Saturday, April 5, 2025

ad

Homeനിരീക്ഷണംകൊല്ലം സമ്മേളനത്തിന്റെ സന്ദേശം

കൊല്ലം സമ്മേളനത്തിന്റെ സന്ദേശം

എം വി ഗോവിന്ദൻ

കൊല്ലത്ത് മാർച്ച് ആറ് മുതൽ ഒമ്പതുവരെ ചേർന്ന സി പി ഐ എം സംസ്ഥാന സമ്മേളനം എല്ലാ അർഥത്തിലും പാർട്ടിക്കും എൽ ഡി എഫ് സർക്കാരിനും പുതുജീവൻ നൽകുന്നതാണ്. പുതിയ കാലത്തിന്റെ സ്പന്ദനങ്ങളും വെല്ലുവിളികളും ഒരുപോലെ ഏറ്റെടുക്കാൻ കെൽപ്പുള്ള പാർട്ടിയാണ് സിപിഐ എം എന്ന് വ്യക്തമാക്കുന്ന ചർച്ചകളും തീരുമാനങ്ങളുമാണ് കൊല്ലത്തുണ്ടായത്. മധുരയിൽ ഏപ്രിൽ രണ്ട് മുതൽ ആറ് വരെ നടക്കുന്ന 24–-ാം പാർട്ടി കോൺഗ്രസിന്റെ ഭാഗമായി ചേർന്ന സംസ്ഥാന സമ്മേളനം കേരളം ഇന്നുവരെ കണ്ടതിൽ വെച്ചേറ്റവും വലിയ ജനമുന്നേറ്റത്തോടെയാണ് സമാപിച്ചത്. കാൽ ലക്ഷം റെഡ് വളന്റിയർമാരും രണ്ട് ലക്ഷത്തിലധികം ബഹുജനങ്ങളും സീതാറാം യെച്ചൂരി നഗർ ലക്ഷ്യമാക്കി നീങ്ങിയപ്പോൾ അത് പാർട്ടിയുടെ ചരിത്രത്തിലെ വലിയ ബഹുജന മുന്നേറ്റമായി മാറി. 89 അംഗ സംസ്ഥാന സമിതി, 17 അംഗ സംസ്ഥാന സെക്രട്ടറിയറ്റ്, അഞ്ചംഗ കൺട്രോൾ കമ്മീഷൻ, 175 അംഗ പാർട്ടി കോൺഗ്രസ് പ്രതിനിധികൾ, സംസ്ഥാന സെക്രട്ടറി എന്നീ തെരഞ്ഞെടുപ്പുകൾ പൂർത്തിയാക്കിയാണ് സംസ്ഥാന സമ്മേളനം പിരിഞ്ഞത്. രാജ്യത്തെ ഏക ഇടതുപക്ഷ സർക്കാരിനെ താഴത്തിറക്കാൻ ശ്രമിക്കുന്ന കേന്ദ്ര സർക്കാരിനും അവർക്കൊപ്പം ചേരുന്ന വലതുപക്ഷ-വർഗീയ – പിന്തിരിപ്പൻ ശക്തികൾക്കും മാധ്യമങ്ങൾക്കും ജനങ്ങൾ നൽകുന്ന മറുപടിയായിരുന്നു കൊല്ലത്തെ സമ്മേളനവും അവിടെ തടിച്ചുകൂടിയ ജനസാഗരവും.

സംഘടനാരംഗത്തും രാഷ്ട്രീയ രംഗത്തും കഴിഞ്ഞ മൂന്നു വർഷക്കാലം കൈക്കൊണ്ട സമീപനങ്ങളെ ഇഴകീറി പരിശോധിച്ചതോടൊപ്പം കടുത്ത കേന്ദ്ര അവഗണനയ്ക്കിടയിലും കേരളത്തിന്റെ വികസനം മുന്നോട്ടു കൊണ്ടുപോകുന്നതിനുള്ള പുതുവഴികളും സമ്മേളനം ചർച്ച ചെയ്യുകയുണ്ടായി. പ്രവർത്തനറിപ്പോർട്ടിന്മേൽ ഏഴര മണിക്കൂർ നീണ്ട ചർച്ചയിൽ 47 പേർ പങ്കെടുത്തു. പിണറായി വിജയൻ അവതരിപ്പിച്ച “നവകേരളത്തെ നയിക്കാൻ പുതുവഴികൾ’ എന്ന രേഖയിന്മേൽ നടന്ന നാലു മണിക്കൂർ ചർച്ച നടന്നു. പൊതുവെ ഗൗരവമാർന്ന, ചൈതന്യമുള്ള ചർച്ചയാണ് നടന്നത്. സ്വയം വിമർശനത്തിന്റെ അടിസ്ഥാനത്തിലായിരുന്നു ചർച്ച. 5.64 ലക്ഷം വരുന്ന അംഗങ്ങളിൽ 88.89 ശതമാനവും സോവിയറ്റ് യൂണിയന്റെ പതനത്തിനു ശേഷം അംഗങ്ങളായവരാണ്. 54.89 ശതമാനവും 2015 നു ശേഷം പാർട്ടിയിലേക്ക് കടന്നു വന്നവരാണ്. അതു കൊണ്ടുതന്നെ പുതുതായി കടന്നു വരുന്നവരെ രാഷ്ട്രീയവൽക്കരിക്കുക എന്നത് കൊല്ലം സമ്മേളനം പ്രധാന കടമയായി ഏറ്റെടുക്കുകയുണ്ടായി. അതിനായി പാർട്ടി വിദ്യാഭ്യാസം ശക്തമാക്കുന്നതിനൊപ്പം ദിനാചരണങ്ങൾ പോലുള്ള പൊതുപരിപാടികൾ ബഹുജന വിദ്യാഭ്യാസ പരിപാടികളായി വളർത്താനും ശ്രമങ്ങളുണ്ടാകും. വിഭാഗീയത പൂർണമായും അവസാനിപ്പിച്ച് പാർട്ടിയെയും ബഹുജന സംഘടനകളെയും കൂടുതൽ കരുത്തുറ്റതാക്കാനും രാഷ്ട്രീയവൽക്കരിക്കാനുമാണ് മുൻഗണന നൽകുക. പാർട്ടി സംഘടനയെ രാഷ്ട്രീയവൽക്കരിക്കുന്നതിനോടൊപ്പം വർഗീയതയെ സാംസ്കാരികമായും രാഷ്ട്രീയമായും ചെറുക്കാനും ജനകീയമായ പ്രതിരോധം തീർക്കാനും സമ്മേളനം തീരുമാനിക്കുകയുണ്ടായി. കേരളത്തിലെ വനിതകൾക്കിടയിൽ വർഗീയ ശക്തികൾ നേടുന്ന സ്വാധീനത്തെ ചെറുക്കുന്നതുൾപ്പെടെയുള്ള കാര്യങ്ങളും ചർച്ചചെയ്യപ്പെട്ടു. കേരളം മതരാഷ്ട്രവാദികളുടെ പിടിയിലേക്ക് പോകാതിരിക്കാനുള്ള ബൃഹത്തായ ജനകീയ ബോധവൽക്കരണ പരിപാടികൾക്ക് സിപിഐ എം തുടക്കംകുറിക്കും.

സമ്മേളനം പ്രധാനമായും ചർച്ച ചെയ്തത് “നവകേരളത്തെ നയിക്കാനുള്ള പുതുവഴികളെ’കുറിച്ചാണ്. ഈ പേരിലുള്ള രേഖ പാർട്ടി പി ബി അംഗം പിണറായി വിജയനാണ് അവതരിപ്പിച്ചത്. 2022 ൽ എറണാകുളം സമ്മേളനത്തിൽ “നവകേരളത്തിനായുള്ള പാർട്ടി കാഴ്ചപ്പാട്’ എന്ന പിണറായി തന്നെ അവതരിപ്പിച്ച രേഖ എത്ര മാത്രം നടപ്പിലാക്കി എന്ന പരിശോധനയും ഇനി നടപ്പിലാക്കാൻ ഉദ്ദേശിക്കുന്ന കാര്യങ്ങളും വിശദീകരിക്കുന്നതാണ് പുതിയ രേഖ. ലക്ഷ്യം കാണുന്നതിൽ ഏറെ മുന്നേറിയിട്ടുണ്ടെന്ന് വിലയിരുത്തിയ രേഖ ഇനിയും ചില മേഖലകളിൽ മുന്നേറേണ്ടതുണ്ടെന്ന് അടിവരയിടുകയും ചെയ്തു. വിദ്യാഭ്യാസം, ആരോഗ്യം, പശ്ചാത്തല സൗകര്യ വികസനം, ദാരിദ്ര്യനിർമാർജനം എന്നീ മേഖലകളിൽ കേരളം ഏറെ മുന്നേറിയെങ്കിലും വേണ്ടത്ര തൊഴിൽ സൃഷ്ടിക്കപ്പെടുന്നില്ല എന്നത് കേരളം അഭിമുഖീകരിക്കുന്ന പ്രശ്നമാണ്. കേരളത്തിലെ അഭ്യസ്തവിദ്യരായ യുവതീയുവാക്കൾക്ക് തൊഴിൽ ലഭ്യമാക്കിയാൽ മാത്രം പോര നല്ല വരുമാനമുള്ള തൊഴിൽ തന്നെ നൽകാൻ നമുക്ക് കഴിയണം. ഇത് ലഭ്യമാക്കുക ലക്ഷ്യമാക്കിയാണ് വിജ്ഞാന സമ്പദ്ഘടന എന്ന ആശയം മുന്നോട്ടുവെക്കപ്പെട്ടത്. ഇതോടൊപ്പം ചെറുകിട കൃഷിയിടങ്ങളിൽ ഉൽപാദിപ്പിക്കുന്ന ഉൽപ്പന്നങ്ങളുടെ ശേഖരണം, പാൽ ഉൽപാദനത്തിൽ സ്വയംപര്യാപ്തത, തീരദേശ പാക്കേജ്, അന്താരാഷ്ട്ര സ്റ്റാർട്ടപ്പ് ആവാസ വ്യവസ്ഥ സൃഷ്ടിക്കൽ, ഐ ടി മേഖലയുടെ വികസനം, മൾടി മോഡൽ പൊതുഗതാഗത സംവിധാനം വൈവിധ്യമാർന്ന ടൂറിസം പദ്ധതികൾ, വൻതോതിലുള്ള ഉന്നതവിദ്യാഭാസ ഗവേഷണ സ്ഥാപനങ്ങളുടെ സ്ഥാപനം, ഓർഗൻ ട്രാൻസ്-പ്ലാന്റേഷൻ ഇൻസ്റ്റിറ്റ്യൂട്ട് , താലൂക്ക് ആശുപത്രികളിൽ ഡയാലിസിസ് യൂണിറ്റുകൾ, സർവിക്കൽ കാൻസർ പ്രതിരോധത്തിന് വാക്സിനേഷൻ, പ്രവാസികൾക്ക് സമഗ്ര ആരോഗ്യ ഇൻഷുറൻസ്,ക്ഷേമ പെൻഷനുകളുടെ വർധന തുടങ്ങി നിരവധി തുടർ വികസന-–ക്ഷേമ ലക്ഷ്യങ്ങളാണ് ഈ രേഖ മുന്നോട്ടുവെക്കുന്നത്.

ഇതെല്ലാം പ്രാവർത്തികമാക്കണമെങ്കിൽ പണം ആവശ്യമാണ്. കേന്ദ്രമാകട്ടെ കേരളത്തെ പൂർണമായും അവഗണിക്കുകയാണ്. ബജറ്റ് വിഹിതത്തിൽ പോലും 39,500 കോടി രൂപയുടെ വെട്ടിക്കുറവാണ് കേന്ദ്രം വരുത്തിയിട്ടുള്ളത്. രാജ്യത്തെ 2.6 ശതമാനം ജനസംഖ്യയുള്ള കേരളത്തിന് ധന കമ്മീഷൻ വിഹിതം 1 .9 ശതമാനവും കേന്ദ്രാവിഷ്കൃത പദ്ധതികളുടെ വിഹിതം 1.6 ശതമാനവും മൂലധനച്ചെലവിനായുള്ള പ്രത്യേക വായ്പയുടെ 1.1 ശതമാനവും മാത്രമാണ് നൽകുന്നത്. കേന്ദ്രത്തിന്റെ ഈ കടുത്ത അവഗണനയ്ക്കെതിരെ ഒരക്ഷരം ഉരിയാടാൻ കേരളത്തിലെ പ്രതിപക്ഷമോ മാധ്യമങ്ങളോ തയ്യാറല്ല. എന്നാൽ അധിക വിഭവ സമാഹരണത്തിന് കേരളം വഴിതേടുമ്പോൾ അത് തടയാനുള്ള ശ്രമമാണ് മോദി സർക്കാർ പൊതുവെ നടത്തിവരുന്നത്. ജനജീവിതത്തെ തുടർച്ചയായി വികസന വഴികളിലൂടെ മുന്നോട്ടുകൊണ്ടുപോകാതെ ജനങ്ങളുടെ വിശ്വാസം നേടിയെടുക്കാൻ കഴിയില്ലെന്ന് സോവിയറ്റ് അനുഭവങ്ങളെ വിശദീകരിച്ചുകൊണ്ട് ചെന്നൈയിൽ ചേർന്ന 14-–ാം പാർട്ടി കോൺഗ്രസ് അവതരിപ്പിച്ച “ചില പ്രത്യയശാസ്ത്ര പ്രശ്‌നങ്ങൾ’ എന്ന രേഖ വ്യക്തമാക്കുകയുണ്ടായി. സംസ്ഥാനത്ത് ഭൂപരിഷ്കരണം സമഗ്രമായി നടപ്പിലാക്കിയതോടെ ഫ്യൂഡലിസത്തിന്റെ സാമ്പത്തിക അടിത്തറ തകരുകയും ജന്മിയെന്ന വർഗം കേരളത്തിൽ ഉന്മൂലനം ചെയ്യപ്പെടുകയും ചെയ്തു. സ്വാഭാവികമായും ആധുനിക മുതലാളിത്തത്തിന്റെ വഴികളിലേക്ക് സംസ്ഥാനം നീങ്ങി. ഈ ഘട്ടത്തിൽ പണമില്ലെന്നു പറഞ്ഞ് വികസന ക്ഷേമ പ്രവർത്തനങ്ങൾ ഉപേക്ഷിക്കാൻ എൽ ഡി എഫ് സർക്കാരിന് കഴിയില്ല. അതിനാൽ അർഹമായ വിഹിതം ലഭിക്കാൻ കേന്ദ്രത്തോട് പൊരുതുന്നതോടൊപ്പം സാമ്പത്തിക ഉപരോധത്തെ മറികടക്കുന്നതിന് നമ്മുടെ വിഭവസമാഹരണ സാധ്യതകളെ കഴിയുന്നതും ഉപയോഗപ്പെടുത്തുകയും വേണം. ജനങ്ങളിൽ നിന്ന് പണം ഈടാക്കി ജനങ്ങൾക്കുതന്നെ നൽകുകയാണ്‌ ലക്ഷ്യം. ഈ ദിശയിലേക്കുള്ള ചില നിർദ്ദേശങ്ങളാണ് രേഖയിലുള്ളത്.

തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളും സഹകരണ സ്ഥാപനങ്ങളും ചേർന്നുനിന്ന് കാർഷിക മേഖലയെ സഹായിക്കും വിധമുള്ള വിഭവസമാഹരണം നടത്തുക, പ്രവാസികളുടെ നിക്ഷേപം ഉപയോഗപ്പെടുത്തി പുതിയ പദ്ധതികൾക്ക് രൂപംനൽകുക, നാടിന്റെ താൽപര്യത്തിന് എതിരായി നിൽക്കാത്ത മൂലധന നിക്ഷേപങ്ങൾ സ്വീകരിക്കുക, ഏറെക്കാലമായി വർധനവുകളൊന്നും വരുത്താത്ത മേഖലകളിൽ നിന്നും അധിക വിഭവസമാഹരണം നടത്തുക തുടങ്ങിയ നിർദേശങ്ങളാണ് മുന്നോട്ടുവെക്കപ്പെട്ടത്. സെസുകൾ ചുമത്തുന്നതിനുള്ള സാധ്യതകൾ പരിശോധിക്കണമെന്നും എല്ലാ സൗജന്യങ്ങളും സമ്പന്ന വിഭാഗങ്ങൾക്കും നൽകേണ്ടതുണ്ടോ എന്ന ചോദ്യവും രേഖ ഉയർത്തുന്നുണ്ട്. ഈ സന്ദർഭത്തിലാണ് വരുമാനത്തിനനുസരിച്ച് പ്രത്യേക വിഭാഗങ്ങൾക്ക് പ്രത്യേക ഫീസ് ചുമത്താനുള്ള സാധ്യതകൾ ആലോചിക്കണം എന്ന് രേഖ നിർദ്ദേശിക്കുന്നത്. അത് ഒരുതരത്തിലും സാധാരണ ജനങ്ങളെ ദോഷകരമായി ബാധിക്കുന്നതോ അവരിൽ അധിക ഭാരം അടിച്ചേൽപ്പിക്കാൻ ഉദ്ദേശിച്ചുള്ളതോ അല്ല. നിലവിൽ തന്നെ ആരോഗ്യമേഖലയിലും മറ്റും വരുമാനത്തിനനുസരിച്ച് സേവനങ്ങളുടെ ഫീസ് എന്ന സമ്പ്രദായം ഉണ്ട്. നാടിന്റെ വികസനം ജനങ്ങൾ ആഗ്രഹിക്കുന്നുണ്ട്. അതുകൊണ്ടു തന്നെ ന്യായമായ കാര്യങ്ങളോട് അവർ അനുകൂലമായി പ്രതികരിക്കുമെന്നു തന്നെയാണ് പാർട്ടി വിശ്വസിക്കുന്നത്. ഗിഗ് തൊഴിലാളി സംരക്ഷണം ട്രാൻസ് ജെൻഡർമാരുടെ പ്രശ്നങ്ങൾ, സ്ത്രീ പ്രശ്നങ്ങൾ എന്നിവ കൂടി ഉൾപ്പെടുത്താൻ തീരുമാനിച്ചാണ് രേഖ സമ്മേളനം അംഗീകരിച്ചത്. ഇന്നലെകളിലെ അവകാശ, വികസന നേട്ടങ്ങൾ സംരക്ഷിച്ചുകൊണ്ടും ഇന്നത്തെ വെല്ലുവിളികളെ മറികടന്നുകൊണ്ടും മുന്നേറാനുള്ള പുതുവഴികളാണ് കൊല്ലത്ത് രൂപപ്പെട്ടത്. ഈ സമ്മേളനം നൽകിയ രാഷ്ട്രീയവും സംഘടനാപരവുമായ കരുത്ത് ഈ വർഷാവസാനം നടക്കുന്ന തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള തിരഞ്ഞെടുപ്പിലും അടുത്ത വർഷം നടക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പിലും പ്രതിഫലിക്കുമെന്ന കാര്യത്തിൽ സംശയമില്ല. മൂന്നാം എൽ ഡി എഫ് സർക്കാർ എന്ന ലക്ഷ്യം സഫലമാക്കാനുള്ള പ്രവർത്തനങ്ങൾക്ക് ഊർജം പകരുന്നതാണ് കൊല്ലം സമ്മേളനം എന്ന കാര്യത്തിൽ സംശയമില്ല. l

ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

two × 1 =

Most Popular