾക്ക് നേതൃത്വം വഹിച്ചിരുന്ന സംസ്ഥാന നേതാക്കളായ ജി ലത, കെ ബാലകൃഷ്ണൻ, ആനന്ദൻ എന്നിവർ ക്രൂരമായ മർദ്ദനങ്ങൾക്കു വിധേയരായി.

കമ്യൂണിസ്റ്റ് പാർട്ടികൾ അടക്കമുള്ള പുരോഗമന പ്രസ്ഥാനങ്ങൾ ദളിത്, ആദിവാസി വിഭാഗങ്ങളുടെ മതവിശ്വാസം എന്നതിനേക്കാൾ ഉപരി യായി അവരുടെ ജനാധിപത്യ, മൗലിക, പൗരാവകാശങ്ങൾ നേടിയെടുക്കുന്നതിനുള്ള വേദിയായാണ് ക്ഷേത്രപ്രവേശന സമരത്തെ കണക്കാക്കുന്നത്. എന്നാൽ ക്ഷേത്ര പ്രവേശന പ്രക്ഷോഭങ്ങളെ കേവലം ക്ഷേത്രങ്ങളെയും, ആചാരങ്ങളെയും തകർക്കുവാൻ വേണ്ടി അവിശ്വാസികൾ നടത്തുന്ന സമരമായി ചിത്രീകരിക്കുവാൻ മുഖ്യ ധാര മാധ്യമങ്ങളും, ജാതി സംഘടനകളും ശ്രമിച്ചുകൊണ്ടിരുന്നു.

തിരുവണ്ണാമലയിലെ കാളിയമ്മൻ ക്ഷേത്രം, തിരുനെൽവേലി ജില്ലയിലെ പന്താവൂളി മാരിയമ്മൻ ക്ഷേത്രം, കൃഷ്ണഗിരി ജില്ലയിലെ കാൽക്കേരി ആഞ്ജനേയർ ക്ഷേത്രം, വില്ലുപുരം ജില്ലയിലെ ദ്രൗപതിയമ്മൻ ക്ഷേത്രം, നാഗർകോവിൽ ജില്ലയിലെ ശിവൻ ക്ഷേത്രം, തിരുച്ചി ജില്ലയിലെ മാരിയമ്മൻ ക്ഷേത്രം എന്നിവടങ്ങളിലെല്ലാം തന്നെ പോലീസ് അതിക്രമങ്ങളെയും ജാതി ഹിന്ദുക്കളുടെ കഠിനമായ മർദ്ദനങ്ങളെയും, മുഖ്യധാര മാധ്യമങ്ങളുടെ വ്യാജ പ്രചാരണങ്ങളെയും മറികടന്നാണ് TNUEF ലക്ഷ്യങ്ങൾ നേടി എടുത്തത്.

സിപിഐ എം ഉൾപ്പെടെയുള്ള ഇടതുപക്ഷ പ്രസ്ഥാനങ്ങൾ തമിഴ്‌നാട്ടിൽ നടക്കുന്ന ജാതീയ പ്രശ്നങ്ങളെ ജാതി സമരങ്ങൾ എന്നതിനേക്കാൾ ഉപരിയായി വർഗ സമരങ്ങളായാണ് കാണാൻ ആഗ്രഹിക്കുന്നത്. പുരോഗമന പ്രസ്ഥാനങ്ങളുടെ അഭിപ്രായത്തിൽ ജാതി സംഘർഷങ്ങളായി വ്യാഖ്യാനിക്കപ്പെടുന്ന ഭൂരിഭാഗം സമരങ്ങളുടെയും കാരണമായി കണക്കാക്കാൻ പറ്റുന്നത് ഭൂമിയും അതിന്മേലുള്ള ഉടമസ്ഥാവകാശവും, തൊഴിലുമാണ്. ഭൂമിയുടെ മേൽ ആധിപത്യമുള്ള ജാതി ഹിന്ദു സമൂഹങ്ങൾ ആയ ഫ്യൂഡൽ പ്രഭുക്കന്മാർ ദളിത് വിഭാഗങ്ങളായ കുടിയാൻമാരെ ചൂഷണം ചെയ്യുന്നു. ഭൂമിയിന്മേലുള്ള അവകാശം ജാതീയതയിൽ ഒരു പ്രധാന ഘടകമായാണ് ഇടതുപക്ഷം കാണുന്നത്. ഭൂമിക്കുവേണ്ടിയുള്ള സമരം ജാതീയതയ്ക്ക് എതിരെയുള്ള സമരത്തിന്റെ ഭാഗമായിട്ടാണ് അവർ വിശ്വസിക്കുന്നത്. ഭൂമിയിൽ പ്രാതിനിധ്യം ഇല്ലാത്ത ദളിത് – ആദിവാസി വിഭാഗങ്ങൾ ഭൂമിയുള്ള ഉയർന്ന ജാതി സമൂഹങ്ങളുടെ അടിച്ചമർത്തലുകൾക്കു വിധേയരാകേണ്ടി വരുന്നു. ഭൂമിയുടെ തുല്യമായ വിതരണം നടന്നാൽ സമൂഹത്തിൽ നിലനിൽക്കുന്ന വർഗപരവും, ജാതീയവുമായ ഏറ്റക്കുറച്ചിലുകൾ ഇല്ലാതെയാക്കാൻ സാധിക്കും എന്ന് കമ്യൂണിസ്റ്റ് പ്രസ്ഥാനങ്ങൾ അഭിപ്രായപ്പെടുന്നു. അതിനാൽ തന്നെ ഭൂമിയില്ലാത്ത ദളിത് സമൂഹങ്ങൾക്ക് ഭൂമി നൽകണം എന്നവർ നിരന്തരമായി ആവശ്യപ്പെടുകയും ചെയ്യുന്നു.

1892-ൽ ബ്രട്ടീഷ് ഭരണാധികാരികൾ സാമൂഹിക, സാമ്പത്തിക പശ്ചാത്തലം മെച്ചപ്പെടുത്തുന്നതിനു വേണ്ടി ദളിത്, ആദിവാസി വിഭാഗത്തിന് ഭൂമി നൽകിയിരുന്നു. ഈ ഭൂമി പഞ്ചമി ഭൂമി എന്നാണ് അറിയപ്പെട്ടിരുന്നത്. എന്നാൽ ഇന്ന് ഈ പഞ്ചമിഭൂമികൾ മറ്റു പല സ്വകാര്യ വ്യക്തികളുടെയും കോർപ്പറേറ്റുകളുടെയും കൈകളിലാണ്. പഞ്ചമി ഭൂമി ദളിതർക്കും ആദിവാസികൾക്കും തിരികെ ലഭിക്കണം എന്നാവശ്യപ്പെട്ടുകൊണ്ട് കാഞ്ചീപുരം ജില്ലയിലെ ചെങ്കൽപേട്ടിൽ TNUEF ന്റെ നേതൃത്വത്തിൽ ഒരു കോൺഫെറൻസ് സംഘടിപ്പിക്കുകയും ശക്തമായ പ്രക്ഷോഭങ്ങൾ ആരംഭിക്കുവാൻ തീരുമാനിക്കുകയും ചെയ്തു. ഇതിന്റെ അടിസ്ഥാനത്തിൽ 2017 മാർച്ച് 25നു ധർമപുരി ജില്ലയിലെ പെണ്ണാഗുരം എന്ന പ്രദേശത്തു 345 ദളിത് കുടുംബങ്ങൾ TNUEF -ന്റെ നേതൃത്വത്തിൽ ഒത്തുകൂടുകയും തങ്ങൾക്കവകാശപ്പെട്ട ഭൂമി ലഭ്യമാക്കണം എന്ന് ആവശ്യപ്പെട്ടുകൊണ്ട് പ്രക്ഷോഭം ആരംഭിക്കുകയും ചെയ്തു. ഈ പ്രക്ഷോഭത്തിന്റെ ഫലമായി റെവന്യൂ അധികൃതർ സ്ഥലം സന്ദർശിക്കുകയും 8 ഏക്കറോളം പഞ്ചമി നിലം കണ്ടെത്തുകയും ചെയ്തു. ഇതിന്റെ അടിസ്ഥാനത്തിൽ റെവന്യൂ അധികൃതരും TNUEF-ന്റെ അംഗങ്ങളും അടങ്ങുന്ന ഒരു കമ്മറ്റി രൂപീകരിക്കുകയും ഒരു മാസത്തിനുള്ളിൽ അവകാശപ്പെട്ട ദളിത് കുടുംബങ്ങൾക്ക് പട്ടയം നല്കാൻ തീരുമാനിക്കുകയും ചെയ്തു. സമൂഹത്തിലെ ഏറ്റവും ഹീനമായ കുറ്റകൃത്യങ്ങളിൽ ഒന്നായ ദുരഭിമാന കൊലപാതകം തമിഴ് നാട്ടിൽ വ്യാപകമാണ്. ജാതി, വർഗ, ലിംഗ വർഗീകരണത്താൽ അടിസ്ഥാനപ്പെടുത്തിയിട്ടുള്ള സമൂഹമാണ് നമിഴ്നാട്ടിലേത്. 6,60,000 വിഭാഗം ആളുകളും തങ്ങളുടേതായ ആചാരങ്ങളെയും, അനുഷ്ഠാനങ്ങളെയും മുറുകെപ്പിടിക്കുകയും, ഉയർത്തിക്കാട്ടുകയും അതിൽ നിന്നുള്ള വ്യതിചലനം അപമാനമായി കരുതുകയും ചെയ്യുന്നവർ ആണ്. കർക്കശമായ ജാതി സമ്പ്രദായം മൂലം കുടുംബത്തിനും, പ്രതിനിധാനം ചെയപ്പെടുന്ന ജാതി സമൂഹത്തിനും അപമാനമുണ്ടാകുന്ന സാഹചര്യങ്ങൾ തടയുക എന്നതാണ് ദുരഭിമാനക്കൊലയുടെ അടിസ്ഥാനം.

ദുരഭിമാന കൊലപാതകങ്ങളിൽ ജീവൻ നഷ്ടപ്പെടുന്നത് കൂടുതലായും ദളിത് യുവതീ-യുവാക്കൾക്കാണ്. ഈ വിഷയത്തെ ഗൗരവത്തോടെ സമീപിക്കുന്ന TNUEF അടക്കമുള്ള സംഘടനകൾ ഇരകൾക്ക് നീതി ഉറപ്പാക്കാനും കുറ്റവാളികൾക്ക് ശിക്ഷ ലഭിക്കാനും നീതി ന്യായ വ്യവസ്ഥയിലൂടെ ശക്തമായ ശ്രമങ്ങൾ നടത്തുന്നു. നിയമനടപടികൾക്ക് പുറമേ TNUEF ദുരഭിമാന കൊലകളെ എതിർക്കുന്നതിന്റെ ഭാഗമായുള്ള പ്രക്ഷോഭങ്ങൾ സംഘടിപ്പിച്ചിട്ടുണ്ട്. ഇതിന്റെ ഭാഗമായി സേലത്തു നിന്ന് ചെന്നൈയിലേക്ക് 360 കിലോമീറ്റർ ദുരം കാൽനട ജാഥ നടത്തിയാണ് അന്നത്തെ TNUEF ജനറൽ സെക്രട്ടറി സാമുവേൽ രാജ് അതിന് നേതൃത്വം നൽകിയത്. ദുരഭിമാന കൊലപാതകങ്ങൾക്കെതിരായ നിയമം തമിഴ്നാട് നിയമസഭയിൽ പാസാക്കൽ, സമൂഹത്തിൽ ഒരു ശക്തമായ പൊതുബോധം സൃഷ്ടിക്കൽ എന്നിവ ലക്ഷ്യമാക്കി നടത്തിയ ജാഥയെ ചെന്നൈയിൽ പോലീസ് തടയുകയും സിപിഐ എം സംസ്ഥാന സെക്രട്ടറി ജി. രാമകൃഷ്ണൻ ഉൾപ്പെടെയുള്ള പ്രവർത്തകരെ അറസ്റ്റ് ചെയ്യുകയും ചെയ്തു. ഈ പ്രക്ഷോഭത്തിന്റെ ആദ്യ ലക്ഷ്യം കൈവരിക്കാനായില്ലെങ്കിൽ കൂടി വിടുതലൈ ചിരുതൈ കക്ഷി, ബി.എസ്.പി, ആദി തമിഴർ കക്ഷി, ദ്രാവിഡർ വിടുതലൈ കഴകം, മണ്ണൊരുമൈ കൂട്ടമൈപ്പ് തുടങ്ങിയ സംഘടനകൾ TNUEF- ന് ഒപ്പം പങ്കെടുത്തത്, പൊതു സമൂഹത്തിൽ ദുരഭിമാന കൊലകൾക്കെതിരായ ശക്തമായ വികാരം സൃഷ്ടിച്ചു എന്നുള്ളതിന് തെളിവാണ്. കൂടാതെ പല ആശയധാരകളിൽ പ്രവർത്തിക്കുന്ന വിഭിന്ന സംഘടനകൾ പൊതു ലക്‌ഷ്യം കണ്ടു പ്രവർത്തിക്കുവാൻ തുടങ്ങിയതും മാതൃകാപരമായ മുന്നേറ്റമായി വേണം കാണുവാൻ.

TNUEF- ന്റെ ആഭിമുഖ്യത്തിൽ അയിത്തോച്ചാടനത്തിനെതിരായി നടത്തിയ മറ്റൊരു പ്രധാന പ്രക്ഷോഭങ്ങളിൽ ഒന്നാണ് തമിഴ് ഗ്രാമങ്ങളിലെ ചായക്കടകളിൽ നിലനിൽക്കുന്ന രണ്ടു ഗ്ളാസ് (Two Tumbler System) സംവിധാനം. ഒട്ടു മിക്ക ചായക്കടകളിലും രണ്ടു തരത്തിൽ ഉള്ള ഗ്ലാസ്സുകൾ ആണ് ഉപയോഗിച്ചിരുന്നത്. ഒന്ന് ജാതി ഹിന്ദുക്കളിൽപ്പെട്ട അംഗങ്ങൾക്ക് ഉപയോഗിക്കാനുള്ള സ്റ്റീൽ, കുപ്പി ഗ്ലാസ്സുകളും രണ്ടു താഴ്ത്തപ്പെട്ട ജാതി സമൂഹങ്ങൾക്ക് ഉപയോഗിക്കാനുള്ള അലുമിനിയം, ചിരട്ടയും. അതുകൂടാതെ താഴ്-ന്ന ജാതിക്കാർക്ക് ചായക്കടകളിൽ ഇരുന്നു ചായ കുടിക്കുവാനുള്ള അവകാശം പോലും ഉണ്ടായിരുന്നില്ല. ഈ സാമൂഹിക തിന്മയ്ക്കെതിരെ കമ്യൂണിസ്റ്റ് പ്രസ്ഥാനങ്ങൾ സമരം നടത്തി. അതിന്റെ ഫലമായി ഈ സാമൂഹിക വിപത്തിനെ തമിഴ് മണ്ണിൽ നിന്ന് ഒരു പരിധിവരെ പുറത്താക്കുവാൻ കഴിഞ്ഞു.

ദളിത് സമൂഹങ്ങളിൽ ഉൾപ്പെട്ടിട്ടുള്ളവർക്കു പൊതു സ്ഥലങ്ങളിൽ മുണ്ടു മടക്കി കുത്തുവാനോ, തലയിൽ തോർത്ത് കെട്ടുവാനോ അനുവാദം ഇല്ലായിരുന്നു. പൊതു ഇടങ്ങൾ ഉപയോഗിക്കുന്നതിനുള്ള തിരഞ്ഞെടുപ്പുകളിൽ വിലക്ക്, സംവരണ വാർഡുകളിൽ മൽസരിക്കുന്നതിന് വിലക്ക്, പൊതുശ്മശാനങ്ങളിൽ ശവസംസ്‌കാരം നടത്തുവാനുള്ള നിയന്ത്രണം ഇത്തരത്തിൽ സമൂഹത്തിൽ നിലനിൽക്കുന്ന ജാതീയ വേർതിരിവും, ജാതീയ മേൽക്കോയ്മയും ഇല്ലാതാക്കുന്നതിനുവേണ്ടി പ്രക്ഷോഭങ്ങൾ മാത്രമല്ല നിയമപരമായ പോരാട്ടവും തമിഴ്‌നാട്ടിൽ ഇടതുപക്ഷ പ്രസ്ഥാനങ്ങളുടെ നേതൃത്വത്തിൽ നടത്തുന്നു.

ബ്രാഹ്മണിക്കൽ ജാതീയതയെ നിഷ്പ്രഭമാക്കിയ പെരിയാറിന്റെ ദ്രാവിഡ മണ്ണിലാണ് ദളിത്, ആദിവാസി വിഭാഗങ്ങൾക്കു ജാതീയ വിവേചനം നേരിടേണ്ടി വരുന്നത് എന്നത് തികച്ചും വിരോധാഭാസമാണ്. ജാതീയതയെയും, അന്ധവിശ്വാസത്തെയും തൊട്ടു കൂടായ്മയെയും നഖശിഖാന്തം എതിർത്തുകൊണ്ട് തമിഴ് മണ്ണിൽ വേരുകൾ ഉറപ്പിച്ച പെരിയാറിന്റെ പാത പിന്തുടരുന്നു എന്ന് അവകാശപ്പെടുന്ന മുഖ്യധാരാ ദ്രാവിഡ പാർട്ടികളായ ഡി.എം.കെ (DMK)-യും എ.ഐ.ഡി.എം.കെ (AIADMK) – യും പക്ഷേ അരികുവത്കരിക്കപ്പെട്ട വിഭാഗങ്ങൾക്ക് എതിരായുള്ള ജാതീയ അതിക്രമങ്ങൾക്കെതിരെ കുറ്റകരമായ നിശബ്ദതയാണ് പുലർത്തുന്നത്. ഈ ഒരു സാഹചര്യത്തിലാണ് ഇടതുപക്ഷ ബദലിന്റെ പ്രസക്തി തിരിച്ചറിയാൻ പറ്റുന്നത്. കേവലം വോട്ടുകൾ നേടി പാർലമെന്ററി അധികാരത്തിൽ കടിച്ചു തൂങ്ങുക എന്ന ലക്ഷ്യത്തോടെ ഈ സാമൂഹിക തിന്മയെ പ്രബലമായ ദ്രാവിഡ പാർട്ടികൾ എതിർക്കാതിരിക്കുമ്പോൾ തന്നെയാണ് ദളിത്, ആദിവാസി സമൂഹങ്ങളുടെ ഉന്നമനത്തിനും അവകാശങ്ങൾക്കും വേണ്ടി സി.പി.ഐ എമ്മിന്റെയും TNUEF -ന്റെയും നേതൃത്വത്തിലുള്ള ഇടതുപക്ഷ പ്രസ്ഥാനങ്ങൾ പോരാടുന്നത്. ഇത്തരത്തിൽ ഉള്ള സാമൂഹിക ഇടപെടലുകൾ മൂലം തമിഴ് ‌തിരഞ്ഞെടുപ്പ് രാഷ്ട്രീയത്തിൽ കമ്യൂണിസ്റ്റ് പ്രസ്ഥാനത്തിന് വലിയ തോതിലുള്ള ചലനം സൃഷ്ടിക്കുവാൻ കഴിഞ്ഞില്ലെങ്കിൽ പോലും തങ്ങളുടെ ആശയ സംഹിതകൾ തമിഴ് മണ്ണിൽ വേരുറപ്പിക്കും എന്നുതന്നെയാണ് പാർട്ടിയുടെ വിശ്വാസം. l

സൂചിക
1. Gupta, D. (2005). CASTE AND POLITICS: Identity over system. Annual Review of Anthropology, 34(1), 409-427. https://doi.org/10.1146/annurev.anthro.34.081804.120649
2. Sanil, A. (2023). Revisiting inequality and caste in state and social Laws: Perspectives of Manu, Phule and Ambedkar. CASTE / a Global Journal on Social Exclusion, 4(2), 267-287. https://doi.org/10.26812/caste.v4i2.50
3. Deshpande, M. S., Kerbo, H., & Project, S. (2010). HISTORY OF THE INDIAN CASTE SYSTEM AND ITS IMPACT ON INDIA TODAY.
4. Ram Ahuja. (1999). Society in India: Concepts, Theories and Recent Trends. Rawat Publication
5. Devakumar, J. (n.d.). Caste Clashes and Dalits Rights Violations in Tamil Nadu. In Scientist (Vol. 35, Issue 11).
6. Viswanathan, S. J. (2005). Dalits in Dravidian land: Frontline reports on Anti-Dalit violence in Tamil Nadu, 1995-2004. http://ci.nii.ac.jp/ncid/BB00155846?l=en
7. Manasa Rao. (2019, March 31). Watch: The history behind caste walls in Tamil Nadu. The News Minute. https://www.thenewsminute.com/delve/watch-history-behind-caste-walls-tamil-nadu-99246
8. Correspondent, S. (2016, September 22). G.O. issued for paying Rs.1.14 crore as compensation to Uthapuram Dalits. The Hindu. https://www.thehindu.com/news/cities/Madurai/G.O.-issued-for-paying-Rs.1.14-crore-as-compensation-to-Uthapuram-Dalits/article14020886.ece
9. Dalit resistance and the role of the left. (2016, October 5). https://www.anticaste.in/dalit-resistance-and-the-role-of-the-left/ 10. TNUEF’s Walk from Salem to Chennai demands law against ‘honour’ killings. (2017, July 2). https://www.anticaste.in/tnuef-chennai-salem-walk-against-honour-killings/
11. Land struggle by TNUEF in Dharmapuri. (2017b, March 25). https://www.anticaste.in/land-struggle-by-tnuef-in-dharmapuri/
12. More temple entry action in offing. (2009, November 15). https://www.anticaste.in/more-temple-entry-action-in-offing/
13. Sangari, S. S., & Socretes, K. (2024). Critical analysis of honour killings in Tamilnadu. SSRN Electronic Journal. https://doi.org/10.2139/ssm.4664890
14. M.K.C. (2023). Analysis of Caste-Based Honour Killings with Special Reference to Tamil Nadu. International Journal of Law and Social Sciences, 60-69. https://doi.org/10.60143/ijls.v8.11.2022.70
15. Nair, S. (2024, June 15). Marxist party office vandalised in Tamil Nadu for support to inter-caste marriage. India Today. https://www.indiatoday.in/india/tamil-nadu/story/tamil-nadu-tirunelveli-cpm-office-vandalised-tirunelveli-inter-caste-marriage-2553659-2024-06-15

ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

7 − 4 =

Most Popular