Friday, April 4, 2025

ad

Homeനിരീക്ഷണംലോക്‌സഭാ മണ്ഡല 
പുനർനിർണയ നീക്കം ആർഎസ്എസ് അജൻഡ

ലോക്‌സഭാ മണ്ഡല 
പുനർനിർണയ നീക്കം ആർഎസ്എസ് അജൻഡ

പ്രീജിത്ത്‌രാജ്‌

ലോക്‌സഭ മണ്ഡലങ്ങളുടെ പുനർനിർണയം ഏകപക്ഷീയമായി നടപ്പാക്കാനുള്ള കേന്ദ്ര നീക്കത്തിനെതിരെ രാജ്യത്തെ ജനാധിപത്യ വിശ്വാസികളെല്ലാം ശബ്ദമുയർത്തുന്നുണ്ട്. ജനാധിപത്യത്തേയും ഫെഡറൽതത്വങ്ങളേയും ഭരണഘടനാ മൂല്യങ്ങളേയും കാറ്റിൽ പറത്തിയാണ് മണ്ഡല പുനർനിർണയത്തിനായി കേന്ദ്രസർക്കാർ കരുക്കൾ നീക്കുന്നത്. ഇന്ത്യ നമ്മുടെ രാജ്യമാണ്. ആ രാജ്യത്തിന്റെ പരമാധികാരത്തില്‍ പങ്കാളിത്തവും പ്രാതിനിധ്യവും ഉറപ്പാക്കാന്‍ ഓരോ പൗരനും അവകാശമുണ്ട്. ജനാധിപത്യത്തിന്റെ പ്രകാശനം അങ്ങിനെയാണ് സാധ്യമാവുന്നത്. അത് യാഥാർത്ഥ്യമാവുന്നത് ജനങ്ങളുടെയും അവരുടെ സംസ്ഥാനത്തിന്റെയും ശബ്ദം ശക്തവും ശ്രദ്ധേയവുമായി മുഴങ്ങാൻ ഇന്ത്യൻ പാർലമെന്റിന്റെ അധോമണ്ഡലമായ ലോക്-സഭയിൽ പ്രാതിനിധ്യം ഉറപ്പാക്കുന്നതിലൂടെയാണ്. രാജ്യത്ത് നിലനിൽക്കുന്ന ഫെഡറല്‍ തത്വങ്ങൾ ഇതൊക്കെ ഉറപ്പാക്കുന്നുണ്ട്. അത് ഇല്ലാതാക്കാനാണ് ആർ എസ് എസ് – ബി ജെ പി സംഘപരിവാരം കേന്ദ്ര സർക്കാരിനെ ഉപയോഗിച്ച് ശ്രമിക്കുന്നത്.

സംസ്ഥാനങ്ങളുടെ യൂണിയൻ എന്നാണല്ലൊ ഇന്ത്യയുടെ നിർവ്വചനം. ഇന്ത്യൻ യൂണിയൻ ഗവണ്മെന്റും സംസ്ഥാന ഗവണ്മെന്റുകളും തമ്മിലുള്ള ബന്ധവും അധികാര വിതരണങ്ങളും ക്രമീകരിക്കാനായി ഭരണഘടന വിഭാവനം ചെയ്യുന്ന നിയമങ്ങളാണ് ഇന്ത്യയിലെ ഫെഡറലിസത്തെ രൂപപ്പെടുത്തിയിരിക്കുന്നത്. യൂണിയൻ ലിസ്റ്റ്, സംസ്ഥാന ലിസ്റ്റ്, കൺകറന്റ് ലിസ്റ്റ് എന്നിങ്ങനെ അധികാരങ്ങളും ബാധ്യതകളും വീതിക്കപ്പെട്ടിട്ടുണ്ട്. നിയമനിർമ്മാണം, അഡ്മിനിട്രേറ്റീവ് അധികാരങ്ങൾ, എക്സിക്യൂട്ടീവ് അധികാരങ്ങൾ തുടങ്ങിയവയിലെല്ലാം ഈ ആരോഗ്യകരമായ വിഭജനം കാണാനാവും. സംസ്ഥാനങ്ങൾ കൂടാതെ കേന്ദ്രഭരണപ്രദേശങ്ങൾ കൂടി ഉൾക്കൊള്ളുന്നതാണ് ഇന്ത്യയുടെ ഘടന. ഇവയിൽ ചില സംസ്ഥാനങ്ങൾക്ക് പ്രത്യേക പദവികളും നിലനിൽക്കുന്നുണ്ട്. അങ്ങനെയുള്ള നമ്മുടെ രാജ്യത്ത് നിലനിൽക്കുന്ന ജനാധിപത്യത്തെയും ഫെഡറിലസത്തേയും മതനിരപേക്ഷതയേയും നാനാത്വത്തിൽ ഏകത്വമെന്ന സങ്കൽപ്പത്തേയുമൊക്കെ ഒരു ഭാഗത്ത് നിന്ന് പൊളിച്ചടുക്കുക എന്ന ഉദ്ദേശ്യത്തോടെയാണ്, തീർത്തും രാഷ്ട്രീയമായ ലക്ഷ്യത്തോടെ ലോക്-സഭാ മണ്ഡലങ്ങളുടെ പുനർനിർണയത്തിനായി കേന്ദ്ര സർക്കാർ നടപടികൾ കൈക്കൊള്ളുന്നത്.

1951ലാണ് രാജ്യത്ത് ആദ്യത്തെ ജനറല്‍ ഇലക്ഷന്‍ നടന്നത്. അന്നത്തെ സെന്‍സസ് പ്രകാരം ഇന്ത്യയിലെ ജനസംഖ്യ 36കോടിയായിരുന്നു. ഭരണഘടനാതത്വം അനുസരിച്ച് ജനസംഖ്യാടിസ്ഥാനത്തില്‍ എല്ലാ ജനവിഭാഗങ്ങള്‍ക്കും ആനുപാതികമായ പ്രാതിനിധ്യം ലോക്-സഭയില്‍ ഉണ്ടാകണമെന്നുള്ളതുകൊണ്ട് ലോക്‌സഭാ സീറ്റുകളുടെ എണ്ണം 494ആയി നിശ്ചയിച്ചാണ് ആ തെരഞ്ഞെടുപ്പിനെ അഭിമുഖീകരിച്ചത്. 1961ൽ അടുത്ത സെൻസസ് നടന്നപ്പോൾ രാജ്യത്തെ ജനസംഖ്യ 44 കോടിയായി വർധിച്ചിരുന്നു. അപ്പോൾ പാർലമെന്റ് സീറ്റുകളുടെ എണ്ണത്തിലും ജനസംഖ്യാനുപാതികമായ വർധനവ് വരുത്തി. 522 ലോക്സഭാ മണ്ഡലങ്ങളെന്നുള്ള നിലയിൽ നിശ്ചയിച്ചു. തുടർന്ന് 1971ലെ സെൻസസിൽ രാജ്യത്തെ ജനസംഖ്യ 54 കോടിയായി വർധിച്ചപ്പോൾ പാർലമെന്റ് മണ്ഡലങ്ങളുടെ എണ്ണം 543 ആയി വർധിപ്പിച്ചു. അതാണ് ഇപ്പോഴും വർധനവില്ലാതെ തുടരുന്നത്. അന്ന് മണ്ഡലങ്ങളുടെ എണ്ണം നിർണയിച്ചത് 10 ലക്ഷം പേര്‍ക്ക് ഒരു ജനപ്രതിനിധി എന്നുള്ള നിലയിലായിരുന്നു. 1971ലാണ് പാർലമെന്റ് സീറ്റുകളുടെ എണ്ണം ഇനി വർധിപ്പിക്കേണ്ടതില്ലെന്ന ധാരണയിൽ മരവിപ്പിച്ചത്. അതിന് കാരണം രാജ്യം ജനസംഖ്യാ നിയന്ത്രണമെന്ന ലക്ഷ്യം പ്രഖ്യാപിച്ച് മുന്നോട്ടുപോയതാണ്. അക്കാലത്ത് ഇന്ത്യയിൽ കടുത്ത ഭക്ഷ്യക്ഷാമമായിരുന്നു. വ്യാവസായിക വിപ്ലവവും ഹരിത വിപ്ലവവുമൊക്കെ ആവിഷ്കരിച്ച് പ്രതിസന്ധികളെ അതിജീവിച്ച് മുന്നോട്ടുപോകാനുള്ള ശ്രമത്തിലായിരുന്നു ഇന്ത്യ. ആ സാഹചര്യത്തിലാണ് 1971ല്‍ ഭരണഘടനാ ഭേദഗതി ചെയ്ത് 2000വരെ ലോക്-സഭാ സീറ്റുകൾ മരവിപ്പിക്കാൻ തീരുമാനിക്കുന്നത്. 2000ത്തില്‍ വീണ്ടും ഭരണഘടന ഭേദഗതി ചെയ്തു. 2026വരെ പാർലമെന്റ് സീറ്റുകളുടെ എണ്ണം വര്‍ദ്ധിപ്പിക്കില്ല എന്ന തീരുമാനം കൈക്കൊണ്ടത് അപ്പോഴാണ്. ആ ഭേദഗതിക്കു പിന്നിലും ജനസംഖ്യാ വർധനവ് നിയന്ത്രിക്കുക എന്നതുതന്നെയായിരുന്നു കാരണം. ഇപ്പോൾ 2026ലേക്ക് പോവുകയാണ്. ആ സാഹചര്യത്തിലാണ് ആർ എസ് എസ് നിയന്ത്രിക്കുന്ന ബി ജെ പി നേതൃത്വത്തിലുള്ള കേന്ദ്ര സർക്കാർ പാർലമെന്റ് സീറ്റ് വർധിപ്പിക്കുന്നതിനായി മുന്നോട്ടുപോവുന്നത്.

ഈ നീക്കത്തിന് പിന്നിൽ ആർ എസ് എസ്സാണുള്ളത്. ഏകാത്മ മാനവദർശനവും “ഭാരതീയ സംസ്കാരത്തിനും ദേശീയതയ്ക്കും”ചേർന്ന രാജ്യവുമൊക്കെ ആവിഷ്കരിക്കാൻ ഭരണകൂടത്തെ ഉപയോഗിക്കുക എന്ന ആർ എസ് എസ് അജൻഡയുടെ ഭാഗമായാണ് ഫെഡറൽ തത്വങ്ങളെ അപ്രസക്തമാക്കുന്ന മണ്ഡലം പുനർനിർണയ നീക്കങ്ങൾ. രാജ്യത്തെ ജനങ്ങൾക്ക് വേണ്ടി എടുക്കുന്ന സുപ്രധാന തീരുമാനം എന്ന നിലയിലാണ് കേന്ദ്രം മുന്നോട്ടുപോവുന്നത്. സംഘപരിവാർ പ്രവർത്തകരും മോദി മീഡിയകളും അതിന്റെ പ്രചാരകരായി മാറുകയാണ്. പുതിയ പാർലമെന്റ് മന്ദിരം നിർമിച്ച്, 848 പേർക്ക് ഇരിക്കാൻ പറ്റുന്ന വിധത്തിൽ സീറ്റുകളുടെ എണ്ണം വർധിപ്പിച്ച്, പാർലമെന്റ് മണ്ഡലങ്ങളുടെ എണ്ണം വർധിപ്പിക്കാനുള്ള ആർ എസ് എസ് തീരുമാനം നടപ്പിലാക്കാനാണ് അവർ ചുരമാന്തുന്നത്.

ജനസംഖ്യാനുപാതികമായി ലോക്-സഭയിലെ സീറ്റുകൾ വർധിപ്പിക്കേണ്ടതുണ്ട് എന്ന് കേന്ദ്രസർക്കാർ പ്രതിനിധികളും ആർ എസ് എസ് – ബി ജെ പി സംഘപരിവാരവും പറയുമ്പോൾ ചിലർക്കെങ്കിലും അതിൽ ന്യായമുണ്ടെന്ന് തോന്നാം. കേന്ദ്രസർക്കാർ രണ്ട് രീതികളാണ് പാർലമെന്റ് മണ്ഡലം പുനർനിർണയത്തിന് മുന്നോട്ടുവെക്കാൻ പോകുന്നത്. ഒന്നാമത്തെ രീതി, നിലവിലുള്ള 543സീറ്റുകളുടെ എണ്ണം അതേപോലെ നിലനിർത്തിക്കൊണ്ട് പുനർവിതരണം ചെയ്യുക എന്നതാണ്. ജനസംഖ്യയെ അടിസ്ഥാനമാക്കി തന്നെയാണ് ഈ പുനര്‍വിതരണം നിശ്ചയിക്കപ്പെടുക. അപ്പോൾ കേരളത്തിനും തമിഴ്‌നാടിനും ആന്ധ്രപ്രദേശിനും തെലങ്കാനയ്-ക്കും കര്‍ണ്ണാടകയ്ക്കുമൊക്കെ പാർലമെന്റ് സീറ്റുകൾ നഷ്ടമാകും. രാജ്യത്ത് നടപ്പിലാക്കിയ ജനസംഖ്യാ നിയന്ത്രണ ക്യാമ്പയിൻ ഈ സംസ്ഥാനങ്ങളൊക്കെ ആത്മാർത്ഥമായി ഏറ്റെടുത്തതു കാരണം ജനസംഖ്യ നന്നായി നിയന്ത്രിക്കാനായി. എന്നാൽ, ഉത്തർപ്രദേശ് പോലുള്ള ഉത്തരേന്ത്യൻ സംസ്ഥാനങ്ങൾ ജനസംഖ്യാ നിയന്ത്രണത്തിന്റെ കാര്യത്തിൽ വൻ പരാജയമായിരുന്നു. അത്തരം സംസ്ഥാനങ്ങൾക്ക് ജനസംഖ്യാനുപാതികമായി ലോക്-സഭാ പുനർനിർണയം നടത്തുമ്പോൾ കൂടുതൽ സീറ്റുകൾ ലഭിക്കും.

ഉത്തര്‍പ്രദേശില്‍ നിലവില്‍ 80 ലോക്-സഭാ സീറ്റുകളാണുള്ളത്. ജനസംഖ്യാനുപാതത്തിൽ പുനർനിർണയം നടക്കുമ്പോൾ അത് 91സീറ്റായി വർധിക്കും. ഉത്തർപ്രദേശിൽ മാത്രം 11സീറ്റ് കൂടും. ബീഹാറില്‍ നിലവിലുള്ള 40സീറ്റ് 50 ആയി ഉയരും. രാജസ്ഥാനിലെ 25 പാർലമെന്റ് സീറ്റുകൾ 31ആയി വർധിപ്പിക്കും. മധ്യപ്രദേശിലെ 29സീറ്റുകൾ 33ആയി വർധിക്കും. നിലവിലുള്ള 543സീറ്റുകൾ നിലനിർത്തി ജനസംഖ്യാനുപാതികമായി പുനർനിർണയം നടത്തുമ്പോഴാണ് ഈ മാറ്റം ഉണ്ടാവുക. എന്നാൽ, തെക്കേ ഇന്ത്യൻ സംസ്ഥാനങ്ങളിൽ പാർലമെന്റ് സീറ്റുകൾ കുറയും. കേരളത്തിലെ 20സീറ്റുകൾ 12 ആയി കുറയും. തമിഴ്നാട്ടിലെ 39സീറ്റുകൾ 31സീറ്റായി കുറയും. തെക്കേ ഇന്ത്യയില്‍ 26 സീറ്റുകളാണ് ആകെ കുറയുക. 543 സീറ്റുകളുള്ള പാര്‍ലമെന്റില്‍ തെക്കേ ഇന്ത്യയുടെ പ്രാതിനിധ്യം എന്നത് 129സീറ്റാണ്. ലോക്-സഭയിലെ ശതമാനം കണക്കാക്കിയാൽ 24% ആണ്. മുകളിൽ പറഞ്ഞ രീതിയിൽ മണ്ഡലം പുനർനിർണയം നടക്കുകയാണെങ്കിൽ 5ശതമാനത്തിന്റെ കുറവുണ്ടാവും. ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളുടെ ശബ്ദത്തിന്റെ ശക്തി കുറയും. ഈ സംസ്ഥാനങ്ങളും ഇവിടുത്തെ ജനതയും അപ്രസക്തരാവും.

കേന്ദ്ര സർക്കാർ മുന്നോട്ടുവെക്കുന്ന രണ്ടാമത്തെ രീതിയിൽ, മണ്ഡലം പുനർനിർണയം ജനസംഖ്യാനുപാതികമായി നടത്തുകയാണെങ്കിൽ 848 പാർലമെന്റ് സീറ്റുകളാണ് സൃഷ്ടിക്കപ്പെടുക. അങ്ങിനെയാവുമ്പോൾ നിലവിലുള്ളതിൽ നിന്നും വലിയ വ്യത്യാസം ഉണ്ടാവും. നിലവിൽ ഉത്തര്‍പ്രദേശിലുള്ള 80 പാർലമെന്റ് സീറ്റുകൾ 143 സീറ്റായി വർധിക്കും. അതായത് 63സീറ്റ് കൂടും. ഉത്തര്‍പ്രദേശില്‍ ആരാണ് വിജയിക്കുക, അവർ രാജ്യം ഭരിക്കുമെന്നൊരു ചൊല്ലുണ്ട്. അത് യാഥാർത്ഥ്യമാവും. ബീഹാറിലെ 40സീറ്റുകൾ 79 ആയും രാജസ്ഥാനിലെ 25 സീറ്റുകൾ 50 ആയും മധ്യപ്രദേശിലെ 29 സീറ്റുകൾ 52ആയും വർധിക്കും. ഉത്തര്‍പ്രദേശും മധ്യപ്രദേശും രാജസ്ഥാനുമൊക്കെ ഭരിക്കുന്നത് ബി ജെ പി ആണെന്നതും ഇതിനൊപ്പം കൂട്ടിവായിക്കണം.

848 സീറ്റിലേക്ക് പോകുമ്പോൾ കേരളമടക്കമുള്ള ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളിലെ മണ്ഡലങ്ങളിൽ വലിയ വർധനവ് ഉണ്ടാവുകയുമില്ല. കേരളത്തിലെ 20 മണ്ഡലങ്ങൾ അതുപോലെ നിലനിൽക്കും. തമിഴ് നാടിന് 10 മണ്ഡലങ്ങളുടെ വർധനവ് ഉണ്ടാവും. ആന്ധ്രപ്രദേശിലും തെലങ്കാനയിലും കൂടി 12 മണ്ഡലങ്ങളുടെ വർധനവ് ഉണ്ടാകും. കര്‍ണ്ണാടകയില്‍ 13 മണ്ഡലങ്ങളുടെ വർധനവ് ഉണ്ടാകും. ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളിൽ മൊത്തത്തിൽ 35 മണ്ഡലങ്ങൾ മാത്രമാണ് കൂടുക. വടക്കേ ഇന്ത്യയില്‍ ഉത്തർപ്രദേശ് അടക്കമുള്ള നാല് സംസ്ഥാനങ്ങളിൽ മാത്രം 150 മണ്ഡലങ്ങൾ വർധിക്കുന്നിടത്താണ് ദക്ഷിണേന്ത്യയിലാകെ 35 മണ്ഡലങ്ങൾ വർധിക്കുന്നത്. ദക്ഷിണേന്ത്യ അഭിമുഖീകരിക്കുന്ന ഈ പ്രശ്നം പഞ്ചാബിനും പശ്ചിമബംഗാളിനും ഒഡീഷയ്ക്കും നോർത്ത് ഈസ്റ്റ് സംസ്ഥാനങ്ങൾക്കും ബാധകമാവും. ഇപ്പോൾ ഇന്ത്യൻ പാർലമെന്റിലുള്ള ദക്ഷിണേന്ത്യയുടെ 24ശതമാനം പ്രാതിനിധ്യം പരിഗണനാർഹമല്ലാത്ത വിധത്തിൽ കുറയും. ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളുടെ ശബ്ദം തീരെ ഇല്ലാതാവും.

ഈ വിധത്തിൽ മണ്ഡലം പുനർനിർണയിക്കുന്നത് രാജ്യത്തിന്റെ ഫെഡറല്‍ തത്വങ്ങൾക്ക് എതിരാണ്. എല്ലാ സംസ്ഥാനങ്ങള്‍ക്കും അവരവരുടെ ജനസംഖ്യാനുപാതികമായി, സംസ്ഥാനത്തിന്റെ ശക്തിക്കനുസൃതമായി ലോക്-സഭയിൽ പ്രാതിനിധ്യം ഉണ്ടാവണം. അതിന് വിരുദ്ധമായി മണ്ഡലം പുനർനിർണയം നടത്തുമ്പോൾ പല സംസ്ഥാനങ്ങളും ദുർബലപ്പെടും. മണ്ഡലം പുനർനിർണയം തുല്യത ഉറപ്പുവരുത്തിക്കൊണ്ടാവണം. ഫെഡറൽ തത്വങ്ങൾ ഉറപ്പുവരുത്തുകയും വേണം. കേന്ദ്രസർക്കാർ ഇപ്പോൾ നടത്തുന്നത് ഫെഡറൽ തത്വങ്ങൾക്ക് വിരുദ്ധമായ നീക്കമാണ്. അത് ജനാധിപത്യ വിരുദ്ധവുമാണ്.

ആർ എസ് എസ് – ബി ജെ പി സംഘപരിവാരം ഉദ്ദേശിക്കുന്ന രീതിയിൽ 848 ലോക്-സഭാ മണ്ഡലങ്ങളായി പുനർനിർണയം നടത്തുമ്പോൾ മുകളിൽ സൂചിപ്പിച്ച ഉത്തർപ്രദേശിലും രാജസ്ഥാനിലും മധ്യപ്രദേശിലും ബീഹാറിലും മഹാരാഷ്ട്രയിലും ഗുജറാത്തിലും ബി ജെ പി മുന്നണി മികച്ച വിജയം നേടിയാൽ 28 സംസ്ഥാനങ്ങളുള്ള നമ്മുടെ രാജ്യത്തിന്റെ അധികാരം സംഘപരിവാർ ശക്തികൾക്ക് സ്വന്തമാക്കാൻ സാധിക്കും. കേരളത്തെ സംബന്ധിച്ച് നമുക്കുള്ള 20 ലോക്-സഭാ മണ്ഡലങ്ങൾ പ്രധാനപ്പെട്ടവയാണ്. മറ്റ് സംസ്ഥാനങ്ങൾക്കും അവരുടെ ലോക്-സഭാ മണ്ഡലങ്ങൾ പ്രധാനപ്പെട്ടത് തന്നെയാണ്. അവിടുത്തെ പൗരർക്ക് തങ്ങളുടെ ഭാഗധേയം നിർണയിക്കുന്ന പാർലമെന്റിൽ തങ്ങളുടെ പ്രാതിനിധ്യം ഉറപ്പാക്കണം. ആ അവകാശം നിഷേധിക്കപ്പെടാൻ പാടില്ല.

രാജ്യത്തെ ഓരോ പൗരന്റേയും ശബ്ദം കേൾക്കാനും അവരിൽ നിന്നും ഉയരുന്ന വിമർശനങ്ങൾ ഉൾക്കൊള്ളാനും കാര്യങ്ങളെല്ലാം ജനങ്ങളെ ബോധ്യപ്പെടുത്താനുമുള്ള ബാധ്യത ഒരു ജനാധിപത്യ രാജ്യത്തിനുണ്ട്. മണ്ഡല പുനർനിർണയം നടപ്പിലാക്കുമ്പോൾ ദക്ഷിണേന്ത്യയെ പൂർണമായും ഒഴിവാക്കുന്ന നിലയുണ്ടാവും. അതിനുള്ള പരിശ്രമമാണ് സംഘപരിവാരം നടത്തുന്നത്. ബി ജെ പിക്ക് ശക്തിപ്രാപിക്കാൻ സാധിക്കാത്ത സംസ്ഥാനങ്ങളെ ഒതുക്കുക എന്ന അജൻഡയാണ് ആർ എസ് എസ് – ബി ജെ പി സംഘപരിവാരം മുന്നോട്ടുവെക്കുന്നത്.

1971ല്‍ ഇന്ത്യയുടെ ജനസംഖ്യ 55 കോടി ആയിരുന്നല്ലൊ. നിലവിൽ 140കോടിയാണ് ജനസംഖ്യ. അന്നത്തേക്കാൾ മൂന്നിരട്ടിയായി ജനസംഖ്യ വർധിച്ചിരിക്കുന്നു. അഞ്ച് പതിറ്റാണ്ടായി 543 ലോക്-സഭാ മണ്ഡലങ്ങളാണ് രാജ്യത്തുള്ളത്. നമ്മുടെ ജനാധിപത്യത്തിന് അതുകൊണ്ട് ഒരു മങ്ങലുമേറ്റിട്ടില്ല. നിലവിൽ എല്ലാ സംസ്ഥാനങ്ങള്‍ക്കും അതിന്റേതായ പ്രാതിനിധ്യം ഉറപ്പിക്കാന്‍ കഴിഞ്ഞിട്ടുണ്ട്. അവരവരുടെ ശക്തി പ്രകടിപ്പിക്കാനുമായിട്ടുണ്ട്. ആരോഗ്യകരമായ രീതിയിൽ ഈ സംവിധാനം മുന്നോട്ടുപോകുമ്പോൾ തങ്ങളുടെ രാഷ്ട്രീയ അജൻഡ നടപ്പിലാക്കാൻ ആർ എസ് എസ് – ബി ജെ പി സംഘപരിവാരം ശ്രമിക്കുന്നു. ഒരു രാജ്യം ഒരു തിരഞ്ഞെടുപ്പ് എന്ന സംഘപരിവാർ മുദ്രാവാക്യം നടപ്പിലാക്കുന്നതിന് മുന്നോടിയായാണ് ഇപ്പോഴത്തെ സമ്മർദ്ദ തന്ത്രങ്ങൾ. രാജ്യത്ത് നിലവിലുള്ള വൈവിധ്യങ്ങളേയും ഫെഡറിലസത്തേയും നാനാത്വത്തിൽ ഏകത്വമെന്ന ആശയത്തേയുമൊന്നും ആർ എസ് എസ് സംഘപരിവാരം അംഗീകരിക്കുന്നില്ല. സംസ്ഥാനങ്ങളെ ഇല്ലാതാക്കുക, അധികാര വികേന്ദ്രീകരണത്തെ ഇല്ലാതാക്കുക എന്ന, തങ്ങളുടെ ലക്ഷ്യത്തിലേക്കാണ് അവർ ഉന്നം വെക്കുന്നത്. ഒരൊറ്റ രാജ്യം, ഒരു ഭരണകൂടം, ഒരു നിയമ നിര്‍മ്മാണ സഭ, ഒരു എക്‌സിക്യൂട്ടീവ് എന്ന ആർ എസ് എസ് അജൻഡയാണത്.

അഞ്ഞൂറിലേറെ നാട്ടുരാജ്യങ്ങൾ ചേർന്ന് ഇന്ത്യയെന്ന രാജ്യം രൂപപ്പെടുത്തുന്നതിൽ ആർ എസ് എസ് – ബി ജെ പി സംഘപരിവാരത്തിന് യാതൊരു പങ്കുമുണ്ടായിരുന്നില്ല. സൂര്യനസ്തമിക്കാത്ത ബ്രിട്ടീഷ് സാമ്രാജ്യത്വത്തിനെതിരായ സ്വാതന്ത്ര്യ സമരത്തിന്റെ ഭാഗമായി ഉരുത്തിരിഞ്ഞുവന്ന ദേശീയതയാണ് ഇന്ത്യയുടെ ദേശീയത. അത് വൈവിധ്യാധിഷ്ഠിതമാണ്. നാനാത്വത്തിൽ ഏകത്വമെന്ന ആശയം ഉയർത്തിപ്പിടിക്കുന്നതാണ്. നമ്മുടെ രാജ്യത്ത് ഒറ്റ ഭാഷയല്ല സംസാരിക്കുന്നത്. ഒരു വേഷവും ഒരു ഭക്ഷണ രീതിയും ഒരു സംസ്കാരവുമല്ല നമുക്കുള്ളത്. ആ വൈവിധ്യത്തെയാണ് ആർ എസ് എസ് – ബി ജെ പി സംഘപരിവാരം നിഷേധിക്കാൻ ഒരുങ്ങുന്നത്. സംഘപരിവാർ മുന്നോട്ടുവെക്കുന്ന ദേശീയത അവരുടെ ഹിന്ദുത്വ ആശയത്തിന്റെ ഭാഗമാണ്. അത് നടപ്പിലാക്കാനുള്ള നീക്കമാണ് ഇപ്പോൾ കേന്ദ്ര സർക്കാരിനെ ഉപയോഗിച്ച് നടത്തുന്നത്.

നിലവിലെ സീറ്റ്‌ നിലനിർത്തി പുനർനിർണയ നടപടികൾ 25 വർഷത്തേക്ക്‌ മരവിപ്പിക്കുകയാണ് വേണ്ടത്. ലോക്‌സഭാ മണ്ഡല പുനർനിർണയ വിഷയത്തിൽ അഭിപ്രായസമന്വയം വഴി തീരുമാനമെടുക്കാൻ കേന്ദ്ര സർക്കാർ തയ്യാറാവണം. ഒരു സംസ്ഥാനത്തിന്റെയും ആനുപാതിക സീറ്റ്‌ വിഹിതത്തിൽ കുറവ് വരരുത്‌. കേന്ദ്ര നിയമപ്രകാരം ജനസംഖ്യാ നിയന്ത്രണം കാര്യക്ഷമമായി നടപ്പാക്കിയ സംസ്ഥാനങ്ങൾക്ക്‌ ശിക്ഷയും വീഴ്‌ചവരുത്തിയ സംസ്ഥാനങ്ങൾക്ക് പാരിതോഷികവുമെന്ന സ്ഥിതിയുണ്ടാകാൻ പാടില്ല. സംസ്ഥാനങ്ങൾക്കിടയിൽ ജനസംഖ്യ അസമത്വമുള്ളതിനാൽ പുനർനിർണയം ഭരണഘടനാ ഭേദഗതിയിലൂടെ 2026-നു ശേഷമുള്ള ആദ്യ സെൻസസ് (2031) വരെ മരവിപ്പിച്ചിരിക്കുകയാണ്‌. അത്‌ കണക്കിലെടുക്കാതെയാണ്‌ കേന്ദ്ര സർക്കാരിന്റെ ധൃതിപിടിച്ച നീക്കം. ലോക്‌സഭാ മണ്ഡലങ്ങളുടെ പുനർനിർണയം ഏകപക്ഷീയമായി നടപ്പാക്കാനുള്ള കേന്ദ്ര ശ്രമത്തിനെതിരെ തമിഴ്‌നാട്‌ സംസ്ഥാനത്തിന്റെ നേതൃത്വത്തിൽ നടത്തിയ സമ്മേളനത്തിൽ കേരളത്തിന്റെ മുഖ്യമന്ത്രി പിണറായി വിജയൻ, പഞ്ചാബ് മുഖ്യമന്ത്രി ഭഗവന്ത് മൻ, തെലങ്കാന മുഖ്യമന്ത്രി രേവന്ത് റെഡ്ഡി, കർണാടക ഉപമുഖ്യമന്ത്രി ഡി കെ ശിവകുമാർ തുടങ്ങിയ മുതിർന്ന രാഷ്ട്രീയ നേതാക്കൾ സമ്മേളനത്തിൽ പങ്കാളികളായി. മണ്ഡല പുനർ നിർണയവുമായി ബന്ധപ്പെട്ട ഏത് നീക്കത്തേയും തടയുമെന്നാണ് സമ്മേളനം അംഗീകരിച്ച പ്രമേയത്തിൽ പറഞ്ഞത്. ലോക്സഭാ മണ്ഡലങ്ങൾ പുനർനിർണയം നടത്താനുള്ള ആർ എസ് എസ് – ബി ജെ പി സംഘപരിവാരത്തിന്റെ ശ്രമങ്ങളെ പ്രതിരോധിക്കാൻ ഇന്ത്യ നിലനിൽക്കണമെന്ന് ആഗ്രഹിക്കുന്ന എല്ലാ ജനാധിപത്യ വിശ്വാസികളും മുന്നോട്ടുവരേണ്ടതുണ്ട്. l

ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

eight + 15 =

Most Popular