Saturday, January 24, 2026

ad

Homeനിരീക്ഷണംപൊതുവിദ്യാഭ്യാസത്തെ 
പകൽ വെളിച്ചത്തിൽ 
കൊല്ലുന്ന നാട്

പൊതുവിദ്യാഭ്യാസത്തെ 
പകൽ വെളിച്ചത്തിൽ 
കൊല്ലുന്ന നാട്

സത്യേഷ ലെയുവ, നിതീഷ് നാരായണൻ

ഗുജറാത്ത് സർക്കാർ തന്നെ നിയമസഭയിൽ സമർപ്പിച്ച കണക്ക് ചർച്ചചെയ്യപ്പെടേണ്ടതാണ്. 1606 ഗവൺമെന്റ് പ്രൈമറി സ്കൂളുകളിൽ ഒരോ ടീച്ചർ മാത്രമാണുള്ളതെന്നാണ് ആ കണക്ക് വെളിപ്പെടുത്തുന്നത്. അതായത് ഒന്ന് മുതൽ എട്ട് വരെയുള്ള ക്ലാസുകളിലെ കുട്ടികളെ എല്ലാ വിഷയങ്ങളും പഠിപ്പിക്കാൻ നിയോഗിക്കപ്പെട്ടിരിക്കുന്നത് ഒരേയൊരു ടീച്ചർ. പഠിപ്പിക്കുന്നതിനൊപ്പം സ്കൂൾ നടത്തിപ്പുമായി ബന്ധപ്പെട്ട കാര്യങ്ങളും അതേ അധ്യാപിക/അധ്യാപകൻ തന്നെ ചെയ്യണം. 2022 ൽ ഏകാധ്യാപക വിദ്യാലയത്തിന്റെ എണ്ണം 700 ആയിരുന്നു. ഒരു വർഷത്തിനിടയിൽ അത് ഇരട്ടിയിലേറെയായി. ഗുജറാത്തിലെ പൊതുവിദ്യാഭ്യാസത്തിന്റെ തകർച്ച മനസ്സിലാക്കാൻ ഈ ഒരൊറ്റ കണക്കുമാത്രം മതിയാകും.

വിദ്യാഭ്യാസ മേഖല ഏറ്റവും വേഗത്തിൽ പൂർണമായും സ്വകാര്യവൽക്കരിക്കപ്പെട്ടുകൊണ്ടിരിക്കുന്ന സംസ്ഥാനമാണ് ഗുജറാത്ത്. ഗവൺമെന്റ് സ്കൂളുകളെ തകർത്തുകൊണ്ടാണ് തുടർച്ചയായ ബി ജെ പി സർക്കാരുകൾ കോർപ്പറേറ്റുകളുടെ ഇംഗിതത്തിനായി വിദ്യാർഥികളുടെ ജീവിതം വലിച്ചെറിഞ്ഞുകൊടുക്കുന്നത്. പൊതുവിദ്യാഭ്യാസത്തെ ശക്തിപ്പെടുത്താതെ ഇന്ത്യയെ പോലെ ദരിദ്രകോടികളുടേതായ ഒരു രാജ്യത്തെ ജനാധിപത്യത്തെ സംരക്ഷിക്കാനാകില്ല. ഇന്ത്യയിൽ രൂക്ഷമായിക്കൊണ്ടിരിക്കുന്ന സാമ്പത്തികവും സാമൂഹികവുമായ അസമത്വം കുറച്ചുകൊണ്ടുവരാനുള്ള ആദ്യത്തെ ഉപാധികളിലൊന്ന് എല്ലാവർക്കും ഉന്നത് ഗുണനിലവാരത്തിലുള്ളതും മികച്ച സൗകര്യങ്ങളോടുകൂടിയതുമായ വിദ്യാഭ്യാസ സാഹചര്യം ലഭ്യമാക്കുക എന്നതു തന്നെയാണ്. എന്നാൽ ഈ അസമത്വം ഏറ്റവും തീവ്രമായി നിലനിൽക്കുകയും പെരുകുകയും ചെയ്യുന്ന ഗുജറാത്തിൽ തന്നെയാണ് സ്കൂൾ വിദ്യാഭ്യാസം ഏറ്റവും അപകടകരമായ സ്ഥിതിയിലെത്തിനിൽക്കുന്നത് എന്ന് കാണാനാകും.

ഗുജറാത്തിലെ സ്കൂളുകളിൽ പത്തൊൻപതിനായിരത്തിലേറെ അധ്യാപക തസ്തികകൾ ഒഴിഞ്ഞുകിടക്കുന്നുവെന്നാണ് ഔദ്യോഗിക രേഖകൾ സാക്ഷ്യപ്പെടുത്തുന്നത്. രാജ്യത്തുതന്നെ ഏറ്റവും കുറവ് അധ്യാപക നിയമനം നടക്കുന്ന സംസ്ഥാനങ്ങളിലൊന്നാണ് ഗുജറാത്ത്. അതിനാൽ തന്നെ ഏറ്റവും ഉയർന്ന വിദ്യാർത്ഥി-–അധാപക അനുപാതങ്ങളിലൊന്നും ഇവിടെ ത്തന്നെ. സ്കൂൾ ലയിപ്പിക്കലിന്റെ പേരിൽ 5223 സ്കൂളുകൾ പൂട്ടുമെന്ന് 2000 ൽ തന്നെ ഗുജറാത്ത് ഗവണ്മെന്റ് പ്രഖ്യാപിച്ചിരുന്നു. അതവർ ദ്രുതവേഗത്തിൽ നടപ്പിലാക്കുകയാണ്. പൊതുവിദ്യാഭ്യാസത്തിൽ നിന്നും ഗവണ്മെന്റ് പൂർണമായും പിന്മാറുകയാണെന്നതിന്റെ എല്ലാ ലക്ഷണങ്ങളും ഗുജറാത്തിൽ കാണാം.

2024 ലെ ആന്വൽ സ്റ്റാറ്റസ് ഫോർ എജൂക്കേഷൻ റിപ്പോർട്ട് അനുസരിച്ച് ഗ്രാമീണ ഗുജറാത്തിലെ ആറിൽ ഒന്ന് ഗവണ്മെന്റ് സ്കൂളിലും വെള്ളമില്ല. നാലിലൊന്ന് സ്കൂളുകളിൽ ടോയ്ലറ്റ് സൗകര്യമില്ല. പകുതിയിലേറെ സ്കൂളുകളിൽ വൈദ്യുതിയോ കമ്പ്യൂട്ടർ സൗകര്യമോ ഇല്ല. പല സ്കൂളുകളും പ്രവർത്തിക്കുന്നത് ഒറ്റമുറിയുള്ളതോ ഒട്ടും സുരക്ഷിതമല്ലാത്തതോ ആയ കെട്ടിടങ്ങളിലാണ്. വിദ്യാഭ്യാസത്തിന്റെ ഗുണനിലവാരത്തിന്റെ കാര്യത്തിലും ചിത്രം വ്യത്യസ്തമല്ല. മൂന്നാം തരത്തിൽ പഠിക്കുന്ന എഴുപത്തി നാല് ശതമാനം കുട്ടികൾക്കും എഴുതാൻ അറിയില്ലെന്ന ഞെട്ടിപ്പിക്കുന്ന കണക്കും അതേ റിപ്പോർട്ട് പങ്കുവെക്കുന്നുണ്ട്. അഞ്ചാം തരത്തിലെത്തിയ വിദ്യാർത്ഥികളിൽ 54 ശതമാനത്തിനും എട്ടാം തരത്തിലെ 24 ശതമാനം വിദ്യാർത്ഥികൾക്കും എഴുതാൻ അറിയില്ല. പൊതുവിദ്യാലയങ്ങളുടെ ഈ ശോച്യാവസ്ഥമൂലം ഗുജറാത്തിലെ രക്ഷിതാക്കൾ കുട്ടികളെ സ്വകാര്യ സ്ഥാപനങ്ങളിലയക്കാൻ നിർബന്ധിതരാവുകയാണ്.

ഗുജറാത്തിലെ സ്കൂളുകളിൽ പത്താം ക്ലാസ് പഠനം പോലും പൂർത്തിയാക്കാതെ പുറത്തുപോകേണ്ടിവരുന്ന കുട്ടികളുടെ എണ്ണം ഭയപ്പെടുത്തുന്നതാണ്. 2014 ൽ ഏകദേശം 17 ലക്ഷം വിദ്യാർഥികളാണ് ഒന്നാം ക്ലാസിൽ ചേർന്നതെങ്കിൽ അതിൽ പത്താം ക്ലാസിലെത്തിയത് 10.5 ലക്ഷം പേർ മാത്രമാണ്. ആറര ലക്ഷത്തിലേറെ കുട്ടികൾക്ക് സ്കൂൾ വിദ്യാഭ്യാസം പോലും പൂർത്തിയാക്കാനാകാത്ത നാടായി ഗുജറാത്തിനെ ബിജെപി ഭരണം മാറ്റിയിരിക്കുന്നു. ഒന്നാം ക്ലാസിൽ ചേരുന്ന മൂന്ന് കുട്ടികളിൽ ഒരാൾ മാത്രമാണ് പ്ലസ് ടു വരെയെങ്കിലും പഠിക്കുന്നത്. ദേശീയ ശരാശരിയേക്കാൾ എത്രയോ അധികമാണ് ഗുജറാത്തിൽ പഠനം അവസാനിപ്പിക്കേണ്ടിവരുന്ന കുട്ടികളുടെ തോത്.

എന്നാൽ ഈ ദയനീയമായ സർക്കാർ സംവിധാനത്തിൽ വിശ്വാസം നഷ്ടപ്പെട്ട് മക്കളെ സ്വകാര്യ സ്ഥാപനങ്ങളിൽ ചേർക്കുന്നവർക്ക് നേരിടേണ്ടിവരുന്നതെന്താണ്? ഗുജറാത്തിലെ സൂറത്തിൽ ഫീസ് കൊടുക്കാനില്ലാത്തതിനാൽ ഒരു എട്ടാം ക്ലാസ് വിദ്യാർത്ഥിനി ആത്മഹത്യ ചെയ്തത് സമീപകാലത്താണ്. ഗവണ്മെന്റ് സ്കൂളിൽ തന്റെ മകൾക്ക് ശരാശരി നിലവാരത്തിലുള്ള വിദ്യാഭ്യാസം പോലും ലഭിക്കില്ല എന്ന് ഉറപ്പായ രക്ഷിതാക്കൾ അവളെ സ്വകാര്യ സ്കൂളിൽ ചേർക്കാൻ നിർബന്ധിതരാവുകയായിരുന്നു. കൂലിപ്പണിക്കാരായ അവർക്ക് പക്ഷേ മകളുടെ ഫീസ് അടക്കാനുള്ള പണം കൃത്യസമയത്ത് സംഘടിപ്പിക്കാനായില്ല. മറ്റൊരു വിദ്യാർത്ഥി ആത്മഹത്യാശ്രമം നടത്തിയതിന്റെ വാർത്തയും മാസങ്ങൾക്ക് മുൻപ് പുറത്തുവന്നിരുന്നു. ഇന്ത്യയിൽ തന്നെ ഏറ്റവും കുറവ് കൂലിയുള്ള സംസ്ഥാനങ്ങളിൽ ആദ്യനിരയിലാണ് ഗുജറാത്തിന്റെ സ്ഥാനമെന്നും ഓർക്കണം. റിസർവ് ബാങ്ക് ഓഫ് ഇന്ത്യയുടെ 2022 ലെ രേഖ അനുസരിച്ച് കേരളത്തിലെ ഒരു നിർമാണ തൊഴിലാളിക്ക് 837 രൂപ ദിവസക്കൂലി ലഭിക്കുമ്പോൾ ഗുജറാത്തിലത് 296 രൂപ മാത്രമാണ്. കാർഷിക-കാർഷികേതര തൊഴിലുകളുടെയും സ്ഥിതി സമാനമാണ്. ഇത്രയും തുച്ഛമായ വരുമാനം മാത്രമുള്ള രക്ഷിതാക്കളെ സംബന്ധിച്ചിടത്തോളം മക്കളുടെ സ്കൂൾ ഫീസ് താങ്ങാനാവുന്നതല്ല. ഒന്നുകിൽ അടിസ്ഥാന സൗകര്യങ്ങൾ പോലും ഇല്ലാത്തതും, കുട്ടികളെ അക്ഷരം പഠിപ്പിക്കാൻ പോലുമുള്ള ഗുണനിലവാരമില്ലാത്തതുമായ സ്കൂളുകളിൽ കുട്ടികളെ അയക്കുക, അല്ലെങ്കിൽ ഫീസ് അടയ്ക്കാനില്ലാത്തതിനാൽ മക്കളുടെ പഠനം അവസാനിപ്പിക്കുക, ഇതിലൊന്ന് തിരഞ്ഞെടുക്കാൻ ഗുജറാത്തിലെ തൊഴിലാളികളും ദരിദ്രരുമായ രക്ഷിതാക്കൾ നിർബന്ധിതരാവുകയാണ്.

ഗുജറാത്തിലെ വിദ്യാഭ്യാസനയം പൂർണമായും കോർപ്പറേറ്റുകളുടെ താല്പര്യങ്ങൾക്ക് വഴങ്ങിയ ഒന്നാണ്. തൊഴിലാളികളുടെയും പിന്നാക്ക വിഭാഗങ്ങളിലെ കുടുംബങ്ങളിലെയും കുട്ടികൾക്ക് പ്രാഥമികമായ വിദ്യാഭ്യാസം പോലും ലഭിക്കാത്ത നാടായി അവിടം മാറിക്കൊണ്ടിരിക്കുകയാണ്. ഗുജറാത്തിൽ നടപ്പിലാക്കിയ സമ്പൂർണമായും ജന വിരുദ്ധമായ ഈ വിദ്യാഭ്യാസക്രമമാണ് ദേശീയ വിദ്യാഭ്യാസ നയത്തിലൂടെ ഇന്ത്യയിലെമ്പാടും വ്യാപിപ്പിക്കാൻ മോദി സർക്കാർ ലക്ഷ്യമിടുന്നത്. l
(എസ് എഫ് ഐ അഖിലേന്ത്യാ വൈസ് പ്രസിഡന്റാണ് 
നിതീഷ് നാരായണൻ. ഗുജറാത്തിൽ നിന്നുള്ള കേന്ദ്ര കമ്മറ്റിയംഗമാണ് സത്യേഷ ലെയുവ)

ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

seventeen − 9 =

Most Popular